രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 2 നമ്മുടെ മനസ്സുകളെ ക്രിസ്തുവിന് സമർപ്പിക്കുക

(English version: “The Transformed Life – Offering Our Minds To Christ”)
ദൈവത്തിന്റെ കരുണ ലഭിച്ചതിന്റെ ഫലമായി തങ്ങളുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി സമർപ്പിക്കുവാൻ റോമർ 12:1-ൽ വിശ്വാസികളെ ആഹ്വാനം ചെയ്തതതിനു ശേഷം, അവരുടെ മനസ്സുകളെയും സമർപ്പിക്കുവാൻ റോമർ 12:2-ൽ പൗലോസ് കല്പന നൽകുന്നു. “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”
മനസ്സ് ദൈവത്തിനു സമർപ്പിക്കപ്പെടുന്നില്ല എങ്കിൽ, മനസ്സ് ആഗ്രഹിക്കുന്നത് ചെയ്യുന്ന ശരീരം ദൈവത്തിന് പ്രസാധകരമായ യാഗമായി സമർപ്പിക്കുക സാധ്യമല്ല! അതുകൊണ്ടാണ്, യഥാർഥമായ രൂപാന്തരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികളോട് അവരുടെ മനസ്സുകൾ ദൈവത്തിന് സമർപ്പിക്കുവാൻ പൗലോസ് ആഹ്വാനം ചെയ്യുന്നത്. വൈദ്യശാസ്ത്രത്തിൽ ഡോക്ടർമാർ പറയുന്നത്, “നിങ്ങൾ എന്ത് ഭക്ഷിക്കുന്നുവോ അതാണ് നിങ്ങൾ” എന്നാണ്. അതുപോലെതന്നെ, ആത്മീയ ലോകത്തിൽ ബൈബിൾ പറയുന്നു, “നിങ്ങൾ എന്തു ചിന്തിക്കുന്നുവോ, അതാണ് നിങ്ങൾ.” അതുകൊണ്ട്, നമ്മുടെ എല്ലാ ചിന്തകളുടെയും ഉറവിടമായ മനസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, തുടർമാനമായ ഒരു നവീകരണം മനസ്സിന് ആവശ്യമാണ് എന്ന് പൗലോസ് പറയുന്നു. അപ്പോൾ മാത്രമാണ് ശരീരത്തെ പ്രസാധകരമായ യാഗമായി സമർപ്പിക്കുവാൻ നമുക്കു സാധിക്കുന്നത്.
ഈ വാക്യത്തെ, തത്ത്വത്തിൽ, 3 ഭാഗങ്ങളായി വിഭജിക്കാവുന്നതാണ്: 2 കല്പനകളും അവയുടെ ശേഷം, ആ കല്പനകൾ അനുസരിക്കുന്നതിന്റെ പരിണിതഫലങ്ങളും. കല്പന#1 നിഷേധാത്മകമായതിൽ ഊന്നൽ നൽകിയിരിക്കുന്നു, “ഈ ലോകത്തിന്നു അനുരൂപമാകാതെ.” “നാം എന്തു ചെയ്യരുത് എന്നതിന് ഊന്നൽ നൽകുന്നു.” കല്പന #2 ക്രിയാത്മകമായതിൽ ഊന്നൽ നൽകിയിരിക്കുന്നു, “മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” നാം എന്തു ചെയ്യണം എന്നതിന് ഊന്നൽ നൽകുന്നു. അവസാനമായി, ഈ 2 കല്പനകൾ അനുസരിക്കുന്നതിന്റെ അനന്തരഫലങ്ങളും നൽകിയിരിക്കുന്നു, “നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു.” ഇതിൽ ഓരോ ഭാഗങ്ങളും വ്യക്തമായി നമുക്കു പരിശോധിക്കാം.
കല്പന # 1. “ഈ ലോകത്തിന്നു അനുരൂപമാകാതെ.”
