രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 3 അന്യോന്യം ശുശ്രൂഷിക്കുവാൻ നമ്മുടെ ആത്മീയ വരങ്ങൾ ഉപയോഗിക്കുക

Posted byMalayalam Editor April 30, 2024 Comments:0

(English version: “The Transformed Life – Using Our Spiritual Gifts To Serve One Another”)

ദൈവത്തിന്റെ കരുണയുടെ വെളിച്ചത്തിൽ, തങ്ങളുടെ ശരീരങ്ങളെയും മനസ്സുകളെയും ജീവനുള്ള യാഗങ്ങളായി സമർപ്പിക്കുവാനുള്ള ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് റോമർ 12:1-2 വാക്യങ്ങളിൽ, പൗലോസ് പ്രസ്താവിക്കുന്നു. റോമർ 12: 3 മുതൽ ആ അധ്യായത്തിന്റെ ബാക്കി ഭാഗങ്ങളിൽ, വിശ്വാസികളും അവിശ്വാസികളുമായ മനുഷ്യരോടുള്ള ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തങ്ങളെ പൗലോസ് എഴുതി അറിയിക്കുന്നു.

റോമർ 12: 3-8 വാക്യങ്ങളിൽ, പ്രാദേശിക സഭയിൽ അന്യോന്യം സേവിക്കുവാൻ നമ്മുടെ ആത്മീയ വരങ്ങളെ എളിമയോടെ ഉപയോഗിക്കേണ്ട നമ്മുടെ ഉത്തരവാദത്വത്തെക്കുറിച്ച് പൗലോസ് പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ, ഈ വാക്യം പരിഗണിക്കുന്നതിനു മുൻപ് നമ്മുടെ ആത്മീയ വരങ്ങളെക്കുറിച്ച് 4 അടിസ്ഥാന സത്യങ്ങൾ 1 കൊരിന്ത്യർ 12:7-ൽ നിന്നും നമുക്കു കാണാം.  “എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.”

സത്യം # 1. ഓരോ ക്രിസ്ത്യാനിയ്കും ആത്മീയ വരം[ങ്ങൾ] നൽകപ്പെട്ടിരിക്കുന്നു: “എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം…നല്കപ്പെടുന്നു.”

സത്യം # 2.  ആത്മീയ വരങ്ങൾ “നൽകപ്പെടുന്ന” വയാണ്. അവയെ നേടിയെടുക്കുക അഥവാ അവകാശപ്പെടുക സാധ്യമല്ല. 

സത്യം # 3. ആത്മീയ വരങ്ങളുടെ ദാതാവ് പരിശുദ്ധാത്മാവാണ്: “ആത്മാവിന്റെ പ്രകാശനം…നല്കപ്പെടുന്നു.”

സത്യം # 4. ആത്മീയ വരങ്ങൾ മറ്റുള്ളവരുടെ പ്രയോജനത്തിനായി നൽകപ്പെടുന്നു: “പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.”

അതായത്, ഈ വാക്യത്തിലെ സത്യങ്ങളെ സംഗ്രഹിക്കുകയാണെങ്കിൽ, അത് ഇപ്രകാരമായിരിക്കും: മറ്റുള്ളവരെ സേവിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ഓരോ ക്രിസ്ത്യാനിയ്കും പരിശുദ്ധാത്മാവിനാൽ നൽകപ്പെട്ട പ്രത്യേക കഴിവാണ് ആത്മീയ വരം. തങ്ങളുടെ രൂപാന്തരപ്പെട്ട ജീവിതം ജീവിക്കുവാൻ ശ്രമിക്കുന്ന ക്രിസ്ത്യാനികൾക്ക് ദൈവവദായകമായ ആത്മീയ വരങ്ങളിലൂടെ അന്യോന്യം ശുശ്രൂഷിക്കുന്ന മേഖലയിൽ, റോമർ 12:3-8 പറയുന്ന പ്രകാരം 3 മനോഭാവങ്ങൾ ഉണ്ടായിരിക്കണം.  

