യേശു ക്രൂശിൽ അനുഭവിച്ച 3 കഷ്ടതകൾ—ശാരീരികം, ആത്മീയം, വൈകാരികം

(English version: 3 Cross-Related Sufferings of Jesus – Physical, Spiritual and Emotional)
കർത്താവായ യേശുവിന്റെ ഈ ഭൂമിയിലെ ജീവിതം മുഴുവനും കഷ്ടത നിറഞ്ഞതായിരുന്നു. എന്നിരുന്നാലും, തന്റെ രക്തം ചൊരിഞ്ഞുകൊണ്ട് നമ്മുടെ രക്ഷ ഭദ്രമാക്കുന്നതിനു തൊട്ടുമുൻപ് കുരിശിൽ വച്ച് യേശു അനുഭവിച്ച 3 തരം കഷ്ടതകളെക്കുറിച്ചാണ് ഈ ലേഖനം പ്രതിപാദിക്കുന്നത്. 3 തരത്തിലുള്ള കഷ്ടതകൾ ഇവയാണ്: ശാരീരികം, ആത്മീയം, വൈകാരികം.
1. ശാരീരിക കഷ്ടത
യേശുവിന്റെ ശാരീരിക കഷ്ടതയെക്കുറിച്ച് അധികം സംസാരിക്കാതിരിക്കുന്ന ഒരു പ്രവണത ബൈബിൾ വിശ്വാസികളുടെയിടയിൽ കാണപ്പെടുന്നു. അതിന് 2 കാരണങ്ങൾ ഉണ്ടായിരിക്കാം എന്ന് ഞാൻ കരുതുന്നു.
കാരണം # 1. ക്രൂശീകരണത്തിന്റെ രീതി സംബന്ധിച്ച് അധികമൊന്നും വിശദാംശങ്ങൾ ബൈബിൾ നൽകുന്നില്ല. “അവർ അവനെ ക്രൂശിച്ചു” [മർക്കോസ് 15:24] എന്നല്ലാതെ, ഈ വിധത്തിലുള്ള വധശിക്ഷ സംബന്ധിച്ച് ബൈബിളിൽ കൂടുതൽ വിശദാംശങ്ങൾ ദൈവം നൽകാത്തതിനാൽ, അത് നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുന്നു.
കാരണം # 2. യേശുവിന്റെ ശാരീരിക കഷ്ടതകൾ ഭയാനകമായിരിക്കുമ്പോൾത്തന്നെ, ഇതേ അനുഭവം നേരിട്ട മറ്റ് മനുഷ്യരും അക്കാലത്ത് ഉണ്ടായിരുന്നതിനാൽ, അത് അസാധാരണമായിരുന്നില്ല. അതുകൊണ്ട്, ക്രൂശീകരണത്തിലെ വിശദാംശങ്ങൽ നാം ശ്രദ്ധിക്കാതെ പോകുന്നു.
എന്നാൽ, യേശു കൊല്ലപ്പെട്ടത് അപ്രകാരമായതിനാൽ, ക്രൂശീകരണത്തിന്റെ ക്രൂരമായ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ഏതാനം മിനിറ്റുകൾ ഉപയോഗിക്കുന്നത് നമുക്ക് നല്ലതാണ് എന്ന് ഞാൻ ചിന്തിക്കുന്നു.
