ഞാൻ കഷ്ടതയിൽ ആയിരിക്കുമ്പോൾ ദൈവം എന്നെ കരുതുന്നുവോ?

Posted byMalayalam Editor April 4, 2023 Comments:0

(English Version: Does God Care When We Are In Trouble?)

കുതിരപ്പുറത്തു നിന്നും വീണ് കാലിനും കൈയ്കും ഗുരുതരമായ പരിക്കേറ്റ ഒരു യുവതി ഇപ്രകാരം ചോദിച്ചു. “സകലത്തേയും നിയന്ത്രിക്കുന്ന, സ്നേഹിക്കുന്ന ഒരു ദൈവത്തിന് ഇത്തരം ഒരു കാര്യം എനിക്കു സംഭവിക്കുവാൻ അനുവദിക്കുവാൻ എങ്ങനെ സാധിക്കും?”ചോദ്യം കേട്ട അവളുടെ പാസ്റ്റർ ഒരു നിമിഷം മൗനമായിരുന്ന ശേഷം ഇപ്രകാരം ചോദിച്ചു, “അവർ നിന്റെ ഒടിഞ്ഞ കൈയ്യിലും കാലിലും പ്ലാസ്റ്റർ ഇട്ടപ്പോൾ നിനക്ക് വലിയ വേദന തോന്നിയോ?” “അതിതീവ്രമായ വേദന ആയിരുന്നു,” അവൾ മറുപടി പറഞ്ഞു. 

“നിന്നെ അങ്ങനെ വേദനിപ്പിക്കുവാൻ നിന്റെ പിതാവ് ഡോക്ടറെ അനുവദിച്ചോ?” അദ്ദേഹം തുടർന്ന് ചോദിച്ചു. “ഉവ്വ്, അത് ആവശ്യമായിരുന്നു”, അവൾ പറഞ്ഞു. “നിന്റെ പിതാവ് നിന്നെ സ്നേഹിക്കുന്നുവെങ്കിലും നിന്നെ വേദനിപ്പിക്കുവാൻ ഡോക്ടറെ അനുവദിച്ചോ അതോ നിന്റെ പിതാവ് നിന്നെ സ്നേഹിക്കുന്നതുകൊണ്ടാണോ അത് അനുവദിച്ചത്?” “ദൈവം എന്നെ സ്നേഹിക്കുന്നതു കാരണമാണ് എനിക്ക് പരിക്കേൽക്കുവാൻ അനുവദിച്ചത് എന്നാണോ പാസ്റ്റർ പറയുന്നത്?” ഒരു ഞെട്ടലോടെ അവൾ ചോദിച്ചു.

പാസ്റ്റർ തലകുലുക്കിക്കൊണ്ട് പറഞ്ഞു. “‘ഇത് ഞാൻ നൽകിയതാണ്’ എന്ന് ദൈവത്തിൽ നിന്നുള്ള ഈ മൂന്ന് വാക്കുകൾ നിന്നെ ആശ്വസിപ്പിക്കട്ടെ. കാർമേഘങ്ങൾക്കിടയിൽ അവ ഒരു വെള്ളിവെളിച്ചമായിരിക്കട്ടെ. നിനക്ക് ഇതു സംഭവിച്ചത് നിർഭാഗ്യം കാരണമല്ല. ഈ പരിശോധന ദൈവം പ്ലാൻ ചെയ്തതാണ്. നീ ദൈവത്തിന്റെ പൈതലാണ് എങ്കിൽ, ദൈവം നിന്നെ കൂടുതൽ മെച്ചമായ ശുശ്രൂഷയ്കു വേണ്ടി തയ്യാറാക്കുകയാണ്.”

ഷേക്സ്പിയർ പറഞ്ഞു, “രോഗത്തിൽ ഞാൻ ഇപ്രകാരം പറയാതിരിക്കട്ടെ, ‘വേദന മാറി ഞാൻ മെച്ചപ്പെടുന്നുണ്ടോ? മറിച്ച്, വേദനയ്കായി ഞാൻ മെച്ചപ്പെടുന്നുണ്ടോ? എന്നു പറയട്ടെ.’” അതുപോലെ, ക്രിസ്ത്യാനികളെന്ന നിലയിൽ, “എപ്പോഴാണ് ഈ പരിശോധനയിൽ നിന്നും ഞാൻ പുറത്തുവരുന്നത് ?” എന്നു ചോദിക്കുന്നതിനു പകരം , “ഈ പരിശോധനയിലൂടെ ഞാൻ മെച്ചപ്പെടുന്നുണ്ടോ ?” എന്നു ചോദിക്കുവാൻ നാം പഠിക്കേണ്ടതാണ്. സങ്കടകരമെന്നു പറയട്ടെ, അനേക ക്രിസ്ത്യാനികളുടേയും പ്രതികരണം അപ്രകാരമല്ല. “ഞാൻ പ്രശ്നത്തിൽ അകപ്പെടുന്നത് ദൈവം കാണുന്നുണ്ടോ?”  എന്നതാണ് അവരുടെ ചോദ്യം. 

