പാപകരമായ കോപം—അത് വരുത്തിവയ്കുന്ന വിനാശം—ഭാഗം 4

Posted byMalayalam Editor February 25, 2025 Comments:0

(English version: “Sinful Anger – The Havoc It Creates (Part 4)”)

കോപം എന്ന വിഷയം സംബന്ധിച്ച്, പ്രത്യേകിച്ചും പാപകരമായ കോപം എന്ന വിഷയം സംബന്ധിച്ചുള്ള ബ്ലോഗ് പോസ്റ്റുകളുടെ പരമ്പരയിലെ ഭാഗം-4 ആണ് ഇത്.  പാപകരമായ കോപത്തെക്കുറിച്ചുള്ള പൊതുവായ അവതരണമായിരുന്നു ഭാഗം 1-ൽ നൽകപ്പെട്ടത്. “എന്താണ് പാപകരമായ കോപം?” എന്ന ചോദ്യമാണ് ഭാഗം- 2 പ്രതിപാദിച്ചത്. “എന്താണ് പാപകരമായ കോപത്തിന്റെ ഉറവിടം?”  എന്ന ചോദ്യമാണ് ഭാഗം-3 പരിശോധിച്ചത്. “പാപകരമായ കോപത്തിന് പാത്രമാകുന്നവർ ആരൊക്കെയാണ്?” എന്ന നാലാമത്തെ ചോദ്യമാണ് ഈ പോസ്റ്റിൽ നാം പരിശോധിക്കുന്നത്. 

III. പാപകരമായ കോപത്തിന് പാത്രമാകുന്നവർ ആരൊക്കെയാണ്?

ദൈവത്തിനും സ്വയത്തിനും മറ്റുള്ളവർക്കും എതിരെ കോപം പ്രകടിപ്പിക്കുക സാധ്യമാണ്. 

A. ദൈവത്തിനെതിരെ.

ഏതാനം ചില കാര്യങ്ങളിൽ ദൈവം നമ്മെ നിരാശപ്പെടുത്തി എന്ന് നമുക്ക് തോന്നുന്നതുകൊണ്ടാണ് നാം ദൈവത്തോട് കോപിക്കുന്നത്. (1)ദൈവം ചെയ്യണം എന്ന് നാം ആഗ്രഹിച്ച കാര്യങ്ങൾ ദൈവം ചെയ്തില്ല [ഉദാ, സന്തോഷകരമായ വിവാഹജീവിതം നൽകുക, മഹത്തായ തൊഴിൽ നൽകുക, ഒരു പ്രത്യേക രോഗത്തിൽ നിന്ന് സൗഖ്യമാക്കുക, ദീർഘകാലമായി ആഗ്രഹിച്ച ഒരു സ്വപ്നം സാക്ഷാത്കരിക്കുക എന്നിവ].  എങ്ങിനെയോ നാം കബളിപ്പിക്കപ്പെട്ടതായി നമുക്കു തോന്നുന്നു. തത്ഫലമായി, നാം ദൈവത്തോടു കോപിക്കുന്നു. (2) ദൈവം ചെയ്യുമെന്ന് നാം പ്രതീക്ഷിക്കാതിരുന്ന ഒന്ന് ദൈവം ചെയ്തു. ഉദാഹരണത്തിന്, നമുക്കു പ്രിയപ്പെട്ട ഒരാൾ മരണമടയുകയോ ഒരു ചിരകാലസ്വപ്നം തകർക്കപ്പെടുകയോ ചെയ്യുമ്പോൾ ദൈവം നമ്മോട് അപ്രകാരം ചെയ്യുവാൻ പാടില്ലായിരുന്നു എന്ന് നമുക്കു തോന്നുന്നു. ദൈവം നമ്മോടു ക്രൂരത കാട്ടിയിരിക്കുന്നു എന്ന് എങ്ങിനെയോ നാം കരുതുകയും ദൈവത്തോട് കോപിക്കുകയും ചെയ്യുന്നു.

