ഇരുട്ടുള്ള സ്ഥലങ്ങളിൽ ജ്വലിക്കുന്ന വെളിച്ചം ആവശ്യമാണ്

(English Version: “Dark Places Need Bright Lights“)
ഒരിക്കൽ ഒരു യുവതി അവളുടെ പാസ്റ്ററുടെ അടുക്കലെത്തി. “എനിക്ക് ഇനിയും പിടിച്ചു നിൽക്കുവാൻ കഴിയുകയില്ല. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തുള്ള ഏക ക്രിസ്ത്യാനി ഞാനാണ്. എനിക്ക് നിന്ദയും പരിഹാസവും മാത്രമാണ് അവിടെ നിന്ന് ലഭിക്കുന്നത്. എനിക്ക് താങ്ങാവുന്നതിലും അധികമാണത്. ഞാൻ ജോലി ഉപേക്ഷിക്കുവാൻ പോകുന്നു”, എന്നു പറഞ്ഞു. പാസ്റ്റർ അവളോട് ചോദിച്ചു, “വെളിച്ചം എവിടെയാണ് വയ്കുന്നത്?” അവൾ മറുചോദ്യമുയർത്തി, “അതും ഇതും തമ്മിൽ എന്തു ബന്ധമാണുള്ളത്?” “അതുപോട്ടെ, നീ പറയൂ, വെളിച്ചം എവിടെയാണ് വയ്കുന്നത്?” പാസ്റ്റർ വീണ്ടും ചോദിച്ചു. “ഇരുട്ടുള്ള സ്ഥലങ്ങളിൽ” എന്ന് അവൾ ഉത്തരം നൽകി. പാസ്റ്റർ ഇപ്രകാരം പറഞ്ഞു, “അതെ, ആത്മീയമായ കനത്ത ഇരുട്ടുള്ളതും തനിക്കുവേണ്ടി പ്രകാശിക്കുവാൻ മറ്റൊരു ക്രിസ്ത്യാനിയും ഇല്ലാത്തതുമായ ഒരു സ്ഥലത്ത് ദൈവം നിന്നെ ആക്കി വച്ചിരിക്കുന്നു.”
അന്നാദ്യമായി, അവൾ തനിക്കുള്ള അവസരവും എന്തുകൊണ്ട് ദൈവത്തിന്റെ ഉദ്ദേശ്യം വൃഥാവാക്കരുത് എന്നത് തിരിച്ചറിയുകയും ചെയ്തു. ഇരുട്ടേറിയ സ്ഥലത്ത് തന്റെ വെളിച്ചം പ്രകാശിപ്പിക്കുക എന്ന പുതുക്കപ്പെട്ട തീരുമാനത്തോടെ അവൾ തിരികെ ജോലിസ്ഥലത്തേയ്കു പോയി. ഒടുവിൽ, മറ്റ് ഒൻപത് പെൺകുട്ടികളെ യേശുക്രിസ്തുവിന്റെ വെളിച്ചത്തിലേയ്കു കൊണ്ടുവരുവാൻ അവൾ മുഖാന്തരമായിത്തീർന്നു. അതു സാധ്യമായത്, ആ ഇരുട്ടേറിയ സ്ഥലത്ത് അവളെ ആക്കിവച്ചത് വെളിച്ചമായി ജ്വലിക്കുവാനാണ് എന്ന് അവൾ മനസ്സിലാക്കിയതുകൊണ്ടാണ്.
നമുക്കു ചുറ്റുമുള്ള ഇരുട്ടു നിറഞ്ഞ ലോകത്തിൽ ജ്വലിക്കുന്ന പ്രകാശമായിരിക്കുന്നതിനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ആ പെൺകുട്ടിയെപ്പോലെ നാമും തിരിച്ചറിയേണ്ടതുണ്ട്. ഫിലിപ്പിയർ 2:14-16-ൽ ക്രിസ്ത്യാനികളെ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നവരായി വർണ്ണിച്ചിരിക്കുന്നു. ഇരുട്ടുള്ള പ്രപഞ്ചത്തെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശംകൊണ്ടു നിറയ്കുന്നതുപോലെ വിശ്വാസികൾ തങ്ങൾക്കു ചുറ്റുമുള്ള ആളുകളുടെ ഇരുട്ടുള്ള ഹൃദയങ്ങളിലേയ്ക് വെളിച്ചം കൊണ്ടുവരേണ്ടതാണ്.
