രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 6 ആശയിൽ സന്തോഷിക്കുക

(English version: “The Transformed Life – Rejoicing In Hope”)
മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മനുഷ്യൻ മരണത്തെ മുഖാമുഖം കണ്ടപ്പോൾ തന്റെ സുഹൃത്തിന് ഈ അവസാന വാക്കുകൾ എഴുതി: “ഇത് മോശമായ, അവിശ്വസനീയമാംവിധം മോശമായ ലോകമാണ്. എന്നാൽ, അതിന്റെ നടുവിൽ വലിയൊരു രഹസ്യം കണ്ടെത്തിയ ശാന്തരും വിശുദ്ധരുമായ കുറെ ആളുകളെ ഞാൻ കണ്ടുമുട്ടി. നമ്മുടെ പാപപൂർണ്ണമായ ജീവതത്തിലെ ഏതൊരു സന്തോഷത്തെക്കാളും ആയിരം മടങ്ങ് കൂടുതൽ നല്ല ആനന്ദം അവർ കണ്ടെത്തിയിരിക്കുന്നു. അവർ വെറുക്കപ്പെട്ടവരും പീഡിപ്പിക്കപ്പെടുന്നവരുമാണ്, എന്നാൽ അത് അവർ കാര്യമാക്കുന്നില്ല. അവർ അവരുടെ ആത്മാക്കളുടെ മേൽ നിയന്ത്രണം നേടിയിരിക്കുന്നു. അവർ ലോകത്തെ ജയിച്ചിരിക്കുന്നു. ഈ ആളുകളാണ് ക്രിസ്ത്യാനികൾ—ഞാൻ അവരിൽ ഒരാളാണ്.”
ഈ വാക്കുകൾ അനുസരിച്ച്, ഈ ലോകത്തിന്റെ സന്തോഷങ്ങളെയും കഷ്ടതകളെയും ആശ്രയിക്കാത്ത ആനന്ദം ഉള്ളവനാണ് ക്രിസ്ത്യാനി. അതുതന്നെയാണ് ഈ പോസ്റ്റിൽ പരാമർശിക്കുന്ന വിഷയം.
ആനന്ദം എന്ന വിഷയം പ്രയോജനപ്രദവും അത്യന്താപേക്ഷിതവുമായ ഓർമ്മപ്പെടുത്തലാണ്. കാരണം, നാമോരോരുത്തരും സമയാസമയങ്ങളിൽ ഉത്സാഹഭംഗം നേരിടുന്നവരാണ്. സൂക്ഷമപരിശോധന നടത്തിയില്ലെങ്കിൽ, ഈ ഉത്സാഹഭംഗം മരവിപ്പ്, ഭയം, ചിന്താക്കുഴപ്പം എന്നിവ അനുഭവവേദ്യമാകുന്ന സ്ഥിരമായ വിഷാദത്തിലേയ്കും നയിക്കാവുന്നതാണ്. വിഷാദവുമായി മല്ലടിക്കുന്നവർക്ക് ഒരു ദിവസം കടന്നുപോകുക എന്നത് ഒരു പോരാട്ടംതന്നെയാണ്. ദിവസം കഴിഞ്ഞുപോയാൽ, രാത്രി മറ്റൊരു പോരാട്ടമാണ്. ഉറക്കമില്ലായ്മ ചിരസ്ഥായിയായ പ്രശ്നമായിത്തീരുന്നു. രാത്രി കഴിഞ്ഞ് പ്രഭാതം വന്നെത്തുമ്പോൾ, ദിനചക്രം വീണ്ടും ആവർത്തിക്കുന്നു.
ആഴമായ വിഷാദമോ അല്ലെങ്കിൽ നിരുത്സാഹത്തിന്റെ ചെറിയ ഇടവേളകളോ ഒരുവൻ നേരിടുകയാണെങ്കിൽ റോമർ 12:12 ന്റെ ആദ്യഭാഗം അതിനുള്ള പ്രതിവിധി നൽകുന്നു. ഒരു രൂപപോലും ചിലവാക്കാതെ നമുക്ക് എല്ലാവർക്കും അനുഭവവേദ്യമാക്കാവുന്ന യഥാർഥമായ പ്രതിവിധി. അത് ഇതാണ്: “ആനന്ദിക്കുവിൻ” എന്നല്ല പൗലോസ് പറയുന്നത് എന്നത് ശ്രദ്ധിക്കുക. “ആശയിൽ സന്തോഷിപ്പിൻ” എന്നാണ് അദ്ദേഹം പറയുന്നത്. നമുക്കുള്ള പ്രത്യാശ നിമിത്തം ആനന്ദിക്കുവിൻ എന്ന ആശയമാണ് അതിലുള്ളത്. പ്രത്യാശ എന്നത് നിർവ്വചനപ്രകാരം, നമുക്ക് ഇപ്പോൾ കൈവശമില്ലാത്ത ഒന്നിനെ പരാമർശിക്കുന്നതാണ്. ഭാവിയിൽ കൈവശമാക്കുവാൻ നാം കാത്തിരിക്കുന്ന ഒന്നാണത്. അങ്ങനെയെങ്കിൽ, ഈ വാക്യത്തിൽ പൗലോസ് പരാമർശിക്കുന്ന ആനന്ദത്തിന്റെ അടിസ്ഥാനമായ ഈ പ്രത്യാശ എന്താണ്?
