ഭാഗ്യാവസ്ഥകൾ—ഭാഗം 6 കരുണയുള്ളവർ ഭാഗ്യവാന്മാർ

(English version: “Blessed Are The Merciful”)
മത്തായി 5:3-12 ൽ കാണപ്പെടുന്ന ഭാഗ്യാവസ്ഥകൾ എന്ന പരമ്പരയിലെ നാലാമത്തെ പോസ്റ്റാണിത്. തന്നെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഏതൊരുവന്റെയും ജീവിതത്തിൽ കാണപ്പെടേണ്ട 8 മനോഭാവങ്ങളെക്കുറിച്ച് കർത്താവായ യേശു ഈ ഭാഗത്ത് പറഞ്ഞിരിക്കുന്നു. മത്തായി 5:7—ൽ പറഞ്ഞിരിക്കുന്ന, എന്ന അഞ്ചാമത്തെ മനോഭാവത്തെക്കുറിച്ചാണ് ഈ പോസ്റ്റിൽ നാം കാണുന്നത്. “കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും.”
*******************
ജോൺ വെസ്ലി ജോർജിയയിൽ ഒരു മിഷനറിയായിരിക്കുന്ന സമയം ഗവർണറായിരുന്ന ജെയിംസ് ഓഗൾതോപിന്റെ ഒരു അടിമ ഒരു പാത്രം വീഞ്ഞ് മോഷ്ടിക്കുകയും അത് കുടിക്കുയും ചെയ്തു. ആ മനുഷ്യന് ശിക്ഷയായി അടി നൽകുവാൻ ഓഗൽതോപ് ആഗ്രഹിച്ചു. അത് അറിഞ്ഞുകൊണ്ട് വെസ്ലി അദ്ദേഹത്തിന്റെ അടുക്കൽ എത്തി അടിമയ്കു വേണ്ടി അപേക്ഷിച്ചു.
അതിന് ഗവർണർ ഇപ്രകാരം പറഞ്ഞു, “എനിക്ക് പ്രതികാരം ചെയ്യണം. ഞാൻ ഒരിക്കലും ക്ഷമിക്കുകയില്ല.” അതിന് ജോൺ വെസ്ലി ഇപ്രകാരം മറുപടി പറഞ്ഞു, “സർ, അങ്ങ് ദൈവത്തോട് ഒരിക്കലും പാപം ചെയ്യുകയില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
വെസ്ലിയുടെ കാലത്തു മാത്രമല്ല, യേശുവിന്റെ കാലത്തും കരുണ അവജ്ഞാപൂർവ്വം വീക്ഷിക്കപ്പെട്ടിരുന്നു. കരുണ കാണിക്കുക എന്നാൽ ഗ്രീക്കുകാർക്കും റോമാക്കാർക്കും ബലഹീനതയുടെ അടയാളമായിരുന്നു. റോമാക്കാരനായ ഒരു ജനറൽ ഇപ്രകാരം പറഞ്ഞു, “ആത്മാവിന്റെ വ്യാധിയാണ് കരുണ.”
അത്തരത്തിലുള്ള സംസ്കാരത്തിലേയ്കു വന്നുകൊണ്ട് ഞെട്ടിപ്പിക്കുന്ന ഈ വാക്കുകൾ യേശു പ്രസ്താവിച്ചു, “കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും” [മത്തായി 5:7]. പ്രതികാരം, വിദ്വേഷം, നമ്മെ മുറിവേൽപ്പിക്കുന്നവരോടുള്ള താത്പര്യക്കുറവ് എന്നിവയെ മഹത്തരമായി കാണുന്ന നമ്മുടെ സംസ്കാരത്തിനു പോലും ഈ വാക്കുകൾ ഞെട്ടൽ ഉളവാക്കുന്നവയാണ്. എന്നിട്ടും, കരുണയുടെ മനോഭാവം പ്രകടമാക്കുവാൻ തന്റെ അനുയായികളെ യേശു വിളിക്കുന്നു. പ്രതിസംസ്കാരജീവിതത്തിനു വേണ്ടിയുള്ള മറ്റൊരു വിളി കൂടി!
