കർത്താവിനോടൊപ്പമുള്ള അർഥവത്തായ ശാന്തസമയം എപ്രകാരം സ്വായത്തമാക്കാം

Posted byMalayalam Editor September 26, 2023 Comments:0

(English version: “How To Have A Meaningful Quiet Time With The Lord”)

വളരെ വർഷങ്ങൾക്കു മുൻപ്, യുണൈറ്റെഡ് സ്റ്റേറ്റ്സ് സന്ദർശിച്ച ഒരു പ്രസംഗകൻ ഒരു വൈകുന്നേരം, ടെലിഫോൺ വിളിയ്കുവാൻ വേണ്ടി ഒരു ബൂത്തിനെ സമീപിച്ചു. ബൂത്തിൽ കടന്ന അദ്ദേഹത്തിന് തന്റെ രാജ്യത്തേതിൽ നിന്നും വ്യത്യസ്തമായാണ് ആ ബൂത്ത് പ്രവർത്തിക്കുന്നത് എന്നു മനസ്സിലായി. സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. അതിനാൽ, ഡയറക്ടറിയിൽ നിന്നും നമ്പർ കണ്ടെത്തുക പ്രയാസമായിരുന്നു. മുകൾതട്ടിലായി ഒരു ലൈറ്റ് കണ്ടെത്തിയെങ്കിലും അത് കത്തിക്കുന്നത് എപ്രകാരമാണ് എന്ന് മനസ്സിലായില്ല. അതുകൊണ്ട്, അസ്തമയസൂര്യന്റെ മങ്ങിക്കൊണ്ടിരിക്കുന്ന പ്രകാശത്തിൽ നമ്പർ കണ്ടെത്തുവാൻ അദ്ദേഹം പ്രയാസപ്പെട്ട് ശ്രമിച്ചുകൊണ്ടിരുന്നു.  അദ്ദേഹത്തിന്റെ അവസ്‌ഥ കണ്ട ആ വഴി കടന്നുപോകുന്ന ഒരാൾ ഇപ്രകാരം പറഞ്ഞു:  “സാർ, താങ്കൾക്ക് ലൈറ്റ് കത്തിക്കണമെന്നുണ്ട് എങ്കിൽ, ആ കതക് അടച്ചാൽ മതി, ലൈറ്റ് താനേ കത്തും.” അദ്ദേഹം അതനുസരിച്ച് വാതിലടയ്കുകയും ബൂത്ത് പ്രകാശത്താൽ നിറയുന്നത് അത്ഭുതത്തോടെയും സന്തോഷത്തോടെയും കാണുകയും ചെയ്തു. ഉടനടി അദ്ദേഹം നമ്പർ കണ്ടെത്തുകയും ഫോൺ വിളി പൂർത്തിയാക്കുയും ചെയ്തു.  

അതുപോലെതന്നെ, ദൈവത്തിന്റെ വെളിച്ചം നമ്മുടെ ഹൃദയങ്ങളിൽ പ്രകാശിക്കുവാൻ, നമ്മുടെ തിരക്കുപിടിച്ച  ജീവിതങ്ങളിൽ ബഹളങ്ങളിൽ നിന്നകന്ന് ശാന്തമായ ഒരു സ്ഥലത്ത് മാറിയിരിക്കണം. എങ്കിലും, പല ക്രിസ്ത്യാനികളും ഈ സുപ്രധാനമായ ക്രിസ്തീയ ശീലത്തെ അവഗണിക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങൾ ചോദിക്കുകയും അവയ്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തുകൊണ്ട്, ഈ ശീലത്തെ സ്ഥിരതയോടെ പാലിക്കുവാൻ ക്രിസ്ത്യാനികളെ   ഈ പോസ്റ്റ് പ്രോത്സാഹിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു. 

