സുവിശേഷീകരണത്തിൽ നേരിടുന്ന പൊതുവായ തടസ്സങ്ങൾ, അവയെ എങ്ങനെ മറികടക്കാം – ഭാഗം 1

Posted byMalayalam Editor August 8, 2023 Comments:0

(English Version: “Common Barriers To Evangelism & How To Overcome Them – Part 1” )

കർത്താവായ യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്യുമ്പോൾ പറഞ്ഞ അവസാന വാക്കുകൾ നമുക്കു നൽകിയത് മഹാനിയോഗം എന്നറിയപ്പെടുന്നു,  “18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. 19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും, 20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു”” [മത്തായി28:18]. 

മഹാനിയോഗം സംബന്ധിച്ച് ലൂക്കോസ് ഇപ്രകാരം എഴുതുന്നു: 46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേൽക്കയും,  47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽതുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.  48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു” [ലൂക്കോസ് 24:46-48]. 

അതേ ലൂക്കോസ്‌തന്നെ അപ്പോസ്തലപ്രവർത്തികൾ 1:8-ൽ മഹാനിയോഗം രേഖപ്പെടുത്തുമ്പോൾ ഇപ്രകാരം കൂടുതൽ വിവരം ചേർത്തിരിക്കുന്നു. ഇത്തവണ സുവിശേഷീകരണത്തിനു വേണ്ടി പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് യേശുവിന്റെ വാക്കുകൾ കൂടിയുണ്ട്:  “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” 

സാധാരണ മനുഷ്യരുടെ അവസാന വാക്കുകൾക്ക് നാം പ്രാധാന്യം നൽകുന്നുവെങ്കിൽ, പ്രപഞ്ചത്തിന്റെ കർത്താവും രാജാവുമായ യേശു ഈ ലോകം വിട്ടുപോകുമ്പോൾ പറഞ്ഞ അവസാനവാക്കുകൾക്ക് എത്രമാത്രം പ്രാധാന്യം നൽകേണ്ടതുണ്ട്. യേശുവിന്റെ സാക്ഷികളായി ലോകത്തെ സുവിശേഷികരിക്കുന്നതിന്റെ പ്രാധാന്യം യേശുവിന്റെ വാക്കുകൾ സുവ്യക്തമാക്കുന്നില്ലേ? എങ്കിലും വിശ്വസ്തരായ സാക്ഷികളാകുന്നതിൽ നാം പലപ്പോഴും പരാജയപ്പെടുന്നു! നാം പലപ്പോഴും, ഈ കല്പന അനുസരിക്കുന്നില്ല എന്ന വലിയ കുറ്റബോധം ചുമക്കുന്നു! 

ഈ പോസ്റ്റിലും ഇതിനടുത്ത പോസ്റ്റിലുമായി വിശ്വസ്തമായ സുവിശേഷീകരണത്തിന് പൊതുവിൽ തടസ്സമായി നിൽക്കുന്ന [അതോ “ഒഴികഴിവുകൾ” എന്ന് ചിലപ്പോൾ അവയെ വിളിക്കേണ്ടതുണ്ടോ] ചില കാര്യങ്ങൾ കാണുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും എന്നു പ്രത്യാശിക്കാം. ഈ തടസ്സങ്ങളെ മറികടക്കുവാൻ തന്നിൽ ചാരിക്കൊണ്ട് നമ്മുടെ രീതികൾക്കു മാറ്റം വരുത്തുവാൻ ദൈവം ഇടയാക്കുവാൻ ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ, യേശുക്രിസ്തുവിന്റെ വിശ്വസ്ത സാക്ഷികൾ ആകുവാനുള്ള നമ്മുടെ വിളി പൂർത്തീയാക്കുവാൻ നമുക്കു സാധിക്കും.  

എന്നിരുന്നാലും, ഈ പൊതുവായ തടസ്സങ്ങളെ പരിഗണിക്കുന്നതിനു മുൻപ്, സുവിശേഷീകരണത്തിന്റെ ലളിതമായ നിർവ്വചനം നമുക്കു നോക്കാം. മാനസാന്തരപ്പെടുകയും യേശുവിൽ മാത്രം ആശ്രയിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുവാൻ, പാപങ്ങൾക്കു വേണ്ടി മരിക്കുകയും വീണ്ടും ജീവിച്ചെഴുന്നേൽക്കുകയും ചെയ്ത യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ, സ്നേഹത്തോടെയും വിശ്വസ്തതയോടെയുമുള്ള പ്രഖ്യാപനമാണ് സുവിശേഷീകരണം. 