ദൈവത്തോടുള്ള അത്തരം കോപത്തിന്റെ ഫലമായി, അതു “തണുക്കുന്നതു” വരെയെങ്കിലും നാം സഭയിൽ നിന്നും ബൈബിൾ വായനയിൽ നിന്നും പ്രാർഥനയിൽ സമയം ചിലവിടുന്നതിൽ നിന്നും വിട്ടു നിൽക്കുവാനുള്ള പ്രവണത കാണിക്കുന്നു. ചിലപ്പോൾ, സഭയിൽ പോകുന്നതും ബൈബിൾ വായിക്കുന്നതും പ്രാർഥിക്കുന്നതും തുടർന്നാലും നമ്മുടെ ഹൃദയങ്ങൾ തണുക്കുകയും ദൈവത്തോട് നിസ്സംഗത കാണിക്കുകയും ചെയ്യും.  ദൈവത്തോടും ദൈവത്തിന്റെ വഴികളോടും ഹൃദയത്തിൽ നിന്നുമുള്ള സ്നേഹത്തിൽ നിന്ന് ഉളവാകുന്ന പ്രവർത്തനത്തേക്കാൾ അത് വെറും യാന്ത്രികമായ, ബാഹ്യമായ പ്രവൃത്തി മാത്രമാണ്. ചില അപൂർവ്വ സന്ദർഭങ്ങളിൽ, ഈ കോപം ദൈവത്തെ പൂർണ്ണമായി തള്ളിക്കളയുന്ന അവസ്ഥയിലേയ്കു നയിക്കുന്നു! 

“എന്റെ വികാരങ്ങൾ ദൈവത്തോട് സത്യസന്ധമായി പ്രകടിപ്പിക്കുന്നതിൽ അപാകതയില്ല- ഒന്നുമല്ലെങ്കിലും ദൈവം എന്റെ പിതാവാണല്ലോ” എന്ന് നാം ചിന്തിക്കുന്നതിനു മുൻപ്, നമുക്ക് മുന്നറിയിപ്പ് ലഭിക്കേണ്ടത് ആവശ്യമാണ്. ദൈവം നമ്മുടെ പിതാവ് മാത്രമല്ല, ഭയപ്പെടുവാനും ബഹുമാനിക്കപ്പെടുവാനും യോഗ്യനായ  ദൈവവുമാണ്, വിശുദ്ധനായവനാണ്. സഭാപ്രസംഗി 5:1-2 നമുക്ക് മുന്നറിയിപ്പ് നൽകേണ്ടതാണ്, “ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു. അതിവേഗത്തിൽ ഒന്നും പറയരുതു; ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്കു ചുരുക്കമായിരിക്കട്ടെ.”

കോപമെന്ന വികാരത്തെ, പ്രസ്തുത സന്ദർഭം സൂചിപ്പിക്കുന്നില്ല എങ്കിലും, വലിയവനും സർവ്വശക്തനുമായ ദൈവത്തിന് യോഗ്യവും യോജ്യവുമല്ലാത്ത വിധത്തിൽ എന്തെങ്കിലും ഉച്ചരിക്കാതെ നാം നമ്മെത്തന്നെ സൂക്ഷിക്കണം എന്നതാണ് അവിടെ നാം കാണുന്ന കൂടുതൽ വിശാലമായ പ്രമാണം. 

