ഭാഗ്യാവസ്ഥകൾ—ഭാഗം3 ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ

Posted byMalayalam Editor December 26, 2023 Comments:0

(English version: “The Beatitudes – Blessed Are Those Who Mourn”)

മത്തായി 5:3-12 ൽ കാണപ്പെടുന്ന ഭാഗ്യാവസ്ഥകൾ എന്ന പരമ്പരയിലെ മൂന്നാമത്തെ പോസ്റ്റാണിത്. തന്നെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഏതൊരുവന്റെയും ജീവിതത്തിൽ കാണപ്പെടേണ്ട 8 മനോഭാവങ്ങളെക്കുറിച്ച് കർത്താവായ യേശു ഈ ഭാഗത്ത് പറഞ്ഞിരിക്കുന്നു. മത്തായി 5:4—ൽ പറഞ്ഞിരിക്കുന്ന രണ്ടാമത്തെ മനോഭാവത്തെക്കുറിച്ച് ഈ പോസ്റ്റിൽ നാം കാണുന്നതാണ്, “ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.”

*******************

ഞാൻ ജോലിസ്ഥലത്തേയ്കു പോകുന്ന പ്രധാന പാതയുടെ അരികിലുള്ള ബാറിനു മുൻപിൽ ഈ പരസ്യവാക്യം ബോർഡിൽ എഴുതിവച്ചിരിക്കുന്നു, “ഓരോ മണിക്കൂറും സന്തോഷകരമായത്!” ലോകവ്യാപകമായി മനുഷ്യർ ആഗ്രഹിക്കുന്ന ഒന്നിന്റെ സത്തയാണത്. നല്ല ഒരു സമയം ഉണ്ടായിരിക്കുക എന്നതാണ് ജീവിതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമ്മോട് ആവർത്തിച്ച് പറയപ്പെടുന്നു. അതിൽ എനിക്കുള്ളത് എന്താണ്? അത് എന്നെ സന്തോഷവാനാക്കുമോ? ഈ ലോകത്തിന്റെ പ്രബലമായ മാനസികാവസ്ഥയുടെ സാരംശം ഒരു എഴുത്തുകാരൻ ഇത്തരത്തിൽ കൃത്യമായി അവതരിപ്പിക്കുന്നു: “ഇദ്ദേഹം സന്തോഷത്തോടെ ജീവിച്ചു എന്ന് തങ്ങളുടെ ശവകുടീരങ്ങളിൽ സ്മാരകലേഖ എഴുതപ്പെടുന്നതിൽപരം ഒരു സംതൃപ്തി  അനേകരും ആഗ്രഹിക്കുന്നില്ല.”

എന്നാൽ, മത്തായി 5:4—ൽ യേശു ഇപ്രകാരം പറഞ്ഞു, “ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.” പരിപൂർണ്ണമായും പ്രതിസംസ്കാരം! യേശുവിന്റെ അനുഗാമികൾ വ്യത്യസ്തമായ ഒരു ചെണ്ടകൊട്ടിനനുസരിച്ചാണ് അണിയണിയായി മുമ്പോട്ടു പോകേണ്ടത്. ഒരു വ്യാഖ്യാതാവ് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “വിലപിക്കുന്നവരെ ലോകത്തിന് ഇഷ്ടമല്ല; വിലപിക്കുന്നവർ നനഞ്ഞ കമ്പളി പോലെയാണ്. എന്നാൽ, കരയുന്നവർ മാത്രമാണ് ദൈവത്തിന്റെ അനുഗ്രഹത്തിന് പാത്രമാകുന്നത് എന്ന് യേശു പറഞ്ഞു. അവർ മാത്രമാണ് ദൈവത്തിന്റെ അംഗീകാരവും അനുഗ്രഹവും നേടുന്നത്. 

ഇതിനർഥം ക്രിസ്ത്യാനികൾ ഒരിക്കലും ചിരിക്കുകയോ ആനന്ദിക്കുകയോ ചെയ്യരുത് എന്നല്ല എന്ന് ആദ്യമേതന്നെ ഞാൻ ഉറപ്പായി പറയട്ടെ. സന്തോഷിക്കുവാൻ നമ്മോടു കല്പിക്കുന്ന പല വാക്യങ്ങളുമുണ്ട് [ഫിലിപ്യർ 4:4; 1 തെസ്സലോ 5:16]. നാം അനുഭവിക്കുന്ന സന്തോഷംപോലും ദുഃഖിക്കുന്ന മനോഭാവത്തിൽ നിന്നും വേറിട്ടുള്ളതല്ല എന്നു മനസ്സിലാക്കുന്നതാണ് പ്രധാനം. 

“ദുഃഖിക്കുക” എന്നതിന് യേശു ഉപയോഗിച്ചിരിക്കുന്ന വാക്ക് ഗ്രീക്ക് ഭാഷയിൽ ഉപയോഗിച്ചിരുന്നത് അതിതീവ്രമായ ദുഃഖത്തെ—ഉള്ളിൽ ആഴത്തിൽ നിന്നുമുള്ള ദുഃഖത്തെ കാണിക്കുന്നതിനായിരുന്നു. ഉദാഹരണത്തിന്, യേശു മരിച്ചപ്പോൾ ശിഷ്യന്മാർ അനുഭവിച്ച വ്യഥയെ കാണിക്കുവാൻ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നു [മർക്കോസ് 16:10]. ആ വാക്ക് ഉപയോഗിക്കുന്നതിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നത്, നമുക്ക് ആ പദത്തിന്റെ അർഥത്തെ മൃദുവാക്കുവാൻ സാധ്യമല്ല എന്നതാണ്. 

കൂടാതെ, ഇത് ഉപയോഗിച്ചിരിക്കുന്നത് വർത്തമാനകാലത്തിലാണ്. അതിൻപ്രകാരം, ഈ വാക്യത്തെ ഇപ്രകാരം അവതരിപ്പിക്കാം, “തുടർമാനമായി ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ.” അതിനാൽ, ദുഃഖിക്കുന്ന ഒരു ജീവിതശൈലിയിലേയ്കാണ് യേശു നമ്മെ വിളിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാൽ, ഏതു തരത്തിലുള്ള ദുഃഖമാണ് യേശു വിവരിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിനു മുൻപ് ഏതു തരത്തിലുള്ള ദുഃഖമല്ല യേശു വിവരിക്കുന്നത് എന്നതിന് ഉത്തരം നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു.    