ബൈബിളിന്റെ കാഴ്ചപ്പാടിൽ ഈ ചോദ്യത്തിന്റെ ഉത്തരം നൽകുവാൻ യേശു കാറ്റിനെ ശാന്തമാക്കുന്ന സംഭവം മർക്കോസ് 4:35-41 -ൽ രേഖപ്പെടുത്തപ്പെട്ടത് നമുക്ക് നോക്കുകയും ചില സത്യങ്ങൾ അതിൽ നിന്ന് പഠിക്കുകയും ചെയ്യാം.  

35 അന്നു സന്ധ്യയായപ്പോൾ: “നാം അക്കരെക്കു പോക” എന്നു അവൻ  അവരോടു പറഞ്ഞു 36 അവർ പുരുഷാരത്തെ വിട്ടു, താൻ  പടകിൽഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; 37 അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. 38 അവൻ  അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. 39 അവൻ  എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി. 40 പിന്നെ അവൻ  അവരോടു: “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ” എന്നു പറഞ്ഞു. 41 അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.

ഗലീലയിൽ തിരക്കേറിയ ഒരു ദിവസം ശുശ്രൂഷ കഴിഞ്ഞ ശേഷം, കർത്താവായ യേശു തന്റെ ശിഷ്യന്മാരോട് ഗലീലയിൽ നിന്നും ഗലീല തടാകത്തിന് അക്കരെയുള്ള ഗെദര ദേശത്തേയ്കു[35-36] പോകുക എന്നു കല്പിച്ചു. എന്നാൽ, അവരുടെ യാത്രയിൽ കഠിനമായ ഒരു കാറ്റ് അവർ നേരിട്ടു[37].  

ഭയം കൊണ്ടു വിറച്ച ശിഷ്യന്മാർ ഉറങ്ങുകയായിരുന്ന യേശുവിന്റെ അടുക്കൽ ചെന്ന് ഞങ്ങളെക്കുറിച്ച് നിനക്ക് വിചാരമില്ലയോ എന്ന് ചോദിച്ചു[38]. യേശു ഉണർന്നെഴുന്നേറ്റു, കാറ്റിനെ ശാന്തമാക്കി, ശിഷ്യന്മാരെ അവരുടെ അവിശ്വാസം നിമിത്തം ശാസിച്ചു[39-40]. പ്രകൃതിശക്തികളുടെ മേലുള്ള യേശുവിന്റെ ശക്തി കണ്ടിട്ട് ശിഷ്യന്മാർ ഭയപ്പെട്ടുപോയി[41].  

ഈ സംഭവം യേശുവിന് പ്രകൃതിശക്തികളുടെ മേലുള്ള അധികാരത്തെ വെളിപ്പിടുത്തുന്നതോടൊപ്പം, പരിശോധനകളെയും ഓരോ വിശ്വാസിയുടെയും ജീവിതത്തിലെ പരിശോധനകളിൽ ദൈവത്തിന്റെ കരുതലിനെയും കുറിച്ച് 4 കാര്യങ്ങൾ പഠിപ്പിക്കുന്നു.  

1. ക്രിസ്ത്യാനികൾ പരിശോധനകളിൽ നിന്നും ഒഴിവുള്ളവരല്ല [35-37].

കൊടുങ്കാറ്റ്  വരുന്നു എന്നത് യേശു അറിഞ്ഞിരുന്നുവോ? തീർച്ചയായും യേശു അറിഞ്ഞിരുന്നു! കൊടുങ്കാറ്റ് വരുമെന്ന് അറിഞ്ഞിട്ടും അതിന്റെ നടുവിലേയ്ക് ശിഷ്യന്മാരെ അയച്ചു! ശിഷ്യന്മാരുടെ ആ ദിവസത്തേയ്കുള്ള പരിശീലനപാഠത്തിന്റെ ഭാഗമായിരുന്നു ആ കൊടുങ്കാറ്റ്! 

