നരകം – അർഥവും യാഥാർഥ്യങ്ങളും – ഭാഗം 1

(English Version: Hell – Its Realities and Implications – Part 1)
നരകം ഒരു ജനപ്രിയ വിഷയമല്ല – സഭയിൽപോലും. എന്നിരുന്നാലും, ബൈബിൾ നരകത്തെക്കുറിച്ച് വളരെ കാര്യങ്ങൾ പറയുന്നു എന്നതിനാൽ ഇത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. ഒരു വിഷയം നമുക്ക് സുഖകരമാണോ അതോ അസുഖകരമാണോ എന്നതല്ല കാര്യം. നമ്മുടെ സ്വന്ത നിത്യതയിലെ പ്രയോജനത്തിനായി നാം തുടർമാനമായി ചിന്തിക്കേണ്ട കഠിനമായ സത്യങ്ങളെക്കുറിച്ചാണ് ഇത്.
ഒരു നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന J.C. Ryle എന്ന ദൈവഭക്തനായ പ്രസംഗകൻ നരകത്തെക്കുറിച്ച് ഇപ്രകാരം എഴുതി, “തീ ആളിക്കത്തുമ്പോൾ നിശബ്ദനായിരിക്കുന്ന ഒരു കാവൽക്കാരൻ ജോലിയിൽ അങ്ങേയറ്റം ഉപേക്ഷ വരുത്തിയതിൽ കുറ്റക്കാരനാണ്. നാം മരിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കു സുഖമായിക്കൊണ്ടിരിക്കുകയാണ് എന്ന് പറയുന്ന ഒരു ഡോക്ടർ ഒരു വ്യാജസ്നേഹിതനാണ്. തന്റെ പ്രസംഗത്തിൽ നരകത്തെക്കുറിച്ചു പറയതാതിരിക്കുന്ന സഭാശുശ്രൂഷകൻ ഒരു വിശ്വസ്തനോ ഉപകാരിയോ ആയ മനുഷ്യനല്ല“.
വിശ്വസ്തനും ഉപകാരിയും (സ്നേഹിക്കുന്നവനും) ആകുവാൻ ഞാൻ ശ്രമിക്കുന്നതിനാൽ, നരകത്തിന്റെ 4 യാഥാർഥ്യങ്ങളും ആ യാഥാർഥ്യങ്ങൾ ഓരോന്നിന്റെയും ഫലമായി അവയിൽ ഉൾപ്പെടുന്ന വസ്തുതകളും വിവരിച്ചുകൊണ്ട് നരകം എന്ന വിഷയം അവതരിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
യാഥാർഥ്യം#1. നരകം ഒരു യഥാർഥ സ്ഥലമാണ്.
നരകം ഉണ്ട് എന്ന് ഒരുവൻ വിശ്വസിക്കുന്നില്ല എന്ന കാരണത്താൽ നരകം ഇല്ലാതെയാകുന്നില്ല. നിലവിലുള്ളതായ ഒരു യഥാർഥ സ്ഥലമാണ് നരകം. നരകം യഥാർഥമായ ഒരു സ്ഥലമല്ല എങ്കിൽ, യേശു എന്തുകൊണ്ടാണ് നമുക്കു നരകത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകുക മാത്രമല്ല, നാം നരകത്തിൽ വീഴാതിരിക്കേണ്ടതിന് നമുക്കുവേണ്ടി മരിക്കുവാൻ വരികകൂടി ചെയ്തത്? മത്തായി 10:28-ൽ യേശു ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു, “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ”. നരകം ഇല്ല എങ്കിൽ ഈ വാക്കുകൾക്ക് അർഥശൂന്യമാണ്. സ്വർഗ്ഗമുണ്ട് എന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ, നരകം ഉണ്ട് എന്നുകൂടി വിശ്വസിക്കേണ്ടതുണ്ട് – ദൈവം വിശുദ്ധനും നീതിമാനുമായതിനാൽ പാപം ശിക്ഷിക്കപ്പെടേണ്ടതുണ്ട്- ഒന്നുകിൽ കുരിശിന്മേൽ, അല്ലെങ്കിൽ വ്യക്തികളുടെ മേൽ.