കരുണയെന്നത് ആത്മാവിന്റെ വ്യാധിയാകുന്നതിനു പകരം, പാപമെന്ന ഈ വ്യാധിയുടെ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രനാകുന്ന ആത്മാവിന്റെ അടയാളമാണ് എന്ന് യേശു പറയുന്നു. അത്തരത്തിലുള്ള ഒരു ജീവിതശൈലിയാണ് അനുഗ്രഹീതമായ ജീവിതം അഥവാ ഭ്യാഗ്യമുള്ള ജീവിതം—ദൈവത്തിന്റെ അംഗീകാരം നേടുന്ന ജീവിതം!
കരുണ നിർവ്വചിക്കപ്പെടുന്നു.
“കരുണ” എന്നത് മലയാളഭാഷയിലെ ഏറ്റവും മനോഹരമായ പദങ്ങളിലൊന്നും ക്രിസ്തീയ വിശ്വാസത്തിലെ വിലപ്പെട്ട സത്യങ്ങളിലൊന്നുമാണ്. ഒരു ഗ്രീക്ക് ഡിക്ഷ്നറി കരുണയെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്, “മനസ്സലിവ് തോന്നുന്നതും പ്രത്യേകിച്ച്, ആവശ്യത്തിലിരിക്കുന്ന ആരോടെങ്കിലും ദയ കാണിക്കുന്നതുമായ ധാർമ്മികഗുണമാണ് കരുണ. ഈ പദം കൊണ്ട് മനുഷ്യന്റെ ദയയെയും മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ ദയയെയും പരാമർശിക്കാവുന്നതാണ്.”
“കരുണ” എന്ന പദത്തിന്റെ അർഥം നന്നായി മനസ്സിലാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന കഥ നമ്മെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മഹാനായ അലക്സാണ്ടറുടെ സൈന്യത്തിൽ നിന്നും ഒളിച്ചോടിയ ഒരു സൈനികൻ പിടിക്കപ്പെട്ടു. അയാൾക്കുള്ള ശിക്ഷ മരണമായിരുന്നു. അതിനാൽ, അയാളുടെ അമ്മ അലക്സാണ്ടറുടെ അടുക്കൽ എത്തി ഇപ്രകാരം യാചിച്ചു, “ദയവായി കരുണ കാണിക്കണം.” അലക്സാണ്ടർ ഇപ്രകാരം പറഞ്ഞു, “അവൻ കരുണ അർഹിക്കുന്നില്ല.”
ബുദ്ധിമതിയായ ആ അമ്മ ഇപ്രകാരം പറഞ്ഞു, “അവൻ അർഹിച്ചിരുന്നുവെങ്കിൽ അത് കരുണയാകുമായിരുന്നില്ല.”
ഒരുവൻ അർഹിക്കുന്നതിനാൽ നൽകപ്പെടുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യുന്ന ഒന്നല്ല കരുണ. ആത്മീയമോ ശാരീരികമോ അല്ലെങ്കിൽ വൈകാരികമോ ആയ ഒരാവശ്യത്തോടു പ്രതികരിക്കുന്ന പ്രവൃത്തിയാണ് കരുണ. ഒരു എഴുത്തുകാരൻ കരുണയെ വർണ്ണിക്കുന്നത് ഇപ്രകാരമാണ്: “കരുണ മുറിവ് മനസ്സിലാക്കുന്നു; മുറിവ് അനുഭവിക്കുന്നു; മുറിവ് സുഖപ്പെടുത്തുവാൻ ശ്രമിക്കുന്നു.” മറ്റൊരു തരത്തിൽ പറഞ്ഞാൽ, കരുണ മുറിവ് മനസ്സിലാക്കുന്നതു എന്നതിൽ മനസ്സ് ഉൾപ്പെടുന്നു; മുറിവ് അനുഭവിക്കുന്നു എന്നതിൽ വികാരങ്ങൾ ഉൾപ്പെടുന്നു, മുറിവ് സുഖപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നതിൽ ഇച്ഛയും ഉൾപ്പെടുന്നു.
ദൈവത്തിന്റെ കരുണ പ്രദർശിപ്പിച്ചിരിക്കുന്നു.
