രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 15 പരസ്പരം ഐക്യത്തിൽ ജീവിക്കുക

Posted byMalayalam Editor October 15, 2024 Comments:0

(English version: The Transformed Life – Live in Harmony With One Another)

റോമർ 12:16 ഇപ്രകാരം കല്പിക്കുന്നു, “തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു.”

പരസ്പരം ഐക്യത്തിൽ ജീവിക്കുകയും അത് സംഭവ്യമാകുന്നതിന് തടസ്സമാകുന്ന ഒന്നിനെ നീക്കിക്കളയുന്നു എന്നത് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇവിടെ വിഷയം. എന്താണ് തടസ്സമാകുന്ന ആ ഒരു കാര്യം? അഹംഭാവം അഥവാ നിഗളം! ഐക്യത്തിന്റെ മനോഭാവം പ്രകടമാക്കണമെങ്കിൽ, അഹംഭാവം നമ്മുടെ മനസ്സുകളിൽ ആധിപത്യം പ്രാപിക്കുവാൻ നമുക്ക് അനുവദിക്കുക സാധ്യമല്ല. പകരം, ചിന്തയിൽ ഉള്ള താഴ്മയാണ് ഐക്യത്തിൽ ജീവിക്കുന്നതിനുള്ള ഉപാധി.  

ഈ വാക്യത്തെ 4 ഭാഗങ്ങളായി, ഓരോന്നും ഓരോ കല്പനയായി നമുക്ക് വേർതിരിക്കാം. 

കല്പന# 1. 

“തമ്മിൽ ഐകമത്യമുള്ളവരായി” ജീവിക്കുക. ചില പരിഭാഷകൾ പറയുന്നത്, “പരസ്പരം ഒരേ മനസ്സോടെ ജീവിക്കുക.” ചിന്തയിലുള്ള ഐക്യമാണ് ആശയം. നമുക്ക് എല്ലാവർക്കും എല്ലാറ്റിനെയും സംബന്ധിച്ച് ഒരേ അഭിപ്രായം ഉണ്ടായിരിക്കണമെന്ന് ഇത് അർഥമാക്കുന്നില്ല. നാം റോബോട്ടുകളല്ല. ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ നാം കൂടുതൽ ക്രിസ്തുവിനെപ്പോലെ ആയിത്തീരുമ്പോൾ, പിതാവിനെ മഹത്വപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തിലേയ്ക് ഒരുമിച്ച് യത്നിക്കുക എന്നതാണ് ആശയം. ഈ കല്പന അത്രമാത്രം പ്രാധാന്യമുള്ളതാകയാൽ പുതിയ നിയമത്തിൽ ഇത് ആവർത്തിച്ചിരിക്കുന്നു [ഫിലിപ്യർ 1:27; ഫിലിപ്യർ 2:1-2; 1 പത്രോസ് 3:8].

അപ്പോസ്തലപ്രവർത്തികൾ 4:32 ൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം, അത്തരത്തിലുള്ള മനോഭാവം ആദിമസഭയുടെ അടയാളമായിരുന്നു,  “വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല; സകലവും അവർക്കു പൊതുവായിരുന്നു.” വിശ്വാസികൾ ഐക്യത്തിൽ ജീവിക്കുന്നതിനു വേണ്ടിയുള്ള തന്റെ ആഗ്രഹത്തെ സങ്കീർത്തനക്കാരൻ പഴയ നിയമത്തിൽപോലും പ്രകടമാക്കിയിരിക്കുന്നു. സങ്കീർത്തനങ്ങൾ 133:1, “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!”

