രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 16 നമ്മെ ഉപദ്രവിക്കുന്നവരോടെ എപ്രകാരമാണ് പ്രതികരിക്കേണ്ടത്

(English version: “The Transformed Life – How To Respond To Those Who Hurt Us”)
റോമർ അധ്യായം 12 ഇപ്രകാരം അവസാനിക്കുന്നു: “17 ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, 18 കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. 19 പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു, എന്നാൽ 20 “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 21 തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.”
പരിശുദ്ധാത്മാവിന്റെ രൂപാന്തരപ്പെടുത്തുന്ന തുടർമാനമായ പ്രവർത്തനം മൂലം യേശുക്രിസ്തുവിനെപ്പോലെ കൂടുതൽ ആയിത്തീരുന്ന ഒരു ജീവിതശൈലിയ്കായി തങ്ങളെത്തന്നെ സമർപ്പിക്കുന്നതിന് വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന വിഷയം പ്രധാനമായി പ്രതിപാദിക്കുന്ന റോമർ അധ്യായം 12-ന് എത്ര സമുചിതമായ അവസാനം [റോമർ 12-1-2]! നമ്മെ ഉപദ്രവിക്കുന്നവരോട് ക്രിസ്തുവിനെപ്പോലെ പ്രതികരിക്കുക എന്നതിനേക്കാൾ അനുയോജ്യമായ എന്തു വിഷയമാണുള്ളത്?
തന്നെ ഉപ്രദ്രവിക്കുന്നവരുടെ ന്യായവിധി ദൈവത്തിന്റെ കരങ്ങളിലേയ്ക് വിട്ടുകൊടുകയും അതേസമയംതന്നെ അവരോട് നന്മ ചെയ്തുകൊണ്ടുമാത്രം പ്രതികരിക്കുകയും ചെയ്യുന്നത് യേശുവിന്റെ ഭൗമിക ജീവിതത്തിൽ ഉടനീളം കാണപ്പെട്ടിരുന്നു. അതുതന്നെ ചെയ്യുവാനാണ് ഈ വാക്യങ്ങളിലൂടെ നാമും വിളിക്കപ്പെട്ടിരിക്കുന്നത്: നമ്മെ ഉപദ്രവിക്കുന്നവരോട് പ്രതികാരം ചെയ്യാതിരിക്കുക, അതേസമയംതന്നെ, എല്ലാ ന്യായവിധിയും ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട്, അവർക്കു നന്മ ചെയ്യുകയും ചെയ്യുക.
നമ്മെ ആരെങ്കിലും ഉപദ്രവിക്കുമ്പോൾ നാം ചെയ്യേണ്ട 3 പ്രത്യേക കാര്യങ്ങൾ ഈ വാക്യങ്ങളിൽ നൽകപ്പെട്ടിരിക്കുന്നു: 1. പ്രതികാരം ചെയ്യരുത് 2. എല്ലാവർക്കും നന്മ ചെയ്യുക, 3. എല്ലാ ന്യായവിധിയും ദൈവത്തിന് വിട്ടുകൊടുക്കുക. അവ ഓരോന്നും നമുക്ക് വിശദമായി പരിശോധിക്കാം.
നാം ഇത് ചെയ്യുന്നത് ഒരു വാക്യത്തിൽ നിന്നും അടുത്ത വാക്യത്തിലേയ്ക് ക്രമത്തിൽ പോയിക്കൊണ്ടല്ല, മറിച്ച് ഓരോ ആശയത്തിനു കീഴിലും വാക്യങ്ങളും വാക്യങ്ങളുടെ ഭാഗങ്ങളും കൂട്ടിച്ചേർത്താണ്. ഒരേ സത്യങ്ങൾ ആവർത്തിക്കപ്പെടുന്നു, അവയെ അപ്രകാരം ക്രമീകരിക്കുന്നത് കൂടുതൽ സഹായകരമാകും എന്ന് നിങ്ങൾക്ക് കാണാവുന്നതാണ്.
1. പ്രതികാരം ചെയ്യരുത്.
താഴെപ്പറയുന്ന വാക്യങ്ങളിൽ ഈ കല്പന വ്യകതമാണ്, “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ” [1 പത്രൊസ് 3:9].
പ്രതികാരം ചെയ്യാതിരിക്കുക എന്ന ഈ പ്രമാണം പഴയ നിയമത്തിൽപോലും കാണപ്പെടുന്നു. ഉദാഹരണത്തിന്, “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു” [ലേവ്യപുസ്തകം 19:18]. പ്രതികാരമനോഭാവം പ്രകടമാക്കുന്നത് സംബന്ധിച്ച് ശലോമോനും ഈ വാക്കുകളിലൂടെ നമുക്ക് മുന്നറിയിപ്പ് നൽകുന്നു, “അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുതു” [സദൃശ്യവാക്യങ്ങൾ 24:29].