മനോഭാവം # 1. എളിമ [റോമർ 12:3]

3 ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.

ആത്മീയ വരങ്ങൾ ഉപയോഗിക്കുമ്പോൾ, രൂപാന്തരപ്പെട്ട ഒരു ജീവിതത്തിന്റെ മുഖമുദ്രയായിരിക്കേണ്ട അടിസ്ഥാന മനോഭാവം എളിമയാണ്ന—മ്മെക്കുറിച്ചുതന്നെയുള്ള ഉയർന്ന ചിന്താഗതിയ്ക് അവിടെ സ്ഥാനമില്ല, “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരരുത്.” നാമെല്ലാവരും ഒഴിവാക്കാനാകാത്തവരാണ്. ഇപ്രകാരം ഒരു ചൊല്ലുണ്ട്, “ദൈവം തന്റെ ദാസന്മാരുടെ  ശവസംസ്കാരം നടത്തുകയും തന്റെ വേല തുടരുകയും ചെയ്യുന്നു!” ദൈവത്തിന്റെ ജനം മരണം വരിച്ച ശേഷവും ദൈവത്തിന്റെ സഭ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ശ്മശാനങ്ങൾ. 

1 കൊരിന്ത്യർ 4:7 നമ്മെ ഓർമ്മിപ്പിക്കുന്നു, “നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു?” നമ്മുടെ വരദാനങ്ങളെക്കുറിച്ച് വീമ്പുപറയുകയോ ഉത്കൃഷ്ടതാമനോഭാവം പുലർത്തുകയോ ചെയ്യുന്നതിന് ഇവിടെ സാധ്യതയില്ല. മറ്റുള്ളവരുടെ പ്രയോജനത്തിനും ആത്യന്തികമായി തന്റെ മഹത്വത്തിനും വേണ്ടി  നമുക്ക് വരങ്ങൾ നൽകുവാൻ സർവ്വശക്തനായ ദൈവം തീരുമാനിച്ചതിന്റെ ഫലമായാണ് നമുക്ക് സകലവും ലഭിച്ചത്!

തങ്ങളെക്കുറിച്ച് വിചാരിക്കേണ്ടിതിലും ഉപരിയായി വിചാരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുവാൻ ആളുകളോട് പറയുക മാത്രമല്ല പൗലോസ് ചെയ്യുന്നത്. പിന്നെയോ, അവർ തങ്ങളെക്കുറിച്ച് ശരിയായ വിധത്തിൽ വിചാരിക്കേണ്ട ആവശ്യവുമുണ്ട് എന്നും പറയുന്നു. “ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണം.” ദൈവം നമുക്കു നൽകിയ വിശ്വാസത്തിന് അനുസൃതമായി നാം നമ്മെക്കുറിച്ച് ചിന്തിക്കണം. 

നമ്മെക്കുറിച്ചുതന്നെ വളരെ ഉത്കൃഷ്ടമായ കാഴ്ചപ്പാട് ഉണ്ടായിരിക്കരുത് എന്നിരിക്കുമ്പോൾത്തന്നെ, വ്യാജവിനയത്തിന്റെ അടയാളമായ അനാരോഗ്യകരമായ കാഴ്ചപ്പാടുള്ളവർ ആകുവാനും നാം വിളിക്കപ്പെട്ടിട്ടില്ല. അത് തന്റെ പാസ്റ്ററുടെ അടുക്കൽ ചെന്ന്, “പാസ്റ്റർ ഞാൻ ഒന്നുമല്ല എന്ന് എനിക്കു തോന്നുന്നു എന്നു പറഞ്ഞുകൊണ്ട്, തന്റെ വിനയം കാണിക്കുവാൻ ശ്രമിച്ച ഒരു വ്യക്തിയെപ്പോലെയാണ്. അവന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ പാസ്റ്റർ കൃത്യമായി ഇപ്രകാരം ഉത്തരം പറഞ്ഞു, “സഹോദരാ, നിങ്ങൾ ഒന്നുമല്ല! വിശ്വാസത്താൽ അത് അംഗീകരിക്കുക!”