താഴെ നൽകപ്പെട്ടിരിക്കുന്ന ചിത്രീകരണം വിചിന്തനം നടത്തുക: 

കാലിഫോർണിയയിലെ ഒരു പ്രത്യേകതരം വൃക്ഷം ഭൂമിയിൽ നിന്ന് 300 അടി ഉയരത്തിൽ വളരുന്നു. വിചിത്രമെന്നു പറയട്ടെ, ഈ ഭീമാകാരമായ മരങ്ങൾക്ക് അസാധാരണമാംവിധം ആഴം കുറഞ്ഞ വേരുകളുടെ സംവിധാനമാണുള്ളത്, ഉപരിതലത്തിലെ ഈർപ്പത്തിന്റെ പരമാവധി അളവ് പിടിച്ചെടുക്കാൻ അവ എല്ലാ ദിശകളിലേക്കും എത്തുന്നു. ഇവയുടെ വേരുകൾ പരസ്പരം ഇഴചേർന്ന് കൊടുങ്കാറ്റുകളെ പ്രതിരോധിക്കുവാൻ പിന്തുണ നൽകുന്നു. അതുകൊണ്ടാണ് അവ സാധാരണയായി കൂട്ടമായി വളരുന്നത്. ഈ മരം ഒറ്റതിരിഞ്ഞു നിൽക്കുന്നത് അപൂർവ്വമായി മാത്രമാണ് നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നത്. കാരണം, ശക്തമായ കാറ്റ് അതിനെ വേഗത്തിൽ പിഴുതുമാറ്റും!

നമ്മുടെ സഭകളിലും ഭവനങ്ങളിലും ദൈവം ആഗ്രഹിക്കുന്ന ചിത്രം ഇതാണ്. വിശ്വാസികൾ പരസ്പരം ഐക്യത്തിൽ ജീവിക്കേണ്ടവരാണ്. എന്നാൽ, അനുഭവങ്ങൾ വ്യക്തമാക്കുന്നതുപോലെ, പലപ്പോഴും യാഥാർഥ്യം വിപരീതമാണ്. ഐക്യത്തിനു പകരം വിഭജനവും സമാധാനത്തിനു പകരം കോലാഹലവുമാണുള്ളത്. അതിന്റെ പ്രധാന കാരണം അഹംഭാവമാണ്. അതിനാലാണ് മറ്റൊരു കല്പനകൂടി നൽകുവാൻ പൗലോസ് ഒരുമ്പെടുന്നത്. 

കല്പന# 2. 

“വലിപ്പം ഭാവിക്കരുത്.” “നിങ്ങളുടെ ചിന്തകളിൽ അഹംഭാവമരുത്. ഐക്യം ഉണ്ടാകണമെങ്കിൽ അഹംഭാവചിന്തകൾ നീക്കിക്കളയേണ്ടത് അനിവാര്യമാണ്” എന്നാണ് പൗലോസ് പറയുന്നതിന്റെ സാരാംശം. അദ്ദേഹം പറഞ്ഞത് ശരിയാണ്. ചിന്തയുടെ ഫലമാണ് പെരുമാറ്റം; അഹംഭാവചിന്തകൾ അഹംഭാവമുള്ള പെരുമാറ്റത്തിലേയ്കു നയിക്കുന്നു! 

അഹംഭാവം എപ്പോഴും അതിന്റെ വഴി ആഗ്രഹിക്കുന്നു. അങ്ങനെയുള്ള ഒരു ചിന്താഗതി ഉള്ളപ്പോൾ, എപ്പോഴും വഴക്കുകൾ ഉണ്ടാകും [യാക്കോസ് 4:1-3]. “എന്റെ വഴി അല്ലെങ്കിൽ പെരുവഴി” എന്ന ശാഠ്യമനോഭാവം ഉള്ള സഭയിലോ വീട്ടിലോ ഐക്യം ഉണ്ടാകുകയില്ല. “എനിക്ക് പ്രധാനിയാകണം” [3 യോഹന്നാൻ 1:9] എന്ന ആഗ്രഹം പുലർത്തുന്നുന്ന ദിയോത്രെഫേസ് ഉള്ളിടത്ത് അഭിപ്രായവ്യത്യാസമുണ്ടാകും. അതിനാലാണ് “അഹംഭാവമരുത്” എന്ന കൽപ്പന നൽകപ്പെട്ടിരിക്കുന്നത്.

കല്പന# 3. 