അപ്രകാരമല്ലേ ദൈവം നമ്മോടുള്ള കരുണ പ്രദർശിപ്പിച്ചത്? പാപം നമ്മെ മുറിവേൽപ്പിക്കുന്നു എന്ന് ദൈവം കണ്ടു, ദയയാൽ, നമ്മുടെ പാപപ്രശ്നത്തെ സുഖപ്പെടുത്തുവാൻ തന്റെ പുത്രനെ അയച്ചുകൊണ്ട് പ്രവർത്തിച്ചു. നമ്മുടെ പാപം അർഹിക്കുന്നത്—ന്യായവിധി—ദൈവം നമുക്കു നൽകുന്നില്ല പിന്നെയോ കരുണയാൽ ന്യായവിധി നമ്മിൽ നിന്നും തടുത്തു മാറ്റിക്കൊണ്ട്, തന്റെ കരുണയിൽ തന്നിലേയ്കു തിരിയുന്നവർക്ക് പുതുജനനം നൽകുന്നു. അതുകൊണ്ടാണ്, പത്രോസ് ഇപ്രകാരം എഴുതിയത്, “അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി…വീണ്ടും ജനിപ്പിച്ചിരിക്കുന്നു” [1 പത്രൊസ് 1:3,5]. ദൈവത്തെ “കരുണാസമ്പന്നനായ ദൈവം” എന്ന് പൗലോസ് വർണ്ണിച്ചിരിക്കുന്നു [എഫേസ്യർ 2:4]. “അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി” നാം ധൈര്യത്തോടെ, വിശ്വാസത്തോടെ ദൈവത്തിന്റെ കൃപാസനത്തിന്നു അടുത്തു ചെല്ലുവാൻ എബ്രായലേഖന കർത്താവ് നമ്മെ ക്ഷണിക്കുന്നു [എബ്രായർ 4:16].
പഴയ നിയമ പ്രവാചകനായ മീഖാ ദൈവത്തിന്റെ കരുണയെ വർണ്ണിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്, “അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു” [മീഖാ 7:18] പാപികളായ നാം അർഹിക്കുന്നത് ദൈവത്തിന്റെ ന്യായവിധിയല്ലാതെ മറ്റൊന്നുമല്ല. എന്നിട്ടും ആ ന്യായവിധി നമ്മിൽ നിന്നും മാറ്റിക്കളയുക മാത്രമല്ല, മറിച്ച്, ദയ കാണിക്കുവാൻ പ്രസാദിക്കുകയും ചെയ്യുന്നു എന്ന് മീഖാ പറയുന്നു. നാം ദൈവത്തോട് ദ്രോഹം ചെയ്തുവെങ്കിലും കരുണ കാണിക്കുവാൻ അവൻ വിമുഖത കാണിക്കുന്നില്ല.
കരുണ കാണിക്കുവാൻ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു.
ഇതേ മീഖാ തന്നെയാണ് തൊട്ടുമുൻപിലുള്ള അധ്യായത്തിൽ ഇപ്രകാരം ചോദിച്ചത്, “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” [മീഖാ 6:8]. ദൈവം തന്റെ ജനത്തിൽ നിന്നും ആവശ്യപ്പെടുന്നത് എന്താണ് എന്ന് നിങ്ങൾ ശ്രദ്ധിച്ചോ? ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും. രണ്ടാമത്തേതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു—“ദയാതത്പരനായിരിക്കുക.” ദയ കാണിക്കുവാൻ പ്രസാദിക്കുന്ന അതേ ദൈവം തന്റെ ജനം ദയ കാണിക്കുക മാത്രമല്ല, ദയ കാണിക്കുന്നതിൽ തത്പരരായിരിക്കുവാൻ അഥവാ ഇഷ്ടപ്പെടുവാൻ ആവശ്യപ്പെടുന്നു! [മീഖാ 7:8].
ലളിതമായി പറഞ്ഞാൽ, ദൈവം മറ്റുള്ളവരോട് കരുണ കാണിക്കുമ്പോൾ പ്രകടിപ്പിക്കുന്ന അതേ മനോഭാവത്തോടുകൂടെ, ദൈവത്തിന്റെ കരുണ ലഭിച്ചവർ അതേ കരുണ മറ്റുള്ളവരോട്, കാണിക്കേണ്ടതുണ്ട്. മത്തായി 5:7-ലും ലൂക്കോസ് 6:36-ലും യേശു പ്രസ്താവിക്കുന്ന ആശയം ഇതുതന്നെയാണ്, “അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.”
