സംതൃപ്തി സംബന്ധിച്ച് 3 തെറ്റിദ്ധാരണകൾ

Posted byMalayalam Editor June 20, 2023 Comments:0

(English Version: “3 Misconceptions Concerning Contentment”)

എല്ലായ്പോഴും അതൃപ്തനായിരുന്ന ഒരു പിതാവിന്റെ കുഞ്ഞുമകൾ അമ്മയോട് ഇപ്രകാരം പറഞ്ഞു, “ഈ കുടുംബത്തിൽ ഓരോരുത്തർക്കും എന്താണ് ഇഷ്ടമുള്ളത് എന്ന് എനിക്കറിയാം. ജോണിയ്ൿ ഹാംബർഗർ ഇഷ്ടമാണ്, ജാനിയ്ക് ഐസ് ക്രീം ഇഷ്ടമാണ്, വില്ലിയ്ക് പഴം ഇഷ്ടമാണ്. മമ്മിയ്ക് ചിക്കൻ ഇഷ്ടമാണ്.” തന്റെ പേര് മാത്രം വിട്ടുപോയതിൽ അസ്വസ്ഥനായ പിതാവ് ചോദിച്ചു, “എന്റെ കാര്യമോ? എനിക്ക് എന്താണ് ഇഷ്ടമുള്ളത്?” നിഷ്ക്കളങ്കയായ കുട്ടി മറുപടി പറഞ്ഞു, “നമുക്ക് ഇല്ലാത്തതെല്ലാം അപ്പയ്ക് ഇഷ്ടമാണ്.” ഇതു കേട്ട് നാം ചിരിക്കുമെങ്കിലും, നാം സത്യസന്ധതയോടെ സമ്മതിച്ചാൽ നമ്മിൽ പലരും ഈ പിതാവിനെപ്പോലെയാണ്. സംതൃപ്തി എന്ന വിഷയം സംബന്ധിച്ച് പല തെറ്റിദ്ധാരണകളും ഉള്ളതുകൊണ്ടാണ് ഈ പ്രശ്നം നിലനിൽക്കുന്നത്. സംതൃപ്തി സംബന്ധിച്ചുള്ള പൊതുവായ 3 തെറ്റിദ്ധാരണകളും അവ ഓരോന്നിനോടുമുള്ള ബൈബിൾപരമായ പ്രതികരണവും ചൂണ്ടിക്കാട്ടുവാനാണ് ഈ പോസ്റ്റ് ശ്രമിക്കുന്നത്.  

തെറ്റിദ്ധാരണ# 1. സംതൃപ്തി എന്നത് അത്ര വലിയ കാര്യമൊന്നുമല്ല.

ജീവിതത്തിലെ അസുഖകരമായ സംഗതികളോടുള്ള അതൃപ്തി പ്രകടിപ്പിക്കുന്നത് തികച്ചും സാധാരണമായ മാനുഷിക പ്രതികരണമാണ് എന്ന് ചിന്തിക്കുന്ന പ്രവണത നമുക്കുണ്ട്. ഒന്നുമല്ലെങ്കിലും ഞാൻ ഒരു മനുഷ്യനല്ലേ. എനിക്ക് എന്റെ അഭിപ്രായം പ്രകടിപ്പിക്കേണ്ടതുണ്ട്. 

ബൈബിൾപരമായ പ്രതികരണം: എന്നിരുന്നാലും, അതൃപ്തിയെ തികച്ചും സാധാരണമായ ഒരു പ്രതികരണമായാണ് ദൈവം കാണുന്നത് എങ്കിൽ, സംതൃപ്തിയുടെ ആവശ്യം സംബന്ധിച്ച്, താഴെ കൊടുത്തിരിക്കുന്നതുപോലെയുള്ള, അനേക കല്പനകൾ എന്തുകൊണ്ടാണ് ദൈവം നൽകിയത്? “നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ” [ലൂക്കോസ് 3:14], “ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിൻ” [എബ്രായർ 13:5], “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ” [ലൂക്കോസ് 12:15]? ദൈവത്തിന്റെ ഏതെങ്കിലുമൊരു കല്പന അനുസരിക്കുവാൻ പരാജയപ്പെടുന്നത് പാപം ആണെന്ന് വിശ്വാസികളെന്ന നിലയ്ക് നാം അംഗീകരിക്കും.  അങ്ങനെയെങ്കിൽ, സംതൃ്പതി നേടുവാൻ പരാജയപ്പെടുന്നതും പാപമായി കണക്കാക്കേണ്ടതല്ലേ? അതുകൊണ്ട്, സംതൃപ്തി നേടുന്നത് ഒരു വലിയ കാര്യം തന്നെയാണ്- നമുക്ക് ഒഴിവാക്കുവാൻ കഴിയുന്നതല്ല. 

