പാപകരമായ കോപം—അത് വരുത്തിവയ്കുന്ന വിനാശം—ഭാഗം 6

(English version: “Sinful Anger – The Havoc It Creates (Part 6)”)
കോപം എന്ന വിഷയം സംബന്ധിച്ച്, പ്രത്യേകിച്ചും പാപകരമായ കോപം എന്ന വിഷയം സംബന്ധിച്ചുള്ള ബ്ലോഗ് പോസ്റ്റുകളുടെ പരമ്പരയിലെ ഭാഗം-6 ആണ് ഇത്. പാപകരമായ കോപത്തെക്കുറിച്ചുള്ള പൊതുവായ അവതരണമായിരുന്നു ഭാഗം 1-ൽ നൽകപ്പെട്ടത്. “എന്താണ് പാപകരമായ കോപം?” എന്ന ഒന്നാമത്തെ ചോദ്യമാണ് ഭാഗം- 2 പ്രതിപാദിച്ചത്. “എന്താണ് പാപകരമായ കോപത്തിന്റെ ഉറവിടം?” എന്ന രണ്ടാമത്തെ ചോദ്യമാണ് ഭാഗം-3 പരിശോധിച്ചത്. “പാപകരമായ കോപത്തിന് പാത്രമാകുന്നവർ ആരൊക്കെയാണ്?” എന്ന മൂന്നാമത്തെ ചോദ്യമാണ് ഭാഗം—4 നൽകിയത്. “പാപകരമായ കോപം പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ചില സാധാരണ പ്രയോഗങ്ങൾ എന്തൊക്കെയാണ്?” എന്ന നാലാമത്തെ ചോദ്യമാണ് ഭാഗം – 5 ൽ പ്രതിപാദിച്ചത്.
അഞ്ചാമത്തെ ചോദ്യമാണ് ഈ പോസ്റ്റിൽ നാം കാണുവാൻ പോകുന്നത്:
v. പാപകരമായ കോപത്തിന്റെ നാശകരമായ പ്രത്യാഘാതങ്ങൾ ഏവ?
ഒന്നാമതായി, നമ്മുടെ കോപപ്രകടനങ്ങൾക്ക് നാം വില നൽകേണ്ടതുണ്ട് എന്ന് നാം മനസ്സിലാക്കണം. ഈ സത്യത്തെ ബൈബിൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നു. ഇയ്യോബ് 5:2a ഇപ്രകാരം പറയുന്നു: “നീരസം [പാപകരമായ കോപത്തെ മറ്റൊരു വിധത്തിൽ പറയുന്നത്] ഭോഷനെ കൊല്ലുന്നു.” ഒരു ഭാവാർഥവിവരണം ഈ വാക്യത്തിന്റെ അർഥത്തെ നന്നായി ഉൾക്കൊള്ളുന്നു, “ഒരു വിഡ്ഡിയുടെ ക്ഷിപ്രകോപം ഒടുവിൽ അവനെത്തന്നെ കൊല്ലുന്നു.” ഏറ്റവും ജ്ഞാനിയായ [യേശു കഴിഞ്ഞാൽ] ശലോമോന് ഇതിലും വ്യക്തമായി എഴുതുവാൻ കഴിയുമായിരുന്നില്ല, “മുൻകോപി പിഴ കൊടുക്കേണ്ടിവരും” [സദൃശ്യവാക്യങ്ങൾ 19:19].
ആശയം വ്യക്തമാണ്: പാപകരമായ കോപത്തിന് കീഴ്പ്പെടുന്നത് നാശകമരായ പ്രത്യാഘാതങ്ങൾ ഉളവാക്കും. 7 പ്രത്യാഘാതങ്ങൾ താഴെ നിരത്തിയിരിക്കുന്നു.
നാശകരമായ പ്രത്യാഘാതം # 1. പാപകരമായ കോപത്തിന് മനുഷ്യരെ നമ്മിൽ നിന്നും അകറ്റുവാൻ സാധിക്കും.
