രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 7 കഷ്ടത സഹിക്കുന്നതിന് 6 പ്രചോദനങ്ങൾ

(English version: “The Transformed Life – 6 Motivations To Endure Suffering – Part 1,” “The Transformed Life – 6 Motivations To Endure Suffering – Part 2”)
“കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ” എന്ന് റോമർ 12:13 നമ്മോടു കല്പിക്കുന്നു. ചെയ്യുവാൻ ഒട്ടും എളുപ്പമുള്ള ഒന്നല്ല ഇത്. എന്നിരുന്നാലും, ഈ കല്പന അനുസരിക്കുവാൻ ബൈബിൾ നമ്മെ ആഹ്വാനം ചെയ്യുന്നതുകൊണ്ട്, ഈ കല്പന ഉൾപ്പെടെ ദൈവത്തിന്റെ സകല കല്പനകളും അനുസരിക്കുവാൻ നമ്മെ ശക്തീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഇത് ചെയ്യുക സാധ്യമാണ്.
വീഞ്ഞ് ഉണ്ടാക്കുന്ന പ്രക്രിയയിൽ മുന്തിരി ഇടിച്ചുപിഴിയുന്നതിനെ വർണ്ണിക്കുവാൻ ഉപയോഗിച്ചിരുന്ന വാക്കിൽ നിന്നുമാണ് “കഷ്ടത” എന്ന പദം വന്നിരിക്കുന്നത്. ഉറച്ചു നിൽക്കുക, സഹിക്കുക, നിരന്തരപ്രത്നം ചെയ്യുക എന്ന ആശയമാണ് “സഹിഷ്ണത” എന്ന വാക്കിലുള്ളത്. ഈ വാക്കുകളുടെ ആശയം “തീവ്രമായ സമ്മർദ്ദത്തിലും ശാന്തമായിരിക്കുക” എന്നതാണ്.
കഷ്ടത നേരിടുമ്പോൾ നാം സ്വാഭാവികമായി, താഴെക്കാണുന്ന മൂന്ന് വിധങ്ങളിൽ ഏതെങ്കിലും ഒരുവിധത്തിൽ പ്രികരിക്കുന്നു:
(a) സാധിക്കുമെങ്കിൽ ഒരു എളുപ്പവഴി കണ്ടെത്തും.
(b) അത് ഒഴിവാക്കുവാൻ സാധിക്കാത്തതിനാൽ, നിഷേധാത്മകമായ മനോഭാവത്തോടെ സഹിക്കും.
(c) സഹിഷ്ണതയോടെ അനുഭവിക്കുകയും ദൈവം തന്റെ സമയത്ത് തന്റേതായ വിധത്തിൽ ഇടപെടുകയും ചെയ്യുവാൻ കാത്തിരിക്കുകയും ചെയ്യും.
എല്ലായ്പോഴും നാം അവസാനത്തേത് തിരഞ്ഞെടുക്കണം എന്നാണ് എന്റെ പ്രാർഥന. അപ്രകാരം ചെയ്യുന്നതിലൂടെ, നാം റോമർ 12:12-ലെ കല്പനയോട് അനുസരണം കാണിക്കുക മാത്രമല്ല, യേശു എല്ലാ കഷ്ടതകളും ക്ഷമയോടെയും ദൈവത്തെ മഹത്വപ്പെടുത്തുന്ന വിധത്തിലും അനുഭവിച്ചതുകൊണ്ട് അവനെപ്പോലെ ആയിത്തീരുവാൻ നമ്മെ രൂപാന്തരപ്പെടുത്തുവാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകകൂടിയാണ് ചെയ്യുന്നത്. എന്നാൽ, എങ്ങനെയാണ് അത് ചെയ്യുന്നത്? എല്ലാവിധ കഷ്ടതകളും സഹിക്കുവാൻ നമ്മെ സഹായിക്കുന്ന 6 പ്രചോദനങ്ങൾ മനസ്സിലാക്കുന്നതിലൂടെ അത് സാധിക്കും.
പ്രചോദനം #1. നാം പ്രാർഥനയിൽ ദൈവത്തെ കൂടുതൽ അന്വേഷിക്കേണ്ടതിന് കഷ്ടത നമ്മെ തകർക്കുന്നു.
നാം എത്രമാത്രം ബലഹീനരാണ് എന്നും നമുക്ക് എത്രയധികം കർത്താവിനെ ആവശ്യമാണ് എന്നും കഷ്ടത വെളിവാക്കുന്നു. വിടുതലിനായി സ്വയത്തിൽ ആശ്രയിക്കുന്ന അഹംഭാവത്തെ നമ്മിൽ നിന്നും അത് ഉരിഞ്ഞുകളയുകയും വിടുതലിനായി ദൈവത്തോട് നിലവിളിക്കുവാൻ കാരണമാകുകയും ചെയ്യുന്നു. വാസ്തവത്തിൽ റോമർ 12:12-ലെ അടുത്ത പദപ്രയോഗം പ്രാർഥനയ്കായുള്ള ആഹ്വാനമാണ്. ജഡത്തിലെ ശൂലം എന്ന പ്രശ്നത്തിൽ പൗലോസ് ദൈവത്തോട് അപേക്ഷിച്ചു [2 കൊരിന്ത്യർ 12:7-8]. ഇയ്യോബിന്റെ കഷ്ടതകൾ അവനെ തകർക്കുകയും ദൈവത്തോട് അടുപ്പിക്കുകയും ചെയ്തു. നമ്മുടെ കാര്യത്തിലും അതുപോലെ തന്നെയാണ്. കഷ്ടതയ്ക് നമ്മെ തകർക്കുവാനും പ്രാർഥനയിൽ ദൈവത്തോട് അടുപ്പിക്കുവാനുമുള്ള പ്രാപ്തിയുണ്ട്.