അനായാസകരവും ആശ്വാസകരവുമായ ഒരു ജീവിതം ദൈവം വാഗ്ദത്തം ചെയ്തിട്ടില്ല എന്നു മനസ്സിലാക്കുവാൻ പരാജയപ്പെടുന്നതാണ് നാം ദൈവത്തോട് കോപിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. നാം ആഗ്രഹിക്കുന്നത് നേടിയെടുക്കും എന്ന് ദൈവം വാഗ്ദത്തം നൽകിയിട്ടില്ല, ഇപ്പോഴും നൽകുന്നില്ല. നേരേ മറിച്ച്, നമ്മെത്തന്നെ ത്യജിക്കുവാനും ദിനംതോറും നമ്മുടെ ക്രൂശ് എടുത്തുകൊണ്ട് തന്നെ അനുഗമിക്കുവാനും കർത്താവ് നമ്മെ വിളിക്കുന്നു [ലൂക്കോസ് 9:23]. ഈ യാഥാർഥ്യം നാം മനസ്സിലാക്കിയാൽ, നമ്മുടെ പദ്ധതികൾ നമ്മുടെ ആഗ്രഹങ്ങൾക്കനുസൃതമായി നടക്കാതിരിക്കുന്ന സാഹചര്യം ഉണ്ടായേക്കാം എന്നറിയുകയും തത്ഫലമായി ദൈവത്തോട് കോപിക്കാതിരിക്കുകയും ചെയ്യും.  നമ്മുടെ ജീവിതത്തിലെ സകല കാര്യങ്ങളുടെമേലും ദൈവം സർവ്വാധികാരിയാണെന്നും തന്റെ മുൻപീൽ വണങ്ങിക്കൊണ്ട് സമ്പൂർണ്ണമായി കീഴടങ്ങേണ്ടതിനാണ് നാം വിളിക്കപ്പെട്ടതെന്നും നാം തിരിച്ചറിയും. 

B. സ്വയത്തിനെതിരെ.

കോപത്തെ പരാമർശിക്കുമ്പോൾ, നാം പലപ്പോഴും സ്വയത്തോടുതന്നെ തോന്നുന്ന കോപത്തെക്കുറിച്ചു ചർച്ച ചെയ്യാറില്ല. എങ്കിലും, പലപ്പോഴും ഇത്തരത്തിൽ ഒരു കോപം നിലനിൽക്കുന്നു. എങ്ങനെ? താഴെക്കാണുന്ന പ്രകാരം നാം/മറ്റുള്ളവർ പറയാറുണ്ട്: 

  • ഞാൻ ഇതു ചെയ്തു എന്ന് എനിക്ക് വിശ്വസിക്കുവാൻ സാധിക്കുന്നില്ല. 
  • നമ്മൾ ഈ ദുരവസ്ഥയിൽ ആയത് എന്റെ തെറ്റ് കാരണമാണ്. 
  • ഞാൻ എന്തായിരുന്നു ചിന്തിച്ചത്? 
  • എനിക്ക് എന്നെത്തന്നെ നോക്കുവാൻ സാധിക്കുന്നില്ല.
  • ആ പരീക്ഷ, ആ പാട്ടുകച്ചേരി, നിർണ്ണായകമായ ആ കളി, സുപ്രധാനമായ ആ അവതരണം എന്നിവ ഞാൻ അലങ്കോലമാക്കി എന്ന് എനിക്ക് വിശ്വസിക്കുവാൻ സാധിക്കുന്നില്ല. 

വീണ്ടും, ധാർമ്മികമായി ശരിയല്ല എന്ന് നാം മനസ്സിലാക്കിയിരിക്കുന്ന ഒന്നിന് എതിരെയുള്ള സജീവമായ പ്രതികരണമാണ് കോപം എന്നത് ഓർമ്മിക്കുക. അതുകൊണ്ട്, ധാർമ്മികമായി ശരിയെന്ന് നാം മനസ്സിലാക്കിയിരിക്കുന്ന ഒരു കാര്യം ചെയ്യുവാൻ നാം പരാജയപ്പെടുമ്പോൾ, നമുക്ക് നമ്മോടുതന്നെ ക്രോധം തോന്നാം. ഒരു സ്വയശിക്ഷ എന്ന നിലയിലാണ് അത് സംഭവിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നമ്മുടെ പരാജയങ്ങൾക്ക് നാം നമ്മെത്തന്നെ ശിക്ഷിക്കുന്നു. 

നാം തെറ്റു ചെയ്യുമ്പോൾ നമ്മെ കുറ്റപ്പെടുത്തുവാൻ ദൈവത്താൽ നൽകപ്പെട്ട ഉപാധിയാണ് മനസാക്ഷി. എങ്കിലും, കോപത്തെ നമ്മുടെ ഉള്ളിലേയ്ക്തന്നെ തിരിച്ചുവിട്ടുകൊണ്ട് പാപം ചെയ്യത്തക്ക വിധത്തിൽ മനസാക്ഷി നമ്മുടെ നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥ അനുവദിക്കാതിരിക്കുവാൻ നാം ശ്രദ്ധിക്കേണ്ടതാണ്[റോമർ 14:22-23, 1 കൊരിന്ത്യർ 2:2-4, 1 യോഹന്നാൻ  3:19-21]. 

