ജലസ്നാനം ⎯ 6 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

Posted byMalayalam Editor April 25, 2023 Comments:0

(English Version: Water Baptism – 6 Key Questions Asked And Answered)

യേശുക്രിസ്തുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമയി സ്വീകരിക്കുന്ന എല്ലാ ക്രിസ്ത്യാനികളും അടിസ്ഥാനപരമായി, പാലിക്കേണ്ട രണ്ട് കല്പനകൾ/നിയമങ്ങൾ ഉണ്ട്. ഒന്നാമത്തേത് ജലസ്നാനം ആണ്. രണ്ടാമത്തേത് കർത്താവിന്റെ അത്താഴം അല്ലെങ്കിൽ തിരുവത്താഴം എന്നും  അറിയപ്പെടുന്ന കർതൃമേശ ആണ്. ഇവയിൽ ഒന്ന് മറ്റേതിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണം, ജലസ്നാനം ഒരിക്കൽ ആയി ചെയ്യുന്ന പ്രവൃത്തിയും കർതൃമേശയിൽ പങ്ക് കൊള്ളുന്നത് തുടർമാനമായ പ്രവൃത്തിയുമാണ്. ഒന്നാമത്തെ കല്പനയായ ജലസ്നാനം സംബന്ധിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ ഈ ഹൃസ്വമായ അവലോകനം ശ്രമിക്കുന്നു.

ഒരുവൻ വിശ്വാസിയായിത്തീർന്നതിനു ശേഷമുള്ള ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ കല്പനയാണ് സ്നാനം. അതായത്, പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെടുകയും യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്തതിനു ശേഷമുള്ള ആദ്യ കല്പന. ഈ വിഷയം സംബന്ധിച്ച് ബൈബിൾ വ്യക്തമാണ് എങ്കിലും വ്യക്തമായ ഈ കല്പനയോട് വലിയ അനുസരണക്കേട് കണ്ടുവരുന്നു. ഒരു ബൈബിൾ അധ്യാപകന്റെ അഭിപ്രായത്തിൽ, ഈ പരാജയത്തിന്റെ പ്രാഥമിക കാരണങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്:

i. അജ്ഞത: ഈ കല്പന പഠിപ്പിക്കുന്നില്ല എന്ന കാരണത്താൽ ആളുകൾ ഈ വിഷയം വ്യക്തമായി മനസ്സിലാക്കുന്നില്ല.

ii. ആത്മീയ അഹങ്കാരം: ദീർഘമായ കാലയളവിനു ശേഷം പരസ്യമായി സ്നാനപ്പെടുന്നത് ബോധ്യമില്ലായ്മയുടെ സൂചനയാണ് അല്ലെങ്കിൽ നീണ്ട കാലയളവിലേയ്ക് അനുസരണക്കേടിന്റെ സൂചനയാണ്. ഈ അനുസരണക്കേട് അംഗീകരിക്കുന്നത് എളിമപ്പെടുത്തുന്ന ഒരു അനുഭവമാണെന്നതിനാൽ പലരും അക്കാരണത്താൽ സ്നാനം ഏൽക്കുവാൻ ആഗ്രഹിക്കുന്നില്ല. നിർഭാഗ്യവശാൽ, ഈ കൂട്ടത്തിൽ ഉൾപ്പെടുന്ന ആളുകൾ ഇപ്പോൾ ലോകത്തിനു മുൻപിൽ ലജ്ജിക്കുന്നതിനേക്കാൾ ന്യായവിധി ദിവസത്തിൽ കർത്താവായ യേശുവിനു മുൻപിൽ ലജ്ജിക്കും.

iii. ലാഘവ മനോഭാവം: അനേകർക്കും സ്നാനത്തോട് തികച്ചും ലാഘവത്തോടെയുള്ളൊ മനോഭാവമാണുള്ളത്. അത്തരക്കാർ സ്നാനത്തിന് എതിരല്ല. അത് മുൻഗണന കൊടുക്കേണ്ട ഒരു വിഷയമായി അവർ കാണുന്നില്ല. “മറ്റ് പല അടിയന്തിര വിഷയങ്ങളും നിലവിൽ ഉണ്ട്. ഒരുപക്ഷെ, എനിക്ക് സാധിക്കുമ്പോൾ, സ്നാനം എന്ന വിഷയം ഞാൻ കൈകാര്യം ചെയ്യും“ എന്നു പറയുന്നതാണ് അവരുടെ മനോഭാവം.

iv. ഏറ്റുപറച്ചിലിനെയുള്ള ഭയം: പലയാളുകളും തങ്ങളുടെ വിശ്വാസം പരസ്യമായി ഏറ്റുപറയുവാൻ ഭയപ്പെടുന്നു, കാരണം അവർ അവരുടെ ജീവിതങ്ങളിൽ പാപത്തെ സ്നേഹിക്കുന്നവരാണ്. പരസ്യമായി അംഗീകരിക്കുന്നതിലൂടെ തങ്ങളെത്തന്നെ കാപട്യമുള്ളവരയി ചിത്രീകരിക്കുകയാണ് എന്ന് അവർ കരുതുന്നു. ചിലർ കരുതുന്നത്,“ആളുകൾ എന്തു വിചാരിക്കും“(കുടുംബം, സമൂഹം എന്നിവ) എന്നതാണ്. പ്രത്യേകിച്ചും കുടുംബത്തിൽ നിന്നും ഒറ്റപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം എന്നു തോന്നിയാൽ ആളുകൾ സ്നാനപ്പെടുവാൻ വിസമ്മതിക്കുന്നു.

v. ഒരു യഥാർഥ ക്രിസ്ത്യാനിയല്ല: ചിലപ്പോൾ ഒരു വ്യക്തി വിശ്വാസിയായിരിക്കുകയില്ല. അവർക്ക് പരിശുദ്ധാത്മാവ് ഇല്ല. അതുകൊണ്ടാണ് ഈ കല്പന അനുസരിക്കുവാൻ വേണ്ടിയ ബോധ്യമോ നിർബന്ധമോ തോന്നാത്ത്. അപ്പോഴും അവർ സഭയിൽ വരികയും കർതൃമേശയിൽ വരെ പങ്കു കൊള്ളുകയും ചെയ്യുന്നു. എന്നിരുന്നാലും, യഥാർഥത്തിൽ അവർ ക്രിസ്തുവിന്റെ വകയായിട്ടില്ല.

