രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 14 കരയുന്നവരോടുകൂടെ കരയുവിൻ—ഭാഗം 2

Posted byMalayalam Editor October 1, 2024 Comments:0

(English version: The Transformed Life – Weep With Those Who Weep – Part 2)

“കരയുന്നവരോടുകൂടെ കരയുവിൻ” എന്ന റോമർ 12:15b-ലെ ദൈവകൽപ്പന നിറവേറ്റുവാൻ ശ്രമിക്കുമ്പോൾ “എന്ത് ചെയ്യാൻ പാടില്ല” എന്ന  തലക്കെട്ടിനുകീഴിൽ പരിഗണിക്കേണ്ട 5 കാര്യങ്ങൾ കഴിഞ്ഞ പോസ്റ്റിൽ നാം കണ്ടു. ഇവയാണ് ആ 5 കാര്യങ്ങൾ: (1) അതിനെ മറികടക്കുവാൻ അവരോടു പറയരുത് (2) ഇപ്പോൾതന്നെ പൂർണ്ണ വിടുതൽ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യരുത് (3) അവരുടെ കഷ്ടതയെ മറ്റുള്ളവരുടെ കഷ്ടതയുമായി താരതമ്യം ചെയ്യരുത് (4) അവരെ വിധിക്കരുത് (5) അവരെ ഒഴിവാക്കരുത്

ജീവിതത്തിലെ ദുർഘട സമയത്തിൽക്കൂടി പോകുന്നവരെ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ “എന്ത് ചെയ്യണം” തലക്കെട്ടിൽ നാം പരിഗണിക്കേണ്ട 5 കാര്യങ്ങൾ ഇനി നമുക്കു കാണാം.

എന്ത് ചെയ്യണം 

1. പ്രാർത്ഥന എന്ന ആയുധം ഉപയോഗിക്കുക. അവരുടെ വിടുതലിനുവേണ്ടി പ്രഥമമായും പ്രധാനമായും നാം സ്വകാര്യമായി പതിവായി പ്രാർത്ഥിക്കണം. ഈ പരീക്ഷണത്തിലൂടെ അവർ ദൈവസാന്നിധ്യം അനുഭവിക്കേണ്ടതിന് നാം ദൈവത്തോട് അപേക്ഷിക്കണം. കഷ്ടപ്പെടുന്നവർക്ക് ആശ്വാസം പകരാൻ നമ്മെയും മറ്റുള്ളവരെയും ഉചിതമാംവിധം ഉപയോഗിക്കുവാൻ വേണ്ടി നാം ദൈവത്തോട് അപേക്ഷിക്കണം. സൗഖ്യവും പ്രോത്സാഹനവും  നൽകുന്ന അനുയോജ്യമായ വാക്കുകൾ നേരിട്ടോ അല്ലാതെയോ [ഈമെയിൽ, സന്ദേശങ്ങൾ] ഉപയോഗിക്കുവാൻ പരിജ്ഞാനം നൽകുവാൻ നാം ദൈവത്തോട് അപേക്ഷിക്കണം. സദൃശ്യവാക്യങ്ങൾ 16:24 പറയുന്നു, “ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ.” സദൃശ്യവാക്യങ്ങൾ 12:18 ന്റെ അവസാനഭാഗം ഇപ്രകാരം പറയുന്നു, “ജ്ഞാനികളുടെ നാവോ സുഖപ്രദം.” അവരുടെ പ്രക്ഷുബ്ദമായ ആത്മാക്കൾക്ക് ഏറെ അനിവാര്യമായ സൗഖ്യം  പ്രദാനം ചെയ്യുവാൻ നമ്മുടെ വാക്കുകൾക്കു സാധിക്കും.  

കഷ്ടമനുഭവിക്കുന്ന ഒരുവനെ സന്ദർശിക്കുമ്പോഴോ ഫോണിൽ സംസാരിക്കുമ്പോഴോ നാം അയാളോടൊപ്പം പ്രാർഥിക്കണം. ദൈവം ഇടപെടുന്നതിനും തന്റെ ഹിതം നടപ്പാക്കുന്നതിനുംവേണ്ടി നാം യാചിക്കുന്ന ഏതാനം വാക്കുകൾ അടങ്ങുന്ന പ്രാർഥനയ്കുപോലും കഷ്ടത നേരിടുന്ന വ്യക്തിയ്ക് അതിയായ പ്രോത്സാഹനം നൽകുവാൻ സാധിക്കും. 