ഭാഗ്യാവസ്ഥകളിൽ യേശു യഥാർഥ ക്രിസ്ത്യാനികളുടെ—കരുണ ലഭിച്ചവരുടെ—ജീവിതശൈലി വർണ്ണിക്കുകയാണ് എന്നത് ഓർക്കുക. അവർക്കു കരുണ ലഭിച്ചു എന്നത് അവർ എപ്രകാരം അറിയും? മറ്റുള്ളവരോട് അവർ കരുണ കാണിക്കുന്നതിലൂടെ! കരുണയുള്ളവർ ദൈവത്താൽ അംഗീകരിക്കപ്പെട്ട മനുഷ്യരാണ്. ദൈവത്തിന്റെ പ്രീതി ലഭിച്ച മനുഷ്യരാണവർ. അവരാണ് അനുഗ്രഹീതർ. ഭാവിയിൽ ദൈവത്തിന്റെ രക്ഷാകര കരുണയുടെ പൂർണ്ണ അനുഭവം ലഭിക്കുന്നവരാണവർ. ഈ ലോകം വിട്ടുപോകുമ്പോൾ “അവർക്കു കരുണ ലഭിക്കും.”
കരുണ കാണിക്കാതിരിക്കുന്നതിന്റെ അപകടം.
കരുണ കാണിക്കുവാൻ വിസമ്മതിക്കുക എന്നതിന് ഗഹനമായ അർഥമാണുള്ളത്. കരുണയുള്ളവർക്കു മാത്രമാണ് കരുണ ലഭിക്കുന്നത് എന്ന് യേശു ഇവിടെ അർഥമാക്കുന്നു. യാക്കോബ് തന്റെ ലേഖനത്തിൽ ഇതു സംബന്ധിച്ച് ശക്തമായ ഭാഷ ഉപയോഗിക്കുന്നു. യാക്കോബ് 2:12 ഇപ്രകാരം പ്രസ്താവിക്കുന്നു, “സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‍വിൻ. കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.” കരുണയും ന്യായവിധിയും നേർ വിപരീതങ്ങളാണ്. നമുക്കു ലഭിക്കുന്നതാണ് നാം കൊടുക്കുന്നത്. അതാണ് ഭാവിയിൽ നമുക്കു പൂർണ്ണ അർഥത്തിൽ ലഭിക്കുവാൻ പോകുന്നത്.
നമുക്ക് ദൈവത്തിന്റെ കരുണ ലഭിച്ചു എങ്കിൽ, ഈ ജീവിതത്തിൽതന്നെ മറ്റുള്ളവർക്ക് അതു നൽകുകയും ഭാവിയിൽ ദൈവത്തിന്റെ കരുണ അതിന്റെ പൂർണ്ണ അർഥത്തിൽ നമുക്കു ലഭിക്കുകയും ചെയ്യും. എന്നാൽ, നമുക്ക് ദൈവത്തിന്റെ കരുണ ലഭിച്ചിട്ടില്ല എങ്കിൽ ഈ ജീവിത്തിൽ നാം മറ്റുള്ളവർക്ക് കരുണ കൊടുക്കുകയില്ല, ഭാവിയിൽ ദൈവത്തിന്റെ കരുണ ലഭിക്കുകയുമില്ല. പകരം, ദൈവത്തിന്റെ ന്യായവിധി മാത്രമാണ് ഭാവിയിൽ നമുക്കു ലഭിക്കുവാൻ പോകുന്നത്. അതാണ് യാക്കോബ് പറയുന്ന ആശയം.
ലോകം പ്രതികാരം ഇഷ്ടപ്പെടുന്നു. എങ്ങനെ പ്രതികാരം ചെയ്യാം എന്ന് അത് രാത്രി മുഴുവനും ഉറങ്ങാതിരുന്ന് ആലോചിക്കുന്നു. എന്നാൽ, ക്രിസ്ത്യാനികൾ എന്ന നിലയിൽ, പ്രതികാരചിന്തയെ നാം വെറുക്കുകയും ആവശ്യമായവർക്ക് കരുണ കാണിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്യണം. കരുണ കാണിക്കുന്നതിലൂടെ [അവരുടെ തിന്മപ്രവൃത്തികളെ അംഗികരിക്കാതതന്നെ] അവർ തങ്ങളുടെ തിന്മയിൽ നിന്നും പിന്തിരിയുവാൻ നമുക്ക് പ്രത്യാശയോടെ സഹായിക്കാം. തീർച്ചയായും, മാനസാന്തരം കൂടാതെ യഥാർഥ നിരപ്പ് സാധ്യമല്ല. എന്നാൽ, പിന്തിരിയുവാനും ക്ഷമ ചോദിക്കുവാനും അങ്ങനെ നിരപ്പ് പ്രാപിക്കുവാനും മറ്റേ വ്യക്തിയെ പ്രേരിപ്പിക്കുവാൻ ഉള്ള ശക്തി കരുണയ്കുണ്ട്.
