രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 10 അതിഥിസൽക്കാരം ആചരിക്കുക

Posted byMalayalam Editor August 6, 2024 Comments:0

(English version: “The Transformed Life – Pursue Hospitality”)

“അതിഥിസൽക്കാരം ആചരിക്കു” വാൻ റോമർ 12:13-ന്റെ അവസാനഭാഗം നമ്മെ ആഹ്വാനം ചെയ്യുന്നു. “സ്നേഹം”, “അപരിചിതർ” അല്ലെങ്കിൽ പരദേശികൾ” എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് അതിഥിസൽക്കാരം എന്ന വാക്ക് വന്നിരിക്കുന്നത്. രണ്ടു വാക്കുകളും കൂടി ചേർന്നാൽ, “അപരിചിതരോട് സ്നേഹം കാണിക്കുക” എന്ന അർഥം വരുന്നു. ആചരിക്കുക എന്ന വാക്ക് “താത്പര്യപൂർവ്വം പിന്തുടരുക” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. ഇവ രണ്ടുംകൂടി യോചിപ്പിക്കുമ്പോൾ, “അപരിചിതരോട് താത്പര്യപൂർവ്വം സ്നേഹം കാണിക്കുക”, അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടും തങ്ങളുടെ വാതിലുകൾ അവർക്കായി തുറന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നതിലൂടെയും പതിവായി പ്രകടമാക്കുന്ന സ്നേഹം എന്ന ആശയം ലഭിക്കുന്നു. പൗലോസിന്റെ അഭിപ്രായത്തിൽ,  ക്രിസ്തുവിനെപ്പോലെ ആയിത്തീരുവാൻ ആത്മാവിനാൽ രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനിയുടെ ജീവിതശൈലി അതായിരിക്കണം.

ഇത് സംബന്ധിച്ച്, തിരുവെഴുത്തുകളിൽ നമുക്ക് അനേക ഉദാഹരണങ്ങളുണ്ട്. മനുഷ്യരൂപത്തിൽ വന്ന ദൂതന്മാരെ അബ്രഹാം തന്റെ കൂടാരത്തിലേയ്കു സ്വാഗതം ചെയ്യുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു. [ഉല്പത്തി 18:1-8]. ലോത്തും അങ്ങനെതന്നെ ചെയ്തു [ഉല്പത്തി 19:1-11]. തന്റെ സത്യനിഷ്ഠയെ സുഹൃത്തുക്കൾക്കു മുൻപിൽ ന്യായീകരിച്ചുകൊണ്ട് ഇയ്യോബ് ഇപ്രകാരം പറഞ്ഞു, “പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു” [ഇയ്യോബ് 31:32].

അതിഥിസൽക്കാരം ആചരിക്കുക എന്ന കല്പന, ദൈവത്തിന്റെ ജനം വാഗ്ദത്ത ദേശത്ത് കടക്കുവാൻ തയ്യാറായിക്കൊണ്ടിരുന്നപ്പോൾ, പഴയ നിയമ കാലത്തുതന്നെ ദൈവത്താൽ നൽകപ്പെട്ടിരുന്നു എന്ന് നിങ്ങൾക്ക് കാണാവുന്നതാണ്,  “ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ [ആവർത്തനം 10:19]. എന്തുകൊണ്ട്? കാരണം, ദൈവംതന്നെ “അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നൽകുന്നു” [ആവർത്തനം 10:18].

പുതിയ നിയമത്തിലേയ്ക് വരുമ്പോഴും അതിഥിസൽക്കാരം ആചരിക്കുന്നതിനുള്ള കല്പന അധികമൊന്നും വ്യത്യാസപ്പെട്ടിട്ടില്ല എന്നു കാണുന്നു. അപരിചിതരോടും പരദേശികളോടും നാം സ്നേഹവും കരുതലും കാണിക്കേണ്ടതാണ്. വാസ്തവത്തിൽ ദൈവം ഇതിനെ ഗൗരവത്തോടെ കാണുന്നതിനാൽ സഭയിൽ പാസ്റ്ററോ മൂപ്പനോ ആകുന്നതിനുള്ള യോഗ്യതകളിലൊന്ന് അതിഥിസൽക്കാരം പ്രകടമായിരിക്കണമെന്നതാണ്, “എന്നാൽ അദ്ധ്യക്ഷൻ…അതിഥിപ്രിയനും…ആയിരിക്കേണം” [1 തിമൊഥെയൊസ് 3:2, തീത്തൊസ് 1:8]. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇത് മുകളിൽ നിന്ന് തുടങ്ങണം എന്ന് ദൈവം ആഗ്രഹിക്കുന്നു! 

