കർതൃദിനത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്ന രീതിയിൽ സഭായോഗത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ

Posted byMalayalam Editor August 10, 2025 Comments:0

(English Version: “Practical Suggestions On Attending Church In A God-Glorifying Manner On The Lord’s Day”)

“ശബ്ബത്തും കർതൃദിവസവും” എന്ന പരമ്പരയിലെ നാലാമത്തേതും അവസാനത്തേതുമായ പോസ്റ്റാണിത്. “ശബ്ബത്ത് പാലിക്കുവാൻ ക്രിസ്ത്യാനികൾ ബാധ്യസ്ഥരാണോ?” എന്ന ചോദ്യമാണ് ഒന്നാമത്തെ പോസ്റ്റിൽ പരാമർശിച്ചത്. രണ്ടാമത്തെ പോസ്റ്റിലെ പരാമർശന വിഷയം “ക്രിസ്ത്യാനികൾ കർതൃദിവസം ആചരിക്കേണ്ടതുണ്ടോ?” എന്ന ചോദ്യമായിരുന്നു. “കർതൃദിവസം സഭയിൽ പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന പൊതുവായ ചില പ്രശ്നങ്ങൾ” എന്ന വിഷയമാണ് മൂന്നാമത്തെ പോസ്റ്റിൽ നാം പരിഗണിച്ചത്. 

കർതൃദിനത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്ന രീതിയിൽ സഭായോഗത്തിൽ പങ്കെടുക്കുന്നതിന് സഹായകരമാകുന്ന പ്രായോഗിക നിർദ്ദേശങ്ങളാണ് ഈ പോസ്റ്റിൽ നാം കാണുവാൻ പോകുന്നത്. തയ്യാറെടുക്കൽ, പങ്കെടുക്കൽ എന്നിങ്ങനെ 2 വിശാലമായ വിഭാഗങ്ങളായി അവയെ ഞാൻ വിഭജിച്ചിരിക്കുന്നു.

I.തയ്യാറെടുക്കൽ

പലപ്പോഴും, കർതൃദിനത്തിൽ കർത്താവിനെ ആരാധിക്കുന്നതിനുള്ള തയ്യാറെടുക്കൽ സഭായോഗം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പാണ് ആരംഭിക്കുന്നത്. ഇത് ആകെ അലങ്കോലമായ അവസ്ഥയിലേയ്കു നയിക്കുന്നു. എന്നാൽ, ശനിയാഴ്ച വൈകുന്നേരമോ രാത്രിയോ അല്ലെങ്കിൽ കുറെക്കൂടെ നേരത്തെയോ തയ്യാറായിക്കൊണ്ട് ഞായറാഴ്ച രാവിലെകളിൽ ഫലകരമായി കർത്താവിനെ ആരാധിക്കുവാൻ നമുക്കു സാധിക്കും. 

അതുകൊണ്ട്, ശനിയാഴ്ച വൈകുന്നേരം/ രാത്രിയിൽ ചെയ്യുവാൻ നാം പരിഗണിക്കേണ്ട 10 കാര്യങ്ങൾ താഴെ കൊടുക്കുന്നു. 

1. ഉചിതമായ സമയത്ത് ഉറങ്ങാൻ പോകുക.

ഇത് ചെയ്യുന്നതിനേക്കാൾ എളുപ്പം പറയുന്നതാണ്. നിർബന്ധിതവും മത്സരപരവുമായ പല ആകർഷണങ്ങൾ രാത്രി വളരെ വൈകിയും ഉണർന്നിരിക്കുവാൻ നമ്മെ ഇടയാക്കുന്നു [ഉദാഹരണം, ടി വി, ഇന്റർ നെറ്റ്, സ്പോർട്‌സ്, ഒത്തുചേരലുകൾ എന്നിവ]. എന്നാൽ, നമ്മുടെ ശരീരങ്ങൾക്ക് മതിയായ അളവിൽ വിശ്രമം ആവശ്യമാണ് എന്നതാണ് യാഥാർഥ്യം. സമയത്ത് ഉറങ്ങാൻ പോകുന്നത് നമ്മുടെ ശരീരങ്ങൾക്ക് മതിയായ വിശ്രമം നൽകിക്കൊണ്ട് സഭായോഗത്തിനായി നമ്മെ തയ്യാറാക്കുമെന്നു മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ ക്ഷീണം കാരണം സഭായോഗം ഒഴിവാക്കുന്നതിനുള്ള പ്രലോഭനത്തെയും ഇല്ലാതാക്കുന്നുണ്ട്. 