കരുണയുടെ സൗന്ദര്യം.
കരുണ മനോഹരമാണ്. അതുകൂടാതെ, ഞാനും നിങ്ങളും നരകത്തിൽ എന്നെന്നേയ്കുമായി ദണ്ഡനം അനുഭവിക്കുമായിരുന്നു. നിത്യദണ്‌ഡനത്തിനു പകരം നിത്യസന്തോഷം ഞാനും നിങ്ങളും ആസ്വദിക്കേണ്ടതിന് ക്രിസ്തുവിലൂടെ ദൈവം തന്റെ കരുണയാൽ വഴിയൊരുക്കി. അത്തരം കരുണാപൂർവ്വമായ മനോഭാവം പ്രകടമാക്കുമ്പോൾ, നാം ദൈവത്തിന്റെ രക്ഷാകരകരുണ സ്വീകരിച്ചവരാണ് എന്നും ഭാവിയിൽ അത് അതിന്റെ പൂർണ്ണമായ അർഥത്തിൽ സ്വീകരിക്കുവാൻ പോകുന്നവരുമാണ് എന്നുമാണ് നാം കാണിക്കുന്നത്. നമ്മുടെ രക്ഷയുടെ യാഥാർഥ്യം സംബന്ധിച്ചുള്ള ദൃഡമായ ഉറപ്പാണത്. വിധിക്കുന്ന മനോഭാവം വിവാഹബന്ധം ഉൾപ്പെടെ എല്ലാ ബന്ധങ്ങളിലും അടുപ്പത്തെ തകർക്കുന്നു. പങ്കാളികളിൽ ഒരാളോ അല്ലെങ്കിൽ രണ്ടുപേരുമോ മറ്റേയാളെ തുടർച്ചയായി വിധിക്കുന്നുവെങ്കിൽ അവർ തമ്മിലുള്ള അടുപ്പം എപ്രകാരം വളരും? രണ്ടുപേരും അന്യോന്യം അകലുവാൻ ആഗ്രഹിക്കും.
അതുകൊണ്ടാണ് മീഖാ പ്രവാചകൻ പറഞ്ഞത്, നാം ദയയെ “സ്നേഹിക്കുന്നവരാകണം” എന്ന്. ദൈവത്തിന്റെ ഹൃദയമാണത്. നാം അവന്റെ വഴികൾ അനുകരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. അതു ചെയ്യുവാനുള്ള ഏറ്റവും നല്ല സ്ഥലം നമ്മുടെ ഭവനമാണ്, പ്രത്യേകിച്ചും നമ്മുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ.
ഒരു പുതിയ കാർ ഓടിക്കവെ, ഒരിക്കൽ ഒരു ഭാര്യ അപകടത്തിൽപ്പെട്ടു. തന്റെ ഭർത്താവ് എന്തു പറയും എന്ന ആശങ്കയോടെ, വിഷമത്തോടെ ഇൻഷ്വറൻസ് പേപ്പർ എടുക്കുവാൻ ബോക്സ് തുറന്നു
പേപ്പർ എടുക്കുമ്പോൾ തന്റെ ഭർത്താവിന്റെ കൈപ്പടയിലുള്ള ഒരു കുറിപ്പ് താഴെ വീഴുന്നതു കണ്ടു, അതിൽ ഇപ്രകാരം എഴുതിയിരുന്നു, “പ്രിയപ്പെട്ട മേരീ, ഈ പേപ്പർ നിനക്ക് ആവശ്യം വരുമ്പോൾ, ഓർമ്മിക്കുക, ഞാൻ സ്നേഹിക്കുന്നത് കാറിനെയല്ല, നിന്നെയാണ്!”
