രൂപാന്തരപ്പെട്ട ജീവിതം—ഭാഗം 9 മറ്റുള്ളവരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുക

(English version: “The Transformed Life – Sharing With Others In Need”)
“വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ” എന്ന് റോമർ 12:13-ന്റെ അവസാനഭാഗം ആഹ്വാനം ചെയ്യുന്നു. “കൂട്ടായ്മ” എന്ന പദം “കൊയ്നോണിയ” എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ലഭിക്കുന്നത്. ക്രിസ്തീയ ഗോളത്തിൽ പലപ്പോഴും ഉപയോഗിക്കുന്ന പദമാണിത്. സന്ദർഭമനുസരിച്ച് വ്യത്യസ്ത വിധത്തിൽ പുതിയ നിയമം ഈ പദത്തെ പരിഭാഷ ചെയ്തിരിക്കുന്നു: പങ്കാളിത്തം, പങ്കെടുക്കൽ, പങ്കുവയ്കൽ, കൂട്ടായ്മ. ഒരുമിച്ചുള്ള പൊതുജീവിതം എന്നതാണ് അടിസ്ഥാന ആശയം.
എല്ലാ കൂട്ടായ്മയുടെയും അടിസ്ഥാനം ദൈവവുമായുള്ള കൂട്ടായ്മയാണെന്ന് ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു. “തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേയ്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ” എന്ന് 1 കൊരിന്ത്യർ 1:9 നമ്മോടു പറയുന്നു. തന്റെ പുത്രനിലൂടെ ദൈവവുമായി കൂട്ടായ്മയിലായിരിക്കുന്നവർ സ്വയമേവ മറ്റ് ക്രിസ്ത്യാനികളുമായി കൂട്ടായ്മയിലേയ്കു വന്നിരിക്കുന്നു. അല്ലെങ്കിലും, നാം ക്രിസ്തു തലയായിരിക്കുന്ന ഒരു ശരീരത്തിന്റെ അവയവങ്ങളാണ്. ഈ കൂട്ടായ്മയുടെ ഒരു സ്വഭാവം ആവശ്യത്തിലിരിക്കുന്ന വിശ്വാസികളുമായി ഭൗതികനന്മകൾ പങ്കുവയ്കുകയാണ്. അതാണ് റോമർ 12:13-ന്റെ അവസാനഭാഗത്തിലെ ആശയം.
ആവശ്യത്തിലിരിക്കുന്ന വിശ്വാസികളുമായി തങ്ങളുടെ ഭൗതിക വിഭവങ്ങൾ പങ്കുവയ്കുവാൻ ആഹ്വാനം ചെയ്യുന്ന മറ്റു ചില പുതിയ നിയമഭാഗങ്ങൾ ഇവിടെ നൽകുന്നു.
1 തിമൊഥെയൊസ് 6:18 “ആശവെപ്പാനും നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി….”
എബ്രായർ 13:16 “നന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.”
അതുകൊണ്ട്, കൂട്ടായ്മ എന്നത് വിശ്വാസിയ്ക് ഇഷ്ടമുണ്ടെങ്കിൽ ചെയ്യാവുന്ന ഒന്നല്ല. അത് സ്പഷ്ടമായ കല്പനയാണ്. നാം എല്ലാവരും ഒരു ശരീരത്തിന്റെ അവയവങ്ങളാണ്. അവയവങ്ങൾ എന്ന നിലയിൽ നാം അന്യോന്യം കരുതലോടും താത്പര്യത്തോടുംകൂടെ ക്രിസ്തീയ ജീവിതം ജീവിക്കണം.
വേദശാസ്ത്രപണ്ഡിതനായ ജോൺ മുറെ ഇപ്രകാരം പറഞ്ഞു, “നാം വിശുദ്ധന്മാരുടെ ആവശ്യങ്ങളുമായി ഏകീഭവിക്കുകയും അവയെ നമ്മുടെ ആവശ്യങ്ങളായി കരുതുകയും വേണം.” ആദിമ സഭയുടെ മനോഭാവം അപ്രകാരമായിരുന്നു. അപ്പോ. പ്രവൃത്തികൾ 2:44-45 ഇപ്രകാരം പ്രസ്താവിക്കുന്നു: “വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു സകലവും പൊതുവക എന്നു എണ്ണുകയും ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവർക്കും പങ്കിടുകയും…” ഇത് കമ്യൂണിസമല്ല പിന്നെയോ, അടിസ്ഥാന ക്രിസ്തീയതയാണ്! പിന്നീട്, അപ്പോസ്തലപ്രവർത്തികൾ 4:32-35-ൽ വിവരിക്കുന്നത് വിശ്വാസികളുടെ തുടർമാനമായ മനോഭാവം ഇതായിരുന്നു എന്നതാണ്.
അതിനാൽ, ഈ ചിന്തകളോടൊപ്പം, 2 ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്തുകൊണ്ട്, ഈ കല്പനയെ നമുക്ക് പ്രായോഗപഥത്തിലെത്തിക്കാം.
ചോദ്യം #1. ആർക്കൊക്കെയാണ് നാം നൽകേണ്ടത്?