ആളുകൾ സ്നാനപ്പെടാതിരിക്കുന്നതിന് ഇതിനോട് മറ്റു കാരണങ്ങളും ഒരാൾക്ക് കൂട്ടിച്ചേർക്കുവാൻ സാധിക്കും എന്ന് എനിക്കുറപ്പുണ്ട്. എന്നിരുന്നാലും, ഈ പോസ്റിന്റെ ഉദ്ദേശ്യം ഒന്നാമത്തെ കാരണം, അജ്ഞതയെക്കുറിച്ച് പറയുകയാണ്. 6 അടിസ്ഥാന ചോദ്യങ്ങൾക്ക് തിരുവെഴുത്തുകളിൽ നിന്നും ഉത്തരം നൽകിക്കൊണ്ട്, ഈ വിഷയം സംബന്ധിച്ച് ഈ പോസ്റ്റ് വ്യക്തത വരുത്തും എന്നു പ്രതീക്ഷിക്കുന്നു. ഈ സത്യങ്ങൾ പ്രാർഥനാപൂർവ്വം പരിഗണിക്കുകയും അതിൻപ്രകാരം പ്രവർത്തിക്കുകയും ചെയ്യേണ്ടത് വായനക്കാരന്റെ ഉത്തരവാദിത്വമാണ്.

നമുക്ക് ഒന്നാമത്തെ ചോദ്യത്തിൽ ആരംഭിക്കാം.

1. നാം എന്തുകൊണ്ടാണ് ജലസ്നാനം സ്വീകരിക്കേണ്ടത്?

ഒന്നാമതായി, മത്തായി 28:19-ൽ യേശു സഭയ്ക് കല്പന നൽകുന്നത് വായിക്കുന്നു, “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും…” “നാമത്തിൽ” എന്ന പ്രയോഗം ഏകവചനത്തിൽ നൽകിയിരിക്കുന്നു (നാമങ്ങളിൽ എന്നല്ല നൽകിയിരിക്കുന്നത്). നാമത്തിൽ എന്ന ഏകവചനരൂപത്തിന്റെ ഉപയോഗം കാണിക്കുന്നത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും തുല്യതയാണ്. ഇത് സ്നാനസമയത്ത് ആവർത്തിക്കേണ്ട ഒരു സൂത്രവാക്യമല്ല. മൂന്നു വ്യക്തികളായി നിലനിൽക്കുന്ന ഏക ദൈവവുമായി വിശ്വാസി ആത്മീയമായി ഏകീഭവിക്കപ്പെടുന്നു എന്നാണ് ഇത് അർഥമാക്കുന്നത്.

രണ്ടാമതായി, എല്ലാ വ്യക്തികൾക്കും ബാധകമായ കല്പന അപ്പോസ്തലപ്രവർത്തികൾ 2:38-ൽ നാം വായിക്കുന്നു: പത്രൊസ് അവരോടു: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” കല്പന വ്യക്തമാണ്: ഒന്നാമതായി ഒരു വ്യക്തി പാപങ്ങളെക്കുറിച്ച് “മാനസാന്തരപ്പെടണം”( സുവിശേഷം കേൾക്കുകയും വിശ്വാസത്താൽ അതിനോടു പ്രതികരിക്കുകയും ചെയ്യുന്നതിനാൽ). രണ്ടാമതായി, അവർ “സ്നാനം ഏല്ക്കണം”. ഈ സംഭവങ്ങളുടെ ക്രമം വ്യക്തമാണ്. യഥാർഥമായ മാനസാന്തരത്തിനും യേശുവിലുള്ള വിശ്വസത്തിനും ശേഷമാണ് സ്നാനം. നമുക്ക് മനസ്സുണ്ട് എങ്കിൽ ചെയ്യാവുന്ന ഒന്നല്ല ജലസ്നാനം. മറിച്ച്, ഒരു കല്പനയാണ് എന്നതിനാൽ നാം സ്നാനപ്പെടേണ്ടിയിരിക്കുന്നു!

2. ജലസ്നാനത്തിന്റെ പ്രാഥാന്യമെന്ത്?

പരിവർത്തനം വന്ന സമയത്ത് സംഭവിച്ച പുതുജനനത്തിന്റെ പുറമെയുള്ളതും കാണുവാൻ സാധിക്കുന്നതുമായ പ്രതിരൂപമാണ് ജലസ്നാനം. ഉള്ളിലെ ആത്മീയ യാഥാർഥ്യത്തിന്റെ മൂർത്തമായ പ്രകടനമാണ് ഇത്.

റോമർ 6:3-5-ൽ ഈ സത്യങ്ങൾ നമ്മോടു പറഞ്ഞിരിക്കുന്നു, “3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. 5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും”. പരിവർത്തന സമയത്ത് നടക്കുന്ന ആത്മീയ യാഥാർഥ്യങ്ങൾ ജലസ്നാനത്തിലൂടെ പുറമെ ഏറ്റവും നന്നായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

ക്രിസ്തുവിന്റെ മരണം, അടക്കം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയുമായി നാം ആത്മീയമായി ഏകീഭവിക്കുന്നതിന്റെ ദൃശ്യമായ ചിത്രീകരണമാണ് ജലസ്നാനം. നമുക്കുള്ള പ്രത്യാശയും ഇത് അർഥമാക്കുന്നു: യേശു മരണത്തിനു ശേഷം ജീവിക്കുവാൻ ഉയിർക്കപ്പെട്ടതുപോലെ, അവനോട് ഏകീഭവിച്ചവരായ നാമും ഭാവിയിൽ ജീവിക്കേണ്ടതിനായി ഉയിർക്കപ്പെടും.

3. യേശുവിന്റെ ജലസ്നാനത്തിന്റെ അർഥമെന്ത്?