ഈ വാക്യങ്ങളിൽ നിന്നും, ക്രൈസ്തവരായാലും അക്രൈസ്തവരായാലും നമ്മെ ഉപദ്രവിക്കുന്നവരോട് പ്രതികാരം ചെയ്യുന്നതിൽ നിന്നും ദൈവം നമ്മെ വിലക്കുന്നു എന്നത് വ്യകതമാണ്. പ്രതികാരം ചെയ്യരുത് എന്നതിനർത്ഥം വീടിനുള്ളിലോ പള്ളിയിലോ മറ്റേതെങ്കിലും സ്ഥലത്തോ പ്രതികാരം ചെയ്യരുത് എന്നുതന്നെയാണ്. തിരിച്ചടിക്കുവാൻ നമ്മുടെ പാപസ്വഭാവം നമ്മെ പ്രേരിപ്പിക്കുമെങ്കിലും, എല്ലാത്തരത്തിലുമുള്ള പ്രതികാരത്തെ ദൈവം വിലക്കുന്നു. പകരത്തിനുപകരം എന്ന മനോഭാവമരുത്. നിശബ്ദത, പരിഹാസത്തോടെയോ കോപത്തോടെയുള്ള സംസാരം, തണുത്ത തിരസ്കരണം, വാതിലുകൾ കൊട്ടിയടയ്കൽ, അപവാദം, പരദൂഷണം എന്നിങ്ങനെയുള്ള അക്രമസഹിതമോ അക്രമരഹിതമോ ആയ എല്ലാത്തരം പ്രതികാരപ്രവർത്തനങ്ങളും അനുവദനീയമല്ല. നാം എത്രതന്നെ ഗൗരവതരമായി മുറിവേറ്റാൽപോലും കല്പന വ്യക്തംതന്നെയാണ്: ലവലേശം പ്രതികാരമരുത്!
എന്നാൽ, ഈ കല്പനയോടെ ദൈവത്തിന്റെ വചനം അവസാനിക്കുന്നില്ല. നാം പ്രതികാരം ചെയ്യരുത് എന്ന് മാത്രമല്ല. അതായത്, നാം നിഷ്ക്രിയരായിരിക്കണം എന്നു മാത്രമല്ല, നമ്മെ ഉപദ്രവിച്ചവർക്ക് നന്മ ചെയ്തുകൊണ്ട് പ്രവർത്തനനിരതരായിരിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു. ഈ വേദഭാഗം നമ്മെ പഠിപ്പിക്കുന്ന രണ്ടാമത്തെ കാര്യം അതാണ്.
2. എല്ലാവർക്കും നന്മ ചെയ്യുക.
“സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി,” എന്ന് റോമർ 12:17b-ൽ പൗലോസ് പറയുന്നു. ജനങ്ങളുടെ ദൃഷ്ടിയിൽ ശരിയായി കാണപ്പെടുന്നതിനുവേണ്ടി നമുക്ക് ദൈവത്തിന്റെ ധാർമ്മിക നിയമങ്ങൾ ലംഘിക്കാം എന്ന് ഇതിനർത്ഥമില്ല. എന്നാൽ എല്ലാവരുടെയും ദൃഷ്ടിയിൽ മാന്യമായത് ചെയ്യാൻ നാം പ്രയത്നിക്കേണ്ടതുണ്ട്. മിക്കവാറും, തിന്മയ്‌ക്ക് മറുപടിയായി നന്മ ചെയ്യുന്നത് അവിശ്വാസികളുടെ പോലും അംഗീകാരം നേടുന്നു എന്നതാണ് പൗലോസിന്റെ ആശയം.
അദ്ദേഹം വീണ്ടും പറയുന്നു, “18 കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” [റോമർ 12:18]. ബൈബിൾ കല്പനകളിൽ വിട്ടുവീഴ്ച വരുത്താതെതന്നെ, സാധിക്കുന്നത്ര സമാധാനം വരുത്തുവാൻ വിശ്വാസികൾ പ്രയത്നിക്കണം. ഒന്നുമല്ലെങ്കിലും, നമ്മുടെ നേതാവ് സമാധാനപ്രഭു എന്നു വിളിക്കപ്പെടുകയും [യെശയ്യാവ് 9:6] നാം സമാധാനം സ്ഥാപിക്കുന്നവരാകുവാൻ [മത്തായി 5:9] വിളിക്കപ്പെടുകയും ചെയ്യുമ്പോൾ, സാധിക്കുന്നിടത്തോളം സമാധാനം കാംഷിക്കുക എന്നത് നമുക്ക് സമുചിതമായ കാര്യമാണ്.