നമുക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണ് എന്നതറിഞ്ഞുകൊണ്ട്  നമ്മെക്കുറിച്ചുതന്നെ ശരിയായതും ആരോഗ്യകരമായതുമായ കാഴ്‌ച്ചപ്പാട് നമുക്ക് ഉണ്ടായിരിക്കണം എന്നതാണ് പൗലോസ് പറയുന്ന ആശയം! ഓരോ വിശ്വാസിയും ദൈവത്തിന്റെ പൈതലും  ദൈവത്താൽ വരങ്ങൾ നൽകപ്പെട്ടവനുമാണ്. നമ്മുടെ ആത്മീയ വരങ്ങൾ താഴ്മയുടെ മനോഭാവത്തോടെ ഉപയോഗിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ വരങ്ങളുടെ ഉപയോഗത്തിലൂടെ മറ്റുള്ളവരെ ശുശ്രൂഷിക്കുവാൻ നാം ശ്രമിക്കുമ്പോൾ നമ്മുടെ മുഖമുദ്രയായിരിക്കേണ്ട ഒന്നാമത്തെയും അടിസ്ഥാനപരവുമായ മനോഭാവം അതായിരിക്കണം.

മനോഭാവം # 2. ഐക്യം [റോമർ 12:4-5]

4 ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; 5 അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.

മറ്റുള്ളവരെ സേവിക്കുവാൻ നാം ശ്രമിക്കുമ്പോൾ, താഴ്മ മാത്രമല്ല, ഐക്യത്തിന്റെ മനോഭാവവും നമ്മുടെ മുഖമുദ്രയായിരിക്കണം. ക്രിസ്തുവിന്റെ ശരീരത്തിൽ ഏറെ വൈവിധ്യം ഉണ്ടെങ്കിലും, അന്തിമ വിശകലനത്തിൽ, ക്രിസ്തുവിനോട് ഒന്നായി ചേർന്നിരിക്കുന്നതിന്റെ ഫലമായി നാം എല്ലാവരും ഒരൊറ്റ ശരീരമാണ്, നാമോരോരുത്തരും മറ്റുള്ളവർക്കുള്ളവരാണ്. നാം അന്യോന്യം സേവിക്കവെ, ആ സത്യം ഓർമ്മിക്കുമ്പോൾ, നാം ഐക്യത്തിനു വേണ്ടി പരിശ്രമിക്കും. നമ്മുടെ ശരീരത്തിലെ ഒരോ അവയവത്തിനും മറ്റ് അവയവങ്ങളെ ആവശ്യമായിരിക്കുന്നതുപോലെ നമുക്കും അന്യോന്യം ആവശ്യമായിരിക്കുന്നു. 

1 കൊരിന്ത്യർ 12:15-26 വാക്യങ്ങളിൽ, ക്രിസ്തുവിന്റെ ശരീരത്തിൽ ഉൾപ്പെടുന്ന മറ്റുള്ളവരെ ഓരോ ക്രിസ്ത്യാനിയ്കും എപ്രകാരമാണ് ആവശ്യമായിരിക്കുന്നത് എന്ന് പൗലോസ് ശരീരത്തെ ഉപയോഗിച്ച്  ചിത്രീകരിച്ചിരിക്കുന്നു. തത്ഫലമായി അദ്ദേഹം ഈ പ്രതികരണത്തിന്  ആഹ്വാനം ചെയ്യുന്നു:  “ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി…” [1 കൊരിന്ത്യർ 12:25].

