രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 12 സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിപ്പിൻ

(English version: “The Transformed Life – Rejoice With Those Who Rejoice”)
“സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിപ്പിൻ” എന്ന് റോമർ 12:15 നമ്മോടു കല്പിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം തങ്ങളുടെ ജീവിതത്തിൽ അനുഭവിക്കുന്ന മറ്റു വിശ്വാസികളുടെ സന്തോഷം, അവ നാം വ്യക്തിഗതമായി അനുഭവിക്കുന്നു എന്നപോലെതന്നെ നമുക്കും യഥാർഥത്തിൽ തോന്നണം എന്നാണ് ഇതിനർഥം. പുറമേ ഭാവിക്കുകമാത്രം ചെയ്യുകയല്ല മറിച്ച്, നമ്മുടെ ഹൃദയങ്ങളുടെ ആഴത്തിൽ നിന്ന് ഈ സന്തോഷം അനുഭവിക്കുക. അതാണ് യഥാർഥ കൂട്ടായ്മയിൽ പങ്കുവയ്കപ്പെടുന്ന ജീവിതം ജീവിക്കുക എന്നതിന്റെ അർഥം.
സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവാൻ എളുപ്പമാണ് എന്ന് തോന്നിയേക്കാം. എന്നാൽ അനേകർക്കും ഇത് സ്ഥിരമായി പ്രയോഗത്തിൽ വരുത്തുക പലപ്പോഴും പ്രയാസകരമാണ്. വാസ്തവത്തിൽ, കരയുന്നവരോടുകൂടെ കരയുകയാണ് സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുന്നതിലും എളുപ്പം. എന്താണ് കാരണം? ഒരു പ്രധാന കാരണം അസൂയയാണ്. സഹക്രിസ്ത്യാനികളുടെ ഇടയിൽപോലും, ഈ കല്പന അനുസരിക്കുവാൻ പരാജയപ്പെടുന്നതിന്റെ ഒന്നാമത്തെ കാരണം അസൂയയാണ്.
പലപ്പോഴും, നമുക്ക് മറ്റുള്ളവരോടൊപ്പം സന്തോഷിക്കുവാൻ സാധിക്കുന്നില്ല. കാരണം, നമുക്ക് ഇല്ലാത്തതോ നമുക്കു ലഭിക്കണം എന്ന് നാം ആഗ്രഹിക്കുകയോ ചെയ്യുന്ന എന്തോ ഒന്ന് അവർക്കു ലഭിക്കുന്നു. അല്ലെങ്കിൽ, നമുക്കുള്ളത് അവർക്കും ലഭിക്കുകയും അത് നമ്മെ തികച്ചും സാധാരണക്കാരനാക്കുകയും ചെയ്യുന്നു. ഒരു ദിവസം അതീവ ദുഃഖിതനായി കാണപ്പെട്ട ഒരു മനുഷ്യനെപ്പോലെയാണ് ഇന്നത്തെ പല ക്രിസ്ത്യാനികളും. അയാളെ നന്നായി അറിയുന്ന ഒരാൾ ഇപ്രകാരം പറഞ്ഞു, “ഒന്നുകിൽ അയാൾക്ക് എന്തോ മോശമായത് സംഭവിച്ചു, അല്ലെങ്കിൽ, അയാൾക്ക് അടുപ്പമുള്ള ആർക്കോ നല്ലത് എന്തോ സംഭവിച്ചു.”
അസൂയ പല വിധത്തിൽ സ്വയം വെളിപ്പെടുത്തുന്നു.