യേശു തന്റെ അനുയായികളെ ലോകത്തിന്റെ വെളിച്ചം എന്ന് വിളിച്ചപ്പോൾ [മത്തായി 5:14], അർഥമാക്കിയത് നാം വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നവരാണ് എന്നാണ്, അല്ലാതെ വെളിച്ചം ഉല്പാദിപ്പിക്കുന്നവർ ആയിട്ടല്ല. നമുക്കു വെളിച്ചം ലഭിക്കുന്ന ഉറവിടം യേശുവാണ്. യേശു പറഞ്ഞു, “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” [യോഹന്നാൻ 8:12]. യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നാം അവന്റെ വെളിച്ചം ഇരുണ്ട ലോകത്തിൽ പ്രതിഫലിപ്പിക്കേണ്ടവരാണ്. ഇരുട്ടുള്ള രാത്രിയിൽ പ്രകാശിക്കുന്ന ചന്ദ്രനെപ്പോലെ നാം ആയിരിക്കണം. ചന്ദ്രൻ പ്രകാശം നൽകുന്നുവെങ്കിലും അതിന് സ്വന്തമായ പ്രകാശമില്ല – സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നാമും അതുപോലെയാണ് – പ്രകാശം പ്രതിഫലിപ്പിക്കുന്നവർ.
എങ്കിലും, ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം പലപ്പോഴും ഈ അടിസ്ഥാന സത്യങ്ങൾ ഓർക്കുന്നതിൽ പരാജയപ്പെടുന്നു. സർവ്വാധികാരിയായ ദൈവം ഒരു പ്രത്യേക സ്ഥലത്ത്, ഒരു പ്രത്യേക സമയത്ത് തനിക്കായി പ്രകാശിക്കുക എന്ന പ്രഥമ ഉദ്ദേശ്യത്തോടെ നമ്മെ ആക്കിവച്ചിരിക്കുന്നു. ദൈവത്താൽ നമുക്കു നൽകപ്പെട്ട ജോലി വിശ്വസ്തതയോടെ ചെയ്യുകയും ദൈവത്തെ നിരാശപ്പെടുത്താതിരിക്കുകയും വേണം. ആ മഹത്വകരമായ ഉദ്ദേശ്യം നേടിയെടുക്കുന്നതിന് ഫിലിപ്പിയർ 2:14-16 നമ്മെ സഹായിക്കുന്നു.
1. കല്പന [14].
“എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ.” സൂര്യന്റെ പ്രകാശം കടത്തിവിട്ട് ഒരു ജനാല ഒരു വീടിനെ പ്രകാശപൂരിതമാക്കുന്നതുപോലെ, ക്രിസ്തുവിന്റെ വെളിച്ചം നമ്മിലൂടെ കടക്കുവാൻ നാം അനുവദിക്കണം. എന്നിരുന്നാലും, ഒരു ജനാല പൊടിപിടിച്ചിരുന്നാൽ, അതിലൂടെ വേണ്ടവിധം വെളിച്ചം കടക്കുന്നതിനെ തടയുവാൻ കാരണമാകും. അതുപോലെതന്നെ, ക്രിസ്ത്യാനികൾക്കും അവരുടെ ജീവിതങ്ങളിൽ പാപം വാഴുവാൻ അനുവദിക്കുന്നതിലൂടെ ക്രിസ്തുവിന്റെ വെളിച്ചം ജ്വലിക്കുന്നത് തടയുവാൻ സാധിക്കും. ക്രിസ്തുവിനു വേണ്ടി ജ്വലിക്കുന്ന പ്രകാശമാകുന്നതിനെ തടയുന്ന ഒരു പ്രത്യേക പാപമുണ്ട്- പിറുപിറുപ്പും വാദവും എന്ന പാപം. അതുകൊണ്ടാണ്, “എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ” എന്ന കല്പന നൽകപ്പെട്ടിരിക്കുന്നത്. മൂലഭാഷയിൽ “ചെയ്വിൻ” എന്ന പദം വർത്തമാനകാലത്തിൽ നൽകിയിരിക്കുന്നു. ആക്ഷരികമായ അർഥത്തിൽ, ഇത് ഇപ്രകാരമാണ് വായിക്കപ്പെടുന്നത്: “എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്തുകൊണ്ടിരിപ്പിൻ.”
