രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 5 ഉത്സാഹത്തോടെ കർത്താവിനെ സേവിക്കുക

(English version: “The Transformed Life – Serving The Lord Enthusiastically”)
പരിശുദ്ധാത്മാവ് രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ ഒരു തെളിവ് ഉത്സാഹത്തോടെ കർത്താവിനെ സേവിക്കുക എന്നതാണ്.
മനസ്സ് പുതുക്കി രൂപാന്തരപ്പെടുവാൻ വിശ്വാസികളോട് കല്പിച്ചശേഷം റോമർ 12:11-ൽ പൗലോസ് ഈ കല്പന നൽകുന്നു: “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.” ഒരു താലന്ത് ലഭിച്ച ശേഷം, അത് നിലത്ത് കുഴിച്ചിട്ട ദാസനെ യേശു ശാസിക്കുന്നത് പരാമർശിക്കുമ്പോൾ “മടുപ്പ്” എന്ന പദം മത്തായി 25:26-ൽ “മടി” എന്ന് പരിഭാഷ ചെയ്തിരിക്കുന്നു. അലസന്മാർ എന്നും വിളിക്കപ്പെടുന്ന മടിയന്മാരെ പഴയ നിയമത്തിലും ദൈവം ശാസിക്കുന്നു. ഉദാഹരണത്തിന്, സദൃശ്യവാക്യങ്ങൾ 6:9-ൽ മടിയന്മാരായ മനുഷ്യരോട് ഈ ശാസനാവാക്കുകൾ പറയുന്നതായി നാം കാണുന്നു, “മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?” യെശയ്യാ 56:10-ൽ യിസ്രായേലിന്റെ ആത്മീയ നേതാക്കന്മാരെ അവർ തങ്ങളുടെ ഉത്തരവാദിത്തത്ത്വം ചെയ്യുവാൻ പരാജയപ്പെട്ടതിന് ദൈവം ശാസിക്കുന്നു. ആ ശാസനയിലെ ഒരു ഭാഗം അവരുടെ മടിയെ പരാമർശിക്കുന്നതായിരുന്നു, “അവന്റെ കാവൽക്കാർ കുരുടന്മാർ; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, അവരെല്ലാവരും കുരെപ്പാൻ വഹിയാത്ത ഊമനായ്‍ക്കൾ തന്നേ; അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു.” അതേ ചിന്തയാണ് യിരേമ്യാവു 48:10–ലും പ്രതിധ്വനിക്കുന്നത്, “യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ!” അശ്രദ്ധമായും ഉദാസീനതാമനോഭാവത്തോടെയും കർത്താവിനെ സേവിക്കുന്നവരിൽ അവൻ പ്രസാധിക്കുന്നില്ല.
നാം എപ്രകാരമാണ് ദൈവത്തെ സേവിക്കുന്നത് എന്നത് ദൈവത്തിന് പ്രധാനമാണ് എന്നതും പുതിയ നിയമത്തിൽ എബ്രായർ 12:28-29 വാക്യങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നു, “ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.” അതുകൊണ്ടാണ്, നാമോരോരുത്തരും നമ്മോടുതന്നെ ഇപ്രകാരം തുടർമാനമായി ചോദിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നത്, “ഞാൻ ദൈവത്തെ സേവിക്കുന്നത് അല്ലെങ്കിൽ ആരാധിക്കുന്നത് ഭക്തിയോടും ഭയത്തോടുംകൂടെയാണോ? ഞാൻ അതു ചെയ്യുന്നത് നന്ദിയുടെയും ആനന്ദത്തിന്റെയും ഉത്സാഹത്തിന്റെയും മനോഭാവത്തോടെയാണോ? അത് സ്വീകാര്യമായ സേവനമാണോ?” എന്തുകൊണ്ട്? കാരണം, ദൈവം അത് ആവശ്യപ്പെടുന്നു!
