രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 8 വിശ്വസ്തതയോടെ പ്രാർഥിക്കുക

(English version: “The Transformed Life – Faithful Praying”)
രൂപാന്തരപ്പെട്ട ജീവിതത്തിന്റെ സുപ്രധാനമായ ഭാഗമാണ് പ്രാർഥന. റോമർ 12-ൽ രൂപാന്തരപ്പെട്ട ജീവിതത്തെ വിശദീകരിച്ചതിനു ശേഷം, “പ്രാർഥനയിൽ ഉറ്റിരിപ്പിൻ” എന്ന് പൗലോസ് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതിൽ അതിശയിക്കേണ്ടതില്ല [റോമർ 12:13]. ഏകാഗ്രമായി പ്രാർഥനയിൽ വ്യാപൃതമായ ജീവിതത്തിനുള്ള ആഹ്വാനമാണത്. ഈ ആഹ്വാനം നമ്മെ ആശ്ചര്യപ്പെടുത്തരുത്. കാരണം, നമ്മുടെ രൂപാന്തരത്തിന്റെ അന്തിമ ലക്ഷ്യം ക്രിസ്തുവിനെപ്പോലെ പൂർണ്ണമായി ആയിത്തീരുകയാണെങ്കിൽ, ക്രിസ്തുവിൽ പ്രകടമായ പ്രാർഥന നമ്മിലും പ്രകടമായിരിക്കണം.
പ്രാർഥന ആവശ്യമില്ലാതിരുന്ന ഏതെങ്കിലും ഒരു വ്യക്തി ഉണ്ടായിരുന്നുവെങ്കിൽ അത് യേശുവായിരുന്നു. എങ്കിലും, തുടർമാനമായ പ്രാർഥന മാതൃകയാക്കിയ ഒരു വ്യക്തിയാണ് യേശു എന്നാണ് സുവിശേഷവിവരണങ്ങൾ വ്യക്തമായി കാണിക്കുന്നത്. പ്രാർഥനയുടെ പശ്ചാത്തലത്തിലാണ് യേശു ശുശ്രൂഷ ചെയ്തത്. തന്റെ പരസ്യശുശ്രൂഷ മൂന്നര വർഷങ്ങൾ മാത്രമായിരുന്നുവെങ്കിലും പ്രാർഥനയിൽ മണിക്കൂറുകൾ ചെലവഴിക്കുവാൻ സാധിക്കാതവണ്ണം യേശു ഒരിക്കലും തിരക്കുള്ളവനായിരുന്നില്ല. ഗത്സമെനയിൽ പിടിക്കപ്പെടുന്നതിനു മുൻപ് താൻ പ്രാർഥിച്ചു, കുരിശിൽ കിടന്നുകൊണ്ട് പ്രാർഥിച്ചു. തന്റെ അവസാനശ്വാസം വരെയും യേശു പ്രാർഥിച്ചു. പ്രാർഥന കൂടാതെ യേശുവിന്റെ ഒരു ദിവസവും ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്തിരുന്നില്ല.
അതിവശ്രദ്ധയോടെ യേശുവിനെ നോക്കിക്കണ്ട ശിഷ്യന്മാർ തങ്ങളെയും പ്രാർഥിക്കുവാൻ പഠിപ്പിക്കണം എന്ന് അപേക്ഷിക്കുക [ലൂക്കോസ് 11:1] മാത്രമല്ല പിന്നെയോ, പരിശുദ്ധാത്മാവിന്റെ വരവിനു ശേഷം, പ്രാർഥനയ്ക് പ്രഥമ മുൻഗണന നൽകുകയും ചെയ്തതിൽ അതിശയമില്ല. അപ്പോസ്തലപ്രവർത്തികൾ 2:42-ൽ കാണുന്നതുപോലെ, ആദിമസഭയിൽ പ്രാർഥനയ്കുള്ള സമർപ്പണം പ്രകടമായിരുന്നു. സഭയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ടപ്പോൾ അപ്പോസ്തലന്മാർ പ്രാർഥനയും പ്രബോധനവുമെന്ന തങ്ങളുടെ പ്രഥമ വിളിയിൽ നിന്നും വ്യതിചലിക്കുന്നില്ല [അപ്പോസ്തലപ്രവർത്തികൾ 6:4].
