രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 11 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പീൻ

(English version: “The Transformed Life – Bless Your Persecutors”)
തങ്ങളെ ഉപദ്രവിക്കുന്നവരോട് ബൈബിൾപരമായി പ്രതികരിക്കുവാൻ റോമർ 12:14 വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു, “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.”
ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക എന്ന വിഷയം ലോകം പഠിപ്പിക്കുന്നതിന് വിപരീതമായ സംസ്കാരവും നമ്മുടെ സ്വാഭാവിക പ്രവണതയ്കു വിരുദ്ധവുമാണ്. എങ്കിലും, മുകളിൽ ഉദ്ധരിക്കപ്പെട്ട വാക്യം നമ്മെ ആഹ്വാനം ചെയ്യുന്നത് അതുതന്നെയാണ്. തങ്ങളെ ഉപദ്രവിക്കുന്നവരെ യേശു ചെയ്തതുപോലെ അനുഗ്രഹിക്കുവാൻ ദൈവത്തിന്റെ രക്ഷാകരമായ കരുണ ആളുകളെ രൂപാന്തരപ്പെടുത്തുന്നു. ഈ വിഷയം സുപ്രധാനമായതിനാൽ, ഈ അധ്യായത്തിന്റെ ഒടുവിൽ, 17-21 വാക്യങ്ങളിൽ പൗലോസ് ഈ വിഷയം കൂടുതൽ വിപുലീകരിക്കുന്നു.
ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ എന്നത് അർഥമാക്കുന്നത് ക്രിസ്ത്യാനികൾ ഉപദ്രവം നേരിടും എന്നാണ്. ചിലർ കുറഞ്ഞ അളവിലും മറ്റു ചിലർ കൂടിയ അളവിലും ആണെന്നു മാത്രം. 2 തിമൊഥെയൊസ് 3:12 ഇപ്രകാരം പ്രസ്താവിക്കുന്നു, “എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” ഉപദ്രവം എന്ന യാഥാർഥ്യത്തെക്കുറിച്ച് ഈ വാക്കുകളിലൂടെ യേശു നമുക്ക് മുന്നറിയിപ്പ് നൽകുന്നു: “ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും” [യോഹന്നാൻ 15:20]. ക്രിസ്ത്യാനികളുടെ ജീവിതം കഷ്ടരഹിതമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല!
നാം ഈ ലോകത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായതിനാൽ, നാം ഈ ലോകത്തിനുള്ളവരല്ല എന്നതിനാൽ ലോകം നമ്മെ വെറുക്കുന്നു. കൂടാതെ, റോമർ 8:7 പറയുന്നതുപോലെ, “ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു” എന്നതിനാൽ, ലോകം യേശുവിനെ വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഇപ്പോൾ, യേശു ഈ ലോകത്തിൽ ശരീരത്തിൽ സന്നിഹിതനല്ലാത്തതിനാൽ യേശുവിനോടും അവന്റെ ഉപദേശങ്ങളോടും താദാത്മ്യം പ്രാപിച്ച, ശാരീരികമായി സന്നിഹിതരായിരിക്കുന്ന നാം ഉപദ്രവിക്കപ്പെടുന്നു. “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും” എന്ന് യേശു പറഞ്ഞതിൽ അതിശയമില്ല. നമ്മെ ആക്രമിച്ചുകൊണ്ട്, അവർ ക്രിസ്തുവിനെ ആക്രമിക്കുന്നു. നാം മോശമായ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടല്ല, മറിച്ച് അവർ സത്യദൈവത്തെയും ഈ ഏകസത്യദൈവത്തെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്നവരെയും വെറുക്കുന്നതിനാൽ, നാം നന്മ ചെയ്യുമ്പോൾപോലും നമ്മെ ഉപദ്രവിക്കുന്നു. ഒരു എഴുത്തുകാരൻ ഇപ്രകാരം പറയുന്നു:
ലോകത്തെ കുറ്റം വിധിക്കുന്ന ആളുകളെ ലോകം തീർത്തും വെറുക്കുന്നു. നല്ലവനാകുന്നത് യഥാർത്ഥത്തിൽ അപകടകരമാണ്. ഏഥൻസിലെ അരിസ്റ്റൈഡിന് സംഭവിച്ച വിധിയാണ് ക്ലാസിക് ഉദാഹരണം. അദ്ദേഹം നീതിമാനായ അരിസ്റ്റൈഡ്സ് എന്ന് വിളിക്കപ്പെട്ടു; എന്നിട്ടും നാടുകടത്തപ്പെട്ടു. എന്തിനാണ് അദ്ദേഹത്തെ നാടുകടത്തുവാൻ അനുകൂലിച്ച് വോട്ട് ചെയ്തതെന്ന് പൗരന്മാരിൽ ഒരാളോട് ചോദിച്ചപ്പോൾ അയാൾ ഇപ്രകാരം മറുപടി പറഞ്ഞു: “കാരണം, അയാളെ എപ്പോഴും നീതിമാൻ എന്ന് വിളിക്കുന്നത് കേട്ട് ഞാൻ മടുത്തു.”
