താങ്കൾ യഥാർഥ ക്രിസ്ത്യാനിയാണോ അതോ, ഒരു “ഏറെക്കുറെ” ക്രിസ്ത്യാനിയാണോ?

Posted byMalayalam Editor April 4, 2023 Comments:0

(English Version: Are You A Real Christian or An “Almost” A Christian?)

1993 ഫെബ്രുവരി 26-ന് ന്യൂയോർക്ക് നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിന്റെ അടിയിലുള്ള പാർക്കിംഗ് സ്ഥലത്ത് ശക്തിയുള്ള ഒരു ബോംബ് പൊട്ടിത്തെറിച്ചു; ആറ് പേർ മരിക്കുകയും ആയിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അത് ഗൗരവതരമായ അന്വേഷണത്തിന് വഴിതെളിക്കുകയും അനേകർ അറസ്റ്റിലാകുകയും ചെയ്തു. എന്നാൽ, അത് അന്താരാഷ്ര്ട ഭീകരരുടെ പദ്ധതിയുടെ ഭാഗമാണെന്ന് നിയമപാലകരിൽ ആരുംതന്നെ തിരിച്ചറിഞ്ഞിരുന്നില്ല.

2001-ൽ ഭീകരർ വേൾഡ് ട്രെഡ് സെന്ററിന്റെ ടവറുകൾ നശിപ്പിക്കപ്പെട്ടപ്പോൾ പോലീസ് കമ്മീഷണർ റെയ്മണ്ട് കെല്ലി വർഷങ്ങൾക്കു പിന്നിലേയ്കു തിരിഞ്ഞുനോക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു, “അത് അമേരിക്കയ്ക് ഉണർന്നെഴുന്നേൽക്കുവാനുള്ള ഒരു വിളി ആകേണ്ടിയിരുന്നു”.

ഉണർന്നെഴുന്നേൽക്കുവാൻ ഇതിനേക്കാൾ തീവ്രമായ ഒരു വിളി മത്തായി 25: 1-13 ൽ കർത്താവായ യേശു നൽകുന്നുണ്ട്. ക്രിസ്ത്യാനിയാണ് എന്ന് പറയുന്ന ഓരോരുത്തരോടും ആത്മാർഥവും ഹൃദയം തൊടുന്നതുമായ ഒരു ചോദ്യം, “നിങ്ങൾ ഒരു യഥാർഥ ക്രിസ്ത്യാനിയാണോ അതോ ഒരു ഏറെക്കുറെ ക്രിസ്ത്യാനിയാണോ?” എന്നതാണ്. ഈ വേദഭാഗത്തിലേയ്കു നോക്കുമ്പോൾ, നമുക്ക് ഈ ചോദ്യത്തിന്റെ ഗൗരവം മനസ്സിലാക്കുകയും അതിനനുസൃതമായി പ്രതികരിക്കുകയും ചെയ്യാം.

I. ഉപമ വിശദീകരിക്കുന്നു.

ദൈനംദിന ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു കഥയാണ് ഉപമ. മണവാട്ടിയെ തന്റെ ഭവനത്തിലേയ്കു കൊണ്ടുപോകുവാൻ എത്തുന്ന ഒരു മണവാളനെക്കുറിച്ചാണ് ഈ ഉപമ പറയുന്നത്. അക്കാലത്തെ ആചാരമനുസരിച്ച്, മണവാട്ടിയുടെ തോഴ്മക്കാരായ കന്യകമാർ മണവാളനെ സ്വീകരിച്ച് മണവാട്ടിയുടെ ഭവനത്തിലേയ്ക് ആനയിക്കുമായിരുന്നു. മണവാളൻ രാത്രിയിൽ വേണമെങ്കിലും എത്താം എന്ന കാരണത്താൽ, മണവാട്ടിയുടെ തോഴ്മക്കാർ വെളിച്ചം കാണേണ്ടതിന് വിളക്കുകൾ കൂടി കരുതേണ്ടിയിരുന്നു.

