കർതൃദിവസം സഭയിൽ പോകുന്നതിൽ നിന്നും ആളുകളെ തടയുന്ന പൊതുവായ ചില പ്രശ്നങ്ങൾ

Posted byMalayalam Editor August 10, 2025 Comments:0

(English Version: “Common Problems That Hinder Going To Church On The Lord’s Day”)

“കർതൃദിവസം ആചരിക്കുവാൻ ക്രിസ്ത്യാനികൾ ബാധ്യസ്ഥരാണോ?” എന്ന ചോദ്യമാണ് കഴിഞ്ഞ പോസ്റ്റിൽ നാം പ്രതിപാദിച്ചത്. അതിന് ഉത്തരം നൽകപ്പെട്ടത് ഇപ്രകാരമാണ്: ഒരു പ്രത്യേക നിയമം അനുസരിക്കണം എന്ന ബോധത്തിൽ നിന്നല്ല മറിച്ച്, കർത്താവിനോടും അവന്റെ ജനത്തോടുമുള്ള സ്നേഹത്തിൽ നിന്നുമാണ് ക്രിസ്ത്യാനികൾ കർതൃദിവസം ആചരിക്കുന്നത്.  കർതൃദിവസത്തിൽ ദൈവജനത്തോടൊപ്പം കർത്താവിനെ ആരാധിക്കുവാൻ വിശ്വാസിയെ പ്രേരിപ്പിക്കുന്നത് നിയമത്തിന്റെ അനുസരണമല്ല പിന്നെയോ സ്നേഹമാണ്. 

എന്നിരുന്നാലും, കർതൃദിവസത്തിൽ സഭയിൽ പോകുക എന്ന സ്ഥിരമായ ശീലം നിലനിർത്തുന്നത് ചെയ്തുകാണിക്കുന്നതിനേക്കാൾ എളുപ്പം അപ്രകാരം ചെയ്യണം എന്ന് പറയുകയാണ്. സ്ഥിരതയോടെ കർതൃദിവസത്തിൽ സഭയിൽ പോകുന്നതിൽ നിന്നും ആളുകളെ തടയുന്ന ചില പൊതുവായ പ്രശ്നങ്ങളാണ് ഈ പോസ്റ്റിൽ പ്രതിപാദിക്കുന്നത്. ദൈവത്തെ ബഹുമാനിക്കുന്ന വിധത്തിൽ കർതൃദിവസത്തെ ആചരിക്കുവാൻ വിശ്വാസികളെ സഹായിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങളാണ് അടുത്ത പോസ്റ്റിൽ പരാമർശിക്കുവാൻ പോകുന്നത്.

കർതൃദിവസത്തെ സ്ഥിരമായ ഹാജർ സംബന്ധിച്ച പ്രശ്നം എന്നതുകൊണ്ട് ഞാൻ എന്താണ് അർഥമാക്കുന്നത് എന്നത് വ്യക്തമാകുവാൻ ഈ കണക്കുകൾ പരിഗണിക്കുക. ഒരു വർഷത്തിൽ 52 ഞായറാഴ്ചകൾ നൽകപ്പെട്ടിരിക്കുന്നു. ഒരുവൻ ഓരോ മാസത്തിലും ഓരോ ഞായറാഴ്ച സഭായോഗത്തിൽ പങ്കെടുക്കാതിരിക്കുന്നുവെങ്കിൽ, ഒരു വർഷത്തിൽ 12 ഞായറാഴ്ചകളാണ് നഷ്ടമാകുന്നത്. അത് ഒരു വർഷത്തിൽ 23% സഭയിൽ ഹാജരാകാതിരിക്കുകയാണ്. ഇനി, ഒരു വ്യക്തി മാസത്തിൽ 2 ഞായറാഴ്ചകൾ സഭയിൽ പോകാതിരുന്നാൽ, ഒരുവർഷം 23 ഞായറാഴ്ചകൾ നഷ്ടമാകുകയും 46% ഹാജരാകാതിരിക്കുകയുമാണ്. 

പ്രശ്നത്തെ കാണുവാൻ നിങ്ങൾക്കു സാധിക്കുന്നുണ്ടോ? ചില വ്യക്തമായ കണക്കുകൾ കൺമുൻപിൽ കാണുന്നതുവരെ നമ്മുടെ അഭാവം സാരമില്ല എന്നു കരുതുക എളുപ്പമാണ്. ഈ പോസ്റ്റിന്റെ വായനക്കാരിൽ ചിലർക്ക് ഏറെ അസ്വസ്തതയുണ്ടാക്കുന്ന വിധം കൂടുതൽ മുമ്പോട്ടു പോകുന്നതിനെ ഞാൻ വെറുക്കുന്നു [ഒരർഥത്തിൽ അത് മോശമായ ഒരു കാര്യമല്ല!]. സമ്പൂർണ്ണമായ ഹാജർ യഥാർഥ ആത്മീയതയുടെ ലക്ഷ്യമോ അടയാളമോ അല്ല എന്നത് ഞാൻ പൂർണ്ണമായി മനസ്സിലാക്കുന്നു. പരീശന്മാർ ഹാജർ സംബന്ധിച്ച് പൂർണ്ണതയുള്ളവരായിരുന്നെങ്കിലും അവരുടെ ഹൃദയങ്ങൾ ദൈവത്തിൽ നന്നും അകലെയായിരുന്നല്ലോ. എന്നിരുന്നാലും, നമ്മുടെ മുൻഗണനകളെക്കുറിച്ചും കർതൃദിവസം കർത്താവിന്റെ ദിനമായി നാം കാണുന്നുണ്ടോ എന്നതും സംബന്ധിച്ചും നമ്മുടെ ഹാജർ പറയുന്നുണ്ട്!