സ്വയത്തിനെതിരെയുള്ള കോപത്തിന്റെ നിരവധി ഉദാഹരണങ്ങൾ നിരത്തുവാൻ ഒരുവന് സാധിക്കും: 

1. ദൈവത്തിന്റെ ക്ഷമ സ്വീകരിക്കുവാൻ പരാജയപ്പെടുക. ഈ വിഭാഗത്തിലുള്ള ആളുകൾ സ്വയം അടിച്ചേൽപ്പിക്കുന്ന ശിക്ഷ ഒരു പ്രായശ്ചിത്തരൂപേണ ഉപയോഗിക്കുന്നു [ഒരുതരം ഭൗമിക ശുദ്ധീകരണസ്ഥലം].  ദൈവത്തിന്റെ കൃപയുടെ- തങ്ങളുടെ സകല പാപങ്ങളെക്കാളും വലിയ കൃപ- ആഴം അവർ മനസ്സിലാക്കുന്നില്ല. പാപം പെരുകുന്നിടത്ത് കൃപയും അധികമായ പെരുകുന്നു എന്നത് അവർ മറക്കുന്നു [റോമർ 5:20-21]. 

2. അഹംഭാവം. മറ്റുള്ളവരുടെ മുൻപിൽ എനിക്ക് വല്ലായ്മ തോന്നുന്നു. കാരണം, ഞാൻ കാര്യങ്ങൾ നന്നായി ചെയ്യുന്നില്ല. അവർ എന്നെക്കുറിച്ച് എന്തു വിചാരിക്കും? മറ്റുള്ളവരുടെ മുമ്പിൽ നന്നായി കാണപ്പെടുവാനുള്ള, അവർ നമ്മെക്കുറിച്ച് നല്ലത് പറയുന്നതിനുവേണ്ടിയുള്ള നിരന്തരമായ പരിശ്രമമാണത്. അവരുടെ മുമ്പിൽ നന്നായി കണപ്പെടുന്നതിൽ നാം പരാജയപ്പെടുമ്പോൾ, കോപം നമ്മുടെനേർക്കുതന്നെ, ഉള്ളിലേയ്ക് തിരിച്ചുവിട്ടുകൊണ്ട് നാം നമ്മെത്തന്നെ ശിക്ഷിക്കുന്നു. 

3. മനുഷ്യന്റെ അപചയം മനസ്സിലാക്കുന്നതിൽ പരാജയപ്പെടുക. “ഇത്ര നല്ലവനും ധാർമ്മികബോധമുള്ളവനുമായ എനിക്ക് എങ്ങനെ ഇതു ചെയ്യുവാൻ കഴിഞ്ഞു?” എനിക്ക് ഇത് ചെയ്യുവാൻ കഴിയും എന്നു മാത്രമല്ല, യഥാർഥത്തിൽ, ഇതിനേക്കാൾ കൂടുതൽ ചെയ്യുവാൻ എനിക്കു കഴിവുണ്ട് എന്നത് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് അത് സംഭവിക്കുന്നത്!  

