യഥാർഥ വിജയത്തിലേയ്കു നയിക്കുന്ന 3 ദൈവിക ശീലങ്ങൾ

Posted byMalayalam Editor June 13, 2023 Comments:0

(English Version:3 Godly Habits That Lead To True Success!)

പഴയ നിയമത്തിൽ വിവരിച്ചിരിക്കുന്ന എസ്രാ എന്ന ദൈവഭക്തനായ മനുഷ്യന്റെ ജീവിതം, ദൈവത്താൽ നിർവ്വചിക്കപ്പെട്ട യഥാർഥവും നിലനിൽക്കുന്നതുമായ വിജയത്തിന്റെ രഹസ്യം ചിത്രീകരിക്കുന്നു. ദൈവത്തിന്റെ വചനത്തിന്റെ ഉപദേഷ്ടാവായിരുന്ന എസ്രാ 3 ദൈവികമായ ശീലങ്ങൾ പാലിച്ചതിന്റെ ഫലമായി ദൈവത്തിന്റെ കരം തന്നോടുകൂടെയിരിക്കുന്നത് ജീവിതത്തിൽ അനുഭവിച്ചു(എസ്രാ 7:9). എസ്രാ 7:10 ഇപ്രകാരം വായിക്കുന്നു: “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.”

3 ശീലങ്ങൾ പാലിക്കുന്നതിന് എസ്രായുടെ ഹൃദയം സമർപ്പിക്കപ്പെട്ടിരുന്നു എന്ന് ഈ വാക്യം നമ്മെ പഠിപ്പിക്കുന്നു:

(1) ദൈവത്തിന്റെ വചനം പഠിക്കുന്നതിന്

(2) ദൈവത്തിന്റെ വചനം പ്രായോഗികമാക്കുന്നതിന്

(3) ദൈവത്തിന്റെ വചനം പഠിപ്പിക്കുന്നതിന്.

വിജയം – ദൈവത്താൽ നിർവ്വചിക്കപ്പെട്ട വിജയം- നേടുവാൻ നാം ആഗ്രഹിക്കുന്നു എങ്കിൽ ഇവ ഓരോന്നും നമുക്കു പരിശോധിക്കാം.

ശീലം # 1.  എസ്രായെപ്പോലെ ദൈവത്തിന്റെ വചനം ശുഷ്കാന്തിയോടെ പഠിക്കുവാൻ നാമും മനസ്സുവയ്ക്കണം.

“യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും … എസ്രാ മനസ്സുവെച്ചിരുന്നു.”

എസ്രാ മനസ്സുവച്ച ഒന്നാമത്തേതും പ്രധാനപ്പെട്ടതുമായ ശീലം ദൈവത്തിന്റെ വചനം(ദൈവത്തിന്റെ ന്യായപ്രമാണം എന്നതിന്റെ മറ്റൊരു പേര്)  തന്റെ സ്വന്ത ആത്മാവിനുവേണ്ടി പഠിക്കുക എന്നതായിരുന്നു.  അദ്ദേഹം ഒരു അധ്യാപകനായിരുന്നുവെങ്കിലും ഒരു വിദ്യാർഥി കൂടിയായിരുന്നു. എസ്രായെപ്പോലെ നാമും ദൈവത്തിന്റെ വചനം നമ്മുടെ സ്വന്ത ആത്മാക്കൾക്കു വേണ്ടി ശുഷ്കാന്തിയോടെ പഠിക്കുന്ന ശീലം ഉണ്ടാക്കണം. അവിടെ നിന്നാണ് തുടക്കം കുറിക്കേണ്ടത്.