ക്രിസ്ത്യാനിയല്ലാതിരുന്നിട്ടുപോലും തങ്ങളിൽ നിന്ന് വ്യത്യസ്തനായിരിക്കുന്ന ഒരു വ്യക്തിയോടുള്ള ലോകത്തിന്റെ പ്രതികരണം ഇത്ര ശത്രുതാപരമാണെങ്കിൽ, അവരുടെ ചിന്തകളെയും പ്രവൃത്തികളെയും കുറ്റം വിധിക്കുന്ന നമ്മൾ ക്രിസ്ത്യാനികളോട് എത്രവലിയ പ്രതികൂല പ്രതികരണമായിരിക്കും ലോകം കാണിക്കുക. അതിനാൽ, ക്രിസ്ത്യാനികളെ ഉപദ്രവിക്കും എന്നത് പ്രതീക്ഷിക്കേണ്ടതാണ്. നാം ക്രിസ്തീയ ജീവിതം യഥാർഥമായി ജീവിച്ചാൽ ഉപദ്രവം ഉണ്ടാകും. അങ്ങനെയെങ്കിൽ, ഈ ഉപദ്രവം കൊണ്ടുവരുന്ന ആളുകളോട് നാം എപ്രകാരം പ്രതികരിക്കണം? ചുരുക്കത്തിൽ, അവരെ ശപിക്കാനല്ല, പിന്നെയോ, അനുഗ്രഹിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
നമ്മെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക എന്നതിന്റെ അർതമെന്താണ്?
ഒരു വ്യാഖ്യാതാവിന്റെ അഭിപ്രായത്തിൽ, “അനുഗ്രഹിക്കുക എന്നതിന് വ്യത്യസ്തമായ അർഥങ്ങളുണ്ട്. നാം ദൈവത്തെ അനുഗ്രഹിക്കുക എന്നു പറയുമ്പോൾ, ദൈവം അർഹിക്കുന്ന പുകഴ്ച നാം അവനിൽ ചാർത്തുന്നു എന്നർഥം [cf. ലൂക്കോസ് 1:64, 68, 2:24, 24:53; യാക്കോബ് 3:9]. ദൈവം നമ്മെ അനുഗ്രഹിക്കുമ്പോൾ അവൻ തന്റെ അനുഗ്രഹങ്ങൾ നമ്മുടെമേൽ വർഷിക്കുന്നു [cf. മത്തായി 25:34; പ്രവൃത്തികൾ 3:26; ഗലാ 3:9; എഫെ 1:3]. വ്യക്തികളെയോ വസ്തുക്കളെയോ നാം അനുഗ്രഹിക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹം അവരുടെമേൽ വരുവാൻ അഭ്യർത്ഥിക്കുന്നു [cf. ലൂക്കോസ് 2:34; 1 കൊരി 10:16; എബ്രാ 11:20]. ഈ അവസാനത്തെ അർത്ഥമാണ് ഈ വാക്യത്തിന്റെ പ്രബോധനത്തിനും അതേ കാര്യം പറയുന്ന മറ്റ് നിരവധി സന്ദർഭങ്ങളിലും ബാധകമാകുന്നത്.”