വിധവകൾ പോലും മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ ആതിഥ്യമര്യാദയും പ്രകടമാക്കിയാൽ മാത്രമാണ് പിന്തുണ നൽകേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്, “മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം” [1 തിമൊഥെയൊസ് 5:10].  എല്ലാ വിശ്വാസികളും അപരിചിതരോടുപോലും അതിഥിസൽക്കാരം കാണിക്കണം എന്ന് എബ്രായ ലേഖന കർത്താവ് ഈ വാക്കുകളിലൂടെ പറയുന്നു: “സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ” [എബ്രായർ 13:1 -2].

“പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ” എന്ന് 1 പത്രോസ് 4:9 -ൽ നൽകിയിരിക്കുന്ന കല്പന അപരിചിതരെക്കൂടാതെ അറിയപ്പെടുന്ന വിശ്വാസികളിലേയ്കും വ്യാപിപ്പിക്കുന്നു. പത്രോസിന്റെ കാലത്ത്, ഇത് അപകടകരമാകുമായിരുന്നു. പീഡനം വർധിച്ചുകൊണ്ടിരിരുന്നു, മറ്റു വിശ്വാസികൾക്ക് തങ്ങളുടെ ഭവനങ്ങൾ തുറന്നുകൊടുക്കുന്നവർ തങ്ങളെത്തന്നെ അപകടത്തിലാക്കുകയായിരുന്നു.  എങ്കിലും, കല്പന അതിഥിസൽകാരം ആചരിക്കുവാനാണ്, അതും “പിറുപിറുപ്പ് കൂടാതെ” ചെയ്യുവാൻ. അതിഥികളെ സൽക്കരിക്കുമ്പോൾ പിറുപിറുപ്പോ പരാതിയോ ഉണ്ടായിരിക്കരുത്. 

തന്റെ ചില സന്ദർശകർക്ക് ഭക്ഷണം വിളമ്പിയശേഷം കഴിക്കുന്നതിനു മുൻപ് പ്രാർഥിക്കുവാൻ ഒരു അമ്മ ഇളയ മകളോടു പറഞ്ഞു. മകൾ മടിച്ചുനിൽക്കുന്നതു കണ്ട അമ്മ ഇപ്രകാരം പറഞ്ഞു, “ലജ്ജിക്കരുത്. ഉച്ചഭക്ഷണസമയത്ത് ഞാൻ പ്രാർഥിച്ചതുപോലെ പ്രാർഥിക്കുക.” ഉടനടി ആ പെൺകുട്ടി ഇപ്രകാരം പ്രാർഥിച്ചു, “കർത്താവേ, ഈ മനുഷ്യർ എന്തിനാണ് ഇന്നു വന്നത്?”

കുട്ടികൾ വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നു. അല്ലേ? നാം സന്തോഷത്തോടെ ആതിഥ്യമരുളണമെന്ന് ദൈവം ആഗ്രഹിക്കുന്നു! 

അടിവരയിട്ട വസ്തുത ഇതാണ്: ആതിഥ്യമര്യാദ ചില ക്രിസ്ത്യാനികൾക്ക് മാത്രമുള്ള വരമല്ല. എല്ലാ ക്രിസ്ത്യാനികൾക്കും അവരുടെ ജീവിതകാലം മുഴുവൻ സജീവമായി പിന്തുടരുവാനും പ്രാവർത്തികമാക്കാനുമുള്ള ഒരു കൽപ്പനയാണിത്. ക്രിസ്തുവിനെ അനുഗമിക്കുന്നവരെന്ന് അവകാശപ്പെടുന്ന എല്ലാവരും നിരന്തരം ആതിഥ്യമര്യാദ കാണിക്കണമെന്ന് പുതിയ നിയമം നന്നായി വ്യക്തമാക്കുന്നു. ആദിമ സഭ ഇത് വളരെ ഗൗരവമായി എടുത്തിരുന്നു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, വിശ്വാസികൾ തങ്ങളുടെ വീടുകൾ സഞ്ചാര മിഷനറിമാർക്കായി തുറന്നുകൊടുക്കുകയും അവരുടെ ജോലിയെ പിന്തുണയ്ക്കുകയും ചെയ്യുന്നത് സാധാരണമായിരുന്നു. അപ്പോസ്തലനായ യോഹന്നാൻ തന്റെ കത്ത് വായിക്കുവാൻ പോകുന്ന വിശ്വാസികളെ അഭിനന്ദിച്ചുകൊണ്ട് ഈ വാക്കുകൾ പറയുന്നു, “പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു. അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും. തിരുനാമം നിമിത്തമല്ലോ അവർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു. ആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു” [3 യോഹന്നാൻ 1:5-8].