2. ഞായറാഴ്ച രാവിലെ ഉപയോഗിക്കുന്നതിനുള്ള വസ്ത്രങ്ങൾ തയ്യാറാക്കിവയ്കുക.

ശനിയാഴ്ച രാത്രിയിൽ അഞ്ചോ പത്തോ മിനിറ്റ് ആയാസരഹിതമായി ചിലവഴിക്കുന്നത് ഞായറാഴ്ച രാവിലെ അനാവശ്യ ടെൻഷൻ ഒഴിവാക്കുന്നതിന് സഹായകരമാകും. 

3. വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്നത് ഉറപ്പാക്കുക.

സഭയിലേയ്കു പോകുന്ന വഴി പെട്രോൾ പമ്പിൽ കയറി ഇന്ധനം നിറയ്കുന്നത് ഏതാനം മിനിറ്റുകൾ മാത്രം ആവശ്യമായ സംഗതിയാണ്. എന്നാൽ, ഒരുവൻ അതിനോടകംതന്നെ വൈകിയിരിക്കുന്നു എങ്കിൽ ആ സാഹചര്യം കൂടുതൽ കുഴപ്പം സൃഷ്ടിക്കും. ഇനി, വാഹനം പെട്രോൾ പമ്പ് വരെ എത്തുന്നതിനു മുൻപ് ഇന്ധനം തീർന്നുപോയി എങ്കിലോ? 

4. ചെക്ക് എഴുതുക.

സ്തോത്രകാഴ്ച ചെക്കായിട്ട് നൽകുന്ന പതിവാണ് നിങ്ങൾക്കുള്ളതെങ്കിൽ, അത് നേരത്തേ തയ്യാറാക്കി വയ്കുന്നത് നല്ലതാണ്. 

5. കുഞ്ഞുകുട്ടികൾ ഉണ്ടെങ്കിൽ ആവശ്യമായ ഡയപ്പറും വസ്ത്രങ്ങളും തയ്യാറാക്കിവയ്കുക

കുട്ടികളുടെ ആവശ്യങ്ങൾ മതിയാംവണ്ണം നടക്കുന്നു എന്നത് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

6. നിങ്ങൾ പ്രസംഗ/അധ്യാപന ശുശ്രൂഷ ചെയ്യുന്നയാളാണ് എങ്കിൽ ആവശ്യമായ എല്ലാ സാമഗ്രികളും ക്രമീകരിച്ചുവയ്കുക.

പ്രധാന പദം “ക്രമീകരിക്കുക”എന്നതാണ്, തയ്യാറാക്കുക എന്നതല്ല. തയ്യാറാക്കൽ നേരത്തേതന്നെ നടന്നുകഴിഞ്ഞിരിക്കണം. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ശീലമുള്ള ഒരുവൻ പ്രസ്തുത ഉപകരണത്തിന് എന്തെങ്കിലും തകരാർ വന്നാൽ ഉപയോഗിക്കുന്നതിന് അതോടൊപ്പം ഒരു പേപ്പർ കോപിയും സൂക്ഷിക്കുന്നത് നല്ലതാണ് [ഉദാഹരണം, IPAD]. ശുശ്രൂഷയുടെ മധ്യത്തിൽവച്ച് ബാറ്ററിയുടെ ചാർജ്ജ് തീർന്നുപോകാതിരിക്കേണ്ടതിന് ഉപകരണത്തിന്റെ ബാറ്ററി ചാർജ് ചെയ്തുവയ്കേണ്ടതും ആവശ്യമാണ്. 

7. സംഗീത ശുശ്രൂഷയിലാണെങ്കിൽ സംഗീത ഉപകരണങ്ങൾ തയ്യാറാക്കി വയ്കുക

പാട്ടുകളുടെ പകർപ്പും സംഗീത ഉപകരണങ്ങളും തലേന്നുതന്നെ തയ്യാറാക്കുക.