ബൈബിൾ അടിസ്ഥാനമായ ഐക്യം ആയിരിക്കണം ലക്ഷ്യം. നാം ഒന്നാണ്—നാം ഒരുമിച്ച് മുറിവേൽക്കുകയും ഒരുമിച്ച് ആനന്ദിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തിലെന്നതുപോലെതന്നെ, ഒരു അവയവം മുറിവേൽക്കുമ്പോൾ ശരീരം മുഴുവനും ആ വേദന അനുഭവിക്കുന്നു, തിരിച്ചും അപ്രകാരംതന്നെ. ഐക്യം എന്ന വിഷയം വളരെ പ്രധാനമാണ്. യേശുതന്നെ നമ്മുടെ ഐക്യത്തിനു വേണ്ടി യോഹന്നാൻ 17:21-ൽ ഇപ്രകാരം പ്രാർഥിച്ചു, നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.” മറ്റരൊരിടത്ത്, നാം ഐക്യം പിന്തുടരണം എന്ന് പൗലോസ് ഈ വാക്കുകളിലൂടെ പറയുന്നു, ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ” [എഫെസ്യർ 4:3]. വിശ്വാസികളുടെ ഇടയിൽത്തന്നെ ഐക്യം നിലനിർത്തുവാൻ പ്രയത്നം ആവശ്യമാണ്! 

ഇതിനർഥം, മറ്റുള്ളവരുടെ വരങ്ങൾ സംബന്ധിച്ചോ വരങ്ങൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അംഗീകാരം മൂലമോ നാം അസൂയുള്ളവരാകരുത് എന്നാണ്. ഇതിനർഥം, നിസ്സാരവിഷയങ്ങൾ ശരീരത്തിന്റെ ഐക്യത്തിന് എളുപ്പത്തിൽ ഭീഷണിയാകാൻ സാധ്യതയുള്ളപ്പോൾ അവയ്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ്.  ഇതിനർഥം, നാമെല്ലാവരും ഒരു ശരീരത്തിന്റെ ഭാഗമാണ് എന്നും നാമോരോരുത്തരും നമ്മുടെ ആത്മീയ വരങ്ങൾ ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവരുടെ പ്രയോജനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു എന്നും ഓർമ്മിച്ചുകൊണ്ട്, ക്ഷമാശീലവും സഹിഷ്ണതയുമുള്ള മനോഭാവം പ്രകടമാക്കണം എന്നാണ്.   

മനോഭാവം # 3. [റോമർ 12:6-8]

6 ആകയാൽ നമുക്കു ലഭിച്ച കൃപക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം, 7 ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ, ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ, 8 പ്രബോധിപ്പിക്കുന്നവൻ എങ്കിൽ പ്രബോധനത്തിൽ, ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ, കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ.

പരിശുദ്ധാത്മാവിനാൽ നൽകപ്പെട്ട ആത്മീയ വരങ്ങളുടെ സമ്പൂർണ്ണമായ പട്ടികയല്ല മുകളിൽ നിൽകിയിരിക്കുന്നത്. 1 കൊരിന്ത്യർ 12:28-30, എഫേസ്യർ 4:11, 1 പത്രോസ് 4:11 എന്നിങ്ങനെയുള്ള മറ്റ് വേദഭാഗങ്ങൾ കൂടുതൽ വിവരങ്ങൾ നൽകുന്നു. പരിശുദ്ധാത്മാവ് നൽകിയ വരം അല്ലെങ്കിൽ വരങ്ങൾ എന്തായിരുന്നാലും, അവ വിശ്വസ്തതയോടെ ഓരോ വിശ്വാസിയും ഉപയോഗിക്കേണ്ടതാണ് എന്നതാണ് അടിസ്ഥാന ആശയം. ഒരുവന് തന്റെ വരങ്ങൾ ഒളിച്ചുവയ്കുവാനോ അവ ഉപയോഗിക്കുമ്പോൾ മടി കാണിക്കുവാനോ സാധിക്കുകയില്ല. കൂടാതെ, ഈ വാക്യങ്ങളിൽ പൗലോസ് നൽകിയ പട്ടിക നോക്കുമ്പോൾ നിങ്ങൾ ചിലത് ശ്രദ്ധിച്ചില്ലേ? ബൈബിളിലെ മറ്റ് വേദഭാഗങ്ങൾ അനുസരിച്ച്, ഈ പട്ടികയിലുള്ള എല്ലാംതന്നെ ഓരോക്രിസ്ത്യാനിയ്കും ആവശ്യമായവയാണ്. ഓരോ വിശ്വാസിയും ബൈബിളിനെക്കുറിച്ച് മറ്റുള്ളവരോട് പറയേണ്ടതാണ്, മറ്റുള്ളവരെ സേവിക്കേണ്ടതാണ്, ഉപദേശിക്കേണ്ടതാണ്, പ്രബോധിപ്പിക്കേണ്ടതാണ്, മറ്റുള്ളവർക്ക് കൊടുക്കേണ്ടതാണ്, മറ്റുള്ളവർക്ക് കരുണ കാണിക്കേണ്ടതാണ്. ഈ പ്രത്യേക വരങ്ങളുള്ളവർ അതിലും കൂടുതൽ ചെയ്യുവാൻ വിളിക്കപ്പെട്ടവരാണ്! 

