നമ്മുടെ പിതാവായ ദൈവത്താൽ ദത്തെടുക്കപ്പെട്ടതിനാൽ ലഭ്യമാകുന്ന 4 അനുഗ്രഹങ്ങൾ

Posted byMalayalam Editor June 24, 2025 Comments:0

(English Version: “4 Blessings of Being Adopted by God Our Father”)

ദൈവത്തെ നമ്മുടെ “പിതാവ്” എന്നു വിളിക്കുക സാധ്യമാക്കിത്തീർക്കുന്ന പ്രക്രിയയെ ബൈബിൾ വിളിക്കുന്നത് “ദത്തെടുക്കൽ എന്നാണ്. നമുക്ക് അനുഭവിക്കുവാൻ സാധ്യമാകുന്ന ഏറ്റവും വലിയ ഭാഗ്യപദവിയാണത്. അത് നീതീകരണത്തേക്കാളും വലുതാണ്. നമ്മുടെ  പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ നമ്മുടെ കുറ്റങ്ങളിൽ നിന്നും നമ്മെ വിമുക്തമാക്കുന്ന പ്രക്രിയയാണ് നീതീകരണം. ദൈവത്തെ ന്യായാധിപതിയായി വീക്ഷിക്കുന്ന നിയമപരമായ പദപ്രയോഗമാണ് നീതീകരണം. അത് ദൈവത്തിന്റെ വിശുദ്ധ നിയമത്തിനു മുൻപിൽ നമ്മുടെ നില സംബന്ധിച്ചുള്ളതാണ്.  

നേരേ മറിച്ച്, ദത്തെടുക്കൽ എന്നത് കുടുംബവുമായി ബന്ധപ്പെട്ട ഒരു ആശയമാണ്. ഒരു എഴുത്തുകാരൻ പറഞ്ഞപ്രകാരം, “ദൈവം തന്റെ കുടുംബത്തിലെ അംഗങ്ങളായി നമ്മെ ആക്കിത്തീർക്കുന്ന പ്രക്രിയയാണ് ദത്തെടുക്കൽ.” ദൈവത്തെ പിതാവായി ദത്തെടുക്കൽ വീക്ഷിക്കുന്നു, അങ്ങനെ അടുപ്പം, വാത്സല്യം, ഉദാരത എന്നിവ സൂചിപ്പിക്കുന്നു. ഒരു എഴുത്തുകാരൻ ഇപ്രകാരം പറഞ്ഞു, “ന്യായാധിപതിയായ ദൈവത്തോടു നിരപ്പാകുന്നത് മഹത്തായ കാര്യമാണ്, എന്നാൽ പിതാവായ ദൈവത്താൽ സ്നേഹിക്കപ്പെടുകയും കരുതപ്പെടുകയും ചെയ്യുന്നത് അതിനേക്കാൾ മഹത്തരമായ കാര്യമാണ്.” ഈ ആശയം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിന് താഴെക്കൊടുത്തിരിക്കു്നന ചിത്രീകരണം ഒരുവനെ സഹായിച്ചേക്കാം. 

ഒരുവൻ നിങ്ങളുടെ മകനെ കൊലപ്പെടുത്തുകയും തത്ഫലമായി ജയിലിൽ അകപ്പെട്ട് വധശിക്ഷ കാത്തുകഴിയുകയും ചെയ്യുന്നുവെന്ന് കരുതുക. നിങ്ങൾ ആ മനുഷ്യനോട് ക്ഷമിക്കുകയും അയാളെ സ്വതന്ത്രനാക്കുകയും ചെയ്യുന്നു. അതുതന്നെ ഒരു വലിയ കാര്യമാണ്. എന്നാൽ, നിങ്ങൾ അവിടം കൊണ്ട് നർത്തുന്നില്ല. അയാൾ ജയിലിൽ നിന്നും വിട്ടയയ്കപ്പെട്ട ശേഷം, ആ കൊലപാതകിയെ നിങ്ങൾ ദത്തെടുക്കുകയും നിങ്ങളുടെ മകനാക്കിത്തീർക്കുകയും നിങ്ങളുടെ മകന് ലഭിക്കുമായിരുന്ന എല്ലാ അവകാശങ്ങളും നൽകുകയും ചെയ്യുന്നു! അത് എങ്ങനെയുണ്ട്? നിങ്ങൾക്കു ഭ്രാന്താണ് എന്നുപോലും ആളുകൾ പറഞ്ഞേക്കാം! എന്നാൽ, അത് നിങ്ങളുടെ സ്നേഹത്തിന്റെ പാരമ്യമാണ് കാണിക്കുന്നത്!  അതുമാത്രമല്ല, നിങ്ങളുടെ പ്രിയപ്പെട്ട മകനെ കൊലപ്പെടുത്തിയവൻ അനുഭവിക്കുന്ന അനുഗ്രഹങ്ങളുടെ പാരമ്യവുമാണത്. 