ആമുഖമായി ഈ ചിന്തകൾ മനസ്സിൽ വച്ചുകൊണ്ട്, ഒരുവന് സഭായോഗത്തിൽ സ്ഥിരമായി പങ്കെടുക്കുന്നതിന് തടസ്സമായിരിക്കുന്ന പൊതുവായ പ്രശ്നങ്ങളെ നമുക്കു നോക്കാം. എളുപ്പത്തിനു വേണ്ടി ഞാൻ അവയെ 2 വിശാലമായ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്: ലാഭവും ആനന്ദവും.  

ഞാൻ കൂടുതൽ മുന്നോട്ട് പോകുന്നതിന് മുമ്പ്, ഒരു നിരാകരണം: തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ യഥാർത്ഥ കാരണങ്ങളാൽ സഭയിൽ പോകുവാൻ കഴിയാത്തവർക്ക് ഈ പോസ്റ്റ് ബാധകമല്ല [ഉദാഹരണത്തിന്, ആരോഗ്യം].

1. ലാഭം

ചൈനാക്കാർക്കിടയിൽ ഒരു ഐതിഹ്യമുണ്ട്. ചന്തയിലേയ്കു പോയ ഒരു മനുഷ്യനെക്കുറിച്ച് അവർ പറയുന്നു. അയാളുടെ കയ്യിൽ ഏഴ് നാണയങ്ങളുണ്ടായിരുന്നു. അയാൾ പോകുംവഴി ഒരു യാചകനെ കണ്ടു. ഏഴ് നാണയങ്ങളിൽ ആറും യാചകനു  നൽകിയ ശേഷം ബാക്കിയുള്ള ഒരു നാണയം അയാൾ തന്റെ പോക്കറ്റിൽ ഇട്ടു. എന്നാൽ, ഒരു പോക്കറ്റടിക്കാരൻ കൂടിയായിരുന്ന യാചകൻ അയാളുടെ പോക്കറ്റിൽ നിന്നും അവശേഷിച്ച ഏഴാമത്തെ നാണയവും തട്ടിയെടുത്തു. നമ്മുടെ ആധുനിക കാലത്തിന് അനുയോജ്യമായ ഉപമ! നമ്മുടെ ജോലികൾ ചെയ്യുവാൻ നമ്മുടെ കർത്താവ് നമുക്ക് ആറു ദിവസം നൽകിയിരിക്കുന്നു, എന്നാൽ അനേകരും പറയുന്നത്, “ഞാൻ ഏഴാമത്തെ ദിവസം കൂടി മോഷ്ടിച്ച് അത് എനിക്കായി ഉപയോഗിക്കും” എന്നാണ്. 

ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന അനേകം ആളുകൾക്കും ലൗകിക ജോലിയുടെ മറ്റൊരു ദിവസം മാത്രമാണ് കർതൃദിവസം. ഒരാൾക്ക് ജോലി ചെയ്യേണ്ടതായി വരുന്ന സാഹചര്യങ്ങളല്ല ഞാൻ പരാമർശിക്കുന്നത്. ആദിമ സഭയിൽ പോലും, അടിമകളായിരുന്ന പല വിശ്വാസികളും ഞായറാഴ്ചകളിലും ജോലി ചെയ്യാൻ നിർബന്ധിതരായിരുന്നു. പ്രതിബദ്ധതയുള്ള ക്രിസ്ത്യാനികൾക്കു പോലും ചില ഞായറാഴ്ചകളിൽ ജോലി ചെയ്യേണ്ടി വരുന്ന സമയങ്ങളുണ്ടെന്ന് ഞാൻ പൂർണ്ണമായും മനസ്സിലാക്കുന്നു, കാരണം അത് അവരുടെ ജോലിയുടെ സ്വഭാവമാണ്.

 [അത്തരം സാഹചര്യങ്ങളിൽപോലും, ഒരുവന് പ്രാർഥിക്കുകയും സാഹചര്യങ്ങളെ മാറ്റുവാൻ കർത്താവിനോട് അപേക്ഷിക്കുകയും ചെയ്യാം. തന്റെ സമയത്ത് സാഹചര്യങ്ങളെ മാറ്റുവാൻ ദൈവത്തിന് ശക്തിയുണ്ട്].