4. മനസ്സിൽ വച്ച് താലോലിച്ചിരുന്ന ഒരു സ്വപ്നം നേടുവാൻ സാധിക്കാതിരുന്നതിന്റെ നിരാശ. ഞാൻ ഒരു കാര്യം വളരെയധികം ആഗ്രഹിച്ചിരുന്നു, എന്നാൽ, “എന്റെതന്നെ കുഴപ്പംകൊണ്ട് എനിക്കത് ലഭിച്ചില്ല.” അതുകൊണ്ട്, എനിക്ക് എന്നോടുതന്നെ ദേഷ്യം തോന്നുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, എന്തെങ്കിലും ഒന്ന് ലഭിക്കുന്നതിനെക്കുറിച്ചും അതുവഴി  കൈവരുന്ന ആനന്ദത്തെക്കുറിച്ചും സദാ മനസ്സിൽ  ചിന്തിച്ചുകഴിയുക നമുക്കു സാധ്യമാണ്. [ഉദാഹരണത്തിന്, ഒരു പ്രത്യേക കമ്പനിയിൽ ജോലി ലഭിക്കുക, തൊഴിലിൽ സ്ഥാനക്കയറ്റം ലഭിക്കുക, ഒരു ടീം ഉണ്ടാക്കുക, ഒരു ബിസ്‌നസ് സംരംഭത്തിൽ വിജയിക്കുക എന്നിങ്ങനെ]. ഇപ്പോൾ അതു നേടുവാൻ ഞാൻ പരാജയപ്പെട്ടു എന്ന് മനസ്സിലാക്കുമ്പോൾ, ഞാൻ അതിയായി ആഗ്രഹിച്ചതെന്തായാലും അത് ശരിയായിരുന്നില്ല എന്നത് അംഗീകരിക്കുന്നതിനു പകരം, ഈ പരാജയത്തെ നേരിടുവാൻ ഞാൻ കോപം ഉപയോഗിക്കുന്നു. 

5. നീതിനിഷ്ഠ സംബന്ധിച്ച് ഒരുവന്റെ സ്വന്ത മാനദണ്ഡം പാലിച്ചു ജീവിക്കുവാൻ ശ്രമിക്കുക. സ്വയം അടിച്ചേൽപ്പിച്ച നിയമങ്ങൾക്കനുസൃതമായി ഞാൻ ജീവിച്ചില്ല. ഞാൻ ആഗ്രഹിക്കുന്നവിധം എന്റെ ഭവനം വൃത്തിയായി സൂക്ഷിക്കുന്നില്ല; ഞാൻ പ്രതീക്ഷിച്ച വിധം എന്റെ ജോലി ഞാൻ ചെയ്യുന്നില്ല എന്നിവ. ഇത്തരം ആളുകളെ നാം സാധാരണയായി പൂർണ്ണതാവാദികൾ അഥവാ പെർഫെക്ഷനിസ്റ്റുകൾ എന്നു വിളിക്കുന്നു. അവർ തങ്ങളുടെമേലും മറ്റുള്ളവരുടെ മേലും വളരെ വേദന വരുത്തിവയ്കുന്നു. അവർ പരാജയപ്പെടുന്ന വേളകളിൽ അവർ തങ്ങളെത്തന്നെ കോപത്തിന് ഇരയാക്കുന്നു. അയഥാർഥമായ പ്രതീക്ഷകൾ വച്ചുപുലർത്തുന്നതിന്റെ ഉദാഹരണമാണിത്.   

6. ദൈവം എനിക്കുവേണ്ടി കരുതിയ ഏറ്റവും മെച്ചമായത് നേടുന്നതിൽ നേരിട്ട പരാജയം. എനിക്കായി ഒന്നാമത്തെ പദ്ധതി ദൈവത്തിനുണ്ടായിരുന്നു, അത് എനിക്ക് ഏറ്റവും നല്ലതായിരുന്നു. എന്നാൽ, എന്റെ പരാജയം മൂലം, എനിക്കു ലഭിച്ചത് ദൈവത്തിന്റെ രണ്ടാമത്തെ പദ്ധതിയാണ്. ഇനി, ഞാൻ ശ്രദ്ധാപൂർവ്വം ഒരു കാര്യം പറയട്ടെ. ദൈവികമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് നമുക്ക് ഉത്തരവാദിത്തം ഉണ്ട് എന്നിരുന്നാലും, എന്റെ പ്രവൃത്തികൾ കാരണം എങ്ങിനെയോ എനിക്കു ലഭിച്ചത് രണ്ടാമത്തെ പദ്ധതിയാണ് എന്നു പറയുമ്പോൾ, നമ്മുടെ ജീവതങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളും പദ്ധതികളും നാം എങ്ങിനെയോ തകിടംമറിച്ചുകളഞ്ഞു എന്നല്ലേ നാം പറയുന്നത്? 