കോപാകുലരായ ആളുകളോട് അടുത്ത് ഇടപഴകുന്നതിനെക്കുറിച്ച് ഒരു എഴുത്തുകാരൻ വർണ്ണിക്കുന്നത് ഇപ്രകാരമാണ്, “ഒരു ടൈംബോംബിനോട് പറ്റിച്ചേർന്നു കിടക്കുന്നതു പോലെയാണത്. അത് എപ്പോഴാണ് പൊട്ടിത്തെറിച്ച് നിങ്ങളെ ഛിന്നഭിന്നമാക്കുന്നത് എന്ന് ഒരിക്കലും നിങ്ങൾ അറിയുകയില്ല.” ഒരു ചെറിയ കാര്യംപോലും കോപിഷ്ഠനായ ഒരു വ്യക്തിയെ ചൊടിപ്പിക്കും. കോപാകുലരായ ആളുകൾ യുക്തിയുടെ ശബ്ദത്തിന് ചെവി കൊടുക്കുകയില്ല. അവർ വലിയ ഉച്ചത്തിൽ അലറുന്ന തിരക്കിലായതിനാൽ, മറ്റേയാൾ എന്താണ് പറയുവാൻ ശ്രമിക്കുന്നത് എന്ന് കേൾക്കുവാൻ അവർക്കു സാധിക്കുകയില്ല. അവരെ ചൊടിപ്പിക്കാതെ വളരെ സൂക്ഷിച്ച് ഇടപഴകേണ്ടതുണ്ട്. അതുകൊണ്ടാണ്, കോപിഷ്ഠനായ ഒരു വ്യക്തിയോട് അടുത്ത് ഇടപഴകുവാൻ ആളുകൾ സാധാരണയായി മുതിരാത്തത്. വേദനിക്കുവാൻ ആഗ്രഹിക്കാത്തതിനാൽ കോപിഷ്ഠന്റെ അടുക്കൽ നിന്നും അകലം പാലിക്കുവാൻ ആളുകൾ ആഗ്രഹിക്കുന്നു!
സദൃശ്യവാക്യങ്ങൾ 22:24-ൽ ശലോമോൻ ഈ മുന്നറിയിപ്പ് നൽകുന്നതിൽ അതിശയിക്കേണ്ടതില്ല: “കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.” ശലോമോന് നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന ഗോത്രപിതാവായ യാക്കോബും ഇതേ കാര്യം തന്റെ മരണത്തിനു തൊട്ടുമുൻപ് പറഞ്ഞിരുന്നു. ഉല്പത്തി 34-ൽ യാക്കോബിന്റെ മകൾ ദീനാ ശേഖേമിലെ ഭരണാധികാരിയുടെ മകൻ ശേഖേമിനാൽ ബലാൽക്കാരത്തിനിരയായതിനെക്കുറിച്ച് വിവരിക്കുന്നു. തത്ഫലമായി, അനിയന്ത്രിതവും ന്യായീകരിക്കാനാവാത്തതുമായ കോപത്താൽ ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും ആ ദേശത്തെ സകല പുരുഷന്മാരെയും കൊന്നുകളഞ്ഞു!
യാക്കോബ് തന്റെ മരണക്കിടക്കയിൽ അവരെക്കുറിച്ചു നടത്തിയ ന്യായവിധിയുടെ പരാമർശം ഇതാണ്: “ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ. എൻ ഉള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടെച്ചു. അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാൻ അവരെ യാക്കോബിൽ പകക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും” [ഉല്പത്തി 49:5-7]. വാക്യം 6-ൽ യാക്കോബ് പറയുന്നത് ശ്രദ്ധിക്കുക: “എൻ മനമേ അവരുടെ യോഗത്തിൽ ചേരരുതേ‘! എന്തുകൊണ്ട്? അവരുടെ പാപകരമായ കോപമാണ് അതിനു കാരണം!”
ചിലപ്പോൾ ഒരു പങ്കാളി മറ്റേയാളെ ഉപേക്ഷിച്ചുപോകുന്നതിനുവരെ കാരണമാകുന്ന പാപകരമായ കോപം മൂലം എത്ര വിവാഹബന്ധങ്ങളാണ് തകരുന്നത്? ഒരിക്കൽക്കൂടി, ശലോമോന്റെ വാക്കുകൾ നമ്മെ ഈ സത്യം ഓർമ്മിപ്പിക്കുന്നു, “ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു” [സദൃശ്യവാക്യങ്ങൾ 21:9]. സദൃശ്യവാക്യങ്ങൾ 25:24 -ലും അതേ സത്യം ആവർത്തിച്ചിരിക്കുന്നു. കലഹിക്കുന്നത് ഭാര്യായാലും ഭർത്താവായാലും ഈ സദൃശ്യവാക്യത്തിന്റെ സത്യം ഇന്ന് പല വിവാഹബന്ധങ്ങളിലും ഒരു യാഥാർഥ്യംതന്നെയാണ്!
