പാപകരമായ കോപം—അത് വരുത്തിവയ്കുന്ന വിനാശം—ഭാഗം 1 ആമുഖം

Posted byMalayalam Editor December 24, 2024 Comments:0

(English version: “Sinful Anger – The Havoc It Creates (Part 1)”)

കോപം എന്ന വിഷയം സംബന്ധിച്ച്, പ്രത്യേകിച്ചും പാപകരമായ കോപം എന്ന വിഷയം സംബന്ധിച്ച് ബ്ലോഗ് പോസ്റ്റുകളുടെ ഒരു പരമ്പര നാം ആരംഭിക്കുകയാണ്. അന്യായമായ കോപം ക്രിസ്ത്യാനികളെപ്പോലും നിരന്തരം ബാധിക്കുന്ന പാപമാണ്. അനിയന്ത്രിതമായ കോപത്താൽ കുടുംബത്തിലും സഭയിലുമുള്ള ബന്ധങ്ങൾ ഭയാനകമാംവിധം ബാധിതമായിരിക്കുന്നു. 

ബൈബിളിലെ ആദ്യ കൊലപാതകത്തിനു പിന്നിൽ കോപമായിരുന്നു—കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൊലപ്പെടുത്തി! കയീന്റെ യാഗം ദൈവം തിരസ്കരിക്കുകയും ഹാബേലിന്റെ യാഗം സ്വീകരിക്കുകയും ചെയ്തിന്റെ ഫലായി സംഭവിച്ചതിനെ ബൈബിൾ ഇപ്രകാരം പറയുന്നു: “കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി” [ഉല്പത്തി 4:5b]. അവന്റെ കോപത്തിന്റെ അപകടങ്ങൾ സംബന്ധിച്ച് ദൈവം അവന് മുന്നറിയപ്പ് നൽകിയതായും  ബൈബിൾ പറയുന്നു, “എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു” [ഉല്പത്തി 4:6-7]. ഈ വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചിട്ടും തന്റെ അനിയന്ത്രിതമായ കോപം നിമിത്തം കയീൻ ഹാബേലിനെ കൊലപ്പെടുത്തി! കോപത്തിന് അപ്രകാരം വിനാശകരമാകുവാൻ സാധിക്കും! 

പാപകരമായ എല്ലാ കോപവും യഥാർഥ കൊലപാതകത്തിൽ കലാശിക്കുന്നില്ല എങ്കിലും, മത്തായി 5:22-ൽ “ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും” എന്ന യേശുവിന്റെ വാക്കുകൾ കോപത്തെ അതീവ ഗൗരവത്തോടെ കാണുവാൻ നമ്മെ പ്രേരിപ്പിക്കണം. അതിനാൽ, പാപകരമായ കോപം എന്ന ഈ വിഷയം ബൈബിൾപരമായി കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കുന്ന ബ്ലോഗ് പോസ്റ്റുകളുടെ പരമ്പര ഇവിടെ നൽകപ്പെടുന്നു. 

ഇനിപ്പറയുന്ന പോസ്റ്റുകളിൽ, പാപകരമായ കോപവുമായി ബന്ധപ്പെട്ട 6 വിഷയങ്ങൾ നാം പരിശോധിക്കുന്നതാണ്:

1. എന്താണ് കോപം?

2. എന്താണ് കോപത്തിന്റെ ഉറവിടം?

3. പാപകരമായ കോപത്തിന് പാത്രമാകുന്നവർ ആരൊക്കെയാണ്?

4. പാപകരമായ കോപം പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ചില സാധാരണ പ്രയോഗങ്ങൾ എന്തൊക്കെയാണ്?

5. പാപകരമായ കോപത്തിന്റെ വിനാശകരമായ പരിണിതഫലങ്ങൾ എന്തൊക്കെയാണ്?

6. പാപകരമായ കോപത്തിൽ നിന്നും നമുക്ക് എപ്രകാരം വിടുതൽ പ്രാപിക്കുവാൻ സാധിക്കും? 

ഈ വിഷയം അവതരിപ്പിക്കുന്നതിൽ മാത്രമാണ് ഈ പോസ്റ്റ് ശ്രദ്ധ ചെലുത്തുന്നത്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഭ്രാന്തമായ കാര്യങ്ങൾക്കു വേണ്ടി മാരകമായ കലഹങ്ങളിൽ ഏർപ്പെടുന്ന ആളുകളെക്കുറിച്ചുള്ള “വിചിത്രവും എന്നാൽ സത്യവുമായ” നിരവധി കഥകൾ ഉണ്ടായിട്ടുണ്ട്.