ചുരുക്കത്തിൽ, തങ്ങളെ കഠോരമായി വേദനിപ്പിക്കുന്നവരെ ദൈവം അനുഗ്രഹിക്കുവാൻ ക്രിസ്ത്യാനികൾ ദൈവത്തോട് പ്രാർഥക്കുവാനുള്ള ആഹ്വാനമാണിത്. “അനുഗ്രഹിക്കുക” എന്ന പദം വർത്തമാനകാലമാണ്. അതിനർഥം, നാം എപ്പോഴും അപ്രകാരം ചെയ്യണമെന്നാണ്. അനുഗ്രഹിക്കുവാൻ നമ്മെ ആഹ്വാനം ചെയ്യുന്ന ഈ വാക്യത്തിന്റെ രണ്ടാം ഭാഗത്ത് പൗലോസ് മറ്റൊരു കല്പന കൂട്ടിച്ചേർക്കുന്നു. അത് ഇപ്രകാരമാണ്, “ശപിക്കാതെ അനുഗ്രഹിപ്പിൻ.” “അനുഗ്രഹിക്കുക” യാണ് നാം ചെയ്യേണ്ടത് എന്ന് രണ്ടുതവണ ഊന്നിപ്പറയുകയും നാം “ശപിക്കരുത്” എന്ന് അതോടൊപ്പം പ്രസ്താവിക്കുകയും ചെയ്തുകൊണ്ട് പൗലോസ് പറയുന്നതിന്റെ അർഥം ഇതാണ്: നമ്മെ ഉപദ്രവിക്കുന്നവരോട് അനുഗ്രഹവവും ശാപവും ഇടകലർന്ന മനോഭാവമായിരിക്കരുത് നമുക്കുണ്ടായിരിക്കേണ്ടത്. അത് എല്ലായ്പോഴും അനുഗ്രഹംതന്നെ ആയിരിക്കണം! ശാപം എന്ന വാക്ക് അർഥമാക്കുന്നതു പോലെ, നമ്മുടെ പ്രാർഥനകളിൽ നമ്മുടെ ശത്രുക്കളെ നാശത്തിന് സമർപ്പിക്കാതെ, ദൈവത്തിന്റെ ആനുകൂല്യം അവർക്കു നൽകുവാൻ നാം ദൈവത്തോട് അപേക്ഷിക്കണം.
നമ്മെ ദ്രോഹിക്കുന്നവരോടുള്ള ഈ മനോഭാവം നമ്മുടെ അടിസ്ഥാന മനുഷ്യ സ്വഭാവത്തിന് എതിരാണ്. നമ്മെ പീഡിപ്പിക്കുന്നവർക്ക്, നമ്മെ ശാരീരികമായോ വാക്കിനാലോ വേദനിപ്പിക്കുന്നവർക്ക് ന്യായവിധി ആശംസിക്കുക എന്നതാണ് സ്വാഭാവിക പ്രതികരണം. “ശരി. നിങ്ങൾ പ്രതികാരം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല [ഈ സന്ദർഭത്തിൽ, ശപിക്കുക]” എന്ന് മാത്രം നമ്മോടു പറഞ്ഞിരുന്നുവെങ്കിൽ, അത് ബുദ്ധിമുട്ടുള്ളതെങ്കിലും അതായിരുന്നു നല്ലത്. എന്നാൽ ദൈവവചനം നമ്മോട് പറയുന്നത്, പ്രതികാരം ചെയ്യാതെ നമുക്ക് നിഷ്ക്രിയരായിരിക്കാൻ കഴിയില്ലെന്നും പിന്നെയോ സജീവമായി നന്മ ചെയ്യാൻ ശ്രമിക്കണമെന്നുമാണ്. ഈ സന്ദർഭത്തിൽ, നന്മ എന്നത് നമ്മെ വേദനിപ്പിക്കുനന്നവർക്ക് ദൈവത്തിന്റെ ആനുകൂല്യം ലഭിക്കുവാൻ പ്രാർഥിക്കുക എന്നാണ്.