യേശുവിന്റെ കാലത്തിന് 600 വർഷങ്ങൾക്കു മുൻപ് പേർഷ്യക്കാരാൽ ക്രൂശീകരണത്തിലൂടെയുള്ള മരണശിക്ഷ നടപ്പിലാക്കപ്പെട്ടിരുന്നു. പിന്നീട്, ഗ്രീക്കുകാരും അത് നടപ്പിലാക്കി. എന്നാൽ, റോമാക്കാർ അതിനെ തികച്ചും നൂതനമായ നിലയിലേയ്ക് എത്തിച്ചു. ഏറ്റവും കഠിനന്മാരായ കുറ്റവാളികൾക്കുള്ള ശിക്ഷാരീതിയായി അവർ ക്രൂശീകരണത്തെ വേർതിരിച്ചു. നിങ്ങൾ റോമിനെ എതിർത്താൽ ഇതായിരിക്കും സംഭവിക്കുക! എന്ന സന്ദേശം ജനങ്ങൾക്ക് നൽകുകയായിരുന്നു അതിന്റെ ലക്ഷ്യം. അതുകൊണ്ടാണ് അനേകർ വഴിയാത്ര ചെയ്തിരുന്നയിടങ്ങളിൽ അവർ ക്രൂശീകരണം നടത്തിയിരുന്നത്. ക്രൂശിക്കപ്പെട്ടവർ യാനനയനുഭവിക്കുന്നത്–ചിലപ്പോൾ ദിവസങ്ങളോളം–വഴി പോകുന്നവർ കാണുമ്പോൾ അവർക്ക് ലഭിക്കുന്നത് സ്പഷ്ടമായ മുന്നറിയിപ്പാണ്: റോമിനെ എതിർക്കുവാൻ ഒരുമ്പെടരുത്!
ക്രൂശീകരണപ്രക്രിയ.
ആവശ്യമായിരുന്ന അടിസ്ഥാന വസ്തുക്കൾ 2 മരത്തടികളും 3 ആണികളുമാണ്. 2 മരത്തടികൾ ഇംഗ്ഷീഷ് അക്ഷരമായയിലെ T ആകൃതിയിൽ കൂട്ടിച്ചേർത്ത് വയ്കുന്നു [ചിത്രങ്ങളിൽ കാണുന്ന അധികചിഹ്നത്തേക്കാൾ (+) കൂടുതൽ ശരിയായത് T ആകൃതിയാണ്]. ഒരു തടി ഉത്തരം അഥവാ കഴുക്കോൽ പോലെയും രണ്ടാമത്തെ തടി ലംബമായും അഥവാ കുത്തനെ നിൽക്കുന്ന നിലയിലും ഉപയോഗിക്കുന്നു.
ലോഹക്കളണങ്ങളോ എല്ലിൻ കഷണങ്ങളോ അറ്റത്ത് കൂട്ടിച്ചേർത്തതും കട്ടിയുള്ള തടികൊണ്ടുള്ള പിടിയുള്ളതുമായ ചാട്ട അഥവാ ചമ്മട്ടികൊണ്ട് ഇരയെ പ്രഹരിക്കുന്നതാണ് ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരുന്ന ഒന്നാമത്തെ ഘട്ടം. ശരീരത്തിന്റെ പുറം ഭാഗത്തെയും വശങ്ങളിലെയും പുറത്തെയും മാംസം അടർത്തിമാറ്റപ്പെടുന്നതിനാൽ, അത്തരം ചാട്ട കൊണ്ടുള്ള അടികൾകൊണ്ടുതന്നെ ഒരു മനുഷ്യൻ മരണപ്പെടുകയോ സ്ഥിരമായ അംഗഭംഗം സംഭവിക്കുകയോ ചെയ്യാം. അതിനുശേഷം, ഇരയെക്കൊണ്ട് ഉത്തരത്തിന്റെ തടി ചുമലിലേറ്റിക്കൊണ്ട് നഗരത്തിലൂടെ ക്രൂശീകരണ സ്ഥലത്തേയ്കു പോകുവാൻ നിർബന്ധിച്ചു നടത്തുന്നു. അതുകൊണ്ടാണ് തന്റെ കുരിശ് വഹിക്കുക എന്നാൽ മരിക്കാൻ തയ്യാറെടുക്കുക എന്ന അർഥം വന്നത്. അത് തിരികെ വരാത്ത ഒരു യാത്രയായിരുന്നു! ക്രിസ്തുവിന്റെ കാര്യത്തിൽ ചാട്ടവാറടി അതിഭീകരമായിരുന്നതിനാൽ ക്രൂശീകരണ സ്ഥലത്തേയ്ക് കുരിശും വഹിച്ചുകൊണ്ടുള്ള യാത്ര മുഴുവനും പൂർത്തിയാക്കുക അസാധ്യമാക്കിത്തീർത്തു [മർക്കോസ് 15:21].