നാമെല്ലാവരും നശിച്ച അവസ്ഥയിലുള്ളവരും അപൂർണ്ണതുള്ളവരും പാപികളുമാണ്. അതുകൊണ്ടാണ്, കരുണ കൂടാതെ ബന്ധങ്ങൾ നിലനിർത്തുക അസാധ്യമാകുന്നത്. കരുണ ഇല്ലാത്തിടത്ത് യഥാർഥമായ അടുപ്പവും ഉണ്ടാകില്ല. ശരിയാണ്, വിവാഹജീവിതം മുൻപോട്ടു പോകുകതന്നെ ചെയ്യും, ദമ്പതികൾ പതിറ്റാണ്ടുകൾ ഒരുമിച്ചു താമസിക്കുന്നത് തുടരുകയും ചെയ്യും. എന്നാൽ, അത് ആരോഗ്യകരമായ ഒരു വിവാഹബന്ധമല്ല. അടുപ്പം വളരാത്ത വിവാഹം വിവാഹമല്ല.
ഒരിക്കൽ ഒരു മനുഷ്യൻ തന്റെ ഭാര്യയുമായുണ്ടാകുന്ന വാദത്തെക്കുറിച്ചു അയാളുടെ പാസ്റ്ററോട് പറഞ്ഞു. പാസ്റ്റർ വിശദാംശങ്ങൾ ചോദിച്ചപ്പോൾ അയാൾ ഇപ്രകാരം പറഞ്ഞു, “ഞങ്ങൾ വഴക്കു കൂടുമ്പോഴൊലക്കെയും എന്റെ ഭാര്യ ഒരു ചരിത്രകാരിയായി മാറും.” “അതെങ്ങനെ” എന്നുള്ള പാസ്റ്റുടെ ചോദ്യത്തിന് മറുപടിയായി അയാൾ ഇപ്രകാരം പറഞ്ഞു, “20-ഉം 30-ഉം വർഷങ്ങൾക്കു മുൻപു സംഭവിച്ച പ്രശ്നങ്ങളെ അവൾ പരാമർശിക്കും.”
അത്തരത്തിൽ, കഴിഞ്ഞകാല സംഭവങ്ങളെ ഓർത്തുവയ്കുകയും കൂടെക്കൂടെ പരാമർശിക്കുകയും ചെയ്യുന്നിടത്ത് യഥാർഥമായ അടുപ്പം ഉണ്ടാകുക അസാധ്യമാണ്. അവിടെ ആരോഗ്യപരമായ ബന്ധത്തിന് സാധ്യത ഇല്ല. അതുകൊണ്ടാണ് കരുണ ആരോഗ്യപരമായ ബന്ധത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുന്നത്. കരുണയിലൂടെയാണ് നമുക്ക് ദൈവവുമായി ബന്ധമുണ്ടാകുന്നത്. കരുണയിലൂടെയാണ് നമുക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടാകുന്നത്.
കരുണ കാണിക്കുന്നതിൽ എപ്രകാരം വളരുവാൻ സാധിക്കും.
അതുകൊണ്ട്, നമുക്ക് എപ്രകാരം കരുണയെ സ്നേഹിക്കുവാൻ സാധിക്കും? കരുണ കാണിക്കുന്നതിൽ നമുക്ക് എങ്ങനെ സന്തോഷിക്കുവാൻ സാധിക്കും? നമ്മുടെ പാപങ്ങളെയും നമ്മുടെ പാപക്ഷമ നേടുവാൻ ദൈവപുത്രൻ കുരിശിൽ കഷ്ടമനുഭവിച്ചതിന്റെ ഫലമായി നമുക്കു ലഭിച്ച പാപക്ഷമയെയും തുടർമാനമായി നോക്കുന്നതിലൂടെ അതു സാധ്യമാണ്. ഈ സത്യം നമ്മെത്തന്നെ ഓർമ്മിപ്പിക്കുന്നതിലൂടെ അതു ചെയ്യുവാൻ സാധിക്കും: “ഞാൻ നരകം അർഹിക്കുന്നു. എങ്കിലും, കൊടുംപാപിയായ എന്നോട് ദൈവം കരുണ കാണിക്കുകയും കരുണ കാണിക്കുന്നത് തുടരുകയും ചെയ്യുന്നു! യേശുവേ, നിന്നെ ഞാൻ കാണുമ്പോൾ കരുണയുടെ പൂർണ്ണമായ മൂർത്തീകരണം ഞാൻ കാണുന്നു. നിന്നെപ്പോലെ ആകുവാൻ എന്നെ സഹായിക്കണമേ.”