റോമർ 12:11-ൽ അടിസ്ഥാനപരമായി പൗലോസ് പറയുന്നത് ഇതാണ്: “കർത്താവിനെ സേവിക്കുന്ന കാര്യത്തിൽ മടിയുള്ളവരാകരുത്. അത് അത്യുത്സാഹത്തോടെ ചെയ്യുക.” ഒരുവന് ദൈവത്താൽ നൽകപ്പെട്ട ആത്മീയ വരങ്ങൾ മറ്റരുള്ളവരുടെ പ്രയോജനത്തിന് നന്നായി ഉപയോഗിക്കുകയും [റോമർ 12:3-8] അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുക എന്നതും ഇതിൽ ഉൾപ്പെടും! ആത്മാവിൽ എരിവുള്ളവരായി എന്നീ വാക്കുകളിൽ എന്തെങ്കിലുമൊന്ന് ജ്വലിക്കുക, തിളച്ചുപൊങ്ങുക എന്ന ആശയമുണ്ട്. പരിശുദ്ധാത്മാവ് വേണ്ടവിധം നമ്മെ പ്രേരിപ്പിക്കുമ്പോൾ അത്തരത്തിലുള്ള ഉത്സാഹമാണ് നമുക്കു വേണ്ടത്. ആത്മീയമായ ചിത്തഭ്രമത്തെയല്ല പൗലോസ് പരാമർശിക്കുന്നത്. കർത്താവിനെ പൂർണ്ണഹൃദയത്തോടെ സേവിക്കുവാൻ ഉത്സാഹത്തോടെ സ്വയം നൽകുന്ന, ബൈബിൾപരമായി അറിവു നേടിയ മനസ്സിൽ നിന്നും ഉത്ഭവിക്കുന്ന ആന്തരിക മനോഭാവത്തെക്കുറിച്ചാണ് പൗലോസ് പറയുന്നത്. പൂർണ്ണമായും ദൈവത്തിന്റേതാണ് എന്ന് അറിയുന്ന ഹൃദയമാണത്. സേവിക്കുക എന്ന വാക്ക് വന്നിരിക്കുന്ന പദത്തിൽ നിന്നുമാണ് “അടിമ” അഥവാ “ദാസൻ” എന്ന പദം നമുക്കു ലഭിക്കുന്നത്. അതുകൊണ്ട് വാക്യം 11-നെ നമുക്ക് ശരിയായി ഇപ്രകാരം പരിഭാഷചെയ്യാം, “ആത്മാവിൽ എരിവുള്ളവരായി കർത്താവിന്റെ ദാസന്മരായിരിപ്പിൻ.” ദാസൻ എന്ന പദം ഇവിടെ നിഷേധാത്മക അർഥത്തിലല്ല മനസ്സിലാക്കേണ്ടത്. പകരം, യേശുവിന്റെ രക്തത്താൽ വിലയ്കു വാങ്ങപ്പെട്ടവർ എന്നതിനാൽ ദൈവത്തിന്റെ ഉടമസ്ഥതയിലുള്ളവർ എന്ന അർഥത്തിലാണ് ഇതിനെ മനസ്സിലാക്കേണ്ടത് [1 കൊരിന്ത്യർ 6:20]. ഈ ഉടമസ്ഥത സമ്പൂർണ്ണമായ കൂറ് അഥവാ ഭക്തി ആവശ്യപ്പെടുന്നു.
കർത്താവിനെ സേവിക്കുമ്പോൾ നാം ചെയ്യേണ്ടത് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അതാണ് ലൂക്കോസ് 17:7-10 വരെയുള്ള വാക്യങ്ങളിൽ യേശു പഠിപ്പിച്ചത്, “നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല: എനിക്കു അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നുകുടിച്ചുകൊൾക എന്നു പറകയില്ലയോ? തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ? അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.” ഞങ്ങൾ ഞങ്ങളുടെ ജോലി മാത്രമാണ് ചെയ്തത് എന്ന താഴ്മയുള്ള മനോഭാവമാണ് നമുക്കു വേണ്ടത്. നാം “യേശുക്രിസ്തുവിന്റെ ദാസന്മാർ” എന്ന വലിയ സ്ഥാനനാമം ധരിക്കുന്നു. തങ്ങളുടെ യജമാനന്മാർ ചെയ്യുവാൻ കല്പിക്കുന്നത് ദാസന്മാർ ചെയ്യുന്നു. യജമാനൻ നമ്മോട് കല്പിക്കുന്നത് അത്യുത്സാഹത്തോടെ അവനെ സേവിക്കുക എന്നാണ്.