സകല തിരുവെഴുത്തുകളും ദൈവനിശ്വാസീയവും ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും പ്രയോജനമുള്ളതും ആകുന്നു (1 തിമോത്തെയൊസ് 3:16-17). എല്ലാത്തരത്തിലുമുള്ള പരീക്ഷകളിലും ഫലകരമായി ഉപയോഗിക്കുവാൻ സാധിക്കുന്ന ആയുധമാണ് തിരുവെഴുത്ത് എങ്കിൽ, അത് നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിക്കേണ്ടതാണ്(സങ്കീർത്തനങ്ങൾ 119:11).  ക്രിസ്ത്യാനികൾക്ക് ഒരു ബൈബിൾ ഉണ്ടെങ്കിൽ അഥവാ അനേക ബൈബിളുകൾ അലമാരയിൽ അടുക്കിവച്ചിട്ടുണ്ട് എങ്കിൽ സാത്താൻ ഓടിപ്പോകുകയില്ല. ഒരുവൻ ബൈബിൾ കൈകളിൽ പിടിച്ചിട്ടുണ്ട് എങ്കിലും അവൻ ഓടുകയില്ല. ബൈബിൾ ഹൃദയത്തിൽ ആക്കുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്യുമ്പോൾ മാത്രമേ സാത്താൻ ഓടിപ്പോകുകയുള്ളൂ!

പതിവായി പഠിപ്പിക്കുന്ന അധ്യാപകന്റെ അഭാവത്തിൽ, ആൺകുട്ടികളുടെ ഒരു സൺഡേസ്കൂൾ ക്ലാസ്സിൽ പഠിപ്പിക്കുവാൻ ഒരു പാസ്റ്ററോട് ആവശ്യപ്പെട്ടു. അവർക്ക് കാര്യങ്ങളെക്കുറിച്ച് എത്രമാത്രം ഗ്രാഹ്യമുണ്ട് എന്നു കാണുവാൻ അദ്ദേഹം അവരോടു ചോദിച്ചു, “ആരാണ് യെരീഹോ മതിൽ ഇടിച്ചത്?” ആൺകുട്ടികൾ ഓരോരുത്തരും “ഞാനല്ല, ഞാനല്ല“ എന്ന് ഉത്തരം പറഞ്ഞു. അവരുടെ അജ്ഞതയിൽ പ്രസംഗകൻ അമ്പരന്നു.

സഭാശുശ്രൂഷകന്മാരുടെ മീറ്റിംഗിൽ ഈ അനുഭവം പങ്കുവച്ചു. “യെരീഹോ മതിൽ ഇടിച്ചത് അവരാരുമല്ല” എന്നു പറഞ്ഞ് അദ്ദേഹം വിലപിച്ചു. കേൾവ്വിക്കാർ കുറെനേരം മൗനമായിരുന്നു. ഒടുവിൽ പ്രായമുള്ള ഒരാൾ എഴുന്നേറ്റ് ഇപ്രകാരം പറഞ്ഞു, “പാസ്റ്റർ താങ്കളെ ഇത് വല്ലാതെ വിഷമിപ്പിക്കുന്നു എന്നു തോന്നുന്നു. എങ്കിലും, ഈ കുട്ടികളെ അവരുടെ ജനനം മുതൽ എനിക്കറിയാവുന്നതാണ്. അവർക്ക് അറിയില്ല എന്ന് പറഞ്ഞുവെങ്കിൽ ഞാൻ അവരെ അതേപടി വിശ്വസിക്കുന്നു. അറ്റകുറ്റപ്പണികൾക്കു വേണ്ടിയുള്ള ഫണ്ടിൽ നിന്നും കുറച്ച് പണം എടുത്ത് നമുക്ക് ആ മതിൽ പണിതുകൊടുക്കാം. അങ്ങനെ ഈ പ്രശ്നം തീർക്കാം.”

