പാപകരമായ കോപം―അത് വരുത്തിവയ്കുന്ന വിനാശം―ഭാഗം 3

Posted byMalayalam Editor January 21, 2025 Comments:0

(English version: “Sinful Anger – The Havoc It Creates (Part 3)”)

കോപം എന്ന വിഷയം സംബന്ധിച്ച്, പ്രത്യേകിച്ചും പാപകരമായ കോപം എന്ന വിഷയം സംബന്ധിച്ചുള്ള ബ്ലോഗ് പോസ്റ്റുകളുടെ പരമ്പരയിൽ ഭാഗം-3 ആണ് ഇത്. പാപകരമായ കോപത്തെക്കുറിച്ചുള്ള പൊതുവായ അവതരണമായിരുന്നു ഭാഗം 1-ൽ നൽകപ്പെട്ടത്. “എന്താണ് പാപകരമായ കോപം?” എന്ന ചോദ്യമാണ് ഭാഗം 2 പ്രതിപാദിച്ചത്. “എന്താണ് പാപകരമായ കോപത്തിന്റെ ഉറവിടം?” എന്ന മൂന്നാമത്തെ ചോദ്യമാണ് ഈ പോസ്റ്റിൽ പ്രതിപാദിക്കുന്നത്. 

II. എന്താണ് പാപകരമായ കോപത്തിന്റെ ഉറവിടം? 

കോപം ഒരു കാരണമല്ല പിന്നെയോ, കൂടുതൽ ആഴമേറിയ പ്രശ്നത്തിന്റെ, പാപകരമായ ഹൃദയത്തിന്റെ ലക്ഷണമാണ് എന്നതാണ് ഒന്നാമതായി, നാം മനസ്സിലാക്കേണ്ടത്! പാപകരമായ കോപത്തിന്റെ ഉറവിടം സംബന്ധിച്ച് യേശു എന്താണ് പറയുന്നത് എന്നത് ശ്രദ്ധിക്കുക:  

മർക്കൊസ് 7:21-23 “അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,  കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നു അവൻ  പറഞ്ഞു.” 

പാപകരമായ കോപം ഉൾപ്പെടെയുള്ള എല്ലാ തിന്മപ്രവൃത്തികളുടെയും ഉറവിടം ഹൃദയമാണെന്നു കാണാവുന്നതാണ്. ബൈബിൾ പറയുന്നപ്രകാരം, നമ്മുടെ ചിന്തകൾ, വികാരങ്ങൾ, ഇച്ഛ എന്നിവ ഉൾപ്പെടുന്ന ഭാഗമാണ് നമ്മുടെ ഹൃദയം. തെറ്റായ മോഹങ്ങളാൽ ഹൃദയം നിറയുമ്പോൾ, ആ ആഗ്രഹങ്ങൾ നിറവേറ്റപ്പെടാതെ വരുമ്പോൾ, ഉരുവാകുന്ന പ്രതികരണം പാപകരമായ കോപമാണ്. യാക്കോബ് ഈ ആശയം കൂടുതൽ വ്യക്തമാക്കുന്നു. 

യാക്കോബ് 4:1 “നിങ്ങളിൽ ശണ്ഠയും കലഹവും എവിടെനിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ? നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല. നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.”  

നമ്മുടെ കോപത്തിന്റെ കാരണം മറ്റുള്ളവരോ പിശാചോ അല്ല. അവർ അതിനെ ഉദ്ദീപിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്! നമ്മുടെ കോപത്തിന് അവരെ കുറ്റപ്പെടുത്തരുത്. കോപത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ [ചിലപ്പോൾ] അവരുടെ പങ്കിനെക്കുറിച്ച് അവബോധമില്ലാതിരിക്കുന്നതിലൂടെയും നാം വിഡ്ഡികളാകുവാനിടയുണ്ട്. അതിനാലാണ്, ഈ പാപത്തെ മറികടക്കുന്നതിന് ശ്രമിക്കുകയാണെങ്കിൽ, മറ്റുള്ളവരാൽ പ്രകോപിതരാകുവാൻ നമ്മെത്തന്നെ അനുവദിക്കാതിരിക്കേണ്ടത്. എന്നാൽ, നാം കൈകാര്യം ചെയ്യേണ്ട സുപ്രധാന വിഷയം പാപകരമായ കോപത്തിന്റെ മൂലകാരണമായ ഹൃദയമാണ്. നിർഭാഗ്യവശാൽ, നാം പലപ്പോഴും പരാജയപ്പെടുന്നത് ഇവിടെയാണ്. കാരണത്തെയല്ല [ഹൃദയത്തിലെ മോഹങ്ങൾ], ലക്ഷണത്തെ [പാപകരമായ കോപം] ചികത്സിക്കുവാൻ നാം ഒരുമ്പെടുന്നു. 