എന്നാൽ, ചോദ്യങ്ങളിലേയ്കു കടക്കുന്നതിനു മുൻപ്, ഒരു പ്രധാന സത്യം നമുക്ക് ഓർമ്മിക്കാം. കർത്താവിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനുള്ള മാർഗ്ഗമല്ല മറിച്ച്, നമ്മുടെ നല്ലവനായ കർത്താവിനോടുള്ള നമ്മുടെ സ്നേഹവും ആശ്രയത്വവും കാണിക്കുന്നതിന്റെ തെളിവാണത്. നാം കൃപയ്കുവേണ്ടി പ്രവൃത്തിക്കുകയല്ല മറിച്ച്, കൃപയിൽ നിന്നും പ്രവൃത്തിക്കുകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പാപത്തിൽ നിന്നുള്ള മാനസാന്തരത്തിൽ നിന്നും നമ്മുടെ പാപങ്ങൾക്കുവേണ്ടി ചൊരിയപ്പെട്ട ക്രിസ്തുവിന്റെ രക്തത്തിലുള്ള വിശ്വാസത്തിൽ നിന്നുമാണ് ദൈവവുമായുള്ള ശരിയായ ബന്ധം ഉണ്ടാകുന്നത്. ക്രിസ്തുവിലൂടെ മാത്രം, ക്രിസ്തുവിലുള്ള  വിശ്വാസത്താൽ മാത്രം, കൃപയാൽ മാത്രമാണ് നാം രക്ഷിക്കപ്പെടുന്നത്. ശാന്തസമയം എന്നത് രക്ഷയുടെ ഫലമായി ഉണ്ടാകുന്ന ആത്മീയ ശീലമാണ്, രക്ഷയുടെ കാരണമല്ല, കർത്താവിന്റെ പ്രീതി നേടിയെടുക്കുന്നതിനുള്ള ഒരു മാർഗ്ഗമല്ല അത്.    

അത് വ്യക്തമായി പറഞ്ഞുകൊണ്ട്, ഇനി നമുക്കു മുൻപോട്ടു പോകാം. 

1. എന്താണ് ശാന്തസമയം? 

ബൈബിൾ വായനയിലും [ദൈവം നമ്മോടു സംസാരിക്കുന്നു] പ്രാർഥനയിലുമായി [ദൈവത്തോടു നാം സംസാരിക്കുന്നു] ഒരു വ്യക്തി ദൈവത്തോടൊപ്പം തനിയെ ദിവസേന ചെലവഴിക്കുന്ന സമയമാണ് ശാന്തസമയം. 

2. ആർക്കാണ് ശാന്തസമയം ഉണ്ടായിരിക്കേണ്ടത്? 

എല്ലാ ക്രിസ്ത്യാനികൾക്കും കർത്താവിനോടൊപ്പം ശാന്തസമയം ഉണ്ടായിരിക്കേണ്ടതാണ്. 1കൊരിന്ത്യർ 1:9 നാം ഇപ്രകാരം വായിക്കുന്നു: “തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” “കൂട്ടായ്മ” എന്ന വാക്കിന്റെ അർഥം സാധനങ്ങൾ ഒരുമിച്ചു പങ്കുവയ്കുക, പൊതുവായി ഉണ്ടായിരിക്കുക എന്നാണ്. ഉല്പത്തി 1-2 ൽ ദൈവവുമായുള്ള കൂട്ടായ്മയ്ക് ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നു കാണുന്നു. ആദാമിന്റെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ വിച്ഛേദിച്ചപ്പോൾ ക്രിസ്തുവിലൂടെ ആ ബന്ധത്തെ ദൈവം പുനസ്ഥാപിച്ചു. ഈ ബന്ധത്തെ തുടർമാനമായ കൂട്ടായ്മയിലൂടെ പോഷിപ്പിക്കുന്നു. ഈ കൂട്ടായ്മ വളർത്തുന്നതിനും പുതുക്കുന്നതിനുമുള്ള ഒരു മാർഗ്ഗമാണ് ശാന്തസമയം. 

3. എന്തുകൊണ്ട് ഒരുവന് ശാന്തസമയം ഉണ്ടായിരിക്കണം?

കാരണങ്ങൾ പലതാണ്. അവയിൽ ചിലത് ഇവിടെ നൽകുന്നു.

1. ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ. ജീവിതത്തിന്റെ അവസാന ഘട്ടത്തിൽപ്പോലും “ക്രിസ്തുവിനെ അനുഭവിച്ചറിയണം” എന്ന ആഗ്രഹമാണ് പൗലോസിനുണ്ടായിരുന്നത് [ഫിലി 3:10]. ക്രിസ്തുവിനെക്കുറിച്ച് നാം അറിയേണ്ടത് എല്ലാം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ വചനം തനിയെ പഠിച്ചുകൊണ്ട് ഒരുവൻ കൂടതൽ സമയം ചിലവഴിക്കുമ്പോൾ ക്രിസ്തുവിനെക്കുറിച്ചുള്ള അറിവ് വർധിക്കുന്നു.

2. മാർഗ്ഗദർശനം തേടുക. സങ്കീർത്തനങ്ങൾ 25:4 -5 ൽ ദാവീദ് ഇപ്രകാരം നിലവിളിക്കുന്നു: “4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ! 5 നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.” നല്ല ഇടയനിൽ നിന്നും സ്ഥിരമായി മാർഗ്ഗനിർദ്ദേശം ആവശ്യമുള്ള ആടുകളാണ് നാം. നാം തനിയെ അവനോടൊപ്പം സമയം ചിലവഴിക്കുമ്പോൾ, തന്റെ വചനത്തിലൂടെ അവൻ നമ്മെ മുമ്പോട്ടു നയിക്കുന്നു.  

3. വിശ്വാസത്തിൽ ശക്തികരിക്കപ്പെടുന്നു. ക്രിസ്തീയ ജീവിതം പൂക്കൾ വിരിച്ച മെത്തയല്ല. വെല്ലുവിളികൾ നിറഞ്ഞതാണ്. യേശു “നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു” എന്ന് ലൂക്കോസ് 5:16 നമ്മെ ഓർമ്മിപ്പിക്കുന്നു.  നമ്മുടെ കർത്താവും യജമാനനുമായവൻ പിതാവിനോടൊത്ത് ഏകനായി ചിലവഴിക്കുവാൻ സമയം മാറ്റിവച്ചുവെങ്കിൽ, ഈ ശീലം നമുക്ക് അവഗണിക്കുവാൻ സാധിക്കുമോ? ക്രിസ്ത്യാനിയുടെ മൂന്നു ശത്രുക്കൾ—ജഡം, ലോകം, സാത്താൻ- വിശ്വാസത്തെ തെറ്റിക്കുവാൻ നമുക്കു സ്ഥിരമായി ഭീഷണി ഉയർത്തുന്നു. ദൈവവുമായി ഏകനായി സമയം ചിലവഴിച്ചുകൊണ്ട് വിശ്വാസത്തിൽ ശക്തിപ്പെടുന്നതിലൂടെ മാത്രമേ   ശക്തരും ഇടതടവില്ലാതെ എതിരിടുന്നവരുമായ ഈ ശത്രുക്കളോട് പോരാടുന്നതിന് നമുക്ക് സാധിക്കുകയുള്ളൂ!

മറ്റു കാരണങ്ങളും ഇവയോടു കൂട്ടിച്ചേർക്കാവുന്നതാണ്. എന്നാൽ, ഈ ലോകത്തിലെ അനുദിന ജീവതത്തിൽ ശക്തിപ്പെടുന്നതിന് കർത്താവിനോടൊപ്പം ശാന്തസമയം ചിലവഴിക്കുന്നതിന്റെ ആവശ്യം നമ്മെ ബോധ്യപ്പെടുത്തുന്നതിന് ഈ 3 കാരണങ്ങൾ മതിയാകുന്നതാണ്. 

4. എപ്രകാരമാണ് അർഥവത്തായ ശാന്തസമയം നമുക്ക് സാധ്യമാകുന്നത്? 

അനുസരണം കൂടാതെയുള്ള അറിവ് പ്രയോജനരഹിതമായതിനാൽ, ഈ ആത്മീയ ശീലം എപ്രകാരം ചെയ്യാം എന്ന് നമുക്കു നോക്കാം. ഇവിടെ നാം പരിഗണിക്കേണ്ട മൂന്ന് കാര്യങ്ങളുണ്ട്.