8. പ്രഭാതഭക്ഷണത്തിനു വേണ്ട കാര്യങ്ങൾ തയ്യാറാക്കുക, ആവശ്യമെങ്കിൽ ഉച്ചഭക്ഷണവും ഒരുക്കുക.

ഭക്ഷണം ഒരു വലിയ പ്രശ്നമാണ്. എന്താണ് കഴിക്കേണ്ടത് എന്നും അത് പാചകം ചെയ്യുവാൻ എത്ര സമയം ആവശ്യമാണ് എന്നതും പലപ്പോഴും പ്രയാസം സൃഷ്ടിക്കുന്നു. എന്നാൽ, ചെയ്യേണ്ട കാര്യങ്ങൾ തലേന്നു രാത്രിയിൽതന്നെ ചെയ്തുവയ്കുന്നതിലൂടെ ഒരുവന് പ്രയാസങ്ങൾ ഒഴിവാക്കാവുന്നതാണ്. 

9. സഭയിൽ ഭക്ഷണം പങ്കുവയ്കുന്ന പതിവുണ്ടെങ്കിൽ അതിനായി തയ്യാറെടുപ്പ് നടത്തുക.

നിങ്ങളുടെ സഭയിൽ ഭക്ഷണം ഒരുമിച്ച് ശേഖരിച്ച് പങ്കുവയ്കുന്ന പതിവുണ്ടെങ്കിൽ, നിങ്ങളുടെ കുടുംബത്തിന് ആവശ്യമായ അളവിനേക്കാൾ അൽപം കൂടുതൽ ഭക്ഷണം കൊണ്ടുപോകുക [അവിവാഹിതരായവർക്കു വേണ്ടി]! അങ്ങനെ മറ്റുള്ളവർക്കു ഭാരമാകാതെ അവർക്ക് അനുഗ്രഹമായിത്തീരുവാൻ ഒരുവനു സാധിക്കും! 

10. രാത്രിയിൽ കിടക്കയിലേയ്കു പോകുന്നതിനു മുൻപ് ബൈബിൾ വായനയിലും പ്രാർഥനയിലും സമയം ചിലവഴിക്കുക.

ക്രിസ്ത്യാനിയുടെ 3 ശത്രുക്കളായ “ലോകം”, “ജഡം”, “പിശാച്” എന്നു വിളിക്കപ്പെടുന്ന നമ്മിലുള്ള പാപപ്രകൃതം, ദൈവിക കാര്യങ്ങളെ പോരാട്ടം കൂടാതെ പിന്തുടരുവാൻ നമ്മെ അനുവദിക്കുമെന്നു കരുതുന്നത് ബുദ്ധിശൂന്യതയാണ്. ആ പോരാട്ടങ്ങളെ നാം പ്രതീക്ഷിക്കുന്നതോടൊപ്പം തിരുവെഴുത്തുകളെ ധ്യാനിക്കുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ട് അവയോടു പ്രതികരിക്കുകയും ചെയ്യേണ്ടതാണ്. 

പാപങ്ങളുടെ ഏറ്റുപറച്ചിലിന്റെയും സ്തുതിയുടെയും ശേഷം നമ്മുടെ പ്രാർഥനകൾ ഉണ്ടായിരിക്കണം. നമ്മുടെ ഹൃദയങ്ങളിൽ കയ്പ് വച്ചുകൊണ്ട് കർത്താവിന്റെ ഭവനത്തിലേയ്ക് നാം എത്തുന്നില്ല എന്നതും നാം ഉറപ്പാക്കണം. അത് നമ്മുടെ ആരാധനയ്ക് തടസ്സമാകുന്നു [മത്തായി 5:23-24, മർക്കോസ് 11:25]. പാപകരമായ ഹൃദയത്തോടെ ആരാധിക്കുകയും കർതൃമേശയിൽ പങ്കെടുക്കുകയും ചെയ്യുന്നത് ഗൗരവതരമായ പരിണിതഫലം ഉണ്ടാക്കും[1 കൊരിന്ത്യർ 11:27-31]!