ക്രൂശീകരണ സ്ഥലത്തേയ്ക് ഇര എത്തിക്കഴിയുമ്പോൾ, ലംബമായുള്ള തടിയുടെ മുകൾഭാഗത്ത് ഉത്തരത്തിന്റെ അഥവാ കഴുക്കോലിന്റെ തടി ചേർത്തുവയ്കുന്നു. ഒരു തടിയിൽ ഒരു സുഷിരവും മറ്റേ തടിയിൽ ചതുരാകൃതിയിലുള്ള മരയാണിയുമുണ്ട്. അങ്ങനെ അവ രണ്ടും ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ ബന്ധിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യാൻ സാധിക്കും. തടികൾ ഒരുമിച്ചുചേർത്ത് നിർമ്മിക്കപ്പെട്ട കുരിശ് പിന്നീട് നിലത്ത് കിടത്തുന്നു. ഇരയുടെ വസ്ത്രം ഉരിഞ്ഞു മാറ്റുകയും അങ്ങനെ കൂടുതൽ അപമാനിക്കപ്പെടുകയും ചെയ്യുന്നു.
ചിലപ്പോൾ, ഇരയ്ക് വേദനയുടെ അളവ് കുറയ്കുന്നതിനു വേണ്ടി ലഹരിപിടിപ്പിക്കുന്ന പാനീയം കുടിക്കാൻ കൊടുക്കുകയും ചെയ്യും. അത് ഇരയോടുള്ള ദയകൊണ്ട് ചെയ്യുന്ന ഒരു കാര്യമല്ല. മറിച്ച്, ഇരയ്ക് കൂടുതൽ ചെറുത്തുനിൽക്കുവാൻ ഇട നൽകാതെ പടയാളികളുടെ ജോലി എളുപ്പമാക്കിത്തീർക്കുന്നതിനു വേണ്ടിയായിരുന്നു അത്. പിന്നീട് മുറിവേറ്റ് രക്തമൊലിക്കുന്ന ഇരയുടെ പുറം കുരിശിന്റെ തടിയിന്മേൽ ഉരയുന്ന വിധത്തിൽ കിടത്തുന്നു. അതുതന്നെ തീവ്രവേദനയുളവാക്കുന്നതാണ്.
പിന്നീട്, ഇരയെ കയറുകൾകൊണ്ട് കുരിശിന്മേൽ കെട്ടുകയോ ആണികൾ അടിച്ചു തറയ്കുകയോ ചെയ്യും, അത് ഇരയുടെ യാതന എത്രത്തോളം ദൈർഘ്യമുള്ളതാകണം എന്നാണ് പടയാളികൾ ആഗ്രഹിക്കുന്നത്, അതിൻപ്രകാരമായിരിക്കും. യേശുവിനെ ആണികൾ തറയ്കുകയായിരുന്നു എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു [യോഹന്നാൻ 20:24-27]. കുരിശിന്റെ ഉത്തരത്തിന്മേൽ ഇരയുടെ കൈകൾ വലിച്ച് വച്ച് ഓരോ കൈകളിലും ഓരോ ആണികൾ തറയ്കുന്നു. ആണികൾ തറയ്കുന്നത് [ചിത്രങ്ങളിൽ കാണുന്നതുപോലെ] കൈവെള്ളയിലല്ല, കൈത്തണ്ടയിലാണ്. അങ്ങനെ ആണികൾ മാംസം കീറിക്കൊണ്ട് കൈകൾ താഴെയ്കു തൂങ്ങുവാൻ സാധ്യത തടയുന്നു. മൂന്നാമത്തെ ആണി രണ്ടു കാലുകളും ചേർത്തുവച്ച് കാലുകൾക്കും കാൽപ്പത്തിയ്കും ഇടയിലുള്ള ഭാഗത്ത് തറയ്കുന്നു. അങ്ങനെ, കാലുകൾ കുരിശിന്റെ ലംബമായ തടിമേൽ ചേർത്ത് വയ്കപ്പെടുന്നു. പ്രസ്തുത കുറ്റവാളിയുടെ കുറ്റകൃത്യം ഒരു പലകമേൽ എഴുതി കുരിശിന്റെ മുകളിൽ ചേർത്തു വയ്കുകയും ചെയ്യുന്നു. ആ വഴി കടനന്നുപോകുന്ന ഏവരെയും ഇര ചെയ്ത കുറ്റംകൃത്യം എന്ത് എന്ന് അറിയിക്കുന്നതിനു വേണ്ടിയാണത്.
