ദൈവിക സഭയുടെ 12 പ്രതിബദ്ധതകൾ—ഭാഗം 3

(English version: “12 Commitments of a Godly Church – Part 3”)
ദൈവിക സഭയുടെ 12 പ്രതിബദ്ധതകൾ പരാമർശിക്കുന്ന ഈ പരമ്പരയിൽ ഭാഗം ഒന്നും രണ്ടും പോസ്റ്റുകളിലായി ആദ്യത്തെ 8 പ്രതിബദ്ധതകൾ നാം കണ്ടുകഴിഞ്ഞു. അവ താഴെ കൊടുക്കുന്നു: (1) രക്ഷിക്കപ്പെട്ടവരുടെ അംഗത്വം (2) ബൈബിൾ പരിജ്ഞാനത്തിൽ വളരുന്നു (3) അനുഷ്ഠാനങ്ങൾ പാലിക്കുന്നു (4) കൂട്ടായ്മ (5) പരസ്പരം സ്നേഹിക്കുന്നു (6) പ്രാർഥന (7) ദൈവത്തെ സ്തുതിക്കുന്നു (8) സുവിശേഷീകരണം.
പ്രതിബദ്ധത# 9. വിശുദ്ധി
വിശുദ്ധിയുള്ള സഭയെയാണ് വിശുദ്ധനായ ക്രിസ്തു അന്വേഷിക്കുന്നത്. വിശുദ്ധി നിലനിർത്തിയിട്ടുണ്ടോ എന്നത് ഉറപ്പാക്കുവാൻ സഭകളിലൂടെ നടക്കുന്ന വിശുദ്ധനായ ക്രിസ്തുവിന്റെ ചിത്രം വെളിപ്പാട് 2,3 അധ്യായങ്ങൾ നമുക്കു പ്രദാനം ചെയ്യുന്നു. ആദിമസഭയിൽതന്നെ ദൈവം ആരംഭിച്ച ഒന്നാണിത്.
തങ്ങളുടെ കൊടുക്കൽ സംബന്ധിച്ച് പത്രോസിനോടും അതിലൂടെ പരിശുദ്ധാത്മാവിനോടും വ്യാജം പറഞ്ഞ അനന്യാസിന്റെയും സഫീറയുടേയും കഥ അപ്പോസ്തല പ്രവർത്തികൾ 5-ൽ നാം കാണുന്നു. വ്യാജത്തിന്റെയും കാപട്യത്തിന്റെയും പാപത്തെ ദൈവം എപ്രകാരമാണ് കൈകാര്യം ചെയ്തത്? അപ്പോസ്തല പ്രവർത്തികൾ 5: 3-11 അത് വിവരിക്കുന്നു. വ്യക്തമായി പറഞ്ഞാൽ, അവർക്ക് ലഭിച്ചത് മരണമാണ്. അതെ, മരണം! ദൈവം അതീവ കർക്കശക്കാരനായിരുന്നില്ലേ? എന്ന് നാം ചിന്തിച്ചേക്കാം. ഒന്നുമല്ലെങ്കിലും, അത് സമ്പത്തിനെക്കുറിച്ചുള്ള വെറുമൊരു നുണയായിരുന്നു. ഇവിടെയാണ് നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ട ഒരു വസ്തുതയുള്ളത്. നാം ഇടപഴകുന്ന ദൈവം പാപത്തെ- പ്രത്യേകിച്ചും തന്റെ പുത്രന്റെ വിലയേറിയ രക്തത്താൽ വിലയ്കുവാങ്ങപ്പെട്ട സഭയ്കുള്ളിലെ പാപത്തെ—പക്ഷപാതപരമായി കാണുവാൻ സാധിക്കാത്ത അതീവ വിശുദ്ധനായ ദൈവമാണ് [അപ്പോസ്തല പ്രവർത്തികൾ 20:28].