രണ്ട് സഹോദരന്മാർ ഒരു കുളക്കരയിൽ കളിക്കുകയായിരുന്നു. ഇളയ സഹോദരൻ തന്റെ കടലാസ്സ് വള്ളം വെള്ളത്തിലേയ്കിട്ടപ്പോൾ, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അത് ഒഴുകി ഒഴുകി അകന്നു പോയി. അതുകണ്ട മൂത്ത സഹോദരൻ കല്ലുകൾ പെറുക്കി കടലാസ് വള്ളത്തിന്റെ മുമ്പിലേയ്ക് എറിയുവാൻ തുടങ്ങി. കല്ലുകൾ വീണപ്പോഴുണ്ടായ ഓളത്തിന്റെ തള്ളലിൽ, ഒടുവിൽ, വള്ളം കരയ്കടുക്കുകയും ഇളയ സഹോദരൻ അതിനെ കൈകളിൽ എടുക്കുകയും ചെയ്തു. ഇതുപോലെതന്നെ, നമ്മെ പ്രാർഥനയിൽ തന്റെ അടുക്കലേയ്ക് അടുപ്പിക്കുവാൻ ദൈവം കഷ്ടതകളെ ഉപയോഗിക്കുന്നു.
ദൈവം നിങ്ങളെ തകർത്തിട്ടുണ്ടോ? അങ്ങനെയെങ്കിൽ, ആ കഷ്ടതയ്കു ശേഷം നാം കൂടുതൽ മയപ്പെട്ടിട്ടുണ്ടോ? ദൈവത്തോട് പ്രാർഥനയിൽ കൂടുതൽ അടുത്തുവരുന്നുണ്ടോ? അത് സംഭവിക്കുന്നില്ല എങ്കിൽ, നമുക്ക് ഇപ്പോൾ മുതൽ ആരംഭിക്കുവാൻ സാധിക്കും. നമ്മുടെ അഹംഭാവത്തെ തകർക്കുവാനും നമ്മെ തന്നോട് അടുപ്പിക്കുന്നതിനുമായുള്ള ദൈവത്തിന്റെ ഉപാധിയായി കഷ്ടതകളെ കാണുവാൻ പഠിക്കുവാൻ നമുക്കു സാധിക്കും. അല്ല എങ്കിൽ നാം നമ്മുടെ കഷ്ടതകളെ പാഴാക്കുയാണ്.
പ്രചോദനം #2. കഷ്ടത നമ്മുടെ വിശ്വാസത്തിന്റെ ആത്മാർഥത തെളിയിക്കുന്നു.
1 പത്രൊസ് 1:6-7 ഇപ്രകാരം പറയുന്നു: “അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.” കഷ്ടതകളിലൂടെ പോകുമ്പോൾ നാം എപ്രകാരം പ്രതികരിക്കുന്നു എന്നത് നമ്മുടെ വിശ്വസത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു.
“വചനംനിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ [അവർ, വ്യാജവിശ്വാസികൾ] ക്ഷണത്തിൽ ഇടറിപ്പോകുന്നു”എന്ന് മർക്കൊസ് 4:17-ൽ യേശു നമ്മോടു പറയുന്നു. എന്നാൽ, യഥാർഥ വിശ്വാസികൾ “ക്ഷമയോടെ ഫലം കൊടുക്കുന്നവർ” ആണ് എന്നും ലൂക്കോസ് 8:15-ൽ യേശു പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കഷ്ടത നേരിടുമ്പോൾ വ്യാജവിശ്വാസികൾ രക്ഷപെട്ട് ഓടുകയും യഥാർഥ വിശ്വാസികൾ തങ്ങളുടെ വിശ്വാസം ആത്മാർഥമാണ് എന്നു കാണിച്ചുകൊണ്ട് നിലനിൽക്കുകയും ചെയ്യുന്നു.
കഷ്ടത അനുഭവിക്കുമ്പോൾ നാം എപ്രകാരമാണ് പ്രതികരിക്കുന്നത്? ക്ഷമയോടെ നേരിടുകയല്ല നാം ഇതുവരെ ചെയ്തത് എങ്കിൽ, നമുക്ക് പുതിയ തുടക്കം കുറിക്കേണ്ട ആവശ്യമുണ്ട്. നമ്മുടെ വിശ്വാസം ആത്മാർഥമാണോ അല്ലയോ എന്നത് പരിശോധിക്കുവാനുള്ള ദൈവത്തിന്റെ ഉപാധിയായി നമ്മുടെ കഷ്ടതകളെ നാം കാണേണ്ടതുണ്ട്. പരിശോധിക്കപ്പെട്ട വിശ്വാസം മാത്രമാണ് വിശ്വാസ്യമായത്. ദൈവത്തിന്റെ സ്നേഹം നമ്മെ കഷ്ടതകളിൽ നിന്നും സംരക്ഷിക്കുകയല്ല മറിച്ച്, അവയെ തരണം ചെയ്യുവാൻ സഹായിക്കുകയാണ് ചെയ്യുന്നത്.