കൂടുതൽ ആഴത്തിൽ നോക്കിയാൽ, അസംതൃപ്തിയെ പാപം എന്ന് ദൈവം വിളിക്കുന്നതിന്റെ കാരണം എന്താണെന്നത് വെളിവാകും. 2 കാരണങ്ങൾ മനസ്സിൽ വരുന്നു.

a. അസംതൃപ്തി ദൈവത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു. നമ്മുടെ ജീവിത്തിലെ സാഹചര്യങ്ങളിൽ അസംതൃ്പതി പ്രകടിപ്പിക്കുന്നത്, ദൈവം തിരഞ്ഞെടുക്കുന്ന എന്തും നമ്മുടെ ജീവിതത്തിൽ ചെയ്യുവാൻ ഉള്ള ദൈവത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്ന രീതിയാണ്. സൃഷ്ടി സൃഷ്ടാവിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നത് എല്ലായ്പോഴും പാപമാണ്.  

b. അസംതൃ്പതി ദൈവത്തിന്റെ നന്മയെ ചോദ്യം ചെയ്യുന്നു. നമ്മുടെ ജീവിതങ്ങളിലെ സാഹചര്യങ്ങളിൽ അസംതൃപ്തി പ്രകടിപ്പിക്കുമ്പോൾ, നാം ഇപ്രകാരം പറയുന്നു [വാക്കുകളാൽ അല്ലെങ്കിലും മനോഭാവത്താൽ]: “ദൈവമേ, ഈ പ്രത്യേക സാഹചര്യത്തിൽ നീ എനിക്ക് നല്ലവനല്ല. നീ നല്ലവനും സ്നേഹിക്കുന്നവനുമാണെങ്കിൽ എന്തുകൊണ്ടാണ് എനിക്കു വേണ്ടത് നീ നൽകാത്തത് അഥവാ, ഞാൻ ഇഷ്ടപ്പെടാത്തത് എന്റെ ജീവിതത്തിൽ നിന്നും എടുത്തു മാറ്റാത്തത്?” പരീക്ഷകളിൽ നിന്നുള്ള വിടുതലിനായി ദൈവത്തോട് നിലവിളിക്കുന്നത് പാപകരമല്ലാതിരിക്കുമ്പോൾ, ദൈവത്തിന്റെ നന്മയെ ചോദ്യം ചെയ്യുന്നത് പാപംതന്നെയാണ്. 

കുറിപ്പ്:   ദൈവമക്കൾ എന്ന നിലയിൽ നം ആകേണ്ടതുപോലെ ആയിട്ടില്ല എന്ന കാരണത്താൽ, നമ്മുടെ ആത്മീയ ജീവതം സംബന്ധിച്ച് അതൃപ്തരായിരിക്കുന്നത് നല്ലതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിങ്ങൾക്ക് ഉള്ളതുകൊണ്ട് തൃ്പതിപ്പെടണം, എന്നാൽ, ആത്മീയമായി നിങ്ങൾ എവിടെയാണോ അതിൽ ഒരിക്കലും സംതൃപ്തരാകരുത്. നമുക്കു ചുറ്റും കാണുന്ന അനിയന്ത്രിതമായ പാപവും എപ്രകാരമാണ് യേശുവിന്റെ നാമം അപമാനിക്കപ്പെടുന്നത് എന്നും കാണുമ്പോൾ അതൃപ്തി തോന്നുന്നത് നല്ലതാണ്. ഈ മേഖലകളിൽ അതൃപ്തി അനുഭവിക്കുന്നത് പാപകരമല്ല പിന്നെയോ ഒരു ക്രിസ്ത്യാനിയുടെ സ്വാഭാവിക പ്രതികരണം അതായിരിക്കണം.  

