ദൈവിക സഭയുടെ 12 പ്രതിബദ്ധതകൾ—ഭാഗം 2

Posted byMalayalam Editor November 26, 2024 Comments:0

(English version: “12 Commitments of a Godly Church – Part 2”)

ആദിമ സഭയുടെ 12 പ്രതിബദ്ധതകൾ സംബന്ധിച്ചുള്ള പരമ്പരയുടെ ഭാഗം 1-ൽ ആദ്യത്തെ 4 പ്രതിബദ്ധതകൾ നാം കണ്ടുകഴിഞ്ഞു. അവ: (1) രക്ഷിക്കപ്പെട്ടവരുടെ അംഗത്വം (2) ബൈബിൾ പരിജ്ഞാനത്തിൽ വളരുന്നു (3) അനുഷ്ഠാനങ്ങൾ പാലിക്കുന്നു (4) കൂട്ടായ്മ. അടുത്ത 4 പ്രതിബദ്ധതകൾ ഈ പോസ്റ്റിൽ നാം കാണുന്നതാണ്. 

പ്രതിബദ്ധത # 5. പരസ്പരം സ്നേഹിക്കുന്നു

യോഹന്നാൻ 13:35-ൽ യേശു ഇപ്രകാരം പറഞ്ഞു, “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” ആദിമ സഭയുടെ ഇടയിൽ ഒരു കാര്യം പ്രകടമായി കാണപ്പെട്ടുവെങ്കിൽ, അത് അവരുടെ പരസ്പര സ്നേഹമായിരുന്നു. തൊട്ടുമുമ്പു പറഞ്ഞ കൂട്ടായ്മയുമായി ഈ പ്രതിബദ്ധതയ്ക് അടുത്ത ബന്ധമുണ്ട്. അവർ പരസ്‌പരം ആത്മാർഥമായി സ്‌നേഹിച്ചിരുന്നതിനാൽ അവരുടെ കൂട്ടായ്മ ശക്തമായിരുന്നു എന്നുപോലും നമുക്ക് പറയാം.

ഈ സ്നേഹം വെറും വാക്കുകളിലായിരുന്നില്ല മറിച്ച് പ്രവൃത്തികളിൽ കാണപ്പെട്ടിരുന്നു. അപ്പോ. പ്രവൃത്തികൾ 2:44-45 ഇപ്രകാരം പറയുന്നു: “വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയുംചെയ്തു.”  2:46 ഇപ്രകാരം പറയുന്നു, “ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും” ചെയ്തു. ഇതിനർഥം, അവർ മറ്റുള്ളവർക്കായി തങ്ങളുടെ ഭവനങ്ങൾ തുറന്നുകൊടുത്തു എന്നാണ്. അത് സ്നേഹത്തിന്റെ പ്രവൃത്തിയാണ്. സ്നേഹമില്ലാത്തയിടത്ത് മറ്റുള്ളവർക്കു കടന്നുവരുവാൻ തുറന്ന വാതിലുകൾ ഉണ്ടായിരിക്കുകയില്ല! 

പെസഹാ പെരുന്നാളിന് യെരൂശലേമിലേയ്ക് വന്നവരും പിന്നീട് പരിവർത്തനം ചെയ്തവരും വിശ്വാസികളായി കൂട്ടായ്മയിൽ നിലനിന്നു. കൂടാതെ, വിശ്വാസികളായിത്തീരുന്നവർ യഹൂദജനതയിൽ നിന്നും ഛേദിക്കപ്പെടുകയും തത്ഫലമായി വ്യാപാരത്തിലും തൊഴിലിലും നഷ്ടം നേരിടുകയും ചെയ്തു എന്ന് ചരിത്രകാരന്മാർ പറയുന്നു. അനേകർക്ക് കടുത്ത സാമ്പത്തിക ഞെരുക്കത്തിന് ഇവയെല്ലാം കാരണമായി. 

സമ്പത്ത് ഉണ്ടായിരുന്ന വിശ്വാസികൾ തങ്ങൾക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്കുവാൻ മനസ്സു കാണിച്ചു. മറ്റുള്ളവർക്ക് ആഹാരം കഴിക്കുവാൻ സഹായിക്കേണ്ടിന് വസ്തുവകകൾ വിൽക്കുന്നത് സങ്കല്പിക്കുക. ക്രിസ്തീയ ജീവിതം ഇതാണ് എന്ന് അവർ അറിഞ്ഞിരുന്നു. അവർ അത് ഒരിക്കലായി ചെയ്ത കാര്യമായിരുന്നില്ല. അവർ തുടർമാനമായ സ്നേഹം പ്രകടമാക്കി. അപ്പോ. പ്രവൃത്തികൾ 4:32 -35 ഇപ്രകാരം പറയുന്നു, “വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല; സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റ്, വില കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വയ്ക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.”

