പരദൂഷണം എന്ന പാപം

(English Version: The Sin of Gossip)
അറ്റ്‌ലാന്റാ ജേർണലിനു വേണ്ടി മോർഗൻ ബ്ലേക്ക് എന്ന സ്പോർട്‌സ് എഴുത്തുകാരൻ ഇപ്രകാരം എഴുതി:
“അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട് ഒരു പീരങ്കിയിൽ നിന്നും കുതിച്ചുപായുന്ന വെടിയുണ്ടയേക്കാൾ മാരകമാണ് ഞാൻ. കൊല്ലാതെതന്നെ ഞാൻ വിജയിക്കുന്നു. ഞാൻ വീടുകളെ പൊളിച്ചുകളയുന്നു, ഹൃദയങ്ങളെ മുറിക്കുന്നു, ജീവിതങ്ങളെ തകർക്കുന്നു. ഞാൻ കാറ്റിന്റെ ചിറകിന്മേൽ സഞ്ചരിക്കുന്നു. എന്നെ അധൈര്യപ്പെടുത്തുവാൻ മാത്രം ശക്തി ഒരു നിഷ്ക്കളങ്കതയ്കുമില്ല. എന്റെ വീര്യം കെടുത്തുവാൻ കഴിയുന്ന ഒരു വിശുദ്ധിയുമില്ല. എനിക്ക് സത്യത്തോട് യാതൊരു ആദരവുമില്ല, നീതിയോട് ബഹുമാനവുമില്ല, അരക്ഷിതരോട് കരുണയുമില്ല. എന്റെ ഇരകൾ കടലിലെ മണൽത്തരികൾ പോലെ എണ്ണമറ്റവയും പലപ്പോഴും നിഷ്കളങ്കരുമാണ്. ഞാൻ ഒരിക്കലും മറക്കുന്നില്ല, വിരളമായിമാത്രം ക്ഷമിക്കുന്നു, എന്റെ പേര് പരദൂഷണം എന്നാണ്.”
പരദൂഷണത്തിന്റെ മാരകശക്തി സംബന്ധിച്ച് എത്ര സ്പഷ്ടമായ വിവരണം! അതിന് വലിയ നശീകരണ ശക്തിയുണ്ട്!
എന്താണ് പരദൂഷണം?
“പരദൂഷണം” എന്ന പദത്തിന്റെ അർഥം, ഒരുവനെ “വിമർശിക്കുക”യോ അവനെക്കുറിച്ച് “അപവാദം” പറയുകയോ ചെയ്യുക എന്നതാണ്. ഒരു ഡിക്ഷ്ണറി നിർവ്വചിക്കുന്നത് ഇപ്രകാരമാണ് “ഓടിനടന്ന് നുണപ്രചാരണം നടത്തുക.”
ഒരു വ്യക്തിയുടെ സ്വഭാവത്തെ നശിപ്പിക്കുന്നതിനും അയാളെ മോശപ്പെട്ട നിലയിൽ എത്തിക്കുന്നതിനുമായി പ്രത്യേകമായി തയ്യാറാക്കപ്പെട്ട സംസാരമാണ് പരദൂഷണം. ഒരു വ്യക്തിയോട് മുഖാമുഖം സംസാരിക്കുന്നതിനു പകരം അയാളുടെ പിന്നിൽ നിന്നു പറയുന്ന ഒന്നാണ് പരദൂഷണം. സ്വഭാവം, പേര്, സമാധാനം എന്നിവ പരദൂഷണം നശിപ്പിക്കുന്നു. അത് ബന്ധങ്ങളെ നശിപ്പിക്കുന്നു. പരദൂഷണം പറയുന്ന നാവ് വരുത്തുന്നത്ര ആഴത്തിൽ മുറിവുണ്ടാക്കുവാൻ ഒരു വാളിനു പോലും സാധിക്കുകയില്ല! അതുകൊണ്ട്, ഈ പാപത്തെക്കുറിച്ച് ബൈബിളിനു വളരെയധികം കാര്യങ്ങൾ പറയുവാൻ ഉണ്ട് എന്നതിൽ അതിശയിക്കേണ്ടതില്ല.
പരദൂഷണം വരുത്തുന്ന നാശനഷ്ടം.