തെറ്റിദ്ധാരണ# 2. സംതൃപ്തി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 

എന്റെ നിലവിലുള്ള സാഹചര്യങ്ങൾ മാറിയെങ്കിൽ എന്റെ ജീവിതം എത്ര മെച്ചപ്പെടുമായിരുന്നു എന്ന് ഇടയ്കിടയ്ക് നാം ചിന്തിക്കാറില്ലേ? നാം അവിവാഹിതരെങ്കിൽ വിവാഹിതരാകുവാനും വിവാഹിതൻ എങ്കിൽ അവിവാഹിതൻ ആകുവാനും ആഗ്രഹിക്കും. മക്കൾ ഇല്ല എങ്കിൽ, നമുക്ക് മക്കൾ വേണം; മക്കൾ ഉണ്ടെങ്കിൽ നമുക്ക് ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും വേണം. നമുക്ക് മക്കളെ ലഭിക്കുമ്പോൾ നമുക്ക് മിടുക്കരായ മക്കളെ വേണം. ഈ പട്ടിക നീണ്ടുപോകുന്നു. “ഞാൻ ഇപ്പോൾ ആയിരിക്കുന്നതിൽ നിന്നും വിഭിന്നമായ മറ്റേതൊരു അവസ്ഥയും മെച്ചപ്പെട്ടതാണെ”ന്നാണ് ഹൃദയത്തിന്റെ നിലവിളി എന്ന് കാണപ്പെടുന്നു. രസകരമായ ഒരു ഉദ്ധരണി ഈ സത്യം നന്നായി പറയുന്നു, “നിയമപ്രകാരം മനുഷ്യൻ ഒരു വിഡ്ഡിയാണ്. ചൂടുള്ളത് ഉള്ളപ്പോൾ അവന് തണുപ്പുള്ളത് വേണം, തണുപ്പുള്ളത് ഉള്ളപ്പോൾ അവന് ചൂടുള്ളത് വേണം. എന്തില്ലയോ അതാണ് എല്ലായ്പോഴും അവന് വേണ്ടത്.” ഈ വ്യക്തിയെക്കുറിച്ചുള്ള വിവരണം നിങ്ങൾക്ക് പരിചിതമാണോ? 

തന്റെ സുഹൃത്തുക്കൾക്ക് തന്നേക്കാൾ വലിയതും ആഡംബരമുള്ളതുമായ വീടുകൾ ഉള്ളതിനാൽ അവരോട് അസൂയ തോന്നിയ ഒരു മനുഷ്യനെക്കുറിച്ച് ഒരു കഥ പറയപ്പെടുന്നു. തന്റെ വീട് വിറ്റ് അതിനേക്കാൾ നല്ല ഒരു  വീടു വാങ്ങുവാൻ തീരുമാനിച്ചുകൊണ്ട് അയാൾ തന്റെ വീട് വിൽക്കുവാൻ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരെ ഏൽപ്പിച്ചു. അധികം താമസിയാതെതന്നെ, ഒരു ദിവസം പത്രത്തിൽ ക്ലാസ്സിഫൈഡ് പരസ്യങ്ങൾ നോക്കിയപ്പോൾ തനിക്കു യോജിച്ച ഒരു വീടിന്റെ പരസ്യം കണ്ടു. അയാൾ ഉടൻതന്നെ, സ്ഥലക്കച്ചവടക്കാരനെ വിളിച്ചു, “ഇന്നത്തെ പത്രത്തിൽ എനിക്കു വേണ്ടിയ വീടിന്റെ വിവരണം കണ്ടു. ഞാൻ ആഗ്രഹിച്ച് നോക്കിയിരുന്നത് എല്ലാമുള്ള വീടാണത്. എത്രയും വേഗം എനിക്ക് അത് നേരിൽ കാണണം” എന്ന് പറഞ്ഞു. സ്‌ഥലക്കച്ചവടക്കാരൻ അയാളോട് പല പല ചോദ്യങ്ങൾ ചോദിച്ചു. ഒടുവിൽ ഇപ്രകാരം പറഞ്ഞു, “സർ, താങ്കൾ പറയുന്ന ഈ വീട് താങ്കളുടേതുതന്നെയാണ്!”

ബൈബിൾപരമായ പ്രതികരണം: ആദാമിനെയും ഹവ്വായെയും ഓർക്കുന്നുണ്ടോ? സങ്കല്പിക്കാൻ സാധിക്കുന്ന പൂർണ്ണതയുള്ള സാഹചര്യങ്ങളും ഒരൊറ്റ വൃക്ഷം ഒഴികെ [ഉല്പത്തി 1:28, 2:15-16] പ്രപഞ്ചത്തിലെ സകലതും അവർക്ക് ലഭ്യമായിരുന്നു.  ദൈവം തന്റെ സ്നേഹത്തിൽ അവർക്ക് ആസ്വദിക്കുവാൻ ധാരാളം നൽകിയിരുന്നു.  എങ്കിലും അസംതൃപ്തരാകുവാൻ എപ്രകാരമാണ് സാത്താൻ അവരെ പ്രലോഭിപ്പിച്ചത് എന്നത് ശ്രദ്ധിക്കുക. ബൈബിളിൽ നമുക്കായി രേഖപ്പെടുത്തപ്പെട്ട ഒന്നാമത്തെ ചോദ്യം സാത്താന്റെ വായിൽ നിന്നും വന്നതാണ്, തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” എന്ന ചോദ്യം [ഉല്പത്തി 3:1]. ദൈവത്തിന്റെ വചനത്തെയും ദൈവത്തിന്റെ നന്മയെയും സംശയിക്കുവാൻ മെനഞ്ഞെടുത്ത ഒരു ചോദ്യമായിരുന്നു അത്. 