2. സാധ്യമെങ്കിൽ, അവരുടെ സൗകര്യാർഥം അവരെ സന്ദർശിക്കുക. നാം ആളുകളെ നമ്മുടെ സൗകര്യാർഥമല്ല മറിച്ച്, അവരുടെ സൗകര്യാനുസൃതം സന്ദർശിക്കണം! സന്ദർശനം എന്നത് “എന്റെ സൗകര്യത്തിനനുസരിച്ച് ഞാൻ ചെയ്യട്ടെ” എന്നു പറയുന്നതല്ല. വേദനിക്കുന്നവന്റെ ആവശ്യങ്ങളോട് നാം സംവേദനക്ഷമതയുള്ളവരായിരിക്കണം. സന്ദർശകരെ സ്വീകരിക്കുവാൻ അവർ ഒരുക്കമല്ല എങ്കിൽ, അവരുടെ ആ അഭ്യർത്ഥന നാം മാനിക്കണം.

കഷ്ടത നേരിടുന്നവരെ നാം സന്ദർശിക്കുമ്പോൾ, തിടുക്കം കാട്ടരുത്. ദുഃഖിക്കുന്നവരെ സന്ദർശിക്കുമ്പോൾ, ഏറ്റവും വേദനയുളവാക്കുന്ന കാര്യം അവരുടെ അടുക്കൽ നിന്ന് എത്രയും പെട്ടെന്ന് പോകുന്നതിന് ഓരോ 2 മിനിറ്റിലും ക്ലോക്കിൽ നോക്കുകയാണ്. സന്തോഷിക്കുന്നവരോടൊപ്പം നാം മണിക്കൂറുകൾ ചിലവഴിക്കുന്നു. എന്നാൽ, കരയുന്നവരെ സന്ദർശിക്കുമ്പോൾ നാം തിടുക്കം കാട്ടുന്നു. അതിനർഥം, അവരുടെ അടുക്കൽ വളരെയധികം സമയം ചിലവഴിച്ചിരിക്കണം എന്നല്ല [കഷ്ടത നേരിടുന്നവന്റെ അടുക്കൽ ആവശ്യത്തിലധികം സമയം ചിലവഴിച്ച് നാം അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്]. അയാളുടെ ആവശ്യവും സൗകര്യം അനുസരിച്ചായിരിക്കണം സന്ദർശനത്തിന്റെ ദൈർഘ്യം നിശ്ചയിക്കേണ്ടത്. 

3. ഒരു നല്ല ശ്രോതാവായിരിക്കുക. വിലപിക്കുന്നവരുടെ അടുക്കലായിരിക്കുമ്പോൾ, നാം കുറച്ച് സംസാരിക്കുകയും കൂടുതൽ കേൾക്കുകയും ചെയ്യണം. അവരുടെ വാക്കുകൾ മാത്രമല്ല ഹൃദയവും നാം ശ്രവിക്കണം. കരയുന്ന ഒരുവൻ അയാളുടെ വാക്കുകൾ സൂചിപ്പിക്കുന്നതിനേക്കാൾ അധികം ഉള്ളിൽ തകർന്ന അവസ്ഥയിലായിരിക്കാം. അവരുടെ വികാരങ്ങൾ അറിയുവാൻ നാം ശ്രമിക്കണം. അവർ ശരിയായ വാക്കുകൾ പറയാതിരിക്കുമ്പോഴും നാം ക്ഷമയോടിരിക്കണം.  അവരെ തിടുക്കത്തിൽ തിരുത്തേണ്ട ആവശ്യം നമുക്കില്ല. അവർ ആദ്യം സംസാരിക്കണം. അവർ മൗനമായിരുന്നാൽ, നാമും മൗനമായീരക്കുന്നതിന് കുഴപ്പമില്ല. ചിലപ്പോൾ, വെറും ശാരീരികമായ സാന്നിധ്യംതന്നെ സൗഖ്യം പ്രദാനം ചെയ്യും.  എന്തു പറയണം എന്ന് അറിയാതിരിക്കുമ്പോൾ അഥവാ മൗനമായിരിക്കുന്നതാണ് ഏറ്റവും അഭികാമ്യം എന്നു തോന്നുമ്പോൾ അവരുടെ അടുക്കൽ ഇരുന്ന് കൈകൾ അവരുടെ തോളിൽ വച്ചുകൊണ്ട് നിശബ്ദമായിരിക്കുന്നത് നല്ലതാണ്! വേദനിക്കുന്നവന് സൗഖ്യം പ്രദാനം ചെയ്യുവാൻ  നമ്മുടെ സാന്നിധ്യത്തിനുതന്നെ സാധിക്കും. 