ഉദാഹരണത്തിന്, നമ്മെ വളരെയധികം സ്നേഹിക്കുന്നു എന്നതിന് നമ്മുടെ പങ്കാളികളിൽ നിന്നോ ഉറ്റ സുഹൃത്തുക്കളിൽ നിന്നോ തുടർമാനമായ സ്ഥിരീകരണം നമുക്ക് ആവശ്യമാണെന്നതിൽ നാം പ്രയാസം നേരിടുന്നു.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “ഞാൻ സ്നേഹിക്കപ്പെടുവാൻ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങൾ എന്നെ പൂർണ്ണ ഹൃദയത്തോടെയും പൂർണ്ണ മനസ്സോടെയും പൂർണ്ണ ശക്തിയോടെയും സ്നേഹിക്കേണം” എന്ന് പതിനൊന്നാമത് ഒരു കല്പന ഉള്ളതുപോലെ നാം പ്രവർത്തിക്കുന്നു. ആ വിധത്തിൽ സ്നേഹിക്കപ്പെടുന്നില്ല എന്നു നമുക്കു തോന്നുമ്പോൾ, നാം കോപത്തോടെ പ്രതികരിക്കുന്നു. എത്ര വേഗത്തിലാണ് പ്രതീക്ഷകൾ ആവശ്യങ്ങളായി മാറുന്നത്, അവ ചിലപ്പോൾ കല്പനയായിത്തീരുന്നത് എന്നു കാണുക. അപ്രകാരമുള്ള മനഃസ്ഥിതി നമ്മെ കോപത്തോടെയുള്ള പൊട്ടിത്തെറികളിലേയ്കു നയിക്കുന്നു.  

എന്നാൽ, ഈ കോപപ്രകടനങ്ങൾ നാം ഇഷ്ടപ്പെടുന്നില്ല. ഈ സ്വഭാവത്തിന് മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്നു. അതിനാൽ, സാധാരണഗതിയിൽ നാം ഇപ്രകാരം തീരുമാനിച്ചുകൊണ്ട് പരിഹാരം കാണുവാൻ ശ്രമിക്കുന്നു: “മറ്റുള്ളവർ എന്നെ സ്നേഹിക്കുന്നില്ല എന്ന കാരണത്താൽ ഇനി മേലിൽ ഞാൻ കോപിക്കുകയില്ല. തിരസ്കരിക്കപ്പെട്ടു എന്ന തോന്നൽ മൂലം ഇനി ഞാൻ കോപിക്കുകയില്ല.” അത്തരമൊരു തീരുമാനത്തിലുള്ള അപകടം ഇതാണ്: യഥാർഥ പ്രശ്നം പരിഹരിക്കാതെ അവശേഷിക്കുന്നു! കോപത്തിന്റെ ഉറവിടം ഇപ്പോഴും സ്പർശിക്കപ്പെടാതിരിക്കുന്നു. നാം കൈകാര്യം ചെയ്തത് ലക്ഷണത്തെ മാത്രമാണ്, കാരണത്തെയല്ല!  