ഇത്തത്തിൽ ഒരു ആഹ്വാനം പൗലോസ് മാത്രമല്ല നൽകുന്നത്. ലൂക്കോസ് 6:28-ൽ യേശു ഇതേ ആഹ്വാനം നൽകി, “നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർഥിപ്പിൻ.” നമ്മെ പീഡിപ്പിക്കുന്നവരുടെ മേൽ ദൈവാനുഗ്രഹത്തിനായി പ്രാർഥിക്കുന്നത് യഥാർത്ഥത്തിൽ ദൈവമക്കളുടെ അടയാളമാണെന്ന് യേശു സുവ്യക്തമാക്കി. ഒരു എഴുത്തുകാരൻ പറഞ്ഞു, “ദൈവത്തിന്റെ മക്കൾ അവരുടെ സ്വർഗ്ഗീയ പിതാവിനെ അനുകരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു, നാം അവന്റെ ദൃശ്യശ്രവണം അഥവാ ഓഡിയോ വിഷ്വൽ ആയിരിക്കണം.”
യേശുവും പൗലോസും മാത്രമല്ല, പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് എഴുതുമ്പോൾ, പത്രോസും തിന്മയ്കു പകരം തിന്മ ചെയ്യാതെ, പീഡിപ്പിക്കുന്നവരുടെ മേൽ ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്ന സമാനമായ പ്രതികരണത്തിന് 1 പത്രൊസ് 3:9-ൽ ആഹ്വാനം ചെയ്യുന്നു, “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” നമ്മുടെ ശത്രുക്കളെ ദൈവം അനുഗ്രഹിക്കുവാൻ നാം പ്രാർഥിക്കണം എന്ന് ഇപ്പോൾ സുവ്യക്തമാണ്. എന്ത് അനുഗ്രഹം അവർക്കു ലഭിക്കുവാനാണ് നാം പ്രത്യേകമായി പ്രാർഥിക്കേണ്ടത് എന്നതാണ് ഇപ്പോൾ ചോദ്യം. പ്രാർഥന പ്രധാനമായും അവരുടെ രക്ഷയ്കായി, അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുവാൻ ആയിരിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്തത്. നമുക്ക് മറ്റുള്ളവർക്ക് വേണ്ടി ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും വലിയ നന്മ അതാണ്. നമ്മുടെ ശത്രുക്കളെ അനുഗ്രഹിക്കുവാൻ നാം ദൈവത്തോട് പ്രാർഥിക്കുമ്പോൾ, അവരുടെ സകല പാപങ്ങളും ക്ഷമിക്കപ്പെടേണ്ടതിന് അവർക്ക് മാനസാന്തരപ്പെടുവാനും ക്രിസ്തുവിന്റെ യാഗത്തിൽ വിശ്വസിക്കുവാനുമുള്ള പ്രാപ്തി നൽകുന്നതിലൂടെ അവർക്ക് നിത്യജീവൻ നൽകുവാനാണ് നാം ദൈവത്തോട് അപേക്ഷിക്കുന്നത്. അതാണ് പ്രാർഥിക്കുന്നത്! അത്, നമ്മെ ഉപദ്രവിക്കുന്നതിന്റെ മൂലകാരണമായ, ദൈവത്തോടുള്ള ശത്രുത അവസാനിപ്പിക്കുവാൻ അവർക്ക് ഇടയാക്കും.
യേശുവിനെ കുരിശിന്മേൽ തറയ്കുകയും അതേ സമയംതന്നെ പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, യേശു തന്റെ ശത്രുക്കൾക്കു വേണ്ടി എന്താണ് ചെയ്തത്? അവൻ അവർക്കുവേണ്ടി പ്രാർഥിച്ചു. ആ പ്രാർഥനയുടെ ഉള്ളടക്കം എന്തായിരുന്നു? എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” [ലൂക്കോസ് 23:34]. നമുക്ക് ദൈവത്തിൽ നിന്ന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം പാപക്ഷമയാണ്. അതിനാൽ, തന്റെ ശത്രുക്കളോട് ക്ഷമിക്കുവാൻ യേശു പ്രാർഥിച്ചപ്പോൾ വാസ്തവത്തിൽ, മാനസാന്തരപ്പെട്ട് തന്നിലേയ്കു തിരിയുന്നതിലൂടെ അവർക്ക് ദൈവത്തിൽ നിന്ന് എക്കാലവും ലഭിക്കുവാൻ സാധിക്കുന്ന ഏറ്റവും നല്ല അനുഗ്രഹം കൊടുക്കുവാൻ അപേക്ഷിക്കുകയായിരുന്നു. അവരുടെ മേൽ ശാപം ഉരുവിടുന്നതിനു പകരം, അവരുടെ നന്മയ്കായി യേശു പ്രാർഥിച്ചു. ശതാധിപന്റെ (അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞ [മത്തായി 27:54]) മാനസാന്തരം സംശയലേശമന്യേ യേശുവിന്റെ പ്രാർഥനയുടെ ഫലമായിരുന്നു!