  • ഏത് ടി വി പരിപാടി കാണണം എന്നത് സംബന്ധിച്ച് ഉണ്ടായ വഴക്കിൽ 48 വയസ്സുള്ള ഒരു മനുഷ്യൻ തന്റെ ഭാര്യയെ കൊലപ്പെടുത്തി.
  • റസ്റ്റോറന്റിൽ നിന്നും താൻ ആവശ്യപ്പെട്ട പ്രഭാതഭക്ഷണത്തിനു പകരം മറ്റൊന്ന് വാങ്ങിക്കൊണ്ടുവന്നതിനാൽ സ്ത്രീസുഹൃത്ത് കുത്തിമുറിവേൽപ്പിച്ച പുരുഷൻ മരിച്ചു. 
  • വീടിനുള്ളിലെ താപനില ക്രമീകരിക്കുന്നത് സംബന്ധിച്ച തർക്കത്തിനൊടുവിൽ 37 വയസ്സുകാരൻ തന്റെ സഹവാസിയുടെ അടിയേറ്റു മരിച്ചു. 
  • കാറിൽ തനിക്കിഷ്ടമില്ലാത്ത പ്രത്യേക തരം സംഗീതം കേൾപ്പിച്ച പുരുഷനെ വെടിവച്ചുകൊന്നതിൽ 15 വയസ്സുകാരെതിരെ കേസെടുത്തു. 
  • ഒരു പെൺകുട്ടിയുടെ പിതാവ് അവളുടെ ബാസ്കറ്റ് ബോൾ പരിശീലകനെ ഇടിച്ച് നിലത്തിടുകയും അയാളുടെ മുകളിൽ കയറിയിരുന്ന് മുഖത്തും തലയിലും തുടർച്ചയായി ഇടിച്ച് അയാളെ ബോധരഹിതനാക്കുകയും ചെയ്തു. അയാളുടെ കോപത്തിന് കാരണമെന്തെന്നോ? ഒരു വാഗ്വാദത്തിൽ ഏർപ്പെട്ടിന് ശിക്ഷയായി തന്റെ മകളെയും അവളുടെ സുഹൃത്തിനെയും പരിശീലകൻ ഏതാനം തവണ ഗ്രൗണ്ടിലൂടെ ഓടുവാൻ വിട്ടു. 

എവിടേയ്കു തിരിഞ്ഞാലും ക്രോധം മനുഷ്യബന്ധങ്ങളെ ബാധിക്കുന്നതു സംബന്ധിച്ചുള്ള ഒരു കഥ നിങ്ങൾക്കു കേൾക്കുവാൻ സാധിക്കും. 90 ശതമാനം കൗൺസിലിംഗ് പ്രശ്‌നങ്ങളിലും പാപകരമായ കോപം ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഒരു പ്രശസ്ത ക്രിസ്ത്യൻ കൗൺസിലർ ജെയ് ആഡംസ് കണക്കാക്കിയിട്ടുണ്ട്. അത് സത്യമാണെന്ന് കരുതപ്പെടുന്നു! കോപം തീർച്ചയായും നമ്മുടെ ജീവിതങ്ങളിൽ നാശം വിതയ്ക്കുന്നു. താഴെപ്പറയുംവിധം മനുഷ്യരിൽ മാറ്റം ഉളവാക്കുവാൻ ശക്തിയുള്ള വികാരങ്ങളിൽ ഒന്നാണിത്: 

  • പരസ്പരം സ്നേഹിക്കുന്നവരെ സഹവർത്തിത്വത്തിന് അത്യാവശ്യമായ കാര്യങ്ങൾ മാത്രം ചെയ്യുന്ന തണുത്തുറഞ്ഞവരും കരുതിക്കൂട്ടി കാര്യങ്ങൾ ചെയ്യുന്നവരും കുറ്റംകണ്ടുപിടിക്കുന്നവരുമായ വിവാഹ പങ്കാളികളാക്കി മാറ്റുവാൻ.
  • നല്ല സുഹൃത്തുക്കളെ വെറുക്കപ്പെടുന്ന ശത്രുക്കളാക്കി മാറ്റുവാൻ.
  • സന്തോഷകരമായ ഒരു കുടുംബസംഗമം പരിഹരിക്കപ്പെടുവാൻ സാധ്യമല്ലാത്ത കലഹത്തിൽ കലാശിക്കുവാൻ.
  • കരുതലും സ്നേഹവുമുള്ള മാതാപിതാക്കളെ തുടർച്ചയായി അലറിവിളിച്ചുകൊണ്ട് കുട്ടികളെ മുഖമടച്ച് ആക്ഷേപിക്കുന്നവരാക്കി മാറ്റുവാൻ. 
  • ശാന്തനും നിശബ്ദനുമായി ഏറെ നാൾ ജോലി ചെയ്ത ഒരുവനെ അവന്റെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന ഒറ്റക്കാരണത്താൽ യന്ത്രായുധവുമായി ചുറ്റുപാടും നിറയൊഴിച്ച് ആളുകളെ കൊലപ്പെടുത്തിക്കൊണ്ട് ഓഫീസ് കെട്ടിടത്തിന്റെ ഒരു നിലയിൽ നിന്നും മറ്റ് നിലകളിലേയ്ക് പോകുന്ന ഒരുവനാക്കിത്തീർക്കുവാൻ.