നാം മരിക്കുമ്പോൾ രണ്ട് സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിലേയ്ക് ഉടനടി പോകുന്നു: വിശ്വാസികൾ സ്വർഗ്ഗത്തിലേയ്കു പോകുന്നു. അവിശ്വാസികൾ ആദ്യം യാതനാസ്ഥലത്തേയ്ക് പോകുകയും ന്യായവിധി ദിവസത്തിൽ നരകത്തിലേയ്ക് എറിയപ്പെടുകയും ചെയ്യും. സ്വർഗ്ഗം യഥാർഥമായ ഒരു സ്ഥലമായിരിക്കുന്നതുപോലെ നരകവും ഒരു യഥാർഥമായ സ്ഥലമാണ്.
യാഥാർഥ്യം #2. നരകം നിത്യമായതും സചേതനമായതുമായ യാതനയുടെ സ്ഥലമാണ്.
a. ഇത് നിത്യമായ സ്ഥലമാണ്. മത്തായി 25:46-ൽ യേശു ഇപ്രകാരം പറഞ്ഞു, “ഇവർ (ദുഷ്ടന്മാർ) നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.” ദണ്ഡനത്തിനും ജീവനും മുമ്പിൽ നിത്യ എന്ന വാക്ക് ചേർത്തിരിക്കുന്നതിനാൽ സ്വർഗ്ഗവും നരകവും നിത്യമാണ്. സ്വർഗ്ഗത്തെ സംബന്ധിച്ച് അത് എന്നേയ്കുമുള്ളതും നരകത്തെ സംബന്ധിച്ച് അത് താത്കാലികം എന്നും നമുക്ക് പറയുക സാധ്യമല്ല.
b. ഇത് യാതനയുടെ സ്ഥലമാണ്. എരിയുന്ന തീച്ചുള എന്നാണ് നരകം വർണ്ണിക്കപ്പെട്ടിരിക്കുന്നത്. “കെടാത്ത തീ” എന്നാണ് യോഹന്നാൻ സ്നാപകൻ നരകത്തെ വിളിച്ചിരിക്കുന്നത് (മത്തായി 3:12). “നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു” എന്ന് മർക്കൊസ് 9:43,44 -ൽ യേശു പറഞ്ഞു . ഏതാനം വാക്യങ്ങൾക്കു ശേഷം മർക്കൊസ് 9:47-ൽ യേശു തുടർന്നു പറയുന്നു: “നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു. 48 അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.”
2 തെസ്സലൊനീക്യർ 1:9-10 -ൽ പൗലോസ് ഇപ്രകാരം എഴുതി: “9. ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും വരുമ്പോൾ. 10. സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.” കർത്താവായ യേശുവിനെ തിരസ്കരിക്കുന്നവരുടെ അവസാനം എന്താകുമെന്ന് ബൈബിളിലെ അവസാനത്തെ പുസ്തകം വിവരിക്കുന്നു: “മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും” (വെളിപ്പാടു 20:14-15).
ഈ വാക്യങ്ങൾ എല്ലാം നരകത്തെ യാതനാസ്ഥലമായി വിവരിക്കുന്നു.
c. നരകം ആളുകൾ സുബോധത്തോടെ യാതനയനുഭവിക്കുന്ന സ്ഥലമാണ്. വേദന അറിയുന്ന സ്ഥലമാണ് നരകം. ഒരുവന് നരകത്തിൽ വികാരങ്ങൾ ഉണ്ടായിരിക്കും. എന്നിരുന്നാലും, അവർക്കു വേദന മാത്രമാണ് അനുഭവപ്പെടുക- സ്ഥിരമായതും അവസാനിക്കാത്തതുമായ വേദന. ദണ്ഡനത്തിൽ നിന്ന് ഒരുകാരണവശാലും വിടുതൽ ലഭ്യമല്ല. വേദനയിൽ നിന്നും ഇടവേളകൾ നൽകപ്പെടുകയില്ല. മത്തായി 25:30-ൽ യേശു പറഞ്ഞു, “എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.” ‘കരച്ചലും പല്ലുകടിയും’ “ എന്ന പ്രയോഗത്തിലൂടെ എപ്രകാരമാണ് നരകത്തിലെ തുടർമാനമായ യാതനയെക്കുറിച്ച് യേശു വിവരിക്കുന്നത് ശ്രദ്ധിക്കുക. അതുപോരാഞ്ഞിട്ട്, യേശു നരകത്തെ പൂർണ്ണ നൈരാശ്യത്തിന്റെ പ്രതീകമായ ഇരുട്ടിന്റെ സ്ഥലം എന്നും വിളിക്കുന്നു.