അതിനുശേഷം, കുരിശ് പൊക്കി അതിന്റെ അറ്റം അതിനായി തയ്യാറാക്കിയ ഒരു കുഴിയിലേയ്ക് ഇറക്കിനിർത്തുന്നു. കുഴിയിലേയ്ക് കുരിശിന്റെ തടി ഇറക്കുമ്പോൾ അനുഭവപ്പെടുന്ന കുലുക്കംതന്നെ അതിഭയാനകമായ വേദന ഉളവാക്കും–തല പൊട്ടിച്ചിതറുന്നതുപോലെ ഒന്ന്. അതോടൊപ്പം ഭാവനാതീതവും ഭീകരവുമായ വേദനയുടെ മണിക്കൂറുകൾ, ചിലപ്പോൾ ദിവസങ്ങൾ ആരംഭിക്കുന്നു! കൈത്തണ്ട മരവിപ്പ് അനുഭവപ്പെടുകയും തോളുകൾ അവയുടെ സ്ഥാനത്തു നിന്ന് വലിച്ചു മാറ്റപ്പെടുകയും ചെയ്യുന്നതുപോലെ തോന്നും. നെഞ്ച്കൂട് മുകളിലേയ്കും പുറത്തേയ്കും വലിക്കപ്പെടുന്നത് ശുദ്ധമായ വായു ശ്വസിക്കുന്നത് പ്രയാസകരമാക്കിത്തീർക്കും.
ഇര ശ്വാസം എടുക്കുവാൻ വേണ്ടി കാലുകളിൽ ബലം നൽകി മുകളിലേയ്ക് തന്നത്താൻ ഉയർത്തും. ഒരു ശ്വാസമെടുക്കുവാൻ ഇത് ഇരയെ സഹായിക്കുമെങ്കിലും, ഇതും അതിയായ വേദനയുളവാക്കുന്നതാണ്. എങ്ങനെ? ഈ പ്രയത്നത്തിന് കൈമുട്ടുകൾ മടക്കിക്കൊണ്ട്, കൈത്തണ്ടയിൽ തറച്ചിരിക്കുന്ന ആണികളിലൂടെ മുകളിലേയ്ക് തള്ളിക്കൊണ്ട് തന്റെ ശരീരത്തിന്റെ ഭാരം കാലുകളെ താങ്ങുന്ന ആണിയിൽ ആയിത്തീരുന്നു. ഞരമ്പുകളിൽ അതിതീവ്രമായ വേദനയ്ക്–തീയിൽ കൂടി കടന്നുപോകുന്ന തരത്തിലുള്ള വേദന–കാരണമാകും.