ഇനി, ആതിഥ്യമര്യാദയുടെ കാര്യത്തിൽ ഒരു അപകടമുണ്ട്. ആവേശത്താൽ എല്ലാവരുമായുള്ള കൂട്ടായ്മയ്കായി നാം നമ്മുടെ ഭവനങ്ങൾ തുറന്നുകൊടുക്കരുത്. ചില ആളുകളുടെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ബൈബിൾ വ്യക്തമായി നമ്മോടു പറയുന്നു. 2 വിധം ആളുകളെക്കുറിച്ച് എനിക്ക് വ്യക്തമായി ചിന്തിക്കുവാൻ സാധിക്കും. ആദ്യത്തെ കൂട്ടർ ദുരുപദേഷ്ടാക്കന്മാരാണ് [2 യോഹന്നാൻ 1:7-11; തീത്തോസ് 3:10-11; 2 തിമോ. 3:5], രണ്ടാമത്തെ കൂട്ടർ അനുതപിക്കില്ലെന്ന് വാശിപിടിക്കുന്നവരും വിശ്വാസികളെന്ന് ഭാവിക്കുന്നവരുമായ ആളുകളാണ് [1 കോരിന്ത്യർ  5:11].  അതിനാൽ, ആതിഥ്യമര്യാദയുടെ ഈ കൽപ്പന പ്രയോഗത്തിൽ വരുത്തുമ്പോൾ, ഈ ബൈബിൾ കല്പനകൾക്കനുസൃതമായി നാം വിവേകം പ്രയോഗിക്കണം.

ആതിഥ്യമരാദ എന്ന വിഷയത്തെ കുറിച്ച് ബൈബിൾ എന്താണ് പറയുന്നത് എന്നതിന്റെ ഒരു ചെറിയ അവലോകനം കണ്ട ശേഷം, അതിന്റെ 2 വശങ്ങൾ പരിശോധിച്ചുകൊണ്ട് ഈ കൽപ്പന നമുക്ക് എങ്ങനെ പ്രായോഗികമാക്കാം എന്നു നോക്കാം:

1. എന്തുകൊണ്ടാണ് പല ക്രിസ്ത്യാനികൾക്കും ആതിഥ്യമരാദ ഇല്ലാത്തത്?

2. എപ്രകാരമാണ് ക്രിസ്ത്യാനികൾക്ക് കൂടുതൽ ആതിഥ്യമര്യാദ കാണിക്കുവാൻ സാധിക്കുന്നത്?

1. എന്തുകൊണ്ടാണ് പല ക്രിസ്ത്യാനികൾക്കും ആതിഥ്യമരാദ ഇല്ലാത്തത്? 

5 കാരണങ്ങൾ ഇവിടെ നൽകുന്നു. 

1. വിഭജിക്കപ്പെട്ട ഭവനം. അത്തരം സന്ദർഭങ്ങളിൽ വീടിനു പുറത്തുവച്ച് നിങ്ങൾക്കു ചെയ്യുവാൻ സാധിക്കുന്നത് ചെയ്യുക. ആളുകളെ വീട്ടിലേയ്ക് കൊണ്ടുവരാതെതന്നെ അവർക്ക് നിങ്ങൾ അനുഗ്രഹമായിത്തീരുന്നത് എങ്ങനെയെന്ന് കാണിച്ചുതരുവാൻ ദൈവത്തോട് അപേക്ഷിക്കുക. ഒരു കാപ്പിക്കടയിൽ വച്ച് ആളുകളെ കാണുകയും അവരെ നിങ്ങൾക്ക് എപ്രകാരം ശുശ്രൂഷിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കുകയും ചെയ്യുക. അവരെ സന്ദർശിക്കുവാൻ സാധിക്കുന്ന സ്ഥലത്ത്‌വച്ച് അവരെ കാണുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യക. 

