ക്രിസ്ത്യാനികൾ കർതൃദിവസം ആചരിക്കേണ്ടതുണ്ടോ?

Posted byMalayalam Editor August 10, 2025 Comments:0

(English Version: “Are Christians Required To Keep The Lord’s Day?”)

“ക്രിസ്ത്യാനികൾ ശബ്ബത്ത് ആചരിക്കേണ്ടതുണ്ടോ?” എന്ന ചോദ്യം ചോദിക്കുകയും തിരുവെഴുത്തുകളെ ആകമാനം കണക്കിലെടത്തുകൊണ്ട് അതിന് ഉത്തരം കണ്ടെത്തുകയുമാണ് നാം കഴിഞ്ഞ പോസ്റ്റിൽ ചെയ്തത്.

പുതിയ ഉടമ്പടിയുടെ കീഴിൽ ജീവിക്കുന്ന ക്രിസ്ത്യാനികൾ ആഴ്ചയിലെ ഏഴാം ദിനമായ ശനിയാഴ്ചയിലെ ശബ്ബത്ത് പാലിക്കേണ്ട ആവശ്യമില്ല എന്ന നിഗമനത്തിലാണ് ആ പോസ്റ്റിൽ നാം എത്തിച്ചേർന്നത്. അത്തരത്തിലൊരു നിഗമനം നമ്മെ ന്യായമായും നയിക്കുന്നത് കർതൃദിവസം എന്നു വിളിക്കപ്പെടുന്ന ഞായറാഴ്ചയുമായി ക്രിസ്ത്യാനികൾക്കുള്ള ബന്ധം എന്താണ് എന്ന ചോദ്യത്തിലേയ്കാണ്.  അത് നാം ആചരിക്കേണ്ടതുണ്ടോ? അപ്രകാരം ഒരു കല്പനയുണ്ടോ? 

ചുരുക്കത്തിൽ ഉത്തരം ഇതാണ്: ന്യായപ്രമാണം അനുസരിക്കുക എന്ന അർഥത്തിൽ കർതൃദിവസം ആചരിക്കുവാൻ ക്രിസത്യാനികൾ കല്പിക്കപ്പെട്ടിട്ടില്ല എങ്കിലും ബൈബിളിലും സഭാചരി്ത്രത്തിലും കാണുന്നപ്രകാരം കർതൃദിവസത്തെ കർത്താവിനോടും അവന്റെ ജനത്തോടുമുള്ള സ്നേഹത്തിൽ ആചരിക്കുക എന്നതാണ് ആദിമ സഭയിലെ മാതൃകകൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വിശ്വാസികൾ ഒരു ശരീരമായി കർതൃദിവസത്തിൽ ദൈവത്തെ ആരാധിക്കുക എന്നത് നിയമം അനുസരിക്കണമെന്ന നിർബന്ധം മൂലമല്ല, മറിച്ച് സ്നേഹം മൂലമാണ്. 

മുകളിൽ പരാമർശിച്ച കാഴ്ചപ്പാടിനെ പിന്തുണയ്കുന്നതായിരിക്കും ഈ പോസ്റ്റ്. 

1. ബൈബിളിൽ നിന്നുള്ള ഉദാഹരണങ്ങൾ 

കർതൃദിനമെന്നും വിളിക്കുന്ന ആഴ്ചയിലെ ഒന്നാംദിനമായ ഞായറാഴ്ച ദിനത്തിന് സഭയുടെ ആരാധനയുടെ ദിവസമായി മുൻഗണന നൽകിയതിന് ബൈബിളിൽ നിന്നുമുള്ള 6 ഉദാഹരണങ്ങൾ താഴെ നിരത്തിയിരിക്കുന്നു. 

1. കർത്താവ് മരണത്തിൽ നിന്നും ഞായറാഴ്ച ദിവസം ഉയിർത്തെഴുന്നേറ്റു.

മത്തായി നമ്മോട് ഇപ്രകാരം പറയുന്നു, “ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു. പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. 28:5 ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; 6 അവൻ  ഇവിടെ ഇല്ല; താൻ  പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ  കിടന്ന സ്ഥലം വന്നുകാണ്മിൻ” [മത്തായി 28:1-2, 5-6]. അതുതന്നെ, ലൂക്കോസ് 24:1-7 നമ്മോടു പറയുന്നു. യേശു മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റത് ഞായറാഴ്ചയാണ്. അതുകൊണ്ട്, അത് ക്രിസ്ത്യാനികൾക്ക് വിശേഷപ്പെട്ട ദിനമാണ്. 