ദൈവത്തെ സേവിക്കുമ്പോൾ നമുക്ക് ഉണ്ടായിരിക്കേണ്ട മനോഭാവം ഏതു വിധത്തിലുള്ളതാണ് എന്ന് എഴുതുമ്പോൾ ഡൊണാളഡ് വിറ്റ്നി തന്റെ പുസ്തകമായ Spiritual Disciplines [p. 129]-ൽ ഇപ്രകാരം പറയുന്നു:
ആവശ്യമുണ്ട്: ദൈവരാജ്യത്തിന്റെ പ്രാദേശികമായ ആവിഷ്കരണത്തിന് സമർഥരായ സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ട്. ദൈവത്തോടുള്ള അനുസരണം, നന്ദി, ക്ഷമ, താഴ്മ, സ്നേഹം എന്നിവയായിരിക്കണം സേവിക്കുന്നതിനുള്ള പ്രചോദനം. വിരളമായി മാത്രമാണ് ഈ ജോലി മഹത്വകരമാകുന്നത്. ജോലിസ്ഥലം ഉപേക്ഷിച്ചു പോകുവാനുള്ള പ്രലോഭനം ചിലപ്പോൾ ശക്തമായി അനുഭവപ്പെടും. ദീർഘമണിക്കൂറുകളിലെ ജോലി, അൽപ്പം അല്ലെങ്കിൽ കാണത്തക്കതായ ഫലങ്ങൾ ഒട്ടും ഇല്ലാതിരിക്കുക, ഒരുപക്ഷെ, നിത്യതയിൽ ദൈവത്തിൽ നിന്നുമല്ലാതെ മറ്റാരിൽ നിന്നും അംഗീകാരം ലഭിക്കാതിരിക്കുക എന്നീ സാഹചര്യങ്ങളുടെ മധ്യത്തിൽ സന്നദ്ധപ്രവർത്തകർ വിശ്വസ്തരായിരിക്കേണ്ടതുണ്ട്.
അടിസ്ഥാനപരമായി വിറ്റ്നി പറയുന്നത് ഇതാണ്: ദൗത്യം എത്ര ദുഷ്കരമായിരുന്നാലും, നിങ്ങളുടെ പ്രയത്നം എത്ര ഫലരഹിതമായി കാണപ്പെട്ടാലും വിശ്വസ്തതയോടെ ദൈവത്തെ സേവിക്കുക!
കർത്താവിനെ സേവിക്കുക എന്നത് സഭാപ്രവർത്തനങ്ങളിൽ മാത്രം നം ഒതുക്കിക്കളയരുത്. 1 കൊരിന്ത്യർ 10:31 ഇപ്രകാരം പറയുന്നു, “ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.” ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം ദൈവത്തിന്റെ മഹത്വത്തിനായി ജീവിക്കണം. ആഴ്ചയിൽ ഏഴുദിവസവും ഇരുപത്തിനാല് മണിക്കൂർ മുഴുവനും നാം ജീവനുള്ള യാഗമായിത്തീരണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മുടെ എല്ലാ പ്രവൃത്തികളും കർത്താവിനെന്നതുപോലെ ചെയ്യണം എന്നത് തുടർമാനമായി നാം ഓർമ്മിക്കണം. ഉദാഹരണത്തിന്, ഭൗതികമായ ജോലി സംബന്ധിച്ച് എഫേസ്യരോട് പൗലോസ് ഇപ്രകാരമാണ് പറഞ്ഞത്:
എഫെസ്യർ 6:5-8 5 ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ. 6 മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും 7 മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ. 8 ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.
അതുകൊണ്ട്, ജോലിസ്ഥലത്ത് നമ്മുടെ സേവനം പുറമേ മനുഷ്യർക്കാണ് ചെയ്യപ്പെടുന്നത് എങ്കിൽപോലും നാം കർത്താവിനെ അവിടെ ഉത്സാഹത്തോടെ സേവിക്കേണ്ടതാണ്.