“പിറുപിറുപ്പ്” എന്ന പദം പരാതിപ്പെടുക, മുറുമുറുക്കുക അല്ലെങ്കിൽ ഉള്ളിൽ അതൃപ്തിയുണ്ടായിരിക്കുക എന്നിങ്ങനെയുള്ള മനോഭാവത്തെ കുറിക്കുന്നു. ദൈവത്തെ അനാദരിക്കുന്ന ഒരു സാഹചര്യത്തിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്നത് മുറുമുറുപ്പല്ല. പകരം, സാഹചര്യങ്ങൾ, ആളുകൾ, ഒടുവിൽ ദൈവത്തിനെതിരെയും അമർഷം ഉണ്ടാകുന്ന മനോഭാവമാണ് പിറുപിറുപ്പ്. “സംവാദം” എന്ന അർഥം വരുന്ന ഗ്രീക്ക് പദത്തിന്റെ സ്ഥാനത്താണ് “വാദം” എന്ന മലയാള പദം ഉപയോഗിച്ചിരിക്കുന്നത്. അത് നമ്മുടെ സാഹചര്യങ്ങൾ സംബന്ധിച്ച് മനസ്സിൽ നടക്കുന്ന ന്യായവാദമാണ്. ദൈവത്തിന്റെ ഹിതത്തിനെതിരെ നടത്തുന്ന പിറുപിറുപ്പ് നമ്മെ അനുസരണയുള്ള ഹൃദയത്തിൽ നിന്നും ദൈവത്തിന്റെ ഹിതം ചെയ്യുന്നതിനെ തടയുക [ഫിപിപ്പിയർ 2:12-13] മാത്രമല്ല, ഒടുവിൽ ദൈവത്തിനെതിരെതന്നെ വാദിക്കുന്നതിനും മത്സരിക്കുന്നതിനും ഇടയാക്കും!
“പിറുപിറുക്കരുത്” എന്ന് പറയുമ്പോൾ ഒരുപക്ഷെ, മരുഭൂമിയിലെ യാത്രയ്കിടയിൽ ഇസ്രായേല്യരുടെ മനസ്സിൽ സ്ഥിരമായി ഉണ്ടായിരുന്ന പിറുപിറുപ്പിന്റെ മനോഭാവമായിരിക്കണം [പുറപ്പാട് 14:10-12; 15:23-24; 16:2-3; 17:3; സംഖ്യ 14:2] പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്. ആത്യന്തികമായി അവരുടെ പിറുപിറുപ്പ് മോശെയ്കെതിരയോ മറ്റ് നേതാക്കന്മാർക്കെതിരയോ അല്ല മറിച്ച്, നേരിട്ട് ദൈവത്തിന് എതിരെയായിരുന്നു എന്ന മോശെ അവരോട് പറഞ്ഞു. “നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ” [പുറപ്പാട് 16:8]. അവരുടെ പിറുപിറുപ്പിന്റെ മനോഭാവത്തോട് ദൈവത്തിന്റെ പ്രതികരണം എന്തായിരുന്നു? കോപവും ന്യായവിധിയും! “അനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു” [സംഖ്യാപുസ്തകം 11:1].
അതുകൊണ്ട്, പിറുപിറുപ്പ് ദൈവത്തിന്റെ ദൃഷ്ടിയിൽ നിസ്സാരമായ കാര്യമല്ല. അത് ദൈവത്തെ കോപിപ്പിക്കുകയും ദൈവത്തിന്റെ ന്യായവിധി വിളിച്ചുവരുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ്, പിറുപിറുപ്പിന്റെ മനോഭാവം സംബന്ധിച്ച് പൗലോസ് ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പ് നൽകുന്നത്. പൗലോസ് പറയുന്നു: “അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു” [1 കൊരിന്ത്യർ 10:10].
