ഭാഗ്യാവസ്ഥകൾ–ഭാഗം4 സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ

Posted byMalayalam Editor January 9, 2024 Comments:0

(English Version: “The Beatitudes – Blessed Are The Meek”)

മത്തായി 5:3-12 ൽ കാണപ്പെടുന്ന ഭാഗ്യാവസ്ഥകൾ എന്ന പരമ്പരയിലെ നാലാമത്തെ പോസ്റ്റാണിത്. തന്നെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഏതൊരുവന്റെയും ജീവിതത്തിൽ കാണപ്പെടേണ്ട 8 മനോഭാവങ്ങളെക്കുറിച്ച് കർത്താവായ യേശു ഈ ഭാഗത്ത് പറഞ്ഞിരിക്കുന്നു. മത്തായി 5:5—ൽ പറഞ്ഞിരിക്കുന്ന, സൗമ്യത അഥവാ താഴ്മ എന്ന നാലാമത്തെ മനോഭാവത്തെക്കുറിച്ചാണ് ഈ പോസ്റ്റിൽ നാം കാണുന്നത്—“സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” സങ്കീർത്തനങ്ങൾ 37:11 നിന്നുമാണ് ഇത് എടുത്തിരിക്കുന്നത്. 

*******************

ലോകം വിലമതിക്കുന്ന ഒരു ഗുണം ഉണ്ടെങ്കിൽ അത് ശക്തി അഥവാ അധികാരം ആണ്. ലോകം പറയുന്നു: സ്വയം സമർഥിക്കുക. എന്നാൽ, യേശു പറയുന്നത് നേർവിപരീതമാണ്: 

1. സൗമ്യതയുള്ളവരാകുവിൻ.

2. സ്വയം സമർഥിക്കരുത്.

3. മഹത്വം തേടുവാൻ ഒരുമ്പെടരുത്.

4. അംഗീകാരം നേടുവാൻ യത്നിക്കരുത്.

അതാണ് ദൈവത്തിന്റെ അനുഗ്രഹം, അംഗീകാരം, പ്രീതി എന്നിവ ലഭിക്കുന്ന ജീവിതശൈലി എന്നാണ് യേശു പറയുന്നത്. ഒടുവിൽ സകലവും നേടുന്ന ജീവതശൈലിയാണത്—അവർ, അവർ മാത്രമാണ് സർവ്വഭൂമിയുടേയും യഥാർഥ അവകാശികൾ എന്ന് യേശു പറയുന്നു. 

വിപരീതമായ രണ്ട് കാഴ്ചപ്പാടുകൾ: ലോകം പറയുന്നു, “ബലമുള്ളവരാണ് ശക്തർ.” മറിച്ച്, യേശു പറയുന്നു, “സൗമ്യതയുള്ളവരാണ് ശക്തർ.” സമ്പൂർണ്ണമായും പ്രതിസംസ്കാരം! നമ്മുടെ സ്വാഭാവിക ജഡം ആഗ്രഹിക്കുന്നതിൽ നിന്നും അപ്പാടെ വിപരീതമായത്! എങ്കിലും, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, സൗമ്യതയുടെ മനോഭാവം പ്രകടമാക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. “സൗമ്യതയുള്ളവർ” എന്ന വാക്ക് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട്, ഇത് എപ്രകാരം ചെയ്യുവാൻ സാധിക്കും എന്ന് നമുക്കു നോക്കാം. എന്താണ് ഇതിനർഥം? ഇത് എപ്രകാരം നമുക്ക് നിർവ്വചിക്കുവാൻ സാധിക്കും? 

എന്താണ് സൗമ്യത.

ഒന്നാമതായി സൗമ്യത അഥവാ ശാന്തത എന്നത് ബലഹീനത അല്ല. “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു” എന്ന് സംഖ്യാപുസ്തകം 12:3-ൽ പറഞ്ഞിരിക്കുന്നു.  “ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ” [മത്തായി 11:29] എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നു [മത്തായി 5:5—ൽ ഉപയോഗിച്ചിരിക്കുന്ന അതേ പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്]. മോശെയെയോ യേശുവിനെയോ ബലഹീനൻ എന്നോ നട്ടെല്ലില്ലാത്തവൻ എന്നോ വിളിക്കുവാൻ സുബോധമുള്ള ആർക്കെങ്കിലും കഴിയുമോ? 