ദിവസത്തിന്റെ അവസാനത്തിൽ, സേവനത്തിന്റെ കാര്യത്തിൽ, നമ്മെ എവിടെ ആക്കിയിരിക്കുന്നു, ഏതു തരത്തിലുള്ള ജോലി ചെയ്യുവാനാണ് നാം വിളിക്കപ്പെട്ടത്, നമ്മുടെ സേവനത്തിൽ നിന്നും എന്ത് ഫലമാണ് ഉണ്ടാകുന്നത് എന്നീ കാര്യങ്ങളിൽ ദൈവം നിയന്ത്രണം നടത്തുന്നുണ്ട് എന്നത് നാം ഓർമ്മിക്കേണ്ടതുണ്ട്.
“എന്തുകൊണ്ടാണ് നീ നിന്നെത്തന്നെ ഈ ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് കുഴിച്ചുമൂടിയിരിക്കുന്നത്?” എന്ന് ഒരു മിഷനറിയോട് ഒരുവൻ ചോദിച്ചു, “ഞാൻ എന്നെത്തന്നെ കുഴിച്ചുമൂടിയിട്ടില്ല, ഞാൻ പറിച്ചുനടപ്പെട്ടതാണ്” എന്ന് ആ മിഷനറി മറുപടി പറഞ്ഞു. അത്തരത്തിലുള്ള മനോഭാവം വ്യത്യാസം ഉളവാക്കുന്നു. [Warren Wiersbe, When Life Falls Apart, p. 63].
ദൈവം നമ്മെ ആക്കിയിരിക്കുന്നയിടം നാം പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുകയും അത്യുത്സാഹത്തോടെ അവിടെ അവനെ സേവിക്കുകയും വേണം. ചിലപ്പോൾ, നാം നിരുത്സാഹം നേരിടുന്നു എന്നത് ഞാൻ മനസ്സിലാക്കുന്നു. നിരുത്സാഹത്തിന് പല കാരണങ്ങൾ ഉണ്ടായിരിക്കാം. ദൈവത്തിന്റെ പ്രവാചകന്മാരും അപ്പോസ്തലന്മാരും നിരുത്സാഹം നേരിട്ടിരുന്നു. നമുക്കും അപ്രകാരം തന്നെയായിരിക്കും! എന്നിരുന്നാലും, അത്തരം സമയങ്ങളിലും, രണ്ട് കാര്യങ്ങൾ ചെയ്തുകൊണ്ട്, വിശ്വാസത്താൽ, മുമ്പോട്ടു പോകുവാൻ നമുക്ക് ദൈവത്തോട് സഹായം അപേക്ഷിച്ചുകൊണ്ടിരിക്കാം.
1. ദൈവത്തിന്റെ മനസ്സലിവിനെ നാം തുടർമാനമായി ധ്യാനിക്കണം [റോമർ 12:1].
2. കർത്താവിനു വേണ്ടിയുള്ള നമ്മുടെ പ്രയത്നം വ്യർഥമല്ല എന്ന ദൈവത്തിന്റെ വാഗ്ദത്തം നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കേണ്ട ആവശ്യമുണ്ട്.
സേവിക്കുന്ന കാര്യത്തിൽ നമ്മെ പ്രചോദിപ്പിച്ചു നിർത്തേണ്ട ഏതാനം ചില വാക്യങ്ങൾ ഇവിടെ നൽകുന്നു.
1 കൊരിന്ത്യർ 15:58 ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
ഗലാത്യർ 6:9-10 9 നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും. 10 ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.
എബ്രായർ 6:10-12 10 ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. 11 എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 12 അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
ദൈവത്തിന്റെ വചനം പ്രോത്സാഹനമാണ്. കർത്താവിന്റെ വേലയ്കായി തങ്ങളുടെ ജീവിതങ്ങൾ നൽകിയ ദൈവജനവും പ്രോത്സാഹനമാണ്. വലിയ കഷ്ടതകളുടെ മധ്യത്തിലും തങ്ങൾക്കുള്ളത് സകലതും ക്രിസ്തുവിനായി നൽകിയ ക്രിസ്ത്യാനികളുടെ ആത്മകഥകൾ വായിക്കുക. എന്നിട്ടും കർത്താവിനെ സേവിക്കുന്നതിനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ച് ഈ മനുഷ്യർ ഒരിക്കലും ഖേദിച്ചിട്ടില്ല. ഇതാ ഒരു ഉദാഹരണം.