ആർക്കുവേണ്ടിയാണോ യേശു ക്രൂശിൽ മരിക്കുകയും പിന്നീട് ഉയിർക്കപ്പെടുകയും ചെയ്യുന്നത്, ആ പാപികളോടുള്ള താദാത്മ്യത്തിന്റെ പരസ്യ ചിത്രമായിരുന്നു യേശുവിന്റെ സ്നാനം (മത്തായി 3:13-17). യേശു നമ്മുടെ പാപങ്ങൾക്കു വേണ്ടി ക്രൂശ് സ്വീകരിച്ചതിനാൽ മാത്രമല്ല, നമുക്ക് ഒരിക്കലും സാധിക്കാതിരുന്ന പൂർണ്ണ അനുസരണത്തോടെയുള്ള ജീവിതം ജീവിച്ചതിലൂടെയും “സകല നീതിയും നിവർത്തിച്ചു” (മത്തായി 3:15). അതുകൊണ്ടാണ് ബൈബിൾപരമായ യഥാർഥ വിശ്വാസം കൃപയാൽ മാത്രമുള്ള രക്ഷയെക്കുറിച്ച് പഠിപ്പിക്കുന്നത്. കാരണം, സകല നീതിയും നിവർത്തിച്ച ഏക വ്യക്തി യേശു മാത്രമാണ്. നാം നമ്മുടെ പ്രവൃത്തികളാൽ രക്ഷിക്കപ്പെടുന്നില്ല. നമുക്കു വേണ്ടി അതു മുഴുവൻ ചെയ്ത യേശുവിൽ ആശ്രയിക്കുന്നതിലൂടെ മാത്രമാണ് നാം രക്ഷിക്കപ്പെടുന്നത്.

യേശു പ്രസ്തുത വാക്കുകൾ പറഞ്ഞ സമയത്ത്, യേശുവിന്റെ ജലസ്നാനം ഭാവിയിൽ വരാനിരിക്കുന്ന ഒരു യാഥാർഥ്യത്തിന്റെ പ്രതീകാത്മക ചിത്രീകരണമായിരുന്നു ( എന്നാൽ ഇപ്പോൾ അത് നടന്നുകഴിഞ്ഞിരിക്കുന്നു): നമുക്കു വേണ്ടിയുള്ള അവന്റെ മരണവും ദൈവം അവന്റെ യാഗം സ്വീകരിക്കുന്നതിന്റെ തെളിവായി അവന്റെ ഉയിർത്തെഴുന്നേൽപ്പും നടന്നുകഴിഞ്ഞിരിക്കുന്നു.

സ്നാനപ്പെടുന്നതിലൂടെ പിതാവിന്റെ എല്ലാ കല്പനകളും അനുസരിക്കുന്നതിന്റെ പ്രാധാന്യം യേശു കാണിച്ചുതന്നു എന്നത് ശ്രദ്ധിക്കുന്നത് രസകരമാണ്. എന്ത് അനുസരിക്കണം എന്ത് അനുസരിക്കേണ്ട എന്ന തെരഞ്ഞെടുപ്പ് യേശു നടത്തിയില്ല. തന്റെ പൂർണ്ണതയുള്ള ജീവിതത്തിന്റെ ഭാഗമായി, മനസ്സോടെയും ആനന്ദത്തോടെയും പിതാവിന്റെ എല്ലാ കല്പനകൾക്കും കീഴ്പ്പെട്ടു.

4. ജലസ്നാനത്തിന്റെ രീതി ഏതുവിധമാണ്?

വലിയ ആശയക്കുഴപ്പവും വിയോജിപ്പും ഈ കാര്യത്തിലുണ്ട്. സ്നാനത്തിന്റെ രീതിയിൽ പൊരുത്തമില്ലായ്മയുണ്ട് ( അതായത്, മുഴുവൻ മുക്കിയുള്ള സ്നാനമോ അതോ വെള്ളം തളിച്ചുള്ള സ്നാനമോ എന്നിങ്ങനെ). എന്നിരുന്നാലും, സ്നാനത്തിന്റെ രീതി എപ്രകാരം ആയിരിക്കണം എന്നതിന്റെ ഉത്തരം ലഭിക്കുന്നതിന് ആളുകൾ എപ്രകാരമായിരുന്നു സ്നാനപ്പെട്ടത് എന്ന് ബൈബിളിൽത്തന്നെ നമുക്ക് നോക്കാം.

പുതിയ നിയമത്തിൽ സ്നാനം സാധാരണയായി സൂചിപ്പിക്കപ്പെടുന്നത് ബാപ്റ്റൊ എന്നും ബാപ്റ്റൈസ് എന്നുമുള്ള രണ്ട് ഗ്രീക്ക് ക്രിയാപദങ്ങൾക്കൊണ്ടാണ്. പുതിയ നിയമത്തിന്റെയും പഴയ നിയമത്തിന്റെയും ഒരു നിഘണ്ടു പറയുന്നപ്രകാരം ബാപ്റ്റൊ എന്ന പ്രയോഗത്തിന്റെ അർഥം “മുക്കുക“ എന്നാണ്. വെള്ളം കോരിയെടുക്കുവാനായി ഒരു പാത്രം, വെള്ളം നിറഞ്ഞ മറ്റൊരു പാത്രത്തിലേയ്ക് മുക്കുന്നതിനെയോ ഒരു തുണി കളറിൽ മുക്കിയെടുക്കുന്നതിനെയോ സൂചിപ്പിക്കുവാനാണ് ഗ്രീക്കുകാർ ബാപ്റ്റൊ അഥവാ മുക്കുക എന്ന പദം ഉപയോഗിച്ചിരുന്നത്. ബാപ്റ്റിസോ എന്ന മറ്റെ പദം അർഥമാക്കുന്നത് സ്നാനപ്പെടുത്തുക (അതായത് പൂർണ്ണമായും വെള്ളത്തിൽ മുക്കുക) എന്നതാണ്. ഇത് പുതിയ നിയമത്തിൽ പല തവണ കാണപ്പെടുന്നു.

സ്നാനം എന്ന വാക്ക് പുതിയ നിയമത്തിൽ ആവശ്യപ്പെടുന്നത് അഥവാ അർഥമാക്കുന്നത് “മുക്കൽ, നിമജ്ജനം, ആഴ്‌ത്തൽ, താഴ്‌ത്തൽ“ എന്നിവയാണ്. കൂടാതെ, വെള്ളം ആരുടെയെങ്കിലും മേൽ തളിക്കുകയോ നെറ്റിമേൽ തുള്ളിയായി ഒഴിക്കുകയോ ചെയ്യപ്പെട്ടതിനെക്കുറിച്ച് ഒരിക്കലും പറഞ്ഞിട്ടില്ല. സ്നാനപ്പെടുവാൻ വെള്ളത്തിലേയ്ക് ഇറങ്ങുന്ന വ്യക്തിയെക്കുറിച്ചാണ് എപ്പോഴും പരാമർശിക്കപ്പെട്ടിരിക്കുന്നത്.