ദൈവത്തിന്റെ പരമാധികാരത്തെ നേരിട്ട് എതിർക്കുന്നു എന്ന കാരണത്താൽ പിറുപിറുപ്പ് പാപമാണ്. പിറുപിറുപ്പ് നല്ലവനും കൃപാലുവുമായ ദൈവത്തിനെതിരെയുള്ള പാപമാണ് എന്ന് യേശുതന്നെ ഒരു ഉപമയിലൂടെ ചിത്രീകരിച്ചിരിക്കുന്നു [മത്തായി 20:1-16]. ഞാൻ ഇപ്പോൾ കടന്നുപോകുന്നത് ദൈവം അനുവദിക്കരുതായിരുന്നു എന്നാണ് പിറുപിറുപ്പ് പറയുന്നത്. അതുകൊണ്ടാണ് നാം അനുസരണയുള്ള ഒരു ഹൃദയം വളർത്തിയെടുക്കേണ്ടത്— സുദൃഢമായ നിയന്ത്രണം നടത്തുകയും സകലവും തന്റെ ഹിതം അനുസരിച്ച് ചെയ്യുകയും ചെയ്യുന്ന ദൈവത്തെ അംഗീകരിക്കുന്ന ഒരു ഹൃദയം. നാം ആ ദൈവത്തോട് എതിർത്തു നിൽക്കരുത്.
2. കാരണം [15-16].
വിശ്വാസികൾ എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്യേണ്ടിന്റെ കാരണവും പൗലോസ് 15,16 വാക്യങ്ങളിൽ പറയുന്നു, “15 വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു. 16 അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” ക്രിസ്ത്യാനികൾ പിറുപിറുപ്പം വാദവും കൂടാതെ എല്ലാം ചെയ്യുമ്പോൾ, വക്രതയും കോട്ടവുമുള്ള തലുറയുടെ നടുവിൽ പ്രകാശിക്കുന്ന ദൈവമക്കൾ എന്ന നിലയിൽ അവരുടെ നല്ല സ്വഭാവം വെളിപ്പെടുത്തുന്നു.
സ്വഭാവത്തിലും നടപ്പിലും പുറമെ ദുസ്വഭാവങ്ങൾ യാതൊന്നുമില്ലാതെയും [“അനിന്ദ്യർ”] ഉള്ളിലും ദൂഷ്യം ഒന്നുമില്ലാതെയിരിക്കണം [“പരമാർഥികളും”] എന്നതാണ് തന്റെ ജനത്തെക്കുറിച്ച് ദൈവം വിഭാവനം ചെയ്യുന്നത്. രഹസ്യമായ കാര്യപരിപാടികൾ, ഉദ്ദേശ്യങ്ങൾ, ഒന്നു പറയുകയും മറ്റൊന്നു ചെയ്യുകയും ചെയ്യുക എന്നിങ്ങനെ യാതൊന്നും ഉണ്ടാകരുത്. ചുറ്റുമുള്ള അവിശ്വാസികളെ ക്രിസ്തുവിങ്കലേയ്കു നയിക്കുന്ന പൂർണ്ണതയുള്ള ഒരു ജീവിതമായിരിക്കണം അത്. വിശ്വാസി ദൈവവചനം മുറുകെ പിടിക്കുകയും മറ്റുള്ളവർക്ക് നൽകുകയും ചെയ്യവെ, ദൈവത്തിന്റെ വെളിച്ചം തന്റെ ഉള്ളിലും തന്നിലൂടെയും പ്രകാശിക്കുവാൻ അനുവദിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തണം!
സമാപന ചിന്തകൾ.