കൊടുങ്കാറ്റുകൾ വരുന്നത് അനുസരണക്കേടിന്റെ ഫലമായാണ് എന്നാണ് പലരും കരുതുന്നത്. യോനാ കൊടുങ്കാറ്റിൽ അകപ്പെട്ടത് അനുസരണക്കേടിന്റെ ഫലമായിട്ടണ് എന്നതു ശരിതന്നെ. എന്നാൽ, എല്ലായ്പോഴും അങ്ങനെയല്ല. ഇവിടെ, ശിഷ്യന്മാർ കൊടുങ്കാറ്റിൽ അകപ്പെട്ടത് കർത്താവിനോടുള്ള അവരുടെ അനുസരണത്തിന്റെ ഫലമായിട്ടായിരുന്നു! യേശുവിനെ അനുഗമിക്കേണ്ടതിന് ഈ ശിഷ്യന്മാരെല്ലാവരും തങ്ങളുടെ ഭവനങ്ങളും ജോലികളും ഉപേക്ഷിച്ചവരാണ്. എങ്കിലും അവർ അനേക പരിശോധനകൾ നേരിട്ടു. നീതിമാനായിരുന്നിട്ടും പരിശോധനകൾ നേരിട്ട ഇയ്യോബിനെയാണ് ഇതു നമ്മെ ഓർമ്മിപ്പിക്കുന്നത് (ഇയ്യോബ് 1:8, 2:3).  

കർത്താവിനോടുള്ള അനുസരണവും കർത്താവിനെ സേവിക്കുന്നതും പരിശോധനകളിൽ നിന്ന് രക്ഷപെടാം എന്ന ഉറപ്പ് നൽകുന്നില്ല. കർത്താവ് നമ്മെ പരിശോധനകളിൽ നിന്നും സംരക്ഷിക്കുകയല്ല മറിച്ച് പരിശോധനകളിലൂടെ സംരക്ഷിക്കുകയാണ് എന്നത് ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. ചിലപ്പോൾ അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കിയേക്കാം. മറ്റു ചിലപ്പോൾ അവൻ കൊടുങ്കാറ്റിനെ അനുവദിക്കുകയും തന്റെ മക്കളെ ശാന്തരാക്കുകയുമായിരിക്കും ചെയ്യുക. 

പരിണിതഫലം എന്തായിരുന്നാലും നമുക്ക് ഒരു കാര്യം ഓർമ്മിക്കാം: “ക്രിസ്തുവിനോടൊപ്പം കൊടുങ്കാറ്റിനു നടുവിൽ വള്ളത്തിൽ ആയിരിക്കുന്നത് ക്രിസ്തുവിനെക്കൂടാതെ കരയിൽ ആയിരിക്കുന്നതിനേക്കാൾ പതിന്മടങ്ങ് നല്ലതും സുരക്ഷിതവുമാണ്!”

2. പരിശോധനാവേളകളിൽ കർത്താവ് കൂടെയില്ല എന്നു തോന്നിയേക്കാം [38].

“യഹോവേ, നീ ദൂരത്തു നിൽക്കുന്നതെന്ത്? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്ത്? ” (സങ്കീർ 10:1), “കർത്താവേ നീ ഉണരേണമേ; നീ ഉറങ്ങുന്നത് എന്ത്? എഴുന്നേൽക്കേണമേ; ഞങ്ങളെ എന്നേയ്കും തള്ളിക്കളയരുതേ”(സങ്കീ 44:23) എന്ന് സങ്കീർത്തനക്കാരൻ നിലവിളിക്കുന്നു. 

 അതുപോലെ, ശിഷ്യന്മാരുടെ പരിശോധനാവേളയിൽ യേശു നിസംഗനും കരുതൽ ഇല്ലാത്തവനുമായും കാണപ്പെട്ടപ്പോൾ അവർ നിലവിളിച്ചു, ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ? . മറ്റൊരു തരത്തിൽ പറഞ്ഞാൽ, “ദൈവമേ നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ, ഈ പരിശോധനയിലൂടെ കടന്നുപോകുവാൻ എന്നെ അനുവദിക്കുന്നതെന്ത്? നീ കാണുന്നുണ്ടോ കർത്താവേ?” 