ഇവിടെ പരാമർശിച്ചിരിക്കുന്ന ദുഃഖം എന്തല്ല.

പ്രിയമുള്ള ഒരാൾ മരിക്കുകയോ ഒരുവൻ ആഗ്രഹിക്കുന്നത് ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ തോന്നുന്ന ദുഃഖത്തെയല്ല ഈ ദുഃഖം സൂചിപ്പിക്കുന്നത് [ഉദാ: 2 ശമുവേൽ13:2, 1 രാജാക്കന്മാർ 21:4]. അനുദിന ജീവിതത്തിലെ കഷ്ടപ്പാടുകൾ നിമിത്തം ജീവിതം കഠിനമാകുമ്പോൾ തോന്നുന്ന ദുഃഖത്തേയുമല്ല ഇത് സൂചിപ്പിക്കുന്നത്. ഒടുവിലായി, സന്തോഷലേശമന്യേ മ്ലാനമായ മുഖത്തോടെ നടക്കുന്നതിനെക്കുറിച്ചുമല്ല ഇത് പരാമർശിക്കുന്നത്.

മുകളിൽ പരാമർശിച്ചിരിക്കുന്ന ദുഃഖം വിശ്വാസികളും അവിശ്വാസികളും ഒരുപോലെ അനുഭവിക്കുന്നതാണ് എന്നു കാണാം. എന്നാൽ, ഭാഗ്യാവസ്ഥകളിൽ യേശു വിവരിക്കുന്ന ദുഃഖം വിശ്വാസികൾക്ക് മാത്രം—തന്റെ വിശ്വസ്തരായ അനുയായികൾക്കു മാത്രം—പ്രകടമാക്കുവാൻ സാധിക്കുന്ന മനോഭാവമാണ്.  

ഇവിടെ പരാമർശിച്ചിരിക്കുന്ന ദുഃഖം എന്താണ്.

യേശു ഇവിടെ വിവരിക്കുന്ന ദുഃഖം പാപത്തെ സംബന്ധിച്ചുള്ള ദുഃഖമാണ്. ഒന്നാമത്തെ ഭാഗ്യാവസ്ഥ, “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ” [മത്തായി 5:3], എന്നത് ഭൗതികമായ ദാരിദ്ര്യത്തേക്കാൾ ആത്മീയ ദാരിദ്ര്യത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് ഓർമ്മിക്കുക. അതുപോലെതന്നെ, ഇവിടെ യേശു വിവരിക്കുന്ന ദുഃഖം ആത്മീയമായ ദുഃഖമാണ്—ഹൃദയത്തിന്റെ ആഴത്തിൽ നിന്നും പാപത്തെക്കുറിച്ചുള്ള ദുഃഖം—അതിതീവ്രമായ ദുഃഖം! അത്തരത്തിലൊരു മനോഭാവം ജീവിതശൈലിയായി പ്രകടമാക്കുവാൻ വിശ്വാസികൾക്കു മാത്രമാണ് സാധിക്കുന്നത്. 

ആത്മാവിലെ ദാരിദ്ര്യം എന്ന ഒന്നാമത്തെ ഭാഗ്യാവസ്ഥ പാപത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യത്തിന്റെ ബൗദ്ധികമായ വശം വിവരിക്കുന്നു. ദുഃഖിക്കുക എന്ന രണ്ടാമത്തെ മനോഭാവം പാപത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യത്തിന്റെ വൈകാരികമായ വശം വിവരിക്കുന്നു. അവ രണ്ടും ഒരുമിച്ചു പോകുന്നവയാണ്. ഒരു വ്യക്തിയ്ക് പാപത്തെക്കുറിച്ചുള്ള ബോധ്യം ലഭിക്കുകയും ആത്മീയമായി താൻ പാപ്പരാണ് [അതായത്, ആത്മീയ ദാരിദ്ര്യം] എന്നു മനസ്സിലാക്കുകയും ചെയ്യുമ്പോൾ, അതു സംബന്ധിച്ച് മനോവേദനയുണ്ടാകുന്നു [അതായത്, പാപത്തെക്കുറിച്ചുള്ള ദുഃഖം]. പഴയ ഒരു എഴുത്തുകാരൻ ഇപ്രകാരം പറഞ്ഞു, “പാപത്തിന് എല്ലായ്പപോഴും കണ്ണുനീർ ഉണ്ടായിരിക്കണം.” പാപം സംബന്ധിച്ചുള്ള ദുഃഖം നാം മാനസാന്തരപ്പെടുന്ന സമയത്തു മാത്രമല്ല ഉണ്ടായിരിക്കേണ്ടത്, മറിച്ച്, നാം തുടർച്ചയായി പാപം ചെയ്യുന്നതുകൊണ്ട് ആ ദുഃഖം തുടർമാനമായി നമുക്കുണ്ടായിരിക്കേണം. 

യാക്കോബിന്റെ വാക്കുകളും ഈ സത്യത്തെ പിന്തുണയ്കുന്നു, “സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ” [യാക്കോബ് 4:9]. യാക്കോബ് ഈ വാക്യത്തിൽ ഉപയോഗിക്കുന്ന “ദുഃഖം” എന്ന ഗ്രീക്ക് പദം, മത്തായി 5:4—ൽ യേശു ഉപയോഗിക്കുന്ന അതേ പദം തന്നെയാണ്. ഈ വാക്യവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന സന്ദർഭവും വ്യക്തമാക്കുന്നത് ഇവിടെ പറഞ്ഞിരിക്കുന്ന ദുഃഖവും ആത്മീയ ദുഃഖം—പാപത്തെ സംബന്ധിച്ചുള്ള—ദുഃഖമാണെന്നാണ്. 