എന്നിരുന്നാലും, പൗലോസ് ഒരു യാഥാർഥ്യവാദിയാണ്. ചിലയാളുകളുമായി സമാധാനം കാത്തുസൂക്ഷിക്കുക അസാധ്യമാകുന്ന സാഹചര്യങ്ങൾ ഉണ്ടാകും എന്ന് അദ്ദേഹത്തിന് അറിയാം. യേശുവിനുപോലും പരീശന്മാരോട് സമാധാനമായിരിക്കുവാൻ സാധിച്ചില്ല! അതുകൊണ്ടാണ്, പൗലോസ് ഇപ്രകാരം കൂട്ടിച്ചേർക്കുന്നത്, “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം.” പിന്നീട് പൗലോസ് പറയുന്നു, “എന്നാൽ, 20 “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ” [റോമർ 12:20]. സദൃശ്യവാക്യങ്ങൾ 25:21-22 നിന്നുള്ള ഒരു ഉദ്ധരണിയാണ് വാക്യം 20. നമ്മെ ഉപദ്രവിക്കുന്നവർക്ക് നന്മ ചെയ്യണമെന്നുള്ള വ്യക്തമായ കല്പനയാണത്. കഴിക്കുകയും കുടിക്കുകയും ചെയ്യുക എന്നത് ജീവിതത്തിൽ പ്രായോഗികമായി ആവശ്യമുള്ള കാര്യങ്ങളാണ്. നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് അവർ അർഹിക്കുന്നതല്ല മറിച്ച്, അവർക്ക് ആവശ്യമുള്ളവ നൽകണം എന്നതാണ് ആശയം. “അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്ന പ്രയോഗം സൂചിപ്പിക്കുന്നത് മിക്കവാറും നമ്മെ ഉപദ്രവിക്കുന്നവരോടുള്ള നമ്മുടെ സ്നേഹത്തിന് അവരുടെ പ്രവൃത്തികൾ സംബന്ധിച്ച് അവരിൽ തീവ്രമായ ലജ്ജ ഉളവാക്കുന്നതിനും അത് അവർ വിശ്വാസത്തിൽ ദൈവത്തിങ്കലേയ്കു തിരിയുന്നതിന് കാരണമാകുവാനും ശക്തിയുണ്ട് എന്നതായിരിക്കാം.
ഒടുവിൽ, “തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക” എന്ന കല്പനയിലൂടെ, മറ്റുള്ളവരുടെ തിന്മ നമ്മുടെമേൽ ആധിപത്യം ഉറപ്പിക്കുവാൻ അനുവദിക്കരുത് എന്നും നമ്മുടെ നന്മ അവരുടെ തിന്മയെ കീഴടക്കണം എന്നും നമ്മോടു വീണ്ടും പറയുന്നു[റോമർ12:21b]. മറ്റൊരുതരത്തിൽ പറഞ്ഞാൽ, നമ്മെ ഉപദ്രവിക്കുവാൻ നോക്കുന്നവരോട് പ്രതികാരം ചെയ്യാതിരിക്കുകയും മറിച്ച്, അവർക്ക് നന്മ ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ നാം പ്രായോഗികമായി അന്വേഷിക്കുകയും ചെയ്യേണ്ടതാണ്.
ലൂക്കോസ് 6:27-28 വാക്യങ്ങളിൽ യേശു പറയുന്നത് ഇതുതന്നെയാണ്: “എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‍വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർഥിപ്പിൻ.” 1 തെസ്സലോനിക്യർ 5:15, 1 പത്രോസ് 3:9, എന്നിങ്ങനെയുള്ള മറ്റു വേദഭാഗങ്ങളും ഇതേ ആശയത്തിന് ഊന്നൽ നൽകുന്നു.
പഴയനിയമ പുസ്തകമായ ഉല്പത്തിയിലെ യോസേഫ് മനസ്സിലേയ്കു വരുന്നില്ലേ? തന്നെ അടിമയായി വിറ്റുകളഞ്ഞ സഹോദരന്മാരോട് യോസേഫ് പ്രതികാരം ചെയ്തില്ല. മറിച്ച്, ഏറെക്കാലത്തിനു ശേഷം വന്ന ക്ഷാമത്തിന്റെ വർഷങ്ങളിൽ അവർക്ക് നന്മ ചെയ്യുന്നതിന് സജീവമായി ഇടപെട്ടു. അപ്രകാരം ചെയ്യുന്നതിനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്. പ്രതികാരം ചെയ്യുവാനുള്ള പ്രേരണകളെ നാം അതിജീവിക്കുകയും നമ്മെ മുറിവേൽപ്പിച്ചവർക്ക് നന്മ ചെയ്യുവാൻ സജീവമായി പ്രവർത്തിക്കുകയും ചെയ്യണം.
നാം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇവ രണ്ടും ബുദ്ധിമുട്ടുള്ളവയാണ് എന്ന് നിങ്ങൾ ചിന്തിച്ചുവെങ്കിൽ, പൗലോസിന് ഒരു കാര്യം കൂടി പറയുവാനുണ്ട്. ഒരുപക്ഷെ, അതാണ് ചെയ്യുവാൻ ഏറ്റവും പ്രയാസകരമായ കാര്യം.