പാപകരമായ കോപത്തിന്റെ ഒരു പരിണിതഫലം ഇതാണ്: കോപിഷ്ഠനായ വ്യക്തി ഒറ്റപ്പെട്ട് ജീവിക്കുന്നു. വിശ്വാസികൾ ഒറ്റപ്പെട്ടു ജീവിക്കുവാൻ വിളിക്കപ്പെട്ടവരല്ല. നാം മറ്റുള്ളവർക്ക് അനുഗ്രഹമാകേണ്ടവരാണ്. എന്നാൽ, നാം അപാരമായ കോപത്താൽ നിയന്ത്രിക്കപ്പെടുന്നവരാണെന്നു കരുതുക. അപ്പോൾ, ഒറ്റപ്പെടലിന്റെ ഫലമായി ദുരിതം അനുഭവിക്കുമെന്നു മാത്രമല്ല പിന്നെയോ അയൽക്കാരനെ നമ്മെപ്പോലെതന്നെ സ്നേഹിക്കുക എന്ന ദൈവദായകമായ ഉത്തരവദിത്തം ചെയ്യുന്നതിൽ നാം പരാജയപ്പെടുകയുമാണ്.
മറ്റുള്ളവരെ തങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതിനുള്ള ഉപകരണമായി ചില സന്ദർഭങ്ങളിൽ ചിലർ കോപത്തെ ഉപയോഗിക്കുന്നു. ഇത്തരത്തിൽ അവർ മറ്റുള്ളവരെ നിയന്ത്രിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നു. എങ്ങനെയാണത്? ആളുകളെ അകറ്റി നിർത്തുക എന്നതിനർഥം അവർക്ക് മറ്റുള്ളവരുമായി, പ്രത്യേകിച്ചും അവർ വേദനിപ്പിച്ചവരുമായി കാര്യങ്ങൾ പരിഹരിക്കേണ്ടതില്ല എന്നാണ്! ഇത്തരത്തിൽ, അവർക്ക് എല്ലാവിധ ഏറ്റുമുട്ടലുകളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കുവാൻ സാധിക്കും. ഏതു നിമിഷവും പൊട്ടിത്തെറിക്കുവാൻ സാധ്യതയുള്ള ആളുകളിൽ നിന്നും മറ്റുള്ളവർ സാധാരണയായി അകന്നു നിൽക്കും എന്ന് അറിയാവുന്നതിനാൽ, ആളുകളെ ഒരു നിശ്ചിത അകലത്തിൽ നിർത്തുവാൻവേണ്ടി അവർ തങ്ങളുടെ കോപത്തെ ഉപയോഗിക്കുന്നു.
നിങ്ങൾ ജീവിതത്തിൽ ഏകാന്തത നേരിടുന്നുവെങ്കിൽ ഈ രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലതാണ്:
-
- എന്റെ ക്ഷിപ്രകോപമാണോ ആളുകളെ എന്നിൽ നിന്നും അകറ്റി നിർത്തുന്നത്?
- ആളുകളെ എന്നിൽ നിന്നും അകറ്റി നിർത്തുവാൻ ഞാൻ എന്റെ കോപത്തെ ഉപയോഗിക്കുകയാണോ?
അതുകൊണ്ട്, നമുക്ക് മുന്നറിയിപ്പ് സ്വീകരിക്കാം: പാപകരമായ കോപത്തിന് മനുഷ്യരെ നമ്മിൽ നിന്നും അകറ്റുവാൻ സാധിക്കും.
നാശകരമായ പ്രത്യാഘാതം # 2. പാപകരമായ കോപം മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കും.
നമുക്കു വീണ്ടും സദൃശ്യവാക്യങ്ങൾ 22 പരിശോധിക്കാം. വാക്യങ്ങൾ 24 ഉം 25 ഉം നമുക്കു കാണാം. സദൃശ്യവാക്യങ്ങൾ 22:24-25 “24 കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.25നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.” “നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു” എന്നു പറയുന്ന വാക്യം 25 ശ്രദ്ധിക്കുക. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പാപകരമായ കോപത്തിന് മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മക്കളെ വളർത്തുന്ന കാര്യത്തിലും അത് അപ്രകാരംതന്നെയാണ്.