ഈ കഥയിൽ, പാതിരാത്രിയിലാണ് മണവാളൻ എത്തുന്നത്. 10 കന്യകമാർ മണവാളനെ എതിരേൽക്കുവാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരിൽ അഞ്ചു പേർ എണ്ണയുള്ള വിളക്കുകൾ എടുത്തിരുന്നു. എന്നാൽ, മറ്റ് അഞ്ചുപേർ വിളക്കെടുത്തിരുന്നുവെങ്കിലും അതിൽ എണ്ണയുണ്ടായിരുന്നില്ല. വിളക്കിൽ എണ്ണയുണ്ടായിരുന്നവർ മണവാളനോടൊപ്പം വിവാഹ ആഘോഷത്തിലേയ്കു പ്രവേശിച്ചു. എന്നാൽ, മറ്റ് അഞ്ചുപേർ കരഞ്ഞുപറഞ്ഞിട്ടും വിവാഹ ആഘോഷത്തിലേയ്കു പ്രവേശിക്കുവാൻ അവരെ അനുവദിച്ചില്ല.

ഉപമയിലെ മണവാളൻ യേശുവിനെ പ്രതിനിധീകരിക്കുന്നു. വിളക്കിൽ എണ്ണ കരുതിയ (ബുദ്ധിയുള്ള) കന്യകമാർ യേശുവിനെ എതിരേൽക്കുവാൻ തയ്യാറായിരിക്കുന്ന യഥാർഥ ക്രിസ്ത്യാനികളാണ്. എണ്ണയില്ലാത്ത വിളക്കുമായി നിന്ന അഞ്ച് വിഡ്ഡികളായ കന്യകമാർ യേശുവിനെ എതിരേൽക്കുവാൻ തയ്യാറെടുപ്പില്ലാത്ത വ്യാജക്രിസ്ത്യാനികളാണ്. അവർ സ്വർഗ്ഗത്തിൽ പ്രവേശനം നിഷേധിക്കപ്പെടാൻ സാധ്യതയുള്ളവരാണ്.

ഉപമയുടെ മുഖ്യ ആശയം വാക്യം 13-ൽ സംഗ്രഹിച്ചിരിക്കുന്നു, “ആകയാൽ, നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ട് ഉണർന്നിരിപ്പിൻ”. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “ഇന്നുതന്നെ കർത്താവിനെ എതിരേൽക്കുവാൻ ഒരുങ്ങിയിരിക്കുക. പാപങ്ങളുടെ ക്ഷമ പ്രാപിക്കുവാൻ സാധിക്കാത്ത ഒരു സമയം വരുന്നു. നിങ്ങൾ ഈ ലോകം വിട്ട് പോയിക്കഴിഞ്ഞാൽ സ്വർഗ്ഗത്തിലേയ്കു പ്രവേശിക്കുന്നതിന് രണ്ടാമതൊരു അവസരം ഉണ്ടായിരിക്കുകയില്ല”.

II. ഉപമ പ്രായോഗികതലത്തിൽ.

ഈ ഉപമയിൽ നിന്നും 3 പ്രായോഗിക പാഠങ്ങൾ നമുക്കു സ്വീകരിക്കുവാൻ സാധിക്കും.

സത്യം #1. ഒരുവന് തന്റെ ജീവിതത്തിൽ ക്രിസ്തു ഉണ്ടെന്ന് പുറമേ ഭാവിക്കുകയും എന്നാൽ, ക്രിസ്തു ഒരിക്കലും ഉള്ളിൽ ഇല്ലാതിരിക്കുകയും ചെയ്യുക സാധ്യമാണ്.

ബുദ്ധിയുള്ള കന്യകമാരും ബുദ്ധിയില്ലാത്ത കന്യകമാരും തമ്മിൽ പല സമാനതകളുണ്ട്. രണ്ടുകൂട്ടരും മണവാളനെ കാത്തുനിൽക്കുമ്പോൾ വിളക്ക് എടുത്തിരുന്നു (മത്താ 25:1). ബുദ്ധിയില്ലാത്ത കന്യകമാർ മണവാളന്റെ വരവിനോട് എതിരപ്പുള്ളവരായിരുന്നില്ല. അവർ അദ്ദേഹത്തിന്റെ വരവിന് കാത്തിരുന്നു.