വിശ്വാസികൾ എന്ന നിലയിൽ നമുക്കു ചുറ്റുമുള്ള നഷ്ടമായിപ്പോയ ലോകത്തോട് ഉറപ്പോടെ പറയുന്നു, “സകലപ്രശ്നത്തിനും പരിഹാരം യേശുവാണ്. അവൻ എല്ലായ്പോഴും എന്നോടു കൂടെയുണ്ട്.” “ബൈബിളിന്റെ ദൈവം യഹോവ യിരേ ആണ്- സകലവും നൽകുന്ന ദൈവം.” എന്നിരുന്നാലും, നാം ഈ സത്യങ്ങൾ യഥാർഥത്തിൽ വിശ്വസിക്കുന്നു എങ്കിൽ എന്തുകൊണ്ടാണ് നാം സ്ഥിരമായി പിറുപിറുക്കുന്നത്, “എന്തുകൊണ്ടാണ് ഞാൻ ഈ അവസ്ഥയിൽ ആയിരിക്കുന്നത്? എന്തുകൊണ്ടാണ് ഞാൻ ഈ സ്ഥലത്ത് ആയിരിക്കുന്നത്? എന്തുകൊണ്ടാണ് ഞാൻ ഈ ജോലിയിൽ ആയിരിക്കുന്നത്? എന്തുകൊണ്ടാണ് ഞാൻ ധനവാൻ അല്ലാത്തത്? എന്തുകൊണ്ടാണ് ഞാൻ ഈ കുടുംബത്തിൽ ആയിരിക്കുന്നത്? എന്തുകൊണ്ടാണ് ഞാൻ അവിവാഹിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് ഞാൻ വിവാഹിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് ഞാൻ ഈ സഭയിലായിരിക്കുന്നത്? എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?”
നാം ലോകത്തിന്റെ ചിന്തകൾ സ്വീകരിക്കുകയും നമ്മുടെ സാധാരണ ജീവിതത്തിന്റെ ഭാഗമായി പരാതിപറയുന്ന സ്വഭാവം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. “എനിക്ക് പറയാനുള്ളത് പറയണം. പറയാനുള്ളത് പറഞ്ഞില്ല എങ്കിൽ ഞാൻ പൊട്ടിത്തെറിക്കും” എന്നാണ് ലൗകികനായ മനുഷ്യൻ പറയുന്നത്. എന്നാൽ, “ദൈവം എന്റെ പിതാവ് ആയതുകൊണ്ട്, എനിക്ക് തോന്നുന്നത് എന്തും എനിക്കു പറയാം” എന്നു പറഞ്ഞുകൊണ്ട് ക്രിസ്ത്യാനികൾ എന്ന നിലയിൽ, നാം നമ്മുടെ പരാതിപ്പെടലിനെ ക്രൈസ്തവവല്ക്കരിക്കുന്നു. അതാണ് നമ്മുടെ മനോഭാവം എങ്കിൽ, സംഖ്യ 1:1 –ലേയ്കും 1 കൊരിന്ത്യർ 10:10-ലേയ്കും നാം തിരികെ പോകേണ്ടതുണ്ട്!
“ക്രിസ്ത്യൻ” രീതിയല്ല എന്ന കാരണത്താൽ ചിലർ പുറമേ പരാതിപ്പെടാതെ, അവരുടെ ഉള്ളിൽ ജീവിത സാഹചര്യങ്ങളൊട് നീരസം സൂക്ഷിക്കും. അതും ആദ്യത്തേതുപോലെതന്നെ ശരിയല്ല. കാരണം, നാം എന്തു പറയുന്നു എന്നു മാത്രമല്ല, എന്തു ചിന്തിക്കുന്നു എന്നതും ദൈവത്തിന് പ്രധാനപ്പെട്ടതാണ്!
ഒരു ചെറിയ ആൺകുട്ടിയോട് ഇരിക്കുവാൻ അവന്റെ പിതാവ് പലതവണ ആവശ്യപ്പെട്ടു. ഒടുവിൽ അനുസരിച്ചില്ല എങ്കിൽ അടി തരും എന്ന് പിതാവ് മുന്നറിയിപ്പു നൽകി. അപ്പോൾ അവൻ ഇരുന്നു. എന്നാൽ, അവൻ പറഞ്ഞു, “ഞാൻ പുറമേ ഇരിക്കുന്നു എന്നേയുള്ളൂ, ഉള്ളിൽ ഞാൻ ഇപ്പോഴും നിൽക്കുകയാണ്.”
ദൈവത്തിന്റെ ഹിതത്തിന് കീഴ്പ്പെടുമ്പോൾ നാം ആ കുട്ടിയെപ്പോലെ ആകരുത്. നമ്മുടെ അനുദിന ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ദൈവത്തിന്റെ ഹിതത്തോടുള്ള നമ്മുടെ അനുസരണം സ്വമനസ്സാലെയും പൂർണ്ണഹൃദയത്തോടെയുമുള്ളതായിരിക്കണം. പൂർണ്ണമായും ദൈവത്തിനു കീഴടങ്ങിയ ഒരു ഹൃദയത്തിൽ നിന്നുമാത്രമേ അതു വരികയുള്ളൂ.