പാപത്തിന്റെ കാര്യത്തിൽ സഭകൾ മുഖം തിരിക്കുന്ന ഈ കാലത്ത്, ദൈവഭക്തനായ ഒരുവന് വിശുദ്ധിയുടെ വിഷയം നിസ്സാരമായി കാണുക സാധ്യമല്ല, നിസ്സാരമായി കാണരുത്. പ്രാദേശിക സഭയുടെ ഉള്ളിൽ പാപത്തെ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് മത്തായി 18:15-20 ൽ യേശുതന്നെ നൽകുന്ന രൂപരേഖയുടെ പ്രക്രിയ സഭ പാലിക്കേണ്ടതാണ് [1 കൊരിന്ത്യർ 5; 2 തെസ്സലോനിക്യർ 3:10-15 എന്നിവ കൂടി കാണുക]. അനുതപിക്കാത്ത ആളുകളെ സഭയിൽ നിന്നും പുറത്താക്കേണ്ടിവരുന്ന വേദനാജനകമായ അനുഭവങ്ങൾ ഒരു ദൈവിക സഭ നേരിട്ടേക്കാം. “വേദനാജനകം” എന്നു ഞാൻ പറഞ്ഞത് പാപത്തെക്കുറിച്ച് അനുതപിക്കാത്തവരെ കൈകാര്യം ചെയ്യുന്നതിൽ യാതൊരു സന്തോഷവുമില്ല എന്നതിനാലാണ്. എന്നിരുന്നാലും, തന്റെ സഭയ്ക് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന സഭയുടെ കർത്താവ് വിശുദ്ധി നിലനിർത്തുവാൻ ചെയ്യേണ്ടതിന് നൽകിയിരിക്കുന്ന കല്പനകൾ ചെയ്യുന്നതിൽ നാം ഒരിക്കലും ഖേദിക്കുവാൻ പാടില്ല. ക്രിസ്തുവിനെ ചോദ്യം ചെയ്യുകയല്ല മറിച്ച്, പൂർണ്ണഹൃദയത്തോടെ അവന്റെ കല്പനകൾക്കു കീഴടങ്ങുകയാണ് നാം ചെയ്യേണ്ടത്.
പ്രതിബദ്ധത# 10. ദൈവഭക്തിയുള്ള നേതൃത്വം
നേതൃത്വം നൽകിയ അപ്പോസ്തലന്മാർ ആദിമ സഭയിൽ ഉണ്ടായിരുന്നു. അവരിൽ 11 പേരെ യേശു തന്നെ നേരിട്ട് തിരഞ്ഞെടുത്തു, 12-ണ്ടാമത്തെ ആളായ മത്തിയാസിനെ പ്രാർത്ഥനയിലൂടെ കർത്താവിനാൽ തിരഞ്ഞെടുക്കപ്പെട്ടു [അപ്പോ. പ്രവൃത്തികൾ 1:23-26]. അതിനാൽ, ഇവർ യോഗ്യതയുള്ള പുരുഷന്മാരായിരുന്നു. സഭ വളർന്നപ്പോൾ നേതൃത്വത്തോടുള്ള പ്രതിബദ്ധതയും വളർന്നു. അപ്പോ. പ്രവൃത്തികൾ 14:23-ൽ തെളിവായി കാണുന്ന പ്രകാരം, സഭകൾ സ്ഥാപിക്കുമ്പോൾ, നേതാക്കളെ വളർത്തിയെടുക്കുന്നതിൽ പൗലോസ് പ്രതിജ്ഞാബദ്ധനായിരുന്നു, “അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു.”
ദരിദ്രർക്കും വിധവകൾക്കും ഭക്ഷണം വിതരണം ചെയ്യുന്നതുൾപ്പെടെ വിവിധ ശുശ്രൂഷകളിൽ സേവനമനുഷ്ഠിക്കുന്ന ആളുകളുടെ കാര്യത്തിൽപോലും അവർ യോഗ്യതയുള്ളവർ ആയിരിക്കണമെന്ന് 12 പേരും ഊന്നിപ്പറഞ്ഞിരുന്നു. അപ്പോ. പ്രവൃത്തികൾ 6:3 നമ്മോട് പറയുന്നു, “ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലെക്കു ആക്കാം.” ഏതൊരാൾക്കും ആ ഉത്തരവാദിത്തം നൽകപ്പെട്ടില്ല പിന്നെയോ, “ആത്മാവ് നിറഞ്ഞ” മനുഷ്യർക്കാണ് നൽകപ്പെട്ടത്. ഡീക്കൻമാർ അഥവാ ശുശ്രൂഷകന്മാർ എന്ന് പിന്നീട് അറിയപ്പെട്ട പദവിയുടെ പ്രാരംഭഘട്ടങ്ങളാണ് ഇവിടെ കാണുന്നത്. അതായത്, പ്രാദേശിക സഭകൾ ദൈവഭക്തിയുള്ള പുരുഷന്മാരാൽ നയിക്കപ്പെടേണ്ടത് അനിവാര്യമാണ്.