3. എല്ലാ ന്യായവിധിയും ദൈവത്തിന് വിട്ടുകൊടുക്കുക.
നാം പ്രതികാരം ചെയ്യരുത് എന്ന് വാക്യം 19-ൽ പറഞ്ഞശേഷം, പൗലോസ് ഇപ്രകാരം പറയുന്നു, “ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു” [റോമർ 12:19b]. ദൈവം തന്റെ ജനത്തെ പീഡിപ്പിക്കുന്നവർക്ക് തന്റെ സമയത്ത് ന്യായവിധി നടത്തുമെന്ന സത്യത്തിൽ സന്തോഷിക്കുവാനും വിശ്രമിക്കുവാനും മോശെ യിസ്രായേല്യരെ പ്രോത്സാഹിപ്പിക്കുന്ന ആവർത്തനം 32:35 പൗലോസ് ഉദ്ധരിക്കുന്നു. ശലോമോനും ഇതേകാര്യം സദൃശ്യവാക്യങ്ങൾ 20:22-ൽ പറഞ്ഞിരിക്കുന്നു, “ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.”
ഇതിനർഥം നാം ന്യായവിധി നമ്മുടെ കരങ്ങളിൽ എടുക്കരുത് എന്നാണ്. ദൈവം തന്റെ സമയത്ത്, തന്റെ രീതിയിൽ ന്യായവിധി നടപ്പാക്കുവാൻ പൂർണ്ണഹൃദയത്തോടെ ദൈവത്തിൽ ആശ്രയിക്കേണ്ടതാണ്. ന്യായവിധി ദൈവത്തിന് മാത്രമുള്ളതാണ്. ദൈവത്തിനുള്ളത് എടുക്കുവാൻ നാം ധൈര്യപ്പെടരുത്. നമ്മുടെ അക്ഷമയിൽ നമ്മെ ഉപദ്രവിച്ചവരുടെമേൽ നാം ന്യായവിധി നടപ്പാക്കുമ്പോൾ, വാസ്തവത്തിൽ നാം ഇപ്രകാരം പറയുകയാണ്, “ദൈവമേ, നീ ശരിയായി ന്യായംവിധിക്കും എന്നു കരുതി നിന്നിൽ ആശ്രയിക്കുവാൻ എനിക്കുറപ്പില്ല.” അത്തരത്തിലുള്ള പെരുമാറ്റം ദൈവത്തെ പ്രസാധിപ്പിക്കുന്നില്ല. താൻ പ്രതികാരം ചെയ്യും എന്ന് പറഞ്ഞ ദൈവത്തിലുള്ള അവിശ്വാസത്തിന്റെ അടയാളമാണത്. യഥാർഥ വിശ്വാസം ദൈവത്തിന്റെ വാക്കിൽ വിശ്വസിക്കുകയും നമ്മെ ഉപ്രദവിച്ചവരോട് ഇടപെടുവാൻ അവനായി കാത്തിരിക്കുകയും ചെയ്യുകയാണ്.
അതേസമയംതന്നെ, നമ്മെ ഉപദ്രവിച്ചയാൾ പശ്ചാത്തപിച്ചാൽ, നാം ഉടനടി അയാളോട് ക്ഷമിക്കേണ്ടതാണ്. നമ്മുടെ കർത്താവ് ലൂക്കോസ് 17:3-4 വാക്യങ്ങളിൽ ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു, “സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക. ദിവസത്തിൽ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക.” ഈ വാക്യപ്രകാരം, നമ്മോടു പാപം ചെയ്യുന്നവരെ നാം ശാസിക്കേണ്ടതാണ്, എന്നാൽ, അവർ ആത്മാർഥമായി പശ്ചാത്തപിച്ചാൽ, നാം തീർച്ചയായും അവരോടു ക്ഷമിക്കേണ്ടതാണ്. ദൈവത്തിന്റെ വചനം വ്യക്തമാണ്.
ഇതുകൂടാതെ, നാം സമ്പൂർണ്ണമായ അനുരഞ്‌ജനവും തേടണം. പലപ്പോഴും ക്ഷമിക്കുകയും എന്നാൽ അകലം പാലിക്കുകയും ചെയ്യുന്നു എന്ന കുറ്റം പലപ്പോഴും നമുക്കുണ്ട്. ക്ഷമയുടെ ഉദ്ദേശ്യമായ അനുരഞ്‌ജനത്തെ അത് പരാജയപ്പെടുത്തുന്നു. ദൈവം ക്ഷമിക്കുമ്പോൾ, എല്ലായ്പോഴും നമ്മെ തന്നോട് നിരപ്പിക്കുന്നു [കൊലോസ്യർ 1:22; 2 കൊരിന്ത്യർ 5:17-19]. നാമും അപ്രകാരംതന്നെ ചെയ്യണം. മറ്റേയാൾ അനുരഞ്‌ജനത്തിന് മുതിരുന്നില്ല എങ്കിൽപോലും നാം അതു ചെയ്യണം!