ജനങ്ങളുടെ പ്രയാസങ്ങൾ അറിയുന്നതിനും പ്രായോഗികമായി സഹായിക്കുന്നതിനും കാര്യക്ഷമമായി ശ്രമിക്കുന്ന അംഗങ്ങളായിരിക്കണം ഒരു ദൈവിക സഭയുടെ മുഖമുദ്ര [1 യോഹന്നാൻ 3:16-18]. സഹക്രിസ്ത്യാനികൾ എപ്പോഴൊക്കെ ആവശ്യത്തിലിരിക്കുന്നത് അവർ കണ്ടുവോ അപ്പോഴൊക്കെ സഹായിക്കുവാൻ അവർക്കു സാധിച്ചു. സഹായിക്കുവാൻ അവർ   വൈമുഖ്യം കാട്ടിയില്ല. ലോകത്തിലെ വസ്തുവകകളല്ല, മറിച്ച്, ബന്ധങ്ങളാണ് തങ്ങളെ നയിക്കുന്നതെന്ന് സ്‌നേഹപൂർവകമായ പ്രവൃത്തികളിലൂടെ അവർ കാണിച്ചുതന്നു! 

പ്രതിബദ്ധത# 6. പ്രാർഥന

ലൂക്കോസ് തന്റെ സുവിശേഷത്തിലും അതുപോലെതന്നെ അപ്പോസ്തല പ്രവർത്തികളിലും പ്രാർഥനയ്ക് വലിയ പ്രാധാന്യം നൽകുന്നു എന്നത് നിങ്ങൾ ഒരുപക്ഷെ അറിഞ്ഞിരിക്കില്ല. സുവിശേഷത്തിൽ യേശുവിന്റെ പ്രാർഥനാജീവിതവും പ്രാർഥന സംബന്ധിച്ചുള്ള ഉപദേശവും ലൂക്കോസ് നൽകുന്നു. അപ്പോസ്തല പ്രവൃത്തികളിൽ, സഭയുടെ പ്രാർഥനാജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം രേഖപ്പെടുത്തുന്നു.  അപ്പോ. പ്രവർത്തികൾ 2:42 നമ്മോടു പറയുന്നത്, “അവർ…പ്രാർഥന കഴിച്ചും പോന്നു” എന്നാണ്. ഇതിൽ പ്രത്യേക പ്രാർഥനകളും പൊതുവായ പ്രാർഥനകളും ഉൾപ്പെടുമായിരുന്നു. ഒരുപക്ഷേ അവർ പ്രാർഥനയ്‌ക്കും സമയം നിശ്ചയിച്ചിട്ടുണ്ടാകാം [പ്രവൃത്തികൾ 3:1]. പ്രാർഥന കൂടാതെ അവർ ഒന്നും ചെയ്തില്ല. ആദിമ സഭയിലെ അംഗങ്ങൾക്ക് പ്രാർഥന ശ്വസനം പോലെയായിരുന്നു.

അപ്പോ. പ്രവർത്തി 6:4 നമ്മോടു പറയുന്നത് അപ്പോസ്തലന്മാർക്ക് തങ്ങൾ “പ്രാർഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും” എന്ന് ഒരു തീരുമാനം ഉണ്ടായിരുന്നു എന്നാണ്. ആളുകളെ രക്ഷിക്കുവാൻ പരിശുദ്ധാത്മാവ് വചനം ഉപയോഗിച്ചില്ല എങ്കിൽ, തങ്ങളുടെ എല്ലാ പ്രസംഗങ്ങളും പ്രയോജനരഹിതമാണെന്ന് അപ്പോസ്തലന്മാർ അറിഞ്ഞിരുന്നു. ലളിതമായി പറഞ്ഞാൽ, ആദിമസഭയ്ക് പ്രാർഥനിക്കുന്ന നേതൃത്വവും പ്രാർഥിക്കുന്ന അംഗങ്ങളുമുണ്ടായിരുന്നു! 

ആത്മാവിന്റെ ശക്തി നമ്മിലൂടെ പ്രവർത്തിക്കുവാൻ നാം അത്യന്തം ആശിക്കണം. നമ്മുടെ സ്വകാര്യജീവതങ്ങളിലും നാം ഒരുമിച്ചു കൂടുമ്പോഴുമുള്ള നിരന്തരമായ പ്രാർഥന കൂടാതെ അത് സാധ്യമാകുകയില്ല! നേതൃത്വം മുതൽതന്നെ, പ്രാർഥനയ്ക്ക് ഉയർന്ന മുൻഗണന നൽകുന്നില്ലെങ്കിൽ ഒരു സഭയെ ദൈവിക സഭ എന്ന് വിളിക്കുക സാധ്യമല്ല.  നേതൃത്വം വഹിക്കുന്നവർ പതിവായി പ്രാർഥനാ യോഗങ്ങൾ സംഘടിപ്പിക്കണം, അതിൽ അംഗങ്ങളും പങ്കെടുക്കണം. ഹാജർ കുറവാണെങ്കിലും ഈ മീറ്റിംഗുകൾ തുടരണം. മുഴുവൻ സഭയും തീക്ഷ്ണതയോടെ പ്രാർഥിക്കുന്നവരായിത്തീരുവാൻ ദൈവം തക്കസമയത്ത് അനുഗ്രഹിക്കും.