മൂപ്പന്മാർക്കുള്ള യോഗ്യതകൾ 1 തിമോഥെയോസ് 3:1-7, തീത്തോസ് 1:6-9, 1 പത്രോസ് 5:1-3 എന്നിവയിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ശുശ്രൂഷകന്മാർക്കുള്ള യോഗ്യതകൾ 1 തിമോഥെയോസ് 3:8-13 ൽ വിവരിച്ചിരിക്കുന്നു. തിരുവെഴുത്തുകൾ അനുസരിച്ച് യോഗ്യതയുള്ളവർ മാത്രമല്ല, വിളിക്കപ്പെട്ടു എന്ന് അറിവുള്ളവരും പൂർണ്ണഹൃദയത്തോടെ അവരുടെ സഭയോട് പ്രതിബദ്ധത പുലർത്താൻ തയ്യാറുള്ളവരുമായ ദൈവഭക്തരായ മൂപ്പന്മാരെ [പാസ്റ്റർ എന്നും വിളിക്കുന്നു] കർത്താവ് എഴുന്നേൽപ്പിക്കുവാൻ ഒരു ദൈവിക സഭ ആഗ്രഹിക്കണം. ആട്ടിൻകൂട്ടത്തെ നയിക്കുന്നതിനും പോറ്റുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതലകൾക്കായി തങ്ങളെത്തന്നെ നൽകുവാൻ അവർ തയ്യാറായിരിക്കണം. പാസ്റ്റർമാരെ അവരുടെ ജോലികളിൽ പിന്തുണയ്കുവാൻ ദൈവഭക്തരായ ശുശ്രൂഷകന്മാരെ വളർത്തിയെടുക്കുവാൻ ഒരു ദൈവിക സഭ ശ്രമിക്കുകയും ചെയ്യണം. കർത്താവ് തന്റെ ഹിതപ്രകാരം, ഈ സ്ഥാനങ്ങളിലേയ്ക് അനുയോജ്യരായ ആളുകളെ തന്റെ സമയത്ത് എഴുന്നേൽപ്പിക്കും.
പ്രതിബദ്ധത # 11. മിഷൻസ്
യെരൂശലേമിലും യഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ എല്ലാ അറ്റങ്ങളിലും തന്റെ സാക്ഷികളാകാൻ യേശു തന്റെ അനുയായികളോട് കൽപ്പിക്കുന്നത് അപ്പോ. പ്രവൃത്തികൾ 1:8 രേഖപ്പെടുത്തുന്നു: ““എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” അതുതന്നെയാണ് സംഭവിച്ചത്! ആദിമ സഭ അവരുടെ പട്ടണത്തിലെ സുവിശേഷീകരണത്തിൽ മാത്രമല്ല, മറ്റു സ്ഥലങ്ങളിലേക്ക് സുവിശേഷം എത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സുവിശേഷം ശമര്യയിലേക്ക് എത്തിച്ചത് സംബന്ധിച്ച് അപ്പോ. പ്രവൃത്തികൾ 8-ൽ രേഖപ്പെടുത്തിയിരിക്കുന്നു. അത് പീഡനത്തിന്റെ ഫലമായി സംഭവിച്ചതാണ് എന്നത് സമ്മതിക്കാം. എന്നാൽ, ചിതറിപ്പോയവർ തങ്ങൾ എത്തിച്ചേർന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷം പ്രസംഗിച്ചു [അപ്പോ. പ്രവൃത്തികൾ 8:4].
അപ്പോ. പ്രവൃത്തികൾ 13:1-3 ഇപ്രകാരം വായിക്കുന്നു: “അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൌൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു. അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു. അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.” സുവിശേഷം റോമിൽ വരെ എത്തുന്നതോടെ അപ്പോ. പ്രവൃത്തികളുടെ പുസ്‌തകം അവസാനിക്കുന്നു [അപ്പോ. പ്രവൃത്തികൾ 28]. അത് യാദൃശ്ചികമായി സംഭവിച്ചതല്ല. ഭൂമിയുടെ എല്ലാ അറ്റങ്ങളിലേക്കും സുവിശേഷം എത്തിക്കണമെന്ന കൽപ്പന വളരെ ഗൗരവത്തോടെ അനുസരിച്ച ആദ്യകാല വിശ്വാസികളുടെ പ്രയത്നത്തിലൂടെ, ദൈവം തന്റെ കൃപയിൽ, പ്രവർത്തിച്ചതുകൊണ്ടാണ് അത് സംഭവിച്ചത് [അപ്പോ. പ്രവൃത്തികൾ 1:8].
