നിരുത്സാഹത്തെ പരാജയപ്പെടുത്തുക

Posted byMalayalam Editor July 4, 2023 Comments:0

(English Version: “Defeating Discouragement”)

Eternity എന്ന പേരിലുള്ള പുസ്തകത്തിൽ എഴുത്തുകാരനായ ജോ സ്റ്റൊവെൽ ഒരു സംഭവകഥ വിവരിക്കുന്നു. ഡ്യുയെൻ സ്കോട്ടിനും ജാനെറ്റ് വില്ലിസിനും 9 മക്കൾ ഉണ്ടായിരുന്നു. ചിക്കാഗോയുടെ തെക്കൻ ഭാഗത്ത് മൗണ്ട് ഗ്രീൻവുഡ് എന്ന സ്ഥലത്ത് ഡ്യുയെൻ ഒരു സ്കൂൾ അധ്യാപകനും അതോടൊപ്പം സഭാശുശ്രൂഷ ചെയ്യുന്നയാളുമായിരുന്നു. ദൈവത്തോടും അവരുടെ കുടുംബത്തോടും സമർപ്പണമുള്ള വളരെ ദൈവഭക്തരായ ദമ്പതികളായിരുന്നു അവർ. ചുറ്റുമുള്ള പൊള്ളയായ ലോകത്തിന്റെ അത്യാഗ്രഹത്താൽ മലിനപ്പെടാത്ത അവർ സന്തോഷത്തോടെയും സംതൃപ്തിയോടെയും യഥാർഥത്തിൽ പ്രധാനപ്പെട്ട ഏതാനം ചിലതിനുവേണ്ടി – കുടുംബം പോറ്റുകയും സഭാപരിപാലനം ചെയ്യുകയും – സ്വയം നല്കി.  

ഒരു ദിവസം, സ്കോട്ടും ജാനറ്റും ആറു മക്കളുംകൂടി അവരുടെ പുതിയ വാനിൽ കയറി വടക്കോട്ട് മിലവോക്കീയിൽ അവരുടെ മൂത്ത കുട്ടികളിൽ ഒരാളെ സന്ദർശിക്കുവാൻ പോയി. അവർ വടക്കോട്ട് യാത്രചെയ്യവെ, മുൻപിൽ പോയ ഒരു ട്രക്കിൽ നിന്നും ഒരു വലിയ ലോഹക്കഷണം താഴേയ്കു വീണ് അവരുടെ ഇന്ധനടാങ്കിന്റെ അടിവശം തുളച്ചുകയറുകയും ഗ്യാസിനു തീ പിടിക്കുകയും ചെയ്തു. ഉടനടി വാൻ തീഗോളമായിമാറി. സ്കോട്ടും ജാനറ്റും മാത്രം രക്ഷപെട്ടു; അഗ്നിനാളങ്ങൾ ആറു മക്കളെയും വിഴുങ്ങിയിരുന്നു.  

ഇത്തരത്തിലുള്ള സംഭവങ്ങൾ നമ്മെ ചോദ്യങ്ങൾ ചോദിക്കുവാൻ നിർബന്ധിക്കുന്നു: എന്തുകൊണ്ട് അവർ? എന്തുകൊണ്ട് അപ്പോൾ? എന്തുകൊണ്ടാണ് ദൈവം അവർക്ക് മക്കളെ നൽകുകയും ഇത്ര പെട്ടെന്ന് എടുക്കുകയും ചെയ്തത്? മക്കളെ ഉപേക്ഷിക്കുകയും അവരോട് മോശമായി ഇടപെടുകയും ചെയ്യുന്ന അനേക മാതാപിതാക്കൾ നിറഞ്ഞ ഈ ലോകത്തിൽ, എന്തുകൊണ്ടാണ് ഇത്ര ദൈവഭക്തരായ മാതാപിതാക്കളുള്ള ഈ കുടുംബത്തിൽ ഇതു സംഭവിക്കുവാൻ ദൈവം അനുവദിച്ചത്? തികച്ചും സത്യസന്ധമായി പറഞ്ഞാൽ, തന്റെ സ്വന്തമായവർക്ക് ഇതു സംഭവിക്കുവാൻ ദൈവം എങ്ങനെ അനുവദിക്കുന്നു എന്ന് നമ്മൾ അമ്പരക്കുന്നു. ഇതുപോലെയുള്ള സംഭവം ദൈവത്തിലുള്ള നമ്മുടെ ദൃഡവിശ്വാസത്തെ കാർന്നുതിന്നുന്നു. നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയെത്തന്നെ ഇത് ഉലച്ചുകളയുന്നു.   