ചില ആളുകളുടെ നിലയും പ്രാധാന്യവും അടിസ്ഥാനമാക്കി, അവരുമായി മാത്രം സഹവസിക്കുന്ന വിധത്തിൽ ആളുകളുടെ അഹംഭാവം പ്രകടമാകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അഹംഭാവമുള്ള ആളുകൾ എല്ലാവരുമായും സഹവസിക്കില്ല, മറിച്ച് അവരുടെ താൽപ്പര്യങ്ങൾക്ക് സഹായകരമാകുന്ന ആളുകളുമായി മാത്രമാണ് അവർ ബന്ധപ്പെടുന്നത്. അതുകൊണ്ടാണ്, “എളിയവരോടു ചേർന്നുകൊൾവിൻ” എന്ന് പൗലോസ് പറയുന്നത്.

പുറന്തള്ളപ്പെട്ടവരോടൊപ്പം യേശു സമയം ചെലവഴിച്ചു, ഉന്നതന്മാരുടെ ഇടയിൽ ആയിരിക്കാൻ ശ്രമിച്ചില്ല. നാമും അങ്ങനെതന്നെ ആയിരിക്കണം. പദവിയിലോ അധികാരത്തിലോ ഉയരാൻ നമ്മെ സഹായിക്കുന്നത് ആരാണെന്ന് നോക്കി അവരുമായി മാത്രം സഹവസിക്കുവാൻ നമുക്കു സാധിക്കുകയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ ആഗ്രഹിക്കുന്ന ഇടത്തേയ്ക് നമ്മെ എത്തിക്കുന്നതിന് ആളുകളെ ഉപയോഗിക്കുവാൻ നമുക്കു സാധിക്കുകയില്ല. പകരം, പുറന്തള്ളപ്പെട്ടവരോടുകൂടെ സമയം ചെലവഴിക്കാനുള്ള സന്നദ്ധതയോടെ, എല്ലാവരോടും സ്നേഹത്തിൽ തുല്യമായി പെരുമാറണം [ലൂക്കോസ് 14:13].

ആദ്യകാല ക്രിസ്‌തീയ സഭയിലെ ഒരു രംഗം ഒരു പ്രസംഗകൻ ഒരിക്കൽ വിവരിച്ചു. ഒരു പ്രശസ്തനായ മനുഷ്യൻ വിശ്വാസിയായിത്തീർന്നു. സഭായോഗം നടക്കുന്ന മുറിയിൽ അദ്ദേഹം എത്തിച്ചേർന്നു. ഒരു ഇരിപ്പിടം ചൂണ്ടിക്കാണിച്ചുകൊണ്ട് ക്രിസ്തീയ നേതാവ് അദ്ദേഹത്തോടു പറഞ്ഞു: “ദയവായി നിങ്ങൾ അവിടെ ഇരിക്കുമോ?” “എന്നാൽ,” ആ മനുഷ്യൻ പറഞ്ഞു, “ഒരിക്കലുമില്ല, ഞാൻ എന്റെ അടിമയുടെ അരികിൽ ഇരിക്കുകയില്ല.” “ദയവായി നിങ്ങൾ അവിടെ ഇരിക്കുമോ?” നേതാവ് ആവർത്തിച്ചു. “എന്നാൽ,” ആ മനുഷ്യൻ പറഞ്ഞു, “തീർച്ചയായും, എന്റെ അടിമയുടെ അരികിൽ ഇരിക്കുകയില്ല.” “ദയവായി നിങ്ങൾ അവിടെ ഇരിക്കുമോ?” നേതാവ് ഒരിക്കൽ കൂടി ആവർത്തിച്ചു. ഒടുവിൽ, ആ മനുഷ്യൻ മുറിയിലൂടെ നടന്നുചെന്ന് തന്റെ അടിമയുടെ അരികിൽ ഇരുന്ന് അവന് സമാധാനചുംബനം നൽകി.