2 കൊരിന്ത്യർ 7:10—ൽ ബൈബിൾ വിവരിക്കുന്നത് പാപത്തെക്കുറിച്ചുള്ള ദുഃഖം രണ്ടു തരത്തിലുണ്ട് എന്നതാണ്. ഒന്ന് ദൈവികമായ ദുഃഖവും മറ്റൊന്ന് ലോകപരമായ ദുഃഖവും: “ദൈവികമായ ദുഃഖം മാനസാന്തരം നൽകുകയും രക്ഷയിലേയ്കു നയിക്കുകയും വ്യസനം അവശേഷിപ്പിക്കാതിരിക്കുകയും ചെയ്യുന്നു, എന്നാൽ, ലോകപരമായ ദുഃഖം മരണത്തിനു കാരണമാകുന്നു.” ദൈവികമായ ദുഃഖം [അഥവാ കരച്ചിൽ] ദൈവകേന്ദ്രീകൃതവും ഒരുവനെ പാപത്തിൽ നിന്നും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേയ്കു തിരികെയെത്തിക്കുകയും ചെയ്യുന്നു. ലോകപരമായ ദുഃഖം സ്വയകേന്ദ്രീകൃതവും ഒരുവനെ ദൈവത്തിലേയ്ക് തിരികെ എത്തിക്കാത്തതുമാകുന്നു.   

ഉത്തമ ഉദാഹരണമാണ് പത്രോസും യൂദായും. യേശുവിനെ തള്ളിപ്പറഞ്ഞതിൽ രണ്ടുപേരും ദുഃഖിച്ചു. പത്രോസിന്റെ ദുഃഖം അവനെ ക്രിസ്തുവിലേയ്കു തിരികെ നയിച്ചു—ദൈവകേന്ദ്രീകൃതമായ ദുഃഖം. യൂദായുടെ ദുഃഖം അവനെ ക്രിസ്തുവിലേയ്കു നയിച്ചില്ല, കാരണം അത് സ്വയകേന്ദ്രീകൃതമായ ലോകപരമായ ദുഃഖമായിരുന്നു! ഈ ഭാഗ്യാവസ്ഥയിൽ, ദൈവകേന്ദ്രീകൃതമായ ദുഃഖം—നമ്മെ മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേയ്കും ആശ്വാസത്തിനായി ക്രിസ്തുവിലേയ്കും തിരികെയെത്തുവാൻ നയിക്കുന്ന ദുഃഖം—അനുഭവിക്കുവാൻ യേശു നമ്മെ വിളിക്കുന്നു!

നമ്മുടെ ദുഃഖത്തിന്റെ പൊള്ളത്തരം.

നിർഭാഗ്യവശാൽ, ക്രിസ്ത്യാനികൾ എന്ന് ഭാവിക്കുന്ന അനേകരുടെയും ദുഃഖം ലോകപരമായ ദുഃഖത്തോട് സാമ്യമുള്ളതാണ്. ആഗ്രഹങ്ങൾ നടക്കാതിരിക്കുക, പ്രശസ്തി ലഭിക്കാതിരിക്കുക, തൊഴിലിൽ സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുക എന്നിങ്ങനെയുള്ള വിഷയങ്ങളെ ചുറ്റിയാണ് അവരുടെ ദുഃഖം. നമുക്ക് ഒരു നിമിഷം ചിന്തിക്കാം. 

നമ്മുടെ അഹംഭാവം, സ്വാർഥത, ഉയർന്ന സ്ഥാനലബ്ദിയ്കു വേണ്ടിയുള്ള പ്രയത്നം, മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള കൗശലപരമായ ശ്രമങ്ങൾ, മറ്റുള്ളവരെ മുറപ്പെടുത്തുന്ന വാക്കുകൾ എന്നിവയെക്കുറിച്ച് നാം അവസാനമായി ദുഃഖിച്ചത് എപ്പോഴാണ്? വിശുദ്ധനായ ദൈവത്തെ വ്യസനിപ്പിച്ചതിൽ, ദൈവത്തിന്റെ കല്പനകൾ ലംഘിച്ചതിൽ നമുക്ക്  തീവ്രമായ വേദന അവസനമായി തോന്നിയത് എപ്പോളാണ്? നമ്മുടെ പാപങ്ങളെയോർത്ത് നാം അവസാനമായി കരഞ്ഞത് എപ്പോഴാണ്? 

ഭോഷനായ ഒരു യുവാവ് ഒരിക്കൽ ഒരു പ്രസംഗകനോട് ഇപ്രകാരം ചോദിച്ചു, “നിങ്ങൾ പറയുന്നത് രക്ഷിക്കപ്പെടാത്ത ആളുകൾ പാപത്തിന്റെ ഭാരം ചുമക്കുന്നവരാണ് എന്നാണ്. എനിക്ക് യാതൊരു ഭാരവും തോന്നുന്നില്ല. പാപത്തിന് എന്ത് ഭാരം വരും? പത്ത് കിലോ? എൺപത് കിലോ?” ആ യുവാവിനോട് പ്രസംഗകൻ ഇപ്രകാരം തിരിച്ചു ചോദിച്ചു, “നിങ്ങൾ നൂറു കിലോ ഭാരമുള്ള ഒരു വസ്തു ഒരു മൃതശരീരത്തിന്റെ മേൽ വച്ചാൽ ആ മൃതശരീരത്തിന് ആ വസ്തുവിന്റെ ഭാരം അനുഭവപ്പെടുമോ?” “മൃതശരീരത്തിന് ജീവനില്ലാത്തതിനാൽ അതിന് ഭാരം അനുഭവപ്പെടുകയില്ല,” എന്ന് യുവാവ് മറുപടി നൽകി. 

പ്രസംഗകൻ ഇപ്രകാരം പറഞ്ഞു, “ആത്മാവും അതുപോലെ മരിച്ചിരിക്കുന്നതിനാൽ പാപത്തിന്റെ ഭാരം തോന്നുകയില്ല അഥവാ ആ ഭാരത്തോടു നിസ്സംഗത പുലർത്തുകയും അതിന്റെ സാന്നിധ്യം ഗൗരവമായെടുക്കാതിരിക്കുകയും ചെയ്യുന്നു.”