2. ഭയം. ചിലയാളുകളുടെ പ്രകൃതമനുസരിച്ച്, ആളുകൾ വീട്ടിൽ വരുന്നത് ഭയപ്പെടുന്നവരാണ്. അത് ഭയമോ ലജ്ജയോ കാരണമാകാം. അവർ പ്രകൃത്യാ അന്തർമുഖരാണ്. നിങ്ങൾ അവരിലൊരാളാണ് എങ്കിൽ, അതിനെ അതിജീവിക്കുവാൻ ദൈവത്തിന്റെ സഹായം തേടുക. നിങ്ങൾ ഒരിക്കൽ ആളുകളുമായി അടുത്ത് ഇടപഴകുകയും അവർ  നിങ്ങളോട് ഹൃദയം തുറക്കുകയും ചെയ്താൽ നിങ്ങൾ അവരോട് ക്രിസ്തുവിന്റെ സ്നേഹം കാണിക്കുന്നത് അതിശയകരമായ ഒരു അനുഭവമായിരിക്കും. 

3. അഹംഭാവം. ചിലർ തങ്ങളുടെ ഭവനം എപ്രകാരം കാണപ്പെടുന്നു എന്നതിൽ വളരെയധികം ശ്രദ്ധവയ്കുകയും ഭവനത്തിന്റെ അടിസ്ഥാനത്തിൽ സന്ദർശകർ തങ്ങളെ ആളക്കുമെന്ന് ഭയപ്പെടുകയും ചെയ്യുന്നതിനാൽ അപൂർവ്വമായി മാത്രം അതിഥികളെ വീട്ടിൽ സ്വീകരിക്കുന്നവരാണ്. വീടിന്റെ വലിപ്പമല്ല പ്രശ്നം, പലപ്പോഴും അത് ഒഴികഴിവ് മാത്രമാണ്. അതിന്റെ മൂലകാരണം അഹംഭാവമാണ്. എന്റെ ഭവനത്തിന്റെ വലിപ്പത്തിന്റെയും കാഴ്ചയുടെയും അടിസ്ഥാനത്തിൽ “എന്നെ എപ്രകാരമായിരിക്കും അവർ കാണുക” എന്ന ചിന്തയ്ക് അവർ വളരെയധികം ശ്രദ്ധ കൊടുക്കുന്നു.  അതാണ് പ്രശ്നം. വിനോദിപ്പിക്കുന്നതും ആതിഥ്യമരുളുന്നതും തമ്മിൽ വ്യത്യാസമുണ്ട്. വിനോദിപ്പിക്കുവാൻ അഹംഭാവം ആഗ്രഹിക്കുന്നു. ആതിഥ്യമരുളാൻ വിനയം ആഗ്രഹിക്കുന്നു. 

വിനോദിപ്പിക്കുന്നതും ആതിഥ്യമരുളുന്നതും തമ്മിലുള്ള വ്യത്യാസം Karen Mains [Open Heart, Open Home] [Elgin, Ill.: Cook, 1976] ഇപ്രകാരം പറയുന്നു:

വിനോദിപ്പിക്കൽ പറയുന്നു, “എന്റെ വീട്, എന്റെ സമർഥമായ അലങ്കാരം, എന്റെ പാചകം എന്നിവയാൽ നിങ്ങളെ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്ന ആതിഥ്യമര്യാദ പറയുന്നു, “ഈ വീട് എന്റെ യജമാനനിൽ നിന്നുള്ള സമ്മാനമാണ്. അവൻ ആഗ്രഹിക്കുന്നതുപോലെ ഞാൻ അത് ഉപയോഗിക്കുന്നു.” ആതിഥ്യമര്യാദ സേവിക്കാൻ ലക്ഷ്യമിടുന്നു.

വിനോദം ആളുകളെക്കാൾ  മറ്റു കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. “ഞാൻ വീട് പൂർത്തിയാക്കി, സ്വീകരണമുറി അലങ്കരിച്ച്, എന്റെ വീട് വൃത്തിയാക്കൽ പൂർത്തിയാക്കിയാലുടൻ ഞാൻ ആളുകളെ ക്ഷണിക്കാൻ തുടങ്ങും.” ആതിഥ്യമര്യാദ ആളുകൾക്ക് മുൻഗണന കൊടുക്കുന്നു. “ഫർണിച്ചറുകൾ ഇല്ല—സാരമില്ല, തറയിൽ ഇരുന്ന് കഴിക്കാം.” “വീട് അലങ്കരിക്കാൻ സാധിച്ചെന്നു വരില്ല—എന്തായാലും നിങ്ങൾ വരൂ.” “വീട് കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്നി—ങ്ങൾ സുഹൃത്തുക്കളല്ലേ, ഞങ്ങളോടൊപ്പം വീട്ടിലേക്ക് വരൂ.”