1. പതിവായ ഒരു സമയം. കർത്താവിനോടൊത്തു ചിലവഴിക്കുവാൻ എല്ലാ ദിവസവും രാവിലെയും രാത്രിയിലുമെങ്കിലും വിശ്വാസികൾ പതിവായി സമയം വേർതിരിക്കേണ്ടതുണ്ട്. കർത്താവിങ്കലേയ്കു നോക്കാതെ നമുക്ക് ഒരു ദിവസം ആരംഭിക്കവാൻ കഴിയുകയില്ല. പ്രഭാത ധ്യാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചപ്പോൾ ഹഡ്സൺ ടെയ്‌ലർ ഇപ്രകാരം പറഞ്ഞു, “നിങ്ങൾ നിങ്ങളുടെ സംഗീതോപകരണങ്ങൾ ട്യൂൺ ചെയ്യുന്നത് കച്ചേരി കഴിഞ്ഞല്ല, അതിനു മുൻപുതന്നെയാണ്!”

പ്രഭാത ധ്യാനത്തിനു വേണ്ടി രാവിലെ ഉണർന്നെഴുന്നേൽക്കുവാൻ സാധിക്കേണ്ടതിന് ഒരുവൻ ഉചിതമായ സമയത്തുതന്നെ ഉറങ്ങേണ്ടതാണ്. രാവിലെ കർത്താവുമായി സമയം ചിലവഴിക്കുന്നതിനു വേണ്ടി ഉണർന്നെഴുന്നേൽക്കുവാൻ സഹായിക്കേണ്ടതിന് തലേ രാത്രിയിൽതന്നെ നാം പ്രാർഥിക്കേണ്ടതാണ്. രാവിലെ അലാം അടിക്കുമ്പോൾ എഴുന്നേൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം, നാം ഉടനടി എഴുന്നേൽക്കേണ്ടതാണ്. കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിനുള്ള പോരാട്ടത്തിൽ ആദ്യത്തെ അഞ്ച് സെക്കൻഡുകളിൽ നാം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യും എന്നത് നാം അറിഞ്ഞിരിക്കണം. കർത്താവിനു മുൻഗണന നൽകുവാൻ നാം പ്രയത്നിക്കണം.  

കൂടാതെ, നാം കർത്താവിനോടൊത്ത് ദിവസം അവസാനിപ്പിക്കുകയും വേണം. പകലിൽ അവൻ നമ്മെ നടത്തി. അവൻ നമ്മുടെ നന്ദി അർഹിക്കുന്നു. അതുകൊണ്ടാണ്, രാത്രിസമയ ധ്യാനം പാതി മയക്കത്തിൽ നാം ചെയ്യരുതാത്തത്. കർത്താവ് നമ്മുടെ പൂർണ്ണ ശ്രദ്ധ അർഹിക്കുന്നു! 

വേർതിരിക്കേണ്ട സമയം സംബന്ധിച്ച് ഓരോരുത്തരും വ്യക്തിപരമായി തീരുമാനിക്കേണ്ടതാണ്. എന്നിരുന്നാലും, ഓരോ ദിവസവും രാവിലെ 20 മിനിറ്റും വൈകിട്ട് 20 മിനിറ്റും ചിലവഴിക്കുകയും മുൻപോട്ടുള്ള ദിവസങ്ങളിൽ സമയം ആവശ്യാനുസൃതം വർധിപ്പിക്കുകയും ചെയ്യുവാൻ നമുക്കു ശ്രമിക്കാവുന്നതാണ്. അതോടൊപ്പം, സമയം അനുവദിക്കുമെങ്കിൽ, കർത്താവുമായി ആശയവിനിമയം നടത്തുവാൻ പകൽ സമയത്തും ഏതാനം മിനിറ്റുകൾ നാം ചിലവഴിക്കേണ്ടതാണ്. കൂടാതെ, ആഴ്ചയുടെ ഒടുവിൽ കൂടുതൽ സമയം കർത്താവിനോടൊപ്പം ചിലവഴിക്കുവാൻ വേണ്ടി വേർതിരിക്കുവാൻ ശ്രമിക്കാം. 