- അത് കൂടെയുള്ളവർ വിവാഹിതരാകുമ്പോൾ സന്തോഷിക്കുവാൻ സാധിക്കാത്ത അവിവാഹിതനായ ഒരു വ്യക്തിയാകാം. പ്രായം കടന്നുപോയിക്കൊണ്ടിരുന്ന അവിവാഹിതനായ ഒരാൾ ഒരിക്കൾ ഇപ്രകാരം പറഞ്ഞു, “എന്റെ സുഹൃത്തുക്കളുടെ വിവാഹങ്ങളിൽ പങ്കെടുത്ത് ഞാൻ മടുത്തു, ചിലപ്പോൾ വധുവിന്റെ തോഴിയായും പങ്കെടുക്കുന്നു. ഇനി എന്റേതല്ലാത്ത ഒരു വിവാഹത്തിൽ പങ്കെടുക്കുവാൻ എനിക്കു സാധിക്കുകയില്ല!”
- അത് വന്ധ്യയും ഗർഭം ധരിക്കാൻ കഴിയാത്തതുമായ ഒരു ഭാര്യയായിരിക്കാം. തൽഫലമായി, മറ്റൊരു സ്ത്രീയുടെ ഗർഭധാരണത്തിലോ പ്രസവത്തിലോ അവൾക്ക് സന്തോഷിക്കാൻ കഴിയില്ല
- അത് തങ്ങളുടെ കുട്ടികളെ മറ്റുള്ളവരുടെ കുട്ടികളുമായി താരതമ്യം ചെയ്യുന്ന മാതാവോ പിതാവോ ആയിരിക്കാം. എന്തുകൊണ്ടാണ് എന്റെ കട്ടി മറ്റു കുട്ടികളുടെ അത്രയും സമർഥനല്ലാത്തത്? എന്റെ കുട്ടി തികച്ചും സാധാരണനിലയിൽ ആയിരിക്കുകയും മറ്റുള്ളവർ വിജയിക്കുകയും ചെയ്യുമ്പോൾ എനിക്ക് എപ്രകാരമാണ് സന്തോഷിക്കാൻ സാധിക്കുക?
- അത് ജോലിസ്ഥലത്തോ ബിസിനസ്സിലോ നിങ്ങൾക്ക് സ്തംഭനാവസ്ഥ അനുഭവപ്പെടുകയും മറ്റൊരാൾ അവിടെ വിജയിക്കുകയും ചെയ്യുന്നതായിരിക്കാം. “ഞാൻ കഠിനാധ്വാനം ചെയ്യുന്നു. ഞാൻ വളരെ ആത്മാർത്ഥയോടെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. എങ്കിലും എന്നെ ആരും തിരിച്ചറിഞ്ഞില്ല. എനിക്ക് ലഭിക്കുമെന്നു കരുതിയ സ്ഥാനക്കയറ്റം എന്റെ കീഴിലുള്ള ഒരാൾക്ക് ലഭിച്ചിരിക്കുന്നു. എനിക്ക് എങ്ങനെ സന്തോഷിക്കുവാൻ സാധിക്കും?” എന്നായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്.
- അത് ഒരുവന്റെ വീടിന്റെ വലിപ്പവുമായി ബന്ധപ്പെട്ടിരിക്കാം. “ഞാൻ ഇപ്പോഴും പ്രാവിൻകൂട് പോലെയുള്ള ഒരു വീട്ടിലാണ് വസിക്കുന്നത്. എന്നാൽ മറ്റുള്ളവർക്ക് വലിയ വീടുകളുണ്ട്. അവർക്കു ലഭിച്ച അനുഗ്രഹത്തിൽ എനിക്ക് എങ്ങനെ സന്തോഷിക്കുവാൻ സാധിക്കും?”
- അത് നിങ്ങളുടെ ടീമംഗത്തിന് എല്ലാ മഹത്വവും ലഭിക്കുകയും നിങ്ങളുടെ പ്രകടനം ആരും ശ്രദ്ധിക്കുന്നില്ലെന്ന് കാണുകയും ചെയ്യുമ്പോൾ സന്തോഷിക്കുക അസാധ്യമാകുന്നതായിരിക്കാം!