ഒരു മാതൃക അനുസരിച്ച് രൂപംകൊള്ളുക, എന്നത് വിവരിക്കുവാൻ ഉപയോഗിച്ചിരുന്ന പദത്തിൽ നിന്നുമാണ് “അനുരൂപമാകുക” എന്ന പദം വന്നിരിക്കുന്നത്. വ്യത്യസ്ത ആകൃതിയിലുള്ള അച്ചിലേയ്ക് ബിസ്കറ്റിന്റെ മാവ് ഒഴിച്ച ശേഷം ആ ആകൃതിയുമനുസരിച്ചുള്ള ബിസ്കറ്റുകൾ ലഭിക്കുന്നതുപോലെ. ഒടുവിൽ ലഭ്യമാകുന്ന ഉല്പ്പന്നത്തിന്റെ ആകൃതിയെ നിയന്ത്രിക്കുന്നത് അത് ഒഴിയ്കപ്പെട്ട അച്ചിലെ ദ്വാരമാണ്. അതുപോലെതന്നെ, നമ്മെ നിയന്ത്രിക്കുവാൻ നാം ലോകത്തെ അനുവദിച്ചാൽ, ലോകം പറയുന്നതുപോലെ ജീവിക്കുന്ന അവസ്ഥയിൽ നാം എത്തിച്ചേരും എന്നാണ് പൗലോസ് അർഥമാക്കുന്നത്. ജെ ബി ഫിലിപ്സ് ഈ വാക്യം ഇപ്രകാരം എഴുതിയിരിക്കുന്നു: “ലോകം അതിന്റെ അച്ചിലേയ്ക് നിങ്ങളെ ഞെക്കിക്കയറ്റി വാർത്തെടുക്കുവാൻ അനുവദിക്കരുത്.”
നമുക്ക് ലോകത്തോട് അനുരൂപപ്പെടുവാൻ സാധിക്കാത്തതിന് കുറഞ്ഞപക്ഷം 4 കാരണങ്ങളെങ്കിലും ബൈബിൾ വിവരിക്കുന്നു.
കാരണം #1. നമുക്ക് ലോകത്തോട് അനുരൂപപ്പെടുവാൻ സാധ്യമല്ല: അടിസ്ഥാനപരമായി, നമ്മുടെ മനഃപരിവർത്തനം മൂലം നാം ഈ ലോകത്തിനുള്ളവല്ല.
യോഹന്നാൻ 17:16-ൽ പിതാവിനോടുള്ള പ്രാർഥനയിൽ യേശു ഈ വാക്കുകൾ പറഞ്ഞു, “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.” നാം ഈ ലോകത്തിനുള്ളവരല്ല എന്ന കാരണത്താൽ ഈ ലോകത്തൊട് അനുരൂപപ്പെടുവാനുള്ള പ്രലോഭനത്തെ നാം എതിർത്തുനിൽക്കണം.
കാരണം #2. ഈ ലോകത്തൊട് അനുരൂപപ്പെടുക സാധ്യമല്ല: ഈ ലോകത്തിന്റെ ദൈവം സാത്താനാണ്.
സാത്താനെ “ഈ ലോകത്തിന്റെ [അല്ലെങ്കിൽ ഈ കാലത്തിന്റെ] ദൈവം” എന്ന് 2 കൊരിന്ത്യർ 4:4 വിളിച്ചിരിക്കുന്നു. സാത്താനെ “ലോകത്തിന്റെ പ്രഭു” എന്ന് യോഹന്നാൻ 14:30-ൽ യേശു വിളിക്കുന്നു. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന് 1 യോഹന്നാൻ 5:19 പ്രസ്താവിക്കുന്നു. അതുകൊണ്ട്, നാം ഈ ലോകത്തിന്റെ മാതൃകകളുമായി അനുരൂപപ്പെട്ടാൽ, യഥാർഥത്തിൽ ഇപ്പോഴും സാത്താന്റെ നിയന്ത്രണത്തിലെന്നപോലെയാണ് ജീവിക്കുന്നത്, അവന്റെ ശക്തിയിൽ നിന്നും നാം സ്വതന്ത്രരാക്കപ്പെട്ടിട്ടില്ല എന്നതുപോലെയാണ് ജീവിക്കുന്നത്.
കാരണം #3. നമുക്ക് ഈ ലോകത്തൊട് അനുരൂപപ്പെടുക സാധ്യമല്ല കാരണം: ഈ ലോകം മാറിപ്പോകുന്നതാണ് .
“ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്ന് 1 യോഹന്നാൻ 2:17 പറയുന്നു. അതുകൊണ്ടാണ് തൊട്ടുമുൻപ് വാക്യം 15-ൽ യോഹന്നാൻ ഈ കല്പന നൽകിയത്: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.” ഈ ലോകത്തോട് അനുരൂപപ്പെടുന്ന ഒരു ജീവിതശൈലി പിന്തുടരുന്നവരാണ് നാം എങ്കിൽ നാം യഥാർഥത്തിൽ പിതാവിനെ സ്നേഹിക്കുന്നില്ല. അതിനർഥം, നാം യഥാർഥത്തിൽ രക്ഷിക്കപ്പെട്ടട്ടില്ല, ലോകത്തിലെ മനുഷ്യരോടൊപ്പം നാം നശിച്ചുപോകും എന്നാണ്.
കാരണം #4. നമുക്ക് ഈ ലോകത്തൊട് അനുരൂപപ്പെടുക സാധ്യമല്ല കാരണം: സാക്ഷ്യത്തിന് കോട്ടം ഭവിക്കും.
നാം “ലോകത്തിന്റെ വെളിച്ചം” ആകയാൽ നമ്മെ തന്റെ സാക്ഷികളായി യേശു വിളിക്കുന്നു [മത്തായി 5:14]. നാം ലോകത്തെപ്പോലെതന്നെ ജീവിക്കുകയാണ് എങ്കിൽ നമുക്ക് പങ്കുവയ്കുവാൻ വെളിച്ചം ഉണ്ടാകുകയില്ല. ഈ അന്ധകാരലോകത്തിന്റെ നടുവിൽ നമ്മെ ആക്കിവച്ച ദൈവത്തിന്റെ ഉദ്ദേശ്യത്തെ അത് പരാജയപ്പെടുത്തുന്നു.
നാം ജീവനുള്ള യാഗങ്ങളായിത്തീരണമെങ്കിൽ, ലോകത്തോട് അനുരൂപപ്പെടുന്നതിനുള്ള പ്രലോഭനത്തെ തുടർമാനമായി എതിർത്തു നിൽക്കണം എന്നത് പൗലോസ് ഊന്നൽ നൽകി പറയുന്നതിന്റെ 4 കാരണങ്ങളാണ് നാം കണ്ടത്. എന്നാൽ, അതുമാത്രം പോരാ. ഈ വാക്യത്തിലെ രണ്ടാമത്തെ കല്പനയായ മനസ്സു പുതുക്കി രൂപാന്തരപ്പെടുക എന്നത് സാധ്യമാക്കിത്തീർക്കുന്ന ദൈവത്തോട് “ഉവ്വ്” എന്ന് നാം പറയുകകൂടി ചെയ്യണം. മനസ്സ് രൂപാന്തരപ്പെടുമ്പോൾ മാത്രമാണ് യഥാർഥവും നിലനിൽക്കുന്നതുമായ മാറ്റം വരുന്നത്.
കല്പന # 2. “മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.”
മനസ്സ് പുതുക്കി രൂപാന്തരപ്പെടുക എന്നത് നമുക്ക് നമ്മുടെ പ്രയത്നങ്ങളിലൂടെ നേടുവാൻ സാധ്യമായ ഒന്നല്ല. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പരാമർശം ഈ വാക്യത്തിൽ ഇല്ല എങ്കിലും, അത് നമുക്ക് ചെയ്തുതരുന്നത് പരിശുദ്ധാത്മാവാണ്. “പുതുക്കുക”, “രൂപാന്തരപ്പെടുക” എന്നീ രണ്ടു വാക്കുകളെ നാം സൂക്ഷ്മമായി നോക്കിയാൽ ഈ സത്യം വെളിവാകുന്നതാണ്.
രൂപാന്തരപ്പെടുക. “മെറ്റമോർഫോസിസ്” എന്ന ഇംഗ്ലീഷ് പദത്തിൽ നിന്നുമാണ് ഈ വാക്ക് വന്നിരിക്കുന്നത്. ഒരു ചിത്രശലഭപുഴു ഒരു ചിത്രശലഭമായി അല്ലെങ്കിൽ ഒരു വാൽമാക്രി തവളയായിത്തീരുന്ന പ്രക്രിയയെ വിവരിക്കുവാനാണ് ഈ പദം ഉപയോഗിച്ചിരുന്നത്. ഒന്നിന് രൂപമാറ്റം വരുത്തുക എന്ന ആശയമാണ് ഇതിലുള്ളത്. പുതിയ നിയമത്തിൽ മറ്റ് 2 തവണകൂടി ഈ പദം കാണപ്പെടുന്നു.