ജോലി ചെയ്യുന്നില്ല എന്ന് തീരുമാനിക്കുവാൻ ഒരുവന് സാധിക്കുമായിരുന്നിട്ടും ജോലി ചെയ്യുവാൻ തീരുമാനിക്കുകയും തത്ഫലമായി സഭായോഗത്തിൽ പങ്കെടുക്കുക അസാധ്യമാകുകയും ചെയ്യുന്നതിനെക്കുറിച്ചു മാത്രമാണ് ഞാൻ പരാമർശിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽപോലും, സഭയിൽ പങ്കെടുക്കുന്നത് ഒഴിവാക്കിക്കൊണ്ട് ലൗകിക കാര്യങ്ങളെ പിന്തുടരുന്നതിനുള്ള പരീക്ഷയെ അതിജീവിക്കുവാൻ സഹായത്തിനു വേണ്ടി ഒരുവന് കർത്താവിനോട് കരഞ്ഞപേക്ഷിക്കുക സാധ്യമാണ്. കർതൃദിവസം കർത്താവിനെ ബഹുമാനിക്കുവാൻ നമുക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ കർത്താവ് സഹായിക്കും. കർത്താവിനെ ബഹുമാനിക്കുന്ന കാര്യത്തിൽ നാം “ഉവ്വ്” എന്നു പറയുവാൻ തീരുമാനിച്ചാൽ, ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുമ്പോൾ സാമ്പത്തികമോ അല്ലാതെയോ ആയ നഷ്ടം നേരിട്ടേക്കാം. എന്നിരുന്നാലും, നമുക്കായി തന്റെ സകലവും നൽകിയ യേശുവിനെ ബഹുമാനിക്കുന്ന കാര്യത്തിൽ അത്തരത്തിൽ ഒരു നഷ്ടത്തെ കണക്കിലെടുക്കേണ്ടതിന്റെ ആവശ്യംതന്നെയുണ്ടോ?  

ഒരു അനുബന്ധക്കുറിപ്പ് എന്ന നിലയിൽ, പരീക്ഷയ്കായി പഠിക്കുന്നതിനു വേണ്ടി സഭായോഗം നഷ്ടമാക്കുന്ന വിദ്യാർഥികളും കർതൃദിവസത്തിൽ കർത്താവിനെ ബഹുമാനിക്കുന്നതിൽ പരാജയപ്പെടുകയാണ്. എപ്രകാരമാണത്? കർത്താവായ യേശുവിനേക്കാൾ കുടുംബത്തിന് മുൻഗണന നൽകരുത് എങ്കിൽ [ലൂക്കോസ് 14:26], പഠിക്കുവാനും പരീക്ഷ എഴുതുവാനും കർത്താവിനു മുകളിൽ പരീക്ഷയെ പ്രതിഷ്ഠിക്കുവാൻ നമുക്കു സാധിക്കുമോ? സഭയോഗം ഒഴിവാക്കുന്നതിനു പകരം, കർതൃദിനത്തിൽ ദൈവജനത്തോടൊപ്പം ആരാധിക്കുന്നതിലൂടെ വിശ്വാസത്താൽ കർത്താവിനെ അനുസരിക്കുവാൻ ശ്രമിക്കേണ്ടതാണ്.  പ്രാർഥനാപൂർവ്വവും ഫലകരമായും മറ്റു സമയങ്ങൾ പഠിക്കുവാൻ ഉപയോഗിക്കുന്നതിലൂടെ ഏതാനം ചില മണിക്കൂറുകൾക്കു പകരം കണ്ടെത്തുക സാധ്യമാണ്. സഭയിൽ വന്ന് കർത്താവിനെ ആരാധിക്കുന്നതിലൂടെ അൽപം മാർക്ക് കുറയുകയാണെങ്കിൽ അങ്ങനെയാകട്ടെ! അനുസരണത്തിന്റെ വിലയാണത്! ചെറുപ്രായം മുതൽതന്നെ എല്ലാറ്റിന്റെയും  മുകളിൽ യേശുവിനെ പ്രതിഷ്ഠിക്കുവാൻ പഠിക്കുന്നത് നല്ലതും ശരിയുമാണ്!     

ഇക്കാര്യത്തിൽ, ഉന്നത വിദ്യാഭ്യാസ നേട്ടമോ ജോലിയോ കർതൃദിവസത്തിൽ സഭയിൽ വരുന്നതിന് തടസ്സമാകുമ്പോൾ അത്തരം നേട്ടങ്ങൾക്കായി അവരെ നിർബന്ധിച്ചുകൊണ്ട് മാതാപിതാക്കൾ അവർക്ക് ഇടർച്ച വരുത്താതിരിക്കുകയും അവരെ സഭായോഗത്തിൽ പങ്കെടുക്കുവാൻ പ്രോത്സാഹിപ്പിക്കുകയും വേണം. കുട്ടികൾ ശീലങ്ങൾ രൂപപ്പെടുത്തുന്നു. മാതാപിതാക്കളേ, എന്തു മാതൃകകളാണ് നാം അവരിൽ വളർത്തിയെടുക്കുന്നത്? നമുക്ക് സ്വയം വിഡ്ഡികളാകാതിരിക്കാം: നാം ഇന്നു വിതയ്കുന്നതാണ് പിന്നീട് കൊയ്യുന്നത്! കൂടാതെ, മാതാപിതാക്കൾ എന്ന നിലയിൽ നാം കർതൃദിവസത്തിൽ ആരാധിക്കുന്നതിനേക്കാൾ ജോലിയ്കു പ്രാധാന്യം കൊടുക്കുന്നുവെങ്കിൽ നാം നമ്മുടെ മക്കൾക്ക് എന്തു സന്ദേശമാണ് നൽകുന്നത്?  

ഞായറാഴ്ചകളിൽ സഭയിൽ വരുവാൻ വിശ്വാസികളെ തടയുന്ന പ്രശ്നങ്ങളിൽ ഒന്നാമത്തേത്—ലാഭം—കണ്ടുകഴിഞ്ഞ് ഇനി നമുക്ക് രണ്ടാമത്തെ പ്രശ്നത്തിലേയ്കു  കടക്കാം. 