അതുകൊണ്ട്, ഈ നിർവ്വചനം നമ്മുടെ മനസ്സിൽ വച്ചുകൊണ്ട്, നമുക്കു വായിക്കാം. 

1. ഒരു വ്യക്തിയുടെ വികരങ്ങൾ വൃണപ്പെടുത്തുകയും തത്ഫലമായി ബന്ധം നഷ്ടമാകുകയും ചെയ്യുന്നു എന്ന് ഞാൻ ഭയപ്പെടുന്നു. 

ദൈവവുമായി ശത്രുത ഉള്ളവർക്ക് സുവിശേഷസന്ദേശം അവഹേളനമാണ്. എങ്കിലും, സ്നേഹത്തിൽ സത്യം അവതരിപ്പിക്കുവാൻ നാം ശ്രമിക്കണം, ബന്ധം നഷ്ടകാകും എന്ന് ഭയപ്പെടരുത്. അല്ലെങ്കിലും, ഈ ബന്ധം നമുക്കു നൽകിയത് ദൈവമാണ്! അതുകൊണ്ടാണ്, മനുഷ്യരുമായുള്ള നമ്മുടെ ബന്ധം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനു മീതേ വരാതെ നാം സൂക്ഷിക്കേണ്ടത്.

മത്തായി 10:37 “എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.”

2. ഞാൻ എന്റ കാര്യം നോക്കിയാൽ മതി എന്ന് അവർ പറഞ്ഞേക്കാം.

മറ്റുള്ളവരുടെ ആത്മീയ അവസ്ഥ സംബന്ധിച്ച് കരുതൽ ഉണ്ടാകുക എന്നത് ക്രിസ്ത്യാനിയുടെ ജോലിയാണ്. നമ്മുടെ ആത്മീയ അവസ്ഥ തങ്ങളുടെ കാര്യമല്ല എന്നു ചിലർ കരുതിയിരുന്നുവെങ്കിൽ നാം ഇന്ന് എവിടെയാകുമായിരുന്നു എന്നു നമുക്കു ചിന്തിക്കാം! 

ഒരിക്കൽ, ഡി. എൽ. മൂഡി ചിക്കാഗോയിലെ ഒരു തെരുവിലൂടെ നടക്കുമ്പോൾ, മുമ്പിൽ കണ്ട തികച്ചും അജ്ഞാതനായ ഒരു വ്യകതിയുടെ അടുക്കലേയ്കു ചെന്ന് അദ്ദേഹത്തോട്, “സർ, നിങ്ങൾ ഒരു ക്രിസ്ത്യാനിയാണോ?” എന്നു ചോദിച്ചു. “നിങ്ങൾ നിങ്ങളുടെ ജോലി നോക്കണം” എന്നാണ് അതിനു മറുപടി ലഭിച്ചത്. മൂഡി ഉടനടി ഉത്തരം പറഞ്ഞു, “സർ, ഇത് എന്റെ ജോലിയാണ്.”

2 കൊരിന്ത്യർ 5:20 “ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.”

3. എനിക്ക് എവിടെ തുടങ്ങണം എന്ന് അറിയില്ല.

നമുക്ക് എപ്പോഴും നമ്മുടെ സാക്ഷ്യം പറഞ്ഞുകൊണ്ട് ആരംഭിക്കുവാൻ സാധിക്കും യേശു നമുക്കുവേണ്ടി എന്തു ചെയ്തു? ഗരസേന്യദേശത്തെ ഭൂതഗ്രസ്തനായിരുന്ന മനുഷ്യനാട് യേശു അതാണ് കല്പിച്ചത്. 

ലൂക്കോസ് 8:39 അതിന്നു അവൻ: ““നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക” എന്നു പറഞ്ഞു അവനെ അയച്ചു. അവൻ  പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.”