പീഡിപ്പിക്കുന്നവരുടെ കയ്യാൽ മരിച്ച ആദ്യത്തെ ക്രിസ്ത്യാനിയായിരുന്ന സ്തേഫാനോസും അവ്വണ്ണംതന്നെ ചെയ്തു. അപ്പോ.പ്രവൃത്തികൾ 7:59-60 യിൽ ഇപ്രകാരം വായിക്കുന്നു, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.” സ്തേഫാനോസിന്റെ മരണത്തിന് കാരണക്കാരായവരുടെ ഇടയിൽ ശൗൽ എന്നു പേരുള്ള പൗലോസ് ഉണ്ടായിരുന്നു. പൗലോസാണ് പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ റോമർക്കുള്ള ഈ ലേഖനം എഴുതിയത്. പൗലോസിന്റെ മാനസാന്തരത്തിൽ സ്തേഫാനോസിന്റെ പ്രാർഥന എത്രമാത്രം പ്രഭാവം ചെലുത്തി എന്ന് ആർക്കറിയാം?
നമ്മെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കുന്നതിനുള്ള ഈ ആഹ്വാനം അതേ പൗലോസ് തന്റെ സ്വന്ത ജീവിതത്തിൽ മാതൃക കാണിച്ചു, 2 കൊരിന്ത്യർ 11:24 പൗലോസ് ഇപ്രകാരം എഴുതി, “യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു.” ആകെ 195 അടികൾ! എങ്കിലും, റോമർ 10:1 ൽ അദ്ദേഹം ഇപ്രകാരം എഴുതി, “സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.” അവരെ ശപിക്കുന്നതിനു പകരം രക്ഷയിലൂടെ അവർക്കു കൈവരുന്ന നന്മയ്കു വേണ്ടി അദ്ദേഹം പ്രാർഥിച്ചു. റോമർ 12:14-ൽ താൻ പ്രസംഗിച്ചത് ഇവിടെ തന്നെ പീഡിപ്പിച്ചവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട് പ്രയോഗത്തിൽ വരുത്തി!
നമ്മുടെ കാര്യത്തിലും അപ്രകാരംതന്നെ ആയിരിക്കണം. നമ്മെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിച്ചുകൊണ്ട് നാം പ്രതികരിക്കണം. നമ്മെ പീഡിപ്പിക്കുന്നവരുടെ രക്ഷയ്കായി പ്രാർഥനയിൽ അവരെ ദൈവത്തിങ്കേലേയ്ക് കൊണ്ടുവരണം. നമ്മുടെ നാവുകൾ കോപത്തിൽ സംസാരിക്കരുത്. അവർക്ക് അനുഗ്രഹം പ്രദാനം ചെയ്യുവാൻ കഴിയുന്നത് ദൈവത്തിനു മാത്രമാണ്. ആ ദൈവത്തോട് അനുഗ്രഹത്തിന്റെ വാക്കുകൾ നാം പ്രാർഥിക്കണം. മുട്ടിന്മേൽ നിന്നുകൊണ്ട്, നമ്മെ വേദനിപ്പിക്കുന്നവർക്കുവേണ്ടി ആത്മാർത്ഥമായി ഹൃദയത്തിൽ നിന്ന് മധ്യസ്ഥത വഹിക്കാനും നമുക്ക് കഴിയണം. അവർക്ക് ഒരു പുതിയ ഹൃദയം നൽകാനും നമ്മുടെ സ്വന്തം ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന പ്രതികാര മനോഭാവം ഉപേക്ഷിക്കാനും നാം ദൈവത്തോട് അപേക്ഷിക്കണം. ചില സന്ദർഭങ്ങളിൽ, നമ്മെ വേദനിപ്പിക്കുന്നവർ ക്രിസ്ത്യാനികളാണെങ്കിൽ പോലും, മറ്റുള്ളവരെ വേദനിപ്പിക്കാനുള്ള പാപ പ്രവണതകളെ മറികടക്കാൻ ദൈവം അവരെ സഹായിക്കണമെന്ന് പ്രാർഥിക്കണം. വിശ്വാസികളായാലും അവിശ്വാസികളായാലും പ്രതികാരമരുത്. അവരുടെ ആത്മീയ അവസ്ഥക്കനുസരിച്ച് നമ്മുടെ പ്രാർഥനകൾ ഉചിതമായിരിക്കണം എന്ന് മാത്രം.
