കഷ്ടതകൾ അനുഭവിക്കുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടരുത്

(English Version: “Don’t Be Surprised When You Go Through Suffering”)
1500-കളുടെ പകുതിയോടെ ബൈബിൾ ഇംഗ്ലീഷിലേയ്ക പരിഭാഷ ചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ ഇംഗ്ലീഷിലുള്ള ബൈബിൾ ലഭിച്ച ആദ്യ സ്‌ഥലങ്ങളിൽ ഒന്ന് ഹാഡ്‌ലി പട്ടണമായിരുന്നു. ഹാഡ്ലിയിൽ വിശ്വസ്തനായി ദൈവത്തിന്റെ വചനം പ്രസംഗിച്ച ഒരു പാസ്റ്ററായിരുന്നു ഡോക്ടർ റോളണ്ട് ടെയ്‌ലർ. പ്രതീക്ഷിച്ചതുപോലെതന്നെ, ബിഷപ്പിന്റെയും ലോർഡ് ചാൻസലറുടെയും മുമ്പാകെ ഹാജരാകണമന്ന ഉത്തരവ് അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം ഒരു ദൈവനിഷേധിയാണ് എന്ന് ആരോപിക്കപ്പെട്ടു. ഒന്നുകിൽ ബൈബിളിനെക്കുറിച്ചുള്ള നിലപാട് മാറ്റുക അല്ലെങ്കിൽ, ജീവനോടെ അഗ്നിക്കിരയാകുക എന്നതിൽ തീരുമാനമെടുക്കുവാൻ അദ്ദേഹത്തിന് അവസരം നൽകപ്പെട്ടു.
അദ്ദേഹം ധൈര്യത്തോടെ ഇപ്രകാരം പ്രതികരിച്ചു, “സത്യം പ്രസംഗിക്കുന്നതിനൽ നിന്നും ഞാൻ പിന്മാറുകയില്ല, ദൈവവചനത്തിനു വേണ്ടി കഷ്ടമനുഭവിക്കുവാൻ എന്നെ യോഗ്യനായികണ്ട് വിളിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു.” തീ കൊളുത്തി കൊല്ലപ്പെടേണ്ടതിന് ഉടനടിതന്നെ അദ്ദേഹം ഹാഡ്ലിയിലേയ്ക് അയയ്കപ്പെട്ടു. പോകുന്ന വഴിയിൽ അദ്ദേഹത്തെ കാണുന്നവരൊക്കെ അദ്ദേഹം ഒരു വിരുന്നിനോ ഒരു വിവാഹത്തിനോ പങ്കെടുക്കുവാൻ പോകുകയാണ് എന്ന് കരുതുന്നവിധത്തിൽ അദ്ദേഹം വളരെ സന്തോഷവാനും ആഗ്ലാദവാനുമായി കാണപ്പെട്ടു. തന്റെ കൂടെയുള്ള കാവൽക്കാരോട് അവരുടെ ദുഷ്ടതയിൽ നിന്നും തിന്മ നിറഞ്ഞ ജീവതത്തിൽ നിന്നും മാനസാന്തരപ്പെടുവാൻ ആത്മാർഥമായി ആഹ്വാനം ചെയ്തത് അവരെ പലപ്പോഴും കരച്ചിലിൽ എത്തിച്ചു. ഇത്ര ദൃഡചിത്തനായി, ഭയരഹിതനായി, ആഹ്ലാദവാനായി, സന്തോഷവാനായി അദ്ദേഹം മരിക്കുവാൻ പോകുന്നതു കണ്ട അവർ അമ്പരന്നുപോയി.
തന്നെ തീ കൊളുത്തി കൊല്ലുവാനുള്ള സ്ഥലത്ത് കണ്ണുനീരോടുകൂടെ ഒരുമിച്ചുകൂടിയിരുന്ന തന്റെ സഭാംഗങ്ങളോട് ഡോക്ടർ ടെയ്‌ലർ ഇപ്രകാരം പറഞ്ഞു, “ഞാൻ നിങ്ങളെ പഠിപ്പിച്ചത് ദൈവത്തിന്റെ വിശുദ്ധ വചനമാണ്. ആ പാഠങ്ങൾ ദൈവത്തിന്റെ അനുഗ്രഹീത പുസ്തകമായ വിശുദ്ധ ബൈബിളിൽ നിന്നാണ് ഞാൻ എടുത്തത്. എന്റെ രക്തത്താൽ അതിനു മുദ്രയിടുവാൻ ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നു.”