കർത്താവായ യേശു സ്നാനപ്പെട്ടത് വെള്ളത്തിൽ മുങ്ങിയാണ്! മത്തായി 3:16 -ൽ നാം ഇപ്രകാരം വായിക്കുന്നു, “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി.” “വെള്ളത്തിൽ നിന്നു കയറി” എന്ന പദപ്രയോഗം കാണിക്കുന്നത് യേശു വെള്ളത്തിൽ മുങ്ങിയുള്ള സ്നാനമാണ് സ്വീകരിച്ചത് എന്നും വളർന്ന് യുവാവായിരിക്കെയാണ് സ്നാനമേറ്റത് എന്നുമാണ്!

യോഹന്നാൻ സ്നാപകൻ സ്നാനപ്പെടുത്തിയ ആളുകൾ “യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു” (മത്തായി 3:6). യോഹന്നാൽ സ്നാനം കഴിപ്പിച്ചത് വെള്ളത്തിൽ മുക്കിയായിരുന്നു എന്നത് യോഹന്നാൻ 3:23-ൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. “യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.” സ്നാനപ്പെടുന്ന വ്യക്തിയെ വെള്ളത്തിൽ മുക്കുന്നതിനു പകരം മറ്റേതെങ്കിലും വിധമായിരുന്നു സ്നാനപ്പെടുത്തിയിരുന്നത് എങ്കിൽ “വളരെ വെള്ളം” ആവശ്യമായിരുന്നില്ല.

ആദിമസഭയും സ്നാനം നടത്തിയിരുന്നത് വെള്ളത്തിൽ മുക്കിയാണ്. അപ്പോസ്തല പ്രവൃത്തികൾ 8:38 -ൽ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരുവനായിരുന്ന ഫിലിപ്പോസ് ഐത്യോപ്യ ഷണ്ഡന് സ്നാനം നൽകുന്നത് വായിക്കുന്നു, “അങ്ങനെ അവൻ  തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ  അവനെ സ്നാനം കഴിപ്പിച്ചു.”

ഈ ഏതാനം വാക്യങ്ങൾ നോക്കിയാൽ, പുതിയ നിയമത്തിൽ സ്നാനം സ്വീകരിച്ചവർ വെള്ളത്തിൽ മുങ്ങിയാണ് സ്നാനപ്പെട്ടത് എന്നത് അംഗീകരിക്കുവാൻ ഒരുവൻ നിർബന്ധിക്കപ്പെടും. മുക്കൽ മാത്രമേ ആത്മീയ സത്യത്തിന്റെ യാഥാർഥ്യവുമായി ചേരുകയുള്ളൂ. രക്ഷിക്കപ്പെടുന്ന സമയത്ത് വിശ്വാസി ക്രിസ്തുവിനോടൊപ്പം പ്രത്യേകിച്ച്, അവന്റെ മരണം, അടക്കം, ഉയിർത്തെഴുന്നേൽപ്പ് എന്നിവയിലേയ്ക് ആഴ്ത്തപ്പെടുന്നു.

വെള്ളം തളിക്കുകയോ നെറ്റിമേൽ വെള്ളം തേയ്കുകയോ ചെയ്യുന്നത് ബൈബിൾപരമായ ജലസ്നാനത്തിന്റെ രീതിയല്ല. റോമൻ കത്തോലിക്കാസഭയിൽ നിന്നുമാണ് അത് ആരംഭിച്ചത്. എന്നിരുന്നാലും, പതിമൂന്നാം നൂറ്റാണ്ടുവരെ റോമൻ കത്തോലിക്കാസഭയും വെള്ളത്തിൽ മുക്കിയുള്ള സ്നാനരീതിയായിരുന്നു സ്വീകരിച്ചിരുന്നത്. നിർഭാഗ്യവശാൽ, ചില പ്രൊട്ടസ്റ്റന്റ് സഭകളും (പ്രസ്ബിറ്റേറിയൻ, മെഥഡിസ്റ്റ്, ലൂഥറൻ എന്നിവ) പിന്നീട് വെള്ളം തളിക്കുന്ന റോമൻ കത്തോലിക്കാ രീതി സ്വീകരിച്ചു.

5. ജലസ്നാനത്തിന് രക്ഷയുമായി എന്ത് ബന്ധമാണുള്ളത്?

ജലസ്നാനം രക്ഷയ്ക് ആവശ്യമാണോ? പുതിയ നിയമത്തിന്റെ ഉപദേശം ആകമാനം നോക്കിയാൽ രക്ഷയെക്കുറിച്ച് ഒരു കാര്യം വ്യക്തമാണ്: ഒരു വ്യക്തി തന്റെ പാപത്തെക്കുറിച്ച് മാനസാന്തരപ്പെട്ട് യേശുവിലേയ്ക് മാത്രം രക്ഷയ്കായി തിരിയുമ്പോൾ, യേശുവിലുള്ള വിശ്വാസത്താൽ മാത്രം, കൃപയാൽ മാത്രമാണ് രക്ഷ (മർക്കോ 1:15; യോഹന്നാൻ 3:16; യോഹന്നാൻ 5:24; Acts 20:21; റോമർ 4:5; റോമർ 10:9-13; എഫേസ്യർ 2:8-9; തീത്തോസ് 3:5 എന്നിവ കാണുക). കർത്താവും രക്ഷിതാവുമായി യേശുവിൽ മാത്രം ആശ്രയിക്കുന്നത് ഒരുവനെ രക്ഷിക്കുന്നു. ജലസ്നാനത്തിലൂടെ പരസ്യമായി ഏറ്റുപറയുന്നതിലൂടെ യേശുവിൽ ആത്മാർഥമായി വിശ്വസിച്ചു എന്ന യാഥാർഥ്യം ഉറപ്പാക്കുന്നു.