പ്രചോദനം #3. വേദന അനുഭവിക്കുന്നവരോട് കൂടുതൽ മനസ്സലിവ് കാണിക്കുവാൻ കഷ്ടത നമ്മെ സഹായിക്കുന്നു.
സ്വാഭാവികമായി നാം എപ്പോഴും തിരിക്കുപിടിച്ച് ഓടുന്നവരും മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടുവാൻ സമയം അധികമൊന്നും ഇല്ലാത്തവരുമാണ്. എന്നിരുന്നാലും, കഷ്ടതയിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ഓട്ടത്തിനിടയിൽ ഇടവേള എടുക്കുവാനും മറ്റുള്ളവരെ കേൾക്കുവാനും ആവശ്യമെങ്കിൽ അവരോടൊപ്പം കരയുവാനും സമയം നൽകുവാൻ സഹായകമാകുന്നു. കൂടാതെ മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനും നാം പ്രാപ്തരാകുന്നു. നാം കഷ്ടത അനുഭവിച്ചു എന്നതിനാൽ, കഷ്ടത അനുഭവിക്കുന്നവരെയും നമുക്കു മനസ്സിലാക്കുവാൻ സാധിക്കുന്നു.
2 കൊരിന്ത്യർ 1:3-4 “ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും ഞങ്ങളെ ആശ്വസിപ്പിക്കുന്ന”തുകൊണ്ട് “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസത്തിന്റെയും ദൈവവുമായ”വനെ വാഴുത്തുവാൻ പൗലോസ് നമ്മെ ആഹ്വാനം ചെയ്യുന്നു. എന്നാൽ പൗലോസ് അവിടെ അവസാനിപ്പിക്കുന്നില്ല. ദൈവം നമ്മെ ആശ്വസിപ്പിക്കുന്നതിന്റെ ഉദ്ദേശ്യവും അദ്ദേഹം തുടർന്ന് പറയുന്നു.: “ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.” കഷ്തതയിലൂടെ കടന്നുപോകുമ്പോൾ നമുക്കു ലഭിക്കുന്ന ആശ്വാസം മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്!
പാക്കിസ്ഥാനിൽ മിഷനറിയായിരുന്ന ഒരു വനിത ഇപ്രകാരം എഴുതി:
അനേക വർഷങ്ങൾക്കു മുൻപ് ഞാനും എന്റെ ഭർത്താവും പാക്കിസ്ഥാനിൽ മിഷനറിമാരായിരുന്നപ്പോൾ ഞങ്ങളുടെ ആറ് വയസ്സുള്ള കുഞ്ഞ് മരിച്ചു. പ്രായം ചെന്ന പഞ്ചാബിയായ ഒരു മനുഷ്യൻ ഞങ്ങളുടെ ദുഃഖത്തെക്കുറിച്ചു കേട്ട് ഞങ്ങളെ ആശ്വസിപ്പിക്കുവാൻ വന്നു. “ഇത്തരത്തിലുള്ള ദുഃഖകരമായ സംഭവം തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേയ്ക് നാം വലിച്ചിടപ്പെടുന്നതുപോലെയാണ്” അദ്ദേഹം വിശദീകരിച്ചു. “നിങ്ങൾ ഒരു മുട്ടയാണ് എങ്കിൽ, ഈ ദുഃഖാവസ്ഥ നിങ്ങളെ കട്ടിയാവും വരെ വേവിച്ചതും പ്രതികരിക്കാനാകാത്തതുമായ അവസ്ഥയിലെത്തിക്കും. എന്നാൽ, നിങ്ങൾ ഒരു ഉരുളക്കിഴങ്ങാണ് എങ്കിൽ, നിങ്ങൾ മയപ്പെട്ടതും വഴക്കമുള്ളതും പൂർവ്വസ്ഥിതി പ്രാപിക്കാനാകാത്തതും ആവശ്യാനുസൃതം മാറ്റം വരുത്തുവാൻ സാധിക്കുന്നതുമായ വിധത്തിൽ പുറത്തുവരും.” ഒരുപക്ഷെ, ഇത് ഒരു തമാശയായി ദൈവത്തിനു തോന്നിയേക്കാം എന്നാൽ, ചില സമയങ്ങളിൽ ഞാൻ ഇപ്രകാരം പ്രാർഥിച്ചിട്ടുണ്ട്., “കർത്താവേ, ഒരു ഉരുളക്കിഴങ്ങ് ആയിത്തീരുവാൻ എന്നെ സഹായിക്കേണമേ.”