നമ്മെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കണമേ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നതിൽ നാം ഒരു പ്രശ്നം നേരിടുന്നുണ്ട്, കാരണം തെറ്റായ പെരുമാറ്റം നേരിട്ടതിൽ പക വീട്ടാനും ഉടനടി പ്രതികാരം ചെയ്യാനും നാം ആഗ്രഹിക്കുന്നു. നമ്മെ ഉപദ്രവിച്ചതിന് “നഷ്ടപരിഹാരം” നൽകാതെയും ന്യായവിധിയുടെ വേദനയിൽ നിന്ന് അവർ എങ്ങനെയെങ്കിലും “രക്ഷപ്പെടുകയും” ചെയ്യുമ്പോൾ നാം പീഡിപ്പിക്കുന്നവരെ വെറുക്കുന്നു. നമ്മോട് മോശമായി പെരുമാറിയ വ്യക്തിയും നാം അനുഭവിച്ച അതേ വേദന അനുഭവിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. അങ്ങനെ, തിന്മയ്‌ക്ക് പകരം തിന്മ ചെയ്യുവൻ നാം തുനിയുന്നു. അതാണ് നമ്മുടെ സ്വാഭാവിക പ്രതികരണം.
എന്നാൽ, തിരുവെഴുത്തുകളുടെ പ്രതികരണം ഇതാണ്: “നിങ്ങൾ എത്ര പാപങ്ങൾ ചെയ്തുവെന്ന് നോക്കുക. ദൈവം നിങ്ങളോട് പ്രതികാരം ചെയ്തുവോ? നിങ്ങൾ ആഗ്രഹിച്ചതും ലഭിച്ചതുമായ പാപക്ഷമയുടെ അതേ അനുഗ്രഹം തന്നെയാണ് നിങ്ങളുടെ ശത്രുക്കൾക്കുവേണ്ടിയും നിങ്ങൾ തേടേണ്ടത്. യേശു ചെയ്‌തതുപോലെ എല്ലാവിധികളും ദൈവത്തിന്റെ കരങ്ങളിൽ വിട്ടുകൊടുക്കുക.” നീതിയുള്ള ന്യായാധിപനായ ദൈവം ശരിയായതു ചെയ്യുമെന്ന് വിശ്വാസം പ്രത്യാശിക്കുന്നു. “സർവ്വഭൂമിയ്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?” എന്ന് ഉല്പത്തി 18:25 ൽ അബ്രഹാം ചോദിച്ചു. യേശു അപ്രകാരം വിശ്വസിച്ചു, അതുകൊണ്ടാണ് അവൻ എല്ലാ ന്യായവിധിയും ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിച്ചത് [1 പത്രോസ് 2:23]. അതിനിടയിൽ, തന്നെ പീഡിപ്പിക്കുന്നവരോട് ക്ഷമിക്കാൻ അവൻ ദൈവത്തോട് പ്രാർഥിച്ചുകൊണ്ടിരുന്നു [ലൂക്കാ 23:34].