എന്നിരുന്നാലും, ചില വേദഭാഗങ്ങളിൽ ജലസ്നാനം രക്ഷയുമായി വളരെ അടുത്ത് ബന്ധമുള്ളതായി കാണുന്നു. കാരണം, യഥാർഥമായ രക്ഷ എല്ലായ്പോഴും അനുസരണത്തിലേയ്കു നയിക്കുന്നു.  ഒരു ക്രിസ്ത്യാനിയുടെ അനുസരണത്തിന്റെ ഒന്നാമത്തെ പടി സ്നാനം സ്വീകരിക്കുക എന്നതാണ്. അതായത്, ക്രിസ്തുവിലുള്ള വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിക്കുക. അപ്പോസ്തല പ്രവർത്തികളിൽ കാണുന്ന പ്രകാരം, താമസംകൂടാതെ ഈ കല്പന അനുസരിച്ച ചില ആളുകളുടെ ഉദാഹരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

A. സഭ ഉദയംകൊണ്ട പെന്തക്കോസ്ത് ദിവസം:

അപ്പൊ.പ്രവൃത്തികൾ 2:41 ഇപ്രകാരം പറയുന്നു, “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു”.

രക്ഷയുടെ സന്ദേശം സ്വീകരിച്ചതിന് ശേഷം സ്നാനം സ്വീകരിക്കുവാൻ താമസം ഉണ്ടായിരുന്നില്ല എന്ന് കാണാവുന്നതാണ്. ആ ദിവസംതന്നെ അവർ സ്നാനമേറ്റു.

 B. ഫിലിപ്പോസിന്റെ പ്രസംഗത്തോടുള്ള ശമര്യരുടെ പ്രതികരണം:

അപ്പോ.പ്രവൃത്തികൾ 8:12 പറയുന്നു, “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.”

ഫിലിപ്പോസ് പ്രസംഗിച്ച “ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള” സന്ദേശം അവർ “വിശ്വസിച്ചപ്പോൾ” ഉടൻതന്നെ സ്നാനം നടന്നു.

C. കൊർന്നേല്യോസിന്റെയും കുടുംബത്തിന്റെയും സ്നാനം

കൊർന്നേല്യോസിനോടും കുടുംബത്തോടും പത്രോസ് പ്രസംഗിച്ചപ്പോൾ സുവിശേഷസന്ദേശം സ്വീകരിച്ച ശേഷം ഉടൻതന്നെ അവർ സ്നാനമേറ്റു. അവർ സുവിശേഷ സന്ദേശം സ്വീകരിച്ചതിനാൽ സ്നാനപ്പെടേണ്ടതിന്റെ ആവശ്യകത പത്രോസ് പ്രവൃത്തികൾ 10:47-48 -ൽ ഉറപ്പിക്കുന്നു, “47 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. “

D. ലുദിയയുടെയും ഫിലിപ്യയിലെ കാരാഗ്രഹപ്രമാണിയുടേയും സ്നാനം

അപ്പോ. പ്രവൃത്തികൾ 16:14-15 ൽ ലുദിയ എന്ന് പേരുള്ള ഒരു സ്ത്രീയെ ദൈവം രക്ഷിക്കുന്നതും എപ്രകാരമാണ് അവൾ ഉടൻതന്നെ സ്നാനത്തിന് തയ്യാറായത് എന്നും വായിക്കുന്നു:

“14..തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.” 15 അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.”

പൗലോസിന്റെ സന്ദേശത്തോട് പ്രതികരിച്ചതിന് ശേഷമാണ് അവൾ സ്നാനം സ്വീകരിച്ചത് എന്ന് വേദഭാഗം വ്യക്തമായി പറയുന്നത് ശ്രദ്ധിക്കുക.

പിന്നീട്, പൗലോസിന്റെ കാവലിന് ഉത്തരവാദിത്വപ്പെട്ട കരാഗ്രഹപ്രമാണിയെ ദൈവം എങ്ങനെയാണ് രക്ഷിക്കുന്നത് എന്നും സുവിശേഷ സന്ദേശത്തോട് പ്രതികരിച്ച ശേഷം അദ്ദേഹം എങ്ങനെ സ്നാനം സ്വീകരിച്ചു എന്നും അതേ അധ്യായത്തിൽതന്നെ നാം കാണുന്നു. ഈ സംഭവം മുഴുവനും  അപ്പോ.പ്രവൃത്തികൾ 16:16-34 ൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഒന്നാമതായി, കാരാഗ്രഹപ്രമാണി പൗലോസിനോടും ശീലാസിനോടും, 16:30 “യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. 31 കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. 32 പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.” പൗലോസും ശീലാസും കാരാഗ്രഹപ്രമാണിയോടും അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന എല്ലാവരോടും കർത്താവിന്റെ വചനം സംസാരിച്ചു എന്ന് വേദഭാഗം വ്യക്തമായി പറയുന്നു.

രണ്ടാമതായി നാം ഇപ്രകാരം വായിക്കുന്നു: “33 അവൻ  രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.”

“സ്നാനപ്പെടുന്നതിനു മുൻപ് അവർ വിശ്വസിച്ചു എന്ന് വേദഭാഗം പറയുന്നില്ല” എന്ന് ഒരുവനു പറയാൻ കഴിഞ്ഞേക്കാം. എന്നാൽ, അടുത്ത വാക്യത്തെ സൂക്ഷ്മമായി പരിശോധിച്ചാൽ അവരുടെ സ്നാനത്തിനു മുൻപ് അവർ വിശ്വസിച്ചിരുന്നു എന്ന ഉത്തരം നമുക്കു ലഭിക്കും. “34 പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.” ഈ വാക്യം സൂചിപ്പിക്കുന്ന പ്രകാരം കാരാഗ്രഹപ്രമാണി മാത്രമല്ല വിശ്വസിച്ചത്, അദ്ദേഹത്തിന്റെ വീടടക്കം വിശ്വസിച്ചു എന്നു കാണാം!

അങ്ങനെ, സുവിശേഷ സന്ദേശം വിശ്വസിച്ചതിനു ശേഷം സ്നാനം സ്വീകരിക്കുന്നതിന് നമുക്ക് ഇവിടെയും തെളിവ് ലഭിക്കുന്നു! രസകരമെന്ന് പറയട്ടെ, ഈ സംഭവങ്ങൾ നടന്നപ്പോൾ “രാത്രി” യായിരുന്നു എന്ന് ഏതാനം വാക്യങ്ങൾ മുൻപ് പറഞ്ഞിരിക്കുന്നു(അപ്പോ പ്രവർത്തി 16:25). അവർ സ്നാനം സ്വീകരിച്ചത് അർദ്ധരാത്രിയിലായിരുന്നു! എന്നാൽ പൗലോസിനോ കാരാഗ്രഹപ്രമാണിയുടെ വീട്ടുകാർക്കോ അത് ഒരു പ്രശ്നമായിരുന്നില്ല. യഥാർഥ വിശ്വാസം എല്ലായ്പ്പോഴും ദൈവത്തിന്റെ കല്പനയോട് താമസം കൂടാതെതന്നെ പ്രതികരിക്കുവാൻ ആഗ്രഹിക്കുന്നു.