ഇതാണ് റോമാ സാമ്രാജ്യത്തിൽ ക്രിസ്തീയത ചെയ്തത്. യജമാനനും അടിമയും അടുത്തടുത്തായി ഇരുന്നിരുന്ന ഒരേയൊരു സ്ഥലം ക്രിസ്തീയ സഭയായിരുന്നു. ഭൂമിയിലെ എല്ലാ വേർതിരിവുകളും ഇല്ലാതായ സ്ഥലമാണ് സഭ. കാരണം, ദൈവത്തിന് വ്യക്തികളോട് ബഹുമാനത്തിന്റെ കാര്യത്തിൽ വേർതിരിവില്ല.

അതിനാൽ, താഴ്ന്ന പദവിയിലുള്ളവരുമായി സഹവസിക്കാൻ നമുക്ക് മനസ്സുള്ളവരായിരിക്കാം.

കല്പന# 4. 

ഈ വാക്യത്തിൽ പൗലോസ് ഒരു കല്പന  കൂടി നൽകുന്നു: “നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു.”

നിങ്ങളെക്കുറിച്ച് ഊതിവീർപ്പിച്ച അഭിപ്രായം ഉണ്ടായിരിക്കരുത്. നിങ്ങളുടെ സ്വന്തം ദൃഷ്ടിയിൽ ജ്ഞാനിയായിരിക്കരുത്. അതാണ് പൗലോസ് പറയുന്നത്. ന്യൂ ലിവിംഗ് ട്രാൻസലേഷൻ ഇത് ഇപ്രകാരം വിവർത്തനം ചെയ്യുന്നു: “നിങ്ങൾക്ക് എല്ലാം അറിയാമെന്ന് കരുതരുത്.” അഹംഭാവികളായ ആളുകൾ അങ്ങനെതന്നെയാണ്. അവർക്ക് തങ്ങളെക്കുറിച്ച് ഉയർന്ന കാഴ്ചപ്പാടുണ്ട്, അത് കഴമ്പില്ലാത്ത, പൊള്ളയായ പൊങ്ങച്ചത്തിലേക്ക് നയിക്കുന്നു.

അതുകൊണ്ടാണ്, സ്വന്ത കണ്ണിൽ ജ്ഞാനിയായോ അഹംഭാവിയായോ തോന്നുന്നത് സംബന്ധിച്ച് ബൈബിൾ ആവർത്തിച്ച് മുന്നറിയിപ്പു നൽകുന്നത്. സദൃശ്യവാക്യങ്ങൾ 3:7 ഇപ്രകാരം പറയുന്നു: “നിനക്കു തന്നേ നീ ജ്ഞാനിയായി തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.” സദൃശ്യവാക്യങ്ങൾ 26:12 പറയുന്നു, “തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.”

സ്വന്തദൃഷ്ടിയിൽ ജ്ഞാനികളായ അഹങ്കാരികളോട് സംസാരിക്കാൻ പോലും പ്രയാസമാണ്. നിങ്ങൾ അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണെങ്കിൽ, അവരുടെ കോപം നേരിടാനും നിങ്ങൾ തയ്യാറായിരിക്കണം. അവർ അഹംഭാവികളാണ് എന്ന് അവരോട് പറയുക, “എന്നെ അഹംഭാവി എന്നു വിളിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?” എന്ന് അവർ ശക്തമായി തിരിച്ചടിക്കും. മറുവശത്ത്, താഴ്മയെ പിന്തുടരുന്നവർ, മറ്റുള്ളവർ തങ്ങളുടെ പാപത്തെ വിളിച്ചറിയിക്കുമ്പോൾ വിചിന്തനം നടത്തുന്നു. അവർ ശാന്തമായിരുന്ന് ചോദിക്കും, “അവർ പറയുന്നത് ശരിയാണോ?” “ഞാൻ അഹംഭാവിയോ അക്ഷമ പ്രകടിപ്പിക്കുന്നവനോ ആണെന്നു പറയുവാൻ പ്രേരിപ്പിക്കുന്ന എന്ത് പ്രത്യേക കാര്യങ്ങളാണ് എന്നിൽ നിങ്ങൾ കാണുന്നത്?” എന്നിങ്ങനെ ചോദിക്കാനും അവർ മടിക്കില്ല.