- അത് ഒരുവന്റെ സഭയുടെ വലിപ്പംപോലും ആകാം. നിങ്ങൾക്ക് ഇത് വിശ്വസിക്കുക പ്രയാസകരമായേക്കാം. എന്നാൽ, ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെടുന്നവർക്കു പോലും മറ്റുള്ളവരുടെ ശുശ്രൂഷകൾ അഭിവൃദ്ധിപ്പെടുമ്പോൾ സന്തോഷിക്കുവാൻ ബുദ്ധിമുട്ടു നേരിടുന്നു. “എന്റെ സഭ വളരുന്നില്ല എന്നല്ല, മറിച്ച് ചുരുങ്ങിക്കൊണ്ടിരിക്കുമമ്പോൾ, മറ്റു ചില സഭകൾ വളരുന്നത് കാണുമ്പോൾ ഞാൻ എങ്ങനെയാണ് സന്തോഷിക്കുക?” മൂഡി സഭയിലെ എർവിൻ ലറ്റ്സർ പ്രസ്തുത വികാരത്തെ ഈ വാക്കുകളിൽ ഉചിതമായി പകർത്തിയിരിക്കുന്നു, “ദൈവം തന്റെ അനുഗ്രഹിക്കുന്ന കരം തെറ്റായ നേതാവിന്മേൽ വയ്കുന്നതായാണ് എല്ലായ്പോഴും കാണപ്പെടുന്നത്!”
ഈ പട്ടിക ഇനിയും നീണ്ടുപോകാം. അസൂയ ഒരു യഥാർഥ പ്രശ്നമാണ് എന്ന് നിങ്ങൾ മനസ്സിലാക്കുക. അത് യഥാർഥത്തിൽ സന്തോഷത്തെ കൊല്ലുന്നു. ബാഹ്യമായി, ഒരാൾക്ക് പുഞ്ചിരിക്കാനും മറ്റുള്ളവരോടൊപ്പം സന്തോഷിക്കുന്നതുപോലെ കാണിക്കാനും കഴിയുമെങ്കിലും, ഉള്ളിൽ അസൂയയുടെ വികാരങ്ങളുണ്ട്. മറ്റുള്ളവരോടൊപ്പം ആത്മാർത്ഥമായി ഹൃദയത്തിൽ നിന്ന് സന്തോഷിക്കുന്നതിൽ നിന്ന് അത്തരം ഒരു മനോഭാവം നമ്മെ തടയും. എന്നാൽ താമസിയാതെ, അസൂയയുടെ വികാരങ്ങൾ പ്രവർത്തനങ്ങളിൽ ബാഹ്യമായി പ്രത്യക്ഷപ്പെടും. നമുക്ക് ഇല്ലാത്തത് ഉണ്ട് എന്ന് കാണപ്പെടുന്ന മറ്റൊരാളെ സ്നേഹിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതായിത്തീരും. അത് അവരോടുള്ള നീരസത്തിലേക്ക് നയിക്കും. അവരെ വാക്കാലോ ശാരീരികമായോ ആക്രമിക്കുന്നത് വരെയും കാര്യങ്ങൾ എത്തിയേക്കാം!
ബൈബിളിൽ അത്തരം ഉദാഹരണങ്ങൾ നിറഞ്ഞിരിക്കുന്നു. ദാവീദിന്റെ വിജയങ്ങളിൽ സന്തോഷിക്കാൻ കഴിയാതെ ശൗൽ അവനെ അപകീർത്തിപ്പെടുത്തുകയും ഒടുവിൽ, അവനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ജനക്കൂട്ടം യേശുവിനെ അനുഗമിക്കാൻ തുടങ്ങിയപ്പോൾ പരീശന്മാർക്ക് സന്തോഷിക്കാനായില്ല, അവനെ അപകീർത്തിപ്പെടുത്തുകയും ഒടുവിൽ അവനെ കൊല്ലുകയും ചെയ്തു. സദൃശവാക്യങ്ങൾ 27:4 പറയുന്നത് അതിശയിക്കേണ്ടതില്ല, “കോപം ക്രൂരവും ക്രോധവുമാണ്, എന്നാൽ ആർക്കാണ് അസൂയയുടെ മുന്നിൽ നിൽക്കാൻ കഴിയുക?” അസൂയാലുവായ ഒരു വ്യക്തിയേക്കാൾ കോപാകുലനായ ഒരുവനെ അഭിമുഖീകരിക്കുകയാണ് അഭികാമ്യം!