കാരണത്തെ കൈകാര്യം ചെയ്യുവാൻ, നാം കൂടുതൽ ആഴത്തിൽ അന്വേഷിക്കുകയും ആഴത്തിലുള്ള ചോദ്യം ചോദിക്കുകയും വേണം.  “എന്തുകൊണ്ടാണ് ഞാൻ മറ്റുള്ളവരിൽ നിന്നും നിരന്തരമായി സ്നേഹം തേടുന്നത്?” അപ്രകാരം ചെയ്യുമ്പോൾ, സ്നേഹം അന്വേഷിക്കുന്നതിനുള്ള ഈ ആഗ്രഹം സ്വാർഥതയുടെ മനോഭാവത്തിൽ―അനാരോഗ്യകരമായ സ്വയസ്നേഹത്തിൽ -നിന്നും ഉടലെടുക്കുന്നതാണ് എന്ന് കണ്ടെത്തുവാൻ നമുക്കു സാധിക്കും! എന്നാൽ, ദൈവം നമ്മെ സ്നേഹിച്ചിരിക്കുന്നു എന്നും നമ്മുടെ നികൃഷ്ടത കണക്കാക്കാതെതന്നെ നമ്മെ ഇപ്പോഴും സ്നേഹിക്കുന്നുവെന്നും ക്രിസ്തുവിൽ നാം പരിപൂർണ്ണമായും എല്ലായ്പോഴും അംഗീകരിക്കപ്പെടുന്നുവെന്നും ഉള്ള ബൈബിൾ സത്യങ്ങൾ മനസ്സിലാക്കുമ്പോൾ മറ്റുള്ളവരിൽ നിന്നും ഇത്തരത്തിൽ സ്നേഹം തേടുന്നതിന്റെ പാപപൂർണ്ണത കാണുവാൻ നമുക്കു സാധിക്കും.   

അതിനുശേഷം, പ്രസ്തുത പ്രശ്‌നത്തെ സമഗ്രമായി കൈകാര്യം ചെയ്യുന്നതിനുവേണ്ടി, ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെക്കുറിച്ച്, നന്ദിയോടെയുള്ള നിരന്തരമായ ധ്യാനത്തെ അത്തരം സ്വാർഥമായ ആഗ്രഹത്തിന് പകരം വയ്കുവാൻ നാം ശ്രമിക്കും.  ദുർഗന്ധം വമിക്കുന്ന ചിന്തയെ നീക്കി ഇപ്പോൾ, വിശുദ്ധീകരിക്കപ്പെട്ട ചിന്താഗതി വന്നിരിക്കുന്നു. ഈ വിധത്തിൽ, കോപമെന്ന പ്രശ്നത്തെ വേരോടെ അറുത്തുമാറ്റിക്കൊണ്ട് നാം പ്രസ്തുത സാഹചര്യത്തെ ശരിയായി കൈകാര്യം ചെയ്തിരിക്കുന്നു. നമ്മുടെ ഉള്ളിൽ പാപകരമായ കോപം ഉളവാക്കുന്ന മറ്റ് വിഷയങ്ങളിലൂം ഇതേ പ്രമാണം നമുക്ക് പ്രയോഗത്തിൽ വരുത്തുവാൻ സാധിക്കും. താഴെപ്പറയുന്ന സാഹചര്യങ്ങൾ മൂലം നാം എപ്പോഴൊക്കെ കോപിക്കാറുണ്ട്: 

  • മറ്റൊരാൾ നിങ്ങളുടെ ഈമെയിലിനോടോ ഫോൺകോളിനോടൊ ഉടനടി പ്രതികരിച്ചില്ലെങ്കിൽ. നമുക്ക് പന്ത്രണ്ടാമത് ഒരു കല്പന ഉണ്ട്, “എന്റെ ഫോൺകോളിനോ ഈമെയിലിനോ മറുപടി തരാതെ സൂര്യൻ അസ്തമിക്കുവാൻ ഇടവരുത്തരുത് പിന്നെയോ, ഇന്നുതന്നെ അതിന് മറുപടി നൽകേണ്ടതാണ്.”
  • [നാം തിരസ്കരണം പ്രതീക്ഷിക്കുകയും എന്നാൽ, ആ അവസരത്തിൽ ക്ഷമിക്കുന്ന ഹൃദയം നിലനിർത്തുകയും വേണം എന്ന് ബൈബിൾ പറയുന്നുവെങ്കിലും] നാം തിരസ്കരിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അന്യായമായി പെരുമാറപ്പെടുകയും ചെയ്യുമ്പോൾ.
  • [നമ്മെത്തന്നെ ത്യജിക്കുവാൻ ബൈബിൽ നമ്മെ ആഹ്വാനം ചെയ്യുന്നുവെങ്കിലും] നമ്മുടെ സ്വപ്നങ്ങൾ തകരുമ്പോൾ. 