പ്രതിബദ്ധത# 7. ദൈവത്തെ സ്തുതിക്കുന്നു

ആളുകളെ സ്നേഹിക്കുക എന്ന തിരശ്ചീനമായ പ്രതിബദ്ധത ഉണ്ടായിരുന്നപ്പോൾതന്നെ, ആദിമ സഭയ്ക്ക് ദൈവത്തെ സ്നേഹിക്കുക എന്ന ലംബമായ പ്രതിബദ്ധതയും ഉണ്ടായിരുന്നു. ദൈവത്തെ സ്തുതിക്കാനുള്ള അവരുടെ നിരന്തരമായ പ്രതിബദ്ധതയിലാണ് ഈ സ്നേഹം പുറത്തുവന്നത്. അപ്പോ. പ്രവൃത്തികൾ 2:47 ന്റെ ആദ്യഭാഗം അവർ ഒരുമിച്ച് കണ്ടുമുട്ടുമ്പോൾ തുടർച്ചയായി “ദൈവത്തെ സ്തുതിക്കയും” ചെയ്തു എന്ന് പരാമർശിക്കുന്നു. ദൈവത്തെ സ്‌നേഹിക്കുന്ന ഹൃദയങ്ങളിൽ നിന്ന് സ്തുതിയുടെയും നന്ദിയുടെയും ഗാനങ്ങളും പ്രാർത്ഥനകളും ഒഴുകി. നാം പിന്നീട് പ്രവൃത്തികളിൽ വായിക്കുന്നതുപോലെ, അവർ കഷ്ടപ്പാടുകളിലൂടെ കടന്നുപോയപ്പോഴും ദൈവത്തെ സ്തുതിക്കുന്നത് അവർ ഒരിക്കലും നിർത്തിയില്ല.

ആരാധനയ്ക്കായി ആളുകൾ ഒത്തുകൂടുമ്പോൾ ദൈവത്തെ സ്തുതിക്കുന്നതിന് ദൈവിക സഭ ഉയർന്ന മുൻഗണന നൽകണം. സംഗീത ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർ ബൈബിൾ സത്യം പഠിപ്പിക്കുന്ന പാട്ടുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണം. ആളുകളെ രസിപ്പിക്കാനുള്ള ഒരു മാർഗമായി ആരാധനയെ വീക്ഷിക്കരുത്, മറിച്ച് ബൈബിളിലെ വിലയേറിയ സത്യങ്ങളുടെ അവബോധം ലഭിക്കപ്പെട്ട മനസ്സോടെ ദൈവത്തെ സ്തുതിക്കുക എന്നതാണ് പ്രധാനം. തന്നെ സ്തുതിക്കാൻ തന്റെ ജനം കൂടിവരുമ്പോൾ ദൈവം സന്തോഷിക്കുന്നു!

പ്രതിബദ്ധത# 8. സുവിശേഷീകരണം

നഷ്ടപ്പെട്ടുപോയവരോട് സുവിശേഷം പ്രസംഗിക്കുവാൻ സഭ മൊത്തമായും ക്രിസ്ത്യാനികൾ വ്യക്തിഗതമായും വിളിക്കപ്പെട്ടതിനെക്കുറിച്ച്, ഈ ലോകം വിട്ടുപോകുന്നതിനു മുൻപായി നൽകപ്പെട്ട യേശുവിന്റെ വാക്കുകൾ, 4 സുവിശേഷങ്ങളും ഊന്നിപ്പറയുന്നു [മത്തായി 28:18-20; മർക്കോസ് 16:15; ലൂക്കോസ് 24:46-48; യോഹന്നാൻ 20:21].