നീതീകരണത്തിന്റെയും ദത്തെടുക്കലിന്റെയും ബൈബിൾപരമായ ചിത്രീകരണം ഇതല്ലേ? നീതികരണം കൊണ്ട് ദൈവത്തിന് അവസാനിപ്പിക്കാമായിരുന്നു. എന്നാൽ, ദൈവം അവിടെ അവസാനിപ്പിച്ചില്ല. നീതികരണം എന്ന അനുഗ്രഹത്തിന്റെ മുകളിൽ അതിനേക്കാൾ മെച്ചപ്പെട്ട ഒരനുഗ്രഹം, നമ്മെ തന്റെ പുത്രന്മാരും പുത്രിമാരും ആക്കിത്തീർത്ത ദത്തെടുക്കൽ നമുക്കായി ചെയ്തു. അതുകൊണ്ടാണ്, നീതീകരണത്തേക്കാൾ അവിശ്വസനീയമായ അനുഗ്രഹമായി ദത്തെടുക്കൽ മാറുന്നത്.  

ദൈവം പിതാവാണെന്ന ആശയം പഴയ നിയമത്തിലും കാണുന്നുണ്ട്  [പുറപ്പാട് 4:22, സങ്കീർത്തനങ്ങൾ 103:13, യെശയ്യാവ് 64:8]. എന്നാൽ, ദത്തെടുക്കലിന്റെ ആശയം നമുക്ക് കൂടുതൽ വ്യക്തമായി വെളിപ്പെടുത്തിത്തന്നിരിക്കുന്ന പുതിയ നിയമത്തിലാണ് ദൈവം പിതാവാണെന്നത് അതിന്റെ പൂർണ്ണ അർഥത്തിൽ നാം കാണുന്നത്. ദത്തെടുക്കൽ എന്ന് പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്ന വാക്ക് 5 തവണ കാണപ്പെടുന്നു. ആ 5 തവണയും പൗലോസിന്റെ ലേഖനങ്ങളിലാണ് അവ കാണപ്പെടുന്നത് [റോമർ 8:15, 23; 9:5, ഗലാത്യർ 4:5, എഫേസ്യർ 1:5]. 

ദൈവം നമ്മെ ദത്തെടുത്തത് ദൈവത്തിന് എന്തെങ്കിലും ആവശ്യമുണ്ടായിട്ടോ തനിക്കു പ്രയോജനപ്പടുന്ന ഒന്ന് നമ്മിൽ കണ്ടതുകൊണ്ടോ അല്ല. തനിക്കെതിരെ മുഖംതിരിക്കുന്ന മത്സരികളെ മാത്രമാണ് ദൈവം നമ്മിൽ കണ്ടത്. എന്നിട്ടും, ദൈവം നമ്മെ ദത്തെടുത്തു. കാരണം, ദൈവം നമ്മെ കേവലം സ്നേഹിക്കുന്നതിനാൽ ദത്തെടുക്കുവാൻ തീരുമാനിച്ചു [എഫേസ്യർ 1:4-5]. അത്തരത്തിലുള്ള സ്നേഹം മനുഷ്യന് മനസ്സിലാക്കുവാൻ സാധിക്കുന്നതിനുമപ്പുറമാണ്! 

അത്തരത്തിലുള്ള സ്നേഹം നമ്മുടെ ദത്തെടുക്കൽ നടപ്പിലാക്കി. തത്ഫലമായി, കുറഞ്ഞപക്ഷം 4 പ്രായോഗിക അനുഗ്രഹങ്ങൾ ലഭ്യമാകുന്നു. 

അനുഗ്രഹം #1. ദത്തെടുക്കൽ ദൈവത്തെ നമ്മുടെ പിതാവെന്നു വിളിക്കുക സാധ്യമാക്കുന്നു. 

ദൈവത്തെ തന്റെ പിതാവ് എന്നു വിളിക്കുമ്പോൾ യേശു “അബ്ബാ,പിതാവേ”  എന്ന പ്രയോഗം ഉപയോഗിച്ചിരിക്കുന്നു [മർക്കോസ് 14:36]. ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിലൂടെ നമുക്കും “അബ്ബാ പിതാവേ” എന്ന് ദൈവത്തെ വിളിക്കുക സാധ്യമാണ്. നിത്യതയോളം  നിലനിൽക്കുന്ന ആശ്ചര്യകരമായ പുതിയ ഒരു ബന്ധം ആരംഭിച്ചിരിക്കുന്നു. നാം സ്നേഹിക്കപ്പെടുന്നു, കരുതൽ അനുഭവിക്കുന്നു, നമ്മുടെ ആശ്ചര്യവാനായ ഈ സ്വർഗ്ഗീയ പിതാവിൽ നിന്നും നാം ഒരിക്കലും വേർപിരിയുകയില്ല! 