ചാട്ടവാറടികളാൽ കീറിമുറിക്കപ്പെട്ട ഇരയുടെ പുറംഭാഗം ഓരോ ശ്വാസത്തിലും മരത്തടിയിന്മേൽ ഉരഞ്ഞുകൊണ്ടിരിക്കും. കാലുകൾ ബലഹീനവും കോച്ചിവലിക്കുകയും വിറയ്കുകയും ചെയ്യുമ്പോൾ ആശ്വാസത്തിനു വേണ്ടി ഇര തന്റെ ശരീരത്തിന്റെ പുറംഭാഗം വളയ്കും. കൈകളിലും നെഞ്ചിലും പുറത്തും കാലുകളിലുമുള്ള വേദന സഹിക്കുവാൻ സഹായിക്കുന്ന ഏക വഴി ഇത്തരത്തിൽ തുടർച്ചയായി ശരീരത്തിന്റെ സ്ഥാനം മാറ്റുക മാത്രമാണ്. ഇതിനിടയിൽ ജീവൻ നിലനിർത്തുന്നതിനുള്ള ഇച്ഛ ഇരയെ വേദനയോടെ നിലവിളിക്കുവാൻ ഇടയാക്കും. ശരീരത്തിലെ ജലാംശം നഷ്ടമാകുകയും ശാരീരികമായി ക്ഷീണിക്കുകയും ചെയ്ത് ഒരു ശ്വാസം കൂടി എടുക്കുവാൻ സാധിക്കാതവണ്ണം ഇര വളരെ ക്ഷീണിതനാകും. ഒടുവിൽ, മണിക്കൂറുകൾക്കു ശേഷം അല്ലെങ്കിൽ ദിവസങ്ങൾക്കു ശേഷം മരണം സംഭവിക്കുമ്പോൾ അത് രക്തം നഷ്ടമായതിനാൽ ആയിരിക്കണമെന്നില്ല, സാധാരണഗതിയിൽ, ശ്വാസം കിട്ടാതെ ആയിരിക്കും.
എന്റെയും നിങ്ങളുടെയും പാപങ്ങൾക്കു വേണ്ടി നമ്മുടെ കർത്താവ് കടന്നുപോയ ശാരീരിക പീഡനങ്ങളുടെ അപൂർണ്ണമായ ഒരു ദർശനം ഇതാണ്. യേശുവിന്റെ കഷ്ടതകളുടെ ശാരീരിക വശം നാം കണ്ടുകഴിഞ്ഞു. ഇനി അതിന്റെ രണ്ടാമത്തെ വശം നമുക്കു നോക്കാം.
2. ആത്മീയ കഷ്ടത
ശാരീരിക കഷ്ടത അതിഭീകരമായിരുന്നതുപോലെ [യഥാർഥത്തുൽ ഭയാനകമായിരുന്നു], ഈ ആത്മീയ കഷ്ടത നമ്മുടെ കർത്താവിന് കൂടുതൽ കഠിനമായിരുന്നു. എന്തുകൊണ്ട്? ഒരു എഴുത്തുകാരൻ പറഞ്ഞതുപോലെ, “നമ്മുടെ എല്ലാവരുടെയും പാപത്തിന്റെ കുറ്റം ഏൽക്കുന്നതിന്റെ മാനസിക വേദന യേശു കുരിശിന്മേൽ അനുഭവിച്ചു.”
