ദൈവിക സഭയുടെ 12 പ്രതിബദ്ധതകൾ—ഭാഗം 1

Posted byMalayalam Editor November 12, 2024 Comments:0

(English version: “12 Commitments of a Godly Church – Part 1”)

ഒരു ദൈവിക സഭ എപ്രകാരമായിരിക്കണം കാണപ്പെടേണ്ടത്? അതിന്റെ പ്രതിബദ്ധതകളെ അടയാളപ്പെടുത്തേണ്ടത് എന്താണ്? ഈ നിർണ്ണായക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന്, അപ്പോസ്തല പ്രവർത്തികളുടെ പുസ്തകത്തിലൂടെയുള്ള ഒരു ദ്രുത സർവേ നമ്മെ സഹായിക്കുന്നതാണ്. അപ്പോസ്തല പ്രവർത്തികളിൽ വിവരിച്ചിരിക്കുന്ന ആദിമ സഭ ഒരുതരത്തിലും പൂർണ്ണമായിരുന്നില്ല എന്നും നമുക്ക് മാതൃകയാക്കുവാൻ നൽകപ്പെട്ടതല്ല എന്നിരിക്കിലും, പൊതുവിൽ, ആദിമ സഭ ദൈവിക സഭയായിരുന്നു എന്നും അവരുടെ പ്രവൃത്തികളിൽ നിന്നും നമുക്ക് പഠിക്കുവാൻ ഏറെയുണ്ട് എന്നും നാം സമ്മതിക്കും. 

ആദിമ സഭയുടെ 12 പ്രതിബദ്ധതകളെ തുടർമാനമായ 3 പോസ്റ്റുകളിലൂടെ നാം കാണുവാൻ പോകുന്നു.  ദൈവിക സഭയാകുവാൻ ശ്രമിക്കുന്ന ഇന്നത്തെ ഏതൊരു സഭയ്കും പിന്തുടരുവാൻ മതിയായ 12 കാര്യങ്ങളാണ് ഇവ എന്ന് ഞാൻ വിശ്വസിക്കുന്നു. 

പ്രതിബദ്ധത# 1. രക്ഷിക്കപ്പെട്ടവരുടെ അംഗത്വം 

എല്ലാവരെയും സ്വാഗതം ചെയ്യുമ്പോഴും, യേശുക്രിസ്തുവിന്റെ സുവിശേഷം അംഗീകരിച്ചവർക്കു മാത്രമാണ് അംഗത്വം നൽകപ്പെട്ടത്.  അപ്പോസ്തല പ്രവൃത്തികൾ 2:41-ൽ നിന്നും അത് വ്യക്തമാണ്. അതിനു മുൻപുള്ള വാക്യങ്ങൾ നമ്മോടു പറയുന്നത് പത്രോസ് സുവിശേഷം പ്രസംഗിക്കുകയും ക്രിസ്തുവിലേയ്കു തിരിയുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.  അതിനുശേഷം വാക്യം 41-ൽ നാം ഇപ്രകാരം വായിക്കുന്നു: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.” അവരെ സഭയോടു ചേർക്കുന്നതിനു മുൻപായി അവർ രക്ഷിക്കപ്പെട്ടു എന്നത് ശ്രദ്ധിക്കുക. അവരെല്ലാവരുടെ മേലും പരിശുദ്ധാത്മാവ് വന്നിരുന്നു. അവർ പരിശുദ്ധാത്മാവ് അവരിൽ വസിച്ചിരുന്നു, അത് സംഭവിക്കുന്നത് ഒരുവൻ യേശുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുമ്പോൾ മാത്രമാണ്. 

ഒരു സഭ അതിന്റെ അംഗത്വ ഘടന സംബന്ധിച്ച് ഏതെല്ലാം മാതൃകകൾ അവലംബിച്ചാലും, ആളുകളെ അംഗങ്ങളായി അംഗീകരിക്കുന്നതിനു മുൻപ് അവർ രക്ഷിക്കപ്പെട്ടവരാണ് എന്നത് ഉറപ്പാക്കിയിരിക്കണം. 