നിങ്ങൾ കോപാലുവായ ഒരു മാതാവോ പിതാവോ ആണെന്ന് സങ്കല്പിക്കു. രാവും പകലും കോപത്തിന്റെ മനോഭാവം പ്രകടമാക്കുന്ന നിങ്ങളെയാണ് നിങ്ങളുടെ മക്കൾ കാണുന്നത്. അത് എത്രമാത്രം പ്രതികൂലമായ ഒരു സ്വാധീനമാണ്. മറ്റുള്ളവരെ, പ്രത്യേകിച്ചും നമ്മുടെ മക്കളെ ക്രിയാത്മകമായി സ്വാധീനിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്! എന്നാൽ, ശ്രദ്ധിക്കുക, പാപകരമായ കോപത്തിന് അതിനു നേർ വിപരീതമായി പ്രവർത്തിക്കുവാൻ സാധിക്കും!
അതുകൊണ്ട്, നമുക്ക് മുന്നറിയിപ്പ് സ്വീകരിക്കാം: പാപകരമായ കോപം മറ്റുള്ളവരെ പ്രതികൂലമായി ബാധിക്കും
നാശകരമായ പ്രത്യാഘാതം # 3. പാപകരമായ കോപത്തിന് കൊലപാതകം ഉൾപ്പെടെയുള്ള കൂടുതൽ വലിയ പാപങ്ങളിലേയ്ക് നയിക്കുവാൻ സാധിക്കും!
സദൃശ്യവാക്യങ്ങൾ 29:22 ഇപ്രകാരം പറയുന്നു: “കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.” കയീനെയും അവന്റെ കോപം ഒടുവിൽ ഹാബേലിനെ കൊലപ്പെടുത്തുന്നതിലേയ്കു നയിച്ചതെങ്ങനെയെന്നും ഓർക്കുന്നുണ്ടോ [ഉല്പത്തി 4:6-8]? അനിയന്ത്രിതമായ കോപത്താൽ ഒരുവൻ തന്റെ സഹോദരനെ കൊലപ്പെടുത്തുന്നതാണ് ബൈബിളിലെ ആദ്യത്തെ കൊലപാതകം! കോപം എന്ന പാപം കയീനെ നിയന്ത്രിക്കുകയാണ്. അവൻ അതിനെതിരെ ശക്തമായി ചെറുത്തുനിൽക്കേണ്ടതുണ്ട് എന്ന ദൈവത്തിന്റെ മുന്നറിയിപ്പ് “…പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം” [ഉല്പത്തി 4:7] ലഭിച്ചിട്ടും അപ്രകാരം സംഭവിച്ചു!
നാം കൊലപാതകം ചെയ്യുവാൻ ഒരുമ്പെടുകയില്ല എന്നിരുന്നാലും, നമ്മുടെ കോപത്തിന് നാം ഉദ്ദേശിക്കുന്നതിലധികം ദോഷം വരുത്തുക സാധ്യമാണ്. അനിയന്ത്രിതമായ കോപത്തിൽ നിന്നും ഉളവാകുന്ന പാപകരമായ സംസാരം ഒരു ഉദാഹരണമാണ്. “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം” [സദൃശ്യവാക്യങ്ങൾ 12:18]. കോപാകുലമായ ഹൃദയം വാക്കുകളാൽ മറ്റുള്ളവരെ കുത്തുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്നു, സംസാരിച്ചതിനു ശേഷം, ദീർഘനാളുകൾക്കു ശേഷവും മുറിവേൽപ്പിക്കുവാൻ അവ ശക്തമാണ്. നമുക്ക് ഒരുവനെ ശാരീരികമായി കൊല്ലുവാൻ സാധിച്ചേക്കില്ല, എന്നാൽ, നമ്മുടെ കോപം നിയന്ത്രിക്കുവാൻ സാധിക്കാത്തതിനാൽ നാം വാക്കുകളാൽ അവരെ തുടർച്ചയായി കൊല്ലുന്നു.
പൊലീസ് ഭാഷയിൽ ഒരു കുറ്റകൃത്യത്തെ ചിലപ്പോൾ “പെട്ടെന്നുണ്ടായ പ്രകോപനത്താൽ“ സംഭവിച്ച കുറ്റം എന്നു പരാമർശിക്കാറുണ്ട്. അതിനർഥം, ആ കുറ്റം കരുതിക്കൂട്ടി ചെയ്തതല്ല എന്നാണ്. പെട്ടെന്നുള്ള കോപം ഒരു വ്യക്തിയെ നിയന്ത്രിക്കുന്നതിനാൽ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളാണ് അത്തരത്തിലുള്ളവ. പലപ്പോഴും ചെറിയ ഒരു വാഗ്വാദം കൊലപാതകമല്ല എങ്കിൽക്കൂടി, ശാരീരികമായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള മറ്റു പല പാപങ്ങളിലേയ്കു നയിക്കുന്നു! അതിനെല്ലാം കാരണമായിരിക്കുന്നത് നമുക്ക് നമ്മുടെ കോപം നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല എന്നതാണ്! കോപാകുലരായ ആളുകൾ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികൾ ചെയ്യുന്നതിനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടാണ് കോപമെന്ന ഈ പാപത്തെ മുളയിലേ നുള്ളിക്കളയുവാൻ നാം ശ്രദ്ധിക്കേണ്ടത്. അത് വളരുന്നതിനായി കാത്തിരിക്കരുത്!