നമ്മുടെ സാക്ഷ്യങ്ങൾ വ്യക്തിപരമാണ്. ആർക്കും അവയെ നിഷേധിക്കുവാൻ സാധ്യമല്ല. ദൈവാത്മാവ് മനസ്സുവച്ചാൽ അവയ്ക് സുശക്തമായ ഫലം ഉണ്ടാക്കുവാൻ കഴിയും!

4. ഞാൻ ഇപ്പോഴും ബൈബിൾ പഠിക്കുകയാണ്. ആളുകൾ ചോദിച്ചേക്കാവുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ എനിക്കറിയില്ല.

ഗരസേന്യദേശത്തെ ഭൂതഗ്രസ്തനായിരുന്ന മനുഷ്യൻ [ലൂക്കോസ് 8:26-39] ബൈബിളിന്റെ കടൂതൽ ഭാഗങ്ങളും അറിഞ്ഞിരുന്നില്ല. എന്നിട്ടും, തന്റെ ജീവിതത്തിനു മാറ്റം വന്ന ഉടൻതന്നെ അവൻ സാക്ഷീകരിക്കുവാൻ ആരംഭിച്ചു [ലൂക്കോസ് 8:39]. ഒരു അവിശ്വാസി ചോദിച്ചേക്കാവുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ നാം ഒരിക്കലും അറിയുകയില്ല. എങ്കിലും, അതു നമ്മെ സാക്ഷീകരണത്തിൽ നിന്നും പിന്തിരിപ്പിക്കരുത്. “എനിക്ക് ഉത്തരം അറിയില്ല. ഞാൻ ഉത്തരം കണ്ടെത്തിയിട്ട് നിങ്ങളോടു പറയാം” എന്നു പറയുന്നതിൽ അപാകതയില്ല.  ആത്മീയമായി സഹായം നൽകുവാൻ സാധിക്കുന്ന ആരോടെങ്കിലും അഭിപ്രായം ചോദിച്ചറിയുക. അതിനുശേഷവും നിങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ സാധിക്കുന്നില്ല എങ്കിൽ, “എനിക്ക് ഉത്തരം അറിയില്ല” എന്നു പറയുന്നതിലും അപാകതയില്ല. എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ അറിഞ്ഞിരിക്കുക എന്നതല്ല സുവിശേഷീകരണം!  

പുതിയ വിശ്വാസികൾ കഴിയുന്നതും ഉടൻതന്നെ സാക്ഷീകരണം  നടത്തണം എന്ന് എപ്പോഴും നിർദ്ദേശിച്ചിരുന്ന ഒരു ചൈനാക്കാരൻ പാസ്റ്റരെക്കുറിച്ച് ഹഡ്‌സൺ ടെയ്ലർ പറഞ്ഞിരിക്കുന്നു. ഒരിക്കൽ, ഒരു പുതിയ വിശ്വാസിയെ കണ്ട പാസ്റ്റർ ചോദിച്ചു, “സഹോദരാ, നിങ്ങൾ രക്ഷിക്കപ്പെട്ടിട്ട് എത്രനാളായി?” “ഏകദേശം മൂന്നു മാസമായി” എന്ന് അയാൾ മറുപടി പറഞ്ഞു. രക്ഷകനുവേണ്ടി നിങ്ങൾ എത്രപേരേ നേടി? എന്ന് ഹഡ്‌സൺ ചോദിച്ചു. 

“അയ്യോ, ഞാൻ പഠിക്കുന്നതേയുള്ളൂ” എന്ന് ആ വിശ്വാസി മറുപടി പറഞ്ഞു. തന്റെ എതിരഭിപ്രായം കാണിക്കുംവിധത്തിൽ തലകുലുക്കിക്കൊണ്ട് ഹഡ്‌സൺ പറഞ്ഞു, “യൗവനക്കാരാ, നിങ്ങൾ എല്ലാം തികഞ്ഞ ഒരു പ്രസംഗകൻ ആകണമെന്ന് കർത്താവ് പ്രതീക്ഷിക്കുന്നില്ല, എന്നാൽ, നിങ്ങൾ വിശ്വസ്തനായ സാക്ഷിയാകണമെന്ന് അവൻ പ്രതീക്ഷിക്കുന്നു. പറയൂ, എപ്പോഴാണ് ഒരു മെഴുകുതിരി പ്രകാശിക്കുവാൻ തുടങ്ങുന്നത് പകുതി കത്തിത്തീരുമ്പോഴാണോ?”