2. ഉയിർത്തെഴുന്നേറ്റ കർത്താവായ യേശു തന്റെ ശിഷ്യന്മാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ച ഞായറാഴ്ചയായിരുന്നു.

എമ്മാവൂസിലേയ്ക് യാത്ര പോയ 2 ശിഷ്യന്മാരെ  യേശു എതിരേറ്റതിനെക്കുറിച്ച് ലൂക്കോസ് 24:13-15 പറയുന്നു, “ലൂക്കോസ് അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു. സംസാരിച്ചും തർക്കിച്ചുംകൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നുനടന്നു.”

യേശു അവരോട് സംസാരിക്കുകയും പിന്നീട്, അവരോടു ചേർന്ന് അപ്പം മുറിക്കുകയും ചെയ്തപ്പോൾ അവരുടെ കണ്ണുകൾ തുറന്നു, അവർ യേശുവിനെ തിരിച്ചറിഞ്ഞു. അവർ ഇപ്രകാരമാണ് പറഞ്ഞത്, “അവൻ  വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു” [ലൂക്കോസ് 24:32]. പഴയ നിയമത്തിൽ നിന്നും ഹൃസ്വമായ ഒരു ബൈബിൾ സ്റ്റഡിയാണ് യേശു അവർക്കു നൽകിയത്. അതൊരു ഗംഭീരമായ പഠനംതന്നെയായിരുന്നു!

ഈ 2 പുരുഷന്മാർക്കു മാത്രമല്ല, അപ്പോസ്തലന്മാർ 11 പേരിൽ ഭൂരിഭാഗം പേർക്കും പ്രത്യക്ഷപ്പെട്ടത് ഞായറാഴ്ചയാണ് എന്നും ലൂക്കോസ് നമ്മോടു പറയുന്നു: “ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ  അവരുടെ നടുവിൽനിന്നു: (“നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു)” [ലൂക്കോസ് 24:36].

3. സഭയുടെ ജനനം ഞായറാഴ്ചയായിരുന്നു.

സഭയുടെ ആരംഭദിവസം  എന്തു സംഭവിച്ചു എന്ന് അപ്പോസ്തലപ്രവർത്തികൾ 2 നമ്മോടു പറയുന്നു. ആഴ്ചയിലെ ഏതു ദിവസമായിരുന്നു അത് എന്നതിന്റെ സൂചന ഒന്നാമത്തെ വാക്യം നൽകുന്നുണ്ട്, “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” [അപ്പോസ്തലപ്രവർത്തികൾ 2:1]. പെസഹയ്ക് 50 ദിവസത്തിനു ശേഷമാണ് പെന്തക്കോസ്ത് [വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച വൈകുന്നേരം വരെ]. അതായത്, 50 ദിവസം കഴിഞ്ഞ് ഞായറാഴ്ചയായിരുന്നു. സഭയുടെ ആരംഭദിനം ഞായറാഴ്ചയായിരുന്നു. 

4. ആദിമ സഭ ആരാധനയ്കായി ഒരുമിച്ചുകൂടിയത് ഞായറാഴ്ചയായിരുന്നു.

ആദിമ സഭ അതിന്റെ ആരംഭഘട്ടത്തിൽ ആരാധനയ്കായി എല്ലാ ദിവസവും കൂടിവന്നിരുന്നു [അപ്പോസ്തലപ്രവർത്തികൾ 2:46]. എന്നിരുന്നാലും, കുറെനാളുകൾക്കുശേഷം, അവർ ഞായറാഴ്ചകളിൽ ഒരുമിച്ചുകൂടി.  അപ്പോസ്തലപ്രവർത്തികൾ 20:7 ഇത് നമുക്കായി രേഖപ്പെടുത്തുന്നു, “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ…”

5. ഞായറാഴ്ച സഭ ഒരുമിച്ചുകൂടിയപ്പോഴാണ് ശേഖരം നടത്തിയത്.

യെരൂശലേമിലെ ദരിദ്രരായ വിശ്വാസികൾക്കു വേണ്ടിയുള്ള ശേഖരം നടത്തുന്നതു സംബന്ധിച്ച് കൊരിന്തിലുള്ള വിശ്വാസികൾക്ക് എഴുതുമ്പോൾ പൗലോസ് ഇപ്രകാരം പറയുന്നു, “ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം” [1 കൊരിന്ത്യർ 16:2]. ഞായറാഴ്ച സഭ ഒരുമിച്ചുകൂടിയപ്പോൾ ശേഖരം നടത്തിയതായി കാണപ്പെടുന്നു. 