അത്തരം ഒരു മനോഭാവം നാം പിന്തുടരുമ്പോൾ, “എന്നെ അപമാനിച്ചവനോട് ഞാൻ കരുണ കാണിക്കുകയില്ല” എന്ന് നാം പറയുകയില്ല. കുരിശിലേയ്കു നോക്കിക്കൊണ്ട്, ക്രൂശിക്കപ്പെട്ട രക്ഷകൻ രക്തം ചിന്തിക്കൊണ്ട് നമ്മുടെ പാപങ്ങൾക്കു വേണ്ടി വേദനയോടെ നിലവിളിക്കുന്നതു കാണുമ്പോൾ, “ആ വ്യക്തിയോട് ക്ഷമിക്കുവാൻ എനിക്കു സാധിക്കുകയില്ല. അയാൾ എന്നെ എത്രമാത്രം ഉപദ്രവിച്ചു എന്ന് നിങ്ങൾക്കറിയില്ല. അയാൾ കരുണ അർഹിക്കുന്നതില്ല” എന്നു പറയുവാൻ കഴിയുകയില്ല. എന്നാൽ പ്രിയപ്പെട്ടവരേ, അയാൾ അത് അർഹിക്കുന്നുവെങ്കിൽ, അതിനെ കരുണ എന്നു വിളിക്കുവാൻ കഴിയുകയില്ല. കഴിയുമോ?
നാം നമ്മുടെ പാപങ്ങളെ എത്രയധികം നോക്കുന്നുവോ, കുരിശിൽ കിടക്കുന്ന യേശുവിനെ നാം എത്രയധികം നോക്കുന്നുവോ, അത്രയധികം നമ്മുടെ കഠിനഹൃദയങ്ങൾ ഉരുകും. അതിരറ്റ വിശുദ്ധനായ ദൈവത്തോട് നാം എത്രമാത്രം അപരാധം ചെയ്തുവെന്നും എങ്കിലും എത്ര വലിയ കരുണയാണ് ദൈവം നമ്മോടു കാട്ടിയത് എന്നും ആ കരുണ എത്രയധികം നമുക്ക് അനുദിനം ആവശ്യമായിരിക്കുന്നു എന്നും അറിയുമ്പോൾ നമ്മുടെ ഹൃദയം ഉരുകും. അതു കാണുമ്പോൾ, നമുക്കെതിരെ ചെയ്ത ചെറുതും വലുതുമായ പാപങ്ങൾ സാരമില്ല എന്നു വയ്കുവാൻ നാം തയ്യാറാകും. മറ്റുള്ളവരോടു കരുണ കാണിക്കുന്നതിൽ വളരുവാൻ നാം ആഗ്രഹിക്കും.
സമാപന ചിന്തകൾ.
നിങ്ങൾ കരുണ കാണിക്കേണ്ട ആവശ്യമുള്ള ആരെങ്കിലും നിങ്ങളുടെ ജീവിതത്തിലുണ്ടോ? ഉണ്ടെങ്കിൽ അവരോടു കരുണ കാണിക്കുക. “ഞാൻ കരുണ കാണിക്കേണ്ടതുണ്ട്” എന്ന് പറഞ്ഞുകൊണ്ട് ഒരു കടമയായി മാത്രം ചെയ്യുക എന്നതല്ല ഞാൻ അർഥമാക്കുന്നത്. പകരം, ഈ മനോഭാവത്തോടെ ചെയ്യുക, “ഞാൻ കരുണ കാണിക്കുവാൻ പോകുകയാണ്. എനിക്കു സൗജന്യമായി ലഭിച്ചു, ഞാനും സൗജന്യമായി കൊടുക്കുവാൻ പോകുകയാണ്!” എന്നാൽ, നിങ്ങൾ കരുണയെ സ്നേഹിക്കുന്നുവെങ്കിൽ മാത്രമാണ് അതു സംഭവ്യമാകുന്നത്. നിങ്ങളുടെ സ്വന്ത ജീവിതത്തിൽ ദൈവത്തിന്റെ കരുണയെ കൂടുതൽകൂടുതൽ ധ്യാനിക്കുമ്പോൾ മാത്രമാണ് നിങ്ങൾക്കു കരുണയെ സ്നേഹിക്കുവാൻ സാധിക്കുന്നത് [റോമർ 12:1-2].