വില്യം ബോർഡൻ [1887-1913] ചിക്കാഗോയിൽ 1904-ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ബോർഡൻ ഡയറി എസ്റ്ററ്റിന്റെ അവകാശിയായിരുന്നു അദ്ദേഹം. പഠനം പൂർത്തിയാക്കിയ വില്യമിന് ലോകം ചുറ്റി സഞ്ചരിക്കുന്നതിനുള്ള അവസരമെന്ന അസാധാരണമായ സമ്മാനം ലഭിച്ചു. ഈ സഞ്ചാരം വില്യമിൽ എന്ത് സ്വാധീനം ഉളവാക്കും എന്ന് അതിന് അവസരം നൽകിയവർ തിരിച്ചറിഞ്ഞിരുന്നില്ല.
യാത്രയ്കിടയിൽ, വില്യമിന് തന്നേക്കാൾ ഭാഗ്യം കുറഞ്ഞവരും ക്രിസ്തുവിനെ ആവശ്യമായിരിക്കുന്നവരുമായ മനുഷ്യരെക്കുറിച്ച് വലിയ ഭാരം തോന്നിത്തുടങ്ങി. ഒരു മിഷനറിയായി ക്രിസ്തുവിനെ സേവിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം വീട്ടിലേയ്ക് കത്തെഴുതി. ബന്ധുക്കളും സുഹൃത്തുക്കളും അവശ്വസനീയതയോടെ ആ വാർത്ത കേട്ടപ്പോൾ, ബോർഡൻ തന്റെ ബൈബിളിന്റെ പുറകിൽ ഈ രണ്ടു വാക്കുകൾ എഴുതി: “എനിയ്കായി ഒന്നും കരുതിവയ്കുന്നില്ല.”
അദ്ദേഹം അമേരിക്കയിലേയ്ക് തിരികെയെത്തി, യെയ്ൽ യൂണിവേഴ്സിറ്റിയിൽ പഠനത്തിന് ചേർന്നു. അദ്ദേഹം ഒരു മാതൃകാവിദ്യാർഥിയായിരുന്നു. മിഷൻ ഫീൽഡിലേയ്കു പോകുന്നതിനുള്ള വില്യമിന്റെ ആഗ്രഹത്തെ കോളേജ് കെടുത്തിക്കളയും എന്ന് മറ്റുള്ളവർ ചിന്തിച്ചെങ്കിലും അത് ആ ആഗ്രഹത്തെ ഉദ്ദീപിപ്പിക്കുകയാണ് ചെയ്തത്.
അദ്ദേഹം ഒരു ബൈബിൾ സ്റ്റഡി ആരംഭിച്ചു, ഒന്നാം വർഷത്തിന്റെ അവസാനമായപ്പോഴേയ്കും തിരുവെഴുത്തുകൾ പഠിക്കുവാനും പ്രാർഥിക്കുവാനും 150 വിദ്യാർഥികൾ ആഴ്ചതോറും ഒരുമിച്ചുകൂടി. അദ്ദേഹം മുതിർന്ന ക്ലാസ്സിൽ എത്തിയപ്പോഴേയ്കും, ആഴ്ചതോറും ബൈബിൾ പഠനത്തിനും പ്രാർഥനയ്കുമായി ഒരുമിച്ചുകൂടുന്ന ശിഷ്യത്വ ഗ്രൂപ്പുകളിൽ യെയ്ലിലെ 1300 വിദ്യാർഥികളിൽ ആയിരംപേരും പങ്കെടുക്കുമായിരുന്നു.