പ്രതിബദ്ധത # 2. ബൈബിൾ പരിജ്ഞാനത്തിൽ വളരുന്നു 

ദൈവത്തിന്റെ വചനത്തോടുള്ള ആഴമായ സ്നേഹം രക്ഷിക്കപ്പെട്ട ആളുകളുടെ അടയാളമായിരിക്കും. ആദിമസഭയിൽ നാം അതാണ് കാണുന്നത്. പ്രവൃത്തികൾ 2:42 ഇപ്രകാരം പറയുന്നു, “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും…പോന്നു.” “ചെയ്തുപോന്നു” എന്ന പദത്തിന് ഒരു കാര്യത്തോട് പ്രതിബദ്ധത കാണിച്ചു എന്നർഥമാണുള്ളത്. ഇവിടെ അപ്പോസ്തലന്മാർ ദൈവവചനം പഠിപ്പിച്ചപ്പോൾ അവർ പഠിക്കുക എന്നതാണ് അർഥമാക്കിയത്.  പ്രവൃത്തികൾ 2:46 “ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും…ചെയ്തു.” അവർ ഒരുമിച്ചു കൂടിവന്നപ്പോൾ അധ്യാപനം നടന്നിരുന്നു എന്നത് നിങ്ങൾക്ക് ഉറപ്പാക്കാവുന്നതാണ്. അവർ ദൈവത്തിന്റെ വചനത്തിനു വേണ്ടി വിശക്കുന്ന മനുഷ്യരായിരുന്നു.  

അവരെ ശരിയായ ഉപദേശം പഠിപ്പിക്കുന്നതിൽ അപ്പോസ്തലന്മാരും പ്രതിജ്ഞാബദ്ധരായിരുന്നു. അവരെ സൽക്കരിക്കുന്നതിലല്ല മറിച്ച്, ദൈവവചനത്തിന്റെ ശുദ്ധമായ പാൽ നൽകി അവരെ പോഷിപ്പിക്കുന്നതിൽ അപ്പോസ്തലന്മാർ തത്പരരായിരുന്നു. “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു” എന്ന യോഹന്നാൻ 17:17-ലെ യേശുവിന്റെ പ്രാർഥന അവർക്കറിയാമായിരുന്നു. ഒരു വ്യക്തിയെ പാപം നീക്കി ശുദ്ധീകരിക്കുവാൻ പരിശുദ്ധാത്മാവ് പരിവർത്തനത്തിന്റെ സമയത്ത്   പ്രാരംഭത്തിൽ ദൈവവചനം ഉപയോഗിക്കുന്നു. എന്നാൽ, ആ വ്യക്തിയെ വിശുദ്ധിയിൽ നിലനിർത്തുന്നതും ദൈവത്തിന്റെ വചനമാണ് എന്നും അവർ അറിഞ്ഞിരുന്നു. 

ബൈബിൾ പരിജ്ഞാനത്തിൽ വളരുക എന്നത് ഒരു ദൈവിക സഭയുടെ സുപ്രധാനമായ പ്രതിബദ്ധത ആയിരിക്കണം. പ്രസംഗപീഠത്തിൽ നിന്ന് വചനം പ്രസംഗിക്കുമ്പോൾ മാത്രമല്ല, ബൈബിൾ പഠന ഗ്രൂപ്പുകൾ, ദൈവഭക്തരായ അധ്യാപകരിൽ നിന്നുള്ള പ്രഭാഷണങ്ങൾ കേൾക്കൽ തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളിലൂടെയും വചനം പഠിക്കുവാൻ തങ്ങൾ സന്നിഹിതരായിരിക്കുമെന്ന സമർപ്പണം വിശ്വാസികൾക്ക് ഉണ്ടായിരിക്കണം. ജനങ്ങളെ ദൈവത്തിന്റെ വചനം പഠിപ്പിക്കുവാൻ യോഗ്യതയുള്ള അധ്യാപകരും പ്രയത്നിക്കണം.  

പ്രതിബദ്ധത # 3. അനുഷ്ഠാനങ്ങൾ പാലിക്കുന്നു. 

ദൈവം നൽകിയ രണ്ട് അനുഷ്ഠാനങ്ങൾ സഭയ്കുണ്ട്. ഒന്ന് സ്നാനം. മറ്റൊന്ന്, കർതൃമേശ അഥവാ കർത്താവിന്റെ അത്താഴം എന്ന് വിളിക്കപ്പെടുന്ന അപ്പം നുറുക്കലിന്റെ ഭാഗഭാക്കാകുക. 

അനുഷ്ഠാനം # 1: സ്നാനം

പോയി സുവിശേഷം പ്രസംഗിക്കുകയും അതിനുശേഷം സുവിശേഷം സ്വീകരിക്കുന്നവരെ സ്നാനപ്പെടുത്തുകയും എല്ലാ ഉപദേശങ്ങളും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് ശിഷ്യന്മാരെ ഉണ്ടാക്കുവാൻ യേശു തന്റെ മഹാനിയോഗത്തിൽ സഭയോടു കല്പിച്ചു [മത്തായി  28:18-20]. അതിനോടുള്ള അനുസരണത്തിൽ, പത്രോസ് പെന്തക്കോസ്തു നാളിൽ സുവിശേഷം പ്രസംഗിക്കുക മാത്രമല്ല, തന്റെ കേൾവ്വിക്കാരെ അവരുടെ പാപങ്ങൾ സംബന്ധിച്ച് ആത്മാർഥമായി മാനസാന്തരപ്പെട്ട ശേഷം സ്നാനം സ്വീകരിക്കുവാനും പ്രേരിപ്പിച്ചു, “മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുക” [അപ്പോ. പ്രവർത്തികൾ  2:38]. ഈ ആഹ്വാനത്തോടുള്ള പ്രതികരണമായി, “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു” എന്ന് പ്രവൃത്തികൾ 2:41 പറഞ്ഞിരിക്കുന്നു.

