പാപകരമായ കോപം—അത് വരുത്തിവയ്കുന്ന വിനാശം—ഭാഗം 5

Posted byMalayalam Editor March 25, 2025 Comments:0

(English version: “Sinful Anger – The Havoc It Creates (Part 5)”)

കോപം എന്ന വിഷയം സംബന്ധിച്ച്, പ്രത്യേകിച്ചും പാപകരമായ കോപം എന്ന വിഷയം സംബന്ധിച്ചുള്ള ബ്ലോഗ് പോസ്റ്റുകളുടെ പരമ്പരയിലെ ഭാഗം-5 ആണ് ഇത്.  പാപകരമായ കോപത്തെക്കുറിച്ചുള്ള പൊതുവായ അവതരണമായിരുന്നു ഭാഗം 1-ൽ നൽകപ്പെട്ടത്. “എന്താണ് പാപകരമായ കോപം?” എന്ന ഒന്നാമത്തെ ചോദ്യമാണ് ഭാഗം- 2 പ്രതിപാദിച്ചത്. “എന്താണ് പാപകരമായ കോപത്തിന്റെ ഉറവിടം?”  എന്ന രണ്ടാമത്തെ ചോദ്യമാണ് ഭാഗം-3 പരിശോധിച്ചത്. “പാപകരമായ കോപത്തിന് പാത്രമാകുന്നവർ ആരൊക്കെയാണ്?” എന്ന മൂന്നാമത്തെ ചോദ്യമാണ് ഭാഗം 4 നൽകിയത്. 

 “പാപകരമായ കോപം പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ചില സാധാരണ പ്രയോഗങ്ങൾ എന്തൊക്കെയാണ്?” എന്ന നാലാമത്തെ ചോദ്യമാണ് ഈ പോസ്റ്റിൽ നാം കാണുന്നത്. എന്നാൽ, നാലാമത്തെ ചോദ്യത്തിലേയ്കു കടക്കുന്നതിനു മുൻപ്, ആദ്യത്തെ മൂന്നു ചോദ്യങ്ങളുടെ ഒരു അവലോകനം നടത്തുന്നത് നന്നായിരിക്കും. 

“എന്താണ് കോപം?” എന്ന ഒന്നാമത്തെ ചോദ്യമാണ് ഭാഗം – 1 പ്രതിപാദിച്ചത്. ഇപ്രകാരം ലളിതമായ ഒരു നിർവ്വചനം നൽകിക്കൊണ്ട് ആ ചോദ്യത്തിന് നാം ഉത്തരം നൽകി: ധാർമ്മികമായി തെറ്റാണെന്ന് നാം കരുതുന്ന ഒരു പ്രവൃത്തിയോടുള്ള സജീവ പ്രതികരണമാണ് കോപം. അതുകൊണ്ട്, അതിന്റെ അടിസ്ഥാന അർഥത്തിൽ, കോപം അതിൽതന്നെ പാപമല്ല. എല്ലാ മനുഷ്യർക്കുമായി ദൈവത്താൽ നൽകപ്പെട്ട വികാരമാണത്. എന്നാൽ, നീതിയുക്തമായ കോപം എന്നും പാപകരമായ കോപം എന്നു വിളിക്കപ്പെടുന്ന രണ്ട് തരം കോപങ്ങൾ തമ്മിൽ ബൈബിൾ വേർതിരിച്ചിരിക്കുന്നു. 

ബൈബിളിൽ നൽകപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ധാർമ്മിക നിയമം [അതായത്, എന്താണ് ശരി, എന്താണ് തെറ്റ് എന്നതു സംബന്ധിച്ചുള്ള ദൈവത്തിന്റെ മാനദണ്ഡം] ലംഘിക്കപ്പെടുമ്പോൾ പ്രകടമാക്കപ്പെടുന്ന വികാരമാണ് നീതിയുക്തമായ കോപം. ദൈവത്തിന് അപമാനം വരുത്തുന്ന ഒരു പ്രവൃത്തിയുടെ ഫലമായി ഉണ്ടാകുന്നതാണ് ഈ കോപം. ഈ കോപം നിയന്ത്രിതമാണ്. നേർ വിപരീതമായി, ദൈവത്തിന്റെ ധാർമ്മിക നിയമം ലംഘിക്കുന്നതിനോടുള്ള പ്രതികരണമല്ല പാപകരമായ കോപം. താഴെപ്പറയുന്ന കാര്യങ്ങൾ നമുക്ക് അനുഭവേദ്യമാകുമ്പോൾ ഉണ്ടാകുന്ന കോപമാണത്: നമ്മുടെ മാനദണ്ഡം [അഥവാ, നിയമങ്ങൾ] ലംഘിക്കപ്പെടുമ്പോൾ; നാം അപമാനിക്കപ്പെടുമ്പോൾ; നമ്മുടെ ആഗ്രഹങ്ങൾക്കനുസൃതമായി കാര്യങ്ങൾ സംഭവിക്കാതിരിക്കുമ്പോൾ; നമ്മുടെ ഇഷ്ടം നടക്കാതെ വരുമ്പോൾ. 