2. ആനന്ദം/സന്തോഷം/സുഖം/ഉല്ലാസം

കർതൃദിവസത്തിൽ സഭയിൽ വരുന്നതിൽ നിന്ന് ആളുകളെ തടയുന്ന രണ്ടാമത്തെ പ്രധാന പ്രശ്‌നം ഉല്ലാസത്തിൽ ശ്രദ്ധ വയ്കുന്നതാണ്—പ്രത്യേകിച്ച് ഞായറാഴ്ചകളിലെ സ്‌പോർട്‌സിലും മറ്റ് ഉല്ലാസ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത്. നീണ്ട കാലയളവിലേയ്കുള്ള കായിക പ്രവർത്തനങ്ങൾക്കായി കുട്ടികളെ ചേർക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. അത് ദീർഘകാലത്തേക്ക് സഭയിൽ വരുന്നത് അസാധ്യമാക്കുന്നു, അതും വർഷംതോറും! അത്തരം തീരുമാനങ്ങൾ എങ്ങനെയാണ് കർത്താവിന് പ്രസാദകരവും ബഹുമാനകരവുമാകുന്നത്?

ഒരുവൻ ഇപ്രകാരം പറഞ്ഞേക്കാം, “ഒന്നുമല്ലെങ്കിലും, എനിക്ക് ആകെക്കൂടി ലഭിക്കുന്ന ഒരു ദിവസമാണത്. അൽപ്പം ഉല്ലാസവും സ്വസ്ഥതയും തേടുന്നതിൽ എന്താണു പ്രശ്നം? കൂടാതെ, എന്റെ കുട്ടികൾ കളികൾ ഇഷ്ടപ്പെടുന്നവരാണെങ്കിലോ? കളികളിലുള്ള അവരുടെ വളർച്ചയെ തടയുവാൻ എനിക്ക് എപ്രകാരം സാധിക്കും? ഞങ്ങൾ നിയമവാദികളല്ല. ദൈവം കൃപയുടെ ദൈവമാണ്, നാം ജീവിക്കുന്നത് പഴയ നിയമകാലത്തെ ന്യായപ്രമാണത്തിന്റെ കീഴിൽ അല്ല. തന്നെയുമല്ല, ഞാൻ ജോലി ചെയ്യുകയുമല്ല. ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നില്ല എന്ന് ഞാൻ ഉറപ്പാക്കുന്നുണ്ട്. ഇല്ല, ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുകയില്ല!”

ഉവ്വ്, നാം നിയമവാദികളല്ല. ദൈവം “സർവ്വകൃപാലുവായ” ദൈവംതന്നെയാണ് [1 പത്രോസ് 5:10]. “നാം ന്യായപ്രമാണത്തിനല്ല കൃപയ്കത്രേ അധീനർ” [റോമർ 6:14] എന്നതും അതുപോലെതന്നെ ശരിയാണ്. എന്നിരുന്നാലും, കർതൃദിവസത്തിൽ ജോലി ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കുകയും എന്നാൽ ഉല്ലാസത്തിൽ സമയം ചിലവിടുകയും ചെയ്യുന്നവരുടെ സങ്കടകരമായ യാഥാർഥ്യം ഇതാണ്: അവർ ഒരു വിഗ്രഹത്തെ മാറ്റി പകരം മറ്റൊന്ന് പ്രതിഷ്ഠിച്ചിരിക്കുന്നു [അതായത്, ജോലിയ്കു പകരം ഉല്ലാസം]. കാരണം, അതിന്റെ ഫലം ഒന്നുതന്നെയാണ്: കർതൃദിവസത്തിൽ ദൈവജനത്തോടൊപ്പം കർത്താവിനെ ആരാധിക്കുന്നതിൽ പരാജയപ്പെടുന്നു! 

തങ്ങളുടെ മക്കൾക്കു വേണ്ടി  നല്ല കാര്യങ്ങൾ ചെയ്യുവാൻ രക്ഷകർത്താക്കൾ ആഗ്രഹിക്കുന്നു എന്നത് ഞാൻ മനസ്സിലാക്കുന്നു. ഞാനും ഒരു രക്ഷകർത്താവാണ്! എന്നാൽ, നമുക്ക് നമ്മോടുതന്നെ സത്യസന്ധരായിരിക്കാം: കർത്താവിനെ ബഹുമാനിക്കാതെ സ്പോർട്‌സ് തിരഞ്ഞെടുക്കുന്നത് ദാതാവിനേക്കാൾ [ദൈവം]  ഉപരിയായി ദാനത്തെ [കുട്ടികൾ] കാണുകയല്ലേ? ദൈവത്തെ രണ്ടാം സ്ഥാനത്തേയ്കു മാറ്റിനിർത്തിയാൽ അത് ദൈവത്തിന് സമ്മതമാകുമോ? നമ്മുടെ വാക്കുകൾ എന്തു പറഞ്ഞാലും, ദിനത്തിന്റെ അന്ത്യത്തിൽ, നമ്മുടെ ഹൃദയത്തിൽ ഒന്നാം സ്ഥാനം ആർക്കാണെന്ന് നമ്മുടെ പ്രവൃത്തികൾ വെളിപ്പെടുത്തും!  