എന്നിരുന്നാലും, അനിശ്ചിതമായ ലോകത്തിൽ, ഈ ലോകത്തിനുമപ്പുറം കൂടുതൽ നല്ലതും അനുഗ്രഹീതവുമായ ലോകം വാഗ്ദാനം ചെയ്തിരിക്കുന്ന ദൈവമായ കർത്താവിന്റെ താങ്ങുന്ന സാമീപ്യത്തിലും ശക്തിയിലുമുള്ള അചഞ്ചലമായ ദൃഢവിശ്രാസത്തോടെ ജീവിക്കുന്നവരുമുണ്ട്.  അതായിരുന്നു സ്കോട്ടിന്റെയും ജാനറ്റിന്റെയും കാഴ്ചപ്പാട്. അഗ്നിയിൽ എരിയുന്ന വാനിലേയ്ക് തിരിഞ്ഞുനോക്കിക്കൊണ്ട് “നോ, നോ“ എന്ന് ജാനറ്റ് വില്ലിസ് നിലവിളിച്ചപ്പോൾ അവളുടെ ഭർത്താവ് തോളിൽ കൈവച്ച് ആശ്വസിപ്പിച്ചു. ആ നിമിഷത്തിനുമപ്പുറമുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു ഈ ലോകത്തിനുമപ്പുറമുള്ള കാഴ്ചപ്പാട്. അദ്ദേഹം ജാനറ്റിനെ ആശ്വസിപ്പിച്ചു, “ജാനറ്റ് ഇതിനു വേണ്ടിയാണ് നാം തയ്യാറായിക്കൊണ്ടിരുന്നത്. അതു പെട്ടെന്നു സംഭവിച്ചു, അവർ കർത്താവിനോടൊപ്പമാണ്”. 

ചിക്കാഗോ ട്രിബ്യൂണിന്റെ മുഖപത്രത്തിൽ ഇപ്രകാരം എഴുതി, “പൊള്ളലേറ്റ്, ബാൻഡേജുകളും ധരിച്ച് ദേഹമാസകലം വേദനയോടെ മിലവോക്കീ പ്രദേശത്തെ ആശുപത്രിയിൽ ഈ ദമ്പതികൾ അസാധാരണമായ കൃപയും ധൈര്യവുംകാണിച്ചു. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ ശാന്തരായി പങ്കെടുത്ത അവരോട് ഒൻപതു മക്കളിൽ ആറു പേരുടെ വിയോഗത്തിൽ അവരുടെ ചോദ്യചെയ്യാത്ത വിശ്വാസം എപ്രകാരമാണ് അവരെ നിലനിർത്തിയത് എന്ന് പറയുവാൻ ആവശ്യപ്പെട്ടു”. പത്രസമ്മേളനത്തിൽ സ്കോട്ട് ഇപ്രകാരം പറഞ്ഞു, “ദൈവത്തിന് ഉദ്ദേശ്യങ്ങളും കാരണങ്ങളും ഉണ്ട് എന്ന് ഞാൻ അറിയുന്നു … ദൈവം ഞങ്ങളോടും ഞങ്ങളുടെ കുടുംബത്തോടുമുള്ള സ്നേഹം പ്രദർശിപ്പിച്ചിരിക്കുന്നു. ദൈവം നല്ലവനാണ് എന്നതിൽ ഞങ്ങളുടെ മനസ്സിൽ യാതൊരു ചോദ്യങ്ങളുമില്ല. എല്ലാറ്റിലും ഞങ്ങൾ ദൈവത്തിന് സ്തോത്രം ചെയ്യുന്നു”. ഉറപ്പായും ഈ ലോകത്തിനും അപ്പുറത്തുള്ള എന്തോ ഒന്നുമായി സ്കോട്ടിന് ബന്ധമുണ്ടായിരുന്നു. 