വിനോദം സൂക്ഷ്മബുദ്ധിയോടെ പ്രഖ്യാപിക്കുന്നു, “ഈ വീട് എന്റേതാണ്, എന്റെ വ്യക്തിത്വത്തിന്റെ പ്രകടനമാണ്. ദയവായി കാണുക, അഭിനന്ദിക്കുക.” ആതിഥ്യം മന്ത്രിക്കുന്നു, “എന്റേത് നിങ്ങളുടേതുമാണ്.”

4. വിമുഖത. ഞാൻ എന്നെപ്പോലുള്ളവരെ മാത്രം ക്ഷണിക്കും. അത് സാധാരണയായി കാണപ്പെടുന്ന മറ്റൊരു കാരണമാണ്. ഉള്ളിന്റെയുള്ളിൽ ഒരു വംശീയ മനോഭാവമാണ്. ബൈബിൾ അതിനെ അപലപിക്കുന്നു. ആവർത്തനം 10:18-20 വായിക്കുക. പരദേശിയെ സ്നേഹിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യാൻ  യഹോവാഭക്തി നമ്മെ ഇടയാക്കണം. വംശീയ മനോഭാവത്തെ ദൈവം വെറുക്കുന്നു. അത്തരം ചിന്തകൾക്ക് വഴങ്ങിക്കൊടുക്കുന്നതിനെതിരെ നാം പോരാടുകയും വേണം. നാം നമ്മുടെ ശത്രുക്കളെപ്പോലും സ്നേഹിക്കുകയും പ്രാർഥിക്കുകയും നന്മ ചെയ്യുകയും വേണം!

5. അലസത. അതുപോലെ, ജോലിയിൽ തിരക്കുള്ള ജീവിതമാണ് എനിക്കുള്ളത്. എനിക്ക് ശല്യപ്പെടുത്തലില്ലാതെ വിശ്രമിക്കാൻ സമയം ആവശ്യമാണ്. ഒരുപക്ഷേ അടുത്ത ആഴ്ച, അല്ലെങ്കിൽ അടുത്ത മാസം. അങ്ങനെ സമയം പോകുന്നു. യഥാർഥത്തിൽ, നാം നമ്മെക്കുറിച്ചും നമ്മുടെ സുഖസൗകര്യങ്ങളെക്കുറിച്ചും മാത്രമാണ് ചിന്തിക്കുന്നത്. അസൗകര്യം നേരിടുവാൻ നാം ഇഷ്ടപ്പെടുന്നില്ല. ക്രിസ്തുവിനെപ്പോലെ ചിന്തിക്കുന്നത് അപ്രകാരമല്ല. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ നാം സമയം ചിലവഴിക്കുകയാണെങ്കിൽ, നമ്മുടെ ജീവിതത്തിൽ നാം നിരുത്സാഹം നേരിട്ടാൽപോലും, നമ്മുടെ ഹൃദയങ്ങളിലേയ്ക് വലിയ പ്രോത്സാഹനം കൊണ്ടുവരാൻ ദൈവത്തിന് വഴിയുണ്ട് എന്ന് ഓർക്കുവാൻ നാം പരാജയപ്പെടുന്നു.

ഇതോടൊപ്പം കൂടുതൽ ചേർക്കുവാൻ കഴിയും എന്ന് എനിക്കുറപ്പുണ്ട്. എന്നാൽ, ഇവ അതിഥിസൽക്കാരം ആചരിക്കുന്നതിനുള്ള കല്പന പതിവായി പാലിക്കുന്നതിൽ നിന്നും അനേക വിശ്വാസികളെ തടയുന്ന പതിവു കാരണങ്ങളിൽ ചിലതാണ്. നമുക്ക് പരിഹാരം എന്താണെന്നു നോക്കാം. നമുക്ക് എപ്രകാരം കൂടുതൽ ആതിഥ്യമരുളാൻ സാധിക്കും?

2. എപ്രകാരമാണ് ക്രിസ്ത്യാനികൾക്ക് കൂടുതൽ ആതിഥ്യമര്യാദ കാണിക്കുവാൻ സാധിക്കുന്നത്?

5 നിർദ്ദേശങ്ങൾ ഇവിടെ നൽകുന്നു.