അതുപോലെ, ക്രിസ്ത്യാനികളാണ് തങ്ങൾ എന്നു ഭാവിക്കുന്ന അനേകരും യേശുവിന്റെ വരവിനായി കാത്തിരിക്കുന്നു എന്ന് അവകാശപ്പെടുന്നു – എന്നാൽ, അവനെ എതിരേൽക്കുവാൻ തയ്യാറായിട്ടില്ല. മണവാളന്റെ വരവ് താമസിച്ചപ്പോൾ, ബുദ്ധിയുള്ളവരും ബുദ്ധിയില്ലാത്തവരും ഉറങ്ങിപ്പോയി.

ബുദ്ധിയുള്ളവർ സുരക്ഷിതബോധത്തോടെയാണ് ഉറങ്ങിയത്. ക്രിസ്തുവിനോട് ശരിയായ ബന്ധമുണ്ട് എന്നതിനാൽ അവർ പ്രതിനിധീകരിക്കുന്നത് യഥാർഥ സുരക്ഷിതത്വമാണ്.

ബുദ്ധിയില്ലാത്ത കന്യകമാരും സുരക്ഷിതത്വത്തോടെ ഉറങ്ങുന്നതായി കാണപ്പെടുന്നു. എന്നിരുന്നാലും, അവരുടെ ഹൃദയം വഞ്ചിക്കപ്പെട്ടതിനാൽ, അവർ വ്യാജവിശ്വാസികളെ പ്രതിനിധീകരിക്കുന്നു. കാരണം, സഭയിൽ പോകുകയോ ചില ക്രിസ്തീയ പ്രവർത്തനങ്ങൾ ചെയ്യുകയോ ക്രിസ്ത്യാനികളുടെ കൂടെ നടക്കുകയോ ചെയ്തു എന്നതിനാൽ തങ്ങൾ ക്രിസ്തുവിനെ സ്വീകരിക്കുവാൻ തയ്യാറായിരിക്കുന്നു എന്നാണ് അവർ കരുതുന്നത്. അവർ ഒരിക്കലും തങ്ങളുടെ പാപങ്ങളെക്കുറിച്ച് യഥാർഥമായി മാനസാന്തരപ്പെടുകയോ തന്മൂലം ക്രിസ്തുവിൽ വീണ്ടും ജനനം അനുഭവിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സങ്കടകരമായ യാഥാർഥ്യം.

വ്യാജവിശ്വാസികളുടെ ജീവിതങ്ങളിൽ പല സ്വഭാവങ്ങൾ കാണപ്പെടുന്നു.

a. ദൈവത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് തെറ്റാണ്. ദൈവം സ്നേഹമാണ്. സ്നേഹം മാത്രമാണ്. ദൈവം എന്നെ ഒരിക്കലും തള്ളിക്കളയുകയില്ല. ഞാൻ അവന്റെ മുൻപിൽ നിൽക്കുമ്പോൾ എന്നെ സ്വർഗ്ഗത്തിലേയ്കു കടത്തിവിടുവാൻ ദൈവത്തെ സമ്മതിപ്പിക്കുവാൻ എനിക്കു സാധിക്കും. “കർത്തവേ, കർത്താവേ …ഞങ്ങൾക്കും തുറക്കേണമേ എന്ന അവരുടെ നിസ്സഹായവിളി തെളിവാക്കുന്നത് അവരുടെ ഈ കാഴ്ചപ്പാടാണ്” (മത്താ 25:11).

ദൈവം സ്നേഹമാണ്, എന്നാൽ, ദൈവം സ്നേഹം മാത്രമല്ല. തന്റെ പുത്രനിൽ ആശ്രയിക്കാത്തവരെ ശിക്ഷിക്കും എന്ന് തന്റെ വചനത്തിൽ ദൈവം വാക്കു പറഞ്ഞിരിക്കുന്നു(യോഹ 3:18). തന്റെ വചനത്തിന് എതിരായി എന്തെങ്കിലും ചെയ്യുക ദൈവത്തെ നുണയനാക്കുന്നതാണ് – അത് അസംഭവ്യമാണ്!

b. പാപത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് തെറ്റാണ്. പാപത്തെക്കുറിച്ചുള്ള ബോധം മാനസാന്തരത്തിനു തുല്യമാണെന്ന് അവർ കരുതുന്നു. യഥാർഥ മാനസാന്തരത്തിനു മുൻപ് പാപബോധം വരുമെന്നത് ശരിയാണ്. യഥാർഥ മാനസാന്തരം ഇല്ലാതെ പാപബോധം മാത്രമുണ്ടായിരിക്കുകയും സാധ്യമാണ്.