ഇക്കാലത്തെ ക്രിസ്ത്യാനികൾ എന്നു ഭാവിക്കുന്നവരുടെ ഒരു ശരിയായ ചിത്രം! ഇന്ന് സഭ ശോഷിച്ചിരിക്കുന്നതിന് അത്ഭുതപ്പെടേണ്ടതില്ല! നാം ബലംപ്രാപിച്ച് വളരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം നമ്മുടെ ബൈബിളുകൾ വായിക്കണം. ഫലകരമായ ബൈബിൾ വായനയിൽ 3 അടിസ്ഥാന പ്രമാണങ്ങൾ അടങ്ങിയിരിക്കുന്നു:

(1) വേദഭാഗത്തിന്റെ വായന [വേദഭാഗം എന്ത് പറയുന്നു?]

(2വേദഭാഗത്തിന്റെ വ്യാഖ്യാനം [വേദഭാഗത്തിന്റെ അർഥമെന്ത്?]

(3) വേദഭാഗം പ്രയോഗത്തിൽ വരുത്തുക അഥവാ അനുസരിക്കുക [വേദഭാഗം എന്റെ ജീവിതത്തിൽ എങ്ങനെ പ്രയോഗത്തിൽ വരുത്താം?].

ഈ വാക്യത്തിന്റെ അല്ലെങ്കിൽ ഈ വേദഭാഗത്തിന്റെ അർഥമെന്ത് എന്ന് ചോദിക്കുമ്പോൾ, ആദ്യവായനക്കാരെ മനസ്സിൽ കാണേണ്ടത് ആവശ്യമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, “ഇത് ആർക്കുവേണ്ടി എഴുതപ്പെട്ടുവോ ആ വായനക്കാർക്ക് ഇത് എന്താണ് അർഥമായത്?“ എന്നതായിരിക്കണം കണ്ടുപിടിക്കേണ്ട പ്രധാന കാര്യം. അത് ശരിയായി കണ്ടെത്തുന്നില്ല എങ്കിൽ നാം വേദഭാഗത്തിന്റെ തെറ്റായ വ്യാഖ്യാനത്തിലെത്തിച്ചേരും. അത് നമ്മെ തെറ്റായ അനുസരണത്തിലേയ്കും നയിക്കും.

സ്റ്റഡി ബൈബിളുകൾ, കമ്മന്ററികൾ, ദൈവഭക്തരായ പ്രസംഗകർ എന്നീ സഹായകരമായ വിഭവങ്ങളാൽ കർത്താവ് തന്റെ സഭയെ അനുഗ്രഹിച്ചിരിക്കുന്നു. എന്നിരുന്നാലും, ഇത്തരം വിഭവങ്ങൾ വായിക്കുന്നതിനു മുൻപുതന്നെ, ബൈബിൾ സ്വന്തമായി വായിക്കുമ്പോൾ മനസ്സിലാക്കുന്നതിന് നമ്മുടെ കണ്ണുകളെ തുറക്കുവാൻ പരിശുദ്ധാത്മാവിനോട് പ്രാർഥിക്കുകയും അപേക്ഷിക്കുകയും വേണം. അതിനുശേഷം മാത്രമേ ഇത്തരം വിഭവങ്ങളുടെ സഹായം തേടാവൂ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ വചനം നമ്മുടെ ആത്മാക്കളോട് നേരിട്ടു സംസാരിക്കുന്നതിനേക്കാൾക്കൂടുതൽ ഈ വിഭവങ്ങൾ നമ്മോടു സംസാരിക്കുവാൻ നാം അനുവദിക്കരുത്.

ഏറ്റവും കുറഞ്ഞത് രാവിലെ 15 മിനിറ്റും വൈകുന്നേരം 15 മിനിറ്റും ചിട്ടയോടു കൂടിയ ദൈവവചന പഠനം ഫലം കൊയ്യുന്നതാണ്. ഒരു ദിവസത്തെ 24 മണിക്കൂറിൽ നിന്നും 30 മിനിറ്റുകൾ  ദൈവവചന പഠനത്തിനായി മാറ്റിവയ്കുക ഒരുവന് എളുപ്പമാണ്. പ്രാർഥനയ്കായി വേറെ സമയവും അത്യാവശ്യമാണ്. നമുക്കു താത്പര്യമുള്ള കാര്യങ്ങൾ ചെയ്യുവാൻ നാം എല്ലായ്പ്പോഴും സമയം കണ്ടെത്താറുണ്ട്. ദൈവവചനവും പ്രാർഥനയും ഒരു വിശ്വാസിയുടെ പ്രാഥമിക താത്പര്യമായിരിക്കേണ്ടതല്ലേ?

