രൂപാന്തരപ്പെട്ട ജീവിതം–ഭാഗം 1 നമ്മുടെ ശരീരങ്ങളെ ക്രിസ്തുവിന് സമർപ്പിക്കുക

Posted byMalayalam Editor April 2, 2024 Comments:0

(English version: “The Transformed Life – Offering Our Bodies To Christ”)

അനുദിന ജീവിതത്തിൽ ക്രിസ്തുവിനോട് അനുരൂപമായി ജീവിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, റോമാലേഖനം അധ്യായം 12ലൂടെയുള്ള ഒരു യാത്രയ്കായി ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ അധ്യായം ബൈബിളിലെ ഏറ്റവും പ്രധാനമായ അധ്യായങ്ങളിലൊന്നാണ്. കാരണം, ക്രിസ്തവിനാൽ രൂപാന്തരം പ്രാപിച്ച ഒരു ജീവിതം എങ്ങനെയുള്ളതായിരിക്കണം എന്ന് ഇത് വ്യക്തമാക്കുന്നു. 

മേൽപ്പറഞ്ഞ ആമുഖത്തോടെ, “രൂപാന്തരപ്പെട്ട ജീവിതം” എന്ന പരമ്പരയിൽ റോമർ 12:1 അടിസ്ഥാനമാക്കിയുള്ള “നമ്മുടെ ശരീരങ്ങളെ ക്രിസ്തുവിന് സമർപ്പിക്കുക എന്ന പോസ്റ്റ് # 1 ഇവിടെ നൽകുന്നു.”

[കുറിപ്പ്: രൂപാന്തരത്തിന്റെ ഈ യാത്രയിൽ, ഓരോ പോസ്റ്റിലും പ്രദിപാദിക്കുന്ന ഈ അധ്യായത്തിലെ ചില വാക്യങ്ങൾ ഒരുവന് മനഃപാഠമാക്കുകയും ധ്യാനിക്കുകയും അതിന്റെ വെളിച്ചത്തിൽ പ്രാർഥിക്കുകയും ചെയ്യാവുന്നതാണ്]

***********

“പ്രതിഷ്ടാപനം” അഥവാ “ദൈവസേവാർഥം സമർപ്പിക്കുക” എന്നതിന്റെ ആശയം എന്താണ് എന്ന് ലളിതമായി പറഞ്ഞുതരുമോ എന്ന് ഒരു സ്ത്രീ ഒരിക്കൽ ഒരു ശുശ്രൂഷകനോട് ചോദിച്ചു. ശൂന്യമായിരിക്കുന്ന ഒരു വെള്ള പേപ്പർ അവൾക്കു നേരേ നീട്ടിക്കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു, “ശൂന്യമായ ഈ പേജിന്റെ അടിയിൽ നിന്റെ പേര് എഴുതി ഒപ്പിടുകയും അതിനു മുകളിലുള്ള ശൂന്യമായ സ്ഥലത്ത് തന്റെ ഇഷ്ടപ്രകാരം എന്തുവേണമെങ്കിലും എഴുതിച്ചേർക്കുവാൻ ദൈവത്തെ അനുവദിക്കുകയും ചെയ്യുകയാണ്  അതിനാൽ അർഥമാക്കുന്നത്.” അതാണ് ദൈവസേവാർതം സമർപ്പിക്കു എന്നതിന്റെ സാരം! ചോദ്യങ്ങൾ കൂടാതെ നമ്മുടെ ജീവതങ്ങൾ ഒപ്പിട്ട് ദൈവത്തിന് കൊടുക്കുക! ദൈവത്തോടും അവന്റെ പദ്ധതികളോടും എല്ലായ്പോഴും പൂർണ്ണമായി സമർപ്പിതരായിരിക്കുക! വ്യവസ്ഥകൾ കൂടാതെയുള്ള കീഴടങ്ങലിന്റെ ജീവിതം!