അദ്ദേഹം മുട്ടുമടക്കി, പ്രാർഥിച്ചു, അതിനുശേഷം സ്തംഭത്തിന്റെ അരികിലേയ്കു നടന്നു. അദ്ദേഹം സ്തംഭത്തെ ചുംബിച്ചു. കൈകൾ കൂപ്പി, കണ്ണുകൾ സ്വർഗ്ഗത്തേയ്കു നോക്കി നിന്നു. അദ്ദേഹം പ്രാർഥിച്ചുകൊണ്ടിരുന്നു. അവർ അദ്ദേഹത്തെ ചങ്ങല കൊണ്ടു ബന്ധിച്ചു. പലർ ചേർന്ന് വിറകുകൾ അടുക്കി. അവർ തീ കൊളുത്തിയപ്പോൾ ഡോക്ടർ ടെയ്‌ലർ ഇരുകൈകളും ഉയർത്തി ദൈവത്തെ വിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, “സ്വർഗ്ഗത്തിലെ കരുണയുള്ള പിതാവേ, എന്റെ കർത്താവായ യേശു ക്രിസ്തുവിനെപ്രതി എന്റെ ആത്മാവിനെ അവിടുത്തെ കൈകളിൽ സ്വീകരിക്കേണമേ.”
തീനാളങ്ങൾക്കിടയിൽ നിലവിളിക്കുകയോ പിടയ്കുകയോ ചെയ്യാതെ അദ്ദേഹം കൈകൂപ്പി നിന്നു. അദ്ദേഹം കൂടുതൽ വേദന അനുഭവിക്കാതിരിക്കുവാൻ, പട്ടണത്തിൽ നിന്നുള്ള ഒരു മനുഷ്യൻ തീയ്കരികിലേയ്ക് ഓടിയെത്തി കൈനീളമുള്ള ഒരു പോർമഴു കൊണ്ട് അദ്ദേഹത്തിന്റെ തലയ്കു വെട്ടി. അപ്പോൾത്തന്നെ ടെയ്‌ലർ മരിക്കുകയും തന്റെ ശരീരം തീയിലേയ്കു വീഴുകയും ചെയ്തു.
ഈ കഥയും ഇതിനോടു സാമ്യമുള്ള മറ്റനേക കഥകളും വായിക്കുമ്പോൾ, ടെയ്‌ലറെപ്പോലെയുള്ള ആളുകളെ ഇത്തരത്തിലുള്ള കഷ്ടത സഹിക്കുവാൻ പ്രേരിപ്പിച്ചത് എന്താണെന്നു നാം അതിശയിക്കും. ക്രിസ്തീയ ജീവിതം കഷ്ടത സഹിക്കുവാനുള്ള വിളിയാണ് എന്ന് അവർ അറിഞ്ഞിരുന്നു, അതിനാൽ കഷ്ടത നേരിട്ടപ്പോൾ അവർ ആശ്ചര്യപ്പെട്ടില്ല. 1 പത്രൊസ് 4:12 -ൽ നൽകപ്പെട്ടിരിക്കുന്ന പത്രോസിന്റെ വാക്കുകൾ നമുക്കു ഹൃദയത്തിൽ സൂക്ഷിക്കാം, “പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവച്ചു അതിശയിച്ചുപോകരുതു.”
ശ്രദ്ധിക്കുക, പത്രോസ് പറയുന്നത് “ആശ്ചര്യപ്പെടരുത്” എന്നാണ്. അത് ഒരു കല്പനയാണ്. ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമായി കഷ്ടത അനുഭവിക്കുമെന്ന് പ്രതീക്ഷിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. പ്രയാസങ്ങളിലുടെ പോകുമ്പോളുള്ള സാധാരണ മനുഷ്യന്റെ പ്രതികരണം ഞെട്ടലാണ്, എനിക്ക് “അപൂർവ്വമായതൊന്ന് സംഭവിക്കുന്നു.” എന്നിരുന്നാലും, കാര്യങ്ങളെക്കുറിച്ച് അറിവു ലഭിച്ച ഒരു ക്രിസ്ത്യാനിയുടെ പ്രതികരണം അപ്രകാരമായിരിക്കരുത്. പ്രയാസങ്ങൾ വരുമ്പോൾ നാം ആശ്ചര്യപ്പെടരുത്; മറിച്ച്, നാം അവയെ പ്രതീക്ഷിക്കണം. കഷ്ടത പ്രതീക്ഷിക്കണം എന്നും പരീക്ഷകൾ വരുമ്പോൾ ആശ്ചര്യപ്പെടരുത് എന്നും ബൈബിൾ നമ്മെ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു. കർത്താവായ യേശുതന്നെ നൽകിയ ചില ഉദാഹരണങ്ങൾ ഇതാ.