പിറുപിറുപ്പിന്റെ ആത്മാവിനാൽ മുദ്രയിടപ്പെട്ട അവിശ്വാസികളിൽ നിന്നും എന്തു വ്യത്യാസമാണ് നമുക്കുള്ളത് എന്ന് പരാതിപ്പെടുമ്പോൾ വിശ്വാസികൾ ഓർക്കേണ്ടതുണ്ട്. സ്ഥിരമായി പിറുപിറുത്തുകൊണ്ടിരുന്നാൽ നമുക്ക് എങ്ങനെ പ്രകാശിക്കുവാൻ സാധിക്കും? ഓർക്കുക, പിറുപിറുക്കുക, പ്രകാശിക്കുക എന്നീ രണ്ട് സംഗതികൾ ഒരുമിച്ചു പോകുകയില്ല. പ്രകാശിക്കുവാൻ ആരംഭിക്കണമെങ്കിൽ പിറുപിറുക്കൽ മാറണം. ഒരുവന് പിറുപിറുപ്പ് തുടരുകയും അതേസമയംതന്നെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയും മറ്റുള്ളവരെ ക്രിസ്തുവിങ്കലേയ്ക് ആകർഷിക്കുകയും ചെയ്യുക സാധ്യമല്ല.
അതുകൊണ്ട്, ഈ കല്പനയ്ക് അനുസരണം കാണിക്കുന്ന ഒരു ഹൃദയം വളർത്തിയെടുക്കുവാൻ നമുക്കു പഠിക്കാം: “എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം” [1 തെസ്സലൊനീക്യർ 5:18]. ഫിലിപ്പിയർ 2:14-നും 1 തെസ്സലൊനീക്യർ 5:18 –നും കൂടി ഒരുമിച്ചു ചേർക്കുമ്പോൾ തന്റെ മക്കൾ ഈ മനോഭാവം വച്ചുപുലർത്തണം എന്ന് ദൈവം ആഗ്രഹിക്കുന്നതായി നമുക്കു കാണാം: എല്ലാ സാഹചര്യങ്ങളിലും പരാതി പറയാതെ, സ്തോത്രം പറയുക!
ഒരുപക്ഷെ, പരാതിപ്പെടുന്ന മനോഭാവം നമ്മുടെ ജീവതത്തിന്റെ മുഖമുദ്രയായതിനാൽ നമ്മുടെ വെളിച്ചം ജ്വലിച്ചു പ്രകാശിക്കുകയില്ല. ഏകാന്തമായ ഒരു കരയിലാണ് സ്ഥാപിക്കപ്പെട്ടത് എന്നതിനാൽ പരാതിപറയുന്ന ഒരു ലൈറ്റ് ഹൗസിനെ നിങ്ങൾക്കു സങ്കല്പിക്കുവാൻ സാധിക്കുകയില്ല. അതിനു സംസാരിക്കുവാൻ സാധിക്കുമെങ്കിൽ സ്വയം ആശ്വസിപ്പിച്ചുകൊണ്ട് അത് ഇപ്രകാരം പറയും, “ഇരുട്ടിനോടും കൊടുങ്കാറ്റിനോടും ചുഴലിക്കാറ്റിനോടും പൊരുതുന്ന കപ്പലുകൾ സുരക്ഷിതമായി തുറമുഖത്ത് എത്തിച്ചേരുവാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്.” അതുപോലെ, ഞാനും നിങ്ങളും നമ്മുടെ ജീവതത്തിലെ സാഹചര്യങ്ങളെക്കുറിച്ച് പരാതിപ്പെടുകയോ വാദിക്കുകയോ ചെയ്യരുത്, സന്തോഷത്തോടെ എല്ലാ സമയത്തും ദൈവഹിതത്തിന് കീഴ്പ്പെടണം. വേദനിക്കുന്ന ആത്മാക്കൾക്ക് കർത്താവായ യേശുവിലൂടെ സമാധാനവും വിശ്രമവും കണ്ടെത്തുവാൻ സാധിക്കേണ്ടതിന് സുവിശേഷ വെളിച്ചമാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തിന് നമ്മിലുള്ള പ്രതീക്ഷയ്ക് നാം ഭംഗം വരുത്തരുത്. ഞാനും നിങ്ങളും ചെറുതോ വലുതോ ആയ വെളിച്ചങ്ങളാണ്. എന്നിരുന്നാലും, ഓർക്കുക, തീപ്പെട്ടിക്കൊള്ളി പന്തം കത്തിക്കുന്നു. നാം എല്ലാവരും പന്തങ്ങളായിരിക്കുകയില്ല. എന്നാൽ നമുക്ക് എല്ലാവർക്കും തീർച്ചയായും തീപ്പെട്ടിക്കൊള്ളികളാകാം. തന്റെ ഹിതം നേടുവാൻ തന്റെ മക്കളിൽ ഏറ്റവും ദുർബലരായവരെയും ഉപയോഗിക്കുന്ന ജോലിയിലാണ് ദൈവം വ്യാപൃതനായിരിക്കുന്നത്.