“തിന്മയ്ക് തിന്മ പകരം ചെയ്യുന്നത് പൈശാചികമാണ്; നന്മയ്ക് നന്മ പകരം ചെയ്യുന്നത് മാനുഷികമാണ്; എന്നാൽ തിന്മയ്ക് നന്മ പകരം ചെയ്യുന്നത് ദൈവികമാണ്” എന്ന് പറയപ്പെടുന്നു. അതുകൊണ്ട്, നാം തിന്മയ്ക് പകരം നന്മ ചെയ്യുമ്പോൾ നാം:
1. ദൈവത്തിന്റെ മക്കളാണെന്ന യാഥാർഥ്യം പ്രകടമാക്കുന്നു.
2. നമ്മിലൂടെ പ്രവൃത്തിക്കുന്ന ദൈവികശക്തിയുടെ യാഥാർഥ്യം പ്രകടമാക്കുന്നു.
3. യേശുവിനെപ്പോലെ പ്രവൃത്തിക്കുവാൻ ദൈവത്തിന്റെ കരുണ നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് കാണിക്കുന്നു.
നിങ്ങളെ വേദനിപ്പിച്ച ആളുകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടോ? അവരുടെ തിന്മയോട് അനുഗ്രഹത്തോടെ പ്രതികരിക്കാൻ നിങ്ങൾ പാടുപെടുകയാണോ? പ്രതികാരചിന്തകൾ നിങ്ങളുടെ ഹൃദയത്തെ ഭരിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, അത്തരമൊരു മനോഭാവം സംബന്ധിച്ച് പശ്ചാത്തപിക്കുക. നിങ്ങളുടെ കണ്ണുകൾ യേശുവിലേക്ക് തിരിക്കുക. അവനാണ് നമ്മുടെ മാതൃക. നാം പിന്തുടരാൻ വിളിക്കപ്പെട്ട മാതൃക അവനാണ് [1 പത്രോസ് 2:21]. അവൻ നിങ്ങൾക്കായി ചെയ്തത് നോക്കൂ! കഴിഞ്ഞ കാലങ്ങളിൽ നിങ്ങളുടെ എത്ര പാപങ്ങൾ അവൻ ക്ഷമിച്ചുവെന്നും ഇപ്പോൾ എങ്ങനെ ക്ഷമിക്കുന്നു എന്നും ചിന്തിക്കുക. അവന്റെ കരുണയെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് അതേ കരുണ പ്രദാനം ചെയ്യുന്നതിനുള്ള ശക്തി അപേക്ഷിക്കുക.
നിങ്ങളെ പീഡിപ്പിക്കുന്നവരെ പ്രാർഥനയിൽ ദൈവത്തിങ്കലേക്ക് കൊണ്ടുപോകാൻ ആത്മാർത്ഥമായി തീരുമാനിക്കുക. അവർ അവിശ്വാസികളാണെങ്കിൽ അവരെ രക്ഷിക്കാൻ ദൈവത്തോട് അപേക്ഷിക്കുക. അവർ അഭിമുഖീകരിക്കാൻ പോകുന്ന നിത്യദണ്ഡനത്തെക്കുറിച്ച് ദയവായി ചിന്തിക്കുക, അനുകമ്പയോടെ, അവരുടെ ആത്മാക്കൾക്ക് വേണ്ടി അപേക്ഷിക്കുക. അവർ വിശ്വാസികളാണെങ്കിൽ, അവരുടെ വിളി അനുസരിച്ച് ജീവിക്കാൻ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുക. റോമർ 12:14 നൽകുന്ന കല്പന അനുസരിക്കുക, ദൈവത്തിന്റെ അനുഗ്രഹം അനുഭവിക്കുക!
പീഡനം പല വലുപ്പത്തിലും പല രൂപത്തിലും വരുന്നു, ജനങ്ങളെ ആബാലവൃദ്ധം ബാധിക്കുന്നു. ക്രിസ്ത്യാനിത്വം സംബന്ധിച്ച് ആത്മചിന്തനം നടത്തുന്നവരോട് വളരെക്കാര്യങ്ങൾ സംസാരിക്കുവാൻ ആക്രമണത്തിനും ദുരുപയോഗത്തിനുമെതിരെയുള്ള നമ്മുടെ പ്രതികരണത്തിന് സാധ്യമാണ്.