6. ഞായറാഴ്ചയാണ് ബൈബിൾ പൂർത്തിയായത്.

ബൈബിളിലെ അവസാനത്തെ പുസ്തകമാണ് വെളിപ്പാട്. എഴുതി വയ്കുവാനും മറ്റു സഭകൾക്ക് കൈമാറ്റം ചെയ്യുവാനുമായി 12 അപ്പോസ്തലന്മാരിൽ ഒരുവനായ യോഹന്നാന് എ ഡി 95-ൽ നൽകപ്പെട്ടതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. രസകരമെന്നു പറയട്ടെ, യോഹന്നാന് ഈ വെളിപ്പാട് കർത്താവ് നൽകിയത് ഞായറാഴ്ചയാണ്, അത് ഇന്നുവരേയും കർതൃദിവസം എന്ന് അറിയപ്പെടുന്നു. 

വെളിപ്പാടു 1:9-11 ഇപ്രകാരം വായിക്കുന്നു: “നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി: നീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ; പെർഗ്ഗമൊസ്, തുയഥൈര, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു.”

അതായത്, സഭയായി ആരാധിക്കുന്നതിന് ഞായറാഴ്ചയ്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത കാണിക്കുന്ന 6 ഉദാഹരണങ്ങൾ ബൈബിളിൽ നിന്ന് നാം കണ്ടു. 

ബൈബിളിൽ നിന്നുള്ള 6 ഉദാഹരണങ്ങൾ കൂടാതെ, ആദിമ സഭ ഞായറാഴ്ച കർതൃദിനമായി ആചരിക്കുന്നത് സംബന്ധിച്ച് ആദിമ സഭാനേതാക്കന്മാരുടെ എഴുത്തുകളിൽ നിന്നും 6 ഉദാഹരണങ്ങളും രേഖകളായി നമുക്കുണ്ട്.  

II. സഭാചരിത്രത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ 

1. ആദിമ സഭയിലെ നേതാവായിരുന്ന ജസ്റ്റിൻ മാർട്ടയറിന്റെ വാക്കുകൾ: 

“ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജീവിക്കുന്ന എല്ലാവരും ഞായറാഴ്ച എന്നു വിളിക്കപ്പെടുന്ന ദിവസം ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി സമയം അനുവദിക്കുന്നിടത്തോളം അപ്പോസ്തലന്മാരുടെ ഓർമ്മക്കുറിപ്പുകളോ പ്രവാചകന്മാരുടെ എഴുത്തുകളോ വായിക്കുന്നു… അന്ധകാരത്തിനും പദാർഥത്തിനും മാറ്റം വരുത്തി ദൈവം ലോകത്തെ സൃഷ്ടിക്കുകയും നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ഒന്നാമത്തെ ദിനമാണത്” [First Apology of Justin, Weekly Worship of the Christians, ch. 68, 150 AD].

2. സഭാചരിത്രകാരനായ ഫിലിപ്പ് സ്കാഫിന്റെ വാക്കുകൾ: 

“ക്രിസ്തുവിന്റെ ഉയിർപ്പിന്റെ ഓർമ്മയായി കർതൃദിവസം ആചരിക്കുന്നത് അപ്പോസ്തോലിക കാലം മുതൽ ആരംഭിച്ചതാണ്. രണ്ടാം  നൂറ്റാണ്ടിലെ സഭകളിലെ സാർവ്വത്രികമായ മതാചാരത്തിന് അപ്പോസ്തോലിക മാതൃകയാണ് കാരണമായത്. അതിൽ വിയോജിപ്പില്ല. അപ്പോസ്തോലന്മാർക്കു  ശേഷമുള്ള ആദ്യകാല എഴുത്തുകാരായ ബർണബാസ്, ഇഗ്നേഷ്യസ്, ജസ്റ്റിൻ മർട്ടയർ എന്നിവരുടെ സാക്ഷ്യങ്ങൾ ഈ ആചാരം സ്ഥിരീകരിക്കുന്നു” [History of the Christian Church, Vol 1, pgs. 201-22].