എന്നാൽ, വിശ്വാസികൾ ഇനി മേലാൽ ആത്മീയമായി മരിച്ചവരല്ല. അവർ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടവരാണ് [എഫേസ്യർ 2:4-5]. അവർ വീണ്ടും ജനിച്ചിരിക്കുന്നു. പുതിയ ജനനത്തിന്റെ വ്യകതമായ ഒരു തെളിവ് പാപത്തിന്റെ ഭാരം അനുഭവവേദ്യമാകുന്നു എന്നതാണ്! പാപഭാരം അനുഭവപ്പെടാതിരിക്കുമ്പോൾ, ദുഃഖം തോന്നാതിരിക്കുമ്പോൾ, ചോദിക്കേണ്ട ന്യായമായ ചോദ്യമിതാണ്: “യഥാർഥത്തിൽ പുതുജനനം സഭവിച്ചിട്ടുണ്ടോ?”

നാം കൃപയാൽ രക്ഷിക്കപ്പെട്ടു എന്നതിനാൽ, പാപങ്ങളെക്കുറിച്ച് ദുഃഖിക്കേണ്ടതില്ല എന്ന് നാം പലപ്പോഴും നമ്മെത്തെന്ന ബോധ്യപ്പെടുത്താറുണ്ട്. നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു, യേശു നൽകുന്ന പാപക്ഷമ അവകാശമാക്കുന്നു, മുൻപോട്ടു പോകുന്നു. അത് വളരെ വേഗത്തിൽ ചെയ്യുവാൻ നാം ആഗ്രഹിക്കുന്നു.  അല്ലെങ്കിൽ, ചിലപ്പോൾ, നാം നമ്മുടെ പാപങ്ങൾ ഉപേക്ഷിക്കുവാൻ ആഗ്രഹിക്കുന്നില്ല. കുറേനാൾകൂടി അതിൽ തുടരുവാൻ നാം ആഗ്രഹിക്കുന്നു. അതുകൊണ്ട്, അത് സംബന്ധിച്ച് ദുഃഖിക്കുന്നതിൽ നിന്നും നാം വിട്ടു നിൽക്കുന്നു. കാരണം, ദുഃഖിക്കുക എന്നാൽ നാം അതിനെ ഉപേക്ഷിക്കേണ്ടതുണ്ട്! ഇനി ദുഃഖിച്ചാൽതന്നെ, നമുക്കു താത്പര്യം നഷ്ടമായ പാപങ്ങൾ സംബന്ധിച്ചാണ് പലപ്പോഴും ദുഃഖിക്കുന്നത്! 

എന്നാൽ, തന്റെ അനുയായികൾ അവരുടെ സകല പാപങ്ങൾ സംബന്ധിച്ചും ദുഃഖിക്കണം എന്ന് യേശു വ്യക്തമായി പറയുന്നു. ഏറ്റവും നിസ്സാരമായ പാപങ്ങൾപോലും അവരെ അലട്ടുന്നു! അതിൽ നിന്നുള്ള വിടുതലിനായി അവർ നിലവിളിക്കുന്നു. ഉറപ്പായും അത് പ്രത്യാശാരഹിതമായ ഒരു നിലവിളിയല്ല മറിച്ച്, ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്ന തീവ്രമായ നിലവിളി—ചെയ്ത പ്രവൃത്തി സംബന്ധിച്ച് വ്യസനിക്കുക മാത്രമല്ല, അതിൽ നിന്ന് വിടുതലും ആഗ്രഹിക്കുന്ന നിലവിളി. 

വ്യാഖ്യാതാവായ ജോൺ സ്റ്റോട്ട് ഇപ്രകാരം പറയുന്നു: “ചില ക്രിസ്ത്യാനികൾ കരുതുന്നത്, അവർ പരിശുദ്ധാത്മാവിന്റെ നിറവ് ലഭിക്കുമ്പോൾ, അവർ മുഖത്ത് സ്ഥിരമായി ചിരി വരുത്തണമെന്നും തുടർച്ചയായി ശബ്ദകോലാഹലം ഉണ്ടാക്കണം എന്നുമാണ്. ഒരുവന് ഇതിൽപരം ബൈബിൾ വിരുദ്ധമായിത്തീരുവാൻ എപ്രകാരം സാധിക്കും?” അദ്ദേഹം പറഞ്ഞത് ബൈബിൾ അനുസരിച്ച് ശരിയാണ്. കാരണം, ഇത്തരത്തിൽ പാപത്തോടുള്ള ലഘുവായ സമീപനമല്ല ദൈവഭക്തരായവരുടെ പ്രതികരണമായി നാം കാണുന്നത്.  

പാപം ചെയ്തപ്പോൾ അത്തരത്തിൽ ഒരു പ്രതികരണം നടത്തിയ മനുഷ്യനാണ് ദാവീദ്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു” [സങ്കീർത്തനങ്ങൾ 38:4]. “ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.” [സങ്കീർത്തനങ്ങൾ 38:18]. “എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു [സങ്കീർത്തനങ്ങൾ 51:3]. “ദാവീദേ, എത്ര നിഷേധാത്മകമായ സമീപനം! അത് സന്തോഷത്തിനുള്ള ഉപാധിയല്ല!” എന്ന് ലോകം പറയും. എന്നാൽ, ദൈവം പറയുന്നു, ഇതാ ദൈവഭക്തനായ മനുഷ്യൻ—എന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ [അപ്പോ. പ്രവർത്തികൾ 13:22]. അതായത്, ഒരുവന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുക എന്നത് ദൈവഭക്തിയ്കു നിരക്കുന്നതാണ്. 

മറ്റുള്ളവരുടെ പാപത്തെക്കുറിച്ചു ദുഃഖിക്കുക.

വിശ്വാസികളെ അവരുടെ പാപത്തെക്കുറിച്ച് ദുഃഖിക്കുവാൻ മാത്രമല്ല, മറ്റുള്ളവരുടെ പാപത്തെക്കുറിച്ചും ദുഃഖിക്കുവാൻ ബൈബിൾ ആഹ്വാനം ചെയ്യുന്നു. ലൈംഗിക അധാർമ്മികതയ്ക് ഇടംകൊടുത്ത കൊരിന്ത്യ സഭയെ മറ്റുള്ളവരുടെ പാപത്തെയോർത്ത് ദുഃഖിക്കുന്നതിൽ പരാജയപ്പെട്ടതിൽ പൗലോസ് ഇപ്രകാരം ശാസിക്കുന്നു: “… നിങ്ങളുടെ ഇടയിൽനിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല” [1 കൊരിന്ത്യർ 5:1-2].  