യൂദാ, ഫെലിക്സ്, ഏശാവ് എന്നിവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് ബോധമുള്ളവരായിരുന്നു. എന്നാൽ അവർ ഒരിക്കലും രക്ഷിക്കപ്പെട്ടില്ല(മത്തായി 27:3-5, അപ്പോസ്തലപ്രവൃത്തികൾ 24:25, എബ്രാ12:16-17). പാപത്തെക്കുറിച്ച് ഖേദം തോന്നുന്നത് ഒരുവൻ ക്രിസ്ത്യാനിയാണ് എന്നതിനു തെളിവല്ല. ആ ഖേദം ഒരുവനെ പാപത്തിൽ നിന്ന് പിന്തിരിയുവാനും യേശുവിന്റെ പാദത്തിങ്കൽ കരുണയ്കായി വീഴുവാനും നയിക്കുന്നില്ല എങ്കിൽ അത് നിത്യ നരകത്തിലേയ്കു നയിക്കുന്ന വെറും വ്യാജമായ ഖേദം മാത്രമാണ് (2 കൊരി 7:9-10).

c. ലോകത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് തെറ്റാണ്. ലോകത്തോടും അതിന്റെ സുഖങ്ങളോടുമുള്ള അവസാനിക്കാത്ത സ്നേഹമാണ് വ്യാജക്രിസ്ത്യാനികളുടെ മുഖമുദ്ര. യേശു കുറ്റമായിക്കാണുന്നത് അവർ ലോകത്തിൽ ആയിരിക്കുന്നു എന്നതല്ല, ലോകം അവരിൽ ആയിരിക്കുന്നു എന്നതാണ് എന്ന് അവർ തിരിച്ചറിയുന്നില്ല ! (യോഹ 17:15)

1 യോഹന്നാൻ 2:15 -ൽ “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല” എന്നു വളരെ വ്യക്തമായി പറയുന്നത് അറിഞ്ഞിരിക്കെത്തന്നെ അവർ തങ്ങളുടെ ജീവിതങ്ങളെ ലോകത്തിന്റെ സുഖങ്ങളിലേയ്കു നയിക്കുന്നു. തിരക്കിട്ട് ലോകത്തിന്റെ സുഖങ്ങളുടെ പിന്നാലെ അവർ പോകുന്നില്ല എങ്കിലും അവർ അവയെ സ്വപ്നം കാണുകയാണ്! “നിങ്ങൾക്കു ദൈവത്തേയും മാമോനേയും സ്നേഹിപ്പാൻ കഴിയുകയില്ല” എന്ന കല്പനയിൽ നിന്നും തങ്ങൾമാത്രം ഒഴിവുള്ളവരാണ് എന്ന് അവർ കരുതുന്നു. അവർ എത്രമാത്രം വഞ്ചിക്കപ്പെട്ടിരിക്കുന്നു!

d. മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ അവരുടെ കാഴ്ചപ്പാട് തെറ്റാണ്. ചിലരെ മാത്രം സ്നേഹിക്കുക എന്നത് വ്യാജക്രിസ്ത്യാനികളുടെ സ്വഭാവമാണ് – അവർ അവരെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നു. ക്രിസ്ത്യാനികളാണ് എന്ന് അവകാശപ്പെടുന്ന പലരും മറ്റുള്ളവരോട് വർഷങ്ങളോളം കയ്പ് വച്ചുകൊണ്ടിരിക്കുന്നത് സങ്കടകരമായ കാഴ്ചയാണ്. അത് അവരുടെ ജീവിതപങ്കാളികൾ, കുടുംബാംഗങ്ങൾ, സഭാംഗങ്ങൾ, കൂടെ ജോലിചെയ്യുന്നവർ, അയൽക്കാർ എന്നിങ്ങനെ ആരോടുമായിരിക്കാം. അവരുടെ ചിന്താഗതി ഇപ്രകാരമാണ്: “സാധരണഗതിയിൽ ഞാൻ മറ്റുള്ളവരെ സ്നേഹിക്കുന്നു. അയാളെയും ഇയാളെയും മാത്രമാണ് എനിക്കു സ്നേഹിക്കുവാൻ സാധിക്കാത്തത്. അവർ എന്നെ അത്രയ്ക് വേദനിപ്പിച്ചിരിക്കുന്നു”.