നമുക്കു നൽകപ്പെട്ട വരങ്ങൾ എന്തായാലും അവ വിശ്വസ്തമായി ഉപയോഗിക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ വരങ്ങൾ ഏവ എന്ന് അറിയില്ല എങ്കിൽ, ആവശ്യം എവിടെയാണ് ഉള്ളത് എന്ന് കണ്ടെത്തി അവിടെ ശുശ്രൂഷിക്കുവാൻ ആരംഭിക്കുക. ആ മേഖലയിൽ നിങ്ങൾക്ക് വരങ്ങൾ നൽകപ്പെട്ടിരിക്കുന്നു എന്ന് നിങ്ങൾ മിക്കവാറും കണ്ടെത്തും. നിങ്ങളുടെ ചുറ്റുമുള്ളവരോട് ചോദിക്കുകയാണ് മറ്റൊരു മാർഗ്ഗം. അതുമല്ലെങ്കിൽ, ശുശ്രൂഷ ചെയ്യുവാൻ നിങ്ങളുടെ ഹൃദയം നിങ്ങളെ ആകർഷിക്കുന്ന മേഖലകൾ ഏവ എന്ന് കണ്ടെത്തുക. ആത്മീയ വരങ്ങൾ ഒളിഞ്ഞു കിടക്കാതെ പരസ്യമായി വെളിപ്പെടുത്തുവാനും ഉപയോഗിക്കുവാനും സാധിക്കേണ്ടതിന് ദൈവം ശരീരത്തെ ഒരുമിപ്പിച്ച് നിർത്തിയിരിക്കുന്നു.  

ദൈവദായകമായ ആത്മീയ വരങ്ങളാൽ അന്യോന്യം ശുശ്രൂഷിക്കുന്ന മേഖലയിൽ നമ്മുടെ രൂപാന്തരപ്പെട്ട ജീവിതങ്ങൾ ജീവിക്കുവാൻ നാം ശ്രമിക്കുമ്പോൾ നമ്മുടെ മുഖമുദ്രയായിരിക്കേണ്ട 3 മനോഭാവങ്ങളാണ് ഇവതാഴ്മ, ഐക്യം, വിശ്വസ്തത. 

സമാപന ചിന്തകൾ.