വിശ്വാസികൾക്ക് തങ്ങളുടെ രൂപാന്തരത്തിന്റെ പൂർണ്ണവും അന്തിമവുമായ ഫലം അനുഭവേദ്യമാകുന്ന സമയത്തെ, നാം ക്രിസ്തുവിനെപോലെ ആയിത്തീരുന്നതും തേജസ്കരണം എന്നു ബൈബിൾ വിളിക്കുന്നതുമായ സംഭവത്തെയാണ്, അത് പരാമർശിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതാണ് പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത് എന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ടാണ് ഞാൻ അപ്രകാരം പറയുന്നത്? റോമർ 5:1-2 വാക്യങ്ങളിൽ ഈ പ്രത്യാശയെക്കുറിച്ച് പറയുന്നു എന്ന കാരണത്താൽ, “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.” “ദൈവതേജസ്സിന്റെ പ്രത്യാശ” എന്നതിനർഥം, ദൈവതേജസ്സിൽ പങ്കുലഭിക്കുമെന്ന പ്രത്യാശ” എന്നാണ്. ക്രിസ്തുവിലുള്ള വിശ്വാസത്താൽ നാം നീതീകരിക്കപ്പെട്ടിരിക്കുന്നു [അതായത്, ദൈവമുമ്പാകെ ദൈവവുമായി നല്ല ബന്ധം]. ദൈവവും നാമും തമ്മിലുള്ള യുദ്ധം കഴിഞ്ഞിരിക്കുന്നു, അതുകൊണ്ടാണ് നമുക്ക് ദൈവവുമായി സമാധാനമുള്ളത്. ഇതാണ് രക്ഷയുടെ ഒന്നാമത്തെ ഘട്ടം.
തത്ഫലമായി, ദൈവത്തിന്റെ തേജസ്സിൽ പങ്കുകാരാകുന്ന, രക്ഷയുടെ അന്തിമ ഘട്ടത്തിനായി അതായത്, ക്രിസ്തുവിനെപ്പോലെ ആയിത്തീരുന്ന ഘട്ടത്തിനായി നമുക്കു കാത്തിരിക്കാം. ഈ ആശയത്തെ പൗലോസ് റോമർ 8:30-ൽ വ്യക്തമാക്കിയിരിക്കുന്നു, “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” നാം ഇതുവരെ തേജസ്കരിക്കപ്പെട്ടിട്ടില്ല എങ്കിലും “തേജസ്കരിച്ചുമിരിക്കുന്നു” എന്ന പ്രയോഗം ഭൂതകാലത്തിൽ നൽകിയിരിക്കുന്നു. എന്തുകൊണ്ടാണ് പൗലോസ് അപ്രകാരം ചെയ്തത്? കാരണം, അത് സംശയലേശമന്യേ നിശ്ചയമായും സംഭവിക്കുന്ന ഒന്നാണ്! നാം തേജസ്കരിക്കപ്പെടും, അതായത്, യേശുവിന്റെ മടങ്ങിവരവിൽ നമുക്ക് പുതിയ ശരീരങ്ങൾ ലഭിക്കുമ്പോൾ നാം ക്രിസ്തുവിനെപ്പോലെ ആയിത്തീരും [റോമർ 8:22-25]. നമുക്ക് പുതിയ ശരീരങ്ങൾ ലഭിക്കും എന്ന പ്രത്യാശയ്കായി നാം കാത്തിരിക്കണം എന്നാണ് പൗലോസ് പറയുന്നത്.