ഒന്നാമത്തെ തവണ, മത്തായി 15:2-ൽ മറുരൂപമലയിൽവച്ച് പത്രോസിന്റെയും യാക്കോബിന്റെയും യോഹന്നാന്റെയും മുൻപിൽവച്ച് യേശുവിന്റെ രൂപാന്തരത്തെ വിവരിക്കുമ്പോൾ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നു. രണ്ടാമത്, 2 കൊരിന്ത്യർ 3:18-ൽ നാം വായിക്കുന്നു, “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.”
വിശ്വാസികൾ ക്രിസ്തുവിന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കുന്നത് തുടരുമ്പോൾ ക്രിസ്തുവിനെപ്പോലെ കൂടുതൽ ആയിത്തീരുവാൻ പരിശുദ്ധാത്മാവ് പുരോഗമനാത്മകമായി വിശ്വാസികളെ രൂപാന്തരപ്പെടുത്തുന്നതിന്റെ വിവരണം നാം ഇവിടെ കാണുന്നു.
നവീകരണം. ഈ പദം പുതിയ നിയമത്തിൽ മറ്റൊരു ഭാഗത്ത് മാത്രമാണ് കാണപ്പെടുന്നത്. തീത്തൊസ് 3:5,6,7 -ൽ ഇപ്രകാരം പറയുന്നു, “അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു…പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.” പുനർജ്ജനനവും നവീകരണവും സാധ്യമാക്കുന്നത് ആരാണെന്ന് ശ്രദ്ധിക്കുക: അത് പരിശുദ്ധാത്മാവാണ്. രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ രണ്ടും പരിശുദ്ധാത്മാവ് ചെയ്യുന്നു. മനസ്സിന്റെ പുതുക്കലിനെയും രൂപാന്തരത്തെയും കുറിച്ച് പറഞ്ഞിരിക്കുന്ന 12:2 -ൽ കർമ്മത്തിന് പ്രാധാന്യമുള്ള അർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ, നമ്മുടെ ചിന്തകളിൽ, ഒടുവിൽ നമ്മുടെ പ്രവൃത്തികളിൽ മാറ്റം വരുത്തുവാൻ സാധിക്കുന്നത് പരിശുദ്ധാത്മാവിനു മാത്രമാണ് എന്ന് നമുക്ക് തെറ്റുകൂടാതെ നിർണ്ണയിക്കാം.
അതുകൊണ്ട്, നമ്മുടെ മനസ്സുകളെ രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് കീഴ്പ്പെടുവാൻ പൗലോസ് വിശ്വാസികളെ വിളിക്കുന്നു. ഇപ്പോൾ, ഈ സത്യം മനസ്സിലാക്കേണ്ടത് സുപ്രധാനമാണ്: രൂപാന്തരപ്പെടുത്തുന്ന പ്രവർത്തനം പരിശുദ്ധാത്മാവാണ് ചെയ്യുന്നത് എങ്കിലും, പരിശുദ്ധാത്മാവിന് കീഴ്പ്പെടുക എന്ന നമ്മുടെ ജോലി നാം ചെയ്യേണ്ടതാണ്. നമ്മുടെ മനസ്സുകളെ രൂപാന്തരപ്പെടുത്തുവാൻ നാം പരിശുദ്ധാത്മാവിനെ അനുവദിക്കേണ്ടതാണ്. നമ്മുടെ ഇച്ഛയ്കു വിപരീതമായി അവൻ നമ്മെ രൂപാന്തരപ്പെടുത്തുകയില്ല. മാനുഷികമായ ഉത്തരവാദിത്ത്വവും ഇവിടെ ഉൾപ്പെട്ടിരിക്കുന്നു.