ആദിമസഭ എപ്രകാരമാണ് പ്രാർഥനയിൽ സ്വയം സമർപ്പിക്കപ്പെട്ടത് എന്ന് അപ്പോസ്തലപ്രവർത്തികൾ ആവർത്തിച്ച് കാണിക്കുന്നു. വാസ്തവത്തിൽ, അപ്പോസ്തലപ്രവർത്തികളിൽ പ്രാർഥനയെക്കുറിച്ച് കുറഞ്ഞത് 20 പരാമർശനങ്ങളെങ്കിലും ഒരുവനു കാണുവാൻ സാധിക്കും. [അപ്പോസ്തലപ്രവർത്തികൾ 1:13-14, 1:24-25, 2:42, 3:1, 4:24, 29, 31, 6:3-4, 6, 7:60, 8:15-17, 9:11, 40, 10:2, 9, 12:5, 12, 13:3, 14:23, 16:25, 20:36, 21:5, 27:35-36, 28:8]. നമുക്കു കാണുവാൻ സാധിക്കുന്നതുപോലെ, ആദിമ ക്രിസ്ത്യാനികൾക്ക് പ്രാർഥന വളരെ പ്രധാനപ്പെട്ടതായിരുന്നു. ആദിമസഭ ശക്തമായ സ്വാധീനം ചെലുത്തിയതിൽ അതിശയമില്ല!
റോമാലേഖനത്തിലെ ഈ വേദഭാഗം പോലെതന്നെ, തന്റെ മറ്റ് ലേഖനങ്ങളിലും തുടർമാനമായ പ്രാർഥനയുടെ ആവശ്യം പൗലോസ് ഊന്നിപ്പറയുന്നു. ഏതാനം ചില ഉദാഹരണങ്ങൾ ഇവിടെ നൽകുന്നു:
എഫെസ്യർ 6:18 “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.”
ഫിലിപ്പിയർ 4:6 “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.”
കൊലൊസ്സ്യർ 4:2 “പ്രാർഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.”
1 തെസ്സലൊനീക്യർ 5:17 “ഇടവിടാതെ പ്രാർത്ഥിപ്പിൻ.”
ഭക്തിപൂർണ്ണമായ പ്രാർഥന യേശുവിൽ പ്രകടമായിരുന്നതിനാൽ, നാമും അപ്രകാരം ചെയ്യണം! ആദിമ സഭ യേശുവിന്റെ മാതൃക പിന്തുടർന്നു, നാമും അതുതന്നെ ചെയ്യണം! പ്രാർഥിക്കുന്ന യജനാനന് പ്രാർഥിക്കുന്ന ദാസന്മാർ ഉണ്ടായിരിക്കുന്നത് ഉചിതംതന്നെ. എന്നാൽ, സ്വാഭാവികമായി നാം ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആദ്യംതന്നെ ദൈവത്തിനടുത്തേയ്ക് സഹായം ചോദിച്ചുകൊണ്ട് ഓടിയെത്താതെ, നമ്മുടെ ശക്തിയിൽ ആശ്രയിക്കുന്നു.
ക്യാൻസർ ചികിത്സയിൽ പല മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഫലം കാണാതെവന്ന ഒരു മനുഷ്യനോട്, ഒടുവിൽ, അയാളുടെ ഡോക്ടർ ഇപ്രകാരം പറഞ്ഞു, “ഞങ്ങൾക്ക് ചെയ്യുവാൻ സാധിക്കുന്നവയെല്ലാം ചെയ്തു. ഇനി, നിങ്ങൾക്ക് പ്രാർഥിക്കുവാൻ സമയമായിരിക്കുന്നു.” അയാൾ ഇങ്ങനെ പ്രതികരിച്ചു, “അപ്പോൾ, ഇനി അത് മാത്രമാണുള്ളത്!”