“ദി ആർട്ട് ഓഫ് ബീംങ് എ ബിഗ് ഷോട്ട്” എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതിയത് പ്രമുഖ ക്രിസ്ത്യൻ വ്യവസായി ഹോവാർഡ് ബട്ട് ആണ്. ഉൾക്കാഴ്ച നൽകുന്ന പല കാര്യങ്ങളോടൊപ്പം ഈ വാക്കുകളും അദ്ദേഹം പറഞ്ഞതിൽ ഉൾപ്പെടുന്നു:

“എന്റെ അഹംഭാവമാണ് ദൈവത്തെക്കൂടാതെ സ്വതന്ത്രനായി നിൽക്കുവാൻ എന്നെ ഇടയാക്കുന്നത്. എന്റെ വിധിയുടെ യജമാനൻ ഞാനാണ് എന്നും എന്റെ സ്വന്തം ജീവിതം ഞാൻതന്നെ നയിക്കുന്നു എന്നും എന്റെ സ്വന്തം ഇഷ്ടങ്ങൾ നടപ്പാക്കുന്നു എന്നും ഞാൻ ഒറ്റയ്ക്ക് പോകുന്നു എന്നുമുള്ള തോന്നൽ എന്നെ ആകർഷിക്കുന്നു. എന്നാൽ ആ തോന്നൽ എന്റെ അടിസ്ഥാനപരമായ സത്യസന്ധതയില്ലായ്മയാണ്. എനിക്ക് ഒറ്റയ്ക്ക് പോകാൻ കഴിയില്ല. എനിക്ക് മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കേണ്ടതുണ്ട്, ആത്യന്തികമായി എനിക്ക് എന്നെത്തന്നെ ആശ്രയിക്കാൻ കഴിയില്ല. എന്റെ അടുത്ത ശ്വാസത്തിനായി ഞാൻ ദൈവത്തെ ആശ്രയിക്കുന്നു. ഞാൻ ബലഹീനനും പരിമിതിയുള്ളവനുമായ ഒരു മനുഷ്യനല്ല മറ്റെന്തോ ആണെന്ന് നടിക്കുന്നത് എന്നോടുതന്നെയുള്ള സത്യസന്ധതയില്ലായ്മയാണ്. അതുകൊണ്ട്, ദൈവത്തെ ആശ്രയിക്കാതെ സ്വതന്ത്രമായി ജീവിക്കുക എന്നത് എന്റെ വ്യാമോഹം മാത്രമാണ്.”

ഞാൻ എന്നെത്തന്നെ വിഗ്രഹമായി ആരാധിക്കുന്നതാണ് എന്റെ അഹംഭാവം. നരകത്തിന്റെ ദേശീയ മതമാണത്! 

അതുകൊണ്ടാണ്, യിരെമ്യാവ് തന്റെ സഹായിയായ ബാരൂക്കിന് ഈ ശക്തമായ വാക്കുകൾ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകിയത്: “എന്നാൽ നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു” [യിരേമ്യാവു 45:5]. ഫിലിപ്പിയർ 2:3 ഇപ്രകാരം പറയുന്നതിൽ അതിശയമില്ല, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.” 

അപ്പോൾ, അഹംഭാവത്തെ നിഗ്രഹിച്ച്, നമുക്ക് എങ്ങനെ ഐക്യത്തോടെ ജീവിക്കുവാൻ സാധിക്കും? 3 നിർദ്ദേശങ്ങൾ ഇവിടെ നൽകുന്നു. 

(1) നമ്മുടെ ഹൃദയങ്ങളിൽ അഹംഭാവം ഉണ്ടെന്നത് നാം അംഗീകരിക്കേണ്ടതുണ്ട് [സങ്കീർത്തനം 51:4].