മിഷൻസിനെ പിന്തുണയ്ക്കുന്നതിന്, സാധ്യമാകുന്നിടത്തോളം, ഉദാരമായ തുക ഒരു ദൈവിക സഭ മനഃപൂർവമായി നീക്കിവയ്കേണ്ടതാണ്! സഭാസ്ഥാപനം, ബൈബിൾ വിവർത്തന പ്രവർത്തനങ്ങൾ, കൊച്ചുകുട്ടികളിലേക്ക് സുവിശേഷം വ്യാപിപ്പിക്കുവാൻ സഹായിക്കുന്ന ക്രിസ്ത്യൻ അനാഥാലയങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മിഷനറിമാരെ പിന്തുണയ്‌ക്കുക എന്നിവ മിഷൻസിനോട് പ്രതിബദ്ധത കാണിക്കുവാൻ സഹായിക്കുന്ന മാർഗ്ഗങ്ങളാണ്. സുവിശേഷം മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാൻ സന്നദ്ധരും വിളിക്കപ്പെട്ടവരുമായ മിഷനറിമാരെ വളർത്തിയെടുക്കുന്നതിലും ദൈവിക സഭ ശ്രദ്ധ കേന്ദ്രീകരിക്കണം. മിഷൻസിന് ദൈവം എത്രത്തോളം മുൻഗണന നൽകുന്നുവെന്ന് ആളുകളെ പഠിപ്പിക്കുന്ന പ്രസംഗത്തോടൊപ്പം ധാരാളം പ്രാർത്ഥനകളും ബോധപൂർവമായ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങളാണ്. ഈ വിഷയത്തിൽ ദൈവത്തിന്റെ ഹൃദയവാഞ്ച മനസ്സിലാക്കുവാൻ സഭയെ പ്രേരിപ്പിക്കുവാൻ നേതൃത്വത്തിന് സാധിക്കും.
പ്രതിബദ്ധത #12. ദൈവത്തെ ഭയപ്പെടുന്നു
12 പ്രതിബദ്ധതകളിൽ അവസാനത്തേത്, എന്നാൽ പ്രാധാന്യം ഒട്ടും കുറയാത്തത് ദൈവഭയം പ്രകടമാക്കുന്നതിൽ ആദിമ സഭയിൽ നാം കാണുന്ന പ്രതിബദ്ധതയാണ്. ദൈവഭയമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. അപ്പോൾപ്പിന്നെ, പ്രാദേശിക സഭയുടെ കാര്യത്തിൽ ഇത് വ്യത്യസ്തമായിരിക്കുമോ?
ആദിമസഭയിലെ ഏറ്റവും വലിയ പീഡകരിൽ ഒരാളായ പൗലോസിന്റെ മാനസാന്തരത്തെത്തുടർന്ന്, അപ്പോ. പ്രവൃത്തികൾ 9:31-ൽ നാം വായിക്കുന്നത് ഇപ്രകാരമാണ്: “അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.” അനന്യാസിനോടും സഫീറയോടും അവരുടെ പാപത്തിന് ദൈവം എങ്ങനെ ഇടപെട്ടു എന്ന് പറയുന്ന അപ്പോ. പ്രവൃത്തികൾ 5-ലും, വാക്യം 11-ൽ നാം വായിക്കുന്നത് “സർവ്വസഭെക്കും ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി” എന്നാണ്.
സഭ ദൈവത്തെ ഭയപ്പെടുന്നില്ലെങ്കിൽ, ഭയഭക്തിയോടുകൂടി ദൈവത്തിന്റെ മുമ്പിൽ വിറയ്ക്കുന്നില്ലെങ്കിൽ, നാം നേടുവാൻ ശ്രമിക്കുന്ന ലോകത്തോട്, ദൈവത്തെ ഭയപ്പെടേണ്ടതാണെന്നും ആളുകൾ അവനിലേക്ക് തിരിയണമെന്നും നമുക്ക് എങ്ങനെ പറയുവാൻ സാധിക്കും? ദൈവത്തെ ഭയപ്പെടുക എന്നത് ജനപ്രീതിയില്ലാത്തതും അസ്വസ്ഥപ്പെടുത്തുന്നതും കാലഹരണപ്പെട്ടതുമായ ഒരു വിഷയമായി കാണുന്ന കാലത്ത്, സഭ ദൈവത്തെ ഭയപ്പെട്ടു ജീവിക്കണം. ദൈവം വിശുദ്ധനാണ്. ദൈവത്തിന്റെ കോപം ഭയപ്പെടേണ്ടതാണ്. ദൈവത്തിന്റെ കണ്ണിൽ പാപം, പ്രത്യേകിച്ചും സഭയ്ക്കുള്ളിലെ പാപം, വെറുപ്പുളവാക്കുന്നതാണ്. പാപത്തെ ദൈവം ഗൗരവതരമായി കാണുന്നു. 2000 വർഷങ്ങൾക്കു ശേഷവും പാപം സംബന്ധിച്ച് ദൈവം തന്റെ മനസ്സ് മാറ്റിയിട്ടില്ല.