1. ലളിതമാക്കുക. പലപ്പോഴും ആവശ്യത്തിലധികം ചെയ്യുക എന്ന തെറ്റ് ആതിഥ്യമര്യാദയുടെ കാര്യത്തിൽ നമ്മൾ വരുത്താറുണ്ട്. ഞാൻ അർത്ഥമാക്കുന്നത് ഒരാളെ ക്ഷണിക്കുമ്പോൾ വളരെയധികം സമയവും പ്രയത്നവും ചിലവിടുന്നു എന്നാണ്. ഇത് ഒരു വ്യക്തിയെ എളുപ്പത്തിൽ തളർത്തും. തത്ഫലമായി, കൂടുതൽ തവണ ക്ഷണിക്കുന്നതിൽ നിന്ന് പിന്മാറുന്നു. എന്റെ നിർദ്ദേശം: കാര്യങ്ങൾ ലളിതമാക്കുക. അതുവഴി, ആളുകളെ ക്ഷണിക്കാനും യഥാർത്ഥത്തിൽ അവരോടൊപ്പം സമയം ചെലവഴിക്കാനും അവരുടെ ഭാരങ്ങൾ പങ്കിടാനും കൂടുതൽ അവസരങ്ങൾ ഉണ്ടാകാം.

 “ഞങ്ങൾക്ക് ആവശ്യത്തിന് മുറികളില്ല. ഞാൻ നല്ല ഒരു പാചകക്കാരനല്ല. ആളുകളുമായി ഇടപഴുകന്നിൽ ഞാൻ തീരെ മോശമാണ്,” എന്നിങ്ങനെയുള്ള ചിന്തകൾക്ക് ഇരയാകരുത്. നിങ്ങൾക്ക് ഉള്ളതുകൊണ്ട് ഏറ്റവും മെച്ചമായി ചെയ്യുക. നിങ്ങൾക്ക് നൽകപ്പെട്ടതിൽ വിശ്വസ്തനായിരിക്കുക! ഇടയ്ക്, ഒരു കാപ്പിയ്കും ലഘുഭക്ഷണത്തിനും മാത്രമായി ക്ഷണിക്കാം. അത് വളരെ വിപുലമാകണമെന്നില്ല.  മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒത്തുചേരുക എന്നതാണ് പ്രധാനം. കാര്യങ്ങൾ ലളിതമാക്കുക. 

2. സ്ഥിരത നിലനിർത്തുക. ഈ കല്പന സ്ഥിരമായി പാലിക്കുവാൻ പലപ്പോഴും വെല്ലുവിളി നേരിടുന്നു. ന്യായമായ ഒരു ലക്ഷ്യം വെക്കുക. ഓരോ 2 ആഴ്‌ച കൂടുമ്പോഴും ഒരു കുടുംബത്തെയെങ്കിലും പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷണിക്കണം. ഒരേ ആളുകളെ വീണ്ടും വീണ്ടും ക്ഷണിക്കരുത്. ഇത് മറ്റുള്ളവരെ ക്ഷണിക്കാൻ നിങ്ങൾക്ക് കൂടുതൽ സമയം നൽകില്ല. ഒരു ബാലൻസ് നിലനിർത്തുക. ലൂക്കോസ് 14:13-14-ലെ യേശുവിന്റെ വാക്കുകൾക്ക് അനുസൃതമായി, ഏകാന്തത അനുഭവിക്കുന്നവരെയും സാമൂഹികമായി താഴ്ന്ന നിലയിലുള്ളവരെയും പോലും ക്ഷണിക്കുന്നത് നിങ്ങൾ ഒരു ശീലമാക്കുന്നുവെന്ന് ഉറപ്പാക്കുക. “13 നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക. 14 എന്നാൽ, നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്യുവാൻ അവർക്കു വകയില്ലല്ലോ;നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും.”

3. ക്രിസ്തുകേന്ദ്രികൃതമാക്കുക. അവർ വിശ്വാസികളാണെങ്കിൽ, അവരുടെ ക്രിസ്തീയ ജീവിതത്തെ പ്രോത്സാഹിപ്പിക്കുവാൻ ശ്രമിക്കുക. പ്രാർഥനയ്കും കുറച്ച് സമയം ഉപയോഗിക്കുക.  പലപ്പോഴും അനേക വിഷയങ്ങളെക്കുറിച്ച് സംസാരിക്കുവാൻ സമയത്തിന്റെ നല്ല ഭാഗവും ചിലവഴിക്കുകയും ഭക്ഷണത്തിനു മുൻപു മാത്രം പ്രാർഥിക്കുവാൻ സമയമെടുക്കുകയും ചെയ്യും. ഏതാനം ചില മിനിറ്റുകൾ പ്രാർഥിക്കുവാൻ മാറ്റിവയ്കുക. അത് വളരെ പ്രോത്സാഹനജനകമായിരിക്കും. കൂടാതെ, അവർ അവിശ്വാസികളാണെങ്കിൽ, ദൈവം നൽകുന്ന അവസരങ്ങൾക്കനുസൃതമായി ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുവാൻ ശ്രമിക്കുക. ഒരു വാതിൽ തുറന്നു തരുവാൻ കർത്താവിനോട് പ്രാർഥിക്കുക. 