വ്യക്തമായും ഈ ആളുകൾ ആദ്യം ക്രിസ്തുവിനെ അവരുടെ ഹൃദയങ്ങളിൽ സ്വീകരിക്കുകയും അവരുടെ വിശ്വാസത്തെ ഉടനടി പരസ്യമായി സ്നാനജലത്തിലൂടെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, വിശ്വാസികളുടെ സ്നാനം മാത്രമാണ് ബൈബിൾ അറിയുന്നത്. അതായത്, സുവിശേഷം കേൾക്കുകയും അതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തതിനു ശേഷം നടക്കുന്ന സ്നാനമാണ് ബൈബിൾ പറയുന്നത്. 

തങ്ങളുടെ പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പെടുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്തവരെ, യേശുവിനെ അനുഗമിക്കുന്നതിനുള്ള അവരുടെ സമർപ്പണം ജലസ്നാനത്തിലൂടെ അധികം താമസിയാതെതന്നെ പരസ്യമായി സാക്ഷ്യപ്പെടുത്തുവാൻ ഒരു ദൈവിക സഭ പ്രോത്സാഹിപ്പിക്കണം. യഥാർഥ വിശ്വാസം എല്ലായ്പോഴും യേശുവിന്റെ കല്പനയോടുള്ള അനുസരണം ഉളവാക്കുന്നു. ആദ്യത്തെ കല്പന സ്നാനമാണ്. ഈ അനുസരണപ്രവൃത്തിയിൽ ഒരുവൻ താമസം വരുത്തരുത്. 

അനുഷ്ഠാനം # 2:  കർത്തൃമേശ  

യേശു താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ തന്റെ സഭയ്ക് പ്രായോഗികമാക്കുവാൻ മറ്റൊരു അനുഷ്ഠാനം കൂടി നൽകി. സ്നാനം ഒരിക്കലായി അനുഷ്ഠിക്കുവാൻ സഭയ്കു നൽകപ്പെട്ടപ്പോൾ, യേശുവിന്റെ മരണത്തെയും ഉയിർത്തെഴുന്നേൽപ്പിനെയും രണ്ടാംവരവിനെയും അതോടൊപ്പം അന്യോന്യമുള്ള തങ്ങളുടെ പ്രതിബന്ധതയെയും സ്നേഹത്തെയും  സഭ ഓർമ്മിക്കുന്ന കർത്തൃമേശ പതിവായി അനുഷ്ഠിക്കേണ്ട ഒന്നാണ്. 

പ്രവൃത്തികൾ 2:46 -ൽ ലൂക്കോസ് ഇപ്രകാരം പറയുന്നു, അവർ “ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു…ഭക്ഷണം കഴിക്കയും ചെയ്തുപോന്നു.”  “അപ്പം നുറുക്കുക” എന്ന പ്രയോഗം ഭക്ഷണത്തെ സൂചിപ്പിക്കുന്നു. കർത്തൃമേശ എന്നത് ഒരു ഭക്ഷണത്തിന്റെ അവസാനഭാഗത്താണ് നടന്നത്. 

കർതൃമേശയും അതിന്റെ ആവർത്തനത്തിന്റെ ഇടവേളകളും സംബന്ധിച്ച് പുതിയ നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ല എങ്കിലും, അത് പതിവായി ചെയ്യേണ്ട ഒന്നാണ് എന്ന് പറയുന്നത് സുരക്ഷിതമാണ്.  ആരംഭത്തിൽ, അത് ദിനംപ്രതി ചെയ്തിരുന്ന ഒന്നായിരുന്നു. പ്രവൃത്തികൾ 2:46 “ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും…” പിന്നീട്, അപ്പോസ്തല പ്രവൃത്തികളിൽ അവർ കർതൃമേശ എല്ലാ ആഴ്ചയിലും അനുഷ്ഠിച്ചിരുന്നതായി കാണപ്പെടുന്നു. [ഗൗരവമേറിയതും എന്നാൽ സന്തോഷകരവുമായ ഈ പ്രവൃത്തി നമുക്കുവേണ്ടിയുള്ള യേശുവിന്റെ മഹത്തായ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നതിനാൽ, ഒരു സഭയിൽ ആഴ്ചതോറും കർതൃമേശ ഉണ്ടായിരിക്കുന്നത് കൂടുതൽ അഭിലഷണീയം എന്നതാണ് എന്റെ അഭിപ്രായം. സഭ ഒരു ശരീരമായി ഒരുമിച്ചു കൂടുന്ന കർത്താവിന്റെ എല്ലാ ദിനങ്ങളിലും ഇത് പരിചിന്തനം നടത്തുക എത്ര മികച്ച മാർഗമാണ്!] 