അതുകൊണ്ട്, നമുക്ക് മുന്നറിയിപ്പ് സ്വീകരിക്കാം: പാപകരമായ കോപത്തിന് കൊലപാതകം ഉൾപ്പെടെയുള്ള കൂടുതൽ വലിയ പാപങ്ങളിലേയ്ക് നയിക്കുവാൻ സാധിക്കും!
നാശകരമായ പ്രത്യാഘാതം # 4. പാപകരമായ കോപം നിഷ്കളങ്കരേയും വേദനിപ്പിക്കുവാൻ നമ്മെ ഇടയാക്കും.
ചിലപ്പോൾ, മാതാപിതാക്കൾ എന്ന നിലയിൽ, നമ്മുടെ അനിയന്ത്രിതമായ കോപം കൊച്ചുകുട്ടികളെ ശാരീരികമായും വാക്കുകളാലും വേദനിപ്പിക്കുവാൻ ഇടയാക്കും. ഈ സത്യം വ്യക്തമാക്കുന്ന വേദനാജനകമായ ഒരു ചെറിയ കഥ ഇവിടെ നൽകുന്നു:
ഒരിക്കൽ ഒരു മനുഷ്യൻ തന്റെ പുതിയ കാർ തുടച്ചുകൊണ്ടിരുന്നപ്പോൾ, അയാളുടെ 4 വയസ്സുള്ള മകൻ ഒരു കല്ലെടുത്ത് കാറിന്റെ ഒരു വശത്ത് വരച്ചു. അയാൾ കോപത്തോടെ കുഞ്ഞിന്റെ കൈ പിടിച്ച് പലതവണ അടിച്ചു, അടിക്കുവാൻ ഉപയോഗിച്ചത് നട്ടും ബോൾട്ടും മുറുക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണെന്ന് അയാൾ തന്റെ കോപത്തിൽ ശ്രദ്ധിച്ചില്ല.
പല കഷണങ്ങളായി ഒടിഞ്ഞതുമൂലം കുഞ്ഞിന്റെ കയ്യിലെ എല്ലാ വിരലുകളും നഷ്ടമായിപ്പോയി. ആശുപത്രിയിൽ തന്റെ പിതാവിനോട് കണ്ണീരോടെ അവൻ ചോദിച്ചു, “ഡാഡീ, എന്റെ വിരലുകൾ എപ്പോഴാണ് വീണ്ടും വളർന്നുവരുന്നത്?“ ആ പിതാവ് വേദനയാൽ സ്തബ്ധനായിപ്പോയി.
അയാൾ കാറിന്റെ അടുക്കലേയ്കു തിരികെ പോയി പലതവണ കാറിനെ തൊഴിച്ചു. അതുകൊണ്ടും മതിയാകാതെ, തന്റെ പ്രവൃത്തിയുടെ പരിണിതഫലത്താൽ തകർന്നുപോയ അയാൾ, കാറിന്റെ മുമ്പിൽ നിലത്തിരുന്നു. അപ്പോൾ, തന്റെ കുഞ്ഞ് കാറിൽ കല്ലുകൊണ്ട് വരച്ചിട്ട വരികൾ അയാൾ കണ്ടു, “ഡാഡീ, ഞാൻ ഡാഡിയെ സ്നേഹിക്കുന്നു’.
അടുത്ത ദിവസം അയാൾ ആത്മഹത്യ ചെയ്തു.
ഈ കഥയിൽ നിന്നും, നാം നമ്മുടെ കുട്ടികളെ ശിക്ഷിക്കരുത് എന്ന തെറ്റായ അനുമാനത്തിലേയ്ക് ദയവായി എത്തരുത്. നിങ്ങൾ ഒരു മാതാവോ പിതാവോ ആയിരിക്കെ, ശരിയായ ശിക്ഷണം ആവശ്യമുള്ളപ്പോൾ നൽകാതിരിക്കുന്നത് പാപമാണെന്ന് ബൈബിൾ പറയുന്നു. എന്നിരുന്നാലും, അനിയന്ത്രിതമായ കോപത്തിന്റെ ഫലമായാണ് ശിക്ഷണം നൽകുന്നത് എങ്കിൽ, അത് പാപമാണ്. ഈ കഥ അത്തരത്തിലുള്ള കോപത്തിന്റെ പരിണിതഫലമാണ്. ദുരുപയോഗം ചെയ്യുന്നതിനുള്ള യാതൊരു ലൈസൻസും ബൈബിൾ നൽകുന്നില്ല!