എന്നിരുന്നാലും, സൗമ്യത എന്ന പദത്തിന്റെ അർഥമെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു. “സൗമ്യത” എന്ന ഈ പദം യേശു എടുത്തിരിക്കുന്ന സങ്കീർത്തനം 37 ന്റെ ഹൃസ്വമായ പശ്ചാത്തലവിവരണം [സങ്കീർത്തനങ്ങൾ 37:11] ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ നമ്മെ സഹായിക്കും. ശത്രുക്കളുടെ പീഡനത്തിലൂടെ കടന്നു പോകുന്ന ദൈവജനത്തെ ധൈര്യപ്പെടുത്തുവാനാണ് ദാവീദ് ഈ സങ്കീർത്തനം എഴുതിയത് [സങ്കീർ 37:11]. പ്രതികാരം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കുവാനും യഥാസമയത്ത് നീതി നടപ്പിലാക്കുന്നതിന് പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുവാനും  അതേസമയംതന്നെ നന്മ ചെയ്യുന്നത് തുടരുവാനും ദാവീദ് ദൈവജനത്തെ ആഹ്വാനം ചെയ്യുന്നു [സങ്കീ 37:27]. 

അപ്പോൾ, ആരാണ് സൗമ്യതയുള്ളവർ? പീഡിപ്പിക്കപ്പെടുമ്പോൾ ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കുന്നവരാണവർ. അവർ തങ്ങളുടെ കരങ്ങളാൽ പകരംവീട്ടുകയോ പ്രതികാരം ചെയ്യുകയോ ചെയ്യുന്നില്ല. പകരം, അവർ നന്മ ചെയ്യുന്നത് തുടരുന്നുതങ്ങളെ ഉപ്രദവിക്കുന്നവർക്കുപോലും നന്മ ചെയ്യുന്നു!  

സൗമ്യതയുള്ളവർ ശക്തരായ മനുഷ്യരാണ്. അവരുടെ ശക്തി അവരുടെ നിയന്ത്രണത്തിലാണ്. സൗമ്യതയുള്ള ഒരുവൻ ഒരിക്കലും കോപിക്കുകയില്ല എന്നല്ല. അവർ കോപിക്കുന്നുണ്ട്. എന്നാൽ, അത് ശരിയായ കാരണങ്ങൾക്കു വേണ്ടിയാണ്. വ്യക്തിപരമായ അപമാനം നേരിടുമ്പോഴല്ല, ദൈവത്തിന്റെ മഹത്വം ചോദ്യംചെയ്യപ്പെടുകയോ മറ്റുള്ളവർക്ക് അന്യായം നേരിടുകയോ ചെയ്യുമ്പോൾ അവർ കോപിക്കുന്നു. സൗമ്യതയുടെ ആത്മാവുള്ളവർ, തങ്ങളുടെ ശത്രുക്കൾ ഉൾപ്പെടെയുള്ള  മറ്റുള്ളവരുടെ വികാരങ്ങളെയും ആവശ്യങ്ങളെയും കുറിച്ചു കരുതലുള്ളവരാണ്! അവർ എല്ലായ്പോഴും തങ്ങളുടെ ആവശ്യങ്ങളേക്കാൾ  മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കുവാൻ ശ്രമിക്കുന്നു. അവർ പ്രതികാരം ചെയ്യാതെ നന്മ ചെയ്യുന്നത് തുടരുന്നു. കാരണം, ശരിയായ സമയത്ത് നീതി നടപ്പിലാക്കുവാൻ അവർ ദൈവത്തിൽ ആശ്രയിക്കുന്നു.  

അപ്രകാരമാണ് സൗമ്യതയുടെ നിർവ്വചനമായവൻ—യേശു—ജീവിച്ചത്. നാമും അപ്രകാരമാണ് ജീവിക്കേണ്ടത്! അത്തരം സൗമ്യമനോഭാവം യേശു പ്രകടിപ്പിച്ചതിനാൽ വരാനിരിക്കുന്ന രാജ്യം അവൻ രാജാവായി അവകാശമാക്കുന്നതുപോലെ, നാമും താഴ്മയുടെ ജീവിതം പിന്തുടർന്നാൽ ആ അവകാശത്തിൽ പങ്കുകാരാകും എന്ന ഉറപ്പ് നമുക്കുമുണ്ട്. 

സൗമ്യതയുള്ള ജീവിതശൈലിയ്കുള്ള പ്രതിഫലം.