ചിലപ്പോഴൊക്കെ നാം പാപം ചെയ്തു എന്ന് നാം മനസ്സിലാക്കുമ്പോൾ ഘോരമായ അപരാധബോധം നാമും അനുഭവിക്കാറുണ്ട്. അപരാധത്തിന്റെ ഭാരം നമ്മുടെ ഹൃദയങ്ങൾക്ക് താങ്ങുവാൻ പ്രയാസമാണ്. നാം പാപികളാണ്. പാപികളായ നമുക്ക് അപ്രകാരം വേദന അനുഭവവേദ്യമാകുന്നുവെങ്കിൽ, ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത നമ്മുടെ കർത്താവായ യേശുവിന് അത് എപ്രകാരമായിരുന്നു എന്ന് ചിന്തിക്കുക. ഈ ഭൂമിയിൽ ജീവിച്ചപ്പോൾ യേശു പൂർണ്ണമായും വിശുദ്ധനായിരുന്നു. പാപകരമായ വാക്കുകളില്ല. പാപപ്രവൃത്തികളില്ല, ദുഷ്ടതയുള്ള ഒരു ചിന്ത പോലുമില്ല! യേശു പാപത്തെ വെറുത്തിരുന്നു, പാപത്തെക്കുറിച്ചുള്ള ചിന്തതന്നെ അതിനെതിരെ നൈസർഗികമായി പ്രതികരിക്കുവാൻ ഇടയാക്കി. എന്നാൽ, താൻ വെറുത്തിരുന്നവ എല്ലാം, അവനല്ലാതിരുന്നവ എല്ലാം പൂർണ്ണമായി അവന്റെ മേൽ ചൊരിയപ്പെട്ടു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ സകല പാപങ്ങളും അവന്റെ മേൽ പൂർണ്ണമായും ചൊരിയപ്പെട്ടു. ബൈബിൾ ഇത് തികച്ചും വ്യക്തമാക്കുന്നു.
യെശയ്യാ 53:6 “എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.”
യെശയ്യാ 53:11 “അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.”
യോഹന്നാൻ 1:29 “ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു!”
2 കൊരിന്ത്യർ 5:21 “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.”
എബ്രായർ 9:28 “ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു.”
1 പത്രൊസ് 2:24 “അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി.”
യേശു കുരിശിന്മേൽ ഒരു പാപിയായിത്തീർന്നു എന്ന് ഈ വാക്യങ്ങൾ അർഥമാക്കുന്നില്ല. ഒരിക്കൽപോലും ഒരു പാപം ചെയ്ത കുറ്റം യേശുവിന്മേലുണ്ടായിരുന്നില്ല [യോഹന്നാൻ 8:46; 1പത്രോസ് 2:22]. യേശു ആ പാപങ്ങൾ ചെയ്തു എന്നതുപോലെ അവർ അവനോടു പെരുമാറുകയും അതിനുള്ള ശിക്ഷ അവൻ അനുഭവിക്കുകയും ചെയ്തു. തത്ഫലമായി, യേശുവിൽ വിശ്വാസമർപ്പിക്കുന്ന എല്ലാവർക്കും അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടും. എങ്ങനെ? കാരണം, യേശു അവരുടെ സ്ഥാനത്ത് കഷ്ടമനുഭവിക്കുകയും തന്റെ രക്തം ചൊരിഞ്ഞുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തിന്റെ വില നൽകുകയും ചെയ്തു.
“മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്ന് യേശുതന്നെ പറഞ്ഞു [മത്തായി 20:28]. മറുവില എന്നത് വില നൽകുക–നമ്മുടെ പാപങ്ങൾക്ക് സ്വന്തരക്തം–നൽകുക എന്ന അർഥമാണുള്ളത്. കുരിശിൽ തന്റെ രക്തം ചീന്തിക്കൊണ്ട്, യേശു നമ്മുടെ പാപങ്ങളുടെ കുറ്റം വഹിക്കുക മാത്രമായിരുന്നില്ല, പിന്നെയോ നമുക്ക് പകരക്കാരനായി പാപത്തിനെതിരെയുള്ള ദൈവത്തിന്റെ കോപം മുഴുവൻ കുടിച്ചുതീർത്തു.
1 യോഹന്നാൻ 2:2 “അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.”
റോമർ 3:23 “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.”