നിഷ്കളങ്കരായവരെപോലും വേദനിപ്പിക്കുന്നതിലേയ്ക് നയിക്കുവാൻ പാപകരമായ കോപത്തിന് സാധിക്കും എന്നതാണ് ആശയം. ഉദാഹരണത്തിന്, നാം ആരോടെങ്കിലും കോപിച്ചിരിക്കുകയാണെന്ന് കരുതുക. മറ്റൊരാൾ വന്ന് നാം കോപിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ച് ചില നല്ല കാര്യങ്ങൾ പറയുന്നു. അപ്പോൾ, നാം അയാൾക്കെതിരെ തിരിയുന്നു, കാരണം, അയാൾ നമ്മുടെ പക്ഷം ചേരുന്നതിനുപകരം നാം കോപിച്ചിരിക്കുന്നയാളുടെ പക്ഷം പിടിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നമ്മുടെ “നീതിയുക്തമായ“ കോപത്തെ പിന്തുണയ്കാത്തതിനാൽ, നമ്മുടെ കോപം മറ്റുള്ളവരുടെമേൽ ആഞ്ഞടിക്കുന്നു [നമ്മുടെ സുഹൃത്തുക്കൾക്കെതിരെപോലും ആകാം]!
അതുകൊണ്ട്, നമുക്ക് മുന്നറിയിപ്പ് സ്വീകരിക്കാം: പാപകരമായ കോപം നിഷ്കളങ്കരേയും വേദനിപ്പിക്കുവാൻ നമ്മെ ഇടയാക്കും.
നാശകരമായ പ്രത്യാഘാതം # 5. പാപകരമായ കോപത്തിന് ദൈവത്തിന്റെ ന്യായവിധി കൊണ്ടുവരുവാൻ സാധിക്കും.
പാപകരമായ കോപത്തിന്റെ മറ്റൊരു വിനാശകരമായ അനന്തരഫലം ഇവിടെ നൽകുന്നു. ഇത് കർത്താവായ യേശുവിന്റെ ഗിരിപ്രഭാഷണം എന്നറിയപ്പെടുന്ന ഉപദേശത്തിന്റെ ഭാഗമാണ്.
“കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും” [മത്തായി 5:21-22].
നിന്ദയെ സൂചിപ്പിക്കുന്ന “നിസ്സാര” എന്ന വാക്ക് കാണിക്കുന്നതുപോലെ, കോപം പാപകരമായ സംസാരത്തിലേയ്ക് നയിക്കുന്നു. അത്തരം പ്രവൃത്തികൾ ആത്യന്തികമായി ദൈവത്തിന്റെ ന്യായവിധിയിലേയ്കു നയിക്കുന്നു എന്നാണ് “ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും” എന്ന പ്രയോഗം കാണിക്കുന്നത്. 21, 22 വാക്യങ്ങളിൽ രണ്ടുതവണ ആവർത്തിച്ചിരിക്കുന്ന “ന്യായവിധിക്കു യോഗ്യനാകും,” “അഗ്നിനരകത്തിനു യോഗ്യനാകും” എന്നീ പ്രയോഗങ്ങളും അതുതന്നെയാണ് അർഥമാക്കുന്നത്.
യഥാർഥമായി ദൈവത്തിന്റെ മക്കളായിരിക്കുന്നവർ ഒരിക്കലും നരകാഗ്നി അനുഭവിക്കുകയില്ല എന്നിരിക്കിലും, തന്റെ മക്കൾ കോപത്തിന്റെ ജീവിതശൈലി പിന്തുടർന്നാൽ ദൈവം കർശനമായി ശിക്ഷണം നടത്തുന്നതാണ്. പാപകരമായ കോപസ്വഭാവമുള്ളവർ, റോമർ 6:17-18 പഠിപ്പിക്കുന്നതിനു വിപരീതമായി പാപത്തിന്റെ അടിമയായി ജീവിക്കുന്നത് തുടരുന്നു എന്നതിനാൽ, തങ്ങൾ ദൈവത്തിന്റെ മക്കൾതന്നെ ആണോ എന്നതു സംബന്ധിച്ച് തങ്ങളെത്തന്നെ പരിശോധിക്കേണ്ടത് ആവശ്യമാണ്!
