രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 13 കരയുന്നവരോടുകൂടെ കരയുക ⎯ ഭാഗം 1

Posted byMalayalam Editor September 17, 2024 Comments:0

(English version: The Transformed Life – Weep With Those Who Weep – Part 1)

റോമർ 12:15 നമ്മോടു കല്പിക്കുന്നു, “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിൻ.” സുഹൃത്ബന്ധത്തിൽ, ദുഃഖം പോലെ നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്ന കാര്യങ്ങൾ വിരളമാണ്.  നിങ്ങളുടെ ഭൂതകാലത്തെക്കുറിച്ച്, പ്രത്യേകിച്ച്, നിങ്ങൾ സന്തോഷത്തിന്റെ ഔന്നത്യം അനുഭവിച്ച ആ നിമിഷങ്ങളെക്കുറിച്ചും ഇരുട്ടിന്റെ അഗാധമായ താഴ്‌വരയിലൂടെ നിങ്ങൾ നടന്നുപോയ ആ നിമിഷങ്ങളെക്കുറിച്ചും ചിന്തിക്കുക. ഇനി, ആ രണ്ട് സമയത്തും കൂടെയുണ്ടായിരുന്നവരെ കുറിച്ച് ചിന്തിക്കുക. ഏതാണ് നിങ്ങൾ കൂടുതൽ ഓർക്കുന്നത്? നിങ്ങൾ എന്നെപ്പോലെയാണെങ്കിൽ, അത് മിക്കവാറും രണ്ടാമത്തെ ആളുകളെക്കുറിച്ചായിരിക്കും. അഗാധമായ  ഇരുട്ടിന്റെ താഴ്‌വരയുടെ അനുഭവങ്ങളിൽ നമ്മോടുകൂടെയുണ്ടായിരുന്നവരെ നാം കൂടുതൽ ഓർക്കുന്നു; രാവും പകലും കണ്ണുനീർ നമ്മുടെ ഭക്ഷണമായിരുന്നപ്പോൾ കൂടെയുണ്ടായിരുന്നവരെ നാം ഓർക്കുന്നു.  താഴെ നൽകിയിരിക്കുന്ന കഥ ഈ വസ്തുതയെ വ്യക്തമാക്കുന്നു.

ഒരു സ്ത്രീ അയൽവാസിയുടെ വേലക്കാരിയെ കണ്ടുമുട്ടി. “നിങ്ങളുടെ ആന്റിയുടെ മരണത്തിൽ ഞാൻ ഖേദിക്കുന്നു,” അവർ പറഞ്ഞു. “നിങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നല്ലോ. അവരുടെ അഭാവം നിനക്ക് വളരെ വിഷമമായിരിക്കുമല്ലേ.” “ഉവ്വ്,” വേലക്കാരി പറഞ്ഞു, “അവർ മരിച്ചതിൽ എനിക്ക് ദുഃഖമുണ്ട്. എന്നാൽ, ഞങ്ങൾ സുഹൃത്തുക്കളായിരുന്നില്ല.” “സുഹൃത്തുക്കായിരുന്നില്ലേ? ഞാൻ അങ്ങനെയായിരുന്നു കരുതിയത്,” “നിങ്ങൾ ഒരുമിച്ചു സംസാരിക്കുന്നതും ചിരിക്കുന്നതും ഞാൻ പലതവണ കണ്ടിട്ടുണ്ട്”എന്ന് സ്ത്രീ പറഞ്ഞു. 

“ഉവ്വ്, അതു ശരിയാണ്. ഞങ്ങൾ ഒരുമിച്ച് സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഞങ്ങൾ വെറും പരിചയക്കാർ മാത്രമായിരുന്നു. നിങ്ങൾക്കറിയാമോ, ഞങ്ങൾ ഒരിക്കലും ഒരുമിച്ച് കരഞ്ഞിട്ടില്ല. ഒരുമിച്ച് കരഞ്ഞുവെങ്കിൽ മാത്രമാണ് ആളുകൾ സുഹൃത്തുക്കളായിത്തീരുന്നത്.” 