ജീവനുള്ള യാഗമായിത്തീരുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ മനസ്സുകളെ സമ്പൂർണ്ണമായി കർത്താവിന് സമർപ്പിച്ചുകൊണ്ട് നമ്മുടെ ചിന്തകളിൽ മാറ്റം വരുത്തുവാൻ നാം ആഗ്രഹിക്കേണ്ടതുണ്ട്. മനസ്സ് പുതുക്കം പ്രാപിക്കേണ്ടതുണ്ട്, കാരണം, മാനസാന്തരത്തിനു മുൻപ് മനസ്സ് മലിനമായ അവസ്ഥയിലായിരുന്നു [എഫേസ്യർ 4:18]. മാനസാന്തരത്തിൽ, ഈ പുതുക്കൽ പ്രക്രിയ ദൈവം ആരംഭിക്കുന്നു. മനസ്സ് പുതുക്കുന്ന ഈ പ്രക്രിയ ജീവിതത്തിലുടനീളം നിലനിൽക്കുന്നതും ഒരു ദിവസം ക്രിസ്തുവിനെപ്പോലെ നാം ആയിത്തീരുകയും ചെയ്യുമ്പോൾ പൂർണ്ണമാകുന്നതുമാണ് [1 യോഹന്നാൻ 3:2; ഫിലിപ്യർ 3:20-21]. ബൈബിൾ അതിനെ “തേജസ്കരണം” എന്ന് വിളിക്കുന്നു [റോമർ 8:30].
ക്രിസ്തുവിന്റെ തേജസ്സ് രേഖപ്പെടുത്തുന്ന തിരുവെഴുത്തുകളാണ് ഈ മനസ്സിന്റെ ഈ രൂപാന്തരം വരുത്തുവാൻ പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന ഉപാധി എന്നതും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ട്, നമ്മുടെ മനസ്സുകൾക്ക് മാറ്റം വരുത്തുവാൻ പരിശുദ്ധാത്മാവ് പുറത്തു നിന്നും തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു. കൂടാതെ, തിരുവെഴുത്തുകളെ മനസ്സിലാക്കുന്നതിന് ഉള്ളിൽ പ്രകാശന പ്രവർത്തനവും പരിശുദ്ധാത്മാവ് ചെയ്യുന്നു [1 കൊരിന്ത്യർ 2:13-14]. അങ്ങനെ നമുക്ക് ക്രിസ്തുവിന്റെ തേജസ്സ് മനസ്സിലാക്കുവാൻ സാധിക്കുന്നു.
നമ്മെ രക്ഷിക്കുന്നത് ബൈബിളിലെ സത്യങ്ങളാണ്, ബൈബിളിലെ സത്യങ്ങൾ നമ്മെ തുടർമാനമായി വിശുദ്ധീകരിക്കുന്നു. പിതാവിനോടുള്ള പ്രാർഥനയിൽ യേശുതന്നെ ഇപ്രകാരം പറഞ്ഞു, “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു” [യോഹന്നാൻ 17:17]. ദൈവത്തിന്റെ വചനം പഠിക്കുന്നതോടൊപ്പം തങ്ങളുടെ ചിന്തകളിൽ തിരുവെഴുത്തുകൾ പ്രബലമാകുവാൻ ഒരുവൻ പ്രതിജ്ഞയെടുക്കുകയും ഒപ്പം, ആ സത്യങ്ങൾ പ്രയോഗത്തിൽ വരുത്തുവാൻ ദൈവത്തോട് സഹായത്തിനായി പ്രാർഥിക്കുകയും ചെയ്യാതെ മനസ്സ് രൂപാന്തരപ്പെടുകയില്ല.
അനേക ക്രിസ്ത്യാനികളും കുറഞ്ഞ തോതിലുള്ള രൂപാന്തരം അനുഭവിക്കുന്നു. ഈ ലോകവുമായും അതിന്റെ നേരമ്പോക്കുകളുമായും കൂടുതൽ ഇടപഴകുവാൻ അവർ തങ്ങളുടെ മനസ്സുകളെ അനുവദിക്കുന്നു എന്നതാണ് അതിനു കാരണം. പ്രായോഗികമായി പറഞ്ഞാൽ, അവിശ്വാസികളോടൊപ്പം അവരെ നിർത്തിയാൽ, അവരുടെ ജീവിതശൈലികൾ, ഉദ്യമങ്ങൾ, സംസാരം എന്നിവയെ അടിസ്ഥാനമാക്കി അവർ തമ്മിലുള്ള വ്യത്യാസം പറയുക വിഷമകരമായിരിക്കും. അതുകൊണ്ടാണ്, വിശ്വാസികൾ ബൈബിൾ വായന, പ്രാർതന, കൂട്ടായ്മ, ശുശ്രൂഷ, സുവിശേഷീകരണം, ബൈബിൾ നന്നായി വിശദീകരിക്കുന്ന എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കുക എന്നീ ആത്മീയ ശീലങ്ങൾക്കായി തങ്ങളെത്തന്നെ സമർപ്പിക്കേണ്ടത്. അത്തരത്തിൽ, അവർക്ക് കൂടുതൽ അർഥപൂർണ്ണമായ ആത്മീയ രൂപാന്തരം അനുഭവിക്കുവാൻ സാധിക്കും.