മത്തായി 5:5—ൽ യേശു ഉദ്ധരിക്കുന്ന വാക്യം പഴയ നിയമത്തിലെ സങ്കീർത്തനങ്ങൾ 37:11—ന്റെ ആദ്യഭാഗത്തെ ആധാരമാക്കിയുള്ളതാണ്, “സൗമ്യതയുള്ളവർ ദേശം കൈവശമാക്കും” [ചില വിവർത്തനങ്ങളിൽ ദേശം എന്നതിന് ഭൂമിയെ എന്നും പറഞ്ഞിരിക്കുന്നു]. ഒരു ചെറിയ മാറ്റത്തോടുകൂടെയാണ് അത് ഉപയോഗിച്ചിരിക്കുന്നത്. യേശു “ദേശം” എന്ന വാക്ക് മാറ്റി “ഭൂമി” എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്നു. തന്റെ അനുയായികൾ സൗമ്യതയുടെ മനോഭാവം പിന്തുടരുന്നതിനാൽ അവർക്കു ലഭിക്കാൻ പോകുന്നത് പാലസ്തീൻ ദേശം മാത്രമല്ല, പിന്നെയോ ഭാവിയിൽ തന്റെ മടങ്ങിവരവിൽ ഭൂമിയെ മുഴുവനായി അവകാശമാക്കും എന്നതാണ് ഇതു സൂചിപ്പിക്കുന്നത്. സൗമ്യതയുടെ ജീവിതശൈലിയ്കുള്ള പ്രതിഫലം!

സൗമ്യതയ്കായുള്ള ബൈബിളിന്റെ വിളി.

ഈ ഭാഗ്യാവസ്ഥയിൽ മാത്രമല്ല, മറ്റനേക സ്ഥലങ്ങളിലും താഴ്മ ഒരു ജീവിതശൈലിയായി പിന്തുടരുവാൻ ബൈബിൾ ഊന്നൽ നൽകി പറയുന്നുണ്ട്—പ്രത്യേകിച്ചും അന്യോന്യമുള്ള നമ്മുടെ ബന്ധങ്ങളിൽ. കൊലൊസ്സ്യർ 3:12—ൽ  “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ” എന്നിവ ധരിക്കുവാൻ നമ്മോടു പറഞ്ഞിരിക്കുന്നു. എഫെസ്യർ 4:2-ൽ “പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ” നടക്കുവാൻ നാം കല്പിക്കപ്പെട്ടിരിക്കുന്നു. അവിശ്വാസികളായ ഭർത്താക്കന്മാരോടു കൂടെ വസിക്കുന്ന ക്രിസ്തീയ ഭാര്യമാരോടുപോലും ദൈവസന്നിധിയിൽ വിലയേറിയതാകുന്ന” “സൗമ്യതയും സാവധാനതയുമുള്ള മനസ്സു” ഉള്ളവരാകുവാൻ 1 പത്രൊസ് 3:4—ൽ പറഞ്ഞിരിക്കുന്നു. 

അതേ അധ്യായത്തിൽതന്നെ, പകരത്തിനു പകരം ചെയ്യാത്ത പെരുമാറ്റം എല്ലാ വിശ്വാസികൾക്കുമുണ്ടായിരിക്കേണ്ടത് അനിവാര്യമാണ് എന്ന് പത്രോസ് ഊന്നൽ നൽകി പറഞ്ഞിരിക്കുന്നു. “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ” [1പത്രൊസ് 3:9]. പകരത്തിനു പകരം ചെയ്യാതെ, നിങ്ങളോടു മോശമായി പെരുമാറിയവരോട് ദയയോടയും നന്നായും പ്രതികരിക്കുക. അപ്രകാരം ചെയ്യുന്നവർ ഒടുവിൽ ദൈവത്തിന്റെ അനുഗ്രഹം അനുഭവിക്കും എന്നതാണ് ലഭിക്കുന്ന ഉറപ്പ്! 

അതായത്, സൗമ്യത എന്നത് ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവർക്ക് ഇഷ്ടമുണ്ടെങ്കിൽ തെരഞ്ഞെടുക്കാവുന്ന ഒന്നല്ല എന്നു കാണുവാൻ കഴിയും. യേശു അത് വ്യക്തമാക്കുന്നു: താൻ ഉണ്ടാക്കുവാൻ പോകുന്ന, വരാനിരിക്കുന്ന ലോകത്തിൽ സൗമ്യതയുള്ളവർ മാത്രമാണ് ഉണ്ടായിരിക്കുക. അവർ, അവർ മാത്രമാണ് ഭൂമിയെ അവകാശമാക്കുവാൻ പോകുന്നത്. 