നമ്മുടെ കഷ്ടതകളിൽ നിന്നു പഠിക്കുവാനും നമുക്കു ലഭിക്കുന്ന ആശ്വാസത്താൽ ഹൃദയത്തിൽ മയപ്പെടുവാനും നമുക്ക് പഠിക്കാം. വേദനിക്കുന്ന മറ്റുള്ളവർക്ക് അനുഗ്രഹമായിത്തീരുവാൻ നമ്മുടെ സമയം ഉപയോഗിക്കുകയും ചെയ്യാം. ജീവിതത്തിൽ യഥാർഥത്തിൽ പ്രാധാന്യമുള്ള സംഗതികൾക്കുവേണ്ടി നമ്മുടെ സമയം ഉപയോഗിക്കുവാൻ നമുക്ക് പഠിക്കാം. മറ്റുള്ളവരിലേയ്ക് ദൈവത്തിന്റെ ആശ്വാസം എത്തിക്കുന്നതിനുള്ള മാർഗ്ഗമായിത്തീരുവാൻ നമുക്കു പഠിക്കാം. ദൈവത്തിന്റെ ആശ്വാസം നമുക്കു സൗജന്യമായി ലഭിച്ചിരിക്കുന്നു; മറ്റുള്ളവരിലേയ്ക് ആ ആശ്വാസം നം സൗജന്യമായി പകരേണ്ടതാണ്.
നാം അപ്രകാരം ചെയ്യുന്നുണ്ടോ? കഷ്ടമനുഭവിക്കുന്ന മറ്റുള്ളവരോട് കൂടുതൽ കരുണയോടെയും വാത്സല്യത്തോടെയും ഇടപെടുവാൻ നമ്മുടെ കഷ്ടതകൾ നമുക്ക് കാരണമാകുന്നുണ്ടോ? വേദനിക്കുന്ന മനുഷ്യരോടൊപ്പം നാം സമയം ചിലവഴിക്കുന്നുണ്ടോ? അവർക്കു പ്രോത്സാഹനം നൽകുവാനും അവരുടെ ആവശ്യങ്ങളിൽ സഹായിക്കുവാനും നാം സമയം കണ്ടെത്തുന്നുണ്ടോ? ഇല്ല എങ്കിൽ, ഇന്നുമുതൽ നമുക്ക് ആരംഭിക്കാം. നമ്മെ മറ്റുള്ളവർക്ക് അനുഗ്രഹമാക്കിത്തീർക്കുന്നതിനുള്ള ദൈവത്തിന്റെ ഉപാധിയായി നമ്മുടെ കഷ്ടതകളെ നമുക്കു കാണാം. ഇല്ല എങ്കിൽ, നാം നമ്മുടെ കഷ്ടതകളെ പാഴാക്കുകയാണ്.
പ്രചോദനം #4. വിശ്വാസത്തിൽ പക്വത പ്രാപിക്കുവാൻ കഷ്ടത നമ്മെ സഹായിക്കുന്നു.
“കഷ്ടത സഹിഷ്ണതയെ ഉളവാക്കുന്നു” എന്ന് റോമർ 5:3 പറയുന്നു. “വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു” എന്ന് യാക്കോബ് 1:3 നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ ജീവിതങ്ങളിൽ ആത്മീയ വളർച്ചയെ തടയുന്ന സംഗതികളെ കഷ്ടത വെളിപ്പെടുത്തുകയും നീക്കിക്കളയുകയും ചെയ്യുന്നു. വിശ്വസത്തിൽ നമ്മെ പക്വതയുള്ളവരാക്കുന്നതിനുള്ള ദൈവത്തിന്റെ മാർഗ്ഗമാണത്.
വെള്ളി ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ എപ്രകാരമാണ് എന്ന് പഠിക്കുവാൻ ഒരു വെള്ളിപ്പണിക്കാരനെ സന്ദർശിച്ച ഒരു സ്ത്രീയെക്കുറിച്ച് ഒരു കഥ ഇപ്രകാരം പറയപ്പെടുന്നു. വെള്ളിപ്പണിക്കാരൻ കൊടിൽക്കൊണ്ട് വെള്ളി എടുത്ത് തീയുടെ നടുവിൽ പിടിച്ച് അതിനെ നിരീക്ഷിച്ചുകൊണ്ട് പ്രസ്തുത പ്രക്രിയ അവരോടു വിവരിച്ചു. വെള്ളി വളരെയധികം സമയം ഉലയിൽ വച്ചാൽ അത് ഉരുകിപ്പോകും. വളരെക്കുറിച്ചു സമയമാണ് ഉലയിൽ വയ്കുന്നത് എങ്കിൽ അത് ശുദ്ധമായിത്തീരുകയില്ല. “അപ്പോൾ, ഉലയിൽ നിന്നും അത് മാറ്റുവാൻ സമയമായി എന്ന് നിങ്ങൾ എങ്ങനെയാണ് അറിയുന്നത്?” ആ സ്ത്രീ ചോദിച്ചു. “എന്റെ പ്രതിബിംബം എനിക്ക് അതിൽ കാണുവാൻ സാധിക്കുമ്പോൾ സമയമായി എന്ന് ഞാനറിയും” എന്ന് അയാൾ മറുപടി പറഞ്ഞു. അതുതന്നെയാണ് ദൈവം ചെയ്യുന്നത്. ഓരോ പരിശോധനയിലൂടെയും നാം എത്രമാത്രം ക്രിസ്തുവിനോട് അനുരൂപപ്പെടണം എന്നത് ദൈവം അറിയുകയും അത് സാധ്യമാകുംവരെ നമ്മെ തീച്ചൂളയിൽ തുടരുവാൻ അനുവദിക്കുകയും ചെയ്യുന്നു. എന്നാൽ, അവന്റെ കണ്ണുകൾ എല്ലായ്പോഴും നമ്മുടെ മേലുണ്ട്. അതുകൊണ്ട്, നമുക്ക് ആകുലത കൂടാതെയിരിക്കാം.