അത്തരത്തിലുള്ള പ്രത്യാശ ആയിരിക്കണം നമ്മുടെ ആനന്ദത്തിന്റെ കാരണം എന്നാണ് റോമർ 12:12-ൽ പൗലോസ് പറയുന്നത്. ഭാവിയിൽ നമുക്കായി എന്തു കാത്തുവച്ചിരിക്കുന്നു, ക്രിസ്തുവിന്റെ തേജസ്കരിക്കപ്പെട്ട ശരീരത്തോട് സദൃശമായ പുതിയ ശരീരങ്ങൾ ലഭിക്കുമ്പോൾ നാം ക്രിസ്തുവിനെപ്പോലെ ആയിത്തീരും എന്ന കാരണത്താലാണ് പ്രത്യാശ നിമിത്തം നാം ആനന്ദിക്കുന്നത്. യേശുവിനെപ്പോലെ ആയിത്തീരും എന്ന ഈ പ്രത്യാശ നാം അത്യധികമായ ആനന്ദം അനുഭവിക്കുവാൻ ഹേതുവാകണം. കാരണം, അപ്പോൾ, അവിടെ ഇനിമേലിൽ ദുഃഖവും കണ്ണുനീരും വേദനയുമില്ല മറിച്ച്, ദൈവം അർഹിക്കുന്ന വിധത്തിൽ നമ്മുടെ ദൈവത്തെ ആരാധിക്കുന്നതിലുള്ള അപരിമിതമായ ആനന്ദം മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ അതുവരേയ്കും, പാപപങ്കിലമായ ശരീരത്തിലാണ് നാം വസിക്കുന്നത് എങ്കിലും ദുഃഖത്തിന്റെ മധ്യത്തിലും ആനന്ദകരമായ ജീവിതം നയിക്കുവാൻ നാം കല്പിക്കപ്പെട്ടിരിക്കുന്നു. 2 കൊരിന്ത്യർ 6:10-ൽ പൗലോസ് പ്രസ്താവിക്കുന്നത് താനും മറ്റ് അപ്പോസ്തലന്മാരും “ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ” ആയിരുന്നു എന്നാണ്. എപ്രകാരമാണ് ഒരുവന് ഇവ രണ്ടും ചെയ്യുവാൻ സാധിക്കുന്നത്?
ഈ പൗലോസ് തന്നെ റോമർ 12:15-ൽ “കരയുന്നവരോടുകൂടെ കരയുവിൻ” എന്ന് പറഞ്ഞതിൽ തെളിവാകുന്നപ്രകാരം, പാപശാപമേറ്റ ഈ ലോകത്തിന്റെ ഭാഗമാണ് ദുഃഖം എന്ന് നാം മനസ്സിലാക്കിയാൽ അത് സാധ്യമാണ്. ദുഃഖം എന്ന യാഥാർഥ്യം ഉള്ളപ്പോൾത്തന്നെ, ഭാവിയിൽ വരാനിരിക്കുന്ന അനുഗ്രഹത്തിന്റെ ഉറപ്പും ഇവിടെയുണ്ട്. അത് നമ്മിൽ കെടുത്താനാകാത്ത ആനന്ദം ഉണ്ടാക്കേണ്ടതാണ്. ഓരോ ദിവസവും കടന്നുപോകുമ്പോൾ, നാം ഈ ഭാവി യാഥാർഥ്യത്തോട്, യേശുവിന്റെ മടങ്ങിവരവിൽ നമ്മുടെ പ്രത്യാശയുടെ സാക്ഷാത്കാരത്തോട് അടുത്തു ചെല്ലുന്നു. അത് നമ്മെ ആനന്ദഭരിതരാക്കുവാൻ കാരണമാകണം. അതാണ് പൗലോസ് അർഥമാക്കുന്നത്.