ഒരു അവിശ്വാസിയുടെ സ്വഭാവത്തിൽ കാണപ്പെടുന്ന അനേക പാപങ്ങളിൽ ഒന്നായി “പരദൂഷണം” റോമർ 1:29 -ൽ പറഞ്ഞിരിക്കുന്നു. “ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു” എന്ന് സദൃശ്യവാക്യങ്ങൾ 16:28 നമ്മെ ഓർമ്മിപ്പിക്കുന്നു. “നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്…ഞാൻ യഹോവ ആകുന്നു” എന്ന ശക്തമായ മുന്നറിയിപ്പ് ലേവ്യപുസ്തകം 19:16-ൽത്തന്നെ ദൈവം നൽകിയതിൽ അതിശയിക്കേണ്ടതില്ല.
പരദൂഷണത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം അതിന് ഒരിക്കലും ശരിയാക്കുവാൻ സാധിക്കാത്തത്ര നശീകരണം നടത്തുവാൻ കഴിയും എന്നതാണ്.
മധ്യകാലഘട്ടത്തിൽ ഒരു സന്യാസിയുടെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞ ഒരു യുവാനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്, “ഒരു വ്യക്തിയെക്കുറിച്ച് ദൂഷണപരമായി സംസാരിച്ചുകൊണ്ട് ഞാൻ പാപം ചെയ്തു. ഇനി ഞാൻ എന്തു ചെയ്യണം?” പട്ടണത്തിലെ എല്ലാ വീടുകളുടെയും വാതിൽക്കൽ ഒരു തൂവൽ വീതം കൊണ്ട് വയ്കുക” എന്ന് സന്യാസി പറഞ്ഞു. യുവാവ് അതുപോലെ ചെയ്തു. പിന്നീട്, സന്യാസിയുടെ അടുക്കൽ മടങ്ങിവന്നു, ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് അയാൾ അമ്പരന്നു ചോദിച്ചു.
സന്യാസി അയാളോട് ഇപ്രകാരം പറഞ്ഞു, “നീ തിരികെ പോയി ആ തൂവലുകൾ എല്ലാം എടുത്തുകൊണ്ടുവരിക.” യുവാവ് ഇപ്രകാരം പറഞ്ഞു, “അത് അസാധ്യമാണ്. കാരണം, കാറ്റ് ഇതിനോടകംതന്നെ ആ തൂവലുകളെ പട്ടണത്തിലുടനീളം പറത്തിക്കളഞ്ഞിട്ടുണ്ടാകും.” സന്യാസി ഉത്തരം പറഞ്ഞു, “അതുപോലെതന്നെ, നീ പറഞ്ഞ ദൂഷണവും തിരിച്ചെടുക്കുക സാധ്യമല്ല.” അതാണ് പരദൂഷണത്തിന്റെ ഫലം!
പരദൂഷണത്തിന്റെ പരിഹാരം.
പരദൂഷണത്തിനുള്ള ഒരു പരിഹാരമാർഗ്ഗം സദൃശ്യവാക്യങ്ങൾ 26:20 ൽ കാണുന്നു: “വിറകു ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.” വിറക് ഇല്ല എങ്കിൽ തീ കെടുന്നതുപോലെതന്നെ, പരദൂഷണം ഇല്ല എങ്കിൽ വഴക്കും ഇല്ലാതെയാകും. പരദൂഷണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യത്തിൽ മാത്രമേ അത് വളരുകയുള്ളൂ. അതുകൊണ്ട്, പരദൂഷണം കേൾക്കുന്നത് നാം നിർത്തിയാൽ, വഴക്ക്, ബന്ധങ്ങളുടെ തകർച്ച എന്നിവയും ഇല്ലാതെയാകും.
വിശ്വാസികൾ ഒരിക്കലും പരദൂഷണത്തിന്റെ തീ കത്തിക്കൊണ്ടിരിക്കുവാൻ സഹായിക്കുന്ന വിറകായിത്തീരരുത്. അത്തരം സാഹചര്യങ്ങളിൽ നിന്നും നാം തിരിഞ്ഞു നടക്കണം. “ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേയ്കു ചെല്ലുന്നു” എന്ന് സദൃശ്യവാക്യങ്ങൾ 26:22-ൽ പറയുന്നതുപോലെ, പരദൂഷണത്തിന് ഒരു ആകർഷണശക്തി ഉള്ളതിനാൽ പിന്തിരിഞ്ഞു പോകുക എളുപ്പമല്ല. രുചിയുള്ള ഭക്ഷണത്തോട് “വേണ്ട” എന്നു പറയുവാൻ എത്രമാത്രം ബുദ്ധിമുട്ടാണോ അത്രമാത്രം വിഷമകരമായ ഒന്നാണ് അപവാദച്ചുവയുള്ള ഒരു വാർത്തയ്കു മുമ്പിൽ ചെവി കൊട്ടിയടയ്കുന്നത്!