കഷ്ടത സഹിക്കുന്നവർ മാത്രമാണ് ആത്മീയമായി വളരുന്നത്. മറ്റൊരു വഴിയുമില്ല. ഓരോ പരിശോധനയും കഴിയുമ്പോൾ നാം വിശ്വാസത്തിൽ പക്വത പ്രാപിക്കുന്നുണ്ടോ? ഇല്ല എങ്കിൽ, നമുക്ക് ഇന്നു മുതൽ ആരംഭിക്കാം. നമ്മെ ആത്മീയമായി വളർത്തുവാൻ ദൈവം ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന ഉപാധികളായി ഓരോ പരിശോധനയെയും കാണുവാൻ നാം പഠിക്കേണ്ടതുണ്ട്. ഇല്ല എങ്കിൽ, ആ പരിശോധന പാഴാക്കപ്പെടുകയാണ്.
പ്രചോദനം #5. ദൈവത്തിന്റെ കല്പനകളോടുള്ള വലിയ അനുസരണത്തിലേയ്ക് നയിക്കുവാൻ കഷ്ടത നമ്മെ സഹായിക്കുന്നു.
സങ്കീർത്തനങ്ങൾ 119:67 ഇപ്രകാരം പറയുന്നു, “കഷ്ടതയിൽ ആകുന്നതിന്നു മുമ്പെ ഞാൻ തെറ്റിപ്പോയി; ഇപ്പോഴോ, ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു.” ഏതാനം വാക്യങ്ങൾക്കു ശേഷം, നാം ഇങ്ങനെ വായിക്കുന്നു, “നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി” [സങ്കീർത്തനങ്ങൾ 119:71]. കഷ്ടതയുടെ സമയങ്ങൾ നമുക്ക് പാപത്തെക്കുറിച്ചും ദൈവത്തിന്റെ വചനം അനുസരിക്കാതിരിക്കുന്നതിന്റെ പരിണിതഫലത്തെക്കുറിച്ചും ആഴമായി ചിന്തിക്കുവാൻ കാരണമാകുന്നു. ദൈവം എത്ര വിശുദ്ധനാണ് എന്നും എത്ര ഗൗരവതരമായാണ് ദൈവം പാപത്തെ കാണുന്നത് എന്നും ദൈവത്തിന്റെ സകല കല്പനളെയും അനുസരിക്കുവാൻ നാം എത്രമാത്രം പ്രയത്നിക്കണം എന്നും അത് നമ്മെ കാണിക്കുന്നു.
ഒരു എഴുത്തുകാരൻ ചരിത്രത്തിൽ നിന്നും ഒരു സംഭവം പറഞ്ഞുകൊണ്ട് ചില നിരീക്ഷണങ്ങൾ നൽകുന്നു.
കമാൻഡർ ആന്റിഗോണസിന്റെ കീഴിൽ ഉണ്ടായിരുന്ന ഒരു പടയാളിയെക്കുറിച്ച പഴയ ഗ്രീക്ക് കഥയുണ്ട്. തീവ്രവേദന ഉളവാക്കിയിരുന്ന ഗൗരവതരമായ ഒരു രോഗം മൂലം മരണത്തെ മുന്നിൽ കാണുന്ന വ്യക്തിയായിരുന്നു ആ പട്ടാളക്കാരൻ. ധീരന്മാരിൽ ധീരനായി ആജ്ഞ നിവർത്തിക്കുവാൻ അയാൾ എല്ലായ്പോഴും മുൻപന്തിയിലായിരുന്നു, യുദ്ധമുഖത്ത് ഏറ്റവും അപകടകരമായ സ്ഥലങ്ങളിലേയ്ക് ഓടിയെത്തുമായിരുന്നു. തന്റെ വേദന മറക്കേണ്ടതിന് യുദ്ധത്തിൽ കൂടുതൽ പോരാടുവാൻ അദ്ദേഹത്തിന് വേദന പ്രചോദനം നൽകിയിരുന്നു. അയാൾ മരണത്തെ ഭയപ്പെട്ടിരുന്നില്ല, കാരണം, താൻ എന്തായാലും അധികനാൾ ജീവിക്കുകയില്ല, അത് ആഗ്രഹിച്ചിരുന്നില്ല.
ഈ പടയാളിയുടെ ധൈര്യം ആന്റിഗണസിനെ വിസ്മയിപ്പിച്ചിരുന്നു. അദ്ദേഹം അയാളുടെ രോഗത്തെക്കുറിച്ച് മനസ്സിലാക്കി, ഏറ്റവും പ്രഗത്ഭന്മാരായ വൈദ്യന്മാറിൽ ഒരുവനെക്കൊണ്ട് അയാളെ ചികത്സിപ്പിച്ച് ഭേദമാക്കി. എന്നാൽ, അപ്പോൾ മുതൽ, യുദ്ധമുഖത്തു നിന്നും അയാൾ മനഃപ്പൂർവ്വം മാറിനിൽക്കുവാൻ ആരംഭിച്ചു. തന്റെ സ്വസ്ഥതയ്കായി അയാൾ പരിശ്രമിച്ചു; എനിക്ക് ഇപ്പോൾ ആരോഗ്യം, വീട്, കുടുംബം, മറ്റ് സുഖസൗകര്യങ്ങൾ എന്നിവയുണ്ട്, കഴിഞ്ഞ യുദ്ധങ്ങളിലെപ്പോലെ ഇനി ഞാൻ എന്റെ ജീവനെ അപകടത്തിലാക്കുകയില്ല എന്ന് അയാൾ തന്റെ കൂട്ടാളികളോട് പറഞ്ഞു.