എന്നിരുന്നാലും, ക്രിസ്ത്യാനിയാണ് എന്ന് അവകാശപ്പെടുന്ന ഒരുവന് വെറുക്കുന്ന സ്വഭാവം ഉണ്ടായിരിക്കരുത് എന്നാണ് തിരുവെഴുത്ത് പറയുന്നത്.

1 യോഹന്നാൻ 4:20-21 ഇപ്രകാരം പറയുന്നു, “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു  ലഭിച്ചിരിക്കുന്നു”. 1 യോഹന്നാൻ 3:13, 1 യോഹന്നാൻ 4:7-8 എന്നീ ഭാഗങ്ങൾ ഇതേ വിഷയം ഊന്നിപ്പറയുന്നു.

അതുകൊണ്ട്, ബുദ്ധിയില്ലാത്ത കന്യകമാരേപ്പോലെ, പുറമേ ക്രിസ്തുവുള്ളവനെപ്പോൽ നടിക്കുകയും എന്നാൽ, ക്രിസ്തു ഒരിക്കലും ഉള്ളിലില്ലാതിരിക്കുകയും ചെയ്യുക സാധ്യമാണ്. അതുകൊണ്ടാണ്, നാം നിത്യജീവൻ ഉണ്ട് എന്ന് നടിക്കുന്നവരാണോ അതോ യഥാർഥമായി നിത്യജീവൻ ഉള്ളവരാണോ എന്ന് നമ്മുടെ ജീവിതങ്ങളെ പരിശോധന ചെയ്യേണ്ടത് ആവശ്യമായിരിക്കുന്നത്.

സത്യം#2. രക്ഷ കൈമാറ്റം ചെയ്യുവാനോ പങ്കുവയ്കുവാനോ സാധ്യമല്ല.

മണവാളൻ വന്നപ്പോൾ, തങ്ങളുടെ വിളക്കുകൾക്കു ആവശ്യമായ എണ്ണയില്ല എന്ന് ബുദ്ധിയില്ലാത്ത കന്യകമാർ തിരിച്ചറിഞ്ഞു. അവർ ഉടൻതന്നെ ബുദ്ധിയുള്ള കന്യകമാരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതുകൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.
ബുദ്ധിയുള്ളവർ: “‘ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ’” എന്നു ഉത്തരം പറഞ്ഞു (മത്തായി
25:8-9) .

അവർ പോയി എണ്ണയും വാങ്ങി വന്നപ്പോഴേയ്കും വൈകിപ്പോയിരുന്നു. വിവാഹസദ്യയ്ക് എത്തിയവർ അകത്തുകടക്കുകയും “വാതിൽ അടയ്കുകയും ചെയ്തു”(മത്താ 25:10). ബുദ്ധിയുള്ള കന്യകമാരുടെ ഒരുക്കം കൊണ്ട് ബുദ്ധിയില്ലാത്ത കന്യകമാർക്ക് അകത്തുകടക്കുവാൻ സാധിച്ചില്ല. അവർ വ്യക്തിഗതമായി മണവാളനു വേണ്ടി ഒരുങ്ങേണ്ടിയിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, രക്ഷ എന്നത് പാപിയും കർത്താവും തമ്മിലുള്ള വ്യക്തിഗതമായ കൊടുക്കൽവാങ്ങലാണ്. അത് കൈമാറ്റം ചെയ്യുകയോ പങ്കുവയ്കുകയോ ചെയ്യുക സാധ്യമല്ല – ഒരുവൻ കർത്താവിനെ എതിരേൽക്കുവാൻ വ്യക്തിഗതമായി ഒരുങ്ങേണ്ടതാണ്