ഇത് ഒരു ആത്മീയ പോരാട്ടമാണെന്ന് നാം ഓർക്കേണ്ടത് ആവശ്യമാണ്. അതിനാലാണ് മതിയായ തയ്യാറെടുപ്പ് അനിവാര്യമായിരിക്കുന്നത്! അവധിക്കാലങ്ങളിൽപോലും ദൈവജനത്തോടൊപ്പം കർത്താവിനെ ആരാധക്കേണ്ടതിന് ബൈബിൾ പ്രഘോഷിക്കുന്ന ഒരു പ്രാദേശിക സഭയിൽ പങ്കെടുക്കുന്നതിന് ക്രമീകരണങ്ങൾ മുന്നമേതന്നെ നടത്തുക. 

ശനിയാഴ്ച ചെയ്തിരിക്കേണ്ട 10 കാര്യങ്ങൾ കണ്ട ശേഷം, ഇനി ഞായറാഴ്ച രാവിലെ ചെയ്യേണ്ട ഏതാം കാര്യങ്ങൾക്കൂടി  നമുക്കു പരിഗണിക്കാം. 

6 ഞായറാഴ്ച രാവിലെ ചെയ്യുന്നതിന് പരിഗണിക്കേണ്ട കാര്യങ്ങൾ. 

1. ഉചിതമായ സമയത്ത് ഉറക്കമുണർന്ന് എഴുന്നേൽക്കുക. 

നേരത്തേ ഉറങ്ങാൻ കിടന്നാൽ പോലും കൂടുതൽ ഉറങ്ങുന്നതിനുള്ള പ്രലോഭനം എല്ലായ്പോഴും ഉണ്ടായിരിക്കും. പഴയ ശീലങ്ങൾ വേഗത്തിൽ ഇല്ലാതാകുകയില്ല. അതിനാലാണ് നാം സഹായത്തിനു വേണ്ടി പ്രാർഥിക്കുകയും അലാം കേൾക്കുമ്പോൾ എഴുന്നേൽക്കുകയും ചെയ്യേണ്ടത്!

2. ഉന്മേഷം ലഭിക്കുവാൻ കുളിക്കുക. 

ഉയിർത്തെഴുന്നേറ്റ രാജാവായ യേശുവിനെ ആരാധിക്കുവാൻ വരുമ്പോൾ ശാരീരികമായും മാനസികമായും ഉന്മേഷത്തോടെ ഇരിക്കുന്നത് നല്ലതാണ്!

3. ബൈബിൾ വായനയിലും പ്രാർഥനയിലും സമയം ചിലവഴിക്കുക.

ശാരീരികമായി മാത്രമല്ല ആത്മീയമായും ഉന്മേഷത്തോടെയിരിക്കണം [അടുത്ത ആശയം കാണുക]. ദൈവത്തിന്റെ വചനത്തിൽ സമയം ചിലവഴിക്കുന്നതും സഭയിൽ ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുവാൻ ആത്മാർഥമായി പ്രാർഥിക്കുന്നതും വളരെ പ്രധാനമാണ്. ശുശ്രൂഷ ചെയ്യുന്നവർക്കായും താഴ്മയുള്ള ഹൃദയങ്ങളോടെ കേൾക്കുവാൻ ആളുകളെ ദൈവം കൊണ്ടുവരുന്നതിനുമായി പ്രാർഥിക്കുന്നത് നല്ലതാണ്. നഷ്ടപ്പെട്ടു പോയവർ വന്ന് സുവിശേഷം കേൾക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിനും പ്രാർഥിക്കുന്നത് അതുപോലെതന്നെ നന്നാണ്. 

4. നല്ല പ്രഭാതഭക്ഷണം കഴിക്കുക.

ശൂന്യമായ വയറ് [ഒരാൾ ഉപവസിക്കുകയല്ല എങ്കിൽ] ഫലകരമായി ആരാധിക്കുന്നതിന് ഒരുവന് തടസ്സമാകാം. വയറ് ശൂന്യമായിരിക്കുമ്പോൾ മനസ്സും ശരീരവും എല്ലായ്പോഴും നന്നായി പ്രവർത്തിക്കുകയില്ല. അതിനാൽ, നല്ലൊരു പ്രഭാതഭക്ഷണം നിർബന്ധമാണ്! 