സ്കാഫ് തുടർന്നു പറയുന്നു,  “വീണ്ടെടുപ്പ് പൂർത്തിയാക്കിയ പുനരുദ്ധാനത്തിന്റെ പ്രത്യേക സ്മരണയായും  ഞായറാഴ്ച ആരാധനയ്കുള്ള ദിവസമായും ആചരിക്കപ്പെട്ടു എന്നത് പുതിയ നിയമത്തിൽ നിന്നുതന്നെ കാണാവുന്നതാണ്. രണ്ടാം നൂറ്റാണ്ടിലെ സാർവത്രികവും എതിർക്കപ്പെടാത്തതുമായ ഞായറാഴ്ച ആചരണത്തെ വിശദീകരിക്കുക സാധ്യമാകുന്നത് അതിന്റെ വേരുകൾ അപ്പസ്തോലിക സമ്പ്രദായത്തിൽ ഉള്ളതിനാൽ മാത്രമാണ്” [pg. 478-479].

മുകളിൽ നൽകപ്പെട്ട ഉദ്ധരണികൾക്കു പുറമെ, അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനും അന്ത്യോക്യയിലെ ബിഷപ്പുമായിരുന്ന ഇഗ്‌നേഷ്യസ് രണ്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഇപ്രകാരം എഴുതി, “ ക്രിസ്തുവിന്റെ എല്ലാ സുഹൃത്തുക്കളും കർതൃദിവസം ഒരു ഉത്സവമായും പുനരുദ്ധാന ദിവസമായും മറ്റെല്ലാദിനങ്ങളുടെയും മകുടവും മുഖ്യമായതുമായി ആചരിക്കട്ടെ.”

ബൈബിളിൽ നിന്നും ആദിമ സഭാനേതാക്കന്മാരുടെ എഴുത്തുകളിൽ നിന്നും നമുക്ക് ഉദാഹരണങ്ങൾ ഉള്ളതിനാൽ, കർതൃദിവസം സഭയായി ആരാധിക്കുന്നതിന്റെ പ്രാധാന്യം നമുക്ക് നിശ്ചയമായി നിർണ്ണയിക്കാവുന്നതാണ്. 

സമാപന ചിന്തകൾ.

എബ്രായർ 10:24-25 ഇപ്രകാരം പറയുന്നു: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” നാം പതിവായി ഒരുമിച്ചുകൂടുന്നില്ല എങ്കിൽ പരസ്പരം പ്രബോധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എങ്ങനെ സാധിക്കും? 

കൊലൊസ്സ്യർ 3:16 പറയുന്നു, “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്ക.” വീണ്ടും, ഒരുമിച്ചു കൂടുന്നതിലൂടെ മാത്രമാണ് ഈ കല്പനയും അനുസരിക്കുവാൻ സാധിക്കുന്നത്. 

ഉവ്വ്, ഞായറാഴ്ചകളിൽ ഒരുമിച്ചുകൂടിയാൽ മാത്രമേ ഈ കല്പനകൾ അനുസരിക്കുക സാധ്യമാകൂ എന്ന് ഈ വാക്യങ്ങൾ സ്പഷ്ടമാക്കുന്നില്ല. എന്നിരുന്നാലും, നമുക്ക് എല്ലാ ദിവസങ്ങളിലും ഒരുമിച്ചു കൂടുക സാധ്യമല്ല. സാധിക്കുമോ? അതുകൊണ്ട്, നമുക്ക് മുൻപ് കടന്നുപോയ വിശ്വാസികളുടെ മാതൃകപ്രകാരം ആഴ്ചയിൽ ഒരിക്കലെങ്കിലും, കർതൃദിവസത്തിൽ ഒരുമിച്ചുവന്നുക്കൂടേ?  

ഒരുവന് ഈ പോസ്റ്റ് വായിക്കുകയും അതോടൊപ്പംതന്നെ, ഞായറാഴ്ച ഒരുമിച്ചുകൂടുന്നതിന്റെ ആവശ്യകത സംബന്ധിച്ച് തർക്കിക്കുകയും ചെയ്യാം. അത്തരം വാദം ഉന്നയിക്കുന്നവരോടുള്ള എന്റെ പ്രതികരണം ലളിതമാണ്: മറ്റ് വിശ്വാസികളോടൊപ്പം ആരാധിക്കുന്നതു സംബന്ധിച്ച് തടസ്സം ഉന്നയിക്കുന്നതിന്റെ യഥാർഥ കാരണം എന്താണ്? അത് മറ്റ് പ്രവൃത്തികൾക്ക് തടസ്സമാകും എന്ന കാരണത്താലാണോ? ഒരു പ്രാദേശിക സഭയുടെ ഭാഗമാകുന്നതിലുള്ള വിമുഖത കാരണമാണോ? സഭയിൽ പോകുന്നതിൽ നിന്നും നിങ്ങളെ തടയുന്നത് മോശമായ അനുഭവങ്ങളാണോ? എതിർപ്പുകൾ ഉന്നയിക്കുന്നതിനു മുൻപ് തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ തങ്ങളുടെ ഹൃദയത്തെ പരിശോധിക്കുകയും താഴ്മയോടെ തങ്ങളുടെ  പ്രചോദനങ്ങളെ ആരാഞ്ഞറിയുകയും ചെയ്യുവാൻ എതിർക്കുന്നവരോട് ഞാൻ അപേക്ഷിക്കുന്നു. 