അവസാനത്തെ പ്രസ്താവന അൽപം കടന്നുപോയി എന്ന് തോന്നിയേക്കാം. എന്നാൽ, ആശയം സയുക്തികമാണ്. വിച്ഛേദിക്കാൻ പ്രയാസമേറിയതും ആളുകളെ തമ്മിൽ ഉറ്റസുഹൃത്ത് ബന്ധത്തിൽ ഒരുമിപ്പിക്കുന്നതുമായ ബന്ധമാണ് കണ്ണുനീരിന്റെ ബന്ധം! എന്നാൽ, സഹക്രിസ്ത്യാനികൾ എന്ന നിലയിൽ അന്യോന്യം കൂട്ടായ്മയിൽ ആയിരിക്കുവാനാണ് നാം വിളിക്കപ്പെട്ടത് എങ്കിലും, അതായത്, നമ്മുടെ ജീവിതങ്ങൾ പങ്കുവയ്കുക എന്നതിനർഥം നമ്മുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പരസ്പരം പങ്കുചേരുക എന്നാണെങ്കിലും ദുഃഖങ്ങൾ പങ്കുവയ്കുക എന്ന മേഖലയിൽ നാം പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് സങ്കടകരമായ യാഥാർഥ്യം. മറ്റുള്ളവരുടെ കഷ്ടതകളിൽ പങ്കുചേർന്നുകൊണ്ട് നാം അവരുമായി ഉറ്റ ബന്ധത്തിലാകുന്നത് വിരളമാണ്.  

നാം നമ്മോടുതന്നെ സത്യസന്ധത പുലർത്തുകയാണെങ്കിൽ മറ്റൊരാളുടെ, പ്രത്യേകിച്ചും അവർ ഏതെങ്കിലും വിധത്തിൽ നമ്മെ വൃണപ്പെടുത്തിയവരാണെങ്കിൽ,  കഷ്ടതയിൽ നാം രഹസ്യത്തിൽ സന്തോഷിച്ചിരുന്ന സമയം കണ്ടെത്താനാകും. “വരാനിരുന്നത് അവന്/അവൾക്ക് ലഭിച്ചു” എന്ന മനോഭാവം. അത്തരം മനോഭാവത്തെക്കുറിച്ച് ദൈവം എന്തു കരുതുന്നു എന്ന് നിങ്ങൾക്കറിയാമോ? സദൃശ്യവാക്യങ്ങൾ 17:5 അതിനുത്തരം നൽകുന്നു: “ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കില്ല.” 

മറ്റുള്ളവരുടെ കഷ്ടതയിൽ പങ്കുചേരുവാൻ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവാൻ ആഹ്വാനം ചെയ്തതുപോലെതന്നെ, കരയുന്നവരോടു കൂടെ കരയുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. വിലപിക്കുക അല്ലെങ്കിൽ കരയുക എന്നതിനർത്ഥം ഒരു സഹവിശ്വാസി അനുഭവിക്കുന്ന ദുഃഖവും വേദനയും നമ്മുടെ സ്വന്തമെന്നപോലെ അനുഭവിക്കുകയാണ്. നമ്മുടെ അയൽക്കാരെ നമ്മളെപ്പോലെ സ്നേഹിക്കുക എന്നതിൽ അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും നമ്മുടെ സ്വന്തമെന്നപോലെ പങ്കുചേരുന്നത് ഉൾപ്പെടുന്നു! അതാണ് കൂട്ടായ്മ അഥവാ നമ്മുടെ ജീവിതം പരസ്പരം പങ്കിടുക എന്നത്.

ദൈവം കരയുന്ന ദൈവമാണ്.

സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുന്നതുപോലെതന്നെ, ദൈവം കരയുന്നവരോടൊപ്പം കരയുകയും ചെയ്യുന്നു. യെശയ്യാവ് 63:9 -ൽ നാം വായിക്കുന്നു, “അവരുടെ കഷ്ടതയിൽ  ഒക്കെയും അവൻ കഷ്ടപ്പെട്ടു.” ആ സമയത്ത് തന്റെ ജനമായ യിസ്രായേൽ അനുഭിച്ചുകൊണ്ടിരുന്ന വേദനയിൽ ദൈവം വേദനിച്ചിരുന്നു. ലാസറിന്റെ കല്ലറയ്കൽ യേശു കരഞ്ഞു. താൻ വളരെ സ്നേഹിച്ചിരുന്ന മറിയയുടെയും മാർത്തയുടേയും ദുഃഖവുമായി ഏകീഭവിക്കുക മാത്രമല്ല, പാപം ഈ ലോകത്തിലേയ്കു കൊണ്ടുവന്ന ദുഃഖത്തെയോർത്ത് കരയുകയകൂടെയായിരുന്നു അവൻ ചെയ്തത്. 