5. കുട്ടികളെ ഒരുക്കുന്നതിൽ നിങ്ങളുടെ പങ്കാളിയെ സഹായിക്കുക.

ഈ നിർദ്ദേശം കൂടുതലും ഭർത്താക്കന്മാരോടാണ്. നമ്മുടെ ഭാര്യമാർക്ക് അവർക്കാവശ്യമായ എല്ലാ സഹായവും ലഭിക്കുക സാധ്യമാണ്. കുട്ടികളെ എഴുന്നേൽപ്പിക്കുക, കുളിപ്പിക്കുക, പ്രഭാതഭക്ഷണം കഴിക്കുന്നതിന് സഹായിക്കുക എന്നിവയിൽ സഹായിക്കുന്നത് പല ജോലികളിൽ വ്യാപൃതരായിരിക്കുന്ന ഭാര്യമാർക്ക് വലിയ സഹായമായിരിക്കും. ഉന്മേഷമുള്ളതും നന്നായി ഭക്ഷണം കഴിച്ചതുമായ ഒരു കുട്ടി  മാതാപിതാക്കൾക്കും സഭാകുടുംബത്തിനും ഒരു അനുഗ്രഹമായിരിക്കും. കൂടാതെ, അത് കുട്ടിയ്കും നല്ലതാണ്! 

കുറിപ്പ്: മാതാപിതാക്കളിൽ ഒരാൾ മാത്രം ക്രിസ്ത്യാനിയായിരിക്കുന്ന സാഹചര്യങ്ങളിൽ പങ്കാളിയിൽ നിന്നും അവർക്കു സഹായം ലഭിച്ചേക്കില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. അത്തരം സാഹചര്യങ്ങളിൽ കാര്യങ്ങൾ എളുപ്പമല്ല. നിങ്ങൾ അതുപോലെയുള്ള ഒരാളാണെങ്കിൽ നിരാശപ്പെടരുത്. നിങ്ങളുടെ പ്രയത്നം വിഫലമാകുകയില്ല. ഓർമ്മിക്കുക, നിങ്ങൾ അത് ചെയ്യുന്നത് നിങ്ങൾക്കു വേണ്ടി മരിച്ച കർത്താവായ യേശുവിനു വേണ്ടിയാണ്. മുമ്പോട്ടു പോകുവാൻ അത് നിങ്ങൾക്ക് പ്രചോദനം നൽകട്ടെ! ഒരു ദിനം നിങ്ങളുടെ പങ്കാളിയ്ക് രൂപാന്തരം വന്നേയ്കാം. കഠിന ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നചപ്രവൃത്തിയിൽ ദൈവം വ്യാപൃതനായിരിക്കുന്നു. അതിനാൽ, ദയവായി മടുത്തുപോകരുത്! 

6. നേരത്തേതന്നെ എത്തുവാൻ പ്ലാൻ ചെയ്യുക.

നേരത്തേ വരുന്നതിലൂടെ നിങ്ങൾക്ക് സ്വസ്ഥമായിരിക്കുവാനും ആളുകളെ കണ്ട് അവർക്ക് പ്രോത്സാഹനത്തിനു വേണ്ടി ഏതാനം വാക്കുകൾ സംസാരിക്കുവാനും പ്രവർത്തകരെ സഹായിക്കുവാനും ആരാധനയ്കായി മനസ്സിനെ പ്രാർഥനാപൂർവ്വം തയ്യാറാക്കുവാനും സാധിക്കുന്നതാണ്. നേരത്തേ വരുന്നതിലൂടെ അപ്രതീക്ഷിതമായ വാഹനത്തിരക്കു മൂലമുണ്ടാകുന്ന യാത്രയിലെ  താമസവും തിരക്കു കൂട്ടുന്നതിനാൽ കുടുംബാംഗങ്ങൾക്കിടയിൽ വരാവുന്ന വാദപ്രദിവാദങ്ങളും ഒഴിവാക്കാവുന്നതാണ്.  കൂടാതെ, അനുവദിക്കപ്പെട്ട വേഗതയിൽ കൂടുൽ വാഹനമോടിക്കുക എന്ന പാപവും ആരാധനയ്കായുള്ള യാത്രയിൽ ഒഴിവാക്കുവാൻ സാധിക്കും! 