ദയാലുവായ ഒരു കൊച്ചു ബാലനെക്കുറിച്ച് ഒരു കഥയുണ്ട്. അവന്റെ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്നത് ഭാര്യ അടുത്തയിടെ മരിച്ച വയോധികനായ ഒരു വ്യക്തിയായിരുന്നു. വൃദ്ധൻ കരയുന്നതുകണ്ട കൊച്ചുകുട്ടി, അയാളുടെ മടിയിൽ കയറിയിരുന്നു. പിന്നീട്, അവന്റെ അമ്മ അവനോട്, ദുഃഖിതനായ അയൽക്കാരനോട് അവൻ എന്താണ് പറഞ്ഞത് എന്നു ചോദിച്ചു. അവൻ പറഞ്ഞു, “ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ അദ്ദേഹത്തെ കരയുവാൻ സഹായിക്കുകയാണ് ചെയ്തത്.”

അഗാധമായ ദുഃഖം അനുഭവിക്കുന്ന ആളുകൾക്ക് നമുക്ക് ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും നല്ല കാര്യം അതാണ്. പലപ്പോഴും പരിജ്ഞാനത്തോടെയും സഹായകരമാംവിധവും എന്തെങ്കിലും പറയുന്നതിനുള്ള നമ്മുടെ ശ്രമങ്ങളെക്കാൾ അഭികാമ്യമായത് വേർപാടിൽ ദുഃഖിതരായവരുടെ അടുക്കൽ ഇരുന്ന് അവരുടെ കൈകളിൽ പിടിച്ച് അവരോടൊപ്പം കരയുന്നതാണ്. 

4. തിരുവെഴുത്തുകളിലൂടെ അവരെ പ്രോത്സാഹിപ്പിക്കുക. കഷ്ടമനുഭവിക്കുന്നവരുടെ വർത്തമാനകാല വേദനകളെ നിസ്സാരവൽക്കരിക്കാതെതന്നെ,  നിത്യതയുടെ പ്രത്യാശയാൽ അവരെ പ്രോത്സാഹിപ്പിക്കുവാൻ നാം പരിശ്രമിക്കണം. അതുകൊണ്ടാണ്, കരയുന്നവരോടുകൂടെ കരയുമ്പോൾ നമുക്ക് തിരുവെഴുത്തുകളുടെ പങ്കിനെ നിസ്സാരമായി കരുതുവാൻ സാധിക്കാത്തത്. റോമർ 15:4 പറയുന്നു, “എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” വേദനിക്കുന്നവർക്ക് പ്രത്യാശ വരുന്നത് ദൈവവചനത്തിന്റെ ദൈവജനത്താലുള്ള ശരിയായ ഉപയോഗത്തിലൂടെയാണ്.  നാം ദൈവത്തിന്റെ വചനം ഉപയോഗിക്കുമ്പോൾ നമുക്ക് “പ്രത്യാശയുടെ പ്രഘോഷകർ” ആയിത്തീരുവാൻ സാധിക്കും. 

നാം അവരുടെ വേദനയെ, അവർക്കു തികച്ചും യാഥാർഥ്യമായിരിക്കുന്ന വേദനയെ അംഗീകരിക്കണം. അവരെ കരയുവാൻ നാം പ്രോത്സാഹിപ്പിക്കണം. ദൈവത്തിന്റെ ജനം വർഷങ്ങളോളം ദൈവത്തോട് നിലവിളിച്ചത് എപ്രകാരമാണെന്ന് ബൈബിൾ ആവർത്തിച്ച് പറയുന്നു എന്ന് നാം അവരെ ഓർമ്മിപ്പിക്കണം. ഒരു ദിവസം ഈ കണ്ണുനീർ നീങ്ങിപ്പോകും എന്ന പ്രത്യാശയിൽ കരയുവാൻ നാം അവരെ പ്രോത്സാഹിപ്പിക്കണം. വേദനയനുഭവിക്കുന്നവരെ ദൈവത്തിൽ ബലം കണ്ടെത്തുവാൻ സഹായിക്കുന്നത് മനോഹരമായ കാര്യമാണ്. നിരാശനായിരുന്ന ദാവീദിന് യോനാഥാൻ ചെയ്തതുപോലെ. “തന്റെ ജീവനെ തേടി ശൌൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. അനന്തരം ശൌലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി” [1 ശമൂവേൽ 23:15-16]. 