ലൂക്കോസ് 19:41-ൽ യേശു യെരൂശലേം “നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു” എന്ന് നമ്മോടു പറയുന്നു. താമസിയാതെ തന്നെ കൊല്ലുവാൻ പോകുന്ന നഗരത്തെ ഓർത്ത് അവൻ കരഞ്ഞു! മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചുകൊൾവിൻ!” എന്ന് പറയുന്ന യേഹേസ്കേൽ 18:32 കാണപ്പെടുന്ന ദൈവത്തിന്റെ ഹൃദയവുമായി വളരെയധികം ഒത്തുപോകുന്നതാണ് യേശുവിന്റെ ഈ വികാരം. തന്നെ തിരസ്കരിക്കുകയും നശിച്ചുപോകുകയും ചെയ്യുന്ന ശത്രുക്കളുടെ മരണത്തിൽപോലും ദുഃഖിക്കുന്നവനാണ് ദൈവം. യാതൊരു ദുഃഖവും അറിയാത്ത ഈ ലോകത്തിലെ ദേവന്മാരിൽ നിന്നും വ്യത്യസ്തമായി, നമ്മുടെ ദൈവം കരയുന്ന ദൈവമാണ് എന്ന് പറയുന്നതിൽ തെറ്റില്ല! 

എപ്രകാരമാണ് ദൈവം നമ്മുടെ കണ്ണുനീരിനെ കാണുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ? സങ്കീർത്തനങ്ങൾ 56:8 ഒരു സൂചന നൽകുന്നു: “നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?” തുരുത്തി എന്നത് ഒരു പാത്രം അല്ലെങ്കിൽ കുപ്പി എന്നതിനെ സൂചിപ്പിക്കുന്നു. അക്കാലത്ത് വളരെ വിലപ്പെട്ട സാധനങ്ങൾ മാത്രം വയ്കുന്നതിനാണ് കുപ്പി ഉപയോഗിച്ചിരുന്നത്. അതുകൊണ്ട്, ദാവീദ് ചുരുക്കത്തിൽ ഇപ്രകാരമാണ് പറയുന്നത് തന്റെ കണ്ണുനീർ ദൈവത്തിന് വിലപ്പെട്ടതായതിനാൽ, ദൈവം അവയെ ഒരു കുപ്പിയിൽ ആക്കിയിരിക്കുന്നു എന്നാണ്. അപ്രകാരമാണ് നമ്മുടെ കണ്ണുനീരിനെ ദൈവം കാണുന്നത്!   

നമ്മുടെ ദൈവം കരുതുന്ന ദൈവമാണ്. ഒരു പാപി മാനസാന്തരപ്പെടുമ്പോൾ ദൈവം സന്തോഷിക്കുന്നതുപോലെതന്നെ, താൻ തന്റെ സൃഷ്ടിയോടൊപ്പം കരയുകയും ചെയ്യുന്നു. അവൻ വിധൂരസ്ഥനായ ദൈവമല്ല. പകരം, നമ്മുടെ വേദനകൾ അനുഭവവേദ്യമാകുന്ന ദൈവമാണ്! ഈ ദൈവത്തെ അനുകരിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നതിനാലും [എഫേസ്യർ 5:1] തന്റെ പുത്രനായ കർത്താവായ യേശുക്രിസ്തുവിനോട് അനുരൂപപ്പെട്ടുകൊണ്ടിരിക്കുന്നതിനാലും [റോമർ 12:2; 2 കൊരിന്ത്യർ 3:18] കരയുന്നവരോടുകൂടെ കരയുക എന്നത് നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമായി തീർച്ചയായും തീരണം!  അത് നന്നായി ചെയ്യുവാൻ, റോമർ 12:15 ൽ കാണുന്ന ഈ കല്പന എപ്രകാരമാണ് പ്രായോഗികമാക്കുവാൻ സാധിക്കുന്നത് എന്നത് നിങ്ങൾ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

കരയുന്നവരോടുകൂടെ കരയുന്നത് എപ്രകാരമാണ്. 