പാർക്കിൽ പോകുക, മീൻ പിടിക്കുക, ക്യാമ്പിൽ പോകുക എന്നിങ്ങനെയുള്ള മറ്റ് സംഗതികൾ കാരണം കർതൃദിവസത്തിൽ ദൈവജനത്തോടൊപ്പം കർത്താവിനെ ആരാധിക്കുന്നതിന് തുടർമാനമായി തടസ്സം വരുത്തുന്ന അവസരങ്ങൾ സംബന്ധിച്ചും ഇതേ കാര്യം പറയാവുന്നതാണ്. നമുക്ക് പാർക്കിൽ പോകുകയോ ഒരുമിച്ച് കാര്യങ്ങൾ ചെയ്യുകയോ വിശ്രമിക്കുകയോ സ്വസ്ഥമായിരിക്കുകയോ അവധി ആഘോഷിക്കുകയോ ചെയ്യുക സാധ്യമല്ല എന്ന് ഇതിനർഥമുണ്ടോ? ഒരിക്കലുമല്ല! ഒരുവന് ന്യായമായ പരിധിയ്കുള്ളിൽ നിന്നുകൊണ്ട് ഇവയെല്ലാം ചെയ്യുകയും അതേസമയംതന്നെ കർതൃദിവസം ദൈവത്തിന്റെ ഭവനത്തിൽ മറ്റുള്ളവരോടൊപ്പം എത്തുകയും ചെയ്യാവുന്നതാണ്. അവധിക്കാലം ചിലവഴിക്കുന്ന സ്ഥലത്തു പോലും മറ്റ് വിശ്വാസികളോടൊപ്പം കർത്താവിനെ ആരാധിക്കുന്നതിനു വേണ്ടി പ്രാദേശിക സഭയിൽ പോകുവാൻ ആത്മാർഥമായ ശ്രമം നടത്തുക സാധ്യമാണ്. അവധിക്കാലത്ത് സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് നാം മുന്നമേ അന്വേഷിക്കാറുണ്ട്. പ്രസ്തുത സ്ഥലത്തുള്ള നല്ല ബൈബിൾ പ്രഘോഷണമുള്ള ഒരു സഭ കണ്ടെത്തുവാൻ എത്രത്തോളം നാം ശ്രമിക്കാറുണ്ട്? 

വേനൽക്കാല മാസങ്ങളിൽ സഭയിൽ വരാതിരിക്കുന്ന ഒരു സഭാംഗത്തെ  ഒരു പാസ്റ്റർ ഒരിക്കൽ സന്ദർശിച്ചു. അദ്ദേഹം അയാളോട് കാരണമന്വേഷിച്ചു. ഗോൾഫ് കളിയിൽ അതീവ തത്പരനായിരുന്ന ആ മനുഷ്യൻ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു, “പാസ്റ്റർ, ഞായറാഴ്ചകളിൽ ഞാൻ പള്ളിയിൽ ഇല്ലാത്തതിൽ വിഷമിക്കേണ്ട. ഗോൾഫ് കോഴ്‌സിലായിരിക്കുമ്പോൾ ഞാൻ കർത്താവിനെ ആരാധിക്കുന്നു.”

പാസ്റ്റർ നിശബ്ദമായി മറുപടി പറഞ്ഞു, “നിങ്ങൾ ഗോൾഫ് കോഴ്‌സിൽ കർത്താവിനെ ആരാധിക്കുന്നില്ല. നിങ്ങൾ യഥാർഥത്തിൽ കർത്താവിന്റെ കോഴ്‌സിൽ ഗോൾഫിനെ ആരാധിക്കുകയാണ്.” നാം നമ്മോട് എന്തുതന്നെ പറഞ്ഞാലും, ദൈവത്തെക്കാൾ ഉപരിയായി നമുക്കോ നമ്മുടെ മക്കൾക്കോ വേണ്ടി ഉല്ലാസം തിരഞ്ഞെടുത്താൽ, യഥാർഥത്തിൽ നാം ദൈവത്തെയല്ല, നമ്മെത്തന്നെയോ നമ്മുടെ മക്കളെയോ ആരാധിക്കുകയാണ്! 

“സകലവും ധാരാളമായി അനുഭവിക്കുവാൻ” ദൈവം നമുക്കു പല നല്ല കാര്യങ്ങളും നൽകിയിട്ടുണ്ട് [1 തിമോഥെയോസ്  6:17]. എന്നിരുന്നാലും, ദാതാവിനെ മാറ്റി പകരം ദാനത്തെ പ്രതിഷ്ഠിക്കുമ്പോൾ അത് വിഗ്രഹാരാധനയായി മാറുന്നു. കർതൃദിവസത്തിൽ കർത്താവിനെ ആരാധിക്കുന്നതിന് ഉല്ലാസം ഇടയ്ക്കിടെ തടസ്സം നിൽക്കുമ്പോൾ അത് ഇടർച്ചയാണ്. അതിനെ നിഷ്ക്കരുണം അറുത്തുമാറ്റേണ്ടതാണ്! ഞായറാഴ്ച കർത്താവിന്റെ ദിനമാണ്. കർതൃദിനത്തിൽ കർത്താവിന്റെ ഭവനത്തിൽ ഹാജരായിരിക്കുവാൻ ഒരു വിശ്വാസി പ്രയത്നിക്കണം. 