നിർദ്ദേശിക്കപ്പെട്ട സമയങ്ങളിൽ മൃഗങ്ങളെ യാഗം കഴിക്കുവാൻ പഴയ നിയമ കാലത്ത് ദൈവം തന്റെ ജനത്തോട് കല്പിച്ചു. എന്നാൽ, യേശു ഒരിക്കലായി കുരിശിൽ യാഗമായിത്തീർന്നതിനു ശേഷം മൃഗയാഗങ്ങൾ നിയമിക്കപ്പെട്ട സമയങ്ങളിൽ നടത്തുവാൻ ആവശ്യപ്പെടുന്നില്ല. എന്നാൽ, തന്റെ ജനം തങ്ങളുടെ ശരീരങ്ങളും മനസ്സുകളും, നിർദ്ദേശിക്കപ്പെട്ട ചില സമയങ്ങളിൽ മാത്രമല്ല പിന്നെയോ, എല്ലായ്പ്പോഴും ജീവനുള്ള യാഗമായി അർപ്പിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നു. ഇതാണ് റോമർ 12:1-2 വാക്യങ്ങളിലെ പ്രധാന ആശയം.   

റോമർ 12:1 “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. 2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”

ആഴ്ചയിൽ ഏഴുദിവസവും ഇരുപത്തിനാലു മണിക്കൂറൂം ജീവനുള്ള യാഗമായി ദൈവസേവാർഥമുള്ള സമ്പൂർണ്ണ സമർപ്പണത്തിലേയ്കാണ് നാം ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുന്നത്! 2 കാര്യങ്ങൾ ചെയ്യുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്: 

(1) നമ്മുടെ ശരീരങ്ങളെ ദൈവത്തിനു സമർപ്പിക്കുന്നതിലൂടെ [വാക്യം. 1]

(2) നമ്മുടെ മനസ്സുകളെ ദൈവത്തിനു സമർപ്പിക്കുന്നതിലൂടെ [വാക്യം. 2]

റോമർ 12: 1 അടിസ്ഥാനമാക്കി, നമ്മുടെ ശരീരങ്ങളെ ദൈവത്തിന് സമർപ്പിക്കുക എന്ന ഒന്നാമത്തെ കാര്യം മാത്രമാണ് ഈ പോസ്റ്റിൽ നാം കാണുവാൻ പോകുന്നത്.

ഒന്നാമതായി, നമ്മുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി സമർപ്പിക്കുന്നതിന് നമ്മെ ആഹ്വാനം ചെയ്യുമ്പോൾ, വാക്യം 1ന്റെ ആദ്യഭാഗത്ത് പ്രചോദനമായി പൗലോസ് ഉപയോഗിക്കുന്നത് എന്താണെന്നു ശ്രദ്ധിക്കുക: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു.” ദൈവത്തിന്റെ മനസ്സലിവ്അതാണ് പ്രചോദനം!  

“അതുകൊണ്ടു സഹോദരന്മാരേ” എന്ന് ചില വിവർത്തനങ്ങളിൽ കാണപ്പെടുന്നു. “അതുകൊണ്ടു” എന്ന പ്രയോഗം കഴിഞ്ഞ 11 അധ്യായങ്ങളിൽ വിവരിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ പാപകരമായ അവസ്ഥ, നാം നേരിടുന്ന ന്യായവിധി, ദൈവം ക്രിസ്തുവിലൂടെ തന്റെ “കരുണ” യാൽ എപ്രകാരം രക്ഷ നൽകി എന്നിവ അവിടെ വ്യക്തമാക്കുന്നു.  അതു മാത്രമല്ല, നമ്മെ തന്റെ കുടുംബത്തിലേയ്ക് ദത്തെടുക്കുകയും നമ്മെ ഭാവിയിലെ തേജസ്‌കരണത്തിനായി സൂക്ഷിക്കുന്ന പരിശുദ്ധാത്മാവിനെ നൽകുകയും ചെയ്ത ദൈവത്തിന്റെ കരുണയും വിവരിക്കുന്നു. ദൈവകരുണയുടെ ഫലമായ  ബൃഹത്തായ അനുഗ്രഹങ്ങൾ! 

ഇവിടെയാണ് ബൈബിളിലെ ക്രിസ്തീയത മറ്റ് മതങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്. ലോകത്തിലെ മതങ്ങൾ അവരുടെ ദേവന്മാരുടെ കരുണ ലഭിക്കുവാൻ അവയെ പ്രസാധിപ്പിക്കുവാൻ പ്രയത്നിക്കുന്നു. നാം, അവരിൽ നിന്നും വ്യത്യസ്തമായി, ദൈവത്തെ പ്രസാധിപ്പിക്കുവാൻ ലക്ഷ്യം വയ്കുന്നത് നമുക്ക് കരുണ ലഭിച്ചു എന്ന കാരണത്താലാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അവർ കരുണയ്കായി പ്രവർത്തിക്കുന്നു; നാം കരുണയിൽ നിന്നും പ്രവർത്തിക്കുന്നു! 