സാത്താൻ അർഥമാക്കിയത് ഇപ്രകാരമാണ്: അപ്പോൾ, നിങ്ങൾക്ക് ഈ പ്രപഞ്ചത്തിലെ എല്ലാം ലഭ്യമല്ല. അല്ലേ? ദൈവം വലിയ ലുബ്ദനല്ലേ? ആനന്ദവും സന്തോഷവും പൂർണ്ണതയും നിങ്ങൾക്കു നൽകാതെ വിലക്കിയിരിക്കുകയല്ലേ? അവരുടെ കണ്ണുകളെ അവർക്കുള്ളതിൽ നിന്നും [എല്ലാംതന്നെ] എടുത്തുമാറ്റി അവർക്ക് ഇല്ലാത്തതിലേയ്ക് [ഒരൊറ്റ മരത്തിന്റെ ഫലം] തിരിക്കുകയായിരുന്നു സാത്താന്റെ ലക്ഷ്യം. അതാണ് സകല അസംതൃപ്തിയുടെയും മൂലകാരണം: നമ്മുക്കുള്ളതിൽ ശ്രദ്ധ വയ്ക്കുന്നതിനു പകരം നമുക്കില്ലാത്തതിൽ ശ്രദ്ധ വയ്കുക!  

സങ്കടകരമെന്നു പറയട്ടെ, ആദാമും ഹവ്വയും സാത്താന്റെ വായിൽ നിന്നുവന്ന ഈ നുണയ്ക് നിങ്ങളുടെ സാഹചര്യങ്ങൾ മാറിയാൽ മാത്രമേ നിങ്ങൾ സന്തോഷമായിരിക്കുകയുള്ളൂ എന്ന നുണയ്ക് – കീഴ്പ്പെട്ടുപോയി. സാത്താനും പാപവും വാഗ്ദാനം ചെയ്യുന്ന വ്യാജവാഗ്ദാനങ്ങൾക്ക് മീതേ ദൈവത്തിന്റെ  വചനം പ്രബലമാകും അഥവാ നടപ്പിലാകും എന്ന് തെളിയിച്ചുകൊണ്ട് – ദൈവം പറഞ്ഞതുപോലെതന്നെ ആനന്ദത്തിനു പകരം അവർക്കു ദുരിതം നേരിട്ടു. 

ഈ സുപ്രധാന പാഠം നമുക്കു പഠിക്കാം. ഈ പ്രപഞ്ചത്തിൽ ഏതാണ്ട് എല്ലാംതന്നെയുണ്ടായിരുന്നിട്ടും  ആദാമിനും ഹവ്വയ്കും സംതൃപ്തി അനുഭവിക്കുവാൻ സാധിച്ചില്ല എങ്കിൽ, ‘എനിക്ക് ഇപ്പോൾ ഇല്ലാത്ത ആ കാര്യം ലഭിച്ചാൽ മാത്രമേ ഞാൻ തൃപ്തനാകുകയുള്ളൂ“ എന്ന ചിന്തയെ സൂക്ഷിക്കുക. അതുകൊണ്ടാണ്,  വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ” [സങ്കീർത്തനങ്ങൾ 119:37] എന്ന് നാം സ്ഥിരമായി കർത്താവിനോട് പ്രാർഥിക്കേണ്ടത്. 

പുറമേയുള്ള സാഹചര്യങ്ങളിൽ നിന്നും യഥാർഥ സംതൃപ്തി വരുന്നില്ല എന്നത് നാം മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. ദൈവഭക്തി നമ്മുടെ മുൻഗണനയും നിത്യത നമ്മുടെ കാഴ്ചപ്പാടും ആക്കുന്നതിലൂടെയാണ് അത് ലഭിക്കുന്നത്. 1 തിമൊഥെയൊസ് 6:6 ഇപ്രകാരം പറയുന്നു, അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.” എല്ലാ ദൈവഭക്തിയും യേശുക്രിസ്തുവിലൂടെ ദൈവവുമായി ഒരു നല്ല ബന്ധം ആരംഭിക്കുന്നു. യേശുക്രിസ്തുവിനെ നിങ്ങൾക്ക് സകലത്തിനും മതിയായവനായി  സ്വീകരിക്കുക. 

തെറ്റിദ്ധാരണ# 3. ക്രിസ്ത്യാനിയ്ക് സംതൃപ്തി സ്വാഭാവികമായി ഉണ്ടാകുന്നു.

നാം ക്രിസ്ത്യാനികളാകുമ്പോൾ, നാം ഉടൻതന്നെ ഈ ലോകത്തിന്റെ കാര്യങ്ങളെ വെറുക്കുകയും നമ്മുടെ സമ്പൂർണ്ണ സംതൃപ്തി ക്രിസ്തുവിൽ കണ്ടെത്തുകയും ചെയ്യുവാൻ ആരംഭിക്കുന്നു. പാപം നിറഞ്ഞ ജഡത്തിന്റെ അഭിലാഷങ്ങൾക്ക് നാം ഇനി കീഴ്പ്പെടുകയില്ല. 