കർതൃദിവസം നഷ്ടമാക്കുന്നത് സംബന്ധിച്ച് വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവർ ഖേദിക്കുന്നതുപോലുമില്ല എന്നത് സങ്കടകരമാണ്. വാസ്തവത്തിൽ, അനേകരും കർതൃദിവസത്തെ കഠിനമായ ഒരു കാര്യമായി കാണുന്നു. “സഭയിൽ വരിക എന്ന് വളരെ പ്രയാസമാണ്. വളരെയധികം പ്രയത്നം അതിന് ആവശ്യമാണ്” എന്ന് അവർ പറയുന്നു. അതൊരു ഭാരമാണെന്ന് അവർ തോന്നിപ്പിക്കുന്നു! അത് എത്രമാത്രം കഠിനമാണ് എന്ന് അവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഒടുവിൽ, തങ്ങളുടെ പാപങ്ങൾക്കു വേണ്ടി മരിച്ചവനെ ആരാധിക്കുവാൻ സഭയിൽ പോകുന്നത് യഥാർഥത്തിൽ കഠിനമാണ് എന്ന് വിശ്വസിക്കുവാൻ അവർ ആരംഭിക്കുന്നു! മലാഖിയുടെ കാലത്തെ പുരോഹിതന്മാരിൽ ഒരുവനെയാണ് അത്തരത്തിലുള്ള മനോഭാവം ഓർമ്മിപ്പിക്കുന്നത് [മലാഖി  1:6-14].

രോഗം പോലെയുള്ള സംഗതികളുടെ കാര്യത്തിൽപോലും മറ്റു ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കർതൃദിവസത്തെ നാം എപ്രകാരമാണ് കൈകാര്യം ചെയ്യുന്നത് എന്നതും ഹൃദയഭേദകമാണ്. വളരെ രോഗബാധിതനായി സഭയിൽ പോകുവാൻ സാധിക്കാതിരിക്കുന്ന അവസരങ്ങളെക്കുറിച്ചല്ല ഞാൻ പരാമർശിക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ വീട്ടിലിരിക്കുകയും ശരീരത്തിനു വിശ്രമം നൽകുകയുമാണ് അഭികാമ്യം—ശരീരം കർത്താവിനുള്ളതാണ്.  അവിടെയും ഇവിടെയും ചെറിയ ചെറിയ വേദനകൾ ഉണ്ടാകുമ്പോൾ സഭായോഗത്തിനു പോകാതെ വീട്ടിലിരിക്കുവാൻ നാം ഇഷ്ടപ്പെടുകയും എന്നാൽ, അത്തരം അവസരങ്ങളിൽ ജോലിയ്കു പോകുവാൻ തടസ്സമാകാതിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ചിലപ്പോൾ, വേദന വരുന്നത് വെള്ളിയാഴ്ചയാണെങ്കിൽ അപ്പോൾത്തന്നെ നാം തീരുമാനിക്കും ഈ ഞായറാഴ്ച സഭയിൽ പോകുക സാധ്യമല്ല എന്ന്! അത്തരം പ്രവാചക ശക്തിയുണ്ടാകുന്നത് ആശ്ചര്യകരംതന്നെ! എന്നാൽ, പാർട്ടികളിൽ പോകുക, ശനിയാഴ്ച രാത്രിയിൽ ഉയർന്ന ഊർജ്ജത്തോടെയും ഉത്സാഹത്തോടെയും വളരെ വൈകിയും ഉണർന്നിരിക്കുക എന്നിത്യാതി ഉല്ലാസ പ്രവൃത്തികളിൽ പങ്കെടുക്കുവാൻ ആരോഗ്യം ഉണ്ടുതാനും. എന്നിരുന്നാലും, ഞായറാഴ്ച രാവിലെയാകുമ്പോൾ, നാം സഭയിൽ പോകുവാൻ സാധിക്കാതവണ്ണം രോഗബാധിതരാണ്—മാനസികമായും ശാരീരികമായും! നമ്മുടെ മുൻഗണനകളെക്കുറിച്ച് ഇത് എന്താണ് പറയുന്നത്? 

വർഷങ്ങൾക്കു മുൻപ്, ഒരു പ്രാദേശിക വർത്തമാന പത്രത്തിന് ഒരു പാസ്റ്ററിൽ നിന്നും ലഭിച്ച ഒരു കത്ത് ഈ മനോഭാവത്തെ നന്നായി ഉൾക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇതാ:  

വസൂരിയെക്കാൾ ഗുരുതരവും മാരകവുമായ ഒരു രോഗമുണ്ട്. മിക്ക സഭാവിശ്വാസികളെയും ബാധിക്കുന്ന ഒരു രോഗമാണിത്. രോഗലക്ഷണങ്ങൾ വ്യത്യസ്തമാണ്, പക്ഷേ ഒരിക്കലും അത് വിശപ്പിനെ ബാധിക്കുന്നില്ല. ഇത് ഒരിക്കലും ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുകയുമില്ല. ഒരിക്കലും ഈ രോഗത്തിന് ഒരു ഡോക്ടറുടെ സേവനം തേടിയിട്ടില്ല. അത് എപ്പോഴും ആത്മാവിന് മാരകമാണെന്ന് തെളിയിക്കുന്നു. ഇത് വളരെ വ്യാപകമാണ്, എല്ലാ വർഷവും ആയിരക്കണക്കിന് ആളുകളെ നശിപ്പിക്കുന്നു. ഈ ആക്രമണം എല്ലാ ഞായറാഴ്ചയും  രാവിലെ ആളുകൾ നേരിടുന്നു.