4. അവസരങ്ങൾക്കു വേണ്ടി പ്രാർഥിക്കുക. പൊതുസ്ഥലങ്ങളിൽ താമസിക്കുക അപകടകരമായിരുന്ന ആദിമ സഭയിലെ വിശ്വാസികളിൽ നിന്നും വ്യത്യസ്തമായി, [കുറഞ്ഞപക്ഷം മിക്കയിടങ്ങളിലും] ഇപ്പോൾ ഇപ്പോൾ അത് വളരെ സുരക്ഷിതമാണ്.  അതുകൊണ്ട്, ചില സമയങ്ങളിൽ, ആളുകളെ കണ്ടെത്താൻ നമുക്ക് ബുദ്ധിമുട്ടായേക്കാം, അപരിചിതരെ ക്ഷണിക്കുന്ന കാര്യം പറയുകയും വേണ്ട. ക്ഷണിക്കാൻ അനുവദിക്കുക. പ്രാർത്ഥന തുടരുക, അവസരങ്ങൾക്കായി തിരയുക. നിങ്ങളുടെ കുട്ടികൾ പോകുന്ന സ്കൂൾ, നിങ്ങളുടെ അയൽപക്കം, ജോലിസ്ഥലം എന്നിങ്ങനെ പൊതുസ്ഥലങ്ങളിൽ സുഹൃത്തുക്കളെ ഉണ്ടാക്കുക. അവരെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുക. നിങ്ങൾ സംസാരിക്കുമ്പോൾ, ആളുകൾക്ക് സ്നേഹോഷ്മളത അനുഭവപ്പെടുകയും അവരുടെ ഭാരങ്ങൾ പങ്കുവയ്കുന്നതും നിങ്ങൾ കാണും. 

5. വിശ്വാസത്താൽ അതു ചെയ്യുന്നതു തുടരുക. ദിനത്തിന്റെ അന്ത്യത്തിൽ, ദൈവത്തിന്റെ കല്പന അനുസരിക്കുവാൻ വിശ്വാസം ആവശ്യമാണ്. നിങ്ങളുടെ അതിഥിസൽക്കാരത്തിന് ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാകും എന്നു വിശ്വസിക്കുക. ഇപ്പോൾ നിങ്ങൾക്ക് അതു മനസ്സിലാകുകയില്ല, പിന്നീട് മാത്രമാണ് മനസ്സിലാകുന്നത്. 

ഞായറാഴ്ച രാവിലെകളിൽ സഭയിലേയ്ക് വണ്ടിയോടിച്ച് പോയിരുന്ന ഒരു സെമിനാരി വിദ്യാർഥി സാധാരണ ലിഫ്റ്റ് ചോദിക്കുന്നവരെ തന്റെ വാഹനത്തിനുള്ളിൽ കയറ്റുമായിരുന്നു. ഒരു ദിവസം ഒരു യുവാവിന് ലിഫ്റ്റ് കൊടുത്തപ്പോൾ താൻ ധരിച്ചിരിക്കുന്ന വസ്ത്രം കണ്ട ആ യുവാവ്, താനും കൂടി സഭയിലേയ്ക് വരട്ടെ എന്നു ചോദിച്ചു. “തീർച്ചയായും, വരിക” എന്ന് വിദ്യാർഥി പറഞ്ഞു.   

ആ അപരിചിതൻ സഭയിലെത്തി. മീറ്റിംഗിനു ശേഷം, ആ സഭയിലെ ഒരു കുടുംബം അയാളെ ഭക്ഷണത്തിനും കൂട്ടായ്മയ്കുമായി അവരുടെ ഭവനത്തിലേയ്കു ക്ഷണിച്ചു. അവിടെ അയാൾക്ക് ചൂടു വെള്ളത്തിലുള്ള കുളിയും വൃത്തിയുള്ള വസ്ത്രങ്ങളും ചൂടുള്ള ഭക്ഷണവും ലഭിച്ചു. ആ യുവാവുമായുള്ള സംഭാഷണത്തിൽ അയാൾ ഒരു ക്രിസ്ത്യാനിയായിരുന്നുവെന്നും , കർത്താവിന്റെ കൂട്ടായ്മയിൽ നിന്നും അകന്നുനിൽക്കുകയായിരുന്നുവെന്നും ആതിഥേയൻ മനസ്സിലാക്കി. അയാളുടെ വീട് മറ്റൊരു സംസ്ഥാനത്തായിരുന്നു, ഈ വഴി കടന്നുപോകുകയായിരുന്നു. വൈകുന്നേരം അവർ അയാൾക്ക് ബസ് ടിക്കറ്റ് വാങ്ങി നൽകി അയാളെ പറഞ്ഞയച്ചു. 