മത്തായി 5:11 “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.”
മത്തായി 10:34-36 “34 ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. 35 മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. 36 മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.”
മർക്കൊസ്10:29-30 “29 അതിന്നു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, 30 ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
യോഹന്നാൻ 15:20 “ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.”
പുതിയ നിയമത്തിന്റെ മറ്റ് എഴുത്തുകാരും നമ്മെ ഈ വസ്തുത ഓർമ്മിപ്പിക്കുന്നു. 2 തിമോത്തി 3:12 -ൽ പൗലോസ് നമ്മോടു പറയുന്നു, “എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” 1 യോഹന്നാൻ 3:13-ൽ യോഹന്നാൻ നമ്മെ ഓർമ്മിപ്പിക്കുന്നു, “സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു.”
അപ്പോസ്തലപ്രവൃത്തികൾ, എബ്രായ ലേഖനത്തിന്റെ അധ്യായം 11 എന്നിവയും വായിക്കുമ്പോൾ, സഭയുടെ ആദിമ വർഷങ്ങളിൽ ദൈവത്തിന്റെ ജനം നേരിട്ട കല്ലേറ്, തടവ്, ചാട്ടവാറടി, കൊല്ലപ്പെടൽ എന്നിവയെക്കുറിച്ച് വ്യക്തമായി നമ്മെ ഓർമ്മിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടുമുതൽ ഇന്നുവരെയും ലോകത്തിൽ നിന്നും ദൈവജനത്തിന് നേരിടേണ്ടിവന്ന കഷ്ടതയ്ക് സഭാചരിത്രം സാക്ഷ്യം നൽകുന്നു. വീഴ്ചയ്കു ശേഷം, എപ്പോഴും, സാത്താന്റെ ജനവും ദൈവത്തിന്റെ ജനവും തമ്മിലുള്ള സ്ഥിരമായ ശത്രുതയുണ്ട്. സാത്താൻ ദൈവത്തിന് എതിരായി നിൽക്കുന്നതുകൊണ്ട്, ദൈവത്തെയും ദൈവത്തിനുവേണ്ടി നിൽക്കുന്നവരെയും വെറുക്കുവാൻ അവൻ അവന്റെ മക്കളെ പ്രേരിപ്പിക്കും. അതുകൊണ്ട്, ഇതു വ്യക്തമാണ്, യേശുവും അപ്പോസ്തലന്മാരും കഷ്ടത എന്ന യാഥാർഥ്യത്തെക്കുറിച്ച് നമുക്കു മുന്നറിയപ്പ് നൽകുന്നു.
1 പത്രോസ് 4:12-ലേയ്കു തിരികെ പോകാം. ചിലപ്പോൾ നാം കടന്നുപോകേണ്ട കഷ്ടതകൾ “അഗ്നിശോധന” പോലെയാണ് എന്നാണ് പത്രോസ് പറയുന്നത്. ക്രിസ്ത്യാനികൾ പരീക്ഷകൾ പ്രതീക്ഷിക്കണമെന്നും അവ മൂലം ആശ്ചര്യപ്പെടരുത് എന്നും മാത്രമല്ല, ചിലപ്പോൾ ഈ പരീക്ഷകൾ തീവ്രമോ കഠിനമോ ആകുകയും ചെയ്യും. “അഗ്നിശോധന” എന്ന പദത്തിന്റെ അർഥം അതാണ്. ഇതേ വാക്ക് പഴയ നിയമത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത് “തീച്ചൂള” എന്നാണ്. പത്രോസ് ആർക്കു വേണ്ടി എഴുതിയോ ആ ക്രിസ്ത്യാനികൾ ആ സയത്ത് കടന്നുപോയതും ഇന്ന് നമ്മുടെ കാലത്തുപോലും ചിലർ കടന്നുപോകുന്നതുമായ അനുഭവത്തിന്റെ തീവ്രതയാണ് അത് വിവരിക്കുന്നത്.