സന്തോഷിക്കുന്നതിനുള്ള ഈ കല്പന നാം ഗൗരവപൂർവ്വം സ്വീകരിക്കണം. നമ്മുടെ വസ്തുവകകളിലോ സ്ഥാനമാനങ്ങളിലോ സന്തോഷിക്കുവാനല്ല മറിച്ച്, ക്രിസ്തുവിന്റെ മടങ്ങിവരവിൽ പ്രത്യാശ വയ്കുവാനാണ് നാം കല്പിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ, അപ്രകാരം ചെയ്യുവാൻ പരാജയപ്പെടുന്നത് പാപമാണ്. “എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ വിഷാദിച്ചിരിക്കുന്നില്ല” എന്ന് അനേകരും പറയും. നിങ്ങളും അവരിലൊരാളായിരിക്കാം. ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ: നിങ്ങളുടെ സന്തോഷം എന്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്? സുരക്ഷിതവും വലിയ ശമ്പളം ലഭിക്കുന്നതുമായ ഒരു ജോലിയുണ്ട് എന്നതിൽ അടിസ്ഥാനപ്പെട്ടതാണോ? നല്ല ബന്ധങ്ങൾ ഉണ്ട് എന്നതാണോ, നല്ല ആരോഗ്യം, തരക്കേടില്ലാത്ത ബാങ്ക് നിക്ഷേപം എന്നിവ ഉണ്ട് എന്നതാണോ? വളരെയൊന്നും പ്രശ്നങ്ങൾ നേരിടുന്നില്ല എന്നതാണോ? അങ്ങനെയാണ് എങ്കിൽ ദയവായി ഇത് മനസ്സിലാക്കുക. പൗലോസ് ഇവിടെ പരാമർശിക്കുന്ന സന്തോഷത്തിന്റെ അടിസ്ഥാനം ഇവയൊന്നും അല്ല. ഇവയൊക്കെ സ്വന്തമായുള്ള ലൗകികനായ ഒരു മനുഷ്യനും സന്തോഷം അനുഭവവേദ്യമാകും. എന്നാൽ, അവയിൽ ഏതെങ്കിലും ഒന്ന് എടുത്തു മാറ്റുക, അപ്പോൾ അവരുടെ സന്തോഷം അപ്രത്യക്ഷമാകും, നിരാശ വാസമുറപ്പിക്കുകയും ചെയ്യും.
ഇതെക്കുറിച്ച് ചിന്തിക്കുക. നമുക്ക് ജോലി പെട്ടെന്ന് നഷ്ടപ്പെടാം. നമ്മുടെ സമ്പത്ത് നിഷ്പ്രയാസം നഷ്ടപ്പെടാം. സദൃശ്യവാക്യങ്ങൾ 11:28 ഇപ്രകാരം പറയുന്നു, “തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.” നാം ആശ്രയം വയ്കുന്ന മനുഷ്യർ നമ്മെ നിരാശപ്പെടുത്തുകയോ മരണത്താൽ മാറിപ്പോകുകയോ ചെയ്യാം. ഈ സത്യത്തെ സദൃശ്യവാക്യങ്ങൾ 11:7 നന്നായി ഉൾക്കൊള്ളുന്നു: “ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.” ഒറ്റ രാത്രികൊണ്ട് നമ്മുടെ ആരോഗ്യവും നഷ്ടമാകാം. ഈ പട്ടിക ഇങ്ങനെ നീളുന്നു. ഇപ്പോൾ, നിങ്ങൾക്ക് സന്തോഷം നൽകുന്ന പ്രധാന സംഗതി എന്താണ്? അത് നിങ്ങളിൽ നിന്നും എടുത്തുമാറ്റിയാൽ അപ്പോഴും നിങ്ങൾ സന്തോഷവനായിരിക്കുമോ? ഇത് നിങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുകയും ഉത്തരം നൽകുകയും ചെയ്യേണ്ട ചോദ്യമാണ്.
അങ്ങനെയെങ്കിൽ, എപ്രകാരമാണ് നമുക്ക് ഈ സന്തോഷം അനുഭവിക്കുവാൻ സാധിക്കുന്നത്? ഈ പ്രക്രിയയിൽ ഞാൻ നിങ്ങളെ നയിക്കട്ടെ.
“സന്തോഷം” “ആത്മാവിന്റെ ഫല” ത്തിന്റെ സ്വഭാവസവിശേഷതയാണെന്ന് ഗലാത്യർ 5:22-23 നമ്മോടു പറയുന്നു. അതുകൊണ്ട്, പരിശുദ്ധാത്മാവിനു മാത്രം നമ്മുടെ ഹൃദയങ്ങളിൽ ഉളവാക്കുവാൻ കഴിയുന്ന ഒന്നാണ് സന്തോഷം. എപ്രകാരമാണ് പരിശുദ്ധാത്മാവ് അത് ചെയ്യുന്നത്? അവൻ നമുക്കു നൽകിയ ബൈബിളിലൂടെ. അതായത്, അവ തമ്മിലുള്ള ബന്ധം ലളിതമാണ്. നം ദൈവത്തിന്റെ വചനത്തിന് കീഴ്പ്പെടുമ്പോൾ നമ്മുടെ ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് സന്തോഷം ഉളവാക്കുന്നു. ഈ സന്തോഷത്തിന് മാനുഷികമായ ഒരു വശം കൂടിയുണ്ട്. നാം ദൈവത്തിന്റെ വചനം ധ്യാനിക്കുന്നതിനും പ്രത്യേകിച്ച്, അതിൽ ആനന്ദിക്കുന്നതിനും നമ്മെത്തന്നെ നൽകുകയും തന്മൂലം നമ്മുടെ ഹൃദയത്തിൽ സന്തോഷം ഉളവാക്കുന്നതുൾപ്പെടെയുള്ള മാറ്റം പരിശുദ്ധാത്മാവ് വരുത്തുവാൻ അനുവദിക്കുകയും ചെയ്യേണ്ടതുണ്ട്.