5. പ്രായോഗികമായ സഹായം പ്രദാനം ചെയ്യുക. ആവശ്യമായിടത്ത് നാം പ്രായോഗികമായ സഹായം പ്രദാനം ചെയ്യണം. അത് അവർക്ക് ഭക്ഷണമോ പണമോ നൽകുക, അവരുടെ കുട്ടികളെ നോക്കുക, വീട് വൃത്തിയാക്കിക്കൊടുക്കുക, അല്ലെങ്കിൽ വസ്ത്രങ്ങൾ അലക്കിക്കൊടുക്കുക എന്നിവയാകാം. അവരുടെ ആവശ്യങ്ങളോട് നാം സംവേദനാക്ഷമതയുള്ളവരായിരിക്കണം. പ്രായോഗികമായി, അവരെ എപ്രകാരം സഹായിക്കാം എന്ന് കാട്ടിത്തരുവാൻ നാം ദൈവത്തോട് അപേക്ഷിക്കണം. ആളുകൾ എല്ലായ്പോഴും സഹായം ആവശ്യപ്പെട്ടേയ്കില്ല. എന്നാൽ, സാധിക്കുന്നത്രയും നന്നായി സഹായിക്കുവാൻ നാം എല്ലായ്പോഴും മനസ്സുള്ളവരായിരിക്കണം. 

അതായത് നാം ഇവ ചെയ്യുവാൻ തയ്യാറായിരിക്കണം: (1) പ്രാർത്ഥന എന്ന ആയുധം ഉപയോഗിക്കുക (2) സാധ്യമെങ്കിൽ, അവരുടെ സൗകര്യാർഥം അവരെ സന്ദർശിക്കുക (3) ഒരു നല്ല ശ്രോതാവായിരിക്കുക (4) തിരുവെഴുത്തുകളിലൂടെ അവരെ പ്രോത്സാഹിപ്പിക്കുക (5) പ്രായോഗികമായ സഹായം പ്രദാനം ചെയ്യുക.

ഈ വിഷയം പരിഗണിക്കുമ്പോൾതന്നെ, കരയുന്നവർ നാം തന്നെയാണെങ്കിൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ചുകൂടി പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കരയുന്നവരോട് ഒരു വാക്ക്. ഒരുപക്ഷെ, ഇപ്പോൾ നിങ്ങൾ കരയുകയായിരിക്കാം. അല്ലെങ്കിൽ ഭാവിയിൽ ഒരിക്കൽ കരയേണ്ടിവന്നേയ്കാം. 

കരയുന്നവരോട് ഒരു വാക്ക്.

ചിലപ്പോൾ, നിങ്ങളെ ആശ്വസിപ്പിക്കുവാൻ വരുന്നവർ ശരിയായ വാക്കുകൾ സംസാരിക്കണമെന്നില്ല. അവരുടെ കുറവുകൾ കണ്ടില്ലെന്നു നടിക്കുക. അവരും സഹപാപികളാണ്. ചിലപ്പോൾ, ആരും നിങ്ങളെ ആശ്വസിപ്പിക്കുന്നില്ല എന്ന് നിങ്ങൾക്കു തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽപോലും നീരസമുള്ള ഹൃദയം വളരുവാൻ അനുവദിക്കാതിരിക്കുക. ഓർമ്മിക്കുക, ചില സമയങ്ങളിലെങ്കിലും കരയുന്നവരോടുകൂടെ കരയാതിരുന്നു എന്ന കുറ്റം നിങ്ങളിലുമുണ്ടാകാം. കരയുന്നവരോട്, നിങ്ങളുടെ മാതാപിതാക്കളോ സഹോദരങ്ങളോടോ, തെറ്റായ വാക്കുകൾ ഉപയോഗിച്ചു എന്ന കുറ്റം നിങ്ങളിലുമുണ്ടാകാം. നിങ്ങളുടെ തെറ്റിനെ അവർ അവഗണിച്ചതുപോലെതന്നെ, നിങ്ങളും മറ്റുള്ളവരുടെ തെറ്റിനെ അവഗണിക്കുക. പരസ്പരം കുറവുകൾ പൊറുക്കുവാൻ കൊലോസ്യർ 3:14 നമ്മോടു പറയുന്നു. 