എപ്രകാരമാണ് സൗമ്യതയുടെ ഈ മനോഭാവം നാം വളർത്തിയെടുക്കേണ്ടത്? 

നമുക്ക് സൗമ്യതയിൽ എപ്രകാരം വളരുവാൻ സാധിക്കും? ഒരൊറ്റ മാർഗ്ഗമേയുള്ളൂ: സൗമ്യത നമ്മിൽ ഉളവാക്കുവാൻ പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതിലൂടെ മാത്രം. ഗലാത്യർ 5:22-23 ൽ ഇപ്രകാരം പറയുന്നു: “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം.” പരിശുദ്ധാത്മാവിനു മാത്രം  നമ്മിൽ ഉളവാക്കുവാൻ സാധിക്കുന്ന സ്വഭാവമാണ് സൗമ്യത [“ആത്മാവിന്റെ ഫലം” അഥവാ ആത്മാവിനാൽ ഉദ്പാദിക്കപ്പെടുന്ന ഫലം]. ഈ ഭാഗ്യാവസ്ഥ അല്ലെങ്കിൽ മറ്റേതൊരു ഭാഗ്യവാസ്ഥയും  നമുക്ക് സ്വയം പ്രകടമാക്കുവാൻ സാധിക്കുകയില്ല. സൗമ്യതയിൽ വളരുവാൻ നാം പരിശുദ്ധാത്മാവിൽ ആശ്രയിക്കുകയും പരിശുദ്ധാത്മാവിന് കീഴ്പ്പെടുകയും ചെയ്യേണ്ടതുണ്ട്. 

ഇത്തരത്തിലുള്ള ജീവിതശൈലി ഉളവാക്കുവാൻ പരിശുദ്ധാത്മാവ് ഉപാധികൾ ഉപയോഗിക്കുന്നു എന്നും നാം ഓർമ്മിക്കേണ്ടതുണ്ട്. നമ്മെ സൗമ്യതയിൽ വളർത്തുവാൻ പരിശുദ്ധാത്മാവ്, പ്രത്യേകിച്ചും, 2 വിധത്തിലുള്ള ഉപാധികൾ ഉപയോഗിക്കുന്നു.

നമ്മിൽ സൗമ്യത ഉളവാക്കുവാൻ പരിശുദ്ധാത്മാവ്  ഉപയോഗിക്കുന്ന ഒന്നാമത്തെ ഉപാധി ദൈവവചനമാണ്. പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന വാൾ ദൈവവചനമാണ് [എഫേസ്യർ 6;17]. വിശ്വാസികൾക്ക് എഴുതുമ്പോൾ യാക്കോബ് പറയുന്നു, “ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ” [യാക്കോബ് 1:21]. മറ്റൊരു തരത്തിൽ പറഞ്ഞാൽ, രക്ഷിക്കപ്പെടുമ്പോൾ നാം ദൈവത്തിന്റെ വചനത്തിന് സൗമ്യതയൊടെ കീഴ്പ്പെടണം എന്നു മാത്രമല്ല പിന്നെയോ, നമ്മുടെ ക്രിസ്തീയ ജീവിതത്തിലുടനീളം ദൈവവചനത്തോട് അതേ മനോഭാവം നമുക്കുണ്ടായിരിക്കണം. ദൈവത്തിന്റെ വചനം കേൾക്കുന്നതിൽ നിന്നും പ്രായോഗികമാക്കുന്നതിലേയ്കു കടക്കുമ്പോൾ മാത്രമേ യഥാർഥ മാറ്റം വരികയുള്ളൂ [ലൂക്കോസ് 11:28]! 