ദൈവത്തിന്റെ കരുണയാൽ നമ്മുടെ ഹൃദയങ്ങളിൽ പതിഞ്ഞ കുരിശിലെ യാഗം നമുക്ക് ദൈവത്തിന് പ്രസാധകരമായ ജീവിതം നയിക്കുവാൻ ആഗ്രഹം നൽകുന്നു. അതുകൊണ്ടാണ് പൗലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുമ്പോൾ പ്രചോദനമായി കരുണ ഉപയോഗിക്കുന്നത്. പൗലോസ് കല്പിക്കുകയല്ല മറിച്ച്, “ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നതു” എന്നാണ് പറഞ്ഞിരിക്കുന്നത് എന്നതു ശ്രദ്ധിക്കുക. “പ്രബോധിപ്പിക്കുക” എന്നതിനർഥം പ്രോത്സാഹിപ്പിക്കന്നതിനോ പ്രചോദിപ്പിക്കുന്നതിനോ വേണ്ടി കൂടെ വരിക എന്നതാണ്. വിശ്വാസികളെപുരുഷന്മാരേയും സ്ത്രീകളേയുംപ്രബോധിപ്പിക്കുന്നു: “നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.”

ശരീരം തിന്മയും ആത്മാവ് നല്ലതുമാണ് എന്ന ആശയത്തിൽ നിന്നും വിരുദ്ധമായി, ശരീരം നന്മയ്കായും തിന്മയ്കായും ഉപയോഗിക്കാം എന്ന് ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു. നമ്മുടെ ശരീരങ്ങളെ നല്ലതിനു വേണ്ടി ഒരിക്കലും ഉപയോഗിക്കാൻ സാധിക്കുകയില്ല എങ്കിൽ നമ്മുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ എന്ന കല്പന നിരർഥകമാണ്! 

അതുകൊണ്ട്, വിളി വ്യക്തമാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും: കണ്ണുകൾ, കാതുകൾ, നാവ്, കൈകൾ, കാലുകൾ എല്ലാം തുടർമാനമായി ദൈവത്തിന് സമർപ്പിക്കപ്പെടണം. അതാണ് “ജീവനുള്ള യാഗം” എന്നതുകൊണ്ട് അർഥമാക്കുന്നത്. അത്തരത്തിലുള്ള യാഗത്തിൽ മാത്രമാണ് ദൈവം പ്രസാധിക്കുന്നത്! 

മലാഖി 1:8 -ൽ പറയുന്നതുപോലെ പഴയ നിയമത്തിൽപോലും ഊനമുള്ള മൃഗങ്ങളെ യാഗത്തിനു നൽകുന്നത് ദൈവത്തിന് സ്വീകാര്യമായിരുന്നില്ല, “നിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” പഴയ നിയമത്തിൽ അങ്ങനെ ആയിരുന്നു എങ്കിൽ, പുതിയ നിയമത്തിൽ, പ്രത്യേകിച്ചും തന്റെ പുത്രൻ കുരിശിൽ തന്നത്താൻ നൽകിയ ശേഷം, ദൈവം തന്റെ നിലവാരത്തിൽ കുറവ് അനുവദിക്കുമോ? ഒരിക്കലുമില്ല! അതുകൊണ്ടാണ്, നമ്മുടെ ശരീരങ്ങളെ “ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ” എന്ന് പൗലോസ് പറയുന്നത്. 

“ഇതാണ് സത്യവും യഥാർഥവുമായ ആരാധന” എന്നാണ് പൗലോസ് പറയുന്നത്. അദ്ദേഹം പറയുന്നത് ലളിതമാണ്: ദൈവത്തിന്റെ കരുണയുടെ വെളിച്ചത്തിൽ, നമ്മുടെ ശരീരങ്ങളെ സമർപ്പിക്കുന്നത് ദൈവത്തോട് ആരാധനയിൽ പ്രതികരിക്കുന്നതിനുള്ള യുക്തവും സത്യവും ഉചിതവുമായ രീതിയാണ്. അതുകൊണ്ട്, പൗലോസിന്റെ അഭിപ്രായമനുസരിച്ച്, ഞായറാഴ്ച രാവിലെ ഏതാനം മണിക്കൂറുകളിൽ ഒതുങ്ങുന്ന ഒന്നല്ല ആരാധന. പകരം, ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും സമർപ്പിക്കുന്നതാണ് ആരാധന! അതാണ് യഥാർഥ ആരാധന!