ക്രിസ്ത്യാനികൾ ഏകാന്ത ജീവിതം നയിക്കേണ്ടവരല്ല. വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവർ തങ്ങളുടെ പ്രാദേശിക സഭകൾക്ക് വളരെ കുറച്ച് മുൻഗണന മാത്രം നൽകുകയും [മറ്റ് ക്രിസ്തീയ സംഘടനകളുടെ] പ്രവർത്തനങ്ങൾക്ക് നൽകുവാൻ ധാരാളം സമയം കണ്ടെത്തുകയും ചെയ്യുന്ന ഈ കാലത്ത്, യേശുവിന്റെ രക്തത്താൽ വിലയ്കു വാങ്ങപ്പെട്ട സഭയ്ക് വലിയ മുൻഗണന നൽകുന്ന ബൈബിളിലേയ്കു തിരികെ പോകേണ്ടിയിരിക്കുന്നു [അപ്പോസ്തല പ്രവർത്തികൾ 20:28]!

കർതൃദിവസത്തിൽ വിശ്വാസികൾ  ഒരുമിച്ചു കൂടിവരേണ്ടതാണ്. അത് നിയമാനുസരണത്തിന്റെ മനോഭാവത്തിൽ നിന്നുമല്ല മറിച്ച്, കർത്താവിനോടും അവന്റെ ജനത്തോടുമുള്ള സ്നേഹത്തിൽ നിന്നും ഉളവാകേണ്ടതാണ്.  വിശ്വാസികൾ എന്ന് പറയുന്ന പലരും കർതൃദിവസത്തെ ഹാജറിന്റെ കാര്യത്തിൽ അസ്ഥിരതയുള്ളവരാണ്. അത് സങ്കടകരംതന്നെ! ആഴ്ചയിൽ ഒരു ദിവസം രണ്ടുമണിക്കൂർ അഥവാ അതിൽ അൽപം കൂടുതൽ ചിലവഴിക്കുന്നത് വിശ്വാസിയ്ക് പ്രയാസമുളവാക്കരുത്. “സഭായോഗത്തിൽ പങ്കെടുക്കുന്നതുകൊണ്ട്എനിക്ക് എന്തു ലഭിക്കും?” എന്ന് ചോദിക്കുന്നതിനു പകരം, “സഭയിൽ പങ്കെടുക്കുന്നതിലൂടെ എനിക്ക് എന്ത് നൽകുവാൻ സാധിക്കും?” എന്നു ചോദിക്കുക. അത് സമൂലമായ മാറ്റം ഉളവാക്കും. അത്തരം ഒരു മനോഭാവം കർത്താവിനോടുള്ള നമ്മുടെ സ്നേഹം മാത്രമല്ല, മറ്റുള്ളവർക്ക് അനുഗ്രഹമായിത്തീരുവാൻ ശ്രമിക്കുന്നതിലൂടെ മറ്റുള്ളവരോടുള്ള സ്നേഹവും വെളിപ്പെടുത്തുന്നില്ലേ? കർതൃദിവസത്തിൽ ആരാധിക്കുന്നതിൽ നിന്നും വിശ്വാസികളെ തടയുന്ന പ്രശ്നങ്ങളെയാണ് അടുത്ത പോസ്റ്റ് (Post) പ്രതിപാദ്യവിഷയമാക്കിയിരിക്കുന്നത്. കർതൃദിവസത്തിൽ കർത്താവിനെ ആരാധിക്കുന്നതിന് എങ്ങനെ ഫലകരമായി പ്ലാൻ ചെയ്യുവാൻ സാധിക്കും എന്നതാണ് അതിനടുത്ത പോസ്റ്റ് (Post) ആധാരമാക്കിയിരിക്കുന്ന വിഷയം.

Category

Leave a Comment