E. എഫേസോസിലെ സ്നാനം

അപ്പോ.പ്രവൃത്തികൾ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന അവസാനത്തെ സ്നാനം 19:1-7 ൽ കാണുന്നു. എഫേസോസിൽ വച്ച് പൗലോസ് യോഹന്നാൻ സ്നാപകന്റെ അനുയായികളായിരുന്ന ചില പുരുഷന്മാരോട് പ്രസംഗിച്ചു. യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സന്ദേശം കേട്ടപ്പോൾ അവർ പ്രതികരിക്കുകയും ജലസ്നാനത്തിലൂടെ സാക്ഷിച്ചുകൊണ്ട് തങ്ങളുടെ അനുസരണം കാണിക്കുകയും ചെയ്തു.   “ഇതു കേട്ടാറെ (യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ സന്ദേശം) അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു”(അപ്പോ.പ്രവൃത്തികൾ 19:5).

ഈ വാക്യത്തിൽ അവർ സുവിശേഷ സന്ദേശം സ്വീകരിച്ചു എന്ന് സ്പഷ്ടമായി പറയുന്നില്ല എങ്കിലും അവർ സന്ദേശം കൈക്കൊണ്ടു എന്ന അർഥം “ഇതു കേട്ടാറെ” എന്ന പ്രയോഗത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. അങ്ങനെ, ഒരിക്കൽക്കൂടി, സ്നാനം നടന്നത് ആളുകൾ സുവിശേഷ സന്ദേശം കേൾക്കുകയും സ്വീകരിക്കുകയും ചെയ്തതിനു ശേഷമാണ്.

സുവിശേഷം ആത്മാർഥമായി സ്വീകരിക്കപ്പെട്ട ശേഷമാണ് സ്നാനം നടന്നത് എന്ന് മുകളിൽ കണ്ട 5 ഉദാഹരണങ്ങളിൽ നിന്നും വ്യക്തമാണ്. സ്നാനം ആരേയും രക്ഷിക്കുന്നില്ല, എന്നാൽ യഥാർഥമായ, രക്ഷിക്കുന്ന വിശ്വാസം സ്നാനത്തിലേയ്കു നയിക്കുന്നു! അതുകൊണ്ട്, അതാണ് ജലസ്നാനത്തിന് രക്ഷയുമായുള്ള ബന്ധം.

6. ശിശുസ്നാനത്തെക്കുറിച്ച് എന്താണ് പറയുന്നത്?

സ്നാനം സ്വീകരിക്കുന്നതിനു മുൻപ് ഒരുവൻ വ്യക്തിഗതമായി മാനസന്തരപ്പെടുകയും ക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യണം എന്ന് പുതിയ നിയമം വളരെ നന്നായി വ്യക്തമാക്കുന്നതിനാൽ, ശിശുസ്നാനത്തിന്റെ പ്രക്രിയ മുഴുവനും വേദപുസ്തകാനുസൃതമല്ല. ഒരു കുഞ്ഞിന് മാനസാന്തരപ്പെടുവാനും വിശ്വസിക്കുവാനും സാധിക്കുന്നതെങ്ങനെ? ബൈബിളിലുടനീളം, ശിശുക്കളെ സ്നാനപ്പെടുത്തുവാൻ ഒരൊറ്റ കല്പന പോലും നൽകപ്പെട്ടിട്ടില്ല, അല്ലെങ്കിൽ ശിശുക്കൾക്ക് സ്നാനം നൽകിയ ഒരൊറ്റ ഉദാഹരണം പോലും നൽകപ്പെട്ടിട്ടില്ല.

പഴയ നിയമത്തിൽ പരിച്ഛേദന പോലെ ഉടമ്പടി കുടുംബത്തിൽ ആയിരിക്കുന്നതിന്റെ അടയാളമാണ് പുതിയ നിയമത്തിൽ സ്നാനം എന്ന് ചിലർ വ്യാഖ്യാനിക്കുന്നു. അത്തരത്തിലുള്ള കാഴ്ചപ്പാടിന്റെ പ്രശ്നം ബൈബിളിൽ അപ്രകാരം പറഞ്ഞിട്ടില്ല എന്നതാണ്.

മറുവശത്ത്, തങ്ങളുടെ പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെടുകയും പാപങ്ങളുടെ മോചനത്തിനായി കർത്താവായ യേശു ക്രിസ്തുവിൽ മാത്രം ആശ്രയിക്കുകയും ചെയ്യുന്നവർക്കു മാത്രമാണ് ജലസ്നാനം എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. അപ്രകാരം ക്രിസ്തുവിൽ ആശ്രയിക്കുന്നവർക്ക് ഒന്നാമതായി അനുസരിക്കുന്നതിനുള്ള കല്പന വെള്ളത്തിൽ മുങ്ങിയുള്ള സ്നാനമാണ്. അത് താമസം കൂടാതെതന്നെ ചെയ്യേണ്ടതാണ്! അതാണ് ഈ പോസ്റ്റിൽ നാം കണ്ട, തിരുവെഴുത്തുകളിൽ നിന്നുള്ള വിപുലമായ തെളിവുകൾ.

സമാപന ചിന്തകൾ.