ഒറ്റപ്പെട്ട ജീവിതങ്ങൾ നയിക്കാതിരിക്കുക എന്നതാണ് പ്രശ്നപരിഹാരം. ഒറ്റതിരിഞ്ഞ ജീവിത്തിൽ നമുക്ക് നമ്മുടെ ആത്മീയ വരങ്ങൾ ഉപയോഗിക്കുക സാധ്യമല്ല. മറ്റുള്ളവർക്ക് പ്രയോജനത്തിനായിട്ടാണ് അവ ഉപയോഗിക്കപ്പെടേണ്ടത്. അതുകൊണ്ടാണ് പ്രാദേശികമായ സഭയിൽ അംഗമായിരിക്കുകയും സഭ ഒരുമിച്ചുകൂടുമ്പോൾ അതിൽ സംബന്ധിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാകുന്നത്. ഞായറാഴ്ച രാവിലെയുള്ള ആരാധനായോഗത്തിലും സഭ ഒത്തുചേരുന്ന മറ്റ് അവസരങ്ങളും [ബൈബിൾ പഠനങ്ങൾ, പ്രാർഥനായോഗങ്ങൾ എന്നിവ] ഇതിൽ ഉൾപ്പെടുന്നു എന്നാണ് ഇതിനർഥം. സഭായോഗങ്ങളിൽ ഉൾപ്പെടാത്ത മറ്റുവിശ്വാസികൾക്കായുള്ള പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. നാം ക്രിസ്തുവിനെപ്പോലെ ആയിത്തീരണം എന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണ്. സാമൂഹ്യജീവിതം കൂടാതെ അത് സംഭവ്യമാകുകയില്ല. നമ്മുടെ ആത്മീയ വരങ്ങൾ വേണ്ടവിധം ഉപയോഗിക്കുന്നതിലൂടെ നാം അന്യോന്യം കല്പനകൾ പാലിക്കേണ്ടതാണ്.     

അനേക ക്രിസ്ത്യാനികളും തങ്ങളുടെ ആത്മീയ വരങ്ങൾ ഫലകരമായി ഉപയോഗിക്കാതിരിക്കുന്നതിന്റെ ഏതാനം കാരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 

  • അഹംഭാവം. “എല്ലാം ഞാൻ പറയുന്നതുപോലെ നടക്കണം.” അല്ലെങ്കിൽ, “ഞാൻ ശുശ്രൂഷ ചെയ്യുകയില്ല.” അല്ലെങ്കിൽ “എന്നെ അംഗീകരിച്ചില്ല എങ്കിൽ ഞാൻ ശുശ്രൂഷ ചെയ്യുകയില്ല.” അല്ലെങ്കിൽ, പരാജയഭീതിയും കാരണമാകാം.  “ഞാൻ പരാജയപ്പെട്ടാൽ എന്തു ഭവിക്കും? മറ്റുള്ളവരുടെ മുമ്പിൽ ഞാൻ എപ്രകാരം കാണപ്പെടും?” ദൈവം എന്തു കരുതും എന്നതിനേക്കാൾ മനുഷ്യർ എന്തു കരുതും എന്നതിനെക്കുറിച്ച് അവർ ബോധവാന്മാരാണ്!
  • മടി. ശുശ്രൂയ്ക്ക് പ്രയത്നം ആവശ്യമാണ്. ദൈവത്തിന്റെ വേലയോട് “ഉവ്വ്” എന്നു പറയുന്നത് മറ്റു ചില പ്രത്യേക പ്രവർത്തനങ്ങളോട് “ഇല്ല” എന്നു പറയുകയാണ്. എനിക്കു ചെയ്യുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം ഞായറാഴ്ചകളിൽ വന്ന് മുഖം കാണിക്കുകയാണ് എന്ന മനോഭാവമാണ് ഇന്ന് വിശ്വാസികളെന്ന് ഭാവിക്കുന്ന അനേകരും പുലർത്തുന്നത്. ആവശ്യമായ പ്രവർത്തനങ്ങൾ കൂടുതൽ വരങ്ങളുള്ള മറ്റുള്ളവർ ചെയ്യട്ടെ. വരങ്ങൾ ഉണ്ടായിരിക്കുക എന്നത് അവ സ്വയമേവ പ്രയോഗിക്കുവാൻ കാരണമാക്കുന്നില്ല. നാം അതിനായി പൂർണ്ണമായും കഠിനപ്രയത്നം ചെയ്യണം. ഇന്ന് വിശ്വാസികളുടെ ഇടയിൽ പകർച്ചവ്യാധിയായ പാപമായി മടി കാണപ്പെടുന്നു.  
  • നിരുത്സാഹപ്പെടുത്തൽ.  കാരണങ്ങൾ ഏറെയുണ്ട്. “ഫലമൊന്നും കാണുന്നില്ല. പ്രയോജനം ഉണ്ടാകുന്നില്ല. എന്റെ വ്യക്തിജീവിതത്തിൽ പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, എനിക്ക് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുവാൻ സാധിക്കുകയില്ല.”
  • സ്ഥാനം തെറ്റിയ മുൻഗണനകൾ. ലോകപരമായ പ്രവർത്തനങ്ങൾക്ക് വളരെയധികം സമയം നൽകുക. ശനിയാഴ്ച ദിവസത്തെ സകല പ്രവർത്തനങ്ങൾക്കും ആളുകൾക്ക് സമയമുണ്ട്. എന്നാൽ, ഞായറാഴ്ച രാവിലെ ശുശ്രൂഷ ചെയ്യുവാൻ സാധിക്കാത്തവിധം അവർ വളരെ ക്ഷീണിതരായിരിക്കുന്നു! അല്ലെങ്കിൽ, ലോകപരമായ അനവധി പ്രവർത്തനങ്ങളിൽ ഞാൻ ഏർപ്പെട്ടിരിക്കുന്നതു കാരണം, ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ എനിക്കു സമയമേയില്ല. തിരക്കേറിയ ജീവിതം നയിക്കുന്നത് എല്ലായ്പോഴും ആത്മീയമായി ഫലകരമാകണമെന്ന് അർഥമില്ല. നാം എന്തിലാണ് തിരക്കോടെ വ്യാപൃതരായിരിക്കുന്നത്? അവ നിത്യമായ പ്രാധാന്യമുള്ളവയാണോ? എന്ന ചോദ്യം ഓരോ ക്രിസ്ത്യാനിയും തുടർമാനമായി ചോദിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടതാണ്. 