പ്രാർഥന അവസാനം തിരഞ്ഞെടുക്കുന്ന ഒന്നാണ്! “മറ്റെല്ലാം പരാജയപ്പെടുമ്പോൾ, പ്രാർഥിക്കുക” എന്നതാണ് ലോകത്തിന്റെ മനോനില! ബൈബിൾ പഠിപ്പിക്കുന്നതിന് എത്രയോ വിപരീതമാണത്. നാം ചെയ്യുന്ന മറ്റെല്ലാ പ്രവർത്തനങ്ങളും പ്രാർഥനയുടെ അന്തരീക്ഷത്തിൽ നിന്നും ഉത്ഭവിക്കണം. നാം പ്രാർഥിക്കാതിരിക്കുമ്പോൾ, നാം ദൈവാശ്രയത്തേക്കാൾ സ്വയാശ്രയം പ്രഖ്യാപിക്കുകയാണ്. വാക്കുകളിൽ നാം ഇത് പറയണമെന്നില്ല എന്നാൽ, നമ്മുടെ പ്രവർത്തികൾ അത് തുറന്ന് പ്രഖ്യാപിക്കുകയാണ്.
ശുശ്രൂഷയിലും പ്രാർഥന പ്രബലമായ പ്രവൃത്തിയായിരിക്കണം. നാം ശുശ്രൂഷയുടെ പശ്ചാത്തലത്തിൽ പ്രാർഥിക്കരുത്. പകരം, പ്രാർഥനയുടെ പശ്ചാത്തലത്തിൽ എല്ലാ ശുശ്രൂഷകളും ചെയ്യണം! പ്രാർഥനയിൽ ചിലവിടുന്ന സമയത്തിൽ നിന്നും ശുശ്രൂഷ ഉത്ഭവിക്കണം. യേശു തന്റെ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ, ഒന്നാമതായി “തന്നോടുകൂടെ ഇരിപ്പാനും” അതിനുശേഷം, “പ്രസംഗിക്കേണ്ടതിന് അയപ്പാനും” നിയമിച്ചു [മർക്കോസ് 3:14]. ഒന്നാമതായി യേശുവിനോടൊപ്പം ഇരിക്കുക, അതിനുശേഷം, പുറത്തേയ്കു പോയി ശുശ്രൂഷ ചെയ്യുക!
യേശു പിതാവിനോടൊപ്പം സമയം ചിലവഴിക്കുകയും അതിനു ശേഷം ശുശ്രൂഷ ചെയ്യുകയും ചെയ്തു. അപ്പോസ്തലന്മാർ യേശുവിനോടൊപ്പം സമയം ചിലവഴിക്കുകയും അതിനുശേഷം, ശുശ്രൂഷ ചെയ്യുകയും ചെയ്തു. ഒന്നാമത്തെ മിഷനറിയാത്ര പ്രാർഥനയുടെയും ഉപവാസത്തിന്റെയും പശ്ചാത്തലത്തിലാണ് സമാരംഭിച്ചത് [അപ്പോ.പ്രവർത്തികൾ 13:1-3]. നമ്മുടെ കാര്യത്തിലും അത് അപ്രകാരംതന്നെ ആയിരിക്കണം. നമ്മുടെ സകല പ്രവർത്തനങ്ങൾക്കുമുള്ള ഇന്ധനം നമ്മുടെ പ്രാർഥന പ്രദാനം ചെയ്യണം. വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന അനേകരും കഷ്ടതകൾ നേരിടുമ്പോൾ മാത്രമാണ് പ്രാർഥിക്കുന്നത്. എന്നാൽ, അത് അവിശ്വാസികളുടെ പ്രതികരണംതന്നെയാണ്. എന്നാൽ, നാം വിശ്വാസികൾ തീക്ഷണതയോടെ പ്രാർഥിക്കുവാൻ കഷ്ടതകൾക്കായി കാത്തിരിക്കരുത്. നാം എല്ലായ്പോഴും ശുഷ്കാന്തിയോടെ പ്രാർഥിക്കുന്നവരായിരിക്കണം.