ഇതിനർഥം, നാം എവിടെ ആയിരുന്നാലും, നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും ദൈവത്തിന് കീഴ്പ്പെടുത്തുന്നതിനുള്ള ആഹ്വാനമാണിത് എന്നാണ്. ഉദാഹരണത്തിന്, ഒരുവൻ ഏറെ സമയം ചിലവഴിക്കുന്ന ജോലിസ്ഥലം ആരാധനാസ്ഥലമായി മാറുന്നു. എങ്ങനെ?  എഫെസ്യർ 6:6-8 ഇപ്രകാരം പറയുന്നു, “മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ. ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.” നമ്മുടെ ഏറ്റവും വലിയ യജമാനൻ യേശുക്രിസ്തുവാണ് എന്ന് നാം തിരിച്ചറിയുമ്പോൾ, നമ്മുടെ മാനുഷിക യജമാനൻ നമ്മെ തിരിച്ചറിഞ്ഞില്ലെങ്കിലും നമുക്കു ചെയ്യുവാൻ സാധിക്കുന്നത്ര നന്നായി ചെയ്യുവാൻ നാം പ്രയത്നിക്കും! നാം ക്രിസ്തുവിന്റെ മുമ്പാകെ നിൽക്കുമ്പോൾ അവൻ നമുക്ക് യോഗ്യമായ പ്രതിഫലം നൽകും. അവൻ നമ്മെ എല്ലായ്പോഴും കാണുന്നുണ്ട് എന്നത് നാം അറിഞ്ഞിരിക്കണം. നമുക്കു സാധിക്കുന്നത്ര നന്നായി അവനുവേണ്ടി ചെയ്യുവാൻ നാം ലക്ഷ്യം വയ്കണം. അതാണ് ജോലിസ്ഥലങ്ങളിൽ അവനുള്ള നമ്മുടെ ആരാധന! 

നമ്മുടെ ജീവിതം മുഴുവൻ ആരാധനയാണ് എന്ന് 1 കൊരിന്ത്യർ 10:31 പരിചിതമായ ഈ വാക്കുകളിലൂടെ സുവ്യക്തമാക്കുന്നു, “ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി.” എല്ലാ സമയത്തും ദൈവത്തെ പ്രസാധിപ്പിക്കുന്ന വിധത്തിലായിരിക്കണം നമ്മുടെ ശരീരത്തിലെ ഓരോ അവയവും പ്രവർത്തിക്കേണ്ടത് എന്നാണ് ഇത് അർഥമാക്കുന്നത്.  നമ്മുടെ ശരീരത്തിലെ അവയവങ്ങളെ പാപകരമായ സന്തോഷങ്ങളിൽ മുഴുകുവാൻ അനുവദിക്കുകയും അതേസമയംതന്നെ, ദൈവം നമ്മുടെ ആരാധനയിൽ പ്രസാധിക്കുന്നു എന്ന് അനുമാനിക്കുകയും ചെയ്യുക സാധ്യമല്ല.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ, നമുക്ക് സത്യവും യഥാർഥവുമായ ആരാധന നടത്തുന്നു എന്ന് അവകാശപ്പെടുവാൻ  സാധിക്കുകയില്ല: 