ആത്മീയ വളർച്ച സ്വയമേവ സംഭവിക്കുന്നില്ല എന്നത് നാം ഓർമ്മിക്കേണ്ടതുണ്ട്. വിശുദ്ധി ആകസ്മികമായി ഉണ്ടാകുന്നില്ല. ശാരീരികമായി പ്രായത്തിൽ വളരുന്നത് ആത്മീയമായി വളരുന്നതുമായി തുലനം ചെയ്യുക സാധ്യമല്ല. വിശ്വാസികൾ അവരുടെ മനസ്സുകളെ ശരിയായ ആത്മീയ ശീലങ്ങൾക്കായി ദിനംതോറും നൽകുമ്പോൾ മാത്രമാണ് ആത്മീയ വളർച്ച ഉണ്ടാകുന്നത്. ലോകവും അതിന്റെ ചിന്തയും നമ്മുടെ ജീവിതങ്ങളെ നിയന്ത്രിക്കുവാൻ അനുവദിക്കുകയും അതേ സമയംതന്നെ, ആത്മീയ ശീലങ്ങൾ പാലിക്കുവാൻ ശ്രമിക്കുകയും എങ്ങനെയെങ്കിലും കാര്യങ്ങൾ ശരിയാകുകയും നാം ആത്മീയമായി ബലം പ്രാപിക്കുകയും ചെയ്യും എന്നു പ്രത്യാശിക്കുകയും ചെയ്യുക സാധ്യമല്ല.
ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുവാൻ ശ്രമിക്കുകയും അതേസമയംതന്നെ, രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണം കഴിക്കുകയും ചെയ്യുക സാധ്യമല്ല! ശരീരത്തിന് ഗുണകരമല്ലാത്ത ഒന്ന് ആത്മാവിനും ഗുണകരമായിരിക്കുകയില്ല! പരിശുദ്ധാത്മാവിനോടും ലോകത്തോടും ഒരുപോലെ ‘ഉവ്വ്’ എന്നു പറഞ്ഞുകൊണ്ട് ഒരു സമതുലനാവസ്ഥ നിലനിർത്തുവാൻ അനേകരും വൃഥാ ശ്രമിക്കുന്നു. ബൈബിൾ അവരെ വിളിക്കുന്നത് “വ്യഭിചാരിണികളായവർ” എന്നാണ് [യാക്കോബ് 4:4]. ലോകത്തോട് ‘ഇല്ല’ എന്നു പറയാതെ, പരിശുദ്ധാത്മാവിനോട് ‘ഉവ്വ്’ എന്നു പറയുന്നത് ഘോരമായ നിരാശയിലേയ്ക് മാത്രം നയിക്കും.
അതുകൊണ്ട്, പരിശുദ്ധാത്മാവിന്റെ രൂപാന്തരപ്പെടുത്തുന്ന പ്രവർത്തനത്തിന് കീഴ്പ്പെടുമ്പോൾ നമ്മെത്തന്നെ ദൈവഭക്തിയിൽ പരിശീലിപ്പിക്കുവാൻ ഇന്നു മുതൽ നമുക്ക് തീരുമാനമെടുക്കേണ്ട ആവശ്യകതയുണ്ട്. ഫിലിപ്പിയർ 4:8 –ലെ സത്യങ്ങൾ തുടർമാനമായി പ്രയോഗത്തിൽ വരുത്തുക ആവശ്യമാണ്: “ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” നമ്മുടെ ചിന്തകളുടെ ഉല്പന്നമാണ് നാം! നമ്മുടെ മനസ്സുകൾ ശരിയായ ചിന്തകളാൽ നിറയ്കേണ്ടത് അത്യന്താപേക്ഷിതമാണ്.