ഇതുകൂടി മനസ്സിൽ സൂക്ഷിക്കുക! ചിലപ്പോൾ, നിങ്ങൾ കഷ്ടതയിലൂടെ പോകുകയാണ് എന്ന് മറ്റുള്ളവർ മനസ്സിലാക്കിയെന്നു വരില്ല. അതിനാൽ, മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണെങ്കിൽ, നിങ്ങൾ കഷ്ടതയനുഭവിക്കുകയാണെന്ന് അവരെ അറിയിക്കുക. ഒരുവൻ തന്റെ കഷ്ടതകളെക്കുറിച്ച് തുടർമാനമായി പരസ്യപ്പെടുത്തണമെന്ന് ഞാൻ അർഥമാക്കുന്നില്ല. നിങ്ങളുടെ പ്രശ്നങ്ങൾ മറ്റാരും അറിയാതെ നിങ്ങൾ രഹസ്യത്തിൽ സൂക്ഷിച്ചാൽ, കഷ്ടതയുടെ സമയങ്ങളിൽ ഏകനായിരിക്കുന്നതിന്റെ പ്രധാന കാരണം നിങ്ങൾതന്നെയാണ് എന്നത് ഓർമ്മിക്കുക.  

ഒരു വ്യക്തി  പരീക്ഷകൾ നേരിട്ടപ്പോൾ, അയാളുടെ പാസ്റ്റർ എന്ന നിലയിൽ ഞാൻ അയാളെ സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്തില്ല എന്നതിൽ അസ്വസ്തനായ ഒരു സംഭവം ഞാൻ ഓർമ്മിക്കുന്നു. അംഗങ്ങൾ പരീക്ഷകളിലൂടെ കടന്നുപോകുമ്പോൾ സന്ദർശിക്കുകയും പ്രാർഥിക്കുകയും ചെയ്യേണ്ടത് മൂപ്പന്മാരുടെ ഉത്തരവാദിത്ത്വമാണെന്ന് കാണിക്കുവാൻ ആ വ്യക്തി യാക്കോബ് 5:14 ഉദ്ധരിച്ചു. യാക്കോബ് 5:14 ഇപ്രകാരം പറയുന്നു, “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നുവേണ്ടി പ്രാർത്ഥിക്കട്ടെ.” ആ വ്യക്തി പ്രയാസങ്ങൾ നേരിടുകയാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്നതായിരുന്നു പ്രശ്നം! അതുകൊണ്ട്, ഞാൻ ഇപ്രകാരം പറഞ്ഞു, “അതു ശരിയാണ്. എന്നാൽ അതേ വാക്യംതന്നെ പറയുന്നത് നിങ്ങളിൽ പരീക്ഷകളിലൂടെ കടന്നു പോകുന്നവൻ മൂപ്പന്മാരെ വിളിക്കണം എന്നാണ്. പാസ്റ്റർ മനസ്സ് വായിക്കുന്നവനല്ല. അദ്ദേഹം സർവ്വജ്ഞാനിയല്ല. അതിനാൽ, രണ്ടുവശത്തും ഉത്തരവാദിത്തമുണ്ട്.”

അതുകൊണ്ട്, നിങ്ങൾ കഷ്ടതയനുഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ പാസ്റ്ററും ആവശ്യം പോലെ മറ്റുള്ളവരും നിങ്ങളുടെ അരികിൽ എത്തേണ്ടണ്ടിന് അവർ ആ വിവരം അറിയട്ടെ. ഒരു ദ്വീപായി ഏകാന്ത ജീവിതം നയിക്കേണ്ടതല്ല ക്രിസ്തീയ ജീവിതം. നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്കുന്ന ഒരു സമൂഹത്തിന്റെ  പശ്ചാത്തലത്തിലാണ് ക്രിസ്തീയ ജീവിതം ജീവിക്കേണ്ടത്. നിങ്ങൾ തനിയെ കഷ്ടതയനുഭവിക്കേണ്ടതില്ല! നിങ്ങൾ മറ്റുള്ളവരെ അസഹ്യപ്പെടുത്തുകയല്ല! സഹായം അഭ്യർഥിക്കുന്നത് ബലഹീനതയുടെ അടയാളമല്ല. നമ്മുടെ ഭാരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്കുക എന്ന ബൈബിളിന്റെ നിർദ്ദേശത്തെ പാലിക്കുന്ന പക്വതയുടെ അടയാളമാണത്. 