ലിഫ്റ്റു ചോദിച്ച ഈ മനുഷ്യനിൽ നിന്നും ഒരാഴ്ചയ്കു ശേഷം, സെമിനാരി വിദ്യാർഥിയ്ക് ഒരു കത്ത് ലഭിച്ചു. കത്തിനോടൊപ്പം, “കൊലപാതകി സ്വയം കീഴടങ്ങി” എന്ന വാർത്ത ഉൾപ്പെട്ട ഒരു പത്രത്താളിന്റെ കഷണവുമുണ്ടായിരുന്നു.  ആ യുവാവ് ഒരു മോഷണശ്രമത്തിനിടയിൽ ഒരു ബാലനെ കൊലപ്പെടുത്തുകയും നിയമത്തിന്റെ പിടിയിൽ നിന്നും ഒളിച്ചോടുകയുമായിരുന്നു. എന്നാൽ, ക്രിസ്ത്യാനികളുടെ കരുണയും ആതിഥ്യമര്യാദയും അയാൾക്കു കുറ്റബോധം നൽകി. ദൈവവുമായുള്ള കൂട്ടായ്മയിൽ ആയിരിക്കുവാൻ അയാൾ ആഗ്രഹിച്ചു. തന്റെ കുറ്റം സമ്മതിച്ച് കീഴടങ്ങേണ്ടതുണ്ട് എന്ന് അയാൾ അറിഞ്ഞിരുന്നു. 

അതിഥിസൽക്കാരം ആചരിക്കുന്നതിലുള്ള തങ്ങളുടെ വിശ്വസ്തത, ദൈവമുൻപാകെ ശരിയായതു ചെയ്യുവാൻ ഒരു മനുഷ്യനെ സ്വാധീനിക്കുകയും അതുവഴി കർത്താവുമായുള്ള കൂട്ടായ്മ പുനഃസ്ഥാപിക്കുകയും ചെയ്തു എന്ന് ആ ക്രിസ്ത്യാനികൾ അറിഞ്ഞിരുന്നില്ല.  അതുകൊണ്ടാണ്, അതിഥിസൽക്കാരം ആചരിക്കുന്നതിനുള്ള ഈ കല്പന ഉൾപ്പെടെ ദൈവത്തിന്റെ എല്ലാ കല്പനകളും അനുസരിക്കുവാൻ നാം വിശ്വാസത്തോടെ പ്രയത്നിക്കേണ്ടത്. 

ദിവസത്തിന്റെ അന്ത്യത്തിൽ, അതിഥിസൽക്കാരം ആചരിക്കുക എന്നത് പ്രധാനപ്പെട്ട കല്പനയാണ്. യഥാർഥ വിശ്വാസത്തിന്റെ ഒരു സ്വഭാവമായി യേശുതന്നെ സമീകരിക്കത്തക്കവിധം പ്രധാനപ്പെട്ട ഒന്നാണത് [മത്തായി 25:35-46]. ഈ കല്പന പ്രയോഗത്തിൽ വരുത്താനുള്ള ഏറ്റവും മികച്ച പ്രചോദനം എന്താണ്? യേശു തന്റെ രക്തം കുരിശിൽ ചൊരിഞ്ഞു, അങ്ങനെ നമ്മെപ്പോലുള്ള പാപികൾക്കായി സ്വർഗത്തിൽ തന്റെ ഭവനം തുറന്നു. യേശുവിന്റെ നാമത്തിൽ നമ്മുടെ ഭവനങ്ങൾ മറ്റുള്ളവർക്കായി തുറന്നുകൊടുക്കാൻ നമുക്ക് സാധിക്കുമോ? എല്ലാത്തിനുമുപരി, ക്രിസ്‌ത്യാനിത്വം “തുറന്ന കൈയുടെയും തുറന്ന ഹൃദയത്തിന്റെയും തുറന്ന വാതിലിന്റെയും മതം” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനോട് അനുരൂപപ്പെടുവാൻ നാം രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുമ്പോൾ, ഈ സത്യങ്ങൾ നമ്മുടെ ജീവിതങ്ങളിൽ പ്രകടമാകുവാൻ അനുവദിക്കുക.

Category

Leave a Comment