2. പതിവായി ഒരു സ്ഥലം. സാധിക്കുമെങ്കിൽ, ശ്രദ്ധ വ്യതിചലിപ്പിക്കുന്ന സാമഗ്രികൾ ഇല്ലാത്തതും (ടി വി, ഇന്റർനെറ്റ്, മൊമൈൽ ഫോൺ എന്നിവ) സ്വകാര്യതയുള്ളതും സുഖകരമായതുമായ ഒരു സ്ഥലം കർത്താവുമായി സംസാരിക്കുവാൻ ഉള്ളത് നല്ലതാണ്. കർത്താവുമായുള്ള ആശയവിനിമയത്തിൽ സ്വകാര്യത വളരെ സഹായകമായേക്കാം. ചിലർക്ക് അത് വീടിനുള്ളിൽ ഒരിടമായിരിക്കാം. മറ്റു ചിലർക്ക് കാറിനുള്ളിൽ ആയിരിക്കാം. എവിടെയായിരുന്നാലും, നമ്മുടെ “സ്വകാര്യ മുറി” എന്നു വിളിക്കുന്ന ഒരു സ്ഥലം നാം കണ്ടെത്തേണ്ടുണ്ട്. 

3. പതിവായി ഒരു ക്രമം പാലിക്കുക. അടുക്കും ക്രമവുമില്ലാത്ത കുറെ ചിന്തകളുടെ പുസ്തകമല്ല ബൈബിൾ. ദൈവം തന്റെ വെളിപ്പാട് നൽകിയിയിരിക്കുന്നത് ക്രമീകൃതവും പരോഗമനാത്മകവുമായ വിധത്തിലാണ്. അതുകൊണ്ട്, തിരുവെഴുത്തുകൾ മുഴുവനും പഠിക്കുവാൻ സഹായിക്കുന്ന തരത്തിൽ സ്ഥിരതയുള്ള ഒരു വായനാപ്ലാൻ വികസിപ്പിക്കുകയും അതിൻപ്രകാരം മുൻപോട്ട് വായന തുടരുകയും ചെയ്യണം. തിരുവെഴുത്തുകൾ പഠിക്കുന്നതിനു പുറമേ, നാം പ്രാർഥനയിൽ സമയം ചിലവഴിക്കുകയും ചെയ്യണം.  പ്രാർഥനയിൽ സ്തോത്രം, ഏറ്റുപറച്ചിൽ, നന്ദിപ്രകടനം, ദൈവത്തോടുള്ള യാചന എന്നിവ ഉൾപ്പെട്ടിരിക്കണം. 

നാം ചുരുക്കമായി 4 ചോദ്യങ്ങൾ പരിഗണിച്ചുകഴിഞ്ഞു. ഇനി ചില സമാപന ചിന്തകൾ. 

ഏതൊരു പ്രവൃത്തിയും ശീലമായിത്തീരുന്നതിന് ഏകദേശം 4 ആഴ്ചകൾ എടുക്കും. നമ്മുടെ ശാന്തസമയം സ്ഥിരതയല്ലാത്ത ഒന്നാണ് എങ്കിൽ, ഉടനടി അത് ആരംഭിക്കരുതോ—ഇന്നു രാത്രി അല്ലെങ്കിൽ നാളെ രാവിലെ? ഈ ശീലം  പ്രവൃത്തിയിൽ കൊണ്ടുവരുവാൻ നമുക്ക് തോന്നൽ ഉണ്ടാകുന്നതുവരെ നാം കാത്തിരിക്കുകയാണെങ്കിൽ, അത്തരത്തിൽ ഒരു തോന്നൽ ഉണ്ടാകാതിരിക്കുവാൻ ജഡം [പിശാചും] ഉറപ്പായും ശ്രമിക്കും.  

ഉവ്വ്, ശാന്തസമയത്തിൽ ഇടയ്ക് ഒരു വരൾച്ച അനുഭവപ്പെടാം. എന്നിരുന്നാലും, ശാന്തസമയം ഉപേക്ഷിക്കുവാൻ അത് കാരണമാകരുത്. അത്തരം സമയങ്ങളിലാണ് നാം കർത്താവിനോട് കൂടുതൽ അടുത്തിരിക്കേണ്ടത്! തങ്ങൾ പാപത്തിൽ വീഴുന്നതിന് തൊട്ടുമുൻപ് തങ്ങളുടെ ശാന്തസമയം [പൂർണ്ണമായി നിന്നുപോയില്ല എങ്കിൽ] ക്ഷയിച്ചുപോയിരുന്നു എന്ന് അനേകർ [പാസ്റ്റർമാർ ഉൾപ്പെടെ] സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. 