  • പാപകരമായ കാര്യങ്ങൾ കാണുവാൻ നമ്മുടെ കണ്ണുകൾ ഉപയോഗിക്കുന്നുവെങ്കിൽ [ശാരീരികമോ ഭൗതികമോ ആയവ] 
  • പരദൂഷണം, ഭോഷ്ട്, പരിഹാസം, മുറിവേൽപ്പിക്കുന്നതോ ആയ വാക്കുകൾ പറയുവാൻ നമ്മുടെ നാവുകൾ ഉപയോഗിക്കുന്നുവെങ്കിൽ 
  • പാപകരമായ സംസാരം കേൾക്കുവാൻ നമ്മുടെ കാതുകൾ ഉപയോഗിക്കുന്നുവെങ്കിൽ [പരദൂഷണം] 
  • നമ്മുടെ കൈകൾ താഴെപ്പറയുന്നവ ചെയ്യുവാൻ ഉപയോഗിക്കുന്നുവെങ്കിൽ: 
    • പാപകരമായ വിധത്തിൽ പണം സമ്പാദിക്കുക 
    • മറ്റുള്ളവരെ ശാരീരികമായി മുറിവേൽപ്പിക്കുക 
    • എഴുത്തിലൂടെ മറ്റുള്ളവരെ മുറിവേൽപ്പിക്കുക [ഇ മെയിൽ, സാമൂഹ്യമാധ്യമം എന്നിവ ഉൾപ്പെടെ]
  • ലൈംഗിക പാപങ്ങളിൽ ഏർപ്പെടുന്നുവെങ്കിൽ 
  • വിലക്കപ്പെട്ട സ്ഥലങ്ങളിലേയ്ക് പോകുവാൻ നമ്മുടെ കാലുകൾ ഉപയോഗിക്കുന്നുവെങ്കിൽ 
  • നമ്മുടെ വയറ് അതിഭക്ഷണത്തിന് ഉപയോഗിക്കുന്നുവെങ്കിൽ 
  • നമ്മുടെ മനസ്സുകൾ ദുഷ്ടചിന്തകൾക്ക് ഉപയോഗിക്കുന്നുവെങ്കിൽ 

മലിനമായ ശരീരങ്ങളിൽ നിന്നും വരുമ്പോൾ ആരാധന സ്വീകാര്യമല്ല. മലാഖി 1:8 ഓർമ്മിക്കുക. ദൈവത്തെ പ്രസാധിപ്പിക്കുന്ന ആരാധന വിശുദ്ധമായ ശരീരങ്ങളിൽ നിന്നും വരുന്നതാണ്. നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും ദൈവത്തെ ബഹുമാനിക്കുകയും മറ്റുള്ളവരെ അനുഗഗഹിക്കുകയും ചെയ്യേണ്ടതാണ്. നമ്മുടെ ശരീരങ്ങളിലെ ഭൂരിഭാഗം അവയവങ്ങളും വിശുദ്ധിയ്കു വേണ്ടി ഉപയോഗിക്കുമ്പോൾ, ഏതെങ്കിലും ഒരു അവയവം ഇടയ്കൊക്കെ പാപത്തിന് വേണ്ടി ഉപയോഗിക്കുന്നത് പ്രശ്നമല്ല എന്ന് നാം പലപ്പോഴും ചിന്തിക്കുന്നു. “ഒന്നുമല്ലെങ്കിലും എന്റെ നാവ് മാത്രമേയുള്ളൂ, അല്ലെങ്കിൽ എന്റെ കണ്ണുകൾ മാത്രം, അതും ഏതാനം മിനിറ്റുകൾ നേരത്തേയ്കു മാത്രമാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്” എന്ന തരത്തിലാണ് ഈ ചിന്ത. ഇത്തരത്തിലുള്ള ചിന്ത അപ്പാടെ വിഡ്ഡിത്തമാണ്. ഏതാനം അവയവങ്ങൾ മാത്രമല്ല, നമ്മുടെ ശരീരം മുഴുവനും എല്ലാ സമയത്തും ജീവനുള്ള ആരാധനയായി സമർപ്പിക്കുവാനാണ് കല്പന നൽകപ്പെട്ടിരിക്കുന്നത്! 