ആശയം ഇതാണ്: പാപകരമായ കോപത്തെ കൈകാര്യം ചെയ്യുന്നതിന്, ഏതാനം കൊമ്പുകളും ഇലകളും കോതിക്കളയുന്നതിനു പകരം, പ്രശ്നത്തിന്റെ വേരിലേയ്ക് ആഴത്തിൽ കടന്ന് കാരണം അന്വേഷിക്കണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് കോപം എന്നത് നാം മനസ്സിലാക്കണം. ഉപരിതലത്തിന് കീഴെയുള്ളത് എന്തെന്ന് നോക്കിക്കാണുകയാണ് വെല്ലുവിളി. ആഴത്തിലുള്ള പ്രശ്നങ്ങളെ കൈകാര്യം ചെയ്യാത്തതിനാലാണ് പലരും കോപവുമായി തുടർമാനമായി മല്ലിടുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? കാരണം, അവരുടെ ഉള്ളിലെ മോഹങ്ങളെ കൈകാര്യം ചെയ്യുവാൻ അവർ ആഗ്രഹിക്കുന്നില്ല. അവർ പുറമേയുള്ള ചില മാറ്റങ്ങളിൽ മാത്രമാണ് ശ്രദ്ധ വയ്കുന്നത്.  

വെള്ളം അടിച്ചുകയറ്റുന്ന  പമ്പിനെ വെള്ള നിറം പൂശുന്നതുകൊണ്ട് വെള്ളത്തിന്റെ നിറം മാറ്റുക സാധ്യമല്ല എന്നു നാം മനസ്സിലാക്കേണ്ടതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബാഹ്യമായ പെരുമാറ്റ പരിഷ്കരണത്തിന് പ്രശ്നത്തിന്റെ മൂലകാരണം പരിഹരിക്കുക സാധ്യമല്ല. ആന്തരികമായ ഹൃദയ രൂപാന്തരത്തിൽ നാം ശ്രദ്ധവയ്കുക [റോമർ 12:2]. ബാഹ്യമായവ മാറ്റുന്നതിന് മാത്രമാണ് ഈ ലോകത്തിന് നമ്മെ സഹായിക്കുവാൻ സാധിക്കുന്നത്. ഉള്ളിലുള്ളവയ്കു മാറ്റം വരുത്തുവാനുള്ള വിഭവശേഷിയോ ശക്തിയോ അതിനില്ല. തന്റെ ആത്മാവിലൂടെയും വചനത്തിലൂടെയും നമ്മിൽ ആകമാനമായി മാറ്റം വരുത്തുവാൻ സാധിക്കുന്നത് ദൈവത്തിനു മാത്രമാണ്! അതിനാലാണ്, ഉള്ളിൽ മാറ്റം വരുത്തുമ്പോൾ, അത് തെറ്റായ ഉദ്ദേശ്യങ്ങളെയും ആഗ്രഹങ്ങളെയും നീക്കിക്കളയുക മാത്രമല്ല പിന്നെയോ, ദൈവികമായ ആഗ്രഹങ്ങളും ഉദ്ദേശ്യങ്ങളും അവയ്കു പകരംവയ്കുകയും ചെയ്യുന്നത്. അത് ചെയ്തുകഴിഞ്ഞാൽ, പുറമേയുള്ളവ താനേ ശരിയായിക്കൊള്ളും. 

സദൃശ്യവാക്യങ്ങൾ 4:23 ഇപ്രകാരം പറയുന്നു, “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.” എപ്രകാരമാണ് മുഴുവൻ ശരീരത്തേയും ഹൃദയം നിയന്ത്രിക്കുന്നത് എന്നത് ശ്രദ്ധിക്കുക [ഒപ്പം, സദൃശ്യവാക്യങ്ങൾ 4:20-22, 24-26 എന്നിവ കാണുക]. എല്ലാ പ്രവൃത്തികളും ഹൃദയത്തിൽ നിന്നും ഉത്ഭവിക്കുന്നു. അതുകൊണ്ട്, പാപകരമായ കോപത്തിന്റെ ഉറവിടം ഹൃദയമാണെന്നും പ്രസ്തുത കോപത്തെ ഇല്ലാതാക്കുവാൻ നാം ആഗ്രഹിച്ചാൽ ഹൃദയത്തിലെ ആഗ്രഹങ്ങളിൽ മാറ്റം വരുത്തണം എന്നും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇത് വ്യക്തമാക്കിയിരിക്കെ, ഇനി , “പാപകരമായ കോപത്തിന് പാത്രമാകുന്നവർ ആരൊക്കെയാണ്?” എന്ന ചോദ്യം അടുത്ത പോസ്റ്റിൽ നാം പരിശോധിക്കുന്നതാണ്.

Category

Leave a Comment