നേരത്തേ എത്തുന്നത് കുട്ടികൾക്കു മുൻപിൽ ഒരു നല്ല മാതൃകയുമാണ്! കൃത്യസമയത്ത് അവിടെയ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും നേരത്തേ എത്തുന്നത് കാണിക്കുന്നു. പ്രത്യേകിച്ച്, കർത്താവിനെ ആരാധിക്കുന്നതിന്, നാം എല്ലായ്പോഴും തിരക്കിട്ട് ഓടുകയും സമയം വൈകി എത്തുകയും ചെയ്താൽ എന്തു മാതൃകയാണ്  നാം നമ്മുടെ മക്കൾക്കായി നൽകുന്നത്? കുട്ടികൾ മാതൃകകളിലൂടെയാണ് പഠിക്കുന്നത്! 

നാം കണ്ടതുപോലെ, നേരത്തേ എത്തുവാൻ പ്ലാൻ ചെയ്താൽ പല പ്രയോജനങ്ങളുമുണ്ട്. 

സഭയിലേയ്കു വരുന്നതിനു മുൻപ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമുള്ള തയ്യാറെടുപ്പുകൾ കണ്ടതിനു ശേഷം ഇനി, സഭയിൽ എത്തിയതിനു ശേഷമുള്ള പങ്കെടുക്കൽ സംബന്ധിച്ച് ചിന്തിക്കാം. 

II. പങ്കെടുക്കൽ

സഭയിൽ ആയിരിക്കുമ്പോൾ പരിഗണിക്കേണ്ട 3 കാര്യങ്ങൾ. 

1. പാട്ടുകളിൽ തുടങ്ങി, വചനം കേൾക്കുക, പ്രാർഥിക്കുക, കർതൃമേശയിൽ പങ്കെടുക്കുക എന്നിങ്ങനെ ശുശ്രൂഷയുടെ എല്ലാ മേഖലകളിലും നാം പൂർണ്ണഹൃദയത്തോടെ പങ്കെടുക്കണം. നമ്മുടെ പൂർണ്ണഹൃദയത്തോടെയുള്ള ആരാധനയ്ക് കർത്താവായ യേശു യോഗ്യനാണ്! 

2. നാം ആളുകളുമായി കൂട്ടായ്മ ആചരിക്കുകയും അന്യോന്യം ഉത്സാഹിപ്പിക്കുകയും ചെയ്യണം. പുതുതായി വരുന്ന ആളുകളെ പരിചയപ്പെടുന്നതിനും  നാം മനസ്സുകാണിക്കണം. അറിയാവുന്ന ആളുകളുമായി മാത്രം സമയം ചിലവഴിക്കുന്നതിനുള്ള പ്രവണതയെ  നാം അതിജീവിക്കണം. 

3. എല്ലാ ശുശ്രൂഷകളിലും ആദിയോടന്തം പങ്കെടുക്കുവാൻ നാം പ്ലാൻ ചെയ്യണം. അതുകൊണ്ടാണ്, സഭായോഗം കഴിയുന്ന ഉടൻതന്നെ പല കാര്യങ്ങൾ ചെയ്യുവാൻ നാം പ്ലാൻ ചെയ്യരുതാത്തത് [തീർച്ചയായും ചില സമയങ്ങളിൽ അത്യാവശ്യം വന്നേക്കാം]. പല കാര്യങ്ങൾ ചെയ്യുവാൻ നാം പ്രതിജ്ഞാബദ്ധരാണെങ്കിൽ, സഭായോഗം അൽപ സമയം മുൻപോട്ടു പോയാൽ നാം ക്ലോക്കിലേയ്കു നോക്കുകയും അസ്വസ്ഥരാകുകയും ചെയ്യും. ഒന്നുമല്ലെങ്കിലും, ഇത് കർത്താവിന്റെ ദിവസമാണ്!  

സമാപന ചിന്തകൾ. 