ഈ സന്ദർഭത്തിൽ, “തീവ്രമായ കഷ്ടതയുടെ ഉദ്ദേശ്യമെന്ത്?” എന്ന് ഒരുവൻ ചോദിച്ചേക്കാം. ഈ ചോദ്യത്തിന് പത്രോസ് ഇപ്രകാരം ഉത്തരം നൽകുന്നു, “നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധന” എന്ന് പറഞ്ഞിരിക്കുന്നു. കഷ്ടതകൾ വരുന്നത് നമ്മെ പരീക്ഷിക്കുന്നതിനാണ്. യഥാർഥമായ വിശ്വാസം പരീക്ഷകളിൽ നശിച്ചുപോകാതെ നിലനിൽക്കും. പരീക്ഷകളിലൂടെ കടക്കുമ്പോൾ വ്യാജമായ വിശ്വാസം തകർന്നുപോകും. സ്വർണ്ണം തീയാൽ പരിശോധന കഴിച്ച് ശുദ്ധീകരിക്കപ്പെടുന്നതുപോലെ ക്രിസ്ത്യാനിയുടെ വിശ്വാസം കഷ്ടതയാൽ പരിശോധിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു എന്ന് 1 പത്രോസ് 1:6-7 പറയുന്നു. സ്വർണ്ണത്തിന്റെ ഗുണനിലവാരം അഗ്നി വെളിപ്പെടുത്തുന്നു, അത് മായമില്ലാത്ത സ്വർണ്ണമാണെങ്കിൽ തീയിൽകൂടി കടക്കുന്ന പ്രക്രിയയ്കു ശേഷം അത് കൂടുതൽ ശുദ്ധമായി പുറത്തുവരും. യഥാർഥ ക്രിസ്ത്യാനിയുടെ കാര്യത്തിലും അപ്രകാരംതന്നെയാണ്. പരീക്ഷകളിലൂടെ കടന്നു വരുമ്പോൾ അവൻ അല്ലെങ്കിൽ അവൾ കൂടുതൽ ശുദ്ധിയുള്ളവനായി തീരുന്നു.
വിശ്വാസികൾക്ക് കഷ്ടത ആവശ്യമാണ്. അല്ലാതെ എങ്ങനെയാണ് നമുക്ക് നമ്മുടെ യജമാനനെപ്പോലെ ആയിത്തീരുവാൻ സാധിക്കുന്നത്? അല്ലാതെ എങ്ങനെയാണ് നമുക്ക് നമ്മുടെ ശത്രുക്കളെ സ്നേഹിക്കുവാൻ സാധിക്കുന്നത്, നമ്മെ വെറുക്കുന്നവർക്ക് നന്മ ചെയ്യുവാൻ സാധിക്കുന്നത്, നമ്മെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കുവാൻ സാധിക്കുന്നത്? അല്ലാതെ എങ്ങനെയാണ് നമുക്ക് കൂടുതൽ താഴ്മയും സൗമ്യതയും ഹൃദയതകർച്ചയും മറ്റുള്ളവരുടെ ആവശ്യങ്ങളോട് കൂടുതൽ സംവേദനക്ഷമതയും ഉണ്ടാകുവാൻ സാധിക്കുന്നത്? നമ്മെ ശുദ്ധീകരിക്കുവാൻ കഷ്ടതകൾ ദൈവത്താൽ ഉപയോഗിക്കപ്പെടുന്നു എന്നത് മനസ്സിലാക്കുവാൻ നാം പരാജയപ്പെടുമ്പോൾ, “ഒരു അപൂർവ്വകാര്യം നമുക്കു സംഭവിച്ചു എന്ന് നാം പ്രതികരിക്കും എന്ന് പത്രോസ് പറയുന്നു.”
നിർഭാഗ്യകരമെന്നു പറയട്ടെ, “ഒരു അപൂർവ്വകാര്യം എനിക്കു സംഭവിച്ചു” എന്നതാണ് ക്രിസ്ത്യാനികൾ എന്നു കരുതപ്പെടുന്ന പലരുടേയും പ്രതികരണം. ഒരുപക്ഷെ, ക്രിസ്തീയ ജീവിതം പ്രശ്നരഹിതവും സന്തോഷത്തിന്റെയും സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും ജീവിതമാണ് -ബൈബിൾ പഠിപ്പിക്കുന്നതിന്റെ നേർ വിപരീതം – എന്നാണ് അവർക്കു വാഗ്ദത്തം നൽകപ്പെട്ടത്. അത്തരം ഉപദേശം ലഭിച്ചവർ പരീക്ഷകൾ നേരുടുമ്പോൾ പ്രതീകരിക്കേണ്ട ശരിയായ വിധം എന്താണ് എന്ന് അവർക്കറിയില്ല. അതുകൊണ്ടാണ്, ക്രിസ്തുവിനെ അനുഗമിക്കുന്നതിനു മുൻപ് അതിനു നൽകേണ്ടിയ വില ആളുകൾ പരിഗണിക്കേണ്ടത്.