റോമർ 8:18 വായിക്കുമ്പോൾ, സമാനമായ ഒരു കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് അപ്പോസ്തലനായ പൗലോസ് നമ്മെ സഹായിക്കുന്നു, “നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു”.“വിചാരിച്ചാൽ” എന്ന പദം അർഥമാക്കുന്നത് “കണക്കിലെടുത്താൽ”, “കണക്കെടുപ്പ്” എന്നാണ്. “കഷ്ടങ്ങൾ” എന്ന പദം അർഥമാക്കുന്നത് ഈ ലോകത്തിൽ ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നതിനാൽ ഒരുവൻ അനുഭവിക്കുന്ന അകമേയും പുറമേയുമുള്ള ക്ലേശങ്ങളാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, “ആദ്യന്തം ചിന്തിച്ച്” പൗലോസ് ഇപ്രകാരം ഒരു നിഗമനത്തിലെത്തി:   

ഇപ്പോഴുള്ള നിരുത്സാഹപ്പടുത്തുന്ന സംഗതികളിൽ നിന്നും വരാനിരിക്കുന്ന തേജസ്സ് നമ്മെ സ്വതന്ത്രരാക്കുന്നു എന്ന ഉറപ്പ്. 

പൗലോസിന് കഷ്ടത അപരിചിതമായിരുന്നില്ല. ഒരു സാധാരണ ക്രിസ്ത്യാനി ഒരിക്കലും നേരിടാത്ത തീവ്രമായ കഷ്ടതയിലൂടെ അദ്ദേഹം കടന്നുപോയി. പൗലോസിന്റെതന്നെ വാക്കുകളിൽ ഇതാ ചെറിയ ഒരു പട്ടിക: 

“ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?–ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു–ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; 24 യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു; 25 മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. 26 ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; 27 അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത 28 എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു. 29 ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?” (2 കൊരിന്ത്യർ 11:23-29). 

എന്തൊരു പട്ടിക! എങ്കിലും, പൗലോസ് ഒരിക്കലും പരാതി പറഞ്ഞില്ല. അതുകൊണ്ട്, ക്രിസ്തീയ ജീവിതം ക്ലേശരഹിതമാകണം എന്ന് നാം അടുത്ത തവണ ചിന്തിക്കുമ്പോൾ പൗലോസിന്റെ കഷ്ടതകളും അവയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും നമുക്ക് ഓർക്കാം. 

ഇയ്യോബിനെ ഓർക്കുന്നുണ്ടോ? ഇയ്യോബ് നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു എന്ന് ദൈവം തന്നെ പ്രഖ്യാപിച്ചിരുന്നു (ഇയ്യോബ് 1:1). എങ്കിലും പറഞ്ഞുതീർക്കാനാകത്തത്ര കഷ്ടങ്ങളിലൂടെ ഇയ്യോബ് കടന്നുപോയി. പൗലോസിനെപ്പോലെ ഇയ്യോബും ഒരിക്കലും (സാത്താൻ പറഞ്ഞതുപോലെ. ഇയ്യോബ് 1:11)) വിശ്വാസം നഷ്ടപ്പെടുത്തുകയോ തന്റെ കഷ്ടതകൾ കാരണം ദൈവത്തെ ശപിക്കുകയോ ചെയ്തില്ല.  കഷ്ടതയോട് ഇത്ര ക്രിയാത്മകമായ ഒരു പ്രതികരണം ഉണ്ടാകുവാൻ ഇയ്യോബിനെയും പൗലോസിനെയും സഹായിച്ച രഹസ്യം എന്താണ്? ഈ ജീവിതത്തിനും അപ്പുറത്തേയ്കുള്ള ഒരു കാഴ്ചപ്പാട് അവർക്കുണ്ടായിരുന്നു. തന്റെ കഷ്ടതയുടെ ഏറ്റവും തീവ്രതയേറിയ നിമിഷങ്ങളിലും ഇയ്യോബിന് ദൃഢവിശ്വാസത്തോടെ പറയുവാൻ സാധിച്ചു, “25എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ  ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. 26 എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. 27 ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു” (ഇയ്യോബ് 19:25-27). 