മറ്റുള്ളവരുടെ പാപങ്ങളെ ലോകം കുറ്റംവിധിക്കുകയോ പൊറുക്കുകയോ ചെയ്യുന്നില്ല എന്നു കാണാവുന്നതാണ്. എന്നാൽ, നാം ഒന്നാമതായും ആദ്യമായും മറ്റുള്ളവരുടെ പാപങ്ങൾ സംബന്ധിച്ച് ദുഃഖിക്കണം. നാം തിരുവെഴുത്തുകളിൽ കാണുന്ന വിശ്വാസികളുടെ മാതൃക അതായിരുന്നു [സങ്കീർത്തനങ്ങൾ  119:36; യിരെമ്യാവ്  13:17; ഫിലിപ്യർ  3:18]. 

ഈ ഭാഗ്യാവസ്ഥ  പ്രസ്താവിച്ച യേശുപോലും മറ്റുള്ളവരുടെ പാപം സംബന്ധിച്ച് ദുഃഖിച്ചു. അവൻ  നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു [ലൂക്കോസ് 19:41]. യേശുവിനെ കൊല്ലുക എന്ന വലിയ പാപം ഏതാനം ദിവസങ്ങൾക്കുള്ളിൽ ചെയ്യുവാൻ പോകുന്ന ആളുകൾ വസിക്കുന്ന നഗരത്തെയോർത്ത് യേശു കരഞ്ഞു! ബൈബിൾ യേശുവിനെ വ്യസനപാത്രമായി വർണ്ണിക്കുന്നതിൽ അതിശയമില്ല [യെശയ്യാവ് 53:3]. വ്യസനപാത്രം എന്നാൽ, മറ്റുള്ളവരുടെ പാപങ്ങൾ യേശുവിനെ വ്യസനിപ്പിച്ചു എന്നർഥം. മറ്റുള്ളവരുടെ പാപങ്ങൾ നിമിത്തം യേശു തീവ്രമായി ദുഃഖിച്ചു—തന്റെ പാപം സംബന്ധിച്ചല്ല കാരണം, “അവൻ പാപം ചെയ്തിട്ടില്ല” [1 പത്രോസ് 2:22]. 

അതിന്റെ വെളിച്ചത്തിൽ, സഹവിശ്വാസികളുടെ പാപങ്ങൾ ഉൾപ്പെടെ മറ്റുള്ളവരുടെ പാപങ്ങളെയോർത്ത് ദുഃഖിക്കാതെ നമുക്ക് എപ്രകാരം യേശുവിനെ അനുഗമിക്കുവാൻ സാധിക്കും? നമുക്കു ചുറ്റും വ്യാപകമായ പാപം കാണുമ്പോൾ എപ്രകാരമാണ് ഉല്ലസിച്ചുകൊണ്ട് ജീവിക്കുവാൻ സാധിക്കുന്നത്? 

ക്രിസ്തീയ ജീവിതമെന്നാൽ പുഞ്ചിരി മാത്രമാണെന്ന നുണ അനേകരും വിശ്വസിച്ചിരിക്കുന്നു. ശരിയാണ്, ദൈവം “നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ” തരുന്നുണ്ട് [1 തീമോഥെയോസ് 6:17].  “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു” [സദൃശ്യവാക്യങ്ങൾ 17:22] എന്ന് ശലോമോൻ പറയുന്നുമുണ്ട്. എന്നാൽ, ജീവിതമെന്നത് നല്ലത് മാത്രം ആസ്വദിക്കുകയാണോ? ജീവിതമെന്നത് ഏതെങ്കിലും വിധത്തിലുള്ള സങ്കടം ഒഴിവാക്കുവാൻ ശ്രമിക്കുന്നത് മാത്രമാണോ? ദുഃഖം അനുഭവപ്പെടാതെ അചേതനമായ അവസ്ഥയിലേയ്ക് നമ്മെ എത്തിക്കുന്നത് സംബന്ധിച്ചുള്ളതാണോ?  

നാം നമ്മോടുതന്നെ സത്യസന്ധത കാട്ടിയാൽ, യഥാർഥത്തിൽ നാം ഈ ലോകത്തിലെ സുഖങ്ങൾ കണക്കിലധികം നുകരുന്നു എന്ന കുറ്റം നമുക്കില്ലേ? അത്തരത്തിൽ ഒരു  ജീവിതം ജീവിക്കുന്നത് വിഡ്ഡിത്തവും ആത്മീയമായി അപകടകരവുമാണ്. സുഖം നിറഞ്ഞ ജീവിതശൈലിയെ ഭ്രാന്തമായി പിന്തുടരുന്നതിനെതിരെ ശലോമോന്റെ വിവേകപൂർണ്ണമായ വാക്കുകൾ നമുക്കു ശ്രവിക്കാം: “വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും. ചിരിയെക്കാൾ വ്യസനം നല്ലതു മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ” [സഭാപ്രസംഗി 7:2-4]. 

ശലോമോൻ വിലപിക്കുവാൻ പറയുന്നു. യേശു ദുഃഖിക്കുവാൻ പറയുന്നു. നാം നമ്മുടെ ഹൃദയങ്ങൾക്കു മീതേ നെയ്തെടുത്തിരിക്കുന്ന വലയെ കുടഞ്ഞെറിഞ്ഞു മാറുവാൻ നമ്മെ ചലിപ്പിക്കുന്ന നേരായ വാക്കുകളാണിവ. നാം എന്തിനെക്കുറിച്ച് കരയുന്നു, എന്തിനെക്കുറിച്ച് ചിരിയ്കുന്നു എന്നത് നമ്മുടെ ഹൃദയത്തിന്റെ യഥാർഥ അവസ്ഥ വെളിവാക്കുന്നതാണ്. നാം നമ്മോടു തന്നെ സത്യസന്ധമായി പറഞ്ഞാൽ,  ദുഃഖിക്കേണ്ടവയെ ഓർത്തു സന്തോഷിക്കുകയും സന്തോഷിക്കേണ്ടവയെ ഓർത്ത് ദുഃഖിക്കുകയും ചെയ്യുന്ന കുറ്റം നമുക്കില്ലേ?