ബൈബിൾപരമായ പ്രതികരണം: ഇത് സത്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നോ! ശരിയാണ്, ഒരു വിശ്വാസിയായിത്തീരുന്നത് നമ്മുടെ അടിസ്ഥാനപരമായ പ്രകൃതത്തിനുതന്നെ മാറ്റം വരുത്തുന്ന ഒന്നാണ്. എന്നിരുന്നാലും, തുടർച്ചയായി പരിശുദ്ധാത്മാവിന് കീഴ്പ്പെടുകയും പാപം നിറഞ്ഞ ജഡത്തിന്റെ അഭിലാഷങ്ങളോട് ‘ഇല്ല’ എന്നു പറയുകയും ചെയ്യുന്നത് തുടർമാനമായ ഒരു യുദ്ധംതന്നെയാണ്, അല്ലേ? അപ്പോസ്തലനായ പൗലോസിന്റെ ഉദാഹരണം എടുക്കാം. റോമിൽ തടവിലായിരിക്കെ, ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു” [ഫിലിപ്പിയർ 4:11] എന്ന് പൗലോസ് പറയുന്നു. പൗലോസിന് സംതൃ്പ്തനായിരിക്കുവാൻ പഠിക്കേണ്ടിവന്നു എന്നത് നിങ്ങൾ ശ്രദ്ധിച്ചുവോ? അടുത്ത വാക്യത്തിൽ ഇതേ ആശയം പൗലോസ് ആവർത്തിക്കുന്നു, “താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു” [ഫിലിപ്പിയർ 4:12]. സംതൃപ്തനായിരിക്കുവാൻ പഠിച്ചിരിക്കുന്നു എന്ന്  രണ്ടു വാക്യങ്ങളിലായി രണ്ടു തവണ പൗലോസ് പറയുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തന്റെ നാടകീയമായ രൂപാന്തരത്തിനു ശേഷം, സംതൃപ്തി അദ്ദേഹത്തിന് സ്വാഭാവികമായി ലഭിച്ചതല്ല!

ഇത് നമുക്ക് പ്രത്യാശ നൽകുന്നു. സംതൃപ്തി സ്വാഭാവികമായി വരുന്ന ഒന്നല്ല- അത് പഠിച്ചെടുക്കേണ്ട ഒന്നാണ്. ഇത് ഒരു പ്രക്രിയയാണ്. നാമും പൗലോസിനെപ്പോലെ- ദൈവത്തിന്റെ വചനവും നമ്മുടെ സ്‌ഥിരമായ പ്രാർഥനയും ഉപയോഗിക്കുന്ന പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെട്ട്- സംതൃപ്തനായിരിക്കുന്നത് എങ്ങനെയെന്ന രഹസ്യം പഠിക്കുവാൻ ആവശ്യമായ പ്രയത്നം ചെയ്യുവാൻ പ്രാപ്തരാകും.   

ഫിലിപ്പിയർ 4:11-ൽ പൗലോസ് ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു” എന്നു പറയുമ്പോൾ ഉപയോഗിച്ചിരിക്കുന്ന അലംഭാവം” അഥവാ സംതൃപ്തി” എന്ന പ്രയോഗത്തിന്റെ  ഗ്രീക്ക് പദം സ്വയം പര്യാപ്തത” അഥവാ സംതൃപ്തനായിരിക്കുക” എന്നതിനെ കുറിക്കുന്നു. ജീവിതത്തിലെ എല്ലാ സമ്മർദ്ദങ്ങളെയും പുറമേ നിന്നുള്ള ശക്തി ഒന്നുമില്ലാതെ, തന്റെ ഉൾക്കരുത്തിനാൽ, ഔചിത്യപൂർവ്വം ശാന്തമായി സ്വീകരിച്ചിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചു പരാമർശിക്കുവാനാണ് അക്കാലത്തെ മതനിരപേക്ഷ സമൂഹം  ഈ വാക്ക് ഉപയോഗിച്ചിരുന്നത്. അതിൽ നിന്നും വ്യത്യസ്തമായി, എക്കാലത്തേയ്കുമുള്ള സകല വിശ്വാസികൾക്കും ആവശ്യമായ സകലതും നൽകുന്ന ക്രിസ്തുവിൽ നിന്നുമാണ്  തന്റെ പര്യാപ്തത വരുന്നത് എന്ന് പൗലോസ് പറഞ്ഞിരിക്കുന്നു.  