ഒരുപക്ഷെ, നാം പൗലോസിനോട് ഇപ്രകാരം ചോദിച്ചിരുന്നുവെങ്കിൽ, “പൗലോസ്, എന്തുകൊണ്ടാണ് താങ്കൾ ഇതിലൂടെ കടന്നുപോകുന്നത്? ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?“. അദ്ദേഹം ഇപ്രകാരം മറുപടി പറയുമായിരുന്നു: എന്റെ കണ്ണുകൾ വെളിപ്പെടുവാൻ പോകുന്ന തേജസ്സിന്മേൽ വച്ചിരിക്കുന്നു. അതുകൊണ്ടാണ് ഞാൻ നിരുത്സാഹപ്പെടാൻ അനുവദിക്കാതെ ഇപ്പോഴുള്ള കഷ്ടത അനുഭവിക്കുന്നത്“.  പൗലോസ് പറയുന്ന ഭാവിയിൽ വരുവാൻ പോകുന്ന തേജസ്സ് എന്താണ്? വരാനിരിക്കുന്ന ഈ തേജസ്സിന്റെ ഭാഗമായി ഭാവിയിലെ രണ്ട് ഉറപ്പുകൾ തിരുവെഴുത്ത് വ്യക്തമാക്കുന്നു.    

1. നമ്മെ ക്രിസ്തുവിനെപ്പോലെ ആക്കിത്തീർക്കും. 

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ക്രിസ്തുവിന്റെതുപോലെ നമുക്കും തേജസ്കരിക്കപ്പെട്ട പുതിയ ശരീരം ലഭിക്കും. ഫിലിപ്പിയർ 3:20-21 ൽ പൗലോസ് ഇപ്രകാരം എഴുതുന്നു: “20നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. 21 അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.

നശ്വരമായ, പാപപങ്കിലമായ, രോഗബാധിതമാകുന്ന നമ്മുടെ ശരീരങ്ങൾക്കു പകരം ഒരു ദിവസം പുതിയ ശരീരം ലഭിക്കും –  പൂർണ്ണതയുള്ളതും പാപരഹിതവും അനശ്വവവുമായ ഒരു ശരീരം. ക്രിസ്തു തന്റെ ജനത്തിനു വേണ്ടി തിരികെ വരുമ്പോൾ അതു സംഭവിക്കും. അതിനു ശേഷം, നമുക്ക് പാപം ചെയ്യുവാനോ രോഗബാധിതരാകുവാനോ സാധിക്കുകയില്ല. ക്രിസ്ത്യാനികൾ ആകാംഷയോടെ കാത്തിരിക്കുന്ന അന്തിമ വീണ്ടെടുപ്പ് എന്നാണ് ഈ സംഭവത്തെ ബൈബിൾ വിളിക്കുന്നത്! അതുകൊണ്ടാണ്, താത്കാലികമായ ഭൗമിക കഷ്ടങ്ങളിൽ വിശ്വാസികൾ നിരുത്സാഹപ്പെടാതിരിക്കേണ്ടത്. 

2. ഈ പ്രപഞ്ചം മുഴുവനും മാറ്റം നേരിടും.

ക്രിസ്ത്യാനികൾ മാത്രമല്ല, ഈ പ്രപഞ്ചം മുഴുവനും ഭാവിയിൽ മാറ്റം നേരിടും. വെളിപ്പാടു 21:1 ഇപ്രകാരം പറയുന്നു: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി.” അതിനുശേഷം പിന്നീട് കഷ്ടതയോ സങ്കടമോ ഉണ്ടാകുകയില്ല. ഏതാനം വാക്യങ്ങൾക്കു ശേഷം നൽകപ്പെട്ടിരിക്കുന്ന ആശ്വാസവാക്കുകൾ കാണുക: ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി”  (വെളിപ്പാടു 21:4-5). 

ഭാവിയിൽ മാത്രമേ വിശ്വാസി രോഗത്തിൽ നിന്നും കഷ്ടതയിൽ നിന്നും ദുഃഖത്തിൽ നിന്നും മരണത്തിൽ നിന്നും പൂർണ്ണമായി സ്വതന്ത്രനാകുകയുള്ളൂ. ആ പുതിയ ലോകത്തിൽ അനീതി കാണുകയില്ല. കാരണം അത് “നീതി വസിക്കുന്ന” സ്ഥലമായിരിക്കും (2 പത്രോസ് 3:13). ഇപ്പോൾ കാണുന്ന പ്രപഞ്ചം താത്കാലികമാണ്. അത് ഒരു ദിവസം ദൈവം നശിപ്പിക്കുമ്പോൾ തീയ്കിരയായിത്തീരും. അതിനു പകരം പുതിയ ഒരു പ്രപഞ്ചം ഉണ്ടാക്കും (2 പത്രോസ് 3:7,10).  