എന്തുകൊണ്ട് തങ്ങളുടെ ആത്മീയ വരങ്ങൾ ഉപയോഗിക്കുന്നില്ല എന്നതിന് ഒരുവന് എപ്പോഴും ഒഴികഴിവ് പറയുകയും തന്നെത്താൻ വിശ്വസിപ്പിക്കുകയും ചെയ്യുവാൻ സാധിക്കും. എന്നാൽ, യാഥാർഥ്യം ഇതാണ്: നമ്മെത്തന്നെ ത്യജിച്ച് എല്ലായ്പോഴും കർത്താവിനെ അനുഗമിക്കുവാൻ അവൻ നമ്മെ ആഹ്വാനം ചെയ്യുന്നു. നമ്മുടെ ആത്മീയ വരങ്ങൾ ഉപയോഗിക്കുന്നതിന് എല്ലായ്പോഴും ഒരു വില നൽകേണ്ടി വരും. എന്നാൽ, കർത്താവിന്റെ മക്കൾ എന്ന നിലയിൽ നമ്മുടെ വിളി പൂർത്തിയാക്കുന്നതിന് അത് നമ്മെ തടയുവാൻ പാടില്ല. രക്ഷിക്കപ്പെട്ടവർ മറ്റുള്ളവർക്ക് ശുശ്രുഷ ചെയ്യുന്നു! ആകർഷകമായ വരങ്ങൾ ഉണ്ടായിരിക്കണം എന്നല്ല. ദൈവം നമുക്കു നൽകിയ വരം എന്തായിരുന്നാലും അത് നാം എപ്രകാരം ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം! 