നിങ്ങൾ നേരിടുന്ന സാഹചര്യമെന്തുതന്നെയായിരുന്നാലും, സംതൃ്പതനായിരിക്കുക എന്നതിന്റെ രഹസ്യം എപ്രകാരമാണ് പഠിച്ചത്?” എന്ന് നാം പൗലോസിനോട് ചോദിച്ചാൽ, അദ്ദേഹത്തിന്റെ പ്രതികരണം ഏതാണ്ട് ഇപ്രകാരം ആയിരിക്കും, “സംതൃപ്തനായിരിക്കുവാൻ എനിക്ക് ആവശ്യമായത് എന്താണോ അത് നൽകുന്ന ക്രിസ്തുവിൽ നിന്നാണ് എന്റെ പര്യാപ്തത അഥവാ മതിയായ്മ വരുന്നത്.” അടുത്ത വാക്യം ഇത് വ്യക്തമാക്കുന്നു.  

ഫിലിപ്പിയർ 4:13 ൽ പൗലോസ് പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക, “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” ചില വിവർത്തനങ്ങളിൽ “ക്രിസ്തുവിലൂടെ അഥവാ എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് സകലവും ചെയ്യുവാൻ സാധിക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നു. നിർഭാഗ്യവശാൽ, ക്രിസ്തുവിൽ വിശ്വസിച്ചാൽ തങ്ങൾ മനസ്സുവയ്ക്കുന്ന എന്തുകാര്യവും ചെയ്യുവാൻ സാധിക്കും എന്ന് പരക്കെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഏതാനം വാക്യങ്ങളിൽ ഒന്നാണ് ഇത്. ഈ വാക്യം പഠിപ്പിക്കുന്നത് അതല്ല. ഫിലിപ്യർ 4:10-19 ന്റെ സന്ദർഭം സംതൃപ്തിയെക്കുറിച്ചു പറയുന്നതാണ്.  സാഹചര്യങ്ങൾ എന്തായിരുന്നാലും സംതൃപ്തിയോടെ താൻ ജീവിക്കുന്നതിന്റെ രഹസ്യം അടിസ്ഥാനപ്പെട്ടിരിക്കുന്നത്,  എല്ലായ്പ്പോഴും സംതൃപ്തമായിരിക്കുവാൻ ആവശ്യമായത് സകലവും നൽകുന്ന ക്രിസ്തുവിലാണ് എന്ന് പൗലോസ് പറയുന്നു.  

അതിനാൽ, “ക്രിസ്തു സ്വന്തമാണ് എന്നതിനാൽ സമ്പൂർണ്ണമായി തൃപ്തനായിരിക്കുക എന്നതാണ് സംതൃപ്തിയോടെയിരിക്കുക” എന്നതിന്റെ ക്രിസ്തീയ അർഥം. ഇതാണ് സംതൃപ്തനാകുവാൻ നാം ആഗ്രഹിച്ചാൽ നാം മനസ്സിലാക്കേണ്ടിയത്. നമുക്ക് ക്രിസ്തുവുണ്ട് ഈ ജീവിതത്തിനും ഇനി വരുവാനുള്ള ജീവിതത്തിനും ആവശ്യമായതെല്ലാം നമുക്കുണ്ട്. നമുക്ക് ക്രിസ്തുവില്ല എങ്കിൽ – നമുക്കു ചുറ്റും ഭൗതിക സമ്പത്ത് ധാരാളം ഉണ്ടെങ്കിലും നമുക്ക് യാതൊന്നുമില്ല.   

സമാപന ചിന്തകൾ.

ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം മിക്കപ്പോഴും മുട്ടിന്മേൽ നിന്നുകൊണ്ട് നമ്മെപ്പോലുള്ള അനർഹരായ പാപികളെ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയാറുണ്ട്. എന്നിരുന്നാലും, ആ പ്രാർഥന അവസാനിക്കുന്നതിനു മുൻപുതന്നെ, നമ്മുടെ ജീവിതത്തിൽ എപ്രകാരമാണ് ദൈവം ചില കാര്യങ്ങൾ ശരിയാക്കേണ്ടത് എന്ന് നാം പറയാറുണ്ട്. പിന്നീട്, ചില അസുഖകരമായവ നമ്മുടെ ജീവിതങ്ങളിൽ സംഭവിക്കുമ്പോൾ, “ഞാൻ ദൈവത്തോട് വിശ്വസ്തനായിരുന്നിട്ടും ഇത് എന്തുകൊണ്ടാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്?” എന്ന് നാം ചോദിക്കാൻ പ്രേരിതരാകുന്നു. “എന്നേക്കാൾ പാപികളായ മറ്റു ചിലർക്ക് നല്ലത് സംഭവിക്കുകയും ഞാൻ പലപ്പോഴും പ്രശ്നങ്ങളിൽ അകപ്പെടുകയോ അല്ലെങ്കിൽ എന്റെ സ്വപ്നങ്ങൾ സഫലമാകാതിരിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ടാണ്?” നല്ലത് യാതൊന്നും ലഭിക്കുവാൻ യോഗതയില്ലാത്ത പാപികളാണ് നാം എന്ന് നാം പറയുമെങ്കിലും ചില പ്രത്യേക അവകാശങ്ങൾ നമുക്ക് ലഭിക്കണം എന്ന് പ്രതീക്ഷിക്കുവാൻ [ചിലപ്പോൾ ആവശ്യപ്പെടുവാൻ] സാധ്യതയുണ്ട്. നമ്മിലുള്ള കപടത കാണുവാൻ നമുക്കു സാധിക്കുന്നുണ്ടോ? 

“ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക” എന്ന് 1 തിമൊഥെയൊസ് 6:8 പറയുന്നു. ഫിലിപ്യർ 4:19 പറയുന്നു,  “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.” ദൈവം എപ്പോഴും നമ്മുടെ ആവശ്യങ്ങൾ [ആഗ്രഹങ്ങൾ അല്ല] നടത്തിത്തരും എന്ന് ഈ വാക്യങ്ങളിൽ നിന്നും നമുക്ക് തീർപ്പിലെത്താം. നമ്മുടെ അഹംഭാവത്തെ തകർത്തുകളയുവാനും [അത് എപ്പോഴും നല്ലതുതന്നെ] അത്തരം ഒരു കാഴ്ചപ്പാട് സഹായിക്കുന്നു. 

പ്രിയ വിശ്വാസീ, നിങ്ങൾ ഒരുപക്ഷെ, ശാരീരികമായി ക്ലേശം അനുവഭിക്കുകയും ഇനി ജീവിതത്തിൽ ഒരിക്കലും സൗഖ്യം ലഭിക്കാതിരിക്കുകയും ചെയ്തേക്കാം. സാമ്പത്തികമായി നിങ്ങൾ ദരിദ്ര്യനും ഇല്ലായ്മ നേരിടുകയും ആയിരിക്കാം. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുകയോ ഇനി മേലാൽ ലഭിക്കുവാൻ സാധ്യതയില്ലാതിരിക്കുകയോ ആകാം. നിങ്ങൾ അവിവാഹിതനായിരിക്കുകയോ ജീവിതകാലം മുഴുവൻ അവിവാഹിതനായി തുടരുകയോ ചെയ്തേക്കാം.  നിങ്ങൾ രോഗം ബാധിച്ചതോ ജീവിതാവസാനം വരെ പ്രത്യേക ശുശ്രൂഷ വേണ്ടിയതോ ആയ ഒരു കുട്ടിയുടെ അമ്മയോ അപ്പനോ ആയിരിക്കാം. നിങ്ങളുടെ ജീവിതപങ്കാളിയും കുട്ടികളും നിങ്ങളെ ഒരിക്കലും സ്നേഹിക്കാത്ത ഒരു ഭവനത്തിൽ വസിക്കുകയായിരിക്കാം. അവയുടെ ഒക്കെ മധ്യത്തിൽ നിങ്ങൾക്ക് ഇപ്രകാരം പറയുവാൻ മനസ്സുണ്ടെങ്കിൽ, “കർത്താവേ, നീ എനിക്ക് തന്നതോ തരാതിരിക്കുന്നതോ ആയ സകലത്തിവും ഞാൻ സന്തോഷത്തോടെ സ്വീകരിക്കുകയും സംപൂർണ്ണമായി സംതൃപ്തനായിരിക്കുകയും ചെയ്യും. അസംതൃപ്തനായി നിന്നെ ദുഃഖിപ്പിക്കുവൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ സ്നേഹത്തോടെ എന്നെ ആക്കിയിരിക്കുന്ന എല്ലാ സാഹചര്യങ്ങളിലും നിന്റെ നാമത്തിന് മഹത്വം നൽകുവാൻ ദയവായി എന്നെ സഹായിക്കേണമേ.” അതാണ് യഥാർഥ സംതൃപ്തിയുടെ സത്ത! 