അങ്ങനെ, വരാനിരിക്കുന്ന തേജസ്സിൽ, ക്രിസ്തുവിനെപ്പോലെ ആയിത്തീരുക എന്നതും ആരാധനയിലും കൂട്ടായ്മയിലും അവനോടൊപ്പം പാപമോ കഷ്ടതയോ ദുഃഖമോ ഇല്ലാത്ത ഒരു പുതിയ പ്രപഞ്ചത്തിൽ ആയിരിക്കുക എന്നതും ഉൾപ്പെടുന്നു. അവിടെ നിത്യാനന്ദം മാത്രമായിരിക്കും ഉണ്ടായിരിക്കുക. 

സമാപന ചിന്തകൾ.

നിരുത്സാഹപ്പെടുത്തുന്ന വികാരങ്ങളെ ശക്തമായി എതിർത്തുനിൽക്കുകയും “ഞാൻ പ്രത്യാശയിൽ മരിക്കും” എന്നു തന്നോടുതന്നെ പറയുകയും ചെയ്യും എന്ന് പ്രശസ്ത നിരീശ്വരവാദിയായിരുന്ന ജീൻ പോൾ സാർട്ർ മരണത്തിനു തൊട്ടുമുൻപ് പറഞ്ഞു. പിന്നീട്, അഗാധമായ ദുഃഖത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു, “പക്ഷെ പ്രത്യാശയ്ക് ഒരു അടിസ്ഥനം വേണം.”  

അതിൽ നിന്നും തികച്ചും വിരുദ്ധമായി ക്രിസ്തീയ പ്രത്യാശയ്ക് ഉറപ്പുള്ള പാറ ദൈവത്തിന്റെ തീർച്ചയുള്ള വചനം- അടിസ്ഥാനമായുണ്ട്. “എനിക്ക് ലോട്ടറി അടിക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു” എന്നു പറയുന്നതുപോലെയുള്ള പ്രത്യാശയല്ല ക്രിസ്തീയ പ്രത്യാശ. “എനിക്ക് ഉറപ്പുണ്ട്” എന്നു പറയുന്നതാണ് അത്. “ലഭിക്കുവാൻ സാധ്യതയുണ്ട്” എന്നു പറയുന്നതല്ല, “ലഭിക്കും” എന്നു പറയുന്ന പ്രത്യാശയാണത്. 

അത്തരത്തിലുള്ള പ്രത്യാശയാണ് പൗലോസിന് ഉണ്ടായിരുന്നത്, സ്കോട്ടിനും ജാനറ്റിനും ഉണ്ടായിരുന്നത്. അത്തരമൊരു പ്രത്യാശയാണ് എനിക്കും നിങ്ങൾക്കും ഉണ്ടാകേണ്ടത്. നമ്മെ ക്രിസ്തുവിനെപ്പോലെ ആക്കിത്തീർക്കും എന്നും ഒരു പുതിയ പ്രപഞ്ചം ഉണ്ടാക്കും എന്നും ദൈവം വാഗ്ദത്തം ചെയ്യുന്നു. ഈ സത്യങ്ങളെ തടുർച്ചയായി ധ്യാനിക്കുമ്പോൾ നമ്മുടെ പ്രത്യാശ സുദൃഢമാകുന്നു (റോമർ 15:4). അങ്ങനെ നമുക്കും ഈ ജീവിതത്തിൽ നിരുത്സാഹപ്പെടുത്തുന്ന സംഗതികളെ വിജയകരമായി കീഴടക്കുവാൻ സാധിക്കും. 