എന്നിരുന്നാലും, പുറമേ തിന്മ ചെയ്യാത്ത പലരും തങ്ങളുടെ ചിന്തകളിൽ ധൈര്യസമേതം പാപം ചെയ്യുന്നു—ലൈംഗിക ചിന്തകൾ, വെറുപ്പ്, മറ്റുള്ളവർക്ക് തിന്മ ഭവിക്കുവാനുള്ള ആഗ്രഹം, അത്യാഗ്രഹം, ലോകപരമായ വിജയവും അധികാരവും, അസൂയയോടെയുള്ള ചിന്തകൾ എന്നിവങ്ങനെയുള്ളവ. നമ്മുടെ ചിന്തകളെ നാം പ്രവൃത്തിപഥത്തിലേയ്ക് കൊണ്ടുപോകാത്തിടത്തോളം അവയെ ചിന്തിക്കുക മാത്രം ചെയ്യുന്നത് വലിയ പ്രശ്നമൊന്നുമല്ല എന്ന് കരുതിക്കൊണ്ട് നാം നമ്മെത്തന്നെ വഞ്ചിച്ചേക്കാം. ദൈവം ചിന്തകളെയും ന്യായം വിധിക്കുന്നു എന്നും ജീവനുള്ള യാഗമായിരിക്കുക എന്നതിൽ ശുദ്ധമായ മനസ്സും ഉൾപ്പെടുന്നു എന്നും നാം ഓർക്കേണ്ടതുണ്ട്! കൂടാതെ, ഇന്നല്ലെങ്കിൽ നാളെ നാം നമ്മുടെ ചിന്തകൾ പ്രാവർത്തികമാക്കും എന്ന അപകടവും എല്ലായ്പോഴുമുണ്ട്. നാം എന്തു ചിന്തിക്കുന്നുവോ അതാണ് നാം!
അതുകൊണ്ട്, നമ്മുടെ മനസ്സുകൾ തുടർമാനമായി പരിശുദ്ധാത്മാവിനാൽ രൂപാന്തരപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യുവാൻ നൽകുന്നതിനാണ് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്. അതിന്റെ ഫലമോ? അത് വാക്യത്തിന്റെ രണ്ടാം ഭാഗം സ്പഷ്ടമായി പ്രസ്താവിക്കുന്നു.
ഒന്നും രണ്ടും കല്പനകൾ അനുസരിക്കുന്നതിന്റെ അനന്തരഫലം. “നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു.”
ലോഹങ്ങളുടെ മൂല്യം നിർണ്ണയിക്കുവാൻ പരിശോധിക്കുന്ന പ്രക്രിയയ്ക് ഉപയോഗിച്ചിരുന്ന ഒരു പദത്തിൽ നിന്നുമാണ് “ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു” എന്ന പദപ്രയോഗം വന്നിരിക്കുന്നത്. ഇവിടെ പൗലോസ് പറയുന്നതിന്റെ സാരം ഇതാണ്: ദൈവത്തിന്റെ സത്യത്താൽ പുതുക്കപ്പെടുവാൻ നമ്മുടെ മനസ്സുകളെ നാം കീഴ്പ്പെടുത്തി കൊടുക്കുമ്പോൾ നമ്മുടെ ജീവിതങ്ങളിൽ ദൈവത്തിന്റെ “നന്മയും പ്രസാധവും പൂർണ്ണതയുമുള്ള ദൈവഹിതം എന്ത് എന്ന് തിരിച്ചറിയുവാൻ” നാം പ്രാപ്തരാകും. തിരുവെഴുത്തുകളിലൂടെ സ്പഷ്ടമായി വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ ഹിതം സംബന്ധിച്ച് കൂടുതൽ ബോധ്യവും അനുദിന ജീവിതപ്രശ്നങ്ങളിൽ ദൈവഹിതത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ ബോധ്യവും, ഇവിടെ ദൈവഹിതം എന്നതിൽ ഉൾപ്പെട്ടിരിക്കുന്നു.