ഉവ്വ്, നമ്മെ മുഴുവനായി ദൈവത്തിന് എല്ലായ്പോഴും സമർപ്പിക്കുക എന്നത് വിലകൊടുക്കേണ്ട ഒന്നാണ്. “യാഗം” എന്ന വാക്കിൽ ഒരു വിലയുണ്ട് എന്ന അർഥം ഉൾപ്പെടുന്നുണ്ട്! അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ചില ഗൗരവമുള്ള ചോദ്യങ്ങൾ ചോദിക്കാം: ദൈവത്തിന്റെ വചനം അനുസരിക്കുന്നതിൽ വിലകൊടുക്കേണ്ടി വരുമ്പോൾ നമ്മുടെ സ്വാഭാവിക പ്രതികരണം എന്തണ്? അതുമായി മുമ്പോട്ടു പോകുമോ അതോ, പിന്തിരിയുമോ? നാം പിന്തിരിയുമെങ്കിൽ, ഈ വിഷയങ്ങൾ പരിഗണീക്കേണ്ട ആവശ്യമുണ്ട്:  (a) നാം നൽകേണ്ടിയ വില, യേശു നമ്മുടെ പാപങ്ങൾക്ക് നൽകിയ വിലയുമായി താരതമ്യം ചെയ്യുമ്പോൾ നാം പിന്തിരിയുന്നത് ശരിയാണോ? (b) യേശുവിന്റെ യാഗപ്രവൃത്തി നമ്മെ അവനായി എന്തും പൂർണ്ണമനസ്സോടെ ചെയ്യുവാൻ പ്രേരിപ്പിക്കേണ്ടതല്ലേ?  

2 കൊരിന്ത്യർ 5:15-ലെ ഈ വാക്കുകൾ നമുക്ക് തുടർച്ചയായി ധ്യാനിക്കാം, “ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ  എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.”  ക്രിസ്തു വില കൊടുത്തു വാങ്ങിയവർക്ക് അനുയോജ്യമായിരിക്കുന്നത് കാൽവരിക്കുരിശിൽ തന്നത്തന്നെ നൽകിക്കൊണ്ട് നമ്മെ വിലയ്കു വാങ്ങിയവനുവേണ്ടി ജീവിക്കുക എന്നതുതന്നെയാണ്. നാം നമ്മുടെ സ്വന്തമല്ല, അവന്റെ വകയാണ്. നാം അവന്റെ കരുണ രുചിച്ചവരാണ്. അവന്റെ കരുണ നമ്മെ അനുദിനം ദൈവത്തിന് പ്രസാധകരമായ ജീവനുള്ള യാഗമായിത്തീരുവാൻ പ്രചോദിപ്പിക്കേണ്ടതാണ്. പ്രലോഭനങ്ങളെ നേരിടുവാൻ നാം അശക്തരായി തോന്നുമ്പോൾ, കുരിശിൽ നിന്നും ഒഴുകുന്ന അവന്റെ കരുണയെ ധ്യാനിക്കാം.  പ്രലോഭനങ്ങളോട് “ഇല്ല” എന്നും നമ്മുടെ ശരീരങ്ങളും മനസ്സുകളും സമർപ്പിച്ചുകൊണ്ട് ജീവനുള്ള യാഗമായിത്തീരുവാനുള്ള വിളിയോട് “ഉവ്വ്” എന്നു പറയുവാനും അതു നമ്മെ സഹായിക്കും.  

യാതൊന്നും പിടച്ചുവയ്കാതെ, എല്ലാം നൽകണം എന്നതു ചിത്രീകരിക്കുവാൻ അനുയോജ്യമായ ഒരു ഉദാഹരണം ഒരു പാസ്റ്റർ നൽകിയിരിക്കുന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു, 

“നിങ്ങൾക്ക് ആയിരം ഏക്കർ സ്ഥലം ഉണ്ട് എന്ന് അനുമാനിക്കുക. ഒരാൾ നിങ്ങളെ സമീപിച്ച് ആ സ്ഥലം വാങ്ങുവാൻ തയ്യാറാണെന്ന് അറിയിക്കുന്നു. ആ സ്ഥലം അയാൾക്കു വിൽക്കുവാൻ നിങ്ങൾ സമ്മതിക്കുന്നു, എന്നാൽ, ആ ആയിരം ഏക്കറിന്റെ നടുവിൽ വഴിയോടു കൂടെയുള്ള ഒരു ഏക്കർ സ്ഥലം നിങ്ങൾ അയാൾക്ക് നൽകുകയില്ല, അത് നിങ്ങൾക്ക് സ്വന്തമായി വേണം എന്നു നിങ്ങൾ പറയുന്നു. ആ ആയിരം ഏക്കർ ഭൂമിയുടെ നടുവിലുള്ള ആ ഏകാന്തമായ ഒരു ഏക്കർ നിങ്ങൾക്കായി വയ്കുവാൻ നിയമം അനുവദിക്കുമെന്നു നിങ്ങൾക്കറിയാമോ? ആ ചെറിയ ഒരു ഏക്കർ നിലത്തേയ്കു വരുവാൻ ആ വലിയ കൃഷിയിടിത്തിന്റെ നെടുകെ ഒരു വഴി വെട്ടുവാൻ നിങ്ങൾക്കു സാധിക്കും.  