യേശുവിന്റെ വാക്കുകൾ വ്യക്തമാണ്: തങ്ങളുടെ പാപങ്ങളെക്കുറിച്ചും മറ്റുള്ളവരുടെ പാപങ്ങളെക്കുറിച്ചും തുടർമാനമായി ദുഃഖിക്കുന്നവരെ മാത്രമാണ് ദൈവം അനുഗ്രഹിക്കുന്നത്. അപ്രകാരമുള്ളവരെ മാത്രമാണ് ദൈവം അംഗീകരിക്കുന്നത്. 

ആശ്വാസം എന്ന വാഗ്ദാനം.

ദുഃഖത്തിന്റെ മനോഭാവം പിന്തുടരുന്നതിനുള്ള പ്രതിഫലം എന്താണ്? ആശ്വാസം! മത്തായി 5:4—ന്റെ അവസാനഭാഗം നോക്കുക, “അവർക്ക് ആശ്വാസം ലഭിക്കും.” അവർക്കു മാത്രമാണ് ആശ്വാസം ലഭിക്കുന്നത്—ഈ ജീവിതത്തിലും തന്റെ രാജ്യം സ്ഥാപിക്കുവാൻ യേശു തിരികെയെത്തുമ്പോൾ നമ്മുടെ എല്ലാവരുടെയും കണ്ണുനീർ തുടയ്കുന്ന സമയത്ത് അതിന്റെ പൂർണ്ണതയിലും. അതാണ് യേശുവിന്റെ വാഗ്ദത്തം. 

“ആശ്വാസം ലഭിക്കും” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം അർഥമാക്കുന്നത് ആശ്വസിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ധൈര്യപ്പെടുത്തുവാനും കൂടെ വരുന്ന ഒരുവൻ എന്നാണ്. ദൈവം “സർവ്വാശ്വാസവും നൽകുന്ന ദൈവം” [2 കൊരിന്ത്യർ 1:3] എന്ന് വിളിക്കപ്പെടുന്നു. 1 യോഹന്നാൻ 2:1-ൽ യേശുവിനെ കാര്യസ്ഥൻ [ആശ്വാസകൻ] എന്ന് വിളിക്കുന്നു. പരിശുദ്ധാത്മാവും ആശ്വാസകൻ, ധൈര്യപ്പെടുത്തുന്നവൻ,പ്രോത്സാഹിപ്പക്കുന്നവൻ എന്ന് വിളിക്കപ്പെട്ടിരിക്കുന്നു [യോഹന്നാൻ 14:16]. 

നാം നമ്മുടെ പാപത്തെ ഓർത്ത് ദുഃഖിക്കുമ്പോൾ പിതാവും പുത്രനും പരിശുദ്ധാത്മാവിലൂടെ നമുക്ക് ആശ്വാസവും ധൈര്യവും നൽകുന്നു—തിരവെഴുത്തുകൾ വായിക്കുന്നതിലൂടെ, ദൈവവചനപ്രബോധനം കേൾക്കുന്നതിലൂടെ, മറ്റ് വിശ്വാസികളുടെ കൂട്ടായ്മയിലൂടെപോലും ആശ്വാസം നൽകുന്നു.  

ദുഃഖിക്കുന്ന ഹൃദയങ്ങളെ ദൈവം ആശ്വസിപ്പിക്കും എന്ന ബോധ്യമാണ് ഇപ്രകാരം പറയുവാൻ ദാവീദിനെ നയിച്ചത്,  “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ  രക്ഷിക്കുന്നു” [സങ്കീർത്തനങ്ങൾ 34:18; സങ്കീർത്തനങ്ങൾ 51:17 കൂടി കാണുക]. നാം നമ്മുടെ പാപങ്ങൾ നിമിത്തം ദുഃഖിക്കുകയും യഥാർഥ അനുതാപത്തോടെ ക്രിസ്തുവിനടുത്തേയ്ക് അവയെ കൊണ്ടുവരികയും ചെയ്താൽ, നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടു എന്ന് പരിശുദ്ധാത്മാവ് ബോധ്യം നൽകും. 1 യോഹന്നാൻ 1:9 ഇപ്രകാരം പറയുന്നു: നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.”

ഭാവിയിൽ ദൈവം നമ്മുടെ “കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” എന്ന് വെളിപ്പാടു 21:4-5 പറയുന്നു. ഇപ്പോൾ, ഇവിടെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്ന ജീവിതശൈലി പിന്തുടരുന്ന എല്ലാവരേയും കാത്തിരിക്കുന്ന ഭാവി ഇതാണ്! ഈ ലോകത്തിൽ സന്തോഷത്തിലേയ്കും ആനന്ദത്തിലേയ്കും നയിക്കുകയും വരാനിരിക്കുന്ന രാജ്യത്തിൽ പൂർണ്ണതയുള്ള അനുഭവത്തിലേയ്കും നയിക്കുന്നതുമായ ആശ്വാസമുണ്ട്. 

എന്നാൽ, ഈ ജീവിതത്തിൽ ചിരിച്ചുല്ലസിച്ചുകൊണ്ട്, ദുഃഖിക്കുക എന്ന ആശയത്തെ നിങ്ങൾ തള്ളിക്കളയുമെങ്കിൽ, യേശുവിന്റെ വാക്കുകൾ ലൂക്കോസ് 6:25 ഇപ്രകാരം പറയുന്നു, “ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.”  നേർവിപരീതമായത് വന്നുഭവിക്കും. ഇപ്പോൾ പാപത്തെക്കുറിച്ച് കരയുക—നിത്യമായ ആശ്വാസം പ്രാപിക്കുക. ഇപ്പോൾ പാപത്തെക്കുറിച്ച് ചിരിച്ചുല്ലസിക്കുക—നിത്യമായി കരഞ്ഞുകൊണ്ടിരിക്കുക! യേശു ഗൗരവത്തോടെയാണ് ഇത് പറഞ്ഞത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന അവന്റെ വാക്കുകൾ നമുക്ക് അറിവിനു വേണ്ടി മാത്രം പറഞ്ഞവയല്ല. അവ നമ്മുടെ രൂപാന്തരത്തിനു വേണ്ടിയുള്ളവയാണ്. ഇത്തരത്തിലുള്ള ദുഃഖം സായത്തമാക്കുക എന്നത് നമ്മുടെ ലക്ഷ്യമാക്കണം. 