ക്ഷമ തേടുന്ന വ്യക്തിയോട് ഒരു വാക്ക്: നാമാണ് മറ്റുള്ളവരെ വൃണപ്പെടുത്തിയത് എങ്കിൽ, “അപ്രകാരം ചെയ്തതിൽ ഞാൻ ഖേദിക്കുന്നു” എന്ന് പറയുക മാത്രമല്ല, അവരുമായി അനുരഞ്‌ജനത്തിന് പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ, നമ്മുടെ മനസ്സിന് സുഖം ലഭിക്കുവാൻ വേണ്ടി നാം “ഖേദിക്കുന്നു” എന്നു പറയുകയും നാം അകന്നു നിൽക്കുകയും ചെയ്യുന്നു. അത് തെറ്റായ മനോഭാവമാണ്.
വീണ്ടും, ക്ഷമ ചോദിക്കുന്നതിന്റെയും നൽകുന്നതിന്റെയും അന്തിമലക്ഷ്യം അനുരഞ്‌ജനമാണ്. മറ്റേ വ്യക്തി അനുരഞ്‌ജനത്തിന് തയ്യാറാണോ അല്ലയോ എന്നത് നമ്മുടെ കയ്യിലല്ല. എന്നാൽ, ക്ഷമ ചോദിക്കുന്നത് നാം ആണെങ്കിലും അല്ലെങ്കിൽ പശ്ചാത്തപിക്കുന്ന വ്യക്തിക്ക ക്ഷമ നൽകുന്നത് നാം ആണെങ്കിലും, സമ്പൂർണ്ണമായ അനുരഞ്‌ജനത്തിന് നമുക്ക് സാധ്യമായവ എല്ലാം നാം ചെയ്യണം.
നമ്മെ ഉപദ്രവിച്ച വ്യക്തി പശ്ചാത്തപിക്കാതിരിക്കുമ്പോൾ എപ്രകാരമാണ് പ്രതികരിക്കേണ്ടത്?
നമ്മെ വേദനിപ്പിക്കുന്ന വ്യക്തി പശ്ചാത്തപിക്കുന്നില്ല എങ്കിലോ? അയാളുടെ പ്രവൃത്തികൾ തെറ്റാണ് എന്ന് അയാൾ കരുതുന്നില്ല എങ്കിലോ? അങ്ങനെയെങ്കിൽ അവരോടും നാം ക്ഷമിക്കുമോ? അപ്രകാരമാണ് ചെയ്യേണ്ടത് എന്ന് പലരും കരുതുന്നു. നാം എല്ലാവരോടും ക്ഷമിക്കേണ്ടവരല്ലേ? കുരിശിൽ വച്ച് യേശുതന്നെ തന്റെ ശത്രുക്കളോട് ക്ഷമിച്ചില്ലേ? ഈ ചോദ്യങ്ങളെ നമുക്ക് സൂക്ഷ്‌മമായി പരിശോധിക്കാം.
ഉപദ്രവിച്ചയാൾ പശ്ചാത്തപിച്ചാലും ഇല്ലെങ്കിലും നാം ഒരിക്കലും പ്രതികാരം ചെയ്യുവാൻ മുതിരരുത് എന്നും നന്മ ചെയ്യുവാൻ ശ്രമിക്കണം എന്നും ആദ്യംതന്നെ ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. എന്നിരുന്നാലും, ക്ഷമയുടെ കാര്യത്തിൽ അത് വ്യത്യസ്തമായ ഒരു വിഷയമാണ്.
ആവർത്തന പുസ്തകത്തിൽ നിന്നും ഉദ്ധരിച്ചുകൊണ്ട്, നാം ന്യായവിധി ദൈവത്തിന് വിട്ടുകൊടുക്കണം എന്ന് പൗലോസ് പറയുന്നു എന്ന വസ്തുത നമ്മോടു പറയുന്നത് പശ്ചാത്തപിക്കാത്തവർ ന്യായവിധി നേരിടുന്നു, അതിൽ ഒരുപക്ഷെ നരകശിക്ഷയും ഉൾപ്പെട്ടിരിക്കാം എന്നാണ്. ക്രിസ്തുവിനെപ്പോലെ ആകുന്നതിനും ദൈവത്തെ അനുകരിക്കുന്നതിനും നാം ദൈവം ക്ഷമിക്കുന്നതുപോലെ ക്ഷമിക്കേണ്ടതാണ്. അപ്രകാരമല്ലേ? അതിനാലാണ്, നാം ഒരുനിമിഷം നിന്ന്, ഈ ചോദ്യം പരിഗണിക്കേണ്ടത് അനിവാര്യമായിരിക്കുന്നത്:
ദൈവം എല്ലാവരോടും ക്ഷമിക്കുന്നുവോ? അതോ, പശ്ചാത്തപിക്കുന്നവരോടു മാത്രമാണോ ക്ഷമിക്കുന്നത്?