കോപാകുലരായ മനുഷ്യർക്ക് ദൈവത്തിന്റെ ന്യായവിധിയിൽ നിന്നും രക്ഷപെടുക സാധ്യമല്ല. എന്തുകൊണ്ട്? കാരണം, കോപിക്കുന്ന ആത്മാവ് അഹംഭാവവും മത്സരവും ഉള്ള ആത്മാവാണ്. എങ്ങനെയാണ് അഹംഭാവിയും മത്സരിയുമായ ഒരു ആത്മാവിനെ ദൈവത്തിന് സഹിക്കുവാൻ സാധിക്കുന്നത്? താഴ്മയുടെ ഹൃദയങ്ങളുള്ളവരിൽ മാത്രമാണ് ദൈവം പ്രസാധിക്കുന്നത് [യാക്കോബ് 4:6].
കോപിക്കുന്ന മനുഷ്യരോട് ദൈവം പ്രസാധിക്കാത്തതിന്റെ മറ്റൊരു കാരണം അവർ ദൈവത്തിന്റെ മഹത്വം അപഹരിക്കുന്നു എന്നതാണ്. അന്തിമ ന്യായകർത്താവ് എന്ന ദൈവത്തിന്റെ സ്ഥാനം കോപാകുലനായ വ്യക്തി എടുക്കുകയാണ്. ശേഖേമ്യരെ ആക്രമിച്ചപ്പോൾ ശിമെയോനും ലേവിയും അതാണ് ചെയ്തത് [ഉല്പത്തി 34:24-29]. വാഗ്ദത്തനാട്ടിൽ കടന്നപ്പോൾ ചില പട്ടണങ്ങളെ തുടച്ചുമാറ്റുവാൻ ദൈവം യിസ്രായേലിനോട് കല്പിച്ചു എന്നത് ശരിയാണെന്നിരിക്കെത്തന്നെ, ദൈവത്തിന്റെ കല്പനയ്കനുസൃതമായി മാത്രമാണ് അപ്രകാരം ചെയ്യേണ്ടിയിരുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തനിക്കെതിരെ മഹാപാപം ചെയ്തിരുന്ന മനുഷ്യരോട് തന്റെ പ്രതികാരം ചെയ്യുവാൻ ഉപകരണങ്ങളായി ദൈവം യിസ്രായേലിനെ ഉപയോഗിച്ച് വിശുദ്ധ യുദ്ധമായിരുന്നു അത്.
തെറ്റിനെ തിരുത്തുവാൻ മനുഷ്യർ സ്വന്തമായി പ്രവർത്തിക്കുന്നതിൽ നിന്നും അത് വ്യത്യസ്തമാണ്. ആ അർഥത്തിൽ അവർ ദൈവത്തിന് അർഹമായത് കവർന്നെടുക്കുന്നവരാണ്- പാപകരമായ പ്രവർത്തികൾക്കെതിരയുള്ള ദൈവത്തിന്റെ പ്രതികാരത്തെ അപഹരിക്കുന്നവരാണ്. റോമർ 12:19 ഇപ്രകാരം വ്യക്തമായി പറയുന്നു, “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു.” നമുക്ക് ദൈവത്തിന്റെ മഹത്വം അപഹരിക്കുകയും അനുഗ്രഹിക്കപ്പെടും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുക സാധ്യമല്ല!
അതുകൊണ്ട്, നമുക്ക് മുന്നറിയിപ്പ് സ്വീകരിക്കാം: പാപകരമായ കോപത്തിന് നമ്മുടെമേൽ ദൈവത്തിന്റെ ന്യായവിധി കൊണ്ടുവരുവാൻ സാധിക്കും.
നാശകരമായ പ്രത്യാഘാതം # 6. പാപകരമായ കോപത്തിന് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുവാൻ സാധിക്കും.
സദൃശ്യവാക്യങ്ങൾ 14:29-30 പറയുന്നു, “ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു. ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്തികൾക്കു ദ്രവത്വം.” ഈ വാക്യങ്ങളെ വിശദീകരിച്ച ഒരു എഴുത്തുകാരൻ ഇപ്രകാരം പറഞ്ഞു, ക്ഷമയും അതിനു വിരുദ്ധമായ ക്ഷിപ്രകോപത്തിനും സമാന്തരമാണ് ശരീരത്തിന് ജീവനും അതിനു വിരുദ്ധമായ അസ്ഥികളുടെ ദ്രവത്വവും. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കോപവും അസൂയയും ശരീരത്തിന് വിനാശകരമാണ്. എന്നാൽ, ക്ഷമയും സമാധാനവും ആരോഗ്യം പ്രദാനം ചെയ്യുന്നു.