നാം പരിഗണിക്കേണ്ട 10 കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു. അവയിൽ 5 എണ്ണം എന്ത് ചെയ്യരുത് എന്ന വിഭാഗത്തിലും ബാക്കി  5 എണ്ണം കരയുന്നവരോടുകൂടെ കരയുമ്പോൾ എന്ത് ചെയ്യണം എന്ന വിഭാഗത്തിലും ഉൾപ്പെടുന്നു.  

എന്ത് ചെയ്യരുത്

1. അതിനെ മറികടക്കുവാൻ അവരോടു പറയരുത്.  എപ്പോഴും കരയുന്നത് നിർത്തുക എന്ന് നാം അവരോടു പറയരുത്. ചിലപ്പോൾ അവരോട് ശക്തരായിരിക്കുവാൻ പറയേണ്ടതുണ്ട്.  കൂടുതൽ പോസിറ്റീവായിരിക്കാനും ദൈവത്തിന്റെ ശക്തിയിലും അവന്റെ വാഗ്ദാനങ്ങളിലും കൂടുതൽ ആശ്രയിക്കാനും നാം അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതിൽ സംശയമില്ല. എന്നാൽ, അവരോടൊപ്പം ഏതാനം തവണ കരഞ്ഞതിനു ശേഷമായിരിക്കണം അത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. 

നമ്മുടെ വാക്കുകളിലെ നിർവ്വികാരതയോടെ വേദനിക്കുന്നവരോട് ഇടപെടരുത്. സദൃശ്യവാക്യങ്ങൾ 25:20 പറയുന്നു, “വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവൻ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും മുറിവിന്മേൽ വിനാഗിരി പകരുന്നതുപോലെയും ആകുന്നു.” ആരെങ്കിലും കഠിനമായ വേദനയിലൂടെ കടന്നുപോകുമ്പോൾ, അവരുടെ മുറിവുകൾക്ക് ആക്കം കൂട്ടുവാൻ നാം ശ്രമിക്കരുത്. അതാണ് ആശയം! 

ചിലപ്പോൾ, കഷ്ടത അനുഭവിക്കുന്നവരോട് അസഹ്യത തോന്നുക എളുപ്പമാണ്. പലപ്പോഴും, ആ അസ്വസ്ഥത വാക്കുകളിലൂടെ പ്രകടമാക്കുന്നു. കഷ്ടതയനുഭവിക്കുന്ന ഒരാൾക്ക് നേരെ കൂടുതൽ മുറിവുകൾ ഏല്പിക്കുന്നത് അയാൾക്ക് എത്ര പ്രയാസകരമാകും എന്ന് സങ്കൽപ്പിക്കുക. ഇയ്യോബിന്റെ സുഹൃത്തുക്കളെ ഓർക്കുന്നുണ്ടോ? അതിനോടകംതന്നെ വലിയ വേദനയിൽ അകപ്പെട്ട ഇയ്യോബിന് അവർ തങ്ങളുടെ വാക്കുകളിലൂടെ എത്രയധികം വേദനയാണ് കൂട്ടിചേർത്തത്?

2. ഇപ്പോൾതന്നെ പൂർണ്ണ വിടുതൽ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യരുത്.  ഇതുപോലുള്ള പ്രസ്താവനകൾ നടത്തരുത്: ദൈവം നിങ്ങളെ പൂർണ്ണമായി സുഖപ്പെടുത്തും; നിങ്ങൾക്ക് മികച്ച ജോലി ലഭിക്കും; നിനക്ക് മറ്റൊരു കുഞ്ഞിനെ കിട്ടും; ജീവിതപങ്കാളിയെ ലഭിക്കും. ദൈവം വാഗ്ദത്തം ചെയ്യാത്തവ നിങ്ങൾ വാഗ്ദാനം ചെയ്യരുത്.  മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുവാൻ  ദൈവത്തിന് സാധിക്കുമോ? സാധിക്കും! എന്നാൽ എല്ലാ സാഹചര്യങ്ങളിലും അപ്രകാരം ചെയ്യുമെന്ന് ദൈവം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടോ? ഇല്ല! നാം സർവജ്ഞരല്ല. നമുക്ക് ദൈവമായി ഭാവിക്കുക സാധ്യമല്ല, അതിന് ധൈര്യപ്പെടരുത്!