ദൈവം വ്യവസ്ഥകൾ കൂടാതെ ക്ഷമിക്കുന്നു എന്നു നാം പറയുന്നുവെങ്കിൽ, എല്ലാവരും സ്വർഗ്ഗത്തിലേയ്കാണ് പോകുന്നത്. അതാണ് സാർവ്വത്രികതയുടെ ദൈവദൂഷണം. ബൈബിൾ പഠിപ്പിക്കുന്നത് അതല്ല.
ലൂക്കോസ് 13:3 ലും ലൂക്കോസ് 13:5 ലുമായി യേശുതന്നെ രണ്ടുതവണ പറഞ്ഞിരിക്കുന്നത് മാനസാന്തരപ്പെടുന്നില്ല എങ്കിൽ നാം നശിച്ചുപോകും എന്നാണ്. മാനസാന്തരമില്ല എങ്കിൽ ക്ഷമയുമില്ല. വാസ്തവത്തിൽ, പാപത്തിൽ നിന്നുള്ള മാനസാന്തരം പഴയനിയമത്തിലും പുതിയ നിയമത്തിലും തുടർമാനമായി കാണപ്പെടുന്ന ആഹ്വാനമാണ്. പശ്ചാത്തപിക്കാത്തവൻ സ്വർഗ്ഗം അവകാശമാക്കുകയില്ല. മാനസാന്തരപ്പെടുകയും തന്റെ പുത്രനിലേയ്ക് വിശ്വാസത്തോടെ തിരിയുകയും ചെയ്യുന്നവരോടു മാത്രമാണ് ദൈവം ക്ഷമിക്കുന്നത് എന്നതാണ് നിഗമനം.
കുരിശിൽവച്ചുപോലും, അനുതപിച്ച കുറ്റവാളിയ്ക് പാപക്ഷമ നൽകിയ യേശുവിന് മറ്റുള്ളവർക്കും ഉടനടി പാപക്ഷമ നൽകാമായിരുന്നു. യേശുവിന് ഭൂമിയിൽ പാപങ്ങളെ ക്ഷമിക്കുവാൻ അധികാരം ഉണ്ടായിരുന്നു [മത്തായി 9:6]. അവൻ പലർക്കും പാപക്ഷമ നൽകുകയും ചെയ്തു എന്നത് ഓർമ്മിക്കുക. “പിതാവേ,…ഇവരോടു ക്ഷമിക്കേണമേ” [ലൂക്കോസ് 23:34] എന്ന കുരിശിൽ വച്ചുള്ള യേശുവിന്റെ വാക്കുകൾ എല്ലാവരോടും ക്ഷമിക്കുന്ന ഒരു പ്രവൃത്തി ആയിരുന്നില്ല. അവരോടു ക്ഷമിക്കുവൻ ദൈവത്തോട് അപേക്ഷിക്കുന്ന ഒരു പ്രാർഥന മാത്രമായിരുന്നു അത്. അതിനർഥം, അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച്, ദൈവത്തിങ്കലേയ്കു തിരിയുകയും ക്രിസ്തുവിൽ വിശ്വസിക്കുകയും അങ്ങനെ പാപക്ഷമ അനുഭവിക്കുകയും ചെയ്യണമെന്നായിരുന്നു. അവർ മാനസാന്തരപ്പെട്ടിരുന്നില്ല എന്നതിനാൽ യേശു അവരോട് ക്ഷമിച്ചില്ല. കുരിശിൽ വച്ച് ഒരേയൊരു വ്യക്തിയോട് മാത്രമാണ് യേശു ക്ഷമിച്ചത്, അത് ആത്മാർഥമായി അനുതപിച്ച കുറ്റവാളിയോടായിരുന്നു [ലൂക്കോസ് 23:42]! “കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ” [അപ്പോ. പ്രവർത്തികൾ 7:60] എന്നു പ്രാർഥിച്ച സ്തേഫാനോസിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹം അവരോട് ക്ഷമിച്ചില്ല പകരം, അവരോടു ക്ഷമിക്കുവാൻ യേശുവിനോട് പ്രാർഥിച്ചു. അദ്ദേഹത്തെ ഉപദ്രവിച്ചവരിൽ ഒരാളായിരുന്ന ശൗലിനു പോലും [അതായത്, പൗലോസ്] ദമസ്കോസിലേയ്കുള്ള വഴിയിൽ വച്ച് മാനസാന്തരപ്പെടുന്നതുവരെ പാപക്ഷമ ലഭിച്ചിരുന്നില്ല!