രണ്ട് കടയുടമകൾ കടുത്ത എതിരാളികളായിരുന്നു. അവരുടെ കടകൾ തെരുവിൽ നേരേ എതിർ വശങ്ങളിലായിരുന്നു. അവർ പരസ്പരം കച്ചവടം നിരീക്ഷിച്ചുകൊണ്ട് ദിവസം മുഴുവൻ ചിലവഴിച്ചിരുന്നു. ഒരാൾക്ക് ഒരു ഉപഭോക്താവിനെ കിട്ടിയാൽ, അയാൾ തന്റെ എതിരാളിയെ നോക്കി പുഞ്ചിരിക്കുമായിരുന്നു.
ഒരു രാത്രിയിൽ, കടയുടമകളിൽ ഒരാൾക്ക് ഒരു മാലാഖ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, “നിങ്ങൾ ചോദിക്കുന്നതെന്തും ഞാൻ നിങ്ങൾക്ക് തരാം, എന്നാൽ നിങ്ങൾക്ക് എന്ത് ലഭിച്ചാലും അതിന്റെ ഇരട്ടി നിങ്ങളുടെ എതിരാളിക്ക് ലഭിക്കും. നിങ്ങൾ സമ്പന്നനാകണോ? നിങ്ങൾക്ക് വളരെ സമ്പന്നനാകാം, പക്ഷേ അയാൾ നിങ്ങളുടെ ഇരട്ടി ധനികനായിരിക്കും. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് സാധിക്കും, എന്നാൽ അയാളുടെ ജീവിതം ദീർഘവും ആരോഗ്യകരവുമായിരിക്കും. എന്താണ് നിങ്ങളുടെ ആഗ്രഹം?”
ആ മനുഷ്യൻ നെറ്റി ചുളിച്ച്, ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് പറഞ്ഞു, “ഇതാ എന്റെ ആഗ്രഹം: എന്റെ ഒരു കണ്ണ് കുത്തിപ്പൊട്ടിക്കുക!”
അതാണ് അസൂയയുടെ ശക്തി! അതിന്റെ മുമ്പിൽ ആർക്ക് നിൽക്കുവാൻ കഴിയും? സഹോദരന്മാരുടെ അസൂയയ്കു മുൻപിൽ യോസേഫിന് നിൽക്കാൻ കഴിയാതിരുന്നതുപോലെതന്നെ. ഒടുവിൽ, അവർ അവനെ വിറ്റുകളഞ്ഞു [ഉല്പത്തി 37:12-36].
അസൂയ വളരെ ശക്തമായ ഒരു പാപമാണ്, അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനുമപ്പുറം ദൈവത്തെ വേദനിപ്പിക്കുവാനും സാധ്യതയുള്ള ഒന്നാണ് എന്നതുകൂടെ നാം മനസ്സിലാക്കേണ്ടതുണ്ട്. എന്തുകൊണ്ട് അങ്ങനെ? അസൂയയ്ക് തടയിടാതെ പോയാൽ, ഇന്നോ നാളെയോ നാം ദൈവത്തോട് നീരസം പ്രകടിപ്പിക്കാൻ തുടങ്ങും. നമുക്ക് നൽകാതെ മറ്റുള്ളവർക്ക് അനുഗ്രഹങ്ങൾ നൽകുന്നത് ദൈവമല്ലേ! “ദൈവമേ, ഞാൻ വളരെക്കാലമായി അതീവ വിശ്വസ്തനായി, കാത്തിരിക്കുന്നു. എന്നാൽ, നീ എന്നെ മറന്നിരിക്കുന്നു. നീ ന്യായമായല്ല ചെയ്യുന്നത്” എന്ന മനോഭാവം വളരെ വേഗം നമുക്ക് ഉണ്ടാകും. ധൂർത്തപുത്രന്റെ ഉപമയിലെ [ലൂക്കാ 15:29-30] ജ്യേഷ്ഠനെ ഓർക്കുക! നാം അത് വാക്കുകളിൽ പ്രകടിപ്പിക്കുന്നില്ലെങ്കിലും, ദൈവത്തിന്റെ വഴികൾ എങ്ങിനെയോ ശരിയല്ലാതായിരിക്കുന്നു എന്നു ചിന്തിക്കുന്നതിനുള്ള പ്രവണത നമുക്ക് ഉണ്ടായേക്കാം. അത്തരം മാനസികാവസ്ഥ ദൈവത്തെ ദുഃഖിപ്പിക്കുന്നു!