ഉത്തരം ഇതാണ്: ദൈവം എപ്പോഴും നമ്മെ കാണുന്നുണ്ട്. ഒരിക്കലും നമ്മെ ഏകരായി വിടുന്നില്ല. എന്നാൽ, കൂരിരുട്ടിന്റെ വേളകളിലും നാം സഹിഷ്ണുതയോടെ തന്നിൽ ആശ്രയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. 

“നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കുകയും ചെയ്യുന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ” എന്ന് യെശയ്യാവ് 50:10 നമ്മെ ഓർമ്മിപ്പിക്കുന്നു.

3. പരിശോധനകൾ നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു [38].

ശിഷ്യന്മാരുടെ വിശ്വാസം വളരെ ചെറുതായിരുന്നു എങ്കിലും കൊടുങ്കാറ്റ് അവരെ ക്രിസ്തുവിനോട് അടുപ്പിച്ചു. അവർ ക്രിസ്തുവിലേയ്കു തിരിഞ്ഞ വിധം ശരിയായിരുന്നില്ല എങ്കിലും അവർ ഒടുവിൽ അവങ്കലേയ്കു തിരിയുകതന്നെ ചെയ്തു. അവരുടെ അപേക്ഷയാൽ തന്നെ ശല്യപ്പെടുത്തിയതിന് കർത്താവ് അവരെ ശകാരിച്ചില്ല. 

പകരം, അവർ ഭയപ്പെട്ടതിനും അസ്വസ്ഥമായതിനും യേശു അവരെ ശകാരിച്ചു. അതെ, ദൈവത്തിൽ നിന്നും അകന്നു നിൽക്കുവാൻ തക്കവണ്ണം ഒരു മനുഷ്യനെ കഠിനഹൃദയനാക്കുവാൻ പരിശോധനകൾക്ക് സാധിക്കും. എന്നിരുന്നാലും, പരിശോധനകൾ എപ്പോഴും ഒരു ദൈവപൈതലിനെ ദൈവത്തോട് അടുപ്പിക്കും. ദൈവത്തിന്റെ വചനത്തോടുള്ള സ്നേഹത്തിൽ വളരുവാനും ദൈവത്തോടൊപ്പം പ്രാർഥനയിൽ സാരവത്തായ സമയം ചിലവഴിക്കുവാനും പരിശോധനകൾ നമ്മെ സഹായിക്കുന്നു. 

4. പരിശോധനകൾ ദൈവത്തിന്റെ സവിശേഷഗുണങ്ങൾ സംബന്ധിച്ചുള്ള നമ്മുടെ ബോധ്യം വർധിപ്പിക്കുന്നു [39–41].

ഈ അനുഭവത്തിലൂടെ, ദൈവത്തിന്റെ സ്നേഹത്തെയും സകലത്തിന്റെയും മേലുള്ള അധികാരത്തെയും കുറിച്ച് ശിഷ്യന്മാർ കൂടുതൽ ബോധ്യമുള്ളവരായിത്തീർന്നു. ജീവിതത്തിലെ പരിശോധനകളിലൂടെ അത്തരം ബോധ്യത്തിൽ വളരുവാൻ നമുക്കും സാധിക്കും.  ദൈവം എല്ലാ സമയത്തും തന്റെ മക്കളെ കരുതുന്നു എന്നതാണ് ഈ വിലയേറിയ സത്യങ്ങൾ എല്ലാംതന്നെ വെളിപ്പെടുത്തുന്നത്. 

പരിശോധനകൾ സംബന്ധിച്ച് 4 സത്യങ്ങളും ആ പരിശോധനാവേളകളിൽ ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ദൈവത്തിന്റെ കരുതലുമാണ് നാം ചിന്തിച്ചത്. 

ക്രിസ്ത്യാനിയാകുക എന്നത്  പ്രശ്നരഹിതമായ ജീവിതം ഉറപ്പാക്കുന്നില്ല. ഒരു എഴുത്തുകാരൻ പറഞ്ഞതുപോലെ : 