മികച്ച ആശ്വാസകരായിരിക്കുക.

സഭാപ്രസംഗി 7:2,4 ഇപ്രകാരം പറയുന്നു: “വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും. ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.” വിലാപഭവനത്തിൽ പോകുന്നത് നമുക്ക് ജീവിതത്തിന്റെയും നിത്യതയുടെയും ശരിയായ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു. മരണത്തെക്കുറിച്ച് ശരിയായി ഗ്രഹിക്കുമ്പോൾ മാത്രമാണ് ജീവിതത്തെക്കുറിച്ച് ശരിയായി ഗ്രഹിക്കുവാൻ നമുക്കു സാധ്യമാകുന്നത്. കരയുന്നവരോടു കൂടെ കരയുമ്പോൾ മാത്രമാണ് അത് സംഭവ്യമാകുന്നത്!

ഈ വാക്കുകൾ വ്യക്തതയുള്ളതാണ് എങ്കിലും നാം നമ്മോടുതന്നെ സത്യന്ധത പുലർത്തിയാൽ, നമ്മുടെ കാര്യപരിപാടികൾ കാണിക്കുന്നത് നാം അപ്രകാരം ചെയ്യുന്നില്ല എന്നതാണ്. വിലപിക്കുന്നവരുടെ അടുക്കൽ ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം വിരുന്നുകഴിക്കുന്നവരോടൊപ്പം നാം ചിലവഴിക്കുന്നു! സാധാരണയായി, ഏകാന്തതയനുഭവിക്കുകയും കരയുകയും ചെയ്യുന്നവരോടൊപ്പം സമയം ചിലവഴിക്കുവാൻ സമ്മതം മൂളുന്നതിനേക്കാൾ വിരുന്നുപാർട്ടികളുടെ ഭാഗമാകുവാനാണ് നാം സമ്മതം നൽകുന്നത്! ഉവ്വ്, സന്തോഷിക്കുന്നവരോടു കൂടെ നാം സന്തോഷിക്കേണ്ടവരാണ്. എന്നാൽ, അതുപോലെതന്നെ കരയുന്നവരോടു കൂടെ കരയുവാനും നാം കല്പിക്കപ്പെട്ടിരിക്കുന്നു. കഷ്ടപ്പെടുന്നവരെ കരുതുവാൻ കൂട്ടാക്കാത്ത ഈ ലോകത്തിൽ, നാം അവരെ കൂടുതൽ കരുതേണ്ടതുണ്ട്. 

അവിശ്വസനീയമാംവിധം തകർച്ച നേരിട്ട ലോകത്തിലാണ് നാം ജീവിക്കുന്നത്. വളരെയധികം വേദനയും ദുഃഖവും നിറഞ്ഞ ലോകം. എന്നാൽ, സകലവും പുതുതാക്കും എന്ന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു. കണ്ണുനീർ എല്ലാം തുടച്ചുമാറ്റും എന്ന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു. ഒരിക്കൽ, പാപത്തിന്റെ സാന്നിധ്യവും പിന്തുടരുന്ന ദുഃഖവും മരണവും എന്നെന്നേയ്കുമായി ദൈവം നിർത്തലാക്കുമ്പോൾ അതു സംഭവിക്കും. അതുവരേയ്കും കരയുന്നവരുടെ കണ്ണീർ ഒപ്പുവാൻ അവൻ നമ്മെ വിളിച്ചിരിക്കുന്നു. ആശ്വസിപ്പിക്കുന്നവന്റെ സഹായിക്കുന്നതിനുള്ള കഴിവ് വാക്കുകൾ ഉപയോഗിക്കുന്നതിനുള്ള പാടവത്തിലല്ല, മറിച്ച്, സഹാനുഭൂതി കാണിക്കുന്നതിനുള്ള കഴിവിലാണ് എന്ന് പറയപ്പെടുന്നു. 