ധനവാനെയും ലാസറിനെയും കുറിച്ചുള്ള കഥയും (ഉപമയല്ല) ധനവാൻ തന്റെ കഷ്ടതയെക്കുറിച്ച് എപ്രകാരം ബോധവാനായിരുന്നു എന്നും യേശു പറഞ്ഞു. ലൂക്കോസ് 16:23-24-ൽ ധനവാന്റെ ഭയാനകമായ അനുഭവത്തെക്കുറിച്ച് നാം വായിക്കുന്നു: 23 “ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു: 24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു”. ധനവാൻ തന്റെ കഷ്ടത സംബന്ധിച്ച് തികച്ചും ബോധവാനായിരുന്നു.
വേദനയുടെ അളവ് ഓരോ വ്യക്തികൾക്കും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ( അതായത്, കൂടുതൽ ദുഷ്ടന്മാരയവർ കൂടുതൽ കഷ്ടതയനുഭവിക്കും) എല്ലാവരും സ്ഥിരമായി വേദന അനുഭവിക്കും. പ്യൂരിട്ടാൻ വ്യാഖ്യാതാവായ മാത്യു ഹെന്റ്റി ഈ ഗൗരവതരമായ വാക്കുകൾ എഴുതി: “ഒരു മനുഷ്യൻ മെഥൂശലഹിനെപ്പോലെ ദീർഘനാൾ ജീവിക്കുകയും പാപത്തിനു നൽകുവാൻ കഴിയന്ന ഏറ്റവും വലിയ സന്തോഷത്തിൽ ജീവകാലം മുഴുവൻ ചെലവഴിച്ചാലും, അതിനുശേഷം വന്നെത്തുന്ന ഒരു മണിക്കൂർ അതിവേദനയും പീഢയും അതിനെ മറികടക്കുന്നതാണ്“. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഈ ഭൂമിയിൽ നേരിടാവുന്ന ഏറ്റവും തീവ്രമായ കഷ്ടത ഭാവനയിൽ കാണുക. ഇനി ആ വേദനയെ 1000 കൊണ്ടോ 10,0000 കൊണ്ടോ അല്ലെങ്കിൽ ഒരു ദശലക്ഷം കൊണ്ടോ ഗുണിക്കുക. ആ വലിയ അളവ് വേദനപോലും നിത്യത മുഴുവൻ നരകത്തിൽ കഴിയുന്നതിന്റെ വേദനയോട് തുല്യമാകില്ല!
ശാരീരികമായ പീഡനത്തോടുകൂടെ മാനസികമായ പീഢനവുമുണ്ട്. കാരണം, നരകത്തിൽ ആയിരിക്കുന്ന ഒരുവന്റെ മനസ്സ് ദൈവം നീക്കിക്കളയുന്നില്ല. നരകത്തിൽ ഒരു വ്യക്തി നേരിടുവാൻ പോകുന്ന മാനസിക വ്യഥയെക്കുറിച്ച് ഒരു എഴുത്തുകാരൻ വിവരിക്കുന്നു:
നരകത്തിലുള്ള ഒരു മനുഷ്യന്റെ മനസ്സ് നീക്കിക്കളയുന്നത് ദൈവത്തിന്റെ കരുണയാകുമായിരുന്നു, എന്നാൽ അതാണ് നരകത്തിന്റെ വേദന. കരുണ മറ്റൊരു സമയം ലഭ്യമായിരുന്നു, വളരെക്കാലം മുൻപ്. കപടദയയും കപടസൗന്ദര്യവും ഇല്ലാതെ ഒരുവൻ ജീവിക്കണം. തന്റെ ശരീരത്തിൽ അനുഭവപ്പെടുന്ന വേദന കൂടാതെതന്നെ അവന്റെ മനസ്സായിരിക്കും ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ഭാഗം. “അവന്റെ പുഴു ചാകുകയില്ല“ എന്നതിന്റ അർഥം ഇതാണ്.