റോമാലേഖനം എഴുതിയ പൗലോസ് തന്നെ മറ്റ് ചിലയിടത്ത് ഈ കല്പനകൾ എഴുതി:
“നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ” [എഫെസ്യർ 4:32].
“അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ” [കൊലൊസ്സ്യർ 3:13].
മുകളിൽ നൽകപ്പെട്ടിരിക്കുന്ന പ്രസ്താവനകളിൽ പൊതുവായി കാണപ്പെടുന്ന ചിന്ത കർത്താവ് ക്ഷമിക്കുന്നതുപോലെ ക്ഷമിക്കുക എന്നതാണ്. മാനസാന്തരം കൂടാതെ, കർത്താവ് പാപക്ഷമ നൽകുന്നില്ല!
അതിനാൽ, ക്ഷമിക്കുക എന്ന കാര്യത്തിൽ നാം ദൈവത്തെ അനുകരിക്കണമെങ്കിൽ, യഥാർഥമായ മാനസാന്തരം ഉള്ളപ്പോൾ മാത്രമാണ് നമുക്കും ക്ഷമിക്കുവാൻ സാധിക്കുന്നത്. നാം എല്ലായ്പോഴും ക്ഷമിക്കുവാൻ മനസ്സുള്ളവരും തയ്യാറുള്ളവരുമായിരിക്കണം. അങ്ങനെ, അനുരഞ്‌ജനത്തിന് വാതിൽ തുറന്നിടണം. എന്നാൽ, മാനസാന്തരം ഇല്ലാത്തപ്പോൾ നമുക്ക് ക്ഷമിക്കുവാൻ സാധ്യമല്ല. നാം ഇതു ചെയ്യുവാൻ പരാജയപ്പെട്ടാൽ, ഈ കാര്യത്തിൽ ദൈവത്തെ അനുകരിക്കുകയും ദൈവത്തിന്റെ നീതിയും മാനസാന്തരപ്പെടാത്ത മനുഷ്യർ സ്വർഗ്ഗത്തിൽ കടക്കുകയില്ല എന്ന വസ്തുതയും സംബന്ധിച്ച് മാനസാന്തരപ്പെടാത്ത വ്യക്തിയ്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നതിൽ നാം പരാജയപ്പെടുന്നു.
തീർച്ചയായും, കയ്പും വെറുപ്പും നമ്മെ നിയന്ത്രിക്കുവാൻ നാം അനുവദിക്കരുത്. എന്നാൽ, മാനസാന്തരമില്ലാത്തപ്പോൾ ക്ഷമ നൽകുന്നത് ബൈബിൾപരമല്ല എന്നതും അതുപോലെതന്നെ സത്യമാണ്. നമ്മെ ഉപദ്രവിക്കുന്ന വ്യക്തിയോട് പ്രതികാരം ചെയ്യുവാൻ വിസമ്മതിക്കുന്നതും അയാൾക്കു നന്മ ചെയ്യുന്നതും അയാളെ ദൈവത്തിന്റെ കരങ്ങളിലേയ്ക് ഏല്പിക്കുകയും ചെയ്യുന്നതിനെ അവരോടു ക്ഷമിക്കുന്നതിന് സമാനമായി കരുതി നമുക്ക് ആശയക്കുഴപ്പം ഉണ്ടാകരുത്. അവ രണ്ടും വിഭിന്നങ്ങളായ വിഷയങ്ങളാണ്.
നാം ക്ഷമിക്കുന്നില്ല എങ്കിൽ പിന്നെ ചെയ്യാനാകുന്ന ഏക കാര്യം കയ്പോടെ ജീവിക്കുകയാണെന്ന് നാം കരുതരുത്. ഒന്നുകിൽ ഞാൻ ക്ഷമിക്കും. അല്ലെങ്കിൽ, ഞാൻ കയ്പോടെയിരിക്കും. അത് സത്യമല്ല. ഇതിനെ നാം ഒന്നുകിൽ/ അല്ലെങ്കിൽ എന്ന തിരഞ്ഞെടുപ്പായി കരുതരുത്. മാനസാന്തരം ഇല്ല എങ്കിൽ നമുക്ക് ക്ഷമിക്കുക സാധ്യമല്ല. എന്നാൽ, അതേസമയംതന്നെ കയ്പുള്ളവരാകുവാനും സാധ്യമല്ല. അതാണ് നമ്മുടെ വിളി. കൂടാതെ, നാം എല്ലായ്പോഴും ക്ഷമിക്കുവാൻ തയ്യാറുള്ളവരുമായിരിക്കണം. അതാണ് നാം വളർത്തിയെടുക്കേണ്ട മനോഭാവം.