(2) അഹംഭാവത്തെയും താഴ്മയെയും പ്രതിപാദിക്കുന്ന തിരുവെഴുത്തുഭാഗങ്ങൾ നാം വായിക്കുകയും ആ സത്യങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ പ്രയോഗത്തിൽ വരുത്തുവാൻ ആത്മാർഥമായി കർത്താവിനോട് പ്രാർഥിക്കുകയും വേണം [എഫേസ്യർ 6:17-18a].

 (3) നാം യേശുവിന്റെ ജീവിതത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും അവന്റെ കാൽച്ചുവടുകൾ പിന്തുടരുകയും വേണം. താഴ്‌മ പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം യേശുവിന്റെ മാതൃകയിൽ നിന്ന് അത് പഠിക്കുക എന്നതാണ്. യേശു തന്നെത്തന്നെ സ്വയം വർണ്ണിക്കുമ്പോൾ ഈ വാക്കുകൾ പറഞ്ഞു, “ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ” [മത്തായി 11:29]. താൻ താഴ്മയും സൗമ്യതയുമുള്ളവനാണ് എന്ന് തന്നെക്കുറിച്ചുതന്നെ യേശു പറഞ്ഞതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഏക അവസരമാണിത്!

 “നമ്മിലുള്ള എല്ലാത്തരം അഹംഭാവത്തിന്റെയും നേരെയുള്ള ചിരസ്ഥായിയായ ശാസനയാണ് കർത്താവായ യേശുവിന്റെ ജീവിതവും മരണവും” എന്ന് ഉചിതമായി പറയപ്പെടുന്നു. താഴെ നൽകപ്പെട്ടിരിക്കുന്ന പട്ടിക ഈ ആശയം വ്യക്തമാക്കുന്നു.

അഹംഭാവം പറയുന്നു: യേശുവിനെക്കുറിച്ച് ബൈബിൾ പറയുന്നു:
എന്റെ കുടുംബ പശ്ചാത്തലം നോക്കുക  ഇവൻ തച്ചന്റെ മകൻ അല്ലയോ? [മത്തായി  13:55]
എനിക്ക് എത്രമാത്രം പണമുണ്ട് എന്ന് നോക്കുക  മനുഷ്യപുത്രനോ തല ചായ്പാൻ സ്ഥലമില്ല  [ലൂക്കോസ് 9:58]
എന്റെ രൂപം നോക്കുക അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ  ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല. [യെശയ്യാ 53:2]
എന്നോടൊപ്പമുള്ള പ്രധാനപ്പെട്ട ആളുകളെ നോക്കുക  ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ. [ലൂക്കോസ് 7:34]
എന്റെ കീഴിൽ എത്ര ആളുകളുണ്ട് എന്നത് നോക്കുക  ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. [ലൂക്കോസ് 22:27]
എത്ര പേർ എന്നെ അഭിനന്ദിക്കുന്നുവെന്ന് നോക്കുക അവൻ  മനുഷ്യരാൽ  നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും  ഇരുന്നു. [യെശയ്യാ 53:3]
ഞാൻ എത്ര ശക്തനാണ് എന്ന് നോക്കുക  എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല. [യോഹന്നാൻ 5:30]
ഞാൻ എപ്പോഴും എന്റെ ഇഷ്ടം നടപ്പിലാക്കുന്നത  എങ്ങനെയെന്നു നോക്കുക ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നു. [യോഹന്നാൻ 5:30]
ഞാൻ എത്ര സമർഥനാണ് എന്നു നോക്കുക  ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു. [യോഹന്നാൻ 8:28].

പരസ്പരം ഐക്യത്തിൽ ജീവിക്കുവാൻ നാം ശ്രമിക്കുമ്പോൾ, നമ്മുടെ രക്ഷകനും നമ്മുടെ കർത്താവും സൗമ്യതയും താഴ്മയുമുള്ളവനുമായ നമ്മുടെ രാജാവും യഥാർഥ താഴ്മ എങ്ങനെയുള്ളതാണ് എന്നതിന്റെ ശരിയായ മാതൃകയുമായ ഈ യേശുവിൽ നിന്നും നമുക്കു പഠിക്കാം!

Category

Leave a Comment