“എന്താണ് പാപകരമായ കോപത്തിന്റെ ഉറവിടം?” എന്ന രണ്ടാമത്തെ ചോദ്യമാണ് ഭാഗം -3 പ്രതിപാദിച്ചത്. കോപം ഒരു കാരണമല്ല പിന്നെയോ, കൂടുതൽ ആഴമേറിയ പ്രശ്നത്തിന്റെ, പാപകരമായ ഹൃദയത്തിന്റെ ലക്ഷണമാണ് എന്ന് നാം കണ്ടു! യേശു ഇപ്രകാരം പറഞ്ഞു,  “അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,  കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” [മർക്കൊസ് 7:21-23]. 

പാപകരമായ കോപം ഉൾപ്പെടെയുള്ള എല്ലാ തിന്മപ്രവൃത്തികളുടെയും ഉറവിടം ഹൃദയമാണെന്നു കാണാവുന്നതാണ്. ബൈബിൾ പറയുന്നപ്രകാരം, നമ്മുടെ ചിന്തകൾ, വികാരങ്ങൾ, ഇച്ഛ എന്നിവ ഉൾപ്പെടുന്ന ഭാഗമാണ് നമ്മുടെ ഹൃദയം. തെറ്റായ മോഹങ്ങളാൽ ഹൃദയം നിറയുമ്പോൾ, ആ ആഗ്രഹങ്ങൾ നിറവേറ്റപ്പെടാതെ വരുമ്പോൾ, ഉരുവാകുന്ന പ്രതികരണം പാപകരമായ കോപമാണ്! 

“പാപകരമായ കോപത്തിന് പാത്രമാകുന്നവർ ആരൊക്കെയാണ്?” എന്ന മൂന്നാമത്തെ ചോദ്യത്തെയാണ് ഭാഗം -4 അഭിസംബോധന ചെയ്തത്. സാധാരണയായി, ദൈവത്തിനും സ്വയത്തിനും മറ്റുള്ളവർക്കും എതിരെ കോപം പ്രകടിപ്പിക്കുക സാധ്യമാണ് എന്നു പറഞ്ഞുകൊണ്ടാണ് നാം ആ ചോദ്യത്തിന്റെ ഉത്തരം നൽകിയത്. ദൈവം ചെയ്യണം എന്ന് നാം ആഗ്രഹിച്ച കാര്യങ്ങൾ ദൈവം ചെയ്യാതിരിക്കുകയോ ദൈവം ചെയ്യുമെന്ന് നാം പ്രതീക്ഷിക്കാതിരുന്ന ഒന്ന് ദൈവം ചെയ്യുകയോ ചെയ്തതിലൂടെ  ദൈവം നമ്മെ നിരാശപ്പെടുത്തി എന്ന നമ്മുടെ തോന്നലിൽ നിന്നാണ് ദൈവത്തോടുള്ള കോപം ഉടലെടുക്കുന്നത്.  നമ്മുടെ പരാജയങ്ങളുടെ ഫലമായി നാം നമുക്കെതിരെ സ്വയം ചുമത്തുന്ന ശിക്ഷയുടെ ഒരു രൂപമാണ് സ്വയത്തിനെതിരെയുള്ള കോപം. അവസാനമായി, ഏറ്റവുമധികം കാണപ്പെടുന്ന കോപമാണ് മറ്റുള്ളവർക്കെതിരെയുള്ള കോപം. ധാർമ്മികമായി ശരിയല്ല എന്നു നാം കരുതുന്ന എന്തെങ്കിലും മറ്റുള്ളവർ നമുക്കെതിരെ ചെയ്യുകയോ അല്ലെങ്കിൽ, നമുക്കു വേണ്ടി എന്തെങ്കിലും ചെയ്യുവാൻ പരാജയപ്പെടുകയോ ചെയ്യമ്പോഴാണ്  നാം മറ്റുള്ളവരോട് കോപക്കുന്നത്. 