നമ്മുടെ ജീവിതങ്ങളെ പരിശോധിക്കുകയും ഗൗരവമുള്ള ഒരു ചോദ്യം ചോദിക്കുകയും ചെയ്യേണ്ടതുണ്ട്: നാം പാപവുമായി  മല്ലടിക്കുകയോ നമ്മുടെ ജീവിതത്തിൽ കാര്യമായ ആത്മീയ വളർച്ച നേരിടാതിരിക്കുകയോ ആനന്ദം അനുഭവിക്കാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ, അതിനു കാരണം കർത്താവിനോടൊത്ത് സ്ഥിരതയുള്ള ശാന്തസമയം ഇല്ലാത്തതാണോ? അങ്ങനെയെങ്കിൽ ഈ പാപത്തെക്കുറിച്ച് നമുക്ക് അനുതപിക്കുകയും കാര്യങ്ങൾ ശരിയാക്കുകയും ചെയ്യുവാൻ മനസ്സുവയ്കുമോ? 

ആഫ്രിക്കയിൽ നിന്നും ആദ്യമായി ക്രിസ്തീയതയിലേയ്ക് പരിവർത്തനം ചെയ്യപ്പെട്ടവർ തങ്ങളുടെ വ്യക്തിപരമായ ധ്യാനസമയത്തിന്റെ കാര്യത്തിൽ താത്പര്യവും സ്ഥിരതയുമുള്ളവരായിരുന്നു. ദൈവത്തിനു മുൻപിൽ ഹൃദയം പകരുന്നതിന് ഓരോരുത്തർക്കും കുറ്റിക്കാടുകളിൽ ഓരോ പ്രത്യേക സ്ഥലം ഉണ്ടായിരുന്നു. കുറെ നാളുകൾക്കു ശേഷം ഈ സ്ഥലങ്ങളിലേയ്കുള്ള വഴികൾ നന്നായി തെളിഞ്ഞു. അതിന്റെ ഫലമായി,  ഈ വിശ്വാസികളിൽ ഒരാൾ പ്രാർഥനയിൽ ഉപേക്ഷ കാണിച്ചാൽ, അത് മറ്റുള്ളവർക്ക് കാണത്തക വിധം വെളിപ്പെടും. ആ വ്യക്തിയോട് അവർ കരുണാപൂർവ്വം ഇപ്രകാരം ഓർമ്മിപ്പിക്കും, “സഹോദരാ, താങ്കളുടെ വഴിയിൽ പുല്ല് വളരുവാൻ തുടങ്ങിയിരിക്കുന്നു.”

നമുക്ക് നമ്മുടെ ജീവതങ്ങളെ പരിശോധിക്കാം: നമ്മുടെ വഴികളിൽ പുല്ല് വളർന്നിരിക്കുന്നുവോ? അങ്ങനെയെങ്കിൽ, ഇപ്പോഴും ഏറെ വൈകിയിട്ടില്ല. നമുക്ക് മാനസാന്തരപ്പെട്ട്, തിരികെ വരുവാൻ പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ സഹായിക്കുവാൻ കർത്താവിനോട് നമുക്ക് അപേക്ഷിക്കാം.  തിരികെ വരുവാനും കർത്താവുമായുള്ള കൂട്ടായ്മ ആസ്വദിക്കുവാനും അവൻ നമ്മെ സഹായിക്കും. 

ഒടുവിൽ, വീണ്ടെടുക്കപ്പെട്ട ഹൃദയത്തിന്റെ—കർത്താവായ യേശുക്രിസ്തുവുമായുള്ള കൂട്ടായ്മയിലേയ്ക് ഇതിനോടകംതന്നെ കടന്നുകഴിഞ്ഞ ഹൃദയത്തിന്റെ— വിശേഷഭാഗ്യവും ആനന്ദവുമാണ് ശാന്തസമയം എന്നത് നമുക്ക് ഓർമ്മിക്കാം. ഭൗമിക ജീവിതത്തിൽ അവശേഷിക്കുന്ന എല്ലാ ദിവസങ്ങളിലും ഈ കൂട്ടായ്മ നമുക്ക് അനുഭവിക്കാം! 

Category

Leave a Comment