തന്റെ സുവിശേഷീകരണ പ്രയത്നങ്ങൾ യെയ്ലിലെ പുരാതനമായ ക്യാംപസിൽ മാത്രം പരിമിതപ്പെടുത്തിയില്ല. പാവങ്ങൾക്കുവേണ്ടിയും അദ്ദേഹത്തിന്റെ ഹൃദയം തുടിച്ചു. യെയ്ൽ ഹോപ് മിഷൻ അദ്ദേഹം സ്ഥാപിച്ചു. ന്യൂ ഹാവെൻ, കണെക്ടിക്കട്ട് തെരുവുകളിലെ ആളുകൾക്ക് അദ്ദേഹം ശുശ്രൂഷ ചെയ്തു. വിധവകൾ, അനാഥർ, ഭവനരഹിതർ, വിശക്കുന്നവർ എന്നിവർക്ക് ക്രിസ്തുവിന്റെ ശുശ്രൂഷ ചെയ്യുകയും അവർക്ക് പ്രത്യാശയും അഭയവും നൽകുകയും ചെയ്തു.
വിദേശത്തുനിന്നും അമേരിക്കയിലെത്തിയ ഒരു സന്ദർശകനോട്, അവിടെ ചിലവഴിച്ച സമയം അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ച കാര്യം എന്തെന്ന് ഒരാൾ ചോദിച്ചു. “തെരുവിൽ അലഞ്ഞുതിരിയുന്ന ഒരു മനുഷ്യനെ യെയ്ൽ ഹോപ് മിഷനിൽ തന്റെ കൈകൾക്കൊണ്ട് ചേർത്തുപിടിക്കുന്ന കോടീശ്വരാനായ ആ യുവാവിന്റെ ചിത്രം” എന്ന് അയാൾ മറുപടി പറഞ്ഞു.
യെയ്ലിൽ നിന്നും പഠനം പൂർത്തിയാക്കിയപ്പോൾ ബോർഡന് ലാഭകരമായ പല ജോലികൾ വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ, ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിശയിപ്പിച്ചുകൊണ്ട്, അദ്ദേഹം അവ നിരസിച്ചു. പകരം, തന്റെ ബൈബിളിന്റെ പുറകുവശത്ത് ഈ വാക്കുകൾക്കൂടി ബോർഡൻ എഴുതിച്ചേർത്തു: “പിന്തിരിയുകയില്ല.”
പ്രിൻസ്റ്റൺ സെമിനാരിയിൽ ചേരുകയും അവിടെ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം, ചൈനയിലേയ്ക് യാത്ര ചെയ്യുകയും ചെയ്തു. മുസ്ലീം ജനതയുടെയിടയിൽ ക്രിസ്തവിനെ സേവിക്കുവാനുള്ള ഉദ്ദേശ്യത്തോടുകൂടെ, അദ്ദേഹം അറബി ഭാഷ പഠിക്കുവാൻ ഈജിപ്റ്റിൽ തങ്ങി. എന്നാൽ, അവിടെവച്ച്, അദ്ദേഹത്തിന് മസ്തിഷ്കരോഗം ബാധിച്ചു. പിന്നീട് അദ്ദേഹം ജീവിച്ചത് ഒരു മാസം മാത്രമാണ്.
ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ വില്യം ബോർഡൻ മരിച്ചു. ക്രിസ്തുവിനെ അറിയുന്നതിനും അറിയിക്കുന്നതിനും വേണ്ടി ബോർഡൻ സകലവും നഷ്ടമാക്കി. തന്റെ പൂർവ്വികരിൽ നിന്നും അവകാശമായിക്കിട്ടിയ ജീവിതത്തിന്റെ നിഷ്ഫലത്വത്താൽ പിടിക്കപ്പെടുവാൻ അദ്ദേഹം വിസമ്മതിച്ചു. പകരം, യേശുക്രിസ്തുവിന്റെ രക്തത്താലുള്ള തന്റെ മറുവിലയുടെ മഹത്വം ജീവിച്ചുകാട്ടുവാൻ തീരുമാനിച്ചു.
മരണശേഷം ബോർഡന്റെ ബൈബിൾ ലഭിച്ചപ്പോൾ അതിൽ ഏതാനം വാക്കുകൾകൂടി ചേർത്തിരിക്കുന്നതായി കണ്ടു: “യാതൊരു ഖേദവുമില്ല.”