ദൈവത്തിന്റെ വചനം ധ്യാനിക്കുവാനും വിശ്വസിക്കുവാനും പ്രായോഗികമാക്കുവാനും നാം എത്രയധികം സമയം ഉപയോഗിക്കുന്നുവോ അത്രയധികം സന്തോഷം നമുക്കു ലഭിക്കും. ഈ സന്ദർഭത്തിൽ, ക്രിസ്തുവിന്റെ മടങ്ങിവരവിനെക്കുറിച്ചും നാം അവനെപ്പോലെ ആയിത്തീരുന്നതിനെക്കുറിച്ചും നാം എത്രയധികം വായിക്കുന്നുവോ അത്രയധികം അത് സംഭവിക്കുവാൻ നാം ആഗ്രഹിക്കും, അത്രയധികം അത് നമ്മുടെ പ്രത്യാശയെ ബലപ്പെടുത്തും, അത്രയധികം സന്തോഷം നാം അനുഭവിക്കും. നാം കൂടതൽ സന്തോഷം അനുഭവിക്കുമ്പോൾ പ്രതികൂല സമയങ്ങളിൽ കൂടുതൽ ക്ഷമയോടെ കഷ്ടത സഹിക്കുകയും ചെയ്യും. യിരെമ്യാവ് 15:16-ൽ യിരെമ്യാവിന്റെ അനുഭവം രേഖപ്പെടുത്തിയിരിക്കുന്നു, “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.” യഥാർഥമായി വിശ്വസിക്കുവാനും ഭാവി സംബന്ധിച്ച് ദൈവവചനം ധ്യാനിക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനുമായി ജീവിതം പൂർണ്ണമായി നൽകിയ ഒരു മനുഷ്യനെ എനിക്കു കാണിച്ചുതരിക, പ്രബലമായ പ്രത്യാശയുടെ ഫലമായി നിരുത്സാഹത്തിനു പകരം സന്തോഷമനുഭവിക്കുന്ന മനുഷ്യനെ ഞാൻ കാണിച്ചുതരാം.
മറുവശത്ത്, ഭാവി സംബന്ധിച്ച് ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിക്കാതിരിക്കുന്ന ഒരുവനെ എനിക്കു കാണിച്ചുതരിക, ബൈബിൾ പറയുന്ന യഥാർഥ സന്തോഷം അനുഭവിക്കാത്തവനും ഭൗമിക സാഹചര്യങ്ങളെ മാത്രം ആശ്രയിച്ചുള്ള ജീവിതം നയിക്കുന്നവനുമായ മനുഷ്യനെ ഞാൻ കാണിച്ചുതരാം. കാര്യങ്ങൾ നന്നായി നടന്നാൽ അവർ സന്തോഷവാന്മാരാണ്. അവരുടെ ഭൗമിക സുഖങ്ങളിൽ വരുന്ന ചെറിയ മാറ്റം പോലും അവർക്കു നിരുത്സാഹകാരണമാകും. നാം അവരെപ്പോലെ ആയിരിക്കരുത്. വിശ്വസിച്ചും സന്തോഷിച്ചും നമ്മുടെ ഭാവി സംബന്ധിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തപ്രകാരം പ്രവർത്തിച്ചുംകൊണ്ട് ദൈവത്തിന്റെ മനസ്സലിവ് [റോമർ 12:1] സ്വീകരിക്കുന്നതിന്റെ ഫലമായുണ്ടാകുന്നതും ബൈബിൾ പറയുന്നതുമായ യഥാർഥമായ സന്തോഷം നമുക്ക് പിന്തുടരാം. നാം നമ്മുടെ മനസ്സുകളെ ദൈവത്തിന്റെ വചനത്താൽ പുതുക്കുമ്പോൾ പരിശുദ്ധാത്മാവ് യഥാർഥമായും നമ്മെ രൂപാന്തരപ്പെടുത്തുന്നു എന്ന് അത് തെളിയിക്കുന്നു.