അതുകൊണ്ട്, ബൈബിൾ പറയുന്നതുപോലെ, സന്തോഷിക്കണമെങ്കിൽ, സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവാൻ നമ്മെ തടയുന്ന അസൂയ എന്ന പാപത്തെ നാം കൈകാര്യം ചെയ്യണം. എപ്രകാരമാണ് അത് ചെയ്യുന്നത്? തുടർച്ചയായി ഓർമ്മിക്കാൻ 2 കാര്യങ്ങൾ നിർദ്ദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
1. ഓർമ്മിക്കുക, ദൈവം പരമാധികാരിയാണ്.
ദൈവത്തിന്റെ പരമാധികാരം എന്നാൽ, ദൈവം ചെയ്യുന്ന കാര്യങ്ങൾ തന്റെ ഹിതവും സന്തോഷവും അനുസരിച്ചും തന്റെ സ്വഭാവത്തിന് അനുസൃതമായും ആണ് ചെയ്യുന്നത് എന്നതാണ്. ഒരുവനുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതികൾ മറ്റൊരുവനു വേണ്ടി ഉള്ളതുപോലെയല്ല. ദൈവം മറ്റൊരുവനെ ഒരു പ്രത്യേക അനുഗ്രഹത്താൽ അനുഗ്രഹിക്കുകയും അത് നമുക്കു ലഭിക്കാതിരിക്കുവാൻ തടയുകയും ചെയ്താൽ, ആ പ്രത്യേക അനുഗ്രഹം ലഭിക്കുന്നതിനേക്കാൾ, ദൈവത്തിൽ സംതൃപ്തരായിരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് നമ്മെ സഹായിച്ചേക്കാം. അവനാണ് സ്രഷ്ടാവ്, നാം സൃഷ്ടിക്കപ്പെട്ടവരാണെന്ന് നാം ഓർക്കുക! കലത്തിന് ഒരിക്കലും കുശവനെയോ അവന്റെ വഴികളെയോ ചോദ്യം ചെയ്യുക സാധ്യമല്ല!
ആളുകൾ തന്നെ വിട്ട് യേശുവിനെ പിൻപറ്റുവാൻ പോയപ്പോൾ അസൂയപ്പെടാതിരുന്ന യോഹന്നാൻ സ്നാപകൻ ഒരു ഉത്തമ മാതൃകയാണ്. അദ്ദേഹം ഇപ്രകാരം പറഞ്ഞു, “സ്വർഗ്ഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യനു ഒന്നും ലഭിപ്പാൻ കഴികയില്ല” [യോഹന്നാൻ 3:27]]! അത് ദൈവത്തിന്റെ പദ്ധതിയായി അംഗീകരിച്ചതിനാൽ യോഹന്നാൻ സന്തോഷിച്ചു.
അതിനാൽ, ദൈവം പരമാധികാരിയാണെന്ന് നാം ഓർക്കുമ്പോൾ, മറ്റുള്ളവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ നാം അസൂയപ്പെടുകയില്ല, അവരോടൊപ്പം ആത്മാർത്ഥമായി സന്തോഷിക്കുവാൻ സാധിക്കും.