പാപത്തോടുള്ള ദൈവത്തിന്റെ കോപം കുടിച്ചുതീർത്തുകൊണ്ട്, തന്നിൽ ആശ്രയിക്കുന്നവർക്ക് അതായത്, തന്നിൽ വിശ്വാസമർപ്പിക്കുന്നവർക്ക് അവരുടെ പാപങ്ങൾക്ക് ദൈവത്തിന്റെ കോപം ഒരിക്കലും അനുഭവിക്കാതിരിക്കുന്നതിനുള്ള വഴി തുറന്നു. അതുകൊണ്ട്, അത് എന്റെയും നിങ്ങളുടെയും പാപങ്ങൾക്കു വേണ്ടി യേശു കുരിശിൽ നേരിട്ട ആത്മീയ കഷ്ടതയുടെ ഒരു ദൃശ്യമാണ്.
യേശുവിന്റെ കഷ്ടതകളുടെ ശാരീരികവും ആത്മീയവുമായ വശങ്ങൾ കണ്ടശേഷം, ഇനി നമുക്ക് മൂന്നാമത്തേതും അവസാനത്തേതുമായ വശം നോക്കാം–വൈകാരികമായ കഷ്ടത.
3. വൈകാരിക കഷ്ടത
വൈകാരിക കഷ്ടത എന്നതുകൊണ്ട്, യേശു കുരിശിന്മേൽ അനുഭവിച്ച ഉപേക്ഷിക്കപ്പെടലിന്റെ അനുഭവമാണ് ഞാൻ അർഥമാക്കുന്നത്. എല്ലാവരും അവനെ ഉപേക്ഷിച്ചു. നിങ്ങൾ ജീവിതത്തിൽ പ്രയാസമേറിയ സമയം നേരിടുകയാണ് എന്നു സങ്കല്പിക്കുക. നിങ്ങൾ നിങ്ങളുടെ പങ്കാളിയാലും കുട്ടികളാലും കൂട്ടുകാരാൽ പോലും ഉപേക്ഷിക്കപ്പെട്ട് ആ പ്രയാസവേളയെ നേരിടുവാൻ ആഗ്രഹിക്കുമോ? അതോ ആരെങ്കിലും കൂടെയുണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുമോ? ഉത്തരം വ്യക്തമാണ്. വലിയ പരിശോധനയിലൂടെ കടന്നുപോകുമ്പോൾ ഒരാളെങ്കിലും കൂടെയുണ്ടാകുന്നത് വലിയ അനുഗ്രഹമാണ്. എന്നാൽ, ഒരുവന് നേരിടുവാൻ സാധിക്കുന്ന ഏറ്റവും വലിയ കഷ്ടതയിലൂടെ കടന്നുപോയപ്പോൾ യേശു തനിയെയായിരുന്നു, ആരും കൂടെ ഉണ്ടായിരുന്നില്ല!
ഒന്നാമതായി, യേശു തന്റെ ഉറ്റ സുഹൃത്തുക്കളാൽ–11 പേർ–ഉപേക്ഷിക്കപ്പെട്ടു. യൂദായുടെ ഒറ്റിക്കൊടുക്കലിനാൽ ഉളവായ വേദന ഇതിനോടകംതന്നെ യേശു അനുഭവിച്ചിരിക്കണം. ഇപ്പോൾ, കൂടെയുണ്ടായിരിക്കും എന്ന് വാക്ക് പറഞ്ഞിരുന്ന 11 പേരും താൻ പിടിക്കപ്പെട്ടപ്പോൾ ഉപേക്ഷിച്ച് ഓടിപ്പോയി. രണ്ടാമതായി, പതാവായ ദൈവം തന്നെ കൈവിട്ടപ്പോൾ, ഒരുവന് അനുഭവിക്കാൻ സാധിക്കുന്ന ഏറ്റവും വലിയ വൈകാരിക വേദന താൻ അനുഭവിച്ചു. കുരിശിൽ, യേശു നമ്മുടെ പാപങ്ങളെ വഹിക്കുമ്പോൾ, പിതാവും പുത്രനും തമ്മിലുള്ള സമ്പൂർണ്ണമായ കൂട്ടായ്മ [ബന്ധമല്ല]–ഈ സമയത്തിനു മുൻപ് നിത്യതയിലുടനീളം ഉണ്ടായിരുന്ന കൂട്ടായ്മ താത്കാലികമായി തകർക്കപ്പെട്ടു–പ്രത്യേകിച്ചും ഉച്ചയ്കും 3 മണിയ്കും ഇടയിൽ. ദൈവക്രോധം തനിയെ അനുഭവിച്ച പുത്രന്റെമേൽ ദൈവം തന്റെ കോപം മുഴുവൻ പകർന്ന സമയമായിരുന്നു അത്.
“എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെ കൈവിട്ടതെന്ത്?” [മത്തായി 27:46] എന്ന ആ പരിചിതമായ നിലവിളി നിലവിളിക്കുവാൻ യേശുവിന് കാരണമായ വൈകാരിക കഷ്ടത അത്രവലുതായിരുന്നു. എന്റെയും നിങ്ങളുടേയും പാപങ്ങൾക്കുവേണ്ടി യേശു സഹിച്ച വേദനയും വൈകാരിക പീഡയും എത്ര ആഴമേറിയതാണ് എന്നതിന്റെ ഒരു ചെറിയ കാഴ്ച ഈ വാക്കുകളിൽ നമുക്കു കാണുവാൻ സാധിക്കും.
അങ്ങനെ, നമ്മെ വീണ്ടെടുക്കുവാൻ യേശു കുരിശിൽ നേരിട്ട ശാരീരികവും ആത്മീയവും വൈകാരികവുമായ കഷ്ടതകൾ നാം കണ്ടു.
ആത്മപരിശോധനയ്ക്.
അടുത്ത തവണ പാപം ചെയ്യുവാൻ പ്രലോഭനം നേരിടുമ്പോൾ, കുരിശിൽ നമ്മെ വീണ്ടെടുക്കുവാൻ രക്തം ചീന്തുമ്പോൾ യേശു സഹിച്ച വ്യത്യസ്തങ്ങളായ കഷ്ടതകളെ നമുക്ക് ധ്യാനിക്കാം. പാപത്തോട് ‘ഇല്ല’ എന്നു പറയുവാൻ ആ ധ്യാനം നമ്മെ നമ്മെ നിർബന്ധിക്കെട്ടെ.
നമ്മുടെ രക്ഷകൻ ആകാശത്തിനും ഭൂമിയ്കും മധ്യേ കുരിശീൽ തൂങ്ങിക്കൊണ്ട് തീവ്രമായ യാതനയിൽ നിലവിളിക്കുന്നത് കാണുകയും അതേസമയംതന്നെ, നാം വളരെക്കാലമായി ഇഷ്ടപ്പെടുന്നവയുൾപ്പെടയുള്ള പാപങ്ങളെ താലോലിക്കുകയും ചെയ്യുവാൻ സാധിക്കുമോ?
അചിന്തനീയം!
ഇന്ന് മുതൽ പാപങ്ങളോടുള്ള വെറുപ്പിൽ–പാപങ്ങൾ നമ്മുടെ രക്ഷനോട് ചെയ്തത് എന്ത് എന്നതറിഞ്ഞുകൊണ്ട് അവയെ ഉപേക്ഷിക്കുവാൻ നമ്മെ നിർബന്ധിക്കുന്ന ഒരു വെറുപ്പ്വ–ളരുന്നതിനുള്ള ഒരു വിശുദ്ധ തീരുമാനത്തോടെ നമ്മുടെ ഹൃദയങ്ങൾ പ്രതികരിക്കട്ടെ. നമ്മുടെ അരുമ രക്ഷകനായ യേശുവിനെ കൂടുതൽ സ്നേഹിക്കുവാനും അമൂല്യമായി കാണുവാനും നമ്മുടെ ഹൃദയങ്ങൾ ചലിക്കപ്പെടട്ടെ.