മത്തായി 25:14-30 വരെയുള്ള വേദഭാഗത്ത് നൽകപ്പെട്ടരിക്കുന്ന താലന്തുകളുടെ ഉപമയിൽ യേശുവിന്റെ വാക്കുകൾ ഓർമ്മിക്കുക. ഓരോരുത്തനും വ്യത്യസ്ത താലന്താണ് നൽകപ്പെട്ടത്. ഒരാൾക്ക് 5 താലന്ത് നൽകപ്പെട്ടു, ഒരുവന് 2 നൽകപ്പെട്ടു, മറ്റൊരുവന് 1 മാത്രം നൽകപ്പെട്ടു: “ഓരോരുത്തനു അവന്റെ പ്രാപ്തിപോലെ” നൽകപ്പെട്ടു [വാക്യം 15]. തങ്ങൾക്കു ലഭിച്ച താലന്തുകൾ നല്ല രീതിയിൽ ഉപയോഗിച്ചവർ അഭിനന്ദിക്കപ്പെട്ടു. തനിക്കു ലഭിച്ചത് ഉപയോഗിക്കാതിരുന്നവന് കഠിനമായ വിമർശനമാണ് ലഭിച്ചത്. ഈ മനുഷ്യനെക്കുറിച്ചുള്ള യേശുവിന്റെ വിവരണത്തിലെ ശക്തമായ വാക്കുകൾ സൂചിപ്പിക്കുന്നത് അയാൾ യഥാർഥ ക്രിസ്ത്യാനി ആയിരുന്നില്ല എന്നാണ്, “ദുഷ്ടനും മടിയനും ആയ ദാസനേ…എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും” [മത്തായി 25:26, 30].  അതായത്, ഒരു യഥാർഥ വിശ്വാസിയിൽ ശുശ്രൂഷയുടെ അഭാവം ഉണ്ടായിരിക്കുകയില്ല.  

മറ്റൊരു തരത്തിൽ പറഞ്ഞാൽ, മറ്റുള്ളവരുടെ ശുശ്രൂഷയ്കായി നാം നമ്മെത്തന്നെ നൽകിയാൽ ഭാവിയിൽ ഒരു ദിനം യേശുവിന്റെ അധരങ്ങളിൽ നിന്നും “നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു” [മത്തായി 25:21] എന്ന വാക്കുകൾ കേൾക്കുക മാത്രമല്ല പിന്നെയോ, നമ്മുടെ രക്ഷ യഥാർഥമാണെന്ന ഉറപ്പ് വർത്തമാനകാലത്തും നമുക്ക് ഉണ്ടായിരിക്കുക സാധ്യമാണ്!  

നമുക്ക് നൽകപ്പെട്ടിരിക്കുന്ന ആത്മീയ വരങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഈ വേദഭാഗത്ത് പൗലോസിന്റെ ഉപദേശത്തിന് ഗൗരവമായ ഫലങ്ങളുണ്ട്. അതുകൊണ്ടാണ്, നാം ഇത് ശ്രദ്ധയോടെ കാണേണ്ടത്. പരിശുദ്ധാത്മാവിനാൽ നൽകപ്പെട്ട ആത്മീയ വരം താഴ്മയോടെയും ഐക്യത്തോടെയും വിശ്വസ്തതയോടെയും മനുഷ്യരെ സേവിക്കുവാൻ ഉപയോഗിക്കുന്നതിന് എന്തു ചെയ്യണം? കുരിശിനെ നോക്കുന്നത് നാം തുടരുക. യേശു തന്നെത്തന്നെ നമുക്കു വേണ്ടി നൽകി! മറ്റുള്ളവരെ ശുശ്രൂഷിക്കുവാൻ നമ്മെത്തന്നെ നൽകുവാൻ അത് നമുക്ക് തുടർമാനമായി പ്രചോദനമാകണം. 

നമുക്ക് കരുണ ലഭിച്ചിരിക്കുന്നു. ഈ കരുണ നമ്മെ, നമ്മുടെ ആത്മീയ വരങ്ങൾ മറ്റുള്ളവരുടെ പ്രയോജനത്തിനു വേണ്ടി ഉപയോഗിക്കുവാൻ ഉത്സാഹിപ്പിക്കണം. അതാണ് റോമർ 12:3-8 വാക്യങ്ങളിൽ പൗലോസ് പ്രസ്താവിക്കുന്ന ആശയം. ഇത് പ്രയോഗത്തിൽ വരുത്തുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

Category

Leave a Comment