നമ്മുടെ ജീവിതങ്ങളിലെ കാര്യങ്ങളുടെമേൽ പരമാധികാരിയായിരിക്കുന്നത് നമ്മൾതന്നെയാണ്  എന്നല്ലേ, അത്തരം ചിന്താഗതിയിലൂടെ, ഒരു ദിനത്തിന്റെ അന്ത്യത്തിൽ, നാം പറയുന്നത്? പരമാധികാരിയായ ദൈവത്തിന്റെ വഴികളെ മറിച്ചുകളയുവാൻ വെറും മനുഷ്യർക്കു സാധിക്കും എന്നു ചിന്തിക്കുന്നത് തെറ്റല്ലേ? നമ്മുടെ പരാജയത്തെ ദൈവത്തിന് മുന്നമേ അറിയാമായിരുന്നില്ലേ? 

എങ്കിലും, ആ പരാജയങ്ങളിലൂടെ ദൈവം തന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നു.  യോസേഫിന്റെ സഹോദരന്മാർ തങ്ങളുടെ പ്രവൃത്തികൾക്ക് കണക്കുകൊടുക്കേണ്ടവരാണെങ്കിലും, അവർ ദൈവത്തിന്റെ പദ്ധതികളെ തകിടംമറിച്ചിരുന്നില്ല. വാസ്തവത്തിൽ, തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിന് അവരുടെ തിന്മപ്രവൃത്തികളെ ദൈവം ഉപയോഗിക്കുകയായിരുന്നു. “നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു” [ഉല്പത്തി 50:20]. ദൈവത്തിന്റെ പരമാധികാരവും മനുഷ്യന്റെ ഉത്തരവാദിത്തവും തമ്മിലുള്ള ഈ സംഘർഷം, എന്റെ പരാജയങ്ങൾ കാരണം, ദൈവത്തിന്റെ രണ്ടാമത്തെ പദ്ധതിയാണ് എനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് ചിന്തയിലേയ്ക് എന്നെ നയിക്കരുത്.  

വീണ്ടും, നമ്മുടെ അശ്രദ്ധാപരമായ പെരുമാറ്റത്തിന് ഇത് ഒഴിവുകഴിവായിത്തീരരുത്. സകല കാര്യങ്ങൾക്കും മീതേയുള്ള ദൈവത്തിന്റെ പരമാധികാരം സംബന്ധിച്ചുള്ള തെറ്റായ കാഴ്ചപ്പാട് നാം നമ്മോടുതന്നെ കോപിക്കുന്ന അനാരോഗ്യകരമായ പ്രവണതയ്കു കാരണമാകുന്നു.  ഇത്തരം ചിന്താഗതിയ്ക് ഇരയായിത്തീരുന്ന ആളുകൾ “ഞാൻ ഇപ്രകാരം ചെയ്തിരുന്നുവെങ്കിൽ അഥവാ അപ്രകാരം ചെയ്യാതിരുന്നെങ്കിൽ” എന്ന് നിരന്തരം ചിന്തിക്കുകയും പരാജിത ജീവിതം നയിക്കുകയും ചെയ്യുന്നു.  

യേശു നമുക്കുവേണ്ടി മരിച്ചതിനാൽ നാം വിലപ്പെട്ടവരാണ് എന്ന കാരണത്താൽ,  “നമ്മോടുതന്നെ ക്ഷമിക്കുമ്പോൾ”  സ്വയത്തോടു തോന്നുന്ന ഈ കോപ പ്രതികരണത്തിന് സ്ഥാനമില്ല. നമുക്ക് പാപപ്രവണതകൾ ഉണ്ടെങ്കിലും, നമ്മുടെ ദൈവം കൃപാലുവാണെന്നും ക്രിസ്തുവിലൂടെയുള്ള ക്ഷമ സ്വീകരിക്കേണ്ട ആവശ്യം നമുക്കുണ്ടെന്നും അങ്ങനെ സ്വയത്തോടുള്ള ഈ കോപപ്രവണതയിൽ നിന്നും നമ്മെത്തന്നെ സ്വതന്ത്രരാക്കേണ്ടതാണെന്നും അംഗീകരിക്കുകയാണ് യഥാർഥ പരിഹാരം.  