2. എപ്പോഴും നന്ദിയുള്ളവരായിരിക്കുവാൻ ഓർക്കുക.
1 തെസ്സലൊനീക്യർ 5:18 നമ്മോട് ഇപ്രകാരം പറയുന്നു, “എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.” നമുക്ക് ഉള്ളത് സംബന്ധിച്ച് നാം നന്ദിയുള്ളവരായിരിക്കുമ്പോൾ, നമുക്ക് ഇല്ലാത്തത് സംബന്ധിച്ച് പ്രയാസം തോന്നുകയില്ല. അത്തരം ഒരു മനോഭാവം നമുക്കുള്ളപ്പോൾ നാം ഈ താരതമ്യം നടത്തുകയില്ല. എന്നാൽ, മറ്റുള്ളവർ അനുഗ്രഹിക്കപ്പെടുമ്പോൾ, നമ്മുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടാതിരിക്കുമ്പോൾ പോലും നമുക്ക് ആത്മാർഥമായി സന്തോഷിക്കുവാൻ സാധിക്കും.
സ്തോത്രം കരേറ്റുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് റോബർട്ട് സ്ട്രാൻഡ് എന്ന ഒരു വ്യക്തി ഇപ്രകാരം എഴുതുന്നു:
“ആഫ്രിക്കയിൽ, “ടേസ്റ്റ് ബെറി” എന്നറിയപ്പെടുന്ന ഒരു പഴമുണ്ട്. ആ പഴം കഴിച്ചതിനുശേഷം എല്ലാം മധുരമായി തോന്നത്തക്ക വിധത്തിൽ ഒരു വ്യക്തിയുടെ രുചി മുകുളങ്ങളെ മാറ്റുന്നതിനാൽ, ഈ പേര് വിളിക്കപ്പെടുന്നു.
സ്തോത്രം കരേറ്റുക എന്നത് ക്രിസ്തീയതയുടെ “ടേസ്റ്റ് ബെറി” യാണ്. നമ്മുടെ ഹൃദയങ്ങൾ നന്ദിയാൽ നിറഞ്ഞിരിക്കുമ്പോൾ, നമ്മുടെ വഴിയിൽ വരുന്ന യാതൊന്നും അരുചിയായി തോന്നുകയില്ല. സ്തോത്രം കരേറ്റുക എന്നത് ജീവിതശൈലിയായി സ്വീകരിച്ചിട്ടുള്ളവരുടെ ജീവിതങ്ങൾ സമാനതകളില്ലാത്ത ജീവിതത്തിന്റെ മാധുര്യം ആസ്വദിക്കും.”
നന്ദി പിറുപിറുക്കലിനെയും അസംതൃപ്തിയെയും കൊല്ലുന്നു. നാം ദിനംതോറും നമ്മുടെ അനുഗ്രഹങ്ങളെ എണ്ണുകയും യഥാർഥത്തിൽ നാം അർഹിക്കാത്തതും എന്നാൽ അനുഭവിക്കുന്നതുമായ അനുഗ്രഹങ്ങൾക്കായി ദൈവത്തിന് സ്തോത്രം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നാൽ, നമുക്ക് ഇല്ലാത്തതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുകയില്ല. നമുക്ക് ഉള്ളതിൽ നാം സന്തോഷിക്കും. അത്തരത്തിലുള്ള സന്തോഷകരമായ മനോഭാവം നമ്മെ മറ്റുള്ളവർ അനുഗ്രഹിക്കപ്പെടുമ്പോൾ അസൂയാലുവാകുന്നതിൽ നിന്നും സംരക്ഷിക്കുകയും അവരോടൊപ്പം സന്തോഷിക്കുവാൻ സ്വതന്ത്രരാക്കുകയും ചെയ്യും!