തന്നെ അനുഗമിക്കുന്നതിനു മുൻപ് അതിനു നൽകേണ്ട വില ആളുകൾ പരിഗണിക്കണം എന്ന് യേശുതന്നെ ആവശ്യപ്പെടുന്നുണ്ട് [ലൂക്കോസ് 14:26-35]. വിശ്വാസത്തിന് വില നൽകേണ്ടിവരുമ്പോൾ ഓടിപ്പോകുന്ന പാതിമനസ്സുള്ള ശിഷ്യന്മാരെ ഉണ്ടാക്കുന്നതിൽ യേശു ഒരിക്കലും താത്പര്യപ്പെട്ടില്ല. പരീക്ഷകൾ വരുമ്പോൾ ഓടുന്നവർ, പാറസ്ഥലത്തു വീണ വിത്തിനെപ്പോലെ, വൈകാരികമായി ക്രിസ്തുവിനോട് പ്രതികരിച്ചവരാണ്. അത്തരം ആളുകളെ യേശു ഇപ്രകാരം വിവരിക്കുന്നു, “16 അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; 17 എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനംനിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു” [മർക്കൊസ് 4:16-17].
മറ്റൊരു തരത്തിൽ പറഞ്ഞാൽ, നൽകേണ്ട വില പരിഗണിക്കുന്നവർ തങ്ങളുടെ പൂർണ്ണമായ പാപാവസ്ഥയും ദുരവസ്ഥയും തിരിച്ചറിച്ച് ക്രിസ്തുവിന്റെ വ്യവസ്ഥകൾക്കനുസൃതമായി – പരിശുദ്ധാത്മാവിനാൽ പ്രാപ്തരാക്കപ്പെട്ട് – ക്രിസ്തുവിലേയ്കു വരുന്നവരാണ്. അവർ നല്ല നിലത്തു വീണ വിത്തുപോലെയാണ്, പരീക്ഷകൾ നേരിടുമ്പോൾ അവർ നിലനിൽക്കും, “നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ” [ലൂക്കോസ് 8:15]. കഷ്ടതകൾ അനുഭവിക്കും എന്ന് അവർ പ്രതീക്ഷിക്കുകയും പരീക്ഷകൾ വരുമ്പോൾ ആശ്ചര്യപ്പെടാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്. അവർ നിലനിൽക്കുന്നു!
കഷ്ടതകൾ അനുഭവിക്കേണ്ടിവരും എന്ന് പ്രതീക്ഷിക്കുവാനും അവയാൽ ആശ്ചര്യപ്പെടാതിരിക്കുവാനും പരിശുദ്ധാത്മാവിനാൽ നമ്മെ ഓർമ്മപ്പെടുത്തുവാൻ നമുക്ക് കർത്താവിനോട് തുടർച്ചയായി അപേക്ഷിക്കാം. യേശുവിനുവേണ്ടി നാം ജീവിക്കുമ്പോൾ പലതരത്തിലുള്ള തിരസ്കരണവും കഷ്ടതകളും വരും. ഇത്തരത്തിലുള്ള ബൈബിൾപരമായ ഒരു ബോധ്യം കുറഞ്ഞപക്ഷം രണ്ടു കാര്യങ്ങളെങ്കിലും നേടുവാൻ സഹായിക്കും:
(1) പരീക്ഷകളിലൂടെ കടക്കുമ്പോൾ ദൈവത്തിനെതിരെ പിറുപിറുക്കാതിരിക്കുവാൻ ഇതു നമ്മെ സഹായിക്കും.
(2) ഫിലിപ്പിയർ 1:29 -ൽ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, യേശുവിനു വേണ്ടി കഷ്ടം സഹിക്കുന്നത് ഒരു വരമായി കരുതുവാൻ ഇത് നമ്മുടെ ഹൃദയങ്ങളെ ബലപ്പെടുത്തും, “അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നുവേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു”!