ഈ വക്കുകൾ എത്ര കൃത്യമാണ്, “ഒഴിക്കപ്പെടുന്ന എന്തിന്റെയെങ്കിലും മേൽ വരുത്തുന്ന ദോഷത്തേക്കാളധികം സംഭരിച്ചുവച്ചിരിക്കുന്ന പാത്രത്തിന് കേടുപാടു വരുത്തുന്ന ആസിഡാണ് കോപം!” കോപാകുലരായ ആളുകൾ പല ശാരീരിക പ്രശ്നങ്ങളും നേരിടുന്നു [ഉദാ. ഉയർന്ന രക്തസമ്മർദ്ദം, ദഹനപ്രശ്നങ്ങൾ എന്നിവ].
അതുകൊണ്ട്, നമുക്ക് മുന്നറിയിപ്പ് സ്വീകരിക്കാം: പാപകരമായ കോപത്തിന് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുവാൻ സാധിക്കും
നാശകരമായ പ്രത്യാഘാതം # 7. പാപകരമായ കോപം പ്രാർഥനകളെ ബാധിക്കാം.
1 തിമൊഥെയൊസ് 2:8 -ൽ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി, “ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” നാം ഹൃദയത്തിൽ പാപം വച്ചുകൊണ്ട് പ്രാർഥിക്കുകയാണെങ്കിൽ സങ്കീർത്തനങ്ങൾ 66:18 -ൽ പറയുന്നത് യഥാർഥമായി അനുഭവവേദ്യമാകും, “ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു.” കോപം ഉൾപ്പെടെ ഏതു പാപവും ഉപേക്ഷിക്കുവാൻ ദുർവാശിയോടെ വിസമ്മതിക്കുന്ന മനുഷ്യരുടെ പ്രാർഥനകൾ ദൈവം കേൾക്കുകയില്ല! 1 തിമൊഥെയൊസ് 2:8 പ്രഥമദൃഷ്ഠ്യാ പുരുഷന്മാരോടാണ് പറയുന്നത് എങ്കിലും, പ്രാർഥിക്കുന്നത് സ്ത്രീയായാലും പുരുഷനായാലും ഹൃദയത്തിലെ കോപ പ്രശ്നം ഒരുവന്റെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നതിന് തടസ്സമാകുന്നു!
പത്രോസും ഭർത്താക്കന്മാർക്ക് ഈ വാക്കുകളിലൂടെ മുന്നറിയിപ്പ് നൽകുന്നു, “അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ” [1 പത്രൊസ് 3:7]. തങ്ങളുടെ ഭാര്യമാരുടെ കാര്യത്തിൽ ശ്രദ്ധയില്ലാതിരിക്കുന്നത്- അതിൽ കോപമനോഭാവവും ഉൾപ്പെടുന്നു- ഭർത്താക്കന്മാരുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നതിന് തടസ്സമാകുന്നു.
അതുകൊണ്ട്, നമുക്ക് മുന്നറിയിപ്പ് സ്വീകരിക്കാം: പാപകരമായ കോപം നമ്മുടെ പ്രാർഥനകളെ ബാധിക്കാം.
ഈ 7 പ്രത്യാഘാതങ്ങളുടെ കൂടെ ഇനിയും അനേകം കൂട്ടിച്ചേർക്കുവാൻ ഒരുവന് സാധിക്കും. എന്നാൽ, പാപകരമായ കോപത്തിന്റെ തിക്തഫലങ്ങൾ എത്ര മാരകമാണെന്നു കാണുമ്പോൾ ഈ 7 എണ്ണംതന്നെ നമുക്ക് സംഭ്രമം ഉണ്ടാക്കേണ്ടതാണ്.
അടുത്ത പോസ്റ്റിൽ ഈ പരമ്പരയുടെ അവസാനത്തേതും ആറാമത്തേതുമായ ചോദ്യത്തെ നാം പരിഗണിക്കുന്നതാണ്: എപ്രകാരമാണ് നമുക്ക് പാപകരമായ കോപത്തിൽ നിന്നും വിടുതൽ പ്രാപിക്കുവാൻ സാധിക്കുന്നത്?