എന്നിരുന്നാലും, ആരെങ്കിലും “ക്രിസ്ത്യാനിയാണ്” എന്ന് നടിക്കുകയോ ക്രിസ്തീയ വിശ്വാസം തിരസ്കരിക്കുകയോ ചെയ്താൽ അവരുടെ ഭാവി ഭയാനകമാണ്. ദൈവത്തിന്റെ യഥാർഥ മക്കളെ കാത്തിരിക്കുന്നത് തേജസ്സാണ് എങ്കിൽ ദൈവത്തിന്റെ മക്കളല്ലാത്തവരെ അഥവാ അനുസരണക്കേടിന്റെ മക്കളെ (എഫേസ്യർ 5:6) കാത്തിരിക്കുന്നത് നിത്യമായ ദണ്ഡനമാണ്. ദൈവത്തിന്റെ ഭായാനകവും അന്തിമവും നിത്യവുമായ ന്യായവിധി തീപ്പൊയ്കയിൽ നേരിടുവാൻ അവർ ഉയിർത്തെഴുന്നേൽക്കും (വെളിപ്പാട് 20:1-15). അതിനാലാണ് ഒരു വ്യക്തി ഇപ്പോൾ അവന്റെ പാപങ്ങളിൽ നിന്നും പിന്തിരിഞ്ഞ് ക്രിസ്തുവിലേയ്ക് ഓടിയെത്തേണ്ടത്. അപ്പോൾ മാത്രമേ, ഇപ്പോഴത്തെ കഷ്ടതകളെ വേണ്ടവിധം നേരിടുവാൻ ഒരുവനെ പ്രാപ്തനാക്കുന്ന, ഭാവിയെക്കുറിച്ചുള്ള പതറാത്ത പ്രദീപ്തമായ പ്രത്യാശ ലഭിക്കുകയുള്ളൂ.  

ഈ ലോകത്തിൽ കഷ്ടതയില്ലാത്ത ഒരു ജീവിതം അസാധ്യമായ കാര്യമാണ് എന്നിരിക്കെ അതിനു  പിന്നാലെ ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന നാം എന്തിന് പോകണം? ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ എല്ലാ ക്രിസ്ത്യാനിയുടെയും അവകാശമാണെന്ന വ്യാജ ഉപദേശത്തിന് എന്തിന് ഇരകളാകണം? അത്തരം വ്യാജ ഉപപേശങ്ങൾ തിരുവെഴുത്തിന്റെ വ്യക്തമായ പഠിപ്പിക്കലിന് വിരുദ്ധമല്ലേ?    

“എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” (2 തിമൊഥെയൊസ് 3:12) എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. അപമാനം, തിരസ്കരണം, മറ്റുതരത്തിലുള്ള കഷ്ടങ്ങൾ എന്നിവ തന്റെ നാമത്തിനു വേണ്ടി സഹിച്ചവരെ “ഭാഗ്യവാന്മാർ” (മത്തായി 5:10) എന്നാണ് യേശു വിളിച്ചത്. പൗലോസ്, ഇയ്യോബ്, എബ്രായർ 11:35-ൽ കാണുന്ന പട്ടികയിൽ വിശ്വാസം നിമിത്തം പ്രശംസിക്കപ്പെട്ടവരെപ്പോലെയുള്ള അജ്ഞാതരായ ക്രിസ്ത്യാനികൾ എന്നിവർ കഷ്ടതയിലൂടെ കടന്നുപോയി എങ്കിൽ, കഷ്ടത എന്ന യാഥാർഥ്യത്തിൽ നിന്നും നാം ഒഴിവുള്ളവരാണ് എന്തു ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ്? നാം നമ്മെത്തന്നെ വെറുതെ വഞ്ചിക്കുകയല്ലേ?   

പരിശോധനകൾ വരുവാൻ വേണ്ടി നാം പ്രാർഥിക്കണം എന്ന് ഞാൻ പറയുകയേ അല്ല. പ്രശ്നങ്ങൾ നിറഞ്ഞ ലോകത്തിൽ ജീവിക്കുമ്പോൾ കഷ്ടത ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് എന്ന സത്യം നാം അംഗീകരിക്കണം (യോഹ5:7; യോഹ 16:33). ദൈവം തന്റെ മക്കൾക്ക് വാഗ്ദാനം ചെയ്യുന്നത് തന്റെ സാമീപ്യം അവരോടു കൂടെയിരിക്കും എന്നാണ് (എബ്രായർ 13:5-6). ഈ സത്യങ്ങൾ ഇപ്പോൾ മുതൽ ഓർമ്മിക്കും എന്ന് നമുക്ക് ദൃഢനിശ്ചയമെടുക്കാം:  