താൻ ആരായിരിക്കുന്നുവോ അത് നിത്യമായി തുടരുമെന്നും അതിനു മാറ്റം വരുത്തുക സാധ്യമല്ല എന്നും അതിനാൽ എന്തെങ്കിലും പ്രത്യാശയോ ആശ്വാസമോ ആനന്ദമോ എന്തെങ്കിലും തരത്തിലുള്ള സ്നേഹമോ അനുഭവിക്കുക സാധ്യമല്ല എന്നുമുള്ള അപകടകരമായ ബോധം അവന്റെ മനസ്സിൽ അങ്ങോട്ടുമിങ്ങോട്ടും ഇഴഞ്ഞുകൊണ്ടിരിക്കും. അവൻ എപ്പോഴും വെറുക്കുവാൻ ആഗ്രഹിക്കും, അവന് ഇനിയൊരിക്കലും സ്നേഹിക്കുവാൻ ആഗ്രഹിക്കുക സാധ്യമല്ല. അത്തരം ഒരു ആഗ്രഹത്തിനായി ആശ ഉണ്ടാകുമെങ്കിലും അപ്പോൾ അവൻ അപ്രകാരം ആഗ്രഹിക്കുന്നതുകൊണ്ട് തന്നത്താൻ വെറുക്കും. കാരണം ദൈവത്തോടുള്ള അവന്റെ വെറുപ്പ് അത്രമേൽ വലുതാണ്.
“നിത്യമായി പീഢ അനുഭവിക്കുക എന്നത് അന്യായമല്ലേ?” എന്ന് ഒരുവൻ ചിന്തിച്ചേക്കാം. പ്രശ്നം ഇതാണ്: മാനസാന്തരപ്പെടുവാനുള്ള സമയം മരണസമയത്തോടെ അവസാനിക്കുന്നതിനാൽ മനുഷ്യർ അവരുടെ പാപങ്ങളെക്കുറിച്ച് നരകത്തിലും മാനസാന്തരപ്പെടുകയില്ല. അങ്ങനെ, അവരുടെ പാപങ്ങളോടു കൂട്ടിക്കൊണ്ട് അവർ മത്സരത്തിൽതന്നെ തുടരും. അതുകൊണ്ടാണ് അവർ നിത്യമായ പീഢനം അനുഭവിക്കുന്നത് തുടരുന്നത്.
യാഥാർഥ്യം #3. നരകം അങ്ങേയറ്റം ദുഷ്ടന്മാരായവരും മാന്യന്മാരായവരും ഒരുമിക്കുന്ന സ്ഥലമാണ്.
1 കൊരിന്ത്യർ 6:9-10 ൽ പൗലോസ് എഴുതുന്നു, “9 അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, 10 കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” ദൈവരാജ്യം അവകാശമാക്കുവാൻ സാധിക്കാത്ത ഒരു വലിയ വിഭഗം പാപികളുടെ പട്ടിക പൗലോസ് നൽകുന്നു. കള്ളന്മാർ, ദുർന്നടപ്പുകാർ, വാവിഷ്ഠാണക്കാർ, മദ്യപന്മാർ എന്നിവർ നരകം അവകാശമാക്കും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സാമാന്യം നന്നായി ജീവിക്കുന്ന ധനവാനായ പ്രമാണിയെപ്പോലെയുള്ളവർ (മത്തായി 19:16-22) ഹിറ്റ്ലർമാരോടും സ്റ്റാലിൻമാരൊടും ഒപ്പം അവിടെയുണ്ടാകും!