ഒരു അറ്റ്ലാന്റിക് യാത്രികനെക്കുറിച്ച് ഒരു കഥയുണ്ട്. കടൽചൊരുക്കുമൂലം ഗുരുതരമായി രോഗവാധിതനായ അയാൾ കപ്പലിലെ തന്റെ കിടക്കയിൽ കിടക്കുകയായിരുന്നു. “ഒരാൾ വെള്ളത്തിൽ വീണു” എന്ന ഒരു കരച്ചിൽ അവിടെ കേട്ടു. അവർക്ക് അയാളെ കാണുവാൻ സാധിക്കുന്നില്ല എന്നതായിരുന്നു വിഷമകരമായ കാര്യം. രോഗബാധിതനായ യാത്രികൻ സഹായിക്കാനാകാതെ ഇപ്രകാരം പ്രാർഥിച്ചു, “ദൈവമേ ആ പാവം മനുഷ്യനെ രക്ഷിക്കേണമേ, എനിക്ക് യാതൊന്നും ചെയ്യുവാൻ സാധിക്കുകയില്ലല്ലോ.” അതിനു ശേഷം, അയാൾ തന്റെ രാന്തൽ വിളക്ക് എടുത്ത് പോർട്ട്ഹോൾ വിൻഡോയുടെ [കപ്പലിൽ വെളിച്ചം കടക്കുന്നതിനുള്ള ദ്വാരത്തിന്റെ] അരികിൽ വച്ചു. അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് അയാൾക്ക് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല.
പിന്നീട്, മുങ്ങിത്താണുകൊണ്ടിരുന്ന മനുഷ്യനെ അവർ രക്ഷപെടുത്തി. അടുത്തദിവസം അയാൾ തന്റെ അനുഭവത്തെക്കുറിച്ച് ആളുകളോട് ഇപ്രകാരം പറഞ്ഞു, “ഇരുട്ടിൽ ഞാൻ അവസാനമായി മുങ്ങിത്താഴുവാൻ പോകുകയായിരുന്നു. അപ്പോഴാണ് ആരോ ഒരാൾ പോർട്ടഹോളിൽ ഒരു വെളിച്ചം വച്ചത്. ആ വെളിച്ചം എന്റെ കയ്യിൽ തട്ടി പ്രകാശിച്ചപ്പോൾ ഒരു ലൈഫ് ബോട്ടിലുണ്ടായിരുന്ന നാവികൻ എന്റെ കൈകളിൽ ചാടിപ്പിടിച്ച് എന്നെ വലിച്ചുകയറ്റി.”