അനന്യാസിനെയും സഫീറയെയും ഓർക്കുന്നുണ്ടോ? 1 കൊരിന്ത്യർ 11-ൽ അനുതപിക്കാത്ത പാപത്തോടെ കർത്താവിന്റെ മേശയിൽ പങ്കെടുത്ത വിശ്വാസികൾ മരണപ്പെട്ടു എന്നത് ഓർമ്മിക്കുന്നുണ്ടോ [11:30]? ദൈവഭയത്തിൽ ജീവിക്കുവാൻ ഈ സംഭവങ്ങൾ നമ്മെ സഹായിക്കണം. വല്ലപ്പോഴുമൊരിക്കൽ മാത്രമല്ല, ദൈവഭയം എന്നത് സഭയുടെ തുടർമാനമായ മനോഭാവമായിരിക്കണം. സഭാംഗങ്ങൾ എന്ത് പറയുന്നു, എന്ത് കാണുന്നു, എന്ത് പിന്തുടരുന്നു, ഹൃദയങ്ങളിൽ എന്ത് ചിന്തിക്കുന്നു [വ്യക്തികൾ അല്ലാതെ, ഇത് അറിയുന്നത് ദൈവം മാത്രമാണ്] എന്നതിലൂടെ അത് തെളിവാകുന്നതാണ്. സദൃശ്യവാക്യങ്ങൾ 28:14 ഇപ്രകാരം പറയുന്നു, “എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.” ദൈവിക സഭയിലെ നേതൃത്വം തൊട്ട്, ഓരോ അംഗത്തിന്റെയും മനോഭാവം അപ്രകാരമായിരിക്കട്ടെ.
അതായത്, ദൈവിക സഭയുടെ 12 പ്രതിബദ്ധതകൾ ഇവയാണ്:
(1) രക്ഷിക്കപ്പെട്ടവരുടെ അംഗത്വം
(2) ബൈബിൾ പരിജ്ഞാനത്തിൽ വളരുന്നു
(3) അനുഷ്ഠാനങ്ങൾ പാലിക്കുന്നു
(4) കൂട്ടായ്മ
(5) പരസ്പരം സ്നേഹിക്കുന്നു
(6) പ്രാർഥന
(7) ദൈവത്തെ സ്തുതിക്കുന്നു
(8) സുവിശേഷീകരണം
(9) വിശുദ്ധി
(10) ദൈവഭക്തിയുള്ള നേതൃത്വം
(11) മിഷൻസ്
(12) ദൈവത്തെ ഭയപ്പെടുന്നു.
മനോഹരമായ ഒരു പഴയ ഗീതമുണ്ട്—“My Jesus I love Thee” എന്നു തുടങ്ങുന്ന എന്റെ പ്രിയപ്പെട്ട ഗീതമാണത്. യേശുവിനെ സ്നേഹിക്കുന്നു എന്ന് നാം പറയുമ്പോൾ, തന്റെ വിലയേറിയ രക്തത്താൽ വിലയ്കു വാങ്ങിയ സഭയേയും നാം സ്നേഹിക്കണം. യേശു തന്റെ സഭയെ പണിയും എന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു [മത്തായി 16:18]. പാതാളഗോപുരങ്ങൾക്ക് ഒരുനാളും അതിനെ ജയിക്കുക സാധ്യമല്ല. പ്രിയ വായനക്കാരാ, ബൈബിൾ വിശ്വസിക്കുന്നതും ബൈബിൾ പ്രസംഗിക്കുന്നതുമായ നിങ്ങളുടെ പ്രാദേശിക സഭയോടുള്ള നിങ്ങളുടെ പ്രതിബദ്ധതയെ ഇനിയുള്ള നാളുകളിൽ നിങ്ങൾ കൂടുതൽ ഗൗരവമായി കാണുമോ? നിങ്ങൾ നേതൃത്വത്തിലുള്ള വ്യക്തിയാണെങ്കിൽ, നിങ്ങളെ ദൈവം ആക്കിയിരിക്കുന്ന സഭയിൽ, ദൈവം യേശുക്രിസ്തുവിലൂടെ മഹത്വപ്പെടുന്നതിനുവേണ്ടി നേതൃത്വം വഹിക്കുവാൻ ദൈവം നിങ്ങളെ സഹായിക്കേണ്ടതിന് നിങ്ങൾ ദൈവത്തോടു നിലവിളിക്കുമോ? [എഫേസ്യർ 3:20-21]? നിങ്ങളുടെ പ്രയത്നം ഉപേക്ഷിച്ചുകളയരുത്. ദൈവം അതിന് യോഗ്യനാണ്!