ഓർക്കുക, കരുണ കാണിക്കുന്നത് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്യേണ്ട ഒന്നല്ല. വീണ്ടെടുക്കപ്പെട്ട ഹൃദയത്തിന്റെ വ്യക്തമായ തെളിവാണത്. ആത്മാവിന്റെ ദാരിദ്ര്യത്തിൽ, നമ്മുടെ പാപങ്ങളെ ഓർത്ത് നാം കരഞ്ഞപ്പോൾ, സൗമ്യതയിൽ ക്രിസ്തവുവിലേയ്ക് കരുണയ്കായി തിരിഞ്ഞപ്പോഴാണ് കരുണ ലഭിച്ച് നമ്മുടെ പുതുജനനം ആരംഭിച്ചത്. നമ്മെ രക്ഷിച്ച ഉടൻതന്നെ, പരിശുദ്ധാത്മാവിലൂടെ നിതിയ്കായി വിശന്നു ദാഹിക്കുവാൻ, ദൈവത്തിന്റെ നീതിയുള്ള കല്പനകൾ നമ്മുടെ അനുദിന ജീവിതത്തിൽ പാലിക്കുവാൻ, നമ്മെ ഉപദ്രവിച്ചവർക്ക് കരുണ കാണിക്കുന്നതിൽ സന്തോഷിക്കുന്നതിനുള്ള കല്പനയിൽ തുടങ്ങി ദൈവം നമ്മിൽ പ്രവർത്തിച്ചുതുടങ്ങി.
അതിനാൽ, ഞാൻ ചോദിക്കട്ടെ, “നിങ്ങൾ വ്യക്തിപരമായി ദൈവത്തിന്റെ രക്ഷാകരകരുണ സ്വീകരിച്ചവരാണോ?” ഒരുപക്ഷെ, മറ്റുള്ളവരോട് കരുണ കാണിക്കുവാൻ നിങ്ങൾക്കു സാധിക്കാതിരിക്കുന്നത് നിങ്ങൾക്ക് കരുണ ലഭിക്കാതിരിക്കുന്നതിനാലാകണം. നിങ്ങൾ നിങ്ങളുടെ പാപങ്ങളെ അവയുടെ വികൃതരൂപത്തിൽ കാണുകയും കരുണയ്കായി കുരിശിലേയ്കു നോക്കുകയും ചെയ്തിരിക്കില്ല. അങ്ങനെയെങ്കിൽ, നിങ്ങളുടെ പാപങ്ങൾ എത്ര വികൃതമാണ് എന്നു കാണുവാൻ നിങ്ങളുടെ കണ്ണുകൾ തുറക്കുവാൻ ദൈവത്തോട് അപേക്ഷിക്കുക. കുരിശിന്റെ അടുക്കലേയ്കു നിങ്ങളെ നയിക്കുവാൻ ദൈവത്തോടു പറയുക. നിങ്ങൾക്കു കരുണ നൽകുവാൻ പറയുക. അതാണ് തുടക്കം. അപ്പോൾ, മറ്റുള്ളവരോട് കരുണ കാണിക്കുവാൻ നിങ്ങൾക്കു ശക്തി ലഭിക്കും. അത് അവരെ ക്രിസ്തുവിങ്കേയ്കു തിരിയുവാൻ സഹായിക്കുന്ന ശക്തമായ സ്വാധീനമായിത്തീരും.
ഓർക്കുക, നാം യഥാർഥമായി ദൈവത്തിന്റെ മക്കൾ ആകുന്നുവോ എന്ന് കണ്ടെത്തുന്നതിന് നമ്മെ സഹായിക്കുവാൻ നമ്മുടെ മുഖത്തിനു നേരേ യേശു വച്ചിരിക്കുന്ന കണ്ണാടിയാണ് ഗിരിപ്രഭാഷണത്തിൽ കാണപ്പെടുന്ന ഉപദേശങ്ങൾ. നിങ്ങൾ ദൈവത്തിന്റെ പൈതലാണോ? ആണെങ്കിൽ, ഈ ഭാഗ്യാവസ്ഥയിൽ നൽകപ്പെട്ടിരിക്കുന്ന യേശുവിന്റെ വാക്കുകൾ നിങ്ങൾക്കു ബാധകമാണ് എന്ന് ഉറപ്പാക്കുവാൻ സാധിക്കും.
കരുണയുള്ളവർ ഭാഗ്യവാന്മാർ, കരുണയുടെ മൂർത്തിഭാവമായ യേശു തന്റെ രാജ്യം സ്ഥാപിക്കുവാൻ വരുമ്പോൾ അവർക്ക്, അവർക്കു മാത്രം കരുണ ലഭിക്കും!