“സാത്താൻ വളരെ കൗശലപൂർവ്വം യഥാർഥ സന്ദേശത്തിൽ നിന്നും നമ്മുടെ ശ്രദ്ധയെ തിരിച്ചിരിക്കുന്നു. പാപികൾക്ക് ക്രിസ്തുവിൽ നീതിമാന്മാരാകുകയും വരാനിരിക്കുന്ന കോപത്തിൽ നിന്നും രക്ഷ നേടുകയും ചെയ്യാം എന്ന നല്ല വാർത്ത പ്രഘോഷിക്കുന്നതിനു പകരം, നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും നമ്മെ ക്രിസ്തുവിൽ സന്തോഷവാന്മാരാക്കുകയും ഈ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും വടുവിക്കുകയും ചെയ്യുവാനും അത്ഭുതകരമായ ഒരു പ്ലാൻ വെളിപ്പെടുത്തുകയും ചെയ്യുകയാണ് നമ്മെ രക്ഷിക്കുന്നതിൽ ദൈവത്തിന്റെ പ്രഥമോദ്ദേശ്യം എന്ന് അർഥമാക്കുന്ന ഒരു സുവിശേഷത്തിൽ നാം ഒതുങ്ങിയിരിക്കുന്നു.  

ക്രിസ്തുവിൽ സന്തോഷം തേടി വിശ്വാസത്തിലേയ്കു വന്നവർ ദൈവസ്നേഹത്തിന്റെ തെളിവ് തങ്ങളുടെ സന്തോഷമാണ് എന്നു ചിന്തിക്കും. പരിശോധനകൾ വരികയും സന്തോഷം നഷ്ടമാകുകയും ചെയ്യുമ്പോൾ ദൈവം തങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു എന്നുപോലും അവർ ചിന്തിച്ചേക്കാം. എന്നാൽ, ദൈവത്തിന്റെ സ്നേഹത്തിനു തെളിവായി കുരിശിലേയ്കു നോക്കുന്നവർ ദൈവത്തിന്റെ സുസ്ഥിരമായ സ്നേഹത്തെ ഒരുനാളും സംശയിക്കുകയില്ല”. 

നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകളുടെ മധ്യത്തിലും ആത്മാർഥമായി ആശ്രയിക്കുവാൻ ദൈവം യോഗ്യനാണ് എന്ന് ദൈവത്തിന്റെ മക്കൾ വിശ്വസിക്കേണ്ടതുണ്ട്. നരകത്തിൽ നിന്നും സാത്താനിൽ നിന്നും നമ്മെ വിടുവിക്കുവാൻ ക്രിസ്തുവിൽ ആശ്രയിക്കുവാൻ നമുക്കു സാധിക്കുമെങ്കിൽ, നമ്മുടെ ദൈനംദിന പ്രശ്നങ്ങളിൽ ക്രിസ്തുവിൽ ആശ്രയിക്കുവാൻ നമുക്കു ബുദ്ധിമുട്ട് നേരിടുന്നത് എന്തുകൊണ്ടാണ്? വിശ്വാസം ഭയത്തെ പുറത്താക്കുന്നു, ഭയം വിശ്വാസത്തെയും.  

സ്ഥിരതയുള്ള വിശ്വാസത്തിന്റെ കുറവിനെക്കുറിച്ച് നാം മാനസാന്തരപ്പെടുകയും “കർത്താവേ എന്റെ അവിശ്വാസത്തെ മറികടക്കുവാൻ സഹായിക്കേണം!” എന്നു നിലവിളിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട് (മർക്കോസ് 9:24). നാം അപ്രകാരം നിലവിളിക്കുമ്പോൾ, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാ 26:3) എന്ന വാക്യം യഥാർഥമായി അനുഭവിക്കുവാൻ ജീവിതത്തിലെ കൂരിരുട്ടിന്റെ സമയങ്ങളിലും, നല്ലവനായ കർത്താവ്, തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മെ സഹായിക്കും. 

നമുക്ക് ഓർമ്മിക്കാം: അനുസരണത്തിലൂടെ വന്നുചേരുന്ന പരിശോധനകൾ എല്ലായ്പോഴും നമ്മോടുകൂടെ ക്രിസ്തുവിന്റെ സാന്നിധ്യം ഉറപ്പു നൽകുന്നു! ക്രിസ്തു നമ്മോടു കൂടെയുള്ളപ്പോൾ,  നമുക്ക് കൊടുങ്കാറ്റിനെ നോക്കി ആത്മാർഥമായി പുഞ്ചിരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ ഇപ്രകാരം പറയുവാൻ സാധിക്കും, “അതേ, ഞാൻ കഷ്ടത്തിലായിരിക്കുമ്പോഴും എന്റെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു എന്നെ കരുതുന്നു!” 

Category

Leave a Comment