ശനിയാഴ്ച യാതൊരുവിധ രോഗലക്ഷണങ്ങളും കാണപ്പെടുന്നില്ല. ഞായറാഴ്ച രാവിലെ ഒൻപത് മണിയാകുമ്പോൾ ആക്രമണം വരുന്നു. സാധാരണയായി ഈ രോഗി ശനിയാഴ്ച രാത്രിയിൽ സുഖകരമായി ഉറങ്ങുകയും വളരെ ആരോഗ്യപൂർണ്ണമായ പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാൽ, സഭായോഗത്തിന്റെ സമയമാകുമ്പോൾ, പെട്ടന്ന് കഠിനമായ ആക്രമണം നേരിടുന്നു. സഭാശുശ്രൂഷകൾ കഴിയുന്നതുവരെ അത് തുടരുന്നു. അതിനുശേഷം, നല്ല ഊണ് കഴിക്കുവാൻ തക്കവിധത്തിൽ രോഗത്തിന് ശമനമുണ്ടാകുന്നു. ഉച്ചകഴിഞ്ഞ്, രോഗി കൂടുതൽ മെച്ചപ്പെട്ടതായി കാണപ്പെടുന്നു, പലപ്പോഴും മോട്ടോർ സവാരിക്കോ ഗോൾഫ് കളിക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വ്യായാമത്തിനോ പോകുകയും ചെയ്യും.

ഈ രോഗം കണ്ണുകളെ ബാധിക്കുന്നതായി കാണുന്നില്ല. കാരണം ഞായറാഴ്ചയിലെ ദിനപത്രം ആസ്വദിച്ച് വായിക്കുന്നതായി കാണപ്പെടുന്നു. വൈകുന്നേരം രോഗി ഒരു ആക്രമണം കൂടി നേരിടുന്നു, വൈകുന്നേരത്തെ സഭായോഗം കൂടി കഴിയുന്നതുവരെ അത് തുടരുന്നു. തിങ്കളാഴ്ച രോഗി നവോന്മേഷത്തോടെ ഉണരും, അടുത്ത ഞായറാഴ്ച വരെ മറ്റൊരു ആക്രമണം നേരിടുകയുമില്ല. 

പ്രതിവിധി: വലിയ അളവിൽ ഇത് സ്വീകരിക്കുക, “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും” [എഫെസ്യർ 5:14].

ഒരു എഴുത്തുകാരൻ ഈ  പ്രശ്നം നന്നായി സംഗ്രഹിച്ചിരിക്കുന്നു: “ഭൂരിപക്ഷം ആളുകൾക്കും, സഭാംഗങ്ങൾക്കു പോലും, ആഴ്ചയിലെ മുൻഗണന സഭയല്ല. പള്ളിയിൽ പോകുന്നതിനേക്കാൾ മുൻഗണന പലപ്പോഴും സ്കൂൾ, ജോലി, കായികം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്കു നൽകുന്നു. വാരാന്ത്യങ്ങളെ വിശ്രമിക്കുന്നതിനും സ്‌പോർട്‌സ് കളിക്കുന്നതിനും രാത്രി വൈകിയും ഉണർന്നിരിക്കുന്നതിനും ഉറങ്ങുന്നതിനുമുള്ള സമയമായി കാണുന്ന ലോകത്തെ തങ്ങളുടെ സമയം ക്രമപ്പെടുത്തുവാൻ അനുവദിക്കുക എന്ന തെറ്റ് അവർ ചെയ്തിരിക്കുന്നു. ഞായറാഴ്ച ക്രിസ്ത്യാനികൾക്ക് ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കണം. നിങ്ങൾ നിങ്ങളുടെ ജോലിയുടെ സമയം നിജപ്പെടുത്തുവാൻ ശ്രമിക്കണം.”

കർതൃദിവസത്തെ ശരിയായി കൈകാര്യം ചെയ്തുകൊണ്ട് നാം ലോകത്തോടു പറയുന്നത് നാം കർതൃദിവസത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അവർ നിർദ്ദേശിക്കുകയല്ല പിന്നെയോ തന്റെ ദിവസത്തെ എപ്രകാരം ഞങ്ങൾ കൈകാര്യം ചെയ്യണമെന്ന് കർത്താവാണ് നിർദ്ദേശിക്കുന്നത് എന്നാണ്. ഇത് കർതൃദിവസമാണ്. കർത്താവിന്റെ അർധ ദിവസമല്ല എന്നതും നാം ഓർമ്മിക്കണം. “ഞാൻ എന്റെ 2 മണിക്കൂർ കർത്താവിന് നൽകി. ആഹാ! ഇനി എന്റെ സ്വന്ത കാര്യം” എന്നതായിരിക്കരുത് നമ്മുടെ മനോഭാവം. അത്തരത്തിലുള്ള മനോഭാവത്തോടു കൂടെ, പ്രത്യേകിച്ചും നമ്മുടെ കണ്ണുകൾ ക്ലോക്കിലെ സമയത്തിലാണെങ്കിൽ നമുക്ക് എങ്ങനെയാണ് പൂർണ്ണഹൃദയത്തോടെ കർത്താവിനെ ആരാധിക്കുവാൻ സാധിക്കുന്നത്? ദിവസം മുഴുവൻ കർതൃദിവസമായി നാം കരുതുകയും കർത്താവിനെ ബഹുമാനിക്കുവാൻ പ്രയത്നിക്കുകയും ചെയ്യണം. 