എപ്രകാരമാണ് അതു ചെയ്യുന്നത്? നമ്മുടേയും മറ്റുള്ളവരുടേയും പാപത്തെക്കുറിച്ചു ദുഃഖിക്കുന്ന ഒരു ജീവിതശൈലി പിന്തുടരുവാൻ നമുക്ക് എപ്രകാരം സാധിക്കും? രണ്ടു പദങ്ങളിലായി ഈ രണ്ടു നിർദ്ദേശങ്ങൾ സഹായകരമായേക്കാം: ധ്യാനിക്കുക, ഓടുക.

1. ധ്യാനിക്കുക.

നമ്മുടെ ആത്മീയ അവസ്ഥയെക്കുറിച്ച് ധ്യാനിക്കുവാൻ നാം പതിവായി സമയം ഉപയോഗിക്കണം. അത്തരം വേളകളിൽ, നമ്മോടുതന്നെ താഴെക്കാണുന്നവിധം ഗൗരവതരമായ ചോദ്യങ്ങൾ ചോദിക്കണം: 

എന്തുകൊണ്ടാണ് ഞാൻ പലപ്പോഴും പാപകരമായ ചിന്തകൾ ചിന്തിക്കുന്നത്? എന്തുകൊണ്ടാണ് ഞാൻ ആഗ്രഹിക്കുന്നത് ലഭിക്കാതെവരുമ്പോൾ ഞാൻ മോശമായി പ്രതികരിക്കുന്നത്? എന്തുകൊണ്ടാണ് ആരെങ്കിലും എന്നെ പ്രകോപിപ്പിക്കുമ്പോൾ ഞാൻ കോപത്തോടെ പ്രതികരിക്കുന്നത്? എന്തുകൊണ്ടാണ് മറ്റുള്ളവർ അഭിവൃദ്ധി പ്രാപിക്കുമ്പോൾ ഞാൻ അസൂയപ്പെടുന്നത്? എന്തുകൊണ്ടാണ് മോഹപ്പിക്കുന്ന ചിന്തകളിൽ നിന്നും ഓടിയകലുന്നതിനു പകരം ഞാൻ അവയെ പിന്തുടരുന്നത്? എന്തുകൊണ്ടാണ് സ്വയം നീതീകരിക്കുന്ന മനോഭാവത്തോടെ ഞാൻ മറ്റുള്ളവരെ വിധിക്കുന്നത്? എന്തുകൊണ്ടാണ് മറ്റുള്ളവരുമായി ഞാൻ എന്നെത്തന്നെ നിരന്തരം താരതമ്യം ചെയ്യുന്നത്? എന്തുകൊണ്ടാണ് ദൈവം എനിക്കു നൽകിയവയിൽ സംതൃപ്തനാകാതെ ഞാൻ ഇത്രയധികം പരാതി പറയുന്നത്? എന്തുകൊണ്ടാണ് പോകരുതാത്ത സ്ഥലങ്ങളിൽ ഞാൻ പോകുകയും കാണരുതാത്ത കാഴ്ചകൾ കാണുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് എന്റെ നാവുകൊണ്ട് ഞാൻ മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നത്? 

നാം നമ്മെത്തന്നെ തലങ്ങും വിലങ്ങും പരിശോധിക്കേണ്ടതാണ്. സത്യസന്ധമായ ഹൃദയത്തോടെ ഈ വിഷയങ്ങൾ നാം കൈകാര്യം ചെയ്യേണ്ടതാണ്. നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കുവാനും നാം തിരിച്ചറിയുകപോലും ചെയ്യാത്ത പാപങ്ങളെ വെളിച്ചത്തിൽ കൊണ്ടുവരുവാനും നാം ദൈവത്തോട് അപേക്ഷിക്കണം [സങ്കീർ 139:23-24].

അതുകൊണ്ട്, പരിശുദ്ധാത്മാവ് നമ്മുടെ ശ്രദ്ധയിലേയ്ക് കൊണ്ടുവരുന്ന സകല പാപങ്ങളെക്കുറിച്ചും ചിന്തിക്കുവാൻ നമുക്കു സമയം ഉപയോഗിക്കാം. നമ്മുടെ പാപങ്ങളുടെ ഭാരം ആത്മാർഥമായ പാപബോധം ഉളവാക്കും. അപ്പോൾ, നമ്മുടെ പാപങ്ങളെയോർത്ത് ദുഃഖിക്കുവാൻ നാം ആരംഭിക്കും.—യേശു തുപ്പലേറ്റതിന് കാരണമായ പാപങ്ങൾ, യേശുവിന്റെ പുറം ചാട്ടവാറിനാൽ കീറിമുറിക്കപ്പെടുവാൻ  കാരണമായ പാപങ്ങൾ, കൈകാലുകളിൽ ആണിയടിക്കപ്പെടുവാൻ കാരണമായ പാപങ്ങൾ, മുള്ളുകൾ തലയിൽ ആഴ്ന്നിറങ്ങുവാൻ കാരണമാക്കിയ പാപങ്ങൾ. ആത്മാർഥമായി ഇപ്രകാരം നിലവിളിക്കുന്നത് എങ്ങനെയെന്ന് അപ്പോൾ നാം അറിയും, “ഞാൻ എത്ര ഘോരപാപിയാണ്! ഞാൻ പാപം ചെയ്യുന്നുവെന്ന് മാത്രമല്ല, പാപത്തോട് പ്രതികരിക്കേണ്ടതുപോലെ പ്രതികരിക്കുകപോലും ചെയ്യുന്നില്ല. എന്റെ മാനസാന്തരം പൊള്ളയാണ്.

നാം ഈ സ്ഥാനത്തേയ്ക് എത്തിക്കഴിഞ്ഞാൽ, രണ്ടാമത്തെ നിർദ്ദേശം ഇതാ. 

2. ഓടുക.