എമി കാർമൈക്കളിന്റെ വാക്കുകൾ ഈ സത്യത്തെ ഉറപ്പിക്കുന്നു:
“യുദ്ധത്തിൽ മുറിവേല്ക്കുന്നതിൽ നിന്നോ അവ ഉണ്ടാക്കുന്ന നാശത്തിൽ നിന്നോ ഉള്ള വിടുതലോ അവയുടെ വേദനയിൽ നിന്നുള്ള ആശ്വാസമോ ലഭിക്കുവാൻ പ്രാർഥിക്കുന്നിനെക്കാളധികം ആത്മീയ വിജയത്തിനു വേണ്ടി പ്രാർഥിക്കുവാൻ നാം പഠിക്കണം. വിജയം എന്നാൽ പരിശോധനയിൽ നിന്നുമുള്ള വിടുതലല്ല പിന്നെയോ, പരിശോധന നേരിട്ടുകൊണ്ട് ജയം വരിക്കുകയാണ്, അത് ഇടവിട്ടുണ്ടാകുന്ന ഒന്നല്ല പിന്നെയോ നിരന്തരമായതാണ്.”
ആരോ ഒരിക്കൽ ഇപ്രകാരം പറഞ്ഞു, “ക്രിസ്ത്യാനികൾ പിറുപിറുക്കുവാൻ ചിലവഴിക്കുന്നത്ര സമയം പ്രാർഥനയിൽ ചിലവഴിച്ചിരുന്നുവെങ്കിൽ, അവർക്ക് താമസിയാതെതന്നെ, പിറുപിറുക്കുവാൻ കാരണങ്ങൾ അവശേഷിക്കാതെ വരുമായിരുന്നു.”
ഇത്രയും പറഞ്ഞശേഷം, ഇനി, നമുക്ക് പ്രാർഥനയിൽ വിശ്വസ്തമായിരിക്കുക എന്ന ഈ കല്പന എങ്ങനെ പ്രയോഗത്തിൽ വരുത്താം? എന്നു ചിന്തിക്കാം. പ്രാർഥനയിൽ വിശ്വസ്തരായിരിക്കുവാൻ സഹായിക്കുവാൻ 10 നിർദ്ദേശങ്ങൾ അഥവാ 10 ഓർമ്മപ്പെടുത്തലുകൾ നൽകി സഹായിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
1. ശാന്തമായ ഒരു സമയം കണ്ടെത്തുക.
ശ്രദ്ധ വ്യതിചലിപ്പിക്കുന്ന യാതൊന്നുമില്ലാതെ ശാന്തമായ ഒരു സ്ഥലം നമ്മുടെ ഭവനത്തിനുള്ളിലോ അതിനു വെളിയിലോ കണ്ടെത്തുക. അത് നിങ്ങളുടെ പ്രാർഥനായിടം ആയിരിക്കട്ടെ.
2. ഒരു നിശ്ചിതസമയം തീരുമാനിക്കുക.
ദൈവത്തോടൊപ്പം ഒരു നിശ്ചിത സമയം ചിലവഴിക്കുകയും ആ കൂടിക്കാഴ്ച നിലനിർത്തിക്കൊണ്ടു പോകുന്നതുമായ ഒരു ശീലം നാം സ്വായത്തമാക്കണം. എന്ത് വിലകൊടുത്തും ആ സമയം പാലിക്കുവാൻ ശ്രമിക്കണം. നിശ്ചിത സമയങ്ങളിൽ പ്രാർഥിക്കുന്നത് നമ്മെ മറ്റു സമയങ്ങളിലും പ്രാർഥിക്കുവാൻ സഹായിക്കും.