ബാർബറ റോബിഡോക്‌സ് അവളുടെ അയൽക്കാരിലൊരാളായ മിഷേൽ എന്ന ക്രിസ്ത്യാനിയെ കൗതുകത്തോടെ വീക്ഷിച്ചിരുന്നു. അവളെ തന്റെ അയൽപക്കത്തെ “ബൈബിൾ ശബ്ദം” എന്ന് വിളിച്ചു. മിഷേലിന്റെ സന്തോഷകരമായ ആവേശവും ആഹ്ലാദവും തെരുവിനെ പ്രകാശമാനമാക്കി. വേനൽക്കാലത്ത് കുട്ടികളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന മാതാപിതാക്കൾക്കും വീട്ടമ്മമാർക്കും ആശ്വാസം നൽകിക്കൊണ്ട്, ഓരോ വേനൽക്കാലത്തും തന്റെ വാൻ നിറയെ കുട്ടികളെ നിറച്ച്, വെക്കേഷൻ ബൈബിൾ സ്കൂളിൽ, അവരോടൊപ്പം സഭാപ്രവർത്തനങ്ങളിൽ മുഴുകുമായിരുന്നു.
ബാർബറ മിഷേലിനെ വിമർശനബുദ്ധിയോടെ നിരീക്ഷിക്കുകയും അവളുടെ കുറവുകൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, അതിനു വിപരീതമായി അവളിൽ അനുകമ്പയും ദയയും വിനയവും സൗമ്യതയും ക്ഷമയും കണ്ടെത്തി. അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചതിരിഞ്ഞ്, മിഷേലിന്റെ മകനെ ഒരു കൂട്ടം അയൽവാസികൾ ആക്രമിച്ചു. “ജീസസ് ഫ്രീക്ക്!” എന്ന വിളിയോടെ അവർ കല്ലെറിഞ്ഞപ്പോൾ അവൻ കണ്ണുനീരോടെ വീട്ടിലേയ്കുവന്നു. മിഷേൽ ശാന്തമായി മകനെ ആശ്വസിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നവരുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും ബാർബറ നോക്കിനിന്നു. എങ്ങനെ ഇത്രയധികം സംയമനം പാലിക്കാൻ കഴിയുമെന്ന് മിഷേലിനെ നിരീക്ഷിച്ച ബാർബറ അവളോട് ചോദിച്ചപ്പോൾ, മിഷേൽ മറുപടി പറഞ്ഞു, “എനിക്ക് അതിയായ കോപമുണ്ട്, എനിക്ക് സംസാരിക്കാൻ സാധിക്കുന്നില്ല, എന്നാൽ, റോമർ 12:14 നമ്മോട് പറയുന്നു, ‘നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുക, ശപിക്കാതെ അനുഗ്ഗഹിക്കുക.’”
ആ സംഭവം ബാർബറയെ ദിവസങ്ങളോളം വേട്ടയാടി, സമയം കടന്നു പോയപ്പോൾ, മിഷേലിന്റെ വിശ്വാസങ്ങളെക്കുറിച്ച് അവൾ ചോദിക്കുകയും ഉത്തരങ്ങൾ ശ്രദ്ധാപൂർവം ശ്രവിക്കുകയും ചെയ്തു. “മിഷേലിന്റെ സ്പർശനം കാരണം അയൽപക്കത്തുള്ള ഏതെങ്കിലും കുട്ടികൾ ഈ വേനൽക്കാലത്ത് ക്രിസ്തുവിനെ കണ്ടെത്തിയോ എന്ന് എനിക്കറിയില്ല,” ബാർബറ പറഞ്ഞു. “എന്നാൽ, എനിക്ക് അതു സാധിച്ചു. ഒരു കുടുംബം എന്റെ അയൽപക്കത്ത് താമസിച്ചിരുന്നതിനാൽ, ദിനവും ജീവിച്ചുകാട്ടിയതിനാൽ ഞാൻ ക്രിസ്തുവിനെ കണ്ടെത്തി.”
ദൈവത്തിന്റെ കല്പനകൾക്കനുസൃതമായി ജീവിക്കുന്നതിനെ ഒരിക്കലും നാം വില കുറച്ചു കാണരുത്- അതിന് എത്രതന്നെ വില കൊടുക്കേണ്ടിവന്നാലും!