നാം സൗമ്യതയിൽ വളരണമെങ്കിൽ, നമുക്കു മാറ്റം വരുത്തുവാൻ ദൈവത്തിന്റെ വചനം ഉപയോഗിക്കുവാൻ നാം പരിശുദ്ധാത്മാവിനെ അനുവദിക്കണം. അതുകൊണ്ടാണ് നാം ദിനവും ദൈവത്തിന്റെ വചനം വായിക്കുകയുകയും യഥാർഥമായി ദൈവവചനം പ്രസംഗിക്കുന്നത് കേൾക്കുകയും നാം വായിക്കുന്നതും കേൾക്കുന്നതും ഉടൻതന്നെ പ്രായോഗികമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നത്. അതാണ് ഒരുവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ വരുവാൻ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവ്! അപ്രകാരമുള്ള ഒരുവന്റെ ജീവതത്തിൽ പരിശുദ്ധാത്മാവ് സൗമ്യതയുടെ മാധുര്യമുള്ള സ്വഭാവഗുണങ്ങൾ ഉളവാക്കും.  

അതുകൊണ്ട്, നമ്മിൽ സൗമ്യത ഉളവാക്കുവാൻ പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന ഒന്നാമത്തെ ഉപാധിയാണ് ദൈവത്തിന്റെ  വചനം. 

നമ്മിൽ സൗമ്യത ഉളവാക്കുവാൻ പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന രണ്ടാമത്തെ ഉപാധി കഷ്ടതകളാണ്. രസകരമെന്നു പറയട്ടെ, മത്തായി 5:5—ൽ സൗമ്യത എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്ക് പദം യേശുവിന്റെ കാലത്ത് ഉപയോഗിച്ചിരുന്നത് ഇണങ്ങാത്തതും ശക്തിയുള്ളതുമായ കുതിരയെ വേദനയുളവാക്കുന്ന ചില മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കുതിരസവാരിക്കാരന്റെ പരിപൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ മെരുക്കിയെടുക്കുന്നത് വിവരിക്കുവാനാണ്. മെരുക്കിയെടുക്കുന്ന ആ പ്രക്രിയയിലൂടെ വിജയകരമായി കടന്നുവന്ന മൃഗത്തെ “ശാന്തമാക്കപ്പെട്ടത്” എന്ന് പരാമർശിക്കപ്പെട്ടിരുന്നു.    

അതുതന്നെയാണ് പരിശുദ്ധാത്മാവ് നമ്മിൽ ചെയ്യുന്നത്. നമ്മുടെ ഇച്ഛയെ തകർക്കുവാൻ കഷ്ടതകൾ ഉപയോഗിക്കുന്നു. അങ്ങനെ, കാര്യങ്ങൾ നമ്മുടെ കൈകളിൽ എടുക്കാതെ, ദൈവത്തിൽ ആശ്രയിക്കുവാൻ നമ്മെ നിർബന്ധിക്കുന്നു. ആ പ്രക്രിയയിലൂടെ ഈ സൗമ്യത എന്ന ഗുണവിശേഷം നമ്മിൽ കൂടുതൽ ഉളവാക്കുവാൻ പരിശുദ്ധാത്മാവ് ആരംഭിക്കുന്നു. അതുകൊണ്ടാണ്, കഷ്ടതകളെ വെറുക്കാതെ പകരം, നമ്മെ കൂടുതൽ സൗമ്യതയുള്ളവരാക്കിമാറ്റുവാൻ പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന അവസരങ്ങളായി നാം കാണേണ്ടത്. 

കഷ്ടതകൾ നേരിട്ട ആളുകൾ സാധാരണഗതിയിൽ മറ്റുള്ളവരോട് കൂടുതൽ ക്ഷമയുള്ളവരാണ്, മറ്റുള്ളവർ നേരിടുന്ന വേദന കൂടുതൽ സംവേദനാക്ഷമതയോടുകൂടെ കാണുന്നവരാണ്. കൂടാതെ, മറ്റുള്ളവർക്ക് നല്ലത് ചെയ്യുവാൻ കാര്യക്ഷമമായി പ്രവർത്തിക്കുവാനുമുള്ള പ്രവണത അവർക്കുണ്ട്. അവർ തങ്ങളുടെ സ്വന്ത താത്പര്യം മാത്രമല്ല, എല്ലായ്പോഴും തങ്ങളുടെ താത്പര്യത്തിനു മുകളിൽ മറ്റുള്ളവരുടെ താത്പര്യം വയ്കുവാൻ അവർ ശ്രമിക്കുന്നു [ഫിലിപ്പിയർ 2:4]!