നഷ്ടപ്പെട്ടവരോട് സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള ഭക്തിനിർഭരമായ തീക്ഷ്ണത ആദിമ സഭയുടെ അടയാളമായിരുന്നു. പ്രവൃത്തികൾ 2:47 ന്റെ അവസാനത്തിൽ ഇത് വ്യക്തമായി കാണാൻ കഴിയും, കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” എപ്രകാരമാണ് ഒരു വ്യക്തി രക്ഷിക്കപ്പെടുന്നത്? സുവിശേഷം സ്വീകരിക്കുന്നതിനു മുൻപ് അത് കേൾക്കുന്നതിലൂടെയാണ്! ആളുകൾ രക്ഷിക്കപ്പെട്ടതിന്റെ ഫലമായി സഭ വളർന്നുകൊണ്ടിരുന്നു എന്ന വസ്തുത, അവിടെ സജീവമായ സുവിശേഷീകരണം നടന്നുകൊണ്ടിരുന്നു എന്ന്  നമ്മോട് പറയുന്നു! നേതൃത്വവും അംഗത്വവും സുവിശേഷം പങ്കുവയ്ക്കുന്നതിൽ സജീവമായിരുന്നു. പീഡനത്തിനിടയിലും അവർ വചനം പ്രസംഗിച്ചുകൊണ്ടിരുന്നു [അപ്പോ. പ്രവർത്തികൾ 8:4].  

സാക്ഷികളാകുവാനുള്ള ആഹ്വാനത്തോടെയാണ് അപ്പോ. പ്രവൃത്തികളുടെ പുസ്തകം ആരംഭിക്കുന്നത് [അപ്പോ.പ്രവൃത്തികൾ 1:8]. റോമിൽ വരെയും സുവിശേഷം പ്രസംഗിക്കപ്പെടുന്നതോടെ അത് അവസാനിക്കുന്നു [അപ്പോ.പ്രവൃത്തികൾ 28:30-31]. എന്തുകൊണ്ട്? അവർ സുവിശേഷീകരണത്തിൽ പ്രതിജ്ഞാബദ്ധരായിരുന്നു! തങ്ങളുടെ അയൽപക്കത്തും വിദേശങ്ങളിലുമുള്ള നഷ്ടപ്പെട്ടവരെ മിഷൻസിലൂടെ നേടുവാനുള്ള പ്രതിബദ്ധത ഒരു ദൈവിക സഭയുടെ അടയാളമായിരിക്കണം. [മിഷൻസിക്കുറിച്ച് അടുത്ത പോസ്റ്റിൽ കൂടുതൽ പരാമർശിക്കുന്നതാണ്.] നഷ്ടപ്പെട്ടുപോയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സുവിശേഷം കേൾക്കാൻ കൊണ്ടുവരുന്നതിന് ആളുകൾ പ്രോത്സാഹിപ്പിക്കപ്പെടണം. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അയൽക്കാരോടും സഹപ്രവർത്തകരോടും സ്വന്തംനിലയിൽ സുവിശേഷം പങ്കുവയ്ക്കാനും അവർ പ്രോത്സാഹിപ്പിക്കപ്പെടണം!

നഷ്ടപ്പെട്ടുപോയവർക്കു വേണ്ടിയുള്ള പ്രാർഥന പ്രാർഥനാവേളകളുടെ അടയാളമായിരിക്കണം. സുവിശേഷം പങ്കുയ്കപ്പെട്ട ആളുകൾക്ക് വേണ്ടിയും ഭാവിയിൽ സുവിശേഷം പങ്കുവയ്കുന്നതിന് കൂടുതൽ അവസരങ്ങൾ കർത്താവ് തുറന്നു നൽകുന്നതിനുവേണ്ടിയും പ്രാർഥിക്കണം.  സുവിശേഷവേലയിൽ വ്യക്തിപരമായും സജീവമായും പ്രവർത്തിച്ചുകൊണ്ട് നേതൃത്വം മറ്റുള്ളവർക്ക് പ്രവർത്തനാന്തരീക്ഷം സജ്ജമാക്കി നൽകണം. 

ദൈവിക സഭയുടെ പ്രതിബദ്ധതകളിൽ ആദ്യത്തെ 4 എണ്ണത്തിനു പുറമെ, അടുത്ത 4 പ്രതിബദ്ധതകൾ കൂടി ഈ പോസ്റ്റിൽ നാം കണ്ടു. അവ താഴെ കൊടുത്തിരിക്കുന്നു: 

(5) പരസ്പരം സ്നേഹിക്കുന്നു
(6) പ്രാർഥന
(7) ദൈവത്തെ സ്തുതിക്കുന്നു
(8) സുവിശേഷീകരണം. 

3 ഭാഗങ്ങളുള്ള ഈ പരമ്പരയിൽ ഭാഗം 3-ൽ അവസാനത്തെ 4 പ്രതിബദ്ധതകൾ നാം കാണുന്നതാണ്. അതുവരേയ്കും, നിങ്ങളുടെ സഭയെ ഒരു ദൈവിക സഭയാകുവാൻ യത്നിക്കുന്നതിന് നിങ്ങൾക്ക് എപ്രകാരം സഹായിക്കുവാൻ സാധിക്കൂം എന്നത് പ്രാർഥനാപൂർവ്വം ധ്യാനിക്കുക.

Category

Leave a Comment