അനുഗ്രഹം #2. ദത്തെടുക്കൽ നമുക്ക് പ്രാർഥനാജീവിതം സാധ്യമാക്കുന്നു. 

നാം പ്രാർഥിക്കുമ്പോൾ ദൈവത്തെ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന് അഭിസംബോധന ചെയ്യുവാൻ യേശു നമ്മെ പഠിപ്പിച്ചു [മത്തായി  6:9]. ദൈവം നമ്മെ കരുതുന്നതിനാൽ നമ്മുടെ എല്ലാ അപേക്ഷകളുമായും നമ്മുടെ പിതാവായ ദൈവത്തെ സമീപിക്കുവാൻ ഈ അടുപ്പം നമ്മെ പ്രാപ്തരാക്കുന്നു. നമുക്ക് ആകുലതയിൽ നിന്നും വിടുതൽ നേടാം. നമുക്ക് കുറ്റബോധത്തിൽ നിന്നും വിടുതൽ നേടാം. നമ്മുടെ പാപങ്ങളെ നാം ഏറ്റുപറയുമ്പോൾ ദൈവം നമ്മുടെ സകല പാപങ്ങളെയും ക്ഷമിക്കുന്നു. സ്നേഹിക്കുന്ന പിതാവ് എല്ലായ്‌പ്പോഴും തന്റെ മക്കളുടെ പ്രാർഥന കേൾക്കുന്നു.

അനുഗ്രഹം #3. ദത്തെടുക്കൽ ഭാവി സംബന്ധിച്ചുള്ള നമ്മുടെ പ്രത്യാശയെ ബലപ്പെടുത്തുന്നു. 

റോമർ 8:23 ൽ പൗലോസ് നമ്മോടു പറയുന്നു, “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” അദ്ദേഹം തുടർന്നുപറയുന്നു, “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു? നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു” [റോമർ 8:24-25].  ഭാവിയിൽ നമുക്ക് തേജസ്കരിക്കപ്പെട്ട ശരീരങ്ങൾ ലഭിക്കുമ്പോഴായിരിക്കും ദത്തെടുക്കലിന്റെ പൂർണ്ണമായ അനുഭവം സാധ്യമാകുക. അതുവരേയ്കും, ഉറപ്പുള്ള പ്രത്യാശയോടെ ഈ ലോകത്തിലെ പ്രയാസങ്ങൾ നാം സഹിക്കും എന്നാണ് അത് അർഥമാക്കുന്നത്.  

2 കൊരിന്ത്യർ 1:22 അനുസരിച്ച്, ദൈവം “നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.”  “അച്ചാരം” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത് ഭാവിയിൽ നിത്യതയിലുടനീളം നാം നമ്മുടെ തേജസ്കരിക്കപ്പെട്ട അവസ്ഥയിൽ കർത്താവിനോടൊപ്പം ആയിരിക്കും എന്നാണ്. ഈ സത്യവും നമ്മുടെ പ്രത്യാശയെ ബലപ്പെടുത്തുന്നു. 

അനുഗ്രഹം #4. ദത്തെടുക്കൽ നമ്മെ നമ്മുടെ സ്വർഗ്ഗീയ പിതാവിനാൽ പരിശീലിപ്പിക്കപ്പെടുന്നതിന് സാധ്യമാക്കുന്നു. 

എബ്രായർ 12:5-6 ഇപ്രകാരം പറയുന്നു, “മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ  ശാസിക്കുമ്പോൾ മുഷികയുമരുതു. കർത്താവു താൻ  സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ  കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? എഴുത്തുകാരൻ വീണ്ടും പറയുന്നു, “നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു” [എബ്രായർ 12:7]. നാം ദൈവത്തിന്റെ മക്കളായതിനാൽ ദൈവം നമ്മെ ശിക്ഷിക്കുന്നു എന്നാണ് എബ്രായ ലേഖന എഴുത്തുകാരൻ പറയുന്നതിന്റെ അർഥം. അത് നല്ല കാര്യമാണ്! അത് കാണിക്കുന്നത് നാം അവന്റെ മക്കളാണ് എന്നാണ്! എബ്രായർ 12:10-ൽ ഈ ശിക്ഷണത്തിന്റെ ഉദ്ദേശ്യം നൽകിയിരിക്കുന്നു, “നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.”

നമ്മുടെ പ്രതികരണം.