ജീവിതത്തിൽ നമ്മുടെ ഭാഗധേയം സന്തോഷത്തോടെ സ്വീകരിക്കുവാൻ നമുക്കു പഠിക്കാം. നമ്മുടെ ജീവിതത്തിൽ കാണുന്ന പ്രതികൂലങ്ങളെ ആവർത്തിച്ച് ഉരുവിടുന്നത് അസംതൃപ്തിയുടെ നാളങ്ങൾക്ക് എണ്ണയൊഴിക്കുവാൻ മാത്രമേ സഹായിക്കുകയുള്ളൂ.  ചിലപ്പോൾ നമ്മുടെ കഷ്ടങ്ങൾ കൂട്ടിക്കൂട്ടിവയ്കുന്നതിൽ വ്യാപൃതരാകുമ്പോൾ നമ്മുടെ അനുഗ്രഹങ്ങളെ എണ്ണുവാൻ നാം മറന്നുപോകുന്നു. അസംതൃപ്തിയുടെ ആത്മാവിനെ നശിപ്പിക്കുവാനും സംതൃപ്തിയുടെ ആത്മാവിനെ വളർത്തിയെടുക്കുവാനുമുള്ള ഏറ്റവും നല്ല വഴികളിലൊന്ന് ഫിലിപ്യർ 4:8 ലെ പ്രമാണങ്ങൾ പ്രയോഗത്തിൽ വരുത്തുകയാണ്. “ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” യേശുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും സത്യമായത്, ഘനമായത്, നീതിയായത്, നിർമ്മലമായത്, രമ്യമായത് എന്ന് ബൈബിൾ പറയുന്ന കാര്യങ്ങളെയും തുടർമാനമായി ധ്യാനിക്കുന്ന വിശ്വാസി യഥാർഥ സംതൃപ്തിയും ആത്മാവിന് സമാധാനം നൽകുന്ന ദൈവത്തിന്റെതന്നെ സാന്നിധ്യവും അനുഭവിക്കും (ഫിലിപ്യർ 4:7,9]. 

ദൈവം ഒരിക്കലും നമ്മുടെ തകർച്ചയ്കായി എന്തെങ്കിലും ചെയ്യുകയോ നമ്മുടെ ജീവിതത്തിൽ അനുവദിക്കുകയോ ഇല്ല എന്ന് നാം ഓർക്കേണ്ടതുണ്ട്. അത് എല്ലായ്പോഴും ദൈവത്തിന്റെ മഹത്വത്തിനും നമ്മുടെ ആത്യന്തിക നന്മയ്കുമാണ്.  ശരിയാണ്, ജീവിതത്തിന്റെ നിഗൂഡതകളെക്കുറിച്ച് നമുക്കു മനസ്സിലാകുന്നില്ല. നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളുടെയും മേൽ ദൈവം സർവ്വാധികാരിയാണ് എന്നും ദൈവം വളരെ നല്ലവനായ ദൈവമാണ് എന്നും നാം തിരിച്ചറിഞ്ഞാൽ നമുക്ക്  അവ എല്ലാം മനസ്സിലാക്കേണ്ട ആവശ്യമില്ല. നമുക്ക് ഏറ്റവും നല്ലത് എന്താണ് എന്ന് ദൈവം അറിയുന്നു. നാം അവനിൽ വിശ്രമിക്കക മാത്രമേ വേണ്ടൂ. ഈ സത്യങ്ങളെ നാം പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചാൽ നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥ എന്താകുമെന്ന് സങ്കല്പിക്കാം സംതൃപ്തിയോടെ എപ്പോഴും സ്വസ്ഥമായിരിക്കുന്ന അവസ്ഥ! 

“സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്നു” എന്ന്  എഫെസ്യർ 1:3 പറയുന്നു. കൊലൊസ്സ്യർ 2:10 -ൽ “അവനിൽ [ക്രിസ്തുവിൽ] നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു” എന്നു പറഞ്ഞിരിക്കുന്നു. നമ്മെ കാണുവാൻ എങ്ങനെയുണ്ട്, അല്ലെങ്കിൽ നമുക്ക് എന്തുണ്ട്, എന്തില്ല എന്നിങ്ങനെ ലോകം എന്തുതന്നെ പറഞ്ഞാലും, ദൈവം പറയുന്നത് ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം മൂലം നാം ഏറ്റവും അനുഗ്രഹിക്കപ്പെടുകയും പൂർണ്ണരാകുകയും ചെയ്യുന്നു എന്നാണ്. ഇപ്പോൾ നമുക്ക് ഒരു കുറവുമില്ല. ഭാവിയിലും നാം ഒന്നിനും കുറവ് നേരിടുകയില്ല.  നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും” എന്ന് യെശയ്യാ 46:4-ൽ ദൈവം വാഗ്ദത്തം ചെയ്യുന്നു. അപ്രകാരം മനോഹരമായ വാഗ്ദാനം നമുക്കുള്ളതിനാൽ, “യഹോവ എന്റെ ഇടയനാകുന്നു, എനിക്ക് ഒന്നിനും മുട്ടുണ്ടാകയില്ല” [സങ്കീർത്തനങ്ങൾ 23:1] എന്ന് നമുക്ക് എപ്പോഴും ആനന്ദത്തോടെ പറയുവാൻ സാധിക്കേണ്ടതല്ലേ? 

Category

Leave a Comment