ധ്യാനിക്കുന്നതിന്റെ ഉദ്ദേശ്യം ക്രിസ്തുവിങ്കലേയ്ക് ആശ്വാസത്തിനായി ഓടുക എന്നതാണ്. നമുക്കു സ്വാഗതമരുളുന്ന കൈകളിലേയ്ക് ഓടിച്ചെല്ലുക—ദുഃഖിക്കുകയും അനുതപിക്കുകയും ചെയ്യുന്ന പാപിയെ ഒരിക്കലും ത്യജിക്കാത്ത കൈകളിലേയ്ക്. നാം ദുരിതത്തിൽ കിടന്ന് കുഴഞ്ഞുമറിയേണ്ടവരല്ല. നാം പാപം ചെയ്തുപോയി എന്നും നമ്മെ ശുദ്ധമാക്കുവാനും നമുക്ക് അവനോടു പറയുവാൻ സാധിക്കും. സംശയമന്യേ, മനസ്സലിവുള്ള യേശു നമുക്ക് പാപക്ഷമ നൽകുമെന്നു മാത്രമല്ല, അസ്വസ്ഥമായ നമ്മുടെ ആത്മാക്കൾക്ക് സമാധാനവും നൽകും. 

പുതുതായി കോളേജിൽ എത്തിയ ഒരു യുവാവ് തന്റെ മുഷിഞ്ഞ വസ്ത്രങ്ങളെല്ലാംകൂടി ഒരു ജാക്കറ്റിനുള്ളിലാക്കി കൂട്ടക്കെട്ടിക്കൊണ്ട് താമസ സ്‌ഥലത്തുള്ള മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുന്ന മുറിയിലെത്തി. തന്റെ വസ്ത്രങ്ങളിൽ വളരെയധികം അഴുക്ക് പുരണ്ടിരിക്കുന്നതിനാൽ ലജ്ജിതനായിരുന്ന അയാൾ അവ നിവർത്തുകപോലും ചെയ്യാതെ വാഷിംഗ് മെഷീന്റെ ഉള്ളിലേയ്കിട്ടു. തുണികൾ അലക്കിയശേഷം മെഷീന്റെ പ്രവർത്തനം നിന്നപ്പോൾ അയാൾ തന്റെ തുണിക്കെട്ട് മെഷീന്റെ തുണി ഉണക്കുന്ന ഡ്രയറിലേയ്കിട്ടു.  വീണ്ടും മെഷീന്റെ പ്രവർത്തനം അവസാനിച്ചപ്പോൾ, അപ്പോഴും തുറക്കാത്ത തന്റെ തുണിക്കെട്ട് മുറിയിലേയ്ക തിരികെ കൊണ്ടുവന്നു. തന്റെ വസ്ത്രങ്ങൾ നനയുകയും പിന്നീട് ഉണങ്ങുകയും ചെയ്തു എന്നാൽ, അവ വൃത്തിയായില്ല എന്ന് അയാൾ, തീർച്ചയായും, ഒടുവിൽ മനസ്സിലാക്കി. 

ദൈവം പറയുന്നു, “നിങ്ങളുടെ പാപങ്ങൾ സുരക്ഷിതമായ ഒരു ചെറിയ പൊതിക്കെട്ടനുള്ളിൽ സൂക്ഷിക്കരുത്. നിന്റെ ജീവിതത്തെ—അഴുക്കു പുരണ്ട എല്ലാ വസ്ത്രങ്ങളെയും—സമ്പൂർണ്ണമായി ശുദ്ധീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.”

“അവന്റെ [ദൈവത്തിന്റെ] പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” എന്നത് നമുക്ക് ഒരിക്കലും മറക്കാതിരിക്കാം [1 യോഹന്നാൻ 1:7]. അതിനാൽ ധ്യാനിക്കുക, ഓടുക. ഭാഗ്യാവസ്ഥകൾ നമ്മുടെ അനുദിന ജീവിതത്തിൽ ജീവിച്ചുകാണിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ നാം പ്രായോഗികമാക്കുവാൻ ഞാൻ നിർദ്ദേശിക്കുന്ന രണ്ടു കാര്യങ്ങളാണ് അവ. 

നിരാശിതരാകുന്നതിൽ നിന്നും നമ്മെ തടയുന്നതിന് നമുക്ക് ഓർമ്മിക്കാം, നമ്മുടെ സ്ഥാനത്ത് യേശു ഈ ഭാഗ്യാവസ്ഥകൾ സമ്പൂർണ്ണമായി പാലിച്ചു. അതുകൊണ്ട്, ദൈവത്തിൽ നിന്നും സ്വീകാര്യം നേടുന്നതിനോ ദൈവത്താൽ സ്വീകാര്യരായി തുടരുന്നതിനോ നാം ഈ മനോഭാവം പൂർണ്ണതയോടെ പ്രകടമാക്കണം എന്നു ചിന്തിക്കുന്ന കെണിയിൽ വീഴാതിരിക്കുവാൻ നമുക്കു ശ്രമിക്കാം. പകരം, യേശുവിനെപ്പോലെ ആകുവാൻ നമുക്കു പരിവർത്തനം വരുത്തുവാൻ പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ നിന്നും പ്രവർത്തിക്കുമ്പോൾ, ഈ ഓട്ടം നാം ഓടുമ്പോൾ നമ്മുടെ മാതൃകയായി യേശുവിനെ നോക്കാം [2 കൊരിന്ത്യർ 3:18].

കഴിഞ്ഞത് കഴിഞ്ഞു. ഇന്ന് പുതിയൊരു ദിവസമാണ്. ഈ വലിയ സത്യം വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് നമുക്ക് പുതിയ തുടക്കം തുടങ്ങാം: സ്വന്ത പാപങ്ങളെക്കുറിച്ചും മറ്റുള്ളവരുടെ പാപങ്ങളെക്കുറിച്ചും ദുഃഖിക്കുന്നവർ യഥാർഥത്തിൽ അനുഗ്രഹിക്കപ്പെട്ടവരാണ്—കാരണം, അവർക്കു  മാത്രമായിരിക്കും ആശ്വാസം ലഭിക്കുന്നത്!  

 

Category

Leave a Comment