അതുകൊണ്ട്, നമ്മുടെ ജീവിതത്തിൽ യഥാർഥ വിജയം ആഗ്രഹിക്കുന്നുവെങ്കിൽ നാം ദൈവത്തിന്റെ വചനം ശുഷ്കാന്തിയോടെ പഠിക്കേണ്ടതുണ്ട്.

ശീലം # 2.  എസ്രായെപ്പോലെ ദൈവത്തിന്റെ വചനം ശുഷ്കാന്തിയോടെ അനുസരിക്കുവാൻ നാമും മനസ്സുവയ്ക്കണം.

“യഹോവയുടെ ന്യായപ്രമാണം … അനുസരിച്ചു നടപ്പാനും … എസ്രാ മനസ്സുവെച്ചിരുന്നു.”

ചെയ്യുവാൻ എസ്രാ മനസ്സുവച്ചിരുന്ന രണ്ടാമത്തെ ശീലം തന്റെ ദൈവവചന പഠനത്തിൽ നിന്നും പഠിക്കുന്ന കാര്യങ്ങൾ സ്വന്ത ജീവിതത്തിൽ പ്രയോഗത്തിൽ വരുത്തുക എന്നതാണ്. നാം അപ്രകാരം മനസ്സുവയ്ക്കണം. നാം ദൈവത്തിന്റെ വചനം പഠിക്കുകയും നമ്മുടെ ജീവിതങ്ങളിൽ അവ പ്രയോഗിക്കുകയും ചെയ്യുന്നില്ല എങ്കിൽ അത് സ്വയം വഞ്ചിക്കുകയാണ്. “എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ” എന്ന് വ്യക്തമായി നമ്മെ ഓർമ്മിപ്പിക്കുന്നു (യാക്കോബ് 1:22). “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ”എന്ന് യേശു പറഞ്ഞു (ലൂക്കോസ് 11:28). ദൈവത്തിന്റെ വചനം സ്വജീവിതത്തിൽ അനുസരിക്കാത്തവരെ കുറ്റംവിധിക്കുകയും അതേസമയംതന്നെ സ്വന്ത പാപങ്ങളെ കാണാതിരിക്കുകയും ചെയ്യുന്നത് എത്ര എളുപ്പമാണ് എന്ന് താഴെ കൊടുത്തിരിക്കുന്ന ചിത്രീകരണം കാണിക്കുന്നു.

തടിക്കച്ചവടം നടത്തുന്ന ആളുകൾ ജീവിക്കുന്ന പാശ്ചാത്യദേശത്തുള്ള ഒരു അതിർത്തിപ്രദേശത്തെക്കുറിച്ച് ഒരു കഥ പറയപ്പെടുന്നു. ആ പ്രദേശത്ത് ഒരു സഭ വേണമെന്ന് അവർ ആഗ്രഹിച്ചു. അതിനാൽ, അവർ ഒരു പള്ളി നിർമ്മിച്ച് ഒരു ശുശ്രൂഷകനെ നിയമിച്ചു. അദ്ദേഹത്തിന് നല്ല സ്വീകരണം ലഭിച്ചു. ഒരു ദിവസം കണ്ട ഒരു കാഴ്ച അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. തന്റെ സഭയിലെ അംഗങ്ങളിൽ പലരും നദീതീരത്തുവച്ച് ഒഴുകിവന്നുകൊണ്ടിരുന്ന തടിക്കഷണങ്ങൾ പിടിച്ചെടുക്കുന്നു. ഈ തടികൾ മറ്റൊരു ഗ്രമാത്തിൽ നിന്നും ഒഴുക്കി വിടുന്നവയാണ്. അവ നദിയിലൂടെ ഒഴുകി താഴെ അതിനടുത്ത ഗ്രാമത്തിൽ എത്തുമ്പോൾ അവിടെനിന്നും ശേഖരിച്ച് വിൽക്കുവാൻ വേണ്ടിയാണ് അപ്രകാരം ചെയ്തിരുന്നത്. ഓരോ തടിയിലും ഒരറ്റത്ത് അതിന്റെ ഉടമസ്ഥന്റെ പേര് രേഖപ്പെടുത്തിയിരുന്നു.