“അല്ല, തിരി കത്തിച്ച ഉടൻതന്നെ” എന്ന് അയാൾ ഉത്തരം പറഞ്ഞു. “അതു ശരിയാണ്. അതുകൊണ്ട്, നിങ്ങളുടെ വെളിച്ചം ഇപ്പോൾമുതൽതന്നെ പ്രകാശിക്കുവാൻ അനുവദിക്കുക.”

5. സുവിശേഷീകരണത്തിൽ കൂടുതൽ ക്രിയാത്മകമായ രീതികൾ എനിക്ക് പഠിക്കേണ്ടതുണ്ട്. അതിനുശേഷം, ഞാൻ സുവിശേഷീകരണം നടത്തും. 

ശരിയാണ്, നമ്മുടെ സുവിശേഷീകരണം മെച്ചപ്പെടുത്തുവാൻ എല്ലായ്പോഴും സാധ്യതകളുണ്ട്. എന്നാൽ, സുവിശേഷീകരണം സംബന്ധിച്ച് നമുക്കുള്ള ചെറിയ അറിവുകളിൽ നാം വിശ്വസ്തരായില്ല എങ്കിൽ, കൂടതൽ രീതികൾ  പഠിച്ചാൽ നാം വിശ്വസ്തരായിരിക്കുമോ? 

ലൂക്കോസ് 16:10 “അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.”

മുകളിൽ പറഞ്ഞിരിക്കുന്ന വാക്യത്തിന്റെ ഏറ്റവും അടുത്ത പ്രായോഗികപാഠം പണത്തിന്റെ കാര്യവിചാരകത്വം സംബന്ധിച്ചുള്ളതാണ് എങ്കിലും, കൂടുതൽ വിശാലമായ ഒരു പ്രായോഗികപാഠം സുവിശേഷീകരണം സംബന്ധിച്ചും ആകാവുന്നതാണ്. 

6. ഞാൻ ഒരു മതഭ്രാന്തനാണ് എന്ന് അവർ കരുതും.

ക്രിസ്ത്യാനി ഈ ലോകത്തിനുള്ളവനല്ല മറിച്ച്, മറ്റൊരു ലോകത്തിനുള്ളവനാണ്. അതുകൊണ്ട്, ഈ ലോകത്തിലുള്ളവർ ക്രിസ്ത്യാനിയെ “വ്യത്യസ്തൻ” ആയി കാണുന്നത് സ്വാഭാവികമാണ്. ഓർക്കുക, ക്രിസ്ത്യാനിയായിത്തീരുന്നതിന് മുൻപുള്ള ജീവിതത്തിൽ ക്രിസ്ത്യാനികൾ ഭ്രാന്തന്മാരാണ് എന്ന് നാമും കരുതിയിരുന്നു! 

1 കൊരിന്ത്യർ 1:18 “ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.”

1 കൊരിന്ത്യർ 4:10 “ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ.”

7. സുവിശേഷീകരണം സഭയിലെ നേതാക്കന്മാരുടെ ഉത്തരവാദിത്വമാണ്. 

അവിശ്വാസികളെ സഭായോഗത്തിലേയ്കോ പ്രത്യേക സുവിശേഷീകരണ പരിപാടിയിലേയ്കോ സുവിശേഷം കേൾക്കുവാൻ ക്ഷണിക്കുന്നത് സുവിശേഷീകരണത്തിനുള്ള ഒരു മാർഗ്ഗമായിരിക്കെതന്നെ, അത് വ്യക്തിപരമായ സാക്ഷീകരണത്തിന് പകരമല്ല. സുവിശേഷം പ്രഘോഷിക്കുന്നതിന് വായ് തുറക്കുവാൻ തന്റെ എല്ലാ അനുയായികളോടും കർത്താവ് കല്പിക്കുന്നു.  ആദിമവിശ്വാസികളുടെ മാതൃക അതുതന്നെയായിരുന്നു.   

അപ്പോ.പ്രവൃത്തികൾ 8:4 “ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.”

8. ഞാനൊരു ബഹിർമുഖനല്ല, അന്തർമുഖനാണ്. ഞാൻ വളരെ ലജ്ജാശീലനും മനുഷ്യരോടു സംസാരിക്കുവാൻ ഭയമുള്ളവനുമാണ്.