തങ്ങളുടെ വീണ്ടെടുപ്പിന്റെ വില അറിയുന്നവർക്ക് തങ്ങളുടെ മറുവില നൽകിയവനു വേണ്ടിയുള്ള ജീവിതം ഖേദരഹിതമായ ജീവിതമായിരിക്കും എന്നും അറിയാം. തന്റെ മറുവില നൽകിയവനോടൊപ്പം പോകുവാൻ വില്യം ബോർഡൻ തിരഞ്ഞെടുപ്പു നടത്തി.
[Anthony Carter, Blood Work.]
ബോർഡൻ ചെയ്തതുപോലെയുള്ള ഒരു ശുശ്രൂഷയിലേയ്ക് നമ്മെ എല്ലാവരെയും ദൈവം വിളിക്കുന്നില്ല എന്നത് ഞാൻ മനസ്സിലാക്കുന്നു. എന്റെ ആശയം ഇതാണ്: ഏതു മേഖലയിൽ ശുശ്രൂഷ ചെയ്യുവാൻ ദൈം നമ്മെ വിളിച്ചാലും അത് അത്യുത്സാഹത്തോടെ ചെയ്യുക! യേശുവിനെ സേവിക്കുവാൻ വിട്ടുകൊടുക്കുന്ന ജീവിതം ഒടുവിൽ ഖേദരഹിതമായ ജീവിതമായിരിക്കും. ഈ വിട്ടുകൊടുക്കൽ ദൈവത്തിൽ നിന്നു നമുക്കു ലഭിച്ച കരുണയാൽ പ്രചോദിതമായതാണ്. അതുകൊണ്ടാണ്, റോമർ 12:1-ൽ നമുക്കുള്ളതെല്ലാം യേശുവിന് നൽകുന്നതിന്റെ പ്രചോദനമായി മനസ്സലിവിൽ ആരംഭിക്കുന്നത്. എല്ലാ ആത്മീയ ശുശ്രൂഷകളുടേയും അടിസ്ഥാനം മനസ്സലിവ് ആയതിനാൽ കർത്താവിനെ സ്നേഹിക്കുവാൻ നമ്മെത്തന്നെ പൂർണ്ണമായി നൽകുവാൻ മനസ്സലിവ് നമ്മെ പ്രചോദിപ്പിക്കണം.
നിങ്ങൾക്ക് മനസ്സലിവ് ലഭിച്ചിട്ടുണ്ടോ? ഇല്ല എങ്കിൽ, എന്തിന് താമസിക്കണം? യഥാർഥമായ മാനസാന്തരത്തോടെയും വിശ്വാസത്തോടെയും യേശുവിന്റെ അടുക്കലേയ്കു ചെന്ന് അവന്റെ രക്ഷാകരമായ മനസ്സലിവ് നിങ്ങൾക്കു നൽകുവാൻ അപേക്ഷിക്കുക. തന്നെ നോക്കുന്ന എല്ലാവർക്കും അവരുടെ പാപങ്ങളുടെ പൂർണ്ണ ക്ഷമ ലഭിക്കേണ്ടതിന് അവൻ പാപങ്ങൾക്കു വേണ്ടി മരിക്കുകയും ജീവിച്ചെഴുന്നേൽക്കുകയും ചെയ്തു. അതാണ് അവന്റെ വലിയ മനസ്സലിവ്!
നിങ്ങൾ ദൈവത്തിന്റെ മനസ്സലിവ് ലഭിച്ചവരാണ് എങ്കിൽ, അത്യുത്സാഹത്തോടെ നിങ്ങൾ അവനെ സേവിക്കുന്നുണ്ടോ? ഉണ്ട് എങ്കിൽ, അത് തുടരുക. ഇല്ല എങ്കിൽ, നിങ്ങളുടെ ഉത്സാഹമില്ലായ്മ സംബന്ധിച്ച് മാനസാന്തരപ്പെടുകയും ദൈവത്തിന്റെ മനസ്സലിവിനെക്കുറിച്ച് കൂടുതൽ ധ്യാനിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർഥമല്ല എന്ന് അറിയുക. ഇന്നുമുതൽ കർത്താവിനെ സേവിക്കുന്ന വിധത്തെ രൂപാന്തരപ്പെടുത്തുവാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയും ചെയ്യുക.