Fearfully and Wonderfully Made എന്ന തന്റെ പുസ്തകത്തിൽ ഡോക്ടർ പോൾ ബ്രാൻഡ് ഇത് മനോഹരമായി ഈ സത്യം ആവിഷ്കരിച്ചിരിക്കുന്നു. അദ്ദേഹം ഇപ്രകാരം എഴുതുന്നു: 

“രോഗികളോടും അവരുടെ കുടുംബങ്ങളോടും, നിങ്ങളുടെ കഷ്ടപ്പാടുകളിൽ ആരാണ് നിങ്ങളെ സഹായിച്ചത് എന്ന് ഞാൻ ചോദിക്കുമ്പോൾ വിചിത്രമായതും  അവ്യക്തമായതുമായ ഉത്തരങ്ങൾ എനിക്കു ലഭിക്കുന്നു. അവർ വിവരിച്ച വ്യക്തികൾക്ക് ശരിയായ ഉത്തരങ്ങളും ആകർഷകമായതും  ചുറുചുറുക്കുള്ളതുമായ വ്യക്തിത്വവും അപൂർവ്വമായി മാത്രമാണ് കാണപ്പെട്ടത്. പലപ്പോഴും, അത് ശാന്തശീലനും മനസ്സിലാക്കുന്നവനും സംസാരിക്കുന്നതിനേക്കാൾ കൂടുതൽ കേൾക്കുന്നവനും വിധിക്കാത്തവനും അല്ലെങ്കിൽ അധികമൊന്നും ഉപദേശങ്ങൾ നൽകാത്തവനുമായ വ്യക്തിയായിരുന്നു. ക്ഷമയുള്ള മനോഭാവം, എനിക്ക് ആവശ്യുമുള്ളപ്പോൾ അടുക്കലുള്ള ഒരുവൻ, പിടിക്കുവാൻ ഒരു കരം, മനസ്സിലാക്കുന്ന, അമ്പരപ്പിക്കുന്ന ഒരു ആലിംഗനം, ഗദ്ഗദകണ്ഠനായ എന്റെ വികാരം എന്നോടൊപ്പം അനുഭവിക്കുന്ന ഒരുവൻ.”

ചിലപ്പോഴൊക്കെ, പറയേണ്ടുന്ന ശരിയായ വാക്കുകൾ കണ്ടെത്തുവാൻ കഠിനമായി പരിശ്രമിച്ചുകൊണ്ട്, നമ്മുടെ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്ന വികാരങ്ങളുടെ ഭാഷ നാം മറക്കുന്നു. 

കരയുന്നവരായി നാം അറിയുന്ന ആളുകളുടെ അടുക്കലേയ്കും നമുക്കു പോകാം, അവരോടൊപ്പം സ്നേഹത്തിന്റെ കണ്ണൂനീർ വാർക്കാം, അവർക്ക് ഒരു അനുഗ്രഹമായിത്തീരുവാൻ പരിശ്രമിക്കാം. ഇത് ഒരു കല്പനയും നമ്മുടെ വിളിയുമാണ്. ഇത്  വിശ്വസ്തതയോടെ നമുക്ക് ചെയ്യാം. 

തങ്ങൾക്കുവേണ്ടി കരയാത്തവർക്കു വേണ്ടിയും കരയുവാൻ നാം തീർച്ചയായും പഠിക്കണം.  ഞാൻ എന്താണ് അർഥമാക്കിയത്? നമ്മുടെ സുഹൃത്തുക്കളിലും പ്രിയപ്പെട്ടവരിലും അനേകർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് കരയുന്നതിനു പകരം ക്രിസ്തുവിനെ പൂർണ്ണമായും അവഗണിക്കുന്നു.  അത്തരത്തിലുള്ള ആളുകൾക്കുവേണ്ടി അവരുടെ രക്ഷയ്കായി ദൈവത്തോടു നിലവിളിക്കുമ്പോൾ കണ്ണുനീർ തൂകുവാൻ നാം പഠിക്കണം. 

വീണ്ടും, തന്നെ ക്രൂശിക്കുവാൻ പോകുന്നവർക്കുവേണ്ടി കരഞ്ഞ യേശുവിന്റെ മാതൃക നമുക്കുണ്ട് [ലൂക്കോസ്  19:41]. തന്നെ പീഡിപ്പിക്കുന്ന യഹൂദന്മാർക്കുവേണ്ടി പൗലോസ് കരഞ്ഞു [റോമർ 9:1-3]. ഫിലിപ്പിയർ 3:18-ൽ യേശുവിനെ തിരസ്കരിക്കുന്നവരെക്കുറിച്ച് എഴുതുമ്പോൾ പൗലോസ് ഇപ്രകാരം എഴുതുന്നു: “ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.”

നഷ്ടപ്പെട്ടുപോയവർക്കുവേണ്ടി നമുക്കും കരയാം!

Category

Leave a Comment