ഈ നിർദ്ദേശങ്ങളിൽ കൂടുതലും മിക്ക വായനക്കാർക്കും പുതിയ ആശയങ്ങളല്ല. എന്നിരുന്നാലും, കർതൃദിവസത്തെ കർത്താവിന്റെ ദിവസമായിത്തന്നെ കാണുന്നതിന് മികച്ച ഓർമ്മപ്പെടുത്തലാകുവാൻ ഈ നിർദ്ദേശങ്ങൾക്കു സാധിക്കും.  

ഈ പരമ്പരയിൽ ഞാൻ എഴുതിയവ ഒരു നിയമാനുസരണപരമായ മനോഭാവത്തോടെ എഴുതിയതല്ല. അപ്രകാരം തെറ്റിദ്ധരിക്കപ്പെടാം എന്ന അപകടം ഞാൻ നേരിടുന്നു. ഉവ്വ്, കർത്താവായ യേശു ക്രിസ്തു പൂർത്തിയാക്കിയ രക്ഷണ്യ പ്രവൃത്തിയോട് നമുക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കുവാനോ അതിൽ നിന്ന് എന്തെങ്കിലും എടുത്തു മാറ്റുവാനോ സാധ്യമല്ല. എന്നിരുന്നാലും, അത്ര വലിയ വിലകൊടുത്ത് നൽകപ്പെട്ട വീണ്ടെടുപ്പ് ആത്മാർഥമായ പ്രതിബദ്ധതയോടെ സ്വീകരിക്കപ്പെടുകയും ജീവിച്ചു കാണിക്കുകയും വേണം. അതിൽ കർതൃദിവസത്തിൽ കർത്താവിനെ ആദരിക്കുന്നതും ഉൾപ്പെടുന്നു. 

കർതൃദിവസത്തെ കർത്താവിന്റെ ദിവസമായി ആചരിക്കുമ്പോൾ നാം അടിസ്ഥാനപരമായി ഇപ്രകാരം പറയുന്നു, “കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെ ബഹുമാനിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെത്തന്നെ ത്യജിക്കുക എന്നത് അതിനു വിലയായി നൽകണമെങ്കിൽ അപ്രകാരം ചെയ്യുവാൻ എന്നെ സഹായിക്കേണമേ. നീ യോഗ്യനാണ്. ആഴ്ചയിൽ ഒന്നാമത്തെ ദിവസം ഞാൻ നിന്നെ ആദരിക്കുന്നതുപോലെതന്നെ ആഴ്ചയിലെ മറ്റെല്ലാ ദിനങ്ങളിലും നിന്നെ ആദരിക്കുവാൻ എന്നെ സഹായിക്കേണമേ.” നാം പരാജയപ്പെടുമ്പോൾ, നമുക്ക് പ്രാർഥനയിൽ കർത്താവിന്റെ അടുക്കലേയ്കു ചെന്ന് ഇപ്രകാരം പറയാം. “കർത്താവേ, എന്നോടു ക്ഷമിക്കേണമേ. എന്റെ ജീവിതത്തിൽ ഞാൻ മാറ്റം വരുത്തേണ്ട മേഖലകളിൽ മാറ്റം വരുത്തുവാൻ എന്നെ സഹായിക്കേണമേ.” നമ്മുടെ ഹൃദയങ്ങളുടെ തുടർമാനമായ നിലവിളി അതായിരിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. 

[മുകളിൽ നൽകപ്പെട്ടിരിക്കുന്ന പട്ടികയോട് കൂട്ടിച്ചേർക്കുവാൻ ഉതകുന്ന മറ്റു കാര്യങ്ങൾ നിങ്ങൾക്കു ചൂണ്ടിക്കാണിക്കുവാൻ സാധിക്കുമെങ്കിൽ, ദയവായി, മറ്റുള്ളവരുടെ പ്രയോജനത്തിനായി അവ പങ്കുവയ്കുക. ഒരർഥത്തിൽ, കർതൃദിവസത്തിൽ ദൈവത്ത മഹത്വപ്പെടത്തുക എന്ന ലക്ഷ്യത്തിൽ നാം എല്ലാവരും ഒരുമിച്ചാണ്.]

Category

Leave a Comment