സഭാംഗങ്ങൾ മരത്തടികൾ വലിച്ചെടുത്ത് പേർ രേഖപ്പെടുത്തപ്പെട്ട അഗ്രം മുറിച്ചുമാറ്റിയശേഷം അവ അവരുടെ സ്വന്തമാക്കി വിൽക്കുന്നത് പാസ്റ്റർ ദുഃഖത്തോടെ കണ്ടു. അടുത്ത ഞായറാഴ്ചത്തേക്ക്, പത്തുകല്പനകളിൽ എട്ടാമത്തെ കല്പനയായ “മോഷ്ടിക്കരുത്“ എന്ന കല്പന അടങ്ങുന്ന വേദഭാഗത്തു നിന്നും (പുറപ്പാട് 20:15) പാസ്റ്റർ പ്രസംഗം തയ്യാറാക്കി. ഞായറാഴ്ചയോഗത്തിന്റെ ഒടുവിൽ ആളുകൾ വരിവരിയായി നിന്ന് പാസ്റ്ററെ അനുമോദിച്ചു. “അത്ഭുതപ്പെടുത്തുന്ന സന്ദേശം, ശക്തവും സുന്ദരവുമായ പ്രസംഗം“ എന്ന് അവർ പറഞ്ഞു.

എന്നിരുന്നാലും, അടുത്തയാഴ്ചയിൽ നദീതീരത്ത് നിരീക്ഷണം നടത്തിയ പാസ്റ്റർ കാണുന്നത് തന്റെ സഭാംഗങ്ങൾ മരത്തടികൾ മോഷ്ടിക്കുന്നത് തുടരുന്നതാണ്. അത് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. അതുകൊണ്ട്, അദ്ദേഹം അതിനടുത്തയാഴ്ചത്തേയ്ക്ക മറ്റൊരു പ്രസംഗം തയ്യാറാക്കി. “അയൽക്കാരന്റെ മരത്തടിയുടെ അറ്റം നിങ്ങൾ മുറിച്ചുകളയരുത്“ എന്നതായിരുന്നു ആ പ്രസംഗത്തിന്റെ തലക്കെട്ട്. പ്രസംഗം അവസാനിച്ചപ്പോൾ സഭ അദ്ദേഹത്തെ ഉടനടി പുറത്താക്കി!

അത്തരം കാപട്യത്തിൽ നിന്നും കർത്താവ് നമ്മെ സംരക്ഷിക്കട്ടെ! ദൈവത്തിന്റെ വചനം നമ്മുടെ സ്വന്ത ആത്മാക്കളുടെമേൽ ആദ്യം പ്രയോഗിക്കാതെ, നമ്മുടെ അയൽക്കാരന്റെമേൽ പ്രയോഗിക്കുവാൻ ഇടയാകാതിരിക്കട്ടെ. യോശുവയോടുള്ള കർത്താവിന്റെ വാക്കുകൾ നമുക്ക് തുടർച്ചയായി ഓർമ്മിക്കാം, “ഈ ന്യായപ്രമാണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും” (യോശുവ 1:8). വിജയം വരുന്നത് (“എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും”) ദൈവത്തിന്റെ വചനം പഠിക്കുകയും (“നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം”) അനുസരിക്കുകയും ചെയ്യുന്നതിന്റെ (“അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു”) മാത്രം ഫലമായാണ് എന്നത് നിങ്ങൾ ദയവായി ശ്രദ്ധിക്കുമോ?