C. മറ്റുള്ളവർക്കെതിരെ.

നമ്മുടെ കോപത്തിന്റെ അധികഭാഗവും ഈ മേഖലയിലാണ്. മറ്റുള്ളവർ നമുക്കെതിരെ എന്തെങ്കിലും ചെയ്യുകയോ അല്ലെങ്കിൽ, നമുക്കു വേണ്ടി എന്തെങ്കിലും ചെയ്യുവാൻ പരാജയപ്പെടുകയോ ചെയ്യുന്നതിനാലാണ് നാം മറ്റുള്ളവരോട് കോപക്കുന്നത്. ചിലപ്പോൾ, കോപത്തെ മറ്റുള്ളവർക്കെതിരെ ഒരു ആയുധമായും ആളുകൾ ഉപയോഗിക്കാറുണ്ട്. ചില ഉദാഹരണങ്ങൾ ഇവിടെ നൽകുന്നു: 

1. മറ്റുള്ളവരെ നിയന്ത്രിക്കുവാൻ. നമുക്ക് ആവശ്യമായത് നേടിയെടുക്കുന്നതിന് നമ്മുടെ കോപം ഉപയോഗിക്കുവാൻ സാധിക്കും എന്ന് നമുക്കറിയാം. അങ്ങനെ, മറ്റുള്ളവരെക്കൊണ്ട് കാര്യങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണമായി കോപത്തെ ഉപയോഗിക്കുക സാധ്യമാണ്. നമ്മുടെ കോപത്തെ മറ്റുള്ളവർ ഭയപ്പെടുന്നതിനാൽ, അവരെ വരുതിയിലാക്കുവാൻ നാം നിർബന്ധിക്കുന്നു. ഈ പ്രമാണത്തിന്റെ ഉത്തമ പ്രകടനം പല ഭവനങ്ങളിലും കാണാം. ഭർത്താവിന്റെ കോപത്തെ ഭാര്യ ഭയപ്പെടുന്നു, ഭാര്യയുടെ കോപത്തെ ഭർത്താവ് ഭയപ്പെടുന്നു, മാതാപിതാക്കളുടെ കോപത്തെ മക്കളും ഭയപ്പെടുന്നു. അങ്ങനെ, എല്ലായ്പോഴും കോപിക്കുന്ന വ്യക്തിയുടെ കാര്യങ്ങൾ നടക്കുന്നു. ഇത് മറ്റൊന്നുമല്ല, നമുക്ക് വേണ്ടത് ലഭിക്കുവാൻ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകതന്നെയാണ്. 

2. മറ്റ് ആഴമായ വേദനകൾ മറയ്കുവാൻ. ഒരുപക്ഷെ, നമ്മുടെ ചില കഴിഞ്ഞകാല പ്രവൃത്തികൾ സംബന്ധിച്ച് നമുക്ക് ലജ്ജ തോന്നാം. എന്നാൽ, അത് മറ്റുള്ളവരെ അറിയിക്കുവാൻ സാധ്യമായേക്കില്ല. മറ്റുള്ളവർക്കെതിരെ അഴിച്ചുവിടുന്ന കോപാകുലമായ മനോഭാവത്താൽ നാം അതിനെ മറയ്കുന്നു. 

3. നമുക്ക് സുഖം തോന്നുവാൻ. “ഞാൻ നിങ്ങളെക്കാൾ മെച്ചപ്പെട്ടവനാണ്/ഉയരത്തിലാണ്” എന്ന മനോഭാവം നാം വളർത്തുന്നു. അതിനാൽ, മറ്റുള്ളവർക്കെതിരെയുള്ള കോപം നമ്മുടെ സ്വയനീതി ഊട്ടിയുറപ്പിക്കുവാൻ ഉപയോഗിക്കുന്നു. 