യേശു പറഞ്ഞു, “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു” (മത്തായി 7:13). നരകം ദുഷ്ടരായ മനുഷ്യർക്കുള്ളതാണ് എന്നു മാത്രമല്ല, അത് സാത്താനും അവന്റെ ദുരാത്മാക്കൾക്കും ഉള്ള സ്ഥലമായിരിക്കും (മത്തായി 25:41). ഒരു നിമിഷത്തേയ്ക്ക് അതു സങ്കല്പിക്കുക. ദുഷ്ടരായ മനുഷ്യരോടൊപ്പമായിരിക്കുന്നത് പോരാഞ്ഞിട്ട്, സാത്തനും അവന്റെ ദുരാത്മാക്കളും നിത്യതയിലുടനീളം ഒരുവന് നരകത്തിൽ കൂട്ടിനുണ്ടായിരിക്കും!
യാഥാർഥ്യം #4. നരകം പ്രത്യായശറ്റ സ്ഥലമാണ്.
നരകത്തിലുള്ള മനുഷ്യർക്ക് നിരാശയുടെ വികാരമാണുള്ളത്. അതിൽ നിന്നും രക്ഷപെടുമെന്ന യാതൊരു പ്രതീക്ഷയുമില്ല. ലൂക്കോസ് 16:24-28 വരെയുള്ള വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: “24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. 25 അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. 26 അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു. 27 അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; 28 എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.”
താൻ ആയിരിക്കുന്ന ഇടത്തേയ്ക് തന്റെ കുടുബാംഗങ്ങൾ വന്നെത്താതിരിക്കാൻ ധനവാൻ അബ്രഹാമിനോട് അപേക്ഷിക്കുന്നതിലെ അടിയന്തിര സ്വഭാവം ശ്രദ്ധിക്കുക. എന്തുകൊണ്ട്? കാരണം, ഒരുവൻ ഒരിക്കൽ വന്നുപെട്ടാൽ പിന്നീട് അവിടെ നിന്നും രക്ഷപെടുക സാധ്യമല്ല എന്ന് അയാൾ അറിഞ്ഞിരുന്നു. എന്നെന്നേയ്കുമായി ദണ്ഡനത്തിൽ. യാതൊരു തരത്തിലുമുള്ള വിടുതലിന് പ്രതീക്ഷയില്ല! ഒരു മിനിറ്റ് നേരത്തേയ്കുപോലുമുള്ള സന്തോഷമോ ആശ്വാസമോ ഇല്ല! അത് എത്ര ഭയാനകം! യഥാർഥത്തിൽ പിശാചുക്കൾ പോലും പോകുവാൻ ആഗ്രഹിക്കാത്തത്ര ഭയാനകമായ സ്ഥലമാണത്. അതുകൊണ്ടാണ് അവർ തങ്ങളെ പന്നികളിലേയ്ക് അയയ്കണം പാതാളത്തിലേയ്ക് അയയ്കരുത് എന്ന് യേശുവിനോട് അപേക്ഷിച്ചത് (ലൂക്കോസ് 8:28,31)!
നരകം സംബന്ധിച്ചുള്ള 4 യാഥാർഥ്യങ്ങൾ ഇവയാണ്: 1) ഇത് യഥാർഥമായ ഒരു സ്ഥലമാണ്; 2) ഇത് നിത്യമായതും സചേതനമായതുമായ പീഡനത്തിന്റെ സ്ഥലമാണ്; 3) ഇത് അങ്ങേയറ്റം ദുഷ്ടന്മാരായവരും മാന്യന്മാരായവരും ഒരുമിക്കുന്ന സ്ഥലമാണ്;4) ഇത് പ്രത്യായശറ്റ സ്ഥലമാണ്.
നരകത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ ഏതാണ് യഥാർഥം, ഏതാണ് പ്രതീകാത്മകം എന്നത് ആധികാരികമായി പറയുക ബുദ്ധിമുട്ടാണ്. എങ്കിലും ഈ യാഥാർഥ്യം നിലനിൽക്കുന്നു: നരകം ഭയാനകമായ ദണ്ഡനത്തിന്റെ സ്ഥലമാണ്- ശാരീരികമായും മാനസീകമായും! അങ്ങനെയെങ്കിൽ, വിശ്വാസികളും അവിശ്വാസികളും ഈ യാഥാർഥ്യങ്ങളോട് എപ്രകാരമാണ് പ്രതികരിക്കേണ്ടത്? ഈ ചോദ്യത്തിനുത്തരം ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്ത് കാണാവുന്നതാണ്.