സൗമ്യതയുള്ളവർ തങ്ങളെത്തന്നെ ന്യായിക്കുന്നില്ല. കാരണം, അവർ യാതൊന്നും അർഹിക്കുന്നില്ല എന്ന് അവർ അറിയുന്നു. അവരോട് എന്തെങ്കിലും ചെയ്തു എന്നതിനാൽ അവർ കോപിക്കുന്നുമില്ല. അവർ ഇപ്പോൾത്തന്നെ താഴ്ന്ന് കുമ്പിടുന്നവരാകയാൽ ഒരു വീഴ്ചയെ ഭയപ്പെടുന്നില്ല! മറ്റുള്ളവരോട് പ്രതികാരം ചെയ്യുന്നതിൽ നിന്നും  അവരുടെ വിനയമുള്ള മനോഭാവം അവരെ തടയുന്നു. പകരം, മറ്റുള്ളവർക്ക് അനുഗ്രഹമാകുവാൻ അവർ ശ്രമിക്കുന്നു. കഷ്ടതകളാൽ തകർക്കപ്പെട്ടതിന്റെ ഫലമാണ് അത്തരം മനോഭാവം.  അത് അർഥഗംഭീരമാണ്. 

അതെ, ദൈവവചനം, കഷ്ടതകൾ എന്നിവയാണ് സൗമ്യതയിൽ വളരുവാൻ പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന 2 ഉപാധികൾ.

തിരിച്ചടിക്കുന്ന മനോഭാവം വിട്ട് സൗമ്യതയെ പിന്തുടരുവാൻ പ്രോത്സാഹനം.

പകവീട്ടൽ നമ്മുടെ ആത്മാക്കൾക്ക് സമാധാനം നൽകുന്നില്ല എന്നു കാണാം. പകവീട്ടുവാൻ മറ്റുള്ളവരെ ഉപദ്രവിക്കുന്നത് നമ്മെ ഒരിക്കലും ക്രിസ്തുവിനോട് അനുരൂപരാക്കുകയില്ല. പ്രതികാര മനോഭാവം കാരണം അനേക ഭവനങ്ങൾ, അനേക ബന്ധങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു. പ്രതികാര മനോഭാവം ഭവനത്തിലും പുറത്തും സാരമായ നാശനഷ്ടം വരുത്തുക മാത്രമാണ് ചെയ്യുന്നത്. അത് പരിശുദ്ധാത്മാവിന് ദുഃഖവും ആത്യന്തികമായി ക്രിസ്തുവിന്റെ നാമത്തിന് അപമാനവും വരുത്തിവയ്ക്കുന്നു.  

എന്നാൽ, ദൈവത്തിന്റെ സമയത്ത് ന്യായം നടപ്പിലാക്കുവാൻ ദൈവത്തിൽ ആശ്രയിക്കുന്നതും അതേസമയംതന്നെ മറ്റുള്ളവർക്കു നന്മ ചെയ്യുന്നത് തുടരുകയും ചെയ്യുന്നത് ദൈവത്തിന് വലിയ മഹത്വം നൽകുകയും നമുക്ക് അനുഗ്രഹമാകുകയും ചെയ്യുന്നു. അത്തരത്തിലുള്ള ആളുകൾക്ക്, അവർക്കു മാത്രം യേശു വാഗ്ദാനം ചെയ്യുന്നു, നിങ്ങൾ വരാനിരിക്കുന്ന ലോകത്തെ അവകാശമാക്കും.  

സൗമ്യതയുള്ളവർ വർത്തമാനകാലത്തിലും ദൈവത്തിന്റെ നടത്തിപ്പ് അനുഭവിക്കുന്നു. “സൗമ്യതയുള്ളവരെ അവൻ  ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു” എന്ന് സങ്കീർത്തനങ്ങൾ 25:9 പറയുന്നു. നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ ഹിതം എന്ത് എന്ന് അറിയുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? താഴ്മയുള്ളരായിരിക്കുക. അഹംഭാവം വിട്ട് പിന്തിരിയുക. ദൈവത്തിന്റെ വഴികൾക്ക് കീഴ്‌പ്പെടുക. എടുക്കേണ്ട ശരിയായ തീരുമാനങ്ങൾ ദൈവം കാണിച്ചുതരും! 