എന്നാൽ നാം ഓർമ്മിക്കുക: പരദൂഷണം പാപമാണ്, ഇതിൽ രണ്ടു വഴികൾ ഇല്ല! നമ്മുടെ കർത്താവ് പരദൂഷണത്തെ വെറുക്കുന്നു. അതുകൊണ്ട്, പരദൂഷണം കേൾക്കാതെ നാം നമ്മെത്തന്നെ സൂക്ഷിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ വായിൽ നിന്നും എന്ത് പുറത്തുവരുന്നത് എന്ന് നിയന്ത്രിക്കുവാൻ നമുക്കു സാധിക്കുകയില്ല. എന്നാൽ, നമ്മുടെ ചെവികളിലേയ്ക് എന്താണ് കടക്കുന്നത് എന്നത് തീർച്ചയായും നിയന്ത്രിക്കുവാൻ നമുക്കു സാധിക്കും. കേൾക്കുവാൻ തുറന്ന കാതുകൾ ഉള്ളിടത്തോടം പരദൂഷണം പറയുവാൻ തുറന്ന വായ് തുറന്നുതന്നെയിരിക്കും. അതുകൊണ്ട്, പരദൂഷണത്തിന് മുമ്പിൽ നമ്മുടെ കാതുകളെ കൊട്ടിയടയ്കുവാൻ നമുക്ക് പരിശീലിക്കാം.
പരദൂഷണം പറയുന്ന വ്യക്തിയോട് 2 കാര്യങ്ങൾ സ്നേഹത്തോടെയും കർശനമായും പറയേണ്ടതുണ്ട്:
(1) അവർ ആരെക്കുറിച്ചാണോ അപവാദം പറയുന്നത് ആ വ്യക്തിയുടെ അടുക്കൽ ചെന്ന് അയോളോടുതന്നെ ആ വിഷയത്തെക്കുറിച്ച് നേരിട്ട് പറയുവാൻ പ്രോത്സാഹിപ്പിക്കുക.
(2) ഇനി മേലാൽ പരദൂഷണം കേൾക്കുവാൻ നാം തയ്യാറല്ല.
പരദൂഷണം കൈകാര്യം ചെയ്യുമ്പോൾ അതു കേൾക്കാതിരിക്കുക എന്നതിനോടൊപ്പം 2 കാര്യങ്ങൾക്കൂടി ഓർക്കുന്നത് നന്നായിരിക്കും.
ഒന്നാമതായി, ഈ പാപത്തിന്റെ അടിസ്ഥാനകാരണം മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെ കുറവാണ്. വ്യക്തികളോടുള്ള സ്നേഹം കുറഞ്ഞുപോകുകയോ ഇല്ലാതെയാകുകയോ ചെയ്യുമ്പോൾ, നാം അവരെ നിഷേധിക്കുവാൻ പ്രേരിതരാകുകയും അവരെക്കുറിച്ച് അപവാദം പറയുവാൻ കൂടുതൽ പ്രവണതയുണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ട്, പരദൂഷണം എന്ന പാപത്തിൽ നിന്നും അകന്നുനിൽക്കുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുള്ളവരോട് വിദ്വേഷം ഉണ്ടാകുവാൻ അനുവദിക്കാതെ നാം നമ്മെത്തന്നെ സൂക്ഷിക്കേണ്ടതാണ് (എഫേ 4:29-32). മറ്റുള്ളവർ നമ്മെ മുറിപ്പെടുത്തുകയും അവരോട് പകരം വീട്ടുവാൻ നാം പരദൂഷണം ഒരു മാർഗ്ഗമായി സ്വീകരിച്ചാലും ഇത് പാപം തന്നെയാണ്. നമ്മുടെ പ്രവൃത്തിയെ ന്യായീകരിക്കുവാൻ ശ്രമിച്ചിട്ട് യാതൊരു കാര്യവുമില്ല. പരദൂഷണത്തെ പാപം എന്നാണ് ദൈവം വിളിക്കുന്നത്. അത് അപ്രകാരംതന്നെ!