കർതൃദിവസം അനേക പ്രവർത്തനങ്ങളാൽ നിറഞ്ഞിരിക്കുന്നുവെന്നു കരുതുക. അപ്പോൾ, സഭായോഗം, ബൈബിൾ വായന, ക്രിസ്തീയ പുസ്തകവായന/പ്രാർഥന/ധ്യാനം എന്നിവ നഷ്ടമാകുന്നു. എന്നാൽ, കുടുംബം ഒരുമിച്ച് കർതൃദിവസത്തിൽ സമയം ചിലവഴിക്കുകയും വായന/പ്രാർഥന /കർത്താവിനെക്കുറിച്ച് ധ്യാനിക്കുക, സഭയിൽ പോകുക എന്നിവ ചെയ്യുകയാണെന്നു കരുതുക. അത് എത്ര നല്ല അനുഗ്രഹമായിരിക്കും! [ഈ പോസ്റ്റ് വായിക്കുന്ന ചിലർക്ക്, സഭയിൽ വരുന്നതിനോ ബൈബിബിൾ വായിക്കുന്നതിനോ വിസമ്മതിക്കുന്ന രക്ഷിക്കപ്പെടാത്ത ജീവിതപങ്കാളികളോ പ്രായപൂർത്തിയായ മക്കളോ ഉണ്ടായിരിക്കാം എന്ന് ഞാൻ മനസ്സിലാക്കുന്നു. എത്ര പ്രയാസമുള്ള കാര്യമാണെങ്കിലും വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവർ ദൈവത്തിന് പ്രാധാന്യമുള്ള കാര്യങ്ങൾക്കായി സാധിക്കുന്നത്ര സമയം പ്രായോഗികമായി മാറ്റിവയ്കുവാൻ പ്രയത്നിക്കണം].

ഡ്വൈറ്റ് ഹില്ലിസ് എന്ന പാസ്റ്റർ വളരെ നാളുകൾക്കു മുൻപ് ഒരിക്കൽ, ഒരു കർതൃദിവസത്തിൽ പുറത്ത് ഉല്ലാസത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സുന്ദരിയായ ഒരു പെൺകുട്ടിയുടെ ശവസംസ്കാരം നടത്തി. താൻ സ്നേഹിക്കുന്ന മകൾക്കു വിട നൽകുമ്പോൾ അവളുടെ പിതാവ് തന്റെ സുഹൃത്തുക്കളുടെ നേരേ തിരിഞ്ഞ് ഇടറിയ ശബ്ദത്തിൽ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ ഞങ്ങളുടെ ഞായറാഴ്ചകൾ ഗോൾഫ് കളിച്ചോ മറ്റ് വിനോദ പ്രവൃത്തികളിൽ ഏർപ്പെട്ടോ ചിലവഴിച്ചിരുന്നു. ഞങ്ങളുടെ മക്കൾ ഞങ്ങളുടെ മാതൃക പിന്തുടർന്നു, ഞായറാഴ്ചകകളിൽ അവർ ഞങ്ങളേക്കാൾ കൂടുതൽ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.  എന്റെ മകൻ എന്നെ അപമാനിച്ചു, എന്റെ മകൾ മരണപ്പെട്ടു. ഞാൻ നിങ്ങളോടു പറയട്ടെ, ഒരു കുടുംബത്തെ പോറ്റുവാൻ ഒരൊറ്റ മാർഗ്ഗമേയുള്ളൂ. അത് സൺഡേ സ്കൂളിലും സഭയിലും പങ്കെടുക്കുകയാണ്. ഞാൻ എന്താണ് പറയുന്നത് എന്ന് എനിക്കറിയാം.”

ഞാൻ ആവർത്തിക്കുന്നു: മാതാപിതാക്കളേ, നമ്മുടെ മക്കൾക്കായി  നാം എന്തു  മാതൃകകളാണ് വച്ചിരിക്കുന്നത്? ലാഭവും ഉല്ലാസവുമെന്ന ഇരട്ട ബലിപീഡത്തിന്മേൽ നമുക്ക് കർതൃദിനത്തെ ബലികഴിക്കാതിരിക്കാം. പകരം, കർത്താവിനോടും അവന്റെ ജനത്തോടുമുള്ള നമ്മുടെ സ്നേഹം കർതൃദിനത്തെ കർത്താവിന്റെ ദിനമായി ആദരിക്കുവാൻ നമ്മെ നയിക്കേണ്ടത് അനിവാര്യമാണ്. 

അത് പറഞ്ഞുകൊണ്ട്, അടുത്ത പോസ്റ്റിൽ, കർതൃദിവസത്തെ ആദരിക്കേണ്ട വിധത്തിൽ ആദരിക്കുവാൻ സഹായകരമാകുമെന്ന് ഞാൻ കരുതുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ നാം കാണുന്നതാണ്. 

എന്നിരുന്നാലും, ലാഭത്തിന്റെയും ഉല്ലാസത്തിന്റെയും ഈ ശത്രുക്കളെ [പാപങ്ങളെ?] മരിപ്പിക്കുവാൻ  നാം ഒരു വിശുദ്ധ തീരുമാനം എടുക്കുന്നതുവരെ എത്ര തന്നെ പ്രായോഗിക നിർദ്ദേശങ്ങൾ ലഭിച്ചാലും അവ സഹായകരമാകുകയില്ല. കർത്താവിനെ തന്റെ ദിനത്തിൽ ആരാധിക്കുവാൻ വരിക എന്നത് ഒരുവന്റെ ഹൃദയത്തെ സ്വാധീനിക്കുന്ന ഒരു ബോധ്യമായി മാറാതെ അത് സഹായിക്കുകയില്ല. അതിനാൽ, അത്തരത്തിൽ ഒരു ബോധ്യം നിങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല എങ്കിൽ, അതിനായി എന്തുകൊണ്ട് ആത്മാർഥമായി പ്രാർഥിച്ചുകൂടാ?

Category

Leave a Comment