3. പ്രാർഥനാവേളയിൽ ബൈബിൾ ഉപയോഗിക്കുക.
ബൈബിൾ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ പ്രാർഥനകൾ ദൈവത്തിന്റെ വചനത്തിൽ വെളിപ്പെടുത്തപ്പെട്ട ദൈവഹിതവുമായി യോചിച്ചുപോകുന്നു എന്ന് നമുക്ക് ഉറപ്പാക്കുവാൻ സാധിക്കും. തിരുവെഴുത്തിലെ വാക്യങ്ങൾ നമ്മുടെ പ്രാർഥനയാക്കുവാൻ നാം പഠിക്കണം. ബൈബിൾ വാക്യങ്ങൾ ഉച്ചത്തിൽ ഉച്ചരിച്ചുകൊണ്ട് പ്രാർഥിക്കുന്നതും പരിഗണിക്കുക. ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നമ്മടെ മനസ്സുകളെ ഇത് സഹായിക്കുന്നു!
4. താഴ്മയോടെ പ്രാർഥിക്കുക.
ദൈവം സൃഷ്ടാവാകുന്നു; നാം സൃഷ്ടിക്കപ്പെട്ടവരും. ഇവ തമ്മിൽ വലിയ അന്തരമുണ്ട്. താഴ്മയോടെ ദൈവത്തെ സമീപിക്കുവാൻ ഈ യാഥാർഥ്യം നമ്മെ സഹായിക്കും. നാം ദൈവത്തിന്റെ മക്കളാണെങ്കിലും, പാപത്തിൽ നിന്നുള്ള അനുതാപവും ഏറ്റുപറച്ചിലുമുൾപ്പെടുന്ന താഴ്മയുടെ മനോഭാവത്തോടെ ദൈവത്തിനരികിലേയ്ക് ചെല്ലണം. “എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെയാകട്ടെ” [ലൂക്കോസ് 22:42] എന്ന് പറയുകയും അർഥമാക്കുകയും ചെയ്യുന്ന താഴ്മയുള്ള ഹൃദയത്തിൽ നിന്നുമാണ് നമ്മുടെ പ്രാർഥനകൾ വരേണ്ടത്!
5. സത്യസന്ധമായി പ്രാർഥിക്കുക.
ദൈവത്തോട് സത്യസന്ധരായിരിക്കുവാൻ ദൈവം നമ്മെ സ്വാഗതം ചെയ്യുന്നു. അതുകൊണ്ട്, നമ്മുടെ നിലവിളികൾ കേൾക്കുന്നവന്റെ അടുക്കൽ ആദരവോടെയും കാപട്യരഹിതമായും നമ്മുടെ ഹൃദയങ്ങളെ പകരുവാൻ നാം സ്വാതന്ത്ര്യമെടുക്കണം.
6. നിങ്ങളുടെ അപേക്ഷകളിൽ വ്യക്തതയുണ്ടായിരിക്കുക.
ഉവ്വ്, നാം പറയുന്നതിനു മുൻപുതന്നെ നമ്മുടെ ആവശ്യങ്ങൾ ദൈവം അറിയുന്നു. എന്നാൽ, ചോദിക്കുന്നതിലൂടെ ദൈവത്തിലുള്ള നമ്മുടെ ആശ്രയം നാം പ്രകടമാക്കുകയാണ്. വ്യക്തതയുണ്ടായിരിക്കുന്നത് നമ്മുടെ ഉദ്ദേശ്യങ്ങൾ ശുദ്ധമാണോ എന്ന് കാണുവാനും നമ്മെ സഹായിക്കുന്നു.
7. ശ്രദ്ധ വ്യതിചലിപ്പിക്കുന്നവയെ നീക്കിക്കളയുക.