നമ്മുടെ ഉള്ളിൽ ശാന്തവും പ്രതികാരരഹിതവുമായ മനോഭാവം ലോകം കാണേണ്ട ആവശ്യമുണ്ട്. അത് കാണുമ്പോൾ അവർ യേശുവിനെ കാണും. ഈ ലോകം യേശുവിനെയാണ് കാണേണ്ടത്! അവനെ വിശ്വസ്തതയോടെ പ്രതിനിധീകരിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന അവന്റെ സ്ഥാനാപതികൾ മാത്രമാണ് നാം. കോപവും പീഡനവും നിറഞ്ഞ മനോഭാവവും കൊണ്ട് നമുക്ക് ഒരുവനെ—നമ്മുടെ വീട്ടിലോ പുറത്തോ ഉള്ള ഒരുവനെ—ക്രിസ്തുവിലേയ്കു നേടുക സാധ്യമല്ല. എന്നാൽ ശാന്തമനോഭാവത്തിന് കഠിനഹൃദയങ്ങളെപ്പോലും ചലിപ്പിക്കുവാൻ വലിയ ശക്തിയുണ്ട്!   

നിങ്ങളുടെ ജീവിതത്തെ പരിശോധിക്കുക. നിങ്ങൾ സൗമ്യതയുള്ള വ്യക്തിയാണോ? ആരെങ്കിലും നിങ്ങളെ അപമാനിക്കുമ്പോൾ നിങ്ങൽ എപ്രകാരം പ്രതികരിക്കും? കാര്യങ്ങൾ—ചെറിയ കാര്യങ്ങൾപോലും—നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നടക്കാതെ വരുമ്പോൾ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? നിങ്ങളുടെ ഇഷ്ടം പോലെ എപ്പോഴും കാര്യങ്ങൾ നടക്കണമെന്ന് ആഗ്രഹിക്കുന്ന കോപിഷ്ടനായ വ്യക്തിയാണോ നിങ്ങൾ? അതാണ് നിങ്ങളുടെ ജീവിതശൈലി എങ്കിൽ,—അധരങ്ങൾകൊണ്ട് എത്രമാത്രം അവകാശപ്പെട്ടാലും—നിങ്ങൾ യഥാർഥത്തിൽ ദൈവരാജ്യത്തിൽ ഉൾപ്പെട്ടവനാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഓർക്കുക, തന്നെ അനുഗമിക്കുന്നവരാണോ എന്നത് പരിശോധിക്കുവാൻ അവർക്കു നേരേ യേശു വച്ചിരിക്കുന്ന കണ്ണാടിയാണ് ഗിരിപ്രഭാഷണം മുഴുവനും. മാനസാന്തരപ്പെടുവാൻ ഇനിയും സമയമുണ്ട്.   

ദൈവത്തിന്റെ പുത്രനായ യേശുവിനെ ആശ്ലേഷിച്ചുകൊണ്ട് ദൈവത്തിന് നിങ്ങളെത്തെന്നെ ഏല്പിച്ചുകൊടുത്തിട്ടില്ല എങ്കിൽ, ഇന്നുതന്നെ അതു ചെയ്യട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. നിങ്ങളുടെ പാപങ്ങൾ സമ്മതിക്കുക. ദൈവത്തിന്റെ പൂർണ്ണമായ നിലവാരത്തിലെത്തുവാൻ നിങ്ങളുടെ ആകമാനമായ കഴിവില്ലായ്മയെ അംഗീകരിക്കുക. നിങ്ങളുടെ പാപങ്ങളെയോർത്ത് കരയുക, നിങ്ങൾ ഇതുവരെ ചെയ്തവയും ഇനി ചെയ്യാവുന്നതുമായ സകല പാപങ്ങൾക്കു വേണ്ടിയും മരിച്ച ക്രിസ്തുവിലേയ്കു വിശ്വാസത്താൽ തിരിയുക! ദൈവം നൽകുന്ന ക്ഷമ സ്വീകരിക്കുകയും നിങ്ങളുടെ ജീവിതം ദൈവത്തിനു സമർപ്പിക്കുകയും ചെയ്യുക. അപ്പോൾ നിങ്ങൾ ദൈവത്തിന്റെ കുടുംബത്തിന്റെ കുടുംബത്തിലേയ്കു കടക്കും എന്നു മാത്രമല്ല, പിന്നെയോ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെട്ട് സൗമ്യതയുടെ ഈ മനോഭാവം സ്വായത്തമാക്കുവാൻ നിങ്ങൾ പ്രാപ്തരാകും.  നിശ്ചയമായും സൗമ്യതയുള്ളവർ ഭാഗ്യവാന്മാരാണ്, കാരണം, അവർ മാത്രമാണ് ഭൂമിയെ അവകാശമാക്കുന്നത്!

Category

Leave a Comment