ജലസ്നാനത്തിന്റെ പ്രാധാന്യം വായനക്കാരന് കാണുവാൻ സാധിക്കുന്നു എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഈ ലളിതമായ വിഷയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുവാൻ സാത്താൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ട്? കാരണം, ക്രിസ്തീയ ജീവിതത്തിന്റെ ആരംഭത്തിൽതന്നെ വിശ്വാസികൾ അനുസരണക്കേട് കാണിക്കുവാൻ സാത്താൻ ആഗ്രഹിക്കുന്നു.  രക്ഷ തടയുവാൻ അവനു സാധിക്കില്ലെങ്കിൽ, ഒന്നാമത്തേയും അടിസ്ഥാനപരവുമായ കല്പന അനുസരിക്കാതിരിക്കുവാൻ പ്രലോഭിപ്പിച്ചുകൊണ്ട് അവൻ വിശ്വാസികളെ ദുർബ്ബലരാക്കുന്നു. വിശ്വാസികളെക്കൊണ്ട് ഈ മേഖലയിൽ അനുസരണക്കേട് കാണിക്കുന്നതിൽ വിജയിച്ചാൽ, മറ്റ് മേഖലകളിലും അനുസരണക്കേടു കാണിക്കുവാൻ കാരണമാകുവാൻ അവന് എളുപ്പത്തിൽ സാധിക്കും. അതാണ് അവന്റെ പദ്ധതി!

കൂടാതെ, യേശുവിനെ അനുഗമിക്കുന്നതിനുള്ള വില കൊടുക്കുവാൻ വിശ്വാസി തയ്യാറാണോ എന്നത് മനസ്സിലാക്കുവാനുള്ള ഒരു പരീക്ഷ കൂടിയാണ് സ്നാനം. ജലസ്നാനത്തിലൂടെ “യേശുവിനെ കർത്താവ്“ എന്ന് പ്രഖ്യാപിക്കുവാൻ ഒരു വ്യക്തി വിസമ്മതിക്കുന്നു എങ്കിൽ, ആ വ്യക്തി യഥാർഥമായി മാനസാന്തരപ്പെടുകയും യേശുവിലേയ്കു തിരിയുകയും ചെയ്തിരിക്കില്ല എന്ന സാധ്യതയുണ്ട്. അതുകൊണ്ട്, ഹൃദയം യഥാർഥമായി രൂപാന്തരപ്പെട്ടവോ എന്നത്, അതായത് ആ വ്യക്തി യഥാർഥ ക്രിസ്ത്യാനിയാണോ, യഥാർഥമായി വീണ്ടും ജനിക്കുകയും പാപത്തിൽ നിന്നും പിന്തിരിഞ്ഞ് യേശുവിലേയ്കു തിരിഞ്ഞ വ്യക്തിയാണോ എന്നത് തെളിയിക്കുന്നതിനുള്ള ഉത്തമമായ പരിശോധനയാണ് സ്നാനം.

തങ്ങളുടെ ജീവിതത്തിൽ നേരത്തേ സ്നാനമേറ്റ ചിലർ സ്നാനമേൽക്കുന്നതിനു മുൻപ് തങ്ങൾ ആത്മാർഥമായി മാനസാന്തരപ്പെടുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്തിരുന്നോ എന്ന ആശയക്കുഴപ്പം നേരിടാറുണ്ട്. ഇത് പൊതുവായ ഒരു പ്രശ്നമാണ്, പ്രത്യേകിച്ചും ക്രിസ്തീയ കുടുംബങ്ങളിൽ ജനിച്ചു വളർത്തപ്പെട്ടവർക്ക്. തങ്ങൾ ഇപ്പോൾ ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നും അവൻ തങ്ങളുടെ ജീവിതത്തിന്റെ കർത്താവാണെന്നും തങ്ങൾ യേശുവിനുള്ളവരാണ് എന്നും അവർ അറിയുന്നു.

എന്നിരുന്നാലും, പണ്ട് സ്നാനപ്പെട്ടപ്പോൾ അവരുടെ മാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും ആത്മാർഥത സംബന്ധിച്ച് അവർക്ക് ഉറപ്പില്ല. അത്തരം നിശ്ചയമില്ലായ്മയ്ക് പിന്നിലുള്ള കാരണം അവർ വർഷങ്ങളോളം പാപത്തിൽ ജീവിച്ചു, ഇപ്പോൾ യേശുവിന്റെ കല്പനകൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു എന്നതാകാം. അനുസരണക്കേടിന്റെ കാലങ്ങളെ “പിന്മാറ്റം“ എന്നു വിളിക്കുക  മാത്രം ചെയ്യാതെ, താൻ വർഷങ്ങൾക്കു മുൻപ് എടുത്ത സ്നാനത്തെക്കുറിച്ച് വിലയിരുത്തൽ നടത്തുവാൻ അപ്രകാരമുള്ള ഒരു വ്യക്തിയെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. ഒരുപക്ഷെ, അത് വൈകാരികമായ ഒരു തീരുമാനമോ, കുടുംബത്തിന്റയോ സഭയുടെയോ സമ്മർദ്ദം കൊണ്ടോ കൂട്ടുകാർ സ്നാനപ്പെടുന്നതു കണ്ടതുകൊണ്ടോ ഒക്കെയുള്ള തീരുമാനം ആയിരുന്നിരിക്കാം.

അത്തരം സാഹചര്യങ്ങളിൽ ചോദിക്കേണ്ട ചോദ്യം ഇതാണ്: ഞാൻ വീണ്ടും സ്നാനപ്പെടേണ്ടതുണ്ടോ? യഥാർഥമായി മാനസാന്തരപ്പെടുകയും ക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്ത ശേഷം പുതിയ നിയമാനുസൃതമായിട്ടല്ല നിങ്ങൾ സ്നാനപ്പെട്ടത് എങ്കിൽ, നിങ്ങൾ വീണ്ടും വെള്ളത്തിൽ മുങ്ങി സ്നാനം ഏൽക്കണം. നിങ്ങളുടെ ആദ്യത്തെ സ്നാനം മുങ്ങൽ സ്നാനം ആയിരുന്നുവെങ്കിൽകൂടി അത് പ്രയോജനരഹിതമാണ്.