ദൈവത്തിന് നൂറ് ശതമാനത്തിൽ അൽപ്പമെങ്കിലും താഴെ വരുന്ന സമർപ്പണം നടത്തുന്ന ഒരു ക്രിസ്ത്യാനിയുടെ കാര്യവും അപ്രകാരം തന്നെയാണ്. ദൈവത്തിന് കീഴ്പ്പെടുത്താത്ത ഭാഗത്തേയ്ക് പോകുവാൻ പിശാച് ആ മനുഷ്യന്റെ ജീവിതത്തിനു നെടുകെ വഴിവെട്ടും എന്നത് ഉറപ്പാണ്. തത്ഫലമായി, ആ വ്യക്തിയടെ സാക്ഷ്യവും ശുശ്രൂഷയും തകർക്കപ്പെടുകയും മറ്റുള്ളവരുടെമേൽ സ്വാധീനം ഇല്ലാതെ വരികയും ചെയ്യുന്നു.”

അദ്ദേഹം പിന്നീട്, ഇപ്രകാരം പറഞ്ഞു, 

ക്രിസ്ത്യാനീ, കർത്താവിന് നിങ്ങളുടെ ശരീരം ലഭിച്ചിട്ടുണ്ടോ? നിങ്ങൾ എന്നെങ്കിലും, നിങ്ങളുടെ ഇച്ഛയുടെ വ്യക്തമായ പ്രവൃത്തിയാൽ, നിങ്ങളുടെ ശരീരത്തെ കർത്താവിന്, അവന്റെ നിയന്ത്രണത്തിന്, അവന്റെ ഉപയോഗത്തിന്, അവന്റെ മഹത്വത്തിന് വേണ്ടി സമർപ്പിച്ചിട്ടുണ്ടോ? ഇതുവരെ ചെയ്തിട്ടില്ല എങ്കിൽ, എന്തുകൊണ്ട് ഇപ്പോൾ ചെയ്തുകൂടാ? ഇപ്രകാരം മാത്രം പറയുക, “കർത്താവേ, ഞാൻ എന്റെ ഹൃദയം നിനക്കായി നൽകിയതാണ്, എന്നാൽ, ഇപ്പോൾ ഇതാ എന്റെ ശരീരവും ഞാൻ നൽകുന്നു! എന്റെ ശരീരത്തെ വൃത്തിയായി, ശുദ്ധമായി, മലിനപ്പെടാതെ സൂക്ഷിക്കുവാൻ എന്നെ സഹായിക്കേണമേ. നിനക്ക് അനുയോജ്യമായ ഏതു വിധത്തിലും എന്നെ നിന്റെ മഹത്വത്തിനായി ഉപയോഗിക്കേണമേ. ഞാൻ നിന്റേതാണ്, കല്പിക്കേണമേ!”  

ഇതിന് സമയം ഒരിക്കലും വൈകിപ്പോയിട്ടില്ല. ഒരുവന് ഇപ്പോൾത്തന്നെ ആരംഭിക്കുവാൻ സാധിക്കും. നാം ദൈവത്തിന് പൂർണ്ണമായും കീഴ്പ്പെടുമ്പോൾ നിത്യമായ അപകടം യാതൊന്നുമില്ല, നിത്യമായ അനുഗ്രഹം മാത്രമാണുള്ളത്! ആ ശൂന്യമായ വെള്ളക്കടലാസ് ഒപ്പിട്ട് ദൈവത്തിനു നൽകാം. ദൈവത്തിന്റെ ഇഷ്ടപ്രകാരം അതിൽ എഴുതട്ടെ! അതാണ് യഥാർഥമായ വിശുദ്ധീകരണം. തന്റെ കരുണയിൽ നമുക്കായി അത്രയധികം ചെയ്തവനോടുള്ള വ്യവസ്ഥകളില്ലാത്ത കീഴടങ്ങലിന്റെ ജീവിതമാണത്!

Category

Leave a Comment