4. സമ്മർദ്ദം ലഘൂകരിക്കുവാൻ. എന്റെ വികരങ്ങൾ മുഴുവൻ പ്രകടിപ്പിച്ചതിനാൽ എനിക്ക് സുഖം തോന്നുന്നു; ഉള്ളിലുള്ളത് എല്ലാം ഞാൻ പറഞ്ഞു. സ്വാർഥതയാണ് പ്രശ്നം, നിങ്ങളുടെ കോപം പ്രകടിപ്പിക്കുന്ന ഈ പ്രക്രിയ മറ്റുള്ളവരെ എങ്ങനെ വേദനിപ്പിക്കും എന്ന് ശ്രദ്ധിക്കാതിരിക്കുകയാണിത്. ഉദാഹരണത്തിന്, നമ്മോടു മോശമായി പെരുമാറിയ അച്ഛൻ, അമ്മ, അല്ലെങ്കിൽ പങ്കാളിയോട്  നാം കോപിച്ചിരിക്കുകാണെന്ന് കരുതുക. ചില കൗൺസിലർമാർ നമ്മോടു പറയുന്നത്, ഒരു തലയിണ എടുത്ത് അത് അച്ഛൻ, അമ്മ അല്ലെങ്കിൽ പങ്കാളിയാണെന്ന് സങ്കല്പിച്ചുകൊണ്ട്, നമ്മുടെ കോപം തീർന്ന് നമുക്ക് ആശ്വാസം ലഭിക്കുന്നതുവരെ  ആ തലയിണയെ ഇടിക്കുവാനാണ്. ഉള്ളിൽ പിടിച്ചുവച്ചിരുന്ന വികാരങ്ങൾ പുറത്തേയ്കു വിട്ടുകഴിഞ്ഞപ്പോൾ നമുക്ക് “സുഖം” തോന്നുന്നു. 

5. വൈരാഗ്യം പ്രകടിപ്പിക്കുവാൻ. പ്രതികാരം ചെയ്യാതെ വിടുക എന്നത് മറ്റേയാളെ സ്വതന്ത്രനാക്കുക എന്നാണെന്ന് നമുക്കു തോന്നുന്നു. ശിമയോനെയും ലേവിയേയും പോലെ, യോനായെപ്പോലെ, മറ്റുള്ളവർ “അവർക്ക് അർഹിക്കുന്നത് ലഭിക്കണം” എന്നു നാം ആഗ്രഹിക്കുന്നു [ഈ പരമ്പരയുടെ മൂന്നാമത്തെ പോസ്റ്റ് കാണുക]. നമ്മുടെ പാപങ്ങൾ ക്ഷമിക്കണമെന്നും നമ്മെ ശിക്ഷിക്കരുതെന്നും നാം ദൈവത്തോട് യാചിക്കുന്നു എങ്കിലും, മറ്റുള്ളവരുടെ പാപങ്ങളെ ശിക്ഷിക്കാതെ ദൈവം ക്ഷമിക്കുകയും മറക്കുകയും ചെയ്യുമ്പോൾ നാം അസ്വസ്തരാകുന്നു- പ്രത്യേകിച്ചും അവർ നമ്മെ വേദനിപ്പിച്ചവരാണ് എങ്കിൽ! 

അതുകൊണ്ട്, “ദൈവം നിങ്ങളോടു ക്ഷമിച്ചേക്കാം. എന്നാൽ, എന്നിൽ നിന്നും നിങ്ങൾക്ക് രക്ഷപെടാൻ കഴിയില്ല, ഞാൻ നിങ്ങൾക്കു പണി തരും” എന്ന മനോഭാവം നാം സ്വീകരിക്കുന്നു. 

അതായത്, ദൈവത്തോടും സ്വയത്തോടും മറ്റുള്ളവരോടും പ്രകടിപ്പിക്കുന്ന കോപം എത്ര പാപകരമാകാം എന്ന് നാം കണ്ടു. ഈ കോപം വ്യത്യസ്ത വിധത്തിലാണ് പ്രകടമാക്കുന്നത്. “പാപകരമായ കോപം പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ചില സാധാരണ പ്രയോഗങ്ങൾ എന്തൊക്കെയാണ്?” എന്ന ചോദ്യം ചോദിക്കുകയും ഉത്തരം നൽകുകയും ചെയ്തുകൊണ്ട്, അടുത്ത പോസ്റ്റിൽ നാം അവയെ പ്രതിപാദിക്കുന്നതാണ്.

Category

Leave a Comment