വേഗത്തിലുള്ള ഈ അവലോകനത്തോടെ, ഇനി, പാപകരമായ കോപം സംബന്ധിച്ചുള്ള നാലാമത്തെ ചോദ്യത്തെ നമുക്കു പരിശോധിക്കാം. 

IV. പാപകരമായ കോപം പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ചില സാധാരണ പ്രയോഗങ്ങൾ എന്തൊക്കെയാണ്?

പാപകരമായ കോപം പ്രകടിപ്പിക്കുന്ന രീതികളിൽ ആളുകൾ വിഭിന്നരാണ്. ഒരു പ്രഷർ കുക്കറിന്റെ മൂന്ന് ഘട്ടങ്ങളുമായി നമുക്ക് അതിനെ താരതമ്യം ചെയ്യാം. 

1. നിശബ്ദപ്രകടനം 

പ്രഷർ കുക്കറിന്റെ ഒന്നാമത്തെ ഘട്ടത്തിൽ ചൂട് നിശബ്ദമായി കുക്കറിനുള്ളിൽ ഉയരുന്നു. അതുപോലെതന്നെ, ചില ആളുകൾ പുറമേ വളരെ ശാന്തരായായി കാണപ്പെടുന്നു. എന്നാൽ, അവരുടെ കോപം ഉള്ളിൽ നിറയുകയാണ്. അവരുടെ ഉള്ളിൽ രോഷം തിളച്ചുമറിയുകയായിരിക്കാം. എന്നാൽ പുറമേ പുഞ്ചിരിച്ചുകൊണ്ട്, ചിലപ്പോൾ വർഷങ്ങളോളം അവർ ശാന്തരായി കാണപ്പെടുന്നു!

അവരെ നിരീക്ഷിക്കുന്ന മറ്റുള്ളവർ അവർ വളരെ നിയന്ത്രണമുള്ളവരാണ് എന്ന് പലപ്പോഴും തെറ്റിദ്ധരിക്കുന്നു. പൊതുവായി പറഞ്ഞാൽ, പാപപൂർണമായ കോപം പ്രകടിപ്പിക്കുന്നവരിൽ ഈ വിഭാഗത്തിൽ പെടുന്ന ആളുകൾ സ്വാഭാവികമായും കൂടുതൽ അന്തർമുഖരും ലജ്ജാശീലരുമാണ്-വികാരം പുറത്ത് വളരെ പ്രകടിപ്പിക്കുന്നവരല്ല. എന്നിരുന്നാലും, പുറമേ നിശബ്ദരും ശാന്തരുമായി കാണപ്പെടുന്നതിനർഥം അവരുടെ ഉള്ളിൽ കോപം ഇല്ല എന്നല്ല. കോപമനോഭാവം സ്ഥിരമാക്കിയ ഹൃദയം സമയം കടന്നുപോകുന്നതനുസരിച്ച് കഠിനമാകുന്നു.  കാലക്രമേണ ഈ കോപം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകടമാകുന്നു. 

2. സ്ഥിരമായി പുറത്തുവിടുന്നു 

പ്രഷർ കുക്കറിന്റെ രണ്ടാം ഘട്ടത്തിൽ, താപനില ഉയരുന്നതനുസരിച്ച് അടപ്പ് സാവധാനത്തിലും സ്ഥിരമായും ചെറിയ അളവിലുള്ള നീരാവി പുറത്തേക്ക് ഒഴുക്കുന്നു. പാപകരമായ കോപം പ്രകടിപ്പിക്കുന്നവരിൽ ഈ വിഭാഗത്തിൽ പെടുന്ന ആളുകൾ, പരിഹാസ്യമായ അഭിപ്രായങ്ങളിലൂടെയും ദ്രോഹകരമായ പ്രവർത്തനങ്ങളിലൂടെയും തുടർമാനമായും സ്ഥിരമായും കോപം പ്രകടമാക്കുന്നവരാണ്. ചിലപ്പോഴൊക്കെ, അവരെ കാണുന്നവർക്ക് വ്യക്തമായി മനസ്സിലാകാത്ത വിധത്തിൽ മറ്റൊരാളെ വേദനിപ്പിക്കുവാൻ അവർ ശ്രദ്ധിക്കുന്നു. എന്നാൽ, കോപം അവരുടെ ഉള്ളിലുണ്ട്, അത് സ്ഥിരമായി പ്രകടിപ്പിക്കുന്നു.