ക്രിസ്ത്യാനികളാണ് എന്ന് അവകാശപ്പെടുന്ന പലരും ഈ ബുദ്ധിയില്ലാത്ത കന്യകമാരെപ്പോലെയാണ്. തങ്ങൾ ഏതു സഭയുടെ ഭാഗമാണ്, ക്രിസ്ത്യാനികളായ മാതാപിതാക്കളുള്ളവരാണ്, ജീവിതപങ്കാളി ക്രിസ്ത്യാനിയാണ് എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വർഗ്ഗത്തിലേയ്കു കടക്കുവാൻ ദൈവം തങ്ങളെ അനുവദിക്കും എന്ന് അവർ ചിന്തിക്കുന്നു. അത്തരത്തിൽ സ്വയം വഞ്ചിക്കപ്പെട്ട ആളുകളോട് യേശു വളരെ വ്യക്തമായി ഇപ്രകാരം പറയുന്നു, “മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും”(ലൂക്കോ 13:3). രക്ഷ വ്യക്തിപരമായ അനുഭവമാണെന്ന് യോഹന്നാൻ 3:3-ൽ യേശു ഉറപ്പിച്ചു പറയുന്നു, “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല.”

നമുക്ക് നമ്മുടെ ജീവിതങ്ങളെ പരിശോധിക്കാം. ഒരു പ്രത്യേക സഭയുടെ ഭാഗമാണ് എന്നതിനാലോ ക്രിസ്ത്യാനികളായ മാതാപിതാക്കൾ ഉള്ളതിനാലോ മറ്റുള്ള ഭൂരിഭാഗം ആളുകളേക്കാൾ മെച്ചപ്പെട്ടവരാണ് എന്നതിനാലോ സ്വർഗ്ഗത്തിൽ പോകും എന്ന് നാം കരുതാറുണ്ടോ? നമ്മുടെ പാപങ്ങളെക്കുറിച്ച് ബോധം വരികയും മാനസാന്തരപ്പെട്ട് ക്രിസ്തുവിങ്കേയ്ക് വിടുതലിനായി വ്യക്തിപരമായി തിരിയുകയും ചെയ്യാതെ നാം രക്ഷിക്കപ്പെടുകയില്ല.

സത്യം#3. ക്രിസ്തീയ വിശ്വാസം ആജീവനാന്ത സ്ഥിരോത്സാഹം ആവശ്യപ്പെടുന്നു.

മണവാളൻ വരുവാൻ താമസിച്ചുവെങ്കിലും ഏതു സമയത്തുമുള്ള അദ്ദേഹത്തിന്റെ വരവിന് ബുദ്ധിയുള്ള കന്യകമാർ തയ്യാറായിരുന്നു. മണവാളന്റെ വരവ് അപ്രതീക്ഷിതമായ സമയത്ത്, “അർഥരാത്രിയ്ക്” (വാക്യം 6) ആയിരുന്നു എങ്കിലും അവർ തയ്യാറായിരുന്നു. ക്രിസ്ത്യാനി വിശ്വാസത്തിൽ അവസാനം വരെയും സ്ഥിരതയോടെ നിൽക്കേണ്ടതാകുന്നു എന്നാണ് ഇതു കാണിക്കുന്നത്.
“ വല്ലപ്പോഴുമൊരിക്കൽ” അല്ലെങ്കിൽ “സാഹചര്യങ്ങൾ ഒത്തുവരുമ്പോൾ” ഉള്ള അനുസരണം കാണിക്കുവാനല്ല യേശു നമ്മെ വിളിക്കുന്നത്. നാം യേശുവിലേയ്കു തിരിയുമ്പോൾ, അത് അവനെ അനുഗമിക്കുന്നതിനുള്ള ആജീവനാന്ത സമർപ്പണമാണ്- അതിന് നമ്മുടെ ജീവൻതന്നെ വിലയായി നൽകേണ്ടിവന്നാൽപ്പോലും.