ഭയത്തിന്റെ ആത്മാവിനെ മാറ്റിക്കളഞ്ഞ്  ദൈവത്തെക്കുറിച്ചു സംസാരിക്കുവാനുള്ള ശക്തിയാൽ ദൈവം നമ്മെ നിറച്ചിരിക്കുന്നു. 

അപ്പോ. പ്രവൃത്തികൾ 1:8 “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.”

2 തിമൊഥെയൊസ് 1:7-8 “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.”

9. മറ്റുള്ളവരോടു സംസാരിക്കുന്നതിനു പകരം ഞാൻ അവർക്കു വേണ്ടി പ്രാർഥിക്കും. 

സുവിശേഷീകരണത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമാണ് എന്നിരിക്കെതന്നെ നമ്മുടെ വായ് തുറന്നു മറ്റുള്ളവരോട് തന്നെക്കുറിച്ചു പറയുവാൻ കർത്താവ് കല്പിക്കുന്നു. 

ലൂക്കോസ് 24:47 “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽതുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.”

ലൂക്കോസ് 8:39 അതിന്നു അവൻ: ““നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക” എന്നു പറഞ്ഞു അവനെ അയച്ചു. അവൻ  പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.”

നഷ്ടപ്പെട്ടുപോയ വ്യക്തിയെക്കുറിച്ച് നാം നമ്മുടെ വായ് തുറന്ന് കർത്താവിനോടു പറയണം. അതാണ് പ്രാർഥന. എന്നാൽ, നഷ്ടപ്പെട്ടുപോയ വ്യക്തിയോട് നാം വായ് തുറന്ന് കർത്താവിനെക്കുറിച്ചും പറയണം. അതാണ് സുവിശേഷീകരണം. ഒന്ന് ഒന്നിനു പകരമല്ല. 

10. അവർ ശാഠ്യമുള്ളവരാണ്. അവർ ഈ സന്ദേശം സ്വീകരിക്കുമെന്ന് ഞാൻ കരുതുന്നില്ല. 

കഠിനഹൃദയങ്ങളെ സുവിശേഷത്തിന്റെ പ്രഘോഷണത്തിലൂടെ മൃദുഹൃദയങ്ങളാക്കുന്ന ജോലിയിൽ ദൈവം വ്യാപൃതനായിരിക്കുന്നു. 

യിരേമ്യാവു 23:29 “എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.”

അപ്പോസ്തലനായ പൗലോസിനെ ഉദാഹരണമായെടുക്കാം. അദ്ദേഹം സുവിശേഷത്തോടു ചെറുത്തുനിൽക്കുക മാത്രമല്ല, അനേക ക്രിസ്ത്യാനികളെ അവരുടെ വിശ്വാസം നിമിത്തം കൊല്ലുകകൂടി ചെയ്തു. എന്നിട്ടും, ദൈവം അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി! [1 തീമോ. 1:12-16, അപ്പോ. പ്രവർത്തി 26:9-18] ദൈവത്തിന് എന്തു ചെയ്യുവാൻ സാധിക്കുമെന്നത് നാം ഒരിക്കലും കുറവായി നിരൂപിക്കരുത്. നമ്മുടെ ജോലി സത്യത്തെ വിശ്വസ്തമായ അവതരിപ്പിക്കുകയാണ്. അതിന്റെ ഫലം ദൈവത്തിന്റെ കരങ്ങളിലാണ്. 

ഇവയാണ് സുവിശേഷവൽക്കരണത്തിന് 10 പൊതുവായ തടസ്സങ്ങൾ. അടുത്ത പോസ്റ്റിൽ, സുവിശേഷീകരണത്തിന് തടസ്സമായിരിക്കുന്ന കൂടുതൽ തടസ്സങ്ങൾ നാം കാണുന്നതാണ്. അതുവരേയ്കും, മേൽപ്പറഞ്ഞ തടസ്സങ്ങളെ മറികടന്ന് സുവിശേഷം വിശ്വസ്തതയോടെ പ്രഘോഷിക്കുവാൻ കർത്താവ് നമ്മെ സഹായിക്കട്ടെ. 

 

Category

Leave a Comment