അതെ, മാനസാന്തരം ഇല്ലാത്തപ്പോൾ, നമ്മുടെ ഹൃദയങ്ങളെ കയ്പുനിറയാതെ സംരക്ഷിക്കുക എന്നത് ഒരു യുദ്ധംതന്നെയാണ്. എന്നാൽ പരിശുദ്ധാത്മാവിന്റെ ശക്തിയിൽ നാം പ്രാർഥനയിലൂടെയും തിരുവെഴുത്തുകളുടെ ധ്യാനത്തിലൂടെയും നമ്മുടെ ഹൃദയങ്ങളെ കയ്പ് ഉളവാകാതെ സംരക്ഷിക്കുവാൻ പ്രയത്നിക്കണം. ചിലപ്പോൾ, അത് ഒരു പോരാട്ടമായിരിക്കാം, ജീവിതത്തിൽ ഉടനീളം നിലനിൽക്കുന്ന ഒരു പോരാട്ടം. എങ്കിൽപോലും, ന്യായവിധി നമ്മുടെ കരത്തിൽ ഏറ്റെടുക്കുവാൻ നാം വിസമ്മതിക്കേണ്ടതുണ്ട്. യാതൊരു തെറ്റും ചെയ്യുവാൻ സാധ്യമല്ലാത്ത നീതിമാനായ ദൈവത്തിന്റെ കരങ്ങളിലേയ്ക് ന്യായവിധി വിട്ടുകൊടുക്കണം [ആവർത്തനം 32:4]! അതേസമയംതന്നെ, നമ്മെ ഉപദ്രവിച്ചവർക്ക് സാധിക്കുന്നത്ര നന്മ ചെയ്യുന്നത് നാം തുടരുകയും വേണം.
ഇതോടൊപ്പം, ഒന്നുകൂടി പറയട്ടെ. മനുഷ്യർ നമുക്കെതിരെ ചെയ്യുന്ന ഓരോ ചെറിയ പാപത്തിനും നാം മാനസാന്തരം ആവശ്യപ്പെടണം എന്നല്ല ഞാൻ പറയുന്നത്. ചെറിയ കാര്യങ്ങൾ അവഗണിക്കുവാൻ നാം പഠിക്കണം. അത് ക്രിസ്തീയപക്വതയുടെ ഭാഗമാണ്- മറ്റുള്ളവരുടെ ബലഹീനതകൾ സഹിഷ്ണതയോടെ സഹിക്കുക. കാരണം, നമുക്കും അനേക പരാജയങ്ങൾ ഭവിക്കുവാൻ സാധ്യതയുണ്ട്. പാപം ഗൗരവമുള്ളതാകുമ്പോൾ അല്ലെങ്കിൽ, അത് ഒരു പതിവായിത്തീരുമ്പോൾ, അതു ചെയ്തയാൾ മാനസാന്തരപ്പെട്ടു തിരിയേണ്ടതിന് നാം സ്നേഹത്തോടെ അയാളെ നേടിടേണ്ടതാണ്.
അതിനാൽ, ന്യായവിധി ദൈവത്തിന് വിട്ടുനൽകുമ്പോൾ, നാം ക്ഷമിക്കുവാൻ ഒരുക്കമുള്ളവരും കയ്പുള്ളവരാകുവാൻ വിസമ്മതിക്കുന്നവരുമാകേണ്ടത് അനിവാര്യമാണ്. ഈ വേദഭാഗത്ത് നാം ചെയ്യുവാൻ ആഗ്രഹിക്കുന്ന മൂന്നാമത്തെ കാര്യം അതാണ്.
നാം അവസാനിപ്പിക്കുമ്പോൾ, നമ്മെ ഉപദ്രവിക്കുന്നവരോടുള്ള പ്രതികരണമായി നാം ചെയ്യേണ്ട 3 കാര്യങ്ങൾ നമുക്ക് ഓർമ്മിക്കാം:
1. പ്രതികാരം ചെയ്യരുത്
2. എല്ലാവർക്കും നന്മ ചെയ്യുക
3. എല്ലാ ന്യായവിധിയും ദൈവത്തിന് വിട്ടുകൊടുക്കുക.
ക്രിസ്തുവിനെപ്പോലെയാകുക എന്നത് ആത്യന്തികമായ അർഥത്തിൽ അതുതന്നെയാണ്. കാരണം, യേശു അതാണ് ചെയ്തത്, “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു” [1 പത്രൊസ് 2:23]. അതോടൊപ്പംതന്നെ യേശു തന്റെ ശത്രുക്കൾക്കുവേണ്ടി അവരുടെ പാപങ്ങളുടെ വില നൽകുക എന്ന പരമമായ നന്മ ചെയ്യുകയായിരുന്നു! നമ്മെ ക്രിസ്തുവിന്റെ രൂപത്തോട് അനുസൃതമായി രൂപാന്തരപ്പെടുത്തുവാൻ സാധിക്കുന്ന പരിശുദ്ധാത്മാവിൽതന്നെ ആശ്രയിച്ചുകൊണ്ട് അവനെ അനുകരിക്കുവാൻ നമുക്ക് ശ്രമിക്കാം.