സങ്കടകരമെന്നു പറയട്ടെ, ക്രിസ്തുവിനെയും അവൻ നൽകുന്ന രക്ഷയെയും ഒരു “നരക-ഇൻഷുറൻസ് പോളിസി”യായി സ്വർഗ്ഗത്തിലേയ്കുള്ള ടിക്കറ്റും ഒപ്പം ഭൗതിക അനുഗ്രഹങ്ങളും മാത്രമായി കാണുന്ന അനേകർ ഇന്നുണ്ട്! സമൃദ്ധിയുടെ സുവിശേഷത്തിന് നമ്മുടെ തലമുറയിൽ അത്രമാത്രം സ്വീകാര്യത ഉള്ളതിൽ അതിശയിക്കേണ്ടതില്ല! സ്വയം ത്യജിക്കുക, ക്രൂശ് വഹിക്കുക എന്നീ സന്ദേശങ്ങൾ ഇന്ന് അനേക “സഭകളിൽ” പ്രസിദ്ധമല്ല. എന്നിരുന്നാലും, അതായിരുന്നു യേശുവിന്റെ സന്ദേശം. അതുതന്നെയാണ് ഇന്നും യേശുവിന്റെ സന്ദേശം!

“ഇടുക്കുവാതിലിലൂടെ അകത്തു കടപ്പിൻ”എന്ന് യേശു നമ്മോടു കല്പിക്കുന്നു കാരണം, “നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു; ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ” (മത്തായി 7:13-14). വാതിൽ ഇടുക്കമുള്ളത് ആണെന്നു മാത്രമല്ല, ക്രിസ്ത്യാനിയുടെ വഴിയും ഇടുക്കമുള്ളതാണ് എന്നത് ശ്രദ്ധിക്കുക. ആദിയോടന്തവും ആജീവനാന്ത സ്ഥിരപരിശ്രമം ആവശ്യപ്പെടുന്ന വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ് ക്രിസ്തീയ ജീവിതം.

യേശുവിനെ അനുഗമിക്കുന്നതിന്റെ വില യഥാർഥ ക്രിസ്ത്യാനികൾ മനസ്സിലാക്കുന്നു. യേശുവിനെ അനുഗമിക്കാതിരുന്നാൽ കൊടുക്കേണ്ട വിലയുമായി താരതമ്യം ചെയ്യുമ്പോൾ അനുഗമിക്കുന്നതിന്റെ വില, കുറവാണ് എന്നത് അവർ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് പാപം, സാത്താൻ, ലോകം എന്നിവയുമായുള്ള കഠിനമായ പോരാട്ടത്തിൽ അവർ അക്ഷീണം പരിശ്രമിക്കുന്നത്. പാപം ചെയ്താൽപ്പോലും യഥാർഥ മാനസാന്തരത്തിലൂടെ അവർ തിരികെ വരുന്നു. തങ്ങളുടെ പാപങ്ങൾക്കു വേണ്ടി ക്രൂശിൽ മരിച്ച കർത്താവിനെ തങ്ങളുടെ പാപം ദുഃഖിപ്പിക്കുന്നു എന്ന് അറിയുന്നതിനാൽ അവർക്ക് പാപത്തിൽ മനസമാധാനത്തോടെ ഇരിക്കുവാൻ സാധ്യമല്ല. തങ്ങളുടെ രക്ഷകൻ ഭയാനകമായ വലിയ വില നൽകിയ പാപത്തെ താലോലിക്കുകയും അതിൽ നിലനിൽക്കുകയും ചെയ്യുക എന്ന ചിന്ത അവർക്ക് നികൃഷ്ടവും ഭയാനകവുമാണ്!

ദയവായി തെറ്റിദ്ധരിക്കരുത്: സ്ഥിരതയോടെ നിൽക്കുന്നതുകൊണ്ടാണ് ഒരുവൻ രക്ഷിക്കപ്പെടുന്നത് എന്നല്ല ഞാൻ പറയുന്നത്. കൃപയാൽ ക്രിസ്തുവിൽ മാത്രമുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രം രക്ഷ ലഭിക്കുന്നു എന്ന ബൈബിൾ സത്യത്തെ ഞാൻ പൂർണ്ണമായി അംഗീകരിക്കുന്നു (യോഹ 6:47, എഫേ 2:8-9, തീത്തോ 3:5). വിശ്വാസത്തിൽ സ്ഥിരതയോടെ നിലനിൽക്കുന്നതുകൊണ്ട് ഒരുവൻ രക്ഷിക്കപ്പെടുന്നില്ല. സ്ഥിരത രക്ഷയ്കു കാരണമാകുന്നില്ല. പകരം, സ്ഥിരത യഥാർഥ രക്ഷയുടെ ഫലമാണ്!