പ്രിയ സഹക്രിസ്ത്യാനീ, ദൈവം കൂടെയുണ്ടെങ്കിൽ അൽപം അധികംതന്നെയാണ്. നമുക്കുള്ള അല്പ ശക്തികൊണ്ട് കഠിനാധ്വാനം ചെയ്യാതിരിക്കുന്നതിന് ബലഹീനത ഒരിക്കലും ഒഴികഴിവല്ല. ദൈവം അത് എപ്രകാരം ഉപയോഗിക്കുമെന്ന് ആർക്കു പറയുവാൻ സാധിക്കും? പ്രകാശിക്കുവാൻ നമുക്കു മനസ്സുണ്ട് എങ്കിൽ, പാപത്തിന്റെ അപകടങ്ങളിൽ നിന്നും ആത്മാക്കൾ രക്ഷപെടുവാൻ ദൈവം നമ്മെ ഉപയോഗിക്കും. ശരിയാണ്, ഇരുട്ടുള്ള ലോകത്തിൽ ക്രിസ്തുവിനു വേണ്ടി പ്രകാശിക്കുക എപ്പോഴും എളുപ്പമല്ല; എന്നിട്ടും, സർവ്വലോകത്തിലും വച്ച് സാധ്യമായ ഏറ്റവും നല്ല വാർത്ത – എല്ലാ മനുഷ്യർക്കും വളരെ ആവശ്യമായ വാർത്ത- ദൈവം നമ്മെ വിശ്വസിച്ച് ഏൽപ്പിച്ചു: കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ പാപങ്ങളുടെ മോചനം സംബന്ധിച്ചുള്ള സുവിശേഷം!
യേശുവിനു വേണ്ടി പ്രകാശിക്കുക എന്നത് എത്രവലിയ വിശേഷഭാഗ്യമാണ്! യേശുവിനാൽ ഉപയോഗിക്കപ്പെടുക എന്നത് എത്ര ആനന്ദമാണ്! എങ്കിലും, ഓർക്കുക, കത്തുന്നതിന്റെ ഫലമായാണ് എപ്പോഴും പ്രകാശിക്കുന്നത്. മെഴുകുതിരി വെളിച്ചം നൽകുന്നതോടെ മെഴുക് അപ്രത്യക്ഷമാകുന്നു. ഒരു ബൾബ് പ്രകാശിക്കുന്നത് തുടരുമ്പോൾ അതിന്റെ ആയുസ്സ് കുറയുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ക്രിസ്തീയ ജീവിതത്തിന് ത്യാഗപരമായ ഒരു വശമുണ്ട്. ദൈവത്താൽ ഉപയോഗിക്കപ്പെടുവാൻ നാം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ, നാം നമ്മുടെ പാപം വ്യകതിപരമായ കാര്യപരിപാടികൾ, സമ്പത്ത്, സമയം എന്നിവ ഉപേക്ഷിക്കുവാൻ തയ്യാറായിരിക്കണം. ജ്വലിക്കുന്നില്ല എങ്കിൽ പ്രകാശിക്കുകയില്ല എന്ന ക്രിസ്തീയ ജീവിതം സംബന്ധിച്ചുള്ള മാറ്റം വരുത്താനാകാത്ത പ്രമാണം മനസ്സിലാക്കാത്തതുകൊണ്ട് അനേക ക്രിസ്ത്യാനികളും ഇന്ന് പ്രകാശിക്കുന്നില്ല!
എങ്കിലും, നമ്മുടെ പാപങ്ങൾക്കു വേണ്ടി കുരിശിൽ തന്റെ ജീവൻ നൽകുവാൻ മടിക്കാതിരുന്ന യേശുവിനു വേണ്ടി വിശ്വാസികൾ എന്ന നിലയിൽ, ആവശ്യമെങ്കിൽ നമ്മുടെ ജീവൻപോലും നൽകുവാൻ നാം മടിക്കേണ്ടതുണ്ടോ? ഇല്ല! അത്തരം ഒരു ചിന്ത ചർച്ച ചെയ്യേണ്ട ആവശ്യമേയില്ല! “കർത്താവായ യേശുവേ, നീ സകലത്തിനും യോഗ്യനാണ്. ഇപ്പോൾ ഞാൻ ആയിരിക്കുന്നയിടത്ത് എന്നെ എടുത്ത് ഉപയോഗിക്കുമോ? ദയവായി എന്നെ ഓരോ ചുവടിലും വഴി കാണിക്കുകയും നയിക്കുകയും ചെയ്യേണമേ. ഇപ്പോൾ, ഞാൻ ഇവിടെ നിനക്കായി ജീവിക്കുകയും നിന്റെ വെളിച്ചം എന്നിലൂടെ പ്രകാശിപ്പിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു!”