കഷ്ടത ഒഴിച്ചുകൂടാനാകാത്തതും ഭാവിയിൽ നമ്മെ കാത്തിരിക്കുന്ന അവിശ്വസനീയവും ദൈവകൃപയാലുള്ളതുമായ അനുഗ്രഹങ്ങൾക്ക് നൽകേണ്ട ചെറിയ വിലയുമാണ്. വരാനിരിക്കുന്ന തേജസ്സിനെ ഒരു സമുദ്രത്തോടു സാമ്യപ്പെടുത്തിയാൽ വെറും ഒരു തുള്ളി വെള്ളം മാത്രമാണ് നമ്മുടെ ഇപ്പോഴുള്ള കഷ്ടത. ഈ സത്യങ്ങളെ അംഗീകരിച്ചുകൊണ്ട് ആനന്ദത്തോടെ നമുക്കു മുൻപോട്ടു പോകാം! അല്ല എങ്കിൽ, നിരാശയും ദുഃഖവും ദൈവത്തോടും മറ്റുള്ളവരോടും ജീവിതത്തോട് ആകപ്പാടെതന്നെയുള്ള കയ്പും നമ്മെ കീഴടക്കും. 

എന്തുകൊണ്ടാണ് ഇന്നും ചില ക്രിസ്ത്യാനികൾ വളരെ ക്രിയാത്മകമായ സ്വാധീനം ചെലുത്തുന്നത്? കാരണം, അവർക്ക് സ്വർഗ്ഗവും ക്രിസ്ത്യാനിയ്കു ലഭിക്കുവാൻ പോകുന്ന തേജസ്സും യഥാർഥമാണ്. അതാണ് ഈ ലോകത്തിലെ സംഗതികളാൽ വശീകരിക്കപ്പെടാതെ അവരെ സംരക്ഷിക്കുന്നത്.  “ജീവിതത്തെക്കുറിച്ച് ഹൃസ്വമായ കാഴ്ച്ചപ്പാടല്ല ഞങ്ങൾ സ്വീകരിക്കുന്നത് എന്ന് ജാനറ്റിനും എനിക്കും തിരിച്ചറിയേണ്ടിവന്നു. ദീർഘമായ കാള്ചപ്പാടാണ് ഞങ്ങൾ സ്വീകരിക്കുന്നത്. അതിൽ നിത്യജീവൻ ഉൾക്കൊള്ളുന്നു” എന്നു പറയുവാൻ സ്കോട്ട് വില്ലിസിനെ പ്രേരിപ്പിച്ചത് അത്തരം ഒരു കാഴ്ചപ്പാടാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അവർ നിത്യതയുടെ ലെൻസുകളിലൂടെയാണ് താത്കാലികമായതിനെ കണ്ടത്. അതുകൊണ്ടാണ് അവർ നിരാശയാൽ തകർന്നുപോകാതിരുന്നത്. 

ട്രിബ്യൂൺ പത്രത്തിന്റെ എഡിറ്റോറിയൽ ഇപ്രകാരം അവസാനിപ്പിച്ചതിൽ അതിശയിക്കേണ്ടതില്ല: 

സ്കോട്ടും ജാനറ്റ് വില്ലിസും കഴിഞ്ഞയാഴ്ച നേരിട്ട തരത്തിലുള്ള നഷ്ടത്തോട് രണ്ടു വിധത്തിലുള്ള പ്രതികരണങ്ങൾ മാത്രമേ സാധ്യമാകൂ; ഒന്നുകിൽ കടുത്ത നിരാശ അല്ലെങ്കിൽ ചോദ്യംചെയ്യാത്ത വിശ്വാസം. നിരാശ തെരഞ്ഞെടുക്കുക എന്നത് വില്ലീസ് ഒരിക്കലും പരിഗണിച്ചതേയില്ല. 

നമ്മുടെ കാഴ്ചപ്പാടും അതുതന്നെ ആയിരിക്കേണ്ടേ?

Category

Leave a Comment