ദത്തെടുക്കലിന്റെ ഈ 4 പ്രയോജനങ്ങളുടെ വെളിച്ചത്തിൽ [കൂടുതൽ കൂട്ടിച്ചേർക്കാവുന്നതാണ്], നമ്മുടെ പ്രതികരണം എന്താണ്?  അത് ലളിതമാണ്. നാം “നമ്മുടെ ദൈവപിതാവിനെ അനുകരി”ക്കേണ്ടവരാണ്.  നാം തന്റെ പുത്രന്മാരും പുത്രിമാരുമാണെങ്കിൽ, കുടുംബത്തിന്റെ സ്വഭാവം കാണിക്കേണ്ടതുണ്ട്! അതിനർഥം, ദൈവം വിശുദ്ധനായതിനാൽ നാമും വിശുദ്ധിയെ പിന്തുടരേണ്ടതാണ് എന്നാണ് [1 പത്രോസ് 1:15-16]. ദൈവം സ്നേഹിക്കുന്നതുപോലെ നാം സ്നേഹിക്കേണ്ടതാണ്, [എഫേസ്യർ 5:1-2], നമ്മുടെ ശത്രുക്കളിലേയ്കും പടരുന്ന സ്നേഹം [മത്തായി 5:44-45].

നാം ഒരൊറ്റ കുടുംബമാണെന്നത് ദൈവത്തിന്റെ മക്കൾ ഒരിക്കലും മറക്കരുത്. അതിനർഥം, കയ്പ്, അസൂയ, കലഹം എന്നിവയ്ക് അതിൽ സ്ഥാനമില്ല എന്നാണ്. നാം സന്തോഷവും സങ്കടവും പങ്കുവയ്കുന്നു. ഭൗമിക പിതാക്കന്മാർ പരാജയപ്പെടമ്പോഴും [അവർ പരാജയപ്പെടും എന്നത് ഉറപ്പാണ്] എത്രയോ സ്നേഹവാനായ പിതാവാണ് ദൈവം എന്ന അറിവിൽ നമുക്ക് വിശ്രമിക്കാം. തന്റെ കുടുംബത്തിലേയ്ക് ദത്തെടുക്കപ്പെട്ടതിന്റെ ഫലമായി എത്രയോ മഹത്വപൂർണ്ണമായ ഭാവിയാണ് നമുക്കുള്ളത്! ഈ യാഥാർഥ്യങ്ങൾ നമ്മുടെ പിതാവിനെ അനുകരിക്കുവാനുള്ള വിശുദ്ധ തീരുമാനത്തിലേയ്ക് നമ്മെ നയിക്കേണ്ടതാണ്! 

നിങ്ങൾ ദൈവത്തിന്റെ പൈതൽ അല്ലെങ്കിൽ, ഇപ്പോഴും ദൈവത്തെ പിതാവ് എന്നു വിളിക്കുവാൻ സാധിക്കുന്നില്ല എങ്കിൽ, ആ വിഷയത്തിൽ തീർപ്പുകല്പിക്കുവാൻ ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരിയുകയും യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനും കർത്താവുമായി സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ദൈവത്തിന്റെ കുടുംബത്തിലേയ്ക് ദത്തെടുക്കപ്പെടാവുന്നതാണ്. ഈ മഹത്വകരവും ആശ്വാസകരവുമായ സന്തോഷത്തെക്കുറിച്ച് യോഹന്നാൻ 1:12 നമ്മോടു പറയുന്നു, “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” സ്നേഹത്തോടെയുള്ള ഈ ക്ഷണത്തോട്, ദൈവത്തിന്റെ കൃപയാൽ നിങ്ങൾ പ്രതികരിച്ചാൽ, നിങ്ങൾക്കും ദത്തെടുക്കപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രയോജനങ്ങൾ എല്ലാം അനുഭവിക്കാവുന്നതാണ്!

അതുകൊണ്ട്, മടിക്കരുത്. ദയവായി വരിക. ദൈവത്തിന്റെ കുടുംബത്തിൽ എല്ലായ്പോഴും കൂടുതൽ മക്കൾക്കായി സ്ഥലമുണ്ട്! ഭൗമിക പിതാക്കന്മാർക്ക് ബലഹീനതകളുണ്ട്, അവർ പലപ്പോഴും പരാജയപ്പെടുന്നു. എന്നാൽ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ഏക സ്വർഗ്ഗീയപിതാവിന് യാതൊരു കുറവുകളുമില്ല. ആ പിതാവ് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. നിത്യതയിലുടനീളം സമ്പൂർണ്ണമായ സ്നേഹത്താൽ താൻ നിങ്ങളെ സ്നേഹിക്കും!

Category

Leave a Comment