ഇതുപോലെതന്നെ, നമ്മുടെ കഷ്ടതകൾ അനേകമാകുമ്പോൾ ദൈവത്തിന്റെ കൃപയാൽ അവനെ സേവിക്കുന്നതിന് നാം ധൈര്യപ്പെടും. ഈ ലോകത്തിലുള്ള ഒന്നിനു വേണ്ടിയും ജീവിക്കവാനില്ല, വരാനിരിക്കുന്ന ലോകത്തിന്റെ പ്രത്യാശയാൽ നാം നയിക്കപ്പെടുന്നു എന്നത് അനമുക്ക് അനുഭവവേദ്യമാകും. തീക്ഷണത, സ്വയത്യാഗം, ക്രിസ്തുവിനു വേണ്ടിയുള്ള ധൈര്യം എന്നിവ കാണിക്കുവാൻ നാം പ്രചോദിപ്പിക്കപ്പെടും. എന്നാൽ കഷ്ടതകൂടാതെയുള്ള നല്ല സമയങ്ങളിൽ പലപ്പോഴും സ്ഥിതി മറിച്ചാണ്!
നാം ഈ ലോകത്തിന്റെ സന്തോഷങ്ങളുടെയും സുഖങ്ങളുടെയും പാരമ്യത്തിലാകുമ്പോൾ വരാനിരിക്കുന്ന ലോകത്തെപ്പറ്റി ഓർമ്മിക്കുക ബുദ്ധിമുട്ടാണ്. അപ്പോൾ നാം സുഖസൗകര്യങ്ങളുടെ മടിയിലേയ്ക് അമരുവാൻ പ്രേരിതരാകും. പ്രിയപ്പെട്ടവരേ, ഈ ലോകത്തിന്റെ അലങ്കാരതൊങ്ങലുകളും സ്പന്ദനങ്ങളും നിങ്ങളെ ദൈവികകാര്യങ്ങളോട് ഉദാസീനത പുലർത്തുവാനും നിങ്ങളുടെ ആത്മീയ വളർച്ചയെ മുരടിപ്പിക്കുവാനും അനുവദിക്കാതിരിക്കുക.
ദൈവത്തിന്റെ വചനത്തെ കൂടുതൽ അനുസരിക്കുവാൻ നമ്മുടെ കഷ്ടകൾ കാരണമാകുന്നുണ്ടോ? ഇല്ല എങ്കിൽ, നമുക്ക് പുതുതായി ആരംഭിക്കാം. മുൻപോട്ടു പോകുമ്പോൾ, നാം നേരിടുന്ന എല്ലാ പരിശോധനകളും ദൈവത്തിന്റെ കല്പനകൾ ശ്രദ്ധാപൂർവ്വം അനുസരിക്കുവാൻ നമ്മെ സഹായിക്കുന്നതിനുള്ള ഉപാധികളായി കാണുവാൻ ആരംഭിക്കാം.
പ്രചോദനം #6. ഭാവിയിലെ തേജസ്കരണത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശയെ കഷ്ടത ബലപ്പെടുത്തുന്നു.
റോമർ 12:12 -ൽ തൊട്ടുമുൻപ് നൽകയിരിക്കുന്ന പദപ്രയോഗം “ആശയിൽ സന്തോഷിപ്പിൻ” എന്ന് പറയുന്നു. അവിടെ പരാമർശിച്ചിരിക്കുന്ന പ്രത്യാശ നമുക്ക് പുതിയതും ഉയിർത്തെഴുന്നേറ്റതുമായ ശരീരങ്ങൾ കിട്ടുമ്പോൾ ലഭിക്കുന്ന ഭാവിയിലെ തേജസ്കരണത്തെക്കുറിച്ചുള്ളതാണ്. റോമർ 5:3-4 നമ്മുടെ കഷ്ടതയെ നമ്മുടെ പ്രത്യാശയുടെ ശക്തീകരണവുമായി ബന്ധപ്പെടുത്തുന്നു, പ്രത്യേകിച്ചും “ദൈവതേജസ്സിന്റെ പ്രത്യാശ”യുമായി ബന്ധപ്പെടുത്തുന്നു [റോമർ 5:2]. ക്രിസ്തുവിന്റെ മടങ്ങിവരവിൽ നമുക്ക് പുതിയ ശരീരങ്ങൾ ലഭിക്കുന്ന സമയവുമായി അത് വീണ്ടും ബന്ധപ്പെട്ടിരിക്കുന്നു.
കഷ്ടത അധികമൊന്നും അനുഭവിക്കാത്ത മനുഷ്യരേക്കാൾ പീഡിപ്പിക്കപ്പെടുന്നവരാണ് ക്രിസ്തുവിന്റെ മടങ്ങിവരവിനു വേണ്ടി ആഗ്രഹിച്ചു കാത്തിരിക്കുന്നത്. എന്തുകൊണ്ട്? കാരണം തേജസ്കരിക്കപ്പെടുന്നതിനുള്ള അവരുടെ ആഗ്രഹം അത്രമേൽ തീവ്രമായതിനാൽ അവർ ആക്ഷരീകമായി അതെക്കുറിച്ചു ചിന്തിക്കുന്നു. അത് സംഭവിക്കുന്നത് ക്രിസ്തുവിന്റെ വരവിങ്കൽ മാത്രമാണ് എന്ന് അറിയുന്നതിനാൽ, അവർ അതിനായി ആശയോടെ കാത്തിരിക്കുന്നു.