പ്രാർഥിക്കുമ്പോൾ നാം നമ്മുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റിവയ്കണം. ഫോണിലോ ടാബിലോ നിന്നുള്ള ഒരു നോട്ടിഫിക്കേഷൻ സ്വരത്തിന് നമ്മുടെ ശ്രദ്ധയെ വളരെ വേഗം വ്യതിചലിപ്പിക്കുവാൻ സാധിക്കും. ചിലപ്പോഴൊക്കെ, ഇത്തരം ഒരു ഉപകരണത്തിന്റെ സാമീപ്യം പോലും പെട്ടെന്ന് ഒന്നു നോക്കുവാൻ പ്രലോഭിപ്പിക്കുകയും അങ്ങനെ പ്രാർഥനയിൽ നിന്ന് നമ്മുടെ ശ്രദ്ധ മാറുകയും ചെയ്യും. യേശു നമ്മുടെ പൂർണ്ണ ശ്രദ്ധ അർഹിക്കുന്നു. പ്രാർഥനയ്കിടയിൽ നമ്മുടെ ജീവിതപങ്കാളികളോടോ മക്കളോടോ സംസാരിക്കുകയുമരുത്. അത് ശ്രദ്ധ വ്യതിചലിപ്പിക്കുവാൻ വളരെ സാധ്യതയുണ്ട്. അതുകൊണ്ടാണ്, നമുക്ക് ശാന്തമായൊരു സ്ഥലം ആവശ്യമായിരിക്കുന്നത്.
8. മറ്റുള്ളവരോടൊപ്പം പ്രാർഥിക്കുക.
വ്യക്തിഗത പ്രാർഥനയോടൊപ്പം നമ്മുടെ കുടുംബാംഗങ്ങളുടെയും സഹവിശ്വാസികളുടെയും ഒപ്പമിരുന്ന് പ്രാർഥിക്കണം. സഭയുടെ പ്രാർഥനായോഗങ്ങളിൽ നാം പങ്കെടുക്കേണ്ടതുണ്ട്. ഒരുമിച്ചു പ്രാർഥിക്കുന്നതിലൂടെ, നമുക്ക് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാൻ സാധിക്കുന്നു എന്നുമാത്രമല്ല, കൂടുതൽ വിശ്വസ്തതയോടെ പ്രാർഥിക്കുവാൻ നാംതന്നെ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നതായി കാണുന്നതാണ്.
9. മറ്റുള്ളവർക്കു വേണ്ടി പ്രാർഥിക്കുക.
മധ്യസ്ഥപ്രാർഥന നമ്മുടെ പ്രാർഥനയുടെ സുപ്രധാനമായ ഭാഗമായിരിക്കേണ്ടതാണ്. മറ്റുള്ളവർക്കു വേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾ അവരുടെ ശാരീരികവും ഭൗതികവുമായ ആവശ്യങ്ങൾക്കപ്പുറം വ്യാപിക്കേണ്ടതാണ്; അവരുടെ ആത്മീയ ആവശ്യങ്ങൾ മുന്നിട്ടു നിൽക്കേണ്ടതാണ്. നഷ്ടമായിപ്പോകുന്നവരുടെ രക്ഷയ്കായി പ്രാർഥിക്കുന്നത് മാത്രമല്ല, സഹവിശ്വാസികൾ കൂടുതൽ ആത്മീയഫലം കായ്കുന്നതിനും വേണ്ടിയുള്ള പ്രാർഥനയും ഇതിൽ ഉൾപ്പെടുന്നു.
10. ദൈവത്തിന്റെ കരം പ്രവർത്തിക്കുന്നതിനു മാത്രമല്ല, ദൈവത്തിന്റെ മുഖം അന്വേഷിക്കുന്നതിനുവേണ്ടിയും പ്രാർഥിക്കുക.