അതിനാൽ, അസൂയയ്ക്കുള്ള 2 പരിഹാരമാർഗ്ഗങ്ങൾ: ദൈവം പരമാധികാരിയാണെന്ന് തുടർമാനമായി ഓർമ്മിക്കുക. എല്ലായ്പ്പോഴും നന്ദിയുള്ളവരായിരിക്കുക. നിരന്തരം ഓർക്കുക.
ഒരു മുന്നറിയിപ്പ്.
സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുവിൻ എന്ന ഈ കല്പനയുമായി ബന്ധപ്പെട്ട് ഒരു കാര്യം സൂചിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വിവേചനബുദ്ധിയോടെ സന്തോഷിക്കുന്നത് സംബന്ധിച്ചുള്ളതാണ് അത്. സന്തോഷിക്കുന്നവരോടൊപ്പം നമുക്ക് അന്ധമായി സന്തോഷിക്കാൻ കഴിയില്ല. ബൈബിൾ വിലക്കുന്ന ഒന്നിനെക്കുറിച്ചല്ല മറിച്ച്, ബൈബിൾ അനുവദിക്കുന്നവ സംബന്ധിച്ചു മാത്രമാണ് നാം സന്തോഷിക്കുന്നത് എന്നത് നാം ഉറപ്പാക്കണം.
1 കൊരിന്ത്യർ 13:6 –ൽ നാം ഇപ്രകാരം വായിക്കുന്നു, “അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹം തിരുവെഴുത്തുകളുടെ സത്യങ്ങൾ തിരിച്ചറിയാതവണ്ണം നമ്മെ അന്ധരാക്കിത്തീർക്കരുത്. ഇതിനർഥം, തിരുവെഴുത്ത് ലംഘിക്കുന്ന ഒരു കാര്യത്തെ ആരെങ്കിലും അനുഗ്രഹം എന്നു വിളിച്ച് അതിൽ സന്തോഷിക്കുമ്പോൾ, നമുക്ക് അതിൽ സന്തോഷിക്കുവാൻ സാധിക്കുകയില്ല എന്നാണ്. നാം എന്തിൽ സന്തോഷിക്കുന്നു എന്നത് നമ്മുടെ ഹൃദയത്തിന്റെ യഥാർഥ അവസ്ഥയെ വെളിവാക്കുന്നു. നാം കർത്താവിനെയും അവന്റെ സത്യത്തെയും സ്നേഹിക്കുന്നുവെങ്കിൽ, അവനെ ദുഃഖിപ്പിക്കുന്ന ഒന്നിനെക്കുറിച്ച് സന്തോഷിക്കുക സമുക്കു സാധ്യമല്ല, നാം അതിൽ സന്തോഷിക്കരുത്. എന്നാൽ തിരുവെഴുത്തുകളുമായി ഒത്തുപോകുന്ന ഒരു കാര്യത്തിൽ സന്തോഷിക്കുവാൻ കാരണങ്ങൾ ഏറെയുണ്ട്.
അവസാനിപ്പിക്കുന്നതിനു മുൻപ്, സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുന്നതിനുള്ള ഏറ്റവും മികച്ച പ്രചോദനംകൂടി ഞാൻ നിങ്ങൾക്ക് നൽകട്ടെ. അത് ഇപ്രകാരമാണ്: ദൈവംതന്നെ മറ്റുള്ളവരോടൊപ്പം സന്തോഷിക്കുന്ന ദൈവമാണ്. സന്തോഷിക്കുന്ന മറ്റുള്ളവരോടൊപ്പം സന്തോഷിക്കാൻ അത് നമ്മെ പ്രേരിപ്പിക്കണം. യേശുവിനെപ്പോലെ ആയിത്തീരുവാൻ നാം ഈ സത്യം ഓർക്കേണ്ടതുണ്ട്: ദൈവം മറ്റുള്ളവരോടൊപ്പം സന്തോഷിക്കുന്ന ദൈവമാണ്! ദൈവത്തെ നമുക്ക് വിശദീകരിക്കുന്നതിനും തുറന്നുകാട്ടുന്നതിനുമായി വന്ന യേശു, ലൂക്കോസ് 15-ലെ നഷ്ടപ്പെട്ട ആടിന്റെയും നഷ്ടപ്പെട്ട നാണയത്തിന്റെയും നഷ്ടപ്പെട്ട മകന്റെയും 3 ഉപമകളിലൂടെ ഈ സത്യം നമ്മോട് പറയുന്നു. ലൂക്കോസ് 15:10 നമ്മോട് പറയുന്നു, “അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” ആരാണ് മാലാഖമാരുടെ സാന്നിധ്യത്തിൽ ആയിരിക്കുന്നത്? ദൈവം! അവൻ മാലാഖമാർക്കും രക്ഷ അനുഭവവേദ്യമാകുന്ന പാപിക്കുമൊപ്പം സന്തോഷിക്കുന്നു. ഇതാണ് ദൈവത്തിന്റെ ഹൃദയം—പാപക്ഷമയുടെ സന്തോഷം അനുഭവിക്കുന്ന പാപിയോടൊപ്പം സന്തോഷിക്കുക!