നമുക്ക് നമ്മെത്തെന്ന പരിശോധിക്കാം. സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതാകുമ്പോഴും സ്ഥിരതയോടെ നിൽക്കുന്ന ക്രിസ്ത്യാനിയാണോ ഞാൻ

സമാപന ചിന്തകൾ.

ഇന്ന്, ക്രൈസ്തവത അവകാശപ്പെടുന്ന അനേകരും ചോദിക്കുന്ന ചോദ്യമാണ്, “ഒരു ക്രിസ്ത്യാനിയായിരിക്കെ ലോകത്തോട് എത്രമാത്രം എനിക്കു ചേർന്നു നിൽക്കാം?” തന്നോട് ഏറെ അടുത്തുവരികയും എന്നാൽ ഒരു ക്രിസ്ത്യാനി അല്ലാതിരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് എന്ന് യേശു വ്യക്തമായി കാണിക്കുന്നു. ഒരു “ഏറെക്കുറെ ക്രിസ്ത്യാനിയായിരിക്കുക” എളുപ്പമാണ്. അതിന് ഒരുവൻ ഇപ്പോൾ വലിയ വില നൽകേണ്ടതില്ല!

എന്നിരുന്നാലും, വരാനിരിക്കുന്ന ജീവിതത്തിൽ അതിന് സകലവും വിലയായി നൽകേണ്ടിവരും. ഒരു ഏറെക്കുറെ ക്രിസ്ത്യാനിയും ഒരു യഥാർഥ ക്രിസ്ത്യാനിയും തമ്മിൽ വലിയ അന്തരം ഉണ്ട് എന്നത് ആ ന്യായവിധി ദിവസം തിരിച്ചറിയുന്നത് എത്ര വലിയ ദുരന്തമായിരിക്കും. സ്വർഗ്ഗവും നരകവും തമ്മിലുള്ള വലിയ അന്തരമാണ് അവ തമ്മിലുള്ള വ്യത്യാസം.

നമുക്ക് മുന്നറിയിപ്പ് അവഗണിക്കാതിരിക്കാം: ഏറെക്കുറെ രക്ഷിക്കപ്പെടുക എന്നത് തീർച്ചയായും നഷ്ടമാവുക എന്നത് തന്നെയാണ്! “നരകത്തിലേയ്കുള്ള വഴി നല്ല ഉദ്ദേശ്യങ്ങൾക്കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു!” എന്ന ചൊല്ല് എത്ര അന്വർഥമാണ്. ഈ വാക്കുകൾ നമ്മിൽ ഒരാളെപ്പോലും വർണ്ണിക്കുന്നതാകാതിരിക്കട്ടെ.

ബുദ്ധിയില്ലാത്ത കന്യകമാർ വളരെ വൈകിയാണ് സത്യം മനസ്സിലാക്കിയത്. ദയവായി, അതേ സാഹചര്യത്തിൽ നിങ്ങളെത്തന്നെ അകപ്പെടുത്താതിരിക്കുക. നിങ്ങൾ ഇതുവരെയും യേശുവിലേയ്ക് തിരിഞ്ഞിട്ടില്ല എങ്കിൽ, ഇപ്പോൾത്തന്നെ, നിങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരിഞ്ഞ്, യേശുവിനോട് നിങ്ങളോട് ക്ഷമിക്കുവാനും തന്റെ അനുഗാമി ആക്കുവാനും അപേക്ഷിക്കുക. യേശു ഉടൻതന്നെ പ്രതികരിക്കും. നിങ്ങളുടെ ഉള്ളിൽ വന്ന് വസിക്കുവാൻ അവൻ തന്റെ പരിശുദ്ധാത്മാവിനെ നൽകും. നിങ്ങൾക്ക് സ്വന്ത കഴിവിനാൽ ജീവിക്കുവാൻ സാധിക്കാത്ത ജീവതം, ജീവിക്കുവാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും. സ്ഥിരതയുള്ള ജീവിതത്തിലൂടെ നിങ്ങൾക്ക് നിങ്ങൾ ഒരു യഥാർഥ ക്രിസ്ത്യാനിയാണ് എന്ന് ഉറപ്പാക്കുവാൻ സാധിക്കും!

Category

Leave a Comment