അതുകൊണ്ട്, നമ്മുടെ ജീവിതങ്ങളിൽ യഥാർഥ വിജയം നാം ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവത്തിന്റെ വചനം നമ്മുടെ സ്വന്ത ജീവിതങ്ങളിൽ അനുസരിക്കുവാൻ നാം ആത്മാർഥമായി ആഗ്രഹിക്കണം.

ശീലം # 3.  എസ്രായെപ്പോലെ ദൈവത്തിന്റെ വചനം ശുഷ്കാന്തിയോടെ പഠിപ്പിക്കുവാൻ നാമും മനസ്സുവയ്ക്കണം. 

“യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും … യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.”

എസ്രാ മനസ്സുവച്ചിരുന്ന മൂന്നാമത്തെ ശീലം ദൈവത്തിന്റെ വചനം മറ്റുള്ളവരെ പഠിപ്പിക്കുക അഥവാ ഉപദേശിക്കുക എന്നതായിരുന്നു. തിരുവെഴുത്തിലുള്ളത് എല്ലാം മറ്റുള്ളവരെ പഠിപ്പിക്കുവാൻ ഓരോ ക്രിസ്ത്യാനിയോടും മത്തായി 28:20 കല്പിക്കുന്നു. സഭയിൽ ഔദ്യോഗികമായി പഠിപ്പിക്കുക എന്ന പദവിയിലേയ്ക് എല്ലാവരും വിളിക്കപ്പെട്ടിട്ടില്ല എന്നിരിക്കിലും എല്ലാ ക്രിസ്ത്യാനികളും മറ്റുള്ളവരെ ദൈവത്തിന്റെ വചനം അനുയോജ്യമാംവിധം പഠിപ്പിക്കാൻ സാധിക്കും, പഠിപ്പിക്കേണ്ടതാണ്- മാതാപിതാക്കൾ മക്കളെ, പക്വതയെത്തിയ വിശ്വാസികൾ പുതിയ വിശ്വാസികളെ എന്നിങ്ങനെ. നമ്മിൽ ഓരോരുത്തർക്കും ദൈവത്തിന്റെ വചനം നമ്മെക്കാൾ കുറച്ച്  അറിയാവുന്നവരെ കണ്ടെത്തുകയും അവരെ ദൈവത്തിന്റെ വചനം പഠിപ്പിക്കുവാൻ പ്രയത്നിക്കുകയും ചെയ്യാവുന്നതാണ്.  നാം ആത്മാർഥമായി അവസരങ്ങൾക്കു വേണ്ടി പ്രാർഥിച്ചാൽ ദൈവം നമുക്കായി വാതിലുകൾ തുറക്കും!

അതുകൊണ്ട്, നാം നമ്മുടെ ജീവിതങ്ങളിൽ യഥാർഥ വിജയം ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവത്തിന്റെ വചനം മറ്റുള്ളവരെ പഠിപ്പിക്കുവാൻ നമുക്ക് ആത്മാർഥമായി ആഗ്രഹിക്കാം.

എസ്രാ ദൈവത്തിന്റെ വചനം പഠിക്കുകയും സ്വന്തജീവിതത്തിൽ പ്രയോഗത്തിൽ വരുത്തുകയും ഒടുവിൽ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. ഈ 3 ശീലങ്ങൾ പിന്തുടരുവാൻ നമ്മുടെ ഹൃദയങ്ങളെ സ്ഥിരമായി സമർപ്പിച്ചുകൊണ്ട് യഥാർഥ വിജയം അനുഭവിക്കുവാൻ നമുക്കും സാധിക്കും. അപ്രകാരം ചെയ്യുവാൻ കർത്താവ് നമ്മെ സഹായിക്കട്ടെ!

Category

Leave a Comment