പലപ്പോഴും നമ്മുടെ പ്രാർഥനകൾ ദൈവത്തിൽ നിന്നും നമുക്ക് സ്വീകരിക്കുവാൻ സാധിക്കുന്നവയിൽ മാത്രം ശ്രദ്ധവയ്കുന്നവയാണ്. ദൈവത്തിന്റെ മുഖം കൂടുതൽ അന്വേഷിക്കുവാൻ നാം പഠിക്കണം. ദൈവത്തോട് കൂടുതൽ അടുക്കുവാനും തന്റെ സാമീപ്യം അനുഭവിക്കുവാനും നാം ശ്രമിക്കണം. 1 ദിനവൃത്താന്തം 16:11 ഇപ്രകാരം പറയുന്നു, “യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.” സങ്കീർത്തനങ്ങൾ 27:8 പറയുംപ്രകാരം ദാവീദിന്റെ നിശ്ചയദാര്‍ഢ്യം ഇതായിരുന്നു: “എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.”
ഇവയോട് നമുക്ക് കൂടുതൽ കൂട്ടിച്ചേർക്കാവുന്നതാണ് [വിശ്വാസത്തോടെ പ്രാർഥിക്കുക, സ്ഥിരതയോടെ പ്രാർഥിക്കുക എന്നിങ്ങനെ]. എന്നാൽ ഈ ഏതാനം ചിന്തകൾതന്നെ നമ്മെ കൂടുതൽ വിശ്വസ്തരായി പ്രാർഥിക്കുവാൻ പ്രചോദിപ്പിക്കേണ്ടതാണ്.
മത്തായി 26:40 -ൽ യേശു ഇപ്രകാരം ചോദിച്ചു, “എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?” നമ്മിൽ എത്രപേർ ദിനവും ഒരു മണിക്കൂർ നൽകുന്നുണ്ട്? ഒരു ശരാശരി വിശ്വാസി കൂടിപ്പോയാൽ ഒരു 10 അല്ലെങ്കിൽ 15 മിനിറ്റ് നൽകുന്നു. ദൈവത്തിന് നാം ഇത്ര കുറച്ച് സമയമാണ് നൽകുന്നതെങ്കിൽ, ദൈവം നമ്മെ കേൾക്കും എന്ന് എങ്ങനെ നമുക്ക് പ്രതീക്ഷിക്കുവാൻ സാധിക്കും? ഒരു മണിക്കൂർ എന്നത് 24 മണിക്കൂറുള്ള ദിവസത്തിന്റെ 4% ആണ്. അത് 5%-ത്തിൽ താഴെയാണ്! അത്യന്താപേക്ഷിതമല്ലാത്ത മറ്റുപല കാര്യങ്ങൾക്ക് നാം കൂടുതൽ സമയം നൽകുന്നു!- ടിവി, സമൂഹമാധ്യമങ്ങൾ എന്നിവയുടെ കാര്യം ചിന്തിക്കുക. സമയക്കുറവല്ല പ്രശ്നം മറിച്ച്, പ്രാർഥനയുടെ ആവശ്യത്തിന്റെ ഗൗരവം സംബന്ധിച്ചുള്ള ബോധ്യമില്ലായ്മയാണ് പ്രാർഥനയിൽ വിശ്വസ്തരായിരിക്കുന്നതിൽ നിന്നും നമ്മെ തടയുന്നത്.
പ്രാർഥിക്കുന്ന യജമാനന് പ്രാർഥിക്കുന്ന ദാസന്മാരുണ്ടായിരിക്കണം! അതുകൊണ്ട്, നമുക്ക് വിശ്വസ്തരായി പ്രാർഥിക്കുന്ന ഒരു ജീവിതത്തിനായി നമ്മെത്തന്നെ നൽകുകയും അങ്ങനെ ക്രിസ്തുവിന്റെ രൂപത്തോട് കൂടുതൽ അനുരൂപപ്പെടുകയും ചെയ്യാം!