ജലസ്നാനം വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന വെറും ഒരു പ്രക്രിയ മാത്രമല്ല. അതെ, ഒരു ആചാരമായി ജലസ്നാനത്തെ കരുതാവുന്നതാണ്. എന്നിരുന്നാലും, ഈ വിശുദ്ധ കല്പന സ്ഥാപിച്ചതിൽ നമ്മുടെ കർത്താവിന്റെ ഉദ്ദേശ്യം അതായിരുന്നില്ല. കർത്താവിന്റെ ഓരോ കല്പനയും വൈമനസ്യത്തോടെയല്ല, സന്തുഷ്ട ഹൃദയത്തോടെ അനുസരിക്കേണ്ടതാണ്.  ശമുവേലിനോടുള്ള കർത്താവിന്റെ വാക്കുകൾ ഓർക്കുന്നത് നല്ലതാണ്: “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു” (1 ശമൂവേൽ 16:7). കർത്താവ് ഹൃദയത്തെ നോക്കുന്നു എന്നറിയുന്നത് സന്തോഷകരമായ ചിന്തയാണ്. എന്നാൽ, അവൻ നമ്മുടെ ഹൃദയങ്ങളിലെ ഉദ്ദേശ്യം അറിയുന്നു എന്നത് ഭയജനകമായ ചിന്തയാണ് (വെളിപ്പാട് 2:23).

നമ്മുടെ വിശ്വാസം ആത്മാർഥമാണെങ്കിൽ നമ്മുടെ മാനസാന്തരവും ആത്മാർഥമായിരിക്കും. വ്യാജമാനസാന്തരം പാപത്തിന്റെ പരിണിതഫലത്തെ മാത്രമാണ് ഭയപ്പെടുന്നത്. എന്നാൽ, യഥാർഥ മാനസാന്തരം പാപത്തെതന്നെ ഭയപ്പെടുന്നു. യഥാർഥ മാനസാന്തരം പാപത്തെ പാപം – വിശുദ്ധനായ ദൈവത്തിന് എതിരെയുള്ള കുറ്റകൃത്യം- എന്നു കരുതി വെറുക്കുന്നു. പാപം തിന്മയാണ് എന്നും ദൈവം അത് വെറുക്കുന്നു എന്നും അറിയുന്നത് പാപത്തെ ഉപേക്ഷിക്കുവാൻ യഥാർഥമായി മാനസാന്തരപ്പെട്ട ഒരു വ്യക്തിയ്ക് പ്രചോദനം നൽകുന്നു.  അങ്ങനെ, യഥാർഥമായ മാനസാന്തരം പാപത്തെ ഉപേക്ഷിക്കുകയും യേശുവിന് സമ്പൂർണ്ണമായി സമർപ്പിക്കുകയും ചെയ്യുന്നു.

യേശുവിന്റെ വാക്കുകൾ രണ്ടു വാക്യങ്ങളിലായി ഉദ്ധരിച്ചുകൊണ്ട്, ഈ സുപ്രധാന വിഷയം സംബന്ധിച്ച് ഞാൻ ഈ പോസ്റ്റ് അവസാനിപ്പിക്കട്ടെ:

ലൂക്കോസ് 6:46 “നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു    ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?”

മത്തായി 10:32-33 “32  മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും.

33 മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും.”

യേശുവിന്റെ അധരങ്ങളിൽ നിന്നുള്ള ശക്തവും ഗഹനവുമായ വാക്കുകളാണ് ഇവ. സങ്കീർത്തനക്കാരൻ സങ്കീർത്തനങ്ങൾ 119:60-ൽ പറയുന്നതുപോലെ നാമെല്ലാവരും പ്രവർത്തിക്കണം എന്ന് ഞാൻ ഉത്സാഹിപ്പിക്കുന്നു: “നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു.”

പ്രിയ വായനക്കാരാ, നിങ്ങൾ ബൈബിൽ അനുസൃതമായും ശരിയായും സ്നാനം സ്വീകരിക്കേണ്ടതുണ്ട് എങ്കിൽ വൈകരുത്. ഒരു വിശ്വാസി സ്നാനപ്പെടുന്നതിനുള്ള അവസരം നോക്കി സമയം വൈകിക്കുന്നതോ കാത്തിരിക്കുന്നതോ നാം പുതിയ നിയമത്തിൽ കാണുന്നില്ല. അത് ചെയ്യേണ്ടതാണ്. വേഗത്തിൽ ചെയ്യുവാൻ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

ഓർക്കുക, യഥാർഥമായ മാനസാന്തരത്തിന്റെ മതിയായ തെളിവ് ദൈവത്തിന്റെ കല്പനകളോടുള്ള അനുസരണമാണ്, സ്നാനത്തിന്റെ വിഷയത്തിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും. കല്പനകളുടെ അനുസരണത്തിന് ഒരു നല്ല തുടക്കമാണ് സ്നാനം! നമുക്ക് ഓർമ്മിക്കാം: യഥാർഥ മാനസാന്തരത്തിനു ശേഷമുള്ള ജലസ്നാനം ഒരു തെരഞ്ഞെടുപ്പല്ല, താമസംകൂടാതെതന്നെ അനുസരിക്കേണ്ട കല്പനയാണ്!

യേശുവിനെ അനുസരിക്കുന്നതിൽ നിന്നും അഹങ്കാരമോ (ഇത്ര നീണ്ട കാലയളവിനു ശേഷം ഞാൻ സ്നാനപ്പെട്ടാൽ ആളുകൾ എന്തു വിചാരിക്കും), ഭയമോ (എന്റെ കുടുംബം എന്തു പറയും, എന്തു ചെയ്യും) മറ്റേതെങ്കിലും കാരണമോ നിങ്ങളെ വിലക്കുവാൻ അനുവദിക്കരുത്. കർത്താവായ യേശുവിനെ, അവനെ മാത്രം പ്രസാധിപ്പിക്കുവാൻ അതു ചെയ്യുക! നിങ്ങൾ അവനെ സ്നേഹിക്കുന്നതുകൊണ്ട് അവനെ അനുസരിക്കുക. അവനാണ് നിങ്ങളെ നിത്യ നരകത്തിൽ നിന്നും സ്വതന്ത്രനാക്കുവാൻ കുരിശിൽ നിങ്ങളുടെ സ്ഥാനം ഏറ്റെടുത്തത്.  നിങ്ങളുടെ സന്തുഷ്ടവും പൂർണ്ണഹൃദയത്തോടെയുള്ളതുമായ ഉടനടിയുള്ള അനുസരണം അവൻ അർഹിക്കുന്നു!

കർത്താവിന്റെ സകല കല്പനകളിലും നടക്കുവാൻ നല്ലവനായ കർത്താവ് നമ്മെ പ്രാപ്തരാക്കട്ടെ, കാരണം, “യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ” (സങ്കീർത്തനങ്ങൾ 128:1).

Category

Leave a Comment