കഷ്ടമനുഭവിക്കുന്ന വ്യക്തിയ്ക് ആശ്വാസമാകുവാൻ ശ്രമിക്കുക  എന്നത് ഉത്കൃഷ്ഠമായ ഒരു പ്രചോദനമാണെങ്കിലും, അത് നിറവേറ്റുന്നതിന് ഉപയോഗിക്കുന്ന മാർഗങ്ങളും പ്രാധാന്യമുള്ളവയാണ്. തിരുവെഴുത്ത് ലംഘിക്കുകയും അതുവഴി തെറ്റായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നത് ശരിയായ മാർഗമല്ല. കൂടാതെ, ആ സമ്പൂർണ്ണ സൗഖ്യമോ ആ മെച്ചപ്പെട്ട ജോലിയോ ദൈവം നൽകുന്നില്ലെങ്കിൽ, കഷ്ടതയനുഭവിക്കുന്നവൻ കൂടുതൽ നിരാശിതനാകും. അത് രോഗിക്ക് സഹായകരമല്ല! അത് കഷ്ടത നേരിടുന്നവന് സഹായകരമല്ല! 

അതെ, സമ്പൂർണ്ണമായ വിടുതൽ വരുന്നു—എന്നാൽ അത് ഭാവിയിൽ യേശു മടങ്ങിവന്ന് തന്റെ രാജ്യം സ്ഥാപിക്കുമ്പോഴാണ് സംഭവിക്കുന്നത്. ആ വാഗ്ദാനത്തെക്കുറിച്ച് നമുക്ക് അവർക്ക് ഉറപ്പ് നൽകാം. എന്നാൽ അതുവരെ, അവരുടെ ഇപ്പോഴത്തെ ജീവിതം സംബന്ധിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം, കഷ്ടതകൾ ഉൾപ്പെടുന്നതായിരുന്നാൽപോലും, അത് സ്വീകരിക്കുവാൻ മനസ്സു കാണിക്കുവാൻ നാം അവരെ സഹായിക്കണം. ആ കഷ്ടതയുടെ നടുവിലും ദൈവത്തിന്റെ സാന്നിധ്യം ഉണ്ട് എന്ന് അവരെ ഓർമ്മിപ്പിക്കുന്നതിനും അവനിലേക്ക് നോക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് കഴിയും.

3. അവരുടെ കഷ്ടതയെ മറ്റുള്ളവരുടെ കഷ്ടതയുമായി താരതമ്യം ചെയ്യരുത്. കഷ്ടതയനുഭവിക്കുന്ന ഒരുവന് ആശ്വാസം നൽകുവാൻ അയാളെക്കാൾ കൂടുതൽ കഷ്ടമനുഭവിക്കുന്ന ഒരുവനെക്കുറിച്ച് പരാമർശിക്കുന്നതിനുള്ള പ്രവണത നാം കാണിക്കുന്നു. “നിന്റെ കണങ്കാലിന് വേദനയുണ്ട്. എന്നാൽ, കണങ്കാൽ ഒടിഞ്ഞ ഒരാളെ എനിക്കറിയാം.” ശരിക്കും? അത് കേൾക്കുമ്പോൾ ഒരുവന് എന്തു തോന്നും? എന്റെ കണങ്കാൽ ഒടിഞ്ഞില്ല എന്നതിൽ ഞാൻ സന്തോഷിക്കുകയും  എന്റെ കഷ്ടപ്പാടുകൾ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യണം എന്ന്. ഒരു വ്യക്തി കഷ്ടതയനുഭവിക്കുമ്പോൾ അയാൾക്ക് ആ കഷ്ടത ഒരു ചെറിയ കാര്യമല്ല.  “നിങ്ങൾ ഈ കഷ്ടതയിലൂടെ കടന്നുപോകുന്നതിൽ ഞാൻ ഖേദിക്കുന്നു” എന്ന് പറയുന്നതാണ് നല്ലത്.