പ്രതിബദ്ധത # 4. കൂട്ടായ്മ

അപ്പോ. പ്രവൃത്തികൾ 2:42 ഇപ്രകാരം പറയുന്നു, “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും…പോന്നു.” കൂട്ടായ്മ എന്ന പദത്തിന് പങ്കുവയ്കപ്പെട്ട ജീവിതം, പൊതുവായ താത്പര്യങ്ങളോടെയുള്ള ജീവിതം എന്ന ആശയമുണ്ട്. അവർ എല്ലാവരും കർത്താവിനോട് ഏകീഭവിക്കുകയും അവനോടൊപ്പം പൊതുവായ ജീവിതം പങ്കുവയ്കുകയും ചെയ്തിരുന്നു എന്നതിനാൽ അത് ശരിയാണ്. ആ കൂട്ടായ്മ അവരെ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിലേയ്കു നയിച്ചു. “അവർ ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും…ചെയ്തു” എന്ന് അപ്പോ.പ്രവൃത്തികൾ 2:46 പറയുന്നു. 

പരസ്പരം ചെയ്യേണ്ടതായ മറ്റ് പലവിധമായ കല്പനകളെക്കുറിച്ചും പുതിയ നിയമം സംസാരിക്കുന്നു. അവയെല്ലാം ആളുകൾ അന്യോന്യം കൂട്ടായ്മയിൽ വസിക്കുന്നുവെങ്കിൽ മാത്രം സംഭവ്യമാകുന്നവയാണ്. നാം  പരസ്പരം ഒരുമിച്ച് സമയം ചിലവഴിക്കുന്നില്ല എങ്കിൽ നമുക്ക് എങ്ങനെയാണ് ഈ പരസ്പര-കല്പനകൾ അനുസരിക്കുവാൻ സാധിക്കുക? ഞായറാഴ്ച സഭായോഗത്തിന് മാത്രം വരികയും അതു കഴിഞ്ഞാലുടൻ ഓടുകയും ചെയ്യുന്ന ഒരുവൻ കൂട്ടായ്മയുടെ കാര്യത്തിൽ പ്രതിബദ്ധതയുള്ളവനാണ് എന്ന് പറയുക സാധ്യമല്ല!  വിശ്വാസികൾക്ക് ഒരുമിച്ചു വന്ന് വചനം പഠിക്കുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനും ചിലപ്പോൾ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനുമുള്ള അവസരങ്ങൾ ഉണ്ടാക്കികൊടുക്കുവാൻ സഭാനേതൃത്വം ശ്രമിക്കേണ്ടതാണ്. പ്രസ്തുത അവസരങ്ങളിൽ വരിക മാത്രമല്ല, ഈ ഒത്തുചേരലുകൾ സുഗമമാക്കുന്നതിന് ആവശ്യമായ ചുമതലകൾ കൂടി വഹിക്കുവാൻ വിശ്വാസികൾ നേതൃത്വത്തോടൊപ്പം സഹകരിക്കേണ്ടതാണ്. 

ആദിമ സഭയുടെ 12 പ്രതിബദ്ധതകളിൽ ആദ്യത്തെ 4 എണ്ണം നാം കണ്ടുകഴിഞ്ഞു. അവ :  

(1) രക്ഷിക്കപ്പെട്ടവരുടെ അംഗത്വം
(2) ബൈബിൾ പരിജ്ഞാനത്തിൽ വളരുന്നു
(3) അനുഷ്ഠാനങ്ങൾ പാലിക്കുന്നു
(4) കൂട്ടായ്മ 

3 ഭാഗങ്ങളുള്ള ഈ പരമ്പരയിൽ ഭാഗം 2-ൽ അടുത്ത 4 പ്രതിബദ്ധതകൾ നാം കാണുന്നതാണ്. അതുവരേയ്കും, നിങ്ങളുടെ സഭയെ ഒരു ദൈവിക സഭയാകുവാൻ യത്നിക്കുന്നതിന് നിങ്ങൾക്ക് എപ്രകാരം സഹായിക്കുവാൻ സാധിക്കും എന്നത് പ്രാർഥനാപൂർവ്വം ധ്യാനിക്കുക.

Category

Leave a Comment