മനസ്സിന്റെ രൂപാന്തരം ആഗ്രഹിക്കുന്നുവെങ്കിൽ, തിടുക്കത്തിലുള്ള ബൈബിൾ വായന, ഒരു വാക്യം അല്ലെങ്കിൽ ഒരു വേദഭാഗം ധ്യാനിക്കുവാൻ അപൂർവ്വമായി മാത്രം സമയമെടുക്കുക, ശരീരം ക്ഷീണിച്ചും കണ്ണുകൾ പാതി മയക്കത്തിലുമാകുമ്പോൾ ഏതാനം മിനിറ്റുകൾ നേരത്തേയ്കു നടത്തുന്ന പ്രാർഥന എന്നിവ പ്രയോജനരഹിതമാണ്. അത്തരത്തിലുള്ള ഒരു ജീവിതശൈലി പാലിക്കുന്നു എന്ന കുറ്റം നമുക്കുണ്ടെങ്കിൽ, നാം മാനസാന്തരപ്പെടണം. തിരുവെഴുത്തുകൾ യഥോചിതം വായിക്കുന്നതിനും പ്രാർഥിക്കുന്നതിനും സമയം നൽകുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് നമ്മുടെ മനസ്സുകളെ പ്രചോദിപ്പിക്കുവാൻ നാം ദൈവത്തോട് അപേക്ഷിക്കണം. ഒരിക്കലും സമയം ഇല്ലാതിരിക്കുന്നില്ല [സമയം ഇല്ല എന്നത് ഒരു കാരണമല്ല]. നാം ഇഷ്ടപ്പെടുന്നത് അഥവാ പ്രധാനപ്പെട്ടത് എന്നു കരുതുന്നത് ചെയ്യുവാൻ നാം എല്ലായ്പപോഴും സമയം കണ്ടെത്തുന്നു. പരിശുദ്ധാത്മാവിനാൽ നമ്മുടെ മനസ്സുകളെ രൂപാന്തരപ്പെടുത്തുവാൻ നൽകുന്നതിനേക്കാൾ കൂടുതൽ പ്രാധ്യാന്യമുള്ള എന്തെങ്കിലും കാര്യമുണ്ടോ?
ജീവനുള്ള യാഗങ്ങളായി തങ്ങളുടെ ശരീരങ്ങളെയും മനസ്സുകളെയും സമർപ്പിക്കുവാൻ വിസമ്മതിച്ചുകൊണ്ടാണ് മനുഷ്യർ പലപ്പോഴും ദൈവത്തിന്റെ ഹിതം അറിയുവാൻ ആഗ്രഹിക്കുന്നത്. വ്യക്തമായി വെളിപ്പെടുത്തപ്പെട്ട തന്റെ കല്പനകൾ അനുസരിക്കുവാൻ നിർലജ്ജം വിസമ്മതിക്കുന്ന മനുഷ്യരെ അവരുടെ ജീവിതപ്രശ്നങ്ങളിൽ ദൈവം എന്തുകൊണ്ടാണ് വഴി കാണിക്കേണ്ടത്? അതുകൊണ്ട്, നമ്മുടെ ജീവിതങ്ങളിൽ ദൈവത്തിന്റെ ഹിതം അനുഭവിച്ചറിയുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ ശരീരങ്ങളും മനസ്സുകളും ആഴ്ചയിൽ ഏഴു ദിവസവും 24 മണീക്കൂർ വീതവും നൽകുവാൻ നാം നമ്മെത്തന്നെ സമർപ്പിക്കേണ്ടത് സുപ്രധാനമാണ്. എന്നാൽ, ആ ഉദ്ദേശ്യത്തിനു വേണ്ടി മാത്രമല്ല ഇത് ചെയ്യേണ്ടത്. ദൈവത്തെ പ്രസാധിപ്പിക്കുന്ന വിധത്തിലുള്ള ആരാധന അർപ്പിക്കുന്നതിനുള്ള ഏക മാർഗ്ഗവും അതുതന്നെയാണ്. അത് ദൈവത്തിന്റെ സകല കരുണയും – പ്രത്യേകിച്ചും കുരിശിൽ പ്രകടമായ ദൈവകരുണ – രുചിച്ചതിന്റെ ഏറ്റവും നല്ല പ്രതികരണമായിരിക്കും, ഒരേയൊരു പ്രതികരണമായിരിക്കും. കാരണം, അവിടെയാണ് നമ്മെ നരകത്തിൽ നിന്നും രക്ഷിക്കുവാനും തന്നോടൊപ്പം നിത്യജീവൻ സ്വർഗ്ഗത്തിൽ അനുഭവിക്കുവാനും വേണ്ടി നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ ദൈവപുത്രൻ വഹിച്ചത്.