പലപ്പോഴും, ക്രിസ്തുവിന്റെ മടങ്ങിവരവിനു വേണ്ടി നാം അതിയായി ആഗ്രഹിക്കുന്നില്ല. കാരണം, നമ്മുടെ തേജസ്കരണം സാധ്യമാക്കുന്ന ക്രിസ്തുവിന്റെ മടങ്ങിവരവ് എന്ന യഥാർഥ നിധിയിൽ നിന്നും നമ്മുടെ കണ്ണുകളെ എടുത്തുമാറ്റുന്ന അനേക നന്മകൾ ലോകത്തിൽ നാം ആസ്വദിക്കുന്നു എന്നതാണ്. അതുകൊണ്ട്, ക്രിസ്തുവിന്റെ മടങ്ങിവരവിനു വേണ്ടി ആഗ്രഹിക്കുവാൻ നാം ആരംഭിക്കേണ്ടതിന് ആ നന്മകളെ താറുമാറാക്കുവാൻ ദൈവം കഷ്ടതകളെ ഉപയോഗിക്കുന്നു.
നമ്മുടെ ജീവിതത്തിലെ കഷ്ടതകൾ നമ്മെ കൂടുതൽക്കൂടുതൽ ക്രിസ്തുവിനോട് അനുരൂപപ്പെടുവാനും അവന്റെ മടങ്ങിവരവിനു വേണ്ടി ആഗ്രഹിക്കുവാനും കാരണമായിട്ടുണ്ടോ എന്ന് നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്. അപ്രകാരം കാരണമായിട്ടില്ല എങ്കിൽ, നമുക്ക് പുതിയ തുടക്കം തുടങ്ങുവാൻ ഇനിയും സമയം വൈകിയിട്ടില്ല. ഭാവിതേജസ്കരണത്തിനുള്ള നമ്മുടെ പ്രത്യാശയെ ബലപ്പെടുത്തുന്നതിനുള്ള ദൈവത്തിന്റെ ഉപാധിയായി കഷ്ടതകളെ കാണുവാൻ നാം ആരംഭിക്കേണ്ടതുണ്ട്.
സമാപന ചിന്തകൾ.
മുകളിൽ പറഞ്ഞ പ്രകാരം, കഷ്ടത സഹിക്കുവാൻ നമ്മെ സഹായിക്കാനിടയുള്ള 6 പ്രചോദനങ്ങൾ ഇവയാണ്:
പ്രചോദനം #1. നാം പ്രാർഥനയിൽ ദൈവത്തെ കൂടുതൽ അന്വേഷിക്കേണ്ടതിന് കഷ്ടത നമ്മെ തകർക്കുന്നു.
പ്രചോദനം #2. കഷ്ടത നമ്മുടെ വിശ്വാസത്തിന്റെ ആത്മാർഥത തെളിയിക്കുന്നു.
പ്രചോദനം #3. വേദന അനുഭവിക്കുന്നവരോട് കൂടുതൽ മനസ്സലിവ് കാണിക്കുവാൻ കഷ്ടത നമ്മെ സഹായിക്കുന്നു.
പ്രചോദനം #4. വിശ്വാസത്തിൽ പക്വത പ്രാപിക്കുവാൻ കഷ്ടത നമ്മെ സഹായിക്കുന്നു.
പ്രചോദനം #5. ദൈവത്തിന്റെ കല്പനകളോടുള്ള വലിയ അനുസരണത്തിലേയ്ക് നയിക്കുവാൻ കഷ്ടത നമ്മെ സഹായിക്കുന്നു.
പ്രചോദനം #6. ഭാവിയിലെ തേജസ്കരണത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശയെ കഷ്ടത ബലപ്പെടുത്തുന്നു.
ഇതിനോട് കൂടുതൽ കൂട്ടിച്ചർക്കാവുന്നതാണ്. എന്നാൽ, ഒരു തുടക്കമെന്ന നിലയിൽ ഇപ്പോൾ ഇവ മതിയാകും. നമുക്കെ ഇവയെക്കുറിച്ച് ചിന്തിക്കുകയും കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ ക്ഷമയോടെ സഹിക്കുവാൻ ദൈവത്തിന്റെ സഹായത്തിനായി പ്രാർഥിക്കുകയും ചെയ്യാം. കുറുക്കുവഴികൾ തേടുകയും കഷ്ടതയിൽ നിന്ന് രക്ഷപെടുകയും അതുമല്ലെങ്കിൽ ദൈവത്തോടും മനുഷ്യരോടും പാപകരമായ അമർഷമനോഭാവത്തോടെ കഷ്ടതകളെ നേരിടുകയും ചെയ്യുന്നവർക്കല്ല മറിച്ച്, കഷ്ടതകളെ ക്ഷമാപൂർവ്വം സഹിക്കുന്നവർക്കാണ് ഈ പ്രയോജനങ്ങൾ ലഭിക്കുന്നത് എന്നതും നമുക്ക് ഓർമ്മിക്കാം.