3. പെട്ടെന്നുള്ള പൊട്ടിത്തെറി 

പ്രഷർ കുക്കറിന്റെ മൂന്നാമത്തെ ഘട്ടത്തിൽ, അകത്തുള്ള മുഴുവൻ നീരാവിയും വലിയൊരു ശബ്ദത്തോടെ പുറത്തേയ്കു ചീറ്റുന്നത് നാം കാണുന്നു. പാപകരമായ കോപം പ്രകടിപ്പിക്കുന്നവരിൽ ഈ വിഭാഗത്തിൽപ്പെടുന്ന ആളുകൾ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ളവരാണ്.  സാധാരണയായി, ശബ്ദം കൂടുക, അലറുക, കോപത്തോടെ തീരുമാനമെടുക്കുക, കായികമായ പെരുമാറ്റം പോലും ഉണ്ടാകുക എന്നീ ലക്ഷണങ്ങൾ അവരുടെ കോപത്തിന്റെ അടയാളങ്ങളാണ്. നിർഭാഗ്യവശാൽ, കോപപരവശനായ മാതാവിന്റെയോ പിതാവിന്റെയോ കയ്യിൽ നിന്നും നിഷ്ടക്കളങ്കനായ ഒരു കുട്ടി പോലും ഇത്തരം കോപത്തിന് ഇരയാകുന്നുണ്ട്. അത് ചിലപ്പോൾ ശാരീരിക പീഡനത്തിലേയ്കും കടന്നേയ്കാം. 

ഈ രീതിയിൽ കോപം പ്രകടമാക്കുന്ന വ്യക്തികൾ ഇങ്ങനെ പറഞ്ഞേക്കാം, “ഞാൻ എന്റെ വികാരങ്ങൾ മറച്ചുവെക്കുന്നില്ല, ഞാൻ വളരെ സുതാര്യതയുള്ളവനാണ്, എനിക്ക് കോപം തോന്നുമ്പോൾ അതു മറച്ചുവയചകാതെ ഞാൻ പ്രകടിപ്പിക്കും. എന്റെ മനസ്സിൽ എന്താണുള്ളതെന്ന് എല്ലാവരേയും അറിയിക്കും.” അത്തരം സുതാര്യതയ്ക്ക് തങ്ങൾ അഭിനന്ദനാർഹരാണ് എന്ന് അവരുടെ വികൃതമായ മനസ്സുകൾ കരുതുന്നു എന്നാണ് ഈ വാക്കുകൾ കാണിക്കുന്നത്. 

മൊത്തത്തിൽ, മുഖ്യ ആശയമിതാണ്: കോപത്തിന്റെ എല്ലാ പ്രകടനങ്ങളും ഒരേ രീതിയിലല്ല. ശൈലിയിൽ വ്യത്യാസമുണ്ട്. എന്നാൽ, അത് അപ്പോഴും പ്രകടമാക്കുന്നുണ്ട്. ഒരു വ്യക്തിയ്ക്കുതന്നെ അയാളുടെ കോപം കലാകാലങ്ങളിൽ നിശബ്ദമായും എല്ലാ സമയത്തും സ്ഥിരതയോടെയും ചിലപ്പോഴൊക്കെ സ്പോടനാത്മകമായ രീതിയിലും പ്രകടിപ്പിക്കുവാൻ സാധിക്കും. കോപം എപ്രകാരം പ്രകടമാക്കിയാലും, അതിന് പ്രത്യാഘാതങ്ങളുണ്ട്- നാം അടുത്ത പോസ്റ്റിൽ കാണുന്നതുപോലെ, അവ ചിലപ്പോൾ നാശകരമാണ്.

Category

Leave a Comment