4. അവരെ വിധിക്കരുത്. ഒരിക്കൽകൂടി, ഇയ്യോബിന്റെ സുഹൃത്തുക്കൾ മനസ്സിലേയ്കു വരുന്നു. നിന്റെ പാപം നിമിത്തമാണ് നീ കഷ്ടതയനുഭവിക്കുന്നത് എന്ന അർഥം വരുന്ന പ്രസ്താവനകൾ, ചിലപ്പോൾ അവ സത്യമായിരുന്നാൽകൂടി, അത്  പരമമായ സത്യമായി പ്രസ്താവിക്കരുത്. നാം ദൈവമാണ് എന്ന് ഭാവിക്കരുത്. അത് അഹംഭാവമാണ്. അതെ, ചിലപ്പോൾ, അവരുടെ പാപജീവിതം പരിശോധിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നോ രണ്ടോ വാക്ക് പറയുന്നത് ഉചിതമായേക്കാം. എന്നാൽ, അതുപോലും അവരോടൊപ്പം ആത്മാർത്ഥമായി വിലപിക്കുകയും അവരുടെ വിശ്വാസം സമ്പാദിക്കുകയും ചെയ്തതിന് ശേഷം മാത്രമാണ് ചെയ്യേണ്ടത്. സദൃശവാക്യങ്ങൾ 12:18 മുന്നറിയിപ്പു നൽകുന്നു, “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” നമ്മുടെ വാക്കുകൾ നൽകേണ്ടത് സൗഖ്യമാണ്, വേദനയല്ല!

5. അവരെ ഒഴിവാക്കരുത്. വേദനിക്കുന്ന വ്യക്തിയോട് എന്ത് പറയണമെന്ന് ചിലപ്പോൾ നമുക്ക് അറിയില്ല. അതിനാൽ, അവരെ വ്രണപ്പെടുത്തുമെന്ന് ഭയന്ന് നാം അവരെ പൂർണ്ണമായും ഒഴിവാക്കുന്നു. അല്ലെങ്കിൽ, കഷ്ടതയനുഭവിക്കുന്നവരുടെ അടുത്ത് കഴിയാൻ നാം ഇഷ്ടപ്പെടുന്നില്ല. അത് വളരെ നിരാശാജനകമാണ്, അത്തരം വികാരങ്ങളിലൂടെ കടന്നുപോകാൻ നാം ആഗ്രഹിക്കുന്നില്ല. ടിവി കാണുമ്പോൾ പോലും, സങ്കടകരമായ ചില വാർത്തകൾ വന്നാൽ നാം വളരെ വേഗത്തിൽ ചാനൽ മാറ്റുന്നു. നല്ല ശമര്യാക്കാരന്റെ ഉപമയിൽ [ലൂക്കോസ് 10:31-32], മുറിവേറ്റ മനുഷ്യനെ കണ്ടപ്പോൾ മറുവശത്ത് കൂടി നടന്നുപോയ പുരോഹിതനെയും ലേവ്യനെയും പോലെ നാമും അതുതന്നെ ചെയ്യുന്നു.

അതുകൊണ്ട്, കരയുന്നവരോടുകൂടെ കരയുക എന്ന ദൈവത്തിന്റെ കല്പന അനുസരിക്കുമ്പോൾ പരിഗണിക്കേണ്ട 5 കാര്യങ്ങൾ: (1) അതിനെ മറികടക്കുവാൻ അവരോടു പറയരുത് (2) ഇപ്പോൾതന്നെ പൂർണ്ണ വിടുതൽ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യരുത് (3) അവരുടെ കഷ്ടതയെ മറ്റുള്ളവരുടെ കഷ്ടതയുമായി താരതമ്യം ചെയ്യരുത് (4) അവരെ വിധിക്കരുത് (5) അവരെ ഒഴിവാക്കരുത്

കരയുന്നവരോടുകൂടെ കരയുക എന്ന ദൈവകല്പന അനുസരിക്കുമ്പോൾ എന്ത് ചെയ്യണം എന്ന് അടുത്ത പോസ്റ്റിൽ നാം കാണുന്നതാണ്.

Category

Leave a Comment