കഴിഞ്ഞ കാലത്തിലെ പ്രശസ്തനായ പാസ്റ്റർ ആയിരുന്ന J.C. Ryle–ന്റെ പ്രോത്സാഹനകരമായ വാക്കുകൾ, കഷ്ടതകൾ ബൈബിൾ പ്രകാരം നേരിടുവാൻ ഒരുവനെ സഹായിക്കുന്ന വാക്കുകൾ, താഴെക്കൊടുത്തിരിക്കുന്നു:
നാം ക്ഷമയോടെ ഓട്ടം ഓടേണ്ടതുണ്ട്. അല്ല എങ്കിൽ, നാം ഒരിക്കലും വിജയം നേടുകയില്ല. നമുക്ക് മനസ്സിലാക്കുവാൻ സാധിക്കാത്ത പല കാര്യങ്ങൾ ഉണ്ടാകാം, അവയെ മനസ്സിലാക്കണമെന്ന് നമ്മുടെ ജഡം ആഗ്രഹിക്കുകയും ചെയ്യും. എന്നാൽ, നമുക്ക് അന്ത്യംവരെ സഹിഷ്ണതയോടെ മുന്നേറാം, സകലവും വ്യക്തമായിത്തീരും, ദൈവത്തിന്റെ ക്രമീകരണങ്ങൾ ഏറ്റവും നന്നായിരിക്കുന്നു എന്നത് തെളിയിക്കപ്പെടും. നിങ്ങളുടെ പ്രതിഫലം ഭൂമിയിൽ ലഭിക്കും എന്നു കരുതരുത്, പിന്തിരിയരുത് കാരണം, നല്ല കാര്യങ്ങൾ ഭാവിയിലാണ് നിങ്ങൾക്ക് ലഭിക്കുവാൻ പോകുന്നത്.
ഇന്ന് ക്രൂശാണ് ലഭിക്കുക എന്നാൽ, നാളെ കിരീടം ലഭിക്കും. ഇന്ന് കഠിനമായ അദ്ധ്വാനമാണ് എന്നാൽ, നാളെ കൂലി ലഭിക്കുന്ന ദിനമാണ്. ഇന്ന് വിതയ്കുന്ന ദിനമാണ് എന്നാൽ, നാളെ കൊയ്തിന്റെ ദിനമാണ്. ഇന്ന് പോരാട്ടമാണ് എന്നാൽ, നാളെ വിശ്രമമാണ്. ഇന്ന് കരച്ചിലാണ് എന്നാൽ, നാളെ ആനന്ദമാണ്. നാളെയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് എന്താണ്? ഇന്ന് എന്നത് എഴുപത് വർഷമാണ് എന്നാൽ, നാളെ എന്നത് നിത്യതയാണ്. അന്ത്യത്തോളം ക്ഷമയോടെയും പ്രത്യാശയോടെയും ആയിരിക്കുക.
അതാണ് യേശു ചെയ്തത്. എബ്രായർ 12:1 ഇപ്രകാരം പറയുന്നു, “ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. 2 വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു. 3 നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.”
നമുക്ക് ഓട്ടം തുടർന്ന് മുമ്പോട്ടു പോകാം. ദൈവത്തെ മഹത്വപ്പെടുത്തുന്ന വിധത്തിൽ കഷ്ടതയെ നേരിടുവാൻ നാം പഠിക്കുമ്പോൾ, പ്രശസ്തരായ ചില ക്രിസ്ത്യാനികളുടെ, കഷ്ടത അപരിചിതമായിരുന്നവരല്ല, കഷ്ടതയെ സഹിച്ച ക്രിസ്ത്യാനികളുടെ, പ്രോത്സാഹനജനകമായ ഏതാനം ഉദ്ധരണികൾ നൽകിക്കൊണ്ട് ഞാൻ ഈ ലേഖനം അവസാനിപ്പിക്കുന്നു–“കല്ലുകൾ നിറഞ്ഞ വഴിയിലേയ്ക് ദൈവം നമ്മെ അയച്ചാൽ ബലമുള്ള ഷൂസുകളും നൽകുന്നു.”
“കഷ്ടകാലത്ത് നിലനിൽക്കുകയും അതിജീവിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെയത്രയും വിലയേറിയത് മറ്റൊന്നുമില്ല. പരിശോധന കഴിച്ച വിശ്വാസം അനുഭവം നൽകുന്നു. പരിശോധനകളിലൂടെ കടന്നു പോകേണ്ടി വന്നിരുന്നില്ല എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ബലഹീനതകളെ വിശ്വസിക്കുവാൻ സാധിക്കുമായിരുന്നില്ല. നിങ്ങളെ താങ്ങുവാൻ ദൈവത്തിന്റെ ബലം ആവശ്യമായിരുന്നില്ല എങ്കിൽ നിങ്ങൾ ദൈവത്തിന്റെ ബലം ഒരിക്കലും അറിയുമായിരുന്നില്ല.”
“യേശു മാത്രമാണ് നിങ്ങൾക്ക് സ്വന്തമായുള്ളത് എന്ന് അറിയുന്നതുവരെ നിങ്ങൾക്ക് വേണ്ടത് യേശുവിനെ മാത്രമാണ് എന്നത് അറിയുകയില്ല.”