രണ്ടാമതായി, ഒരാളോട് നമുക്ക് ചില എതിർപ്പ് ഉണ്ട് എന്ന് ചിന്തിക്കുക. അയാളെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നതിനു പകരം, ആ കാര്യം സംബന്ധിച്ച് രഹസ്യത്തിൽ (പരസ്യമായല്ല) പ്രാർഥനയിൽ സമയം ചിലവഴിച്ചതിനു ശേഷം, ആ വ്യക്തിയുടെ അടുക്കൽ നേരിട്ടു പോയി സംസാരിക്കുന്നതാണ് നല്ലത്. മത്തായി 18:15 ഇപ്രകാരം പറയുന്നു: “നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവനു ബോധം വരുത്തുക…” സഭയിലെ പെരുമാറ്റച്ചട്ടത്തിന്റെ സന്ദർഭത്തിലാണ് ഈ വാക്യം എങ്കിലും ഇത് സഭാംഗങ്ങളല്ലാത്ത മറ്റുള്ളവരോടുള്ള ബന്ധത്തിലും പാലിക്കേണ്ട ഉത്തമമായ സമ്പ്രദായമാണ്.
ഇത് എളുപ്പമുള്ള പ്രവൃത്തിയല്ല എങ്കിൽപ്പോലും ഈ കല്പന അനുസരിക്കുവാൻ ആവശ്യമായ ശക്തിയും കർത്താവ് നൽകും എന്ന് നാം വിശ്വസിക്കേണ്ടതുണ്ട്! അതുകൊണ്ട്, മറ്റേയാൾ മാനസാന്തരപ്പെടും എന്ന പ്രതീക്ഷയിൽ പാപത്തെ വ്യക്തിപരമായും നേരിട്ടും അഭിമുഖീകരിക്കുന്നതിലൂടെ മറ്റുള്ളവർക്കെതിരെ പരദൂഷണം പറയാതെ നമ്മത്തന്നെ സൂക്ഷിക്കുവാൻ നമുക്കു സാധിക്കും.
നമ്മെക്കുറിച്ച് മറ്റുള്ളവർ പരദൂഷണം പറയുവാൻ നമ്മിൽ ആരും ആഗ്രഹിക്കുകയില്ല. ഏഷണി വരുത്തുന്ന വേദന നമുക്ക് അറിയാം. അപ്പോൾപ്പിന്നെ, മറ്റുള്ളവരോട് അതു ചെയ്യുവാൻ നമുക്ക് എങ്ങനെ സാധിക്കും? മറ്റുള്ളവർ നമ്മോടു ചെയ്യുവാൻ നാം ആഗ്രഹിക്കാത്ത ഒരു കാര്യം അവരോടു ചെയ്യുവാൻ നമുക്ക് സാധിക്കുകയില്ല.
ഈ പാപത്തിൽ നിന്ന് സ്വതന്ത്രരാകുവാൻ നാം ആഗ്രഹിക്കുന്നു എങ്കിൽ, പരദൂഷണത്തെ നമുക്ക് ഗൗരവമായി കാണുകയും ഈ പ്രമാണങ്ങൾ പ്രയോഗത്തിൽ വരുത്തുവാൻ ശ്രമിക്കുകയും ചെയ്യാം. അതിനേക്കാൾ പ്രധാനമായി, ഈ പാപം സംബന്ധിച്ച് നമുക്ക് കുറ്റബോധം ഉണ്ട് എങ്കിൽ മാനസാന്തരപ്പെട്ട് കർത്താവിലേയ്കു തിരിയാം. സംസാരത്തിൽ വിശുദ്ധി പിന്തുടരുവാൻ വേണ്ടിയുള്ള നമ്മുടെ പ്രയത്നത്തിൽ നമ്മെ സഹായിക്കുവാൻ അവനോട് അപേക്ഷിക്കാം. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1 യോഹന്നാൻ 1:9) എന്ന ബൈബിൾ വാഗ്ദത്തത്തിൽ നാം ആശ്വാസം പ്രാപിക്കണം. “അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹന്നാൻ 1:7) എന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു.
ഇന്ന് ഒരു പുതിയ തുടക്കം കുറിക്കാം. ഇന്നുമുതൽ, പരദൂഷണം പറയുന്നതിൽ നിന്നും നമ്മുടെ അധരങ്ങളെയും കേൾക്കുന്നതിൽ നിന്നും നമ്മുടെ കാതുകളെയും സ്വതന്ത്രമാക്കുവാൻ പരിശുദ്ധാത്മാവിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട് നമുക്ക് ദിനംതോറും പ്രയത്നിക്കാം. ഇതു സംബന്ധിച്ച്, പത്രോസിന്റെ വാക്കുകൾ നമ്മുടെ ചിന്തകളെ നിയന്ത്രിക്കട്ടെ, “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ”(1 പത്രൊസ് 3:10).