“നിങ്ങളുടെ ഏറ്റവും മികച്ചത് സ്വന്തമാക്കുവാൻ നിങ്ങൾ കോപത്തെ അനുവദിച്ചാൽ, അത് നിങ്ങളുടെ ഏറ്റവും മോശമായതിനെ വെളിപ്പെടുത്തും” എന്ന പ്രസ്താവന എത്രയോ സത്യമാണ്. കോപം പുരുഷന്മാരുടെ മാത്രം പ്രശ്നമല്ല―അത് സ്ത്രീകളേയും ബാധിക്കുന്നു. ക്രിസ്ത്യാനികൾ ഉൾപ്പെടെ എല്ലാവരേയും ബാധിക്കുന്ന ഒരു സാർവ്വത്രിക പ്രശ്നമാണത്! 

പുറത്തുള്ളവരോട് ദയയോടെ പെരുമാറുന്ന പല ക്രിസ്ത്യാനികളും തങ്ങളുടെ സ്വന്ത ഭവനങ്ങളിലുള്ളവരോട് വളരെ കോപത്തോടെ പെരുമാറുന്നവരാണ് എന്നത് സങ്കടകരമാണ്. പല ക്രിസ്തീയ ഭവനങ്ങളും തകർന്ന അവസ്ഥയിലായതിൽ അതിശയിക്കേണ്ടതില്ല. അതുകൊണ്ട്, പല വിശ്വാസികളും സദൃശ്യവാക്യങ്ങൾ 17:1-ൽ പറയുന്ന വിധത്തിലുള്ള ഒരു ഭവനത്തിനായി ആഗ്രഹിക്കുന്നവരാണ്,  “കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.”

എന്നാൽ, അനിയന്ത്രിതമായ കോപം മൂലം ആനന്ദകരമായ ഭവനം എന്ന യാഥാർഥ്യം പ്രാപ്യമാകുന്നില്ല. ഇവിടെ പ്രതീക്ഷയ്കു വകയുണ്ടോ? ഉണ്ട്, കോപം എന്ന പ്രശ്നത്തെ ബൈബിളിൽ കാണുന്ന പ്രകാരം ശരിയായ വിധത്തിൽ, ദൈവത്തിന്റെ രീതിയിൽ കൈകാര്യം ചെയ്യുവാൻ നാം മനസ്സുവയ്കുന്നുവെങ്കിൽ, പ്രതീക്ഷയുണ്ട്! എന്തുകൊണ്ട് ബൈബിൾ? കാരണം കോപം ചികിത്സ തേടേണ്ട ഒരു പ്രശ്നമല്ല; അത് ഒരു പാപപ്രശ്നമാണ് എന്നതിനാൽ ഒരു ആത്മീയ പ്രശ്നമാണ്. ആത്മീയ പ്രശ്നങ്ങളെ ആത്മീയ സത്യങ്ങൾ കൊണ്ടു മാത്രമാണ് അതിജീവിക്കുവാൻ സാധിക്കുന്നത്.  

2 തിമൊഥെയൊസ് 3:16-17 നമ്മോട് ഇപ്രകാരം പറയുന്നു, “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” കോപവും മറ്റെല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുവാൻ തിരുവെഴുത്തുകൾ തികച്ചും പര്യാപ്തമാണെന്ന് ഈ വാക്യങ്ങൾ സുവ്യക്തമാക്കുന്നു. അതുകൊണ്ടാണ്, പാപകരമായ കോപത്തെ എപ്രകാരം കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച് താഴെ നൽകപ്പെട്ടിരിക്കുന്ന ബ്ലോഗ് പോസ്റ്റുകൾക്ക് തിരുവെഴുത്തുകൾ ആധാരമാക്കിയിരിക്കുന്നത്. കോപം വരുത്തിവയ്കുന്ന ഹൃസ്വകാലവും ദീർഘകാലവുമായുള്ള വിനാശകരമായ പരിണിതഫലങ്ങൾ നിമിത്തം പാപകരമായ കോപത്തിന് ഇരയായിത്തീരാതെ നമ്മെത്തന്നെ നിരന്തരം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. 

ഈ പരമ്പര വായിക്കുന്ന എല്ലാവർക്കും ഇത് അനുഗ്രഹകാരണമായിത്തീരുവാൻ ദയവായി പ്രാർഥിക്കുക.  “സൗമ്യതയും താഴ്മയും ഉള്ളവൻ” [മത്തായി 11:29] എന്ന് തന്നെക്കുറിച്ചുതന്നെ പറഞ്ഞ യേശുവിനെപ്പോലെ നമ്മെ ആക്കിത്തീർക്കുവാൻ ഈ ബ്ലോഗിനെ ഉപയോഗിക്കുവാൻ പരിശുദ്ധാത്മാവിന് പ്രസാദം തോന്നുവാൻ പ്രാർഥിക്കുക. 

Category

Leave a Comment