നീനവേക്കാർ അനുതപിച്ചപ്പോൾ, അവരോടുള്ള വിദ്വേഷം കാരണം, തന്നോടൊപ്പം സന്തോഷിക്കാൻ കഴിയാതെ പോയ യോനായുടെ മനോഭാവത്തെ ദൈവം അംഗീകരിക്കുന്നില്ല [യോനാ 4:1]! സന്തോഷിക്കുന്നവരോടൊപ്പം യാതൊരു അസൂയയും നീരസവും കൂടാതെ സന്തോഷിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അപ്രകാരം ചെയ്യുവാൻ പരാജയപ്പെടുന്നത് പാപമാണ്! അതിനാൽ, നാം യേശുവിനോട് അനുരൂപമായിക്കൊണ്ടിരിക്കുമ്പോൾ ഈ കൽപ്പന പ്രാവർത്തികമാക്കാൻ കർത്താവിനോട് സഹായം അപേക്ഷിക്കാം!
പ്രിയ വായനക്കാരാ, നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടതിന്റെ സന്തോഷം നിങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ലെങ്കിൽ, ഇന്ന് നിങ്ങളുടെ പാപങ്ങളിൽ നിന്ന് പിന്തിരിയുക. കുരിശിൽ പാപങ്ങളുടെ വില കൊടുക്കുകയും വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ക്രിസ്തുവിലേക്ക് തിരിയുക. തന്റെ അടുക്കൽ വരുന്ന എല്ലാവരോടും, അവർ എത്രതന്നെ നശിച്ചവരായാലും, അവരോടു ക്ഷമിക്കുന്നതിൽ അവൻ സന്തോഷിക്കുന്നു. നിങ്ങൾ അപ്രകാരം ചെയ്യുകയാണെങ്കിൽ, നിങ്ങൾ സന്തോഷം അനുഭവിക്കുക മാത്രമല്ല, ദൈവവും സ്വർഗ്ഗീയ സൈന്യവും നിങ്ങളോടൊപ്പം സന്തോഷിക്കും! നിങ്ങളെ അറിയുന്ന മറ്റ് ക്രിസ്ത്യാനികളും നിങ്ങളോടൊപ്പം സന്തോഷിക്കും. അതിനാൽ, യേശുവിന്റെ അടുക്കൽ വരൂ! സ്നാനം പോലെ മറ്റേതെങ്കിലും മേഖലയിലും നിങ്ങൾ അവനെ അനുസരിക്കേണ്ടതുണ്ടെങ്കിൽ, താമസിക്കാതെ അവനെ അനുസരിക്കുക [സങ്കീർത്തനം 119:60]. അത് നിങ്ങളുടെ ഹൃദയത്തിനും ദൈവത്തിന്റെ ഹൃദയത്തിനും സന്തോഷം നൽകും. മറ്റ് വിശ്വാസികളും നിങ്ങളോടൊപ്പം സന്തോഷിക്കും!