അവിശ്വാസികളെ സഹായിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന നിരവധി പരാമർശങ്ങൾ ബൈബിളിലുണ്ടെങ്കിലും, ഇവിടെ നൽകിയിരിക്കുന്ന കൽപ്പന അറിയാവുന്നവരും അറിയാത്തവരുമായ വിശ്വാസികൾക്ക് വിശ്വാസികൾക്ക് സഹായം നൽകണമെന്നാണ്. ബൈബിളിൽ രണ്ടിനും ഉദാഹരണങ്ങളുണ്ട്. അപ്പോസ്തലപ്രവർത്തികൾ 2:44-45 ൽ മുകളിൽ പരാമർശിക്കുന്നത് വിശ്വാസികൾ അവർക്കറിയാവുന്ന മറ്റ് വിശ്വാസികൾക്ക് നൽകുന്നതിനെയാണ്. റോമർ 15:26-27 ൽ, കൊരിന്തിലെയും തെസ്സലോനിക്കയിലെയും ഫിലിപ്പിയിലെയും സഭകളിൽ നിന്നുള്ള വിശ്വാസികൾ ജറുസലേമിൽ തങ്ങൾക്കറിയാത്ത മറ്റ് വിശ്വാസികൾക്ക് നൽകുന്നതുമായി ബന്ധപ്പെട്ട പരാമർശമാണ് കാണുന്നത്.
അതായത്, ആവശ്യത്തിലിരിക്കുന്ന അറിയാവുന്നതും അറിയാത്തതുമായ മറ്റ് വിശ്വാസികൾക്ക് നാം നൽകുന്നു.
ചോദ്യം #2. കൊടുക്കുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങൾ ഏവ?
നമ്മുടെ കൊടുക്കലിൽ 3 മനോഭാവങ്ങൾ ഉണ്ടായിരിക്കണം.
#1. നാം ഉത്സാഹമനോഭാവത്തോടെ നൽകണം. മക്കദോന്യയിലെ വിശ്വാസികളുടെ കൊടുക്കലിനെക്കുറിച്ച് വിവരിക്കുമ്പോൾ പൗലോസ് പറഞ്ഞു, “വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാൻ സാക്ഷി” [2 കൊരിന്ത്യർ 8:3-4]. മക്കദോന്യയിലെ വിശ്വാസികൾക്ക് ആരും പിന്നിൽ നിന്ന് ഉന്തിവിടേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഒരു ആവശ്യമുണ്ടെന്ന് അവർ അറിഞ്ഞു, കൊടുക്കുവാൻ അവർ ഉത്സാഹം കാട്ടി. പരിശുദ്ധാത്മാവിന്റെ കീഴിൽ ജീവിക്കുന്ന വിശ്വാസികൾ കൊടുക്കുവാൻ ആഗ്രഹിക്കും. ഒരാവശ്യത്തെക്കുറിച്ച് കേൾക്കുന്ന ഉടൻതന്നെ അവരുടെ ഹൃദയങ്ങൾ തുറക്കും, ഒപ്പം അവരുടെ പേഴ്സുകളും! കൊടുക്കുവാൻ അവരെ ആരും ഉന്തിവിടേണ്ട ആവശ്യമില്ല.
#2. നാം ഉദാരമനോഭാവത്തോടെ കൊടുക്കേണ്ടതാണ്. നാം കൊടുക്കുമ്പോൾ വിമുഖതയുടെ മനോഭാവത്തോടെയല്ല, സന്തോഷപൂർണ്ണവും ഉദാരവുമായ ഹൃദയത്തോടെ നൽകണം. കൂടുതൽ നാണയങ്ങൾ തിരികെ ലഭിക്കാൻ ഒരു സ്ലോട്ട് മെഷീനിൽ ഇട്ട നാണയങ്ങൾ പോലെയാകരുത് നിങ്ങളുടെ കൊടുക്കൽ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കൂടുതൽ ലഭിക്കാൻ ദൈവത്തിന് കൈക്കൂലി കൊടുക്കുന്ന മനോഭാവത്തോടെയല്ല നാം കൊടുക്കേണ്ടത്. പകരം, പ്രതിഫലമായി യാതൊന്നും പ്രതീക്ഷിക്കാതെ ഉദാരമായി നൽകണം.
വാഗ്ദത്ത ദേശത്തേയ്ക് പ്രവേശിക്കുവാൻ തയ്യാറായിനിന്ന യിസ്രായേലിനോട്, ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള മോശെയുടെ വാക്കുകൾ ഇവിടെ നൽകുന്നു: “7 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടയ്ക്കാതെയും, 8 നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം. 10 നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. 11 ദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു” [ആവർത്തനം 15:7-8, 10-11].
ഉദാരമായി കൊടുക്കുവാൻ യേശു നമ്മോടു കല്പിക്കുന്നു [ലൂക്കോസ് 6:38]. ഉദാരമായി നൽകുന്നത് വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയാണ്. എന്റെ വിഭവങ്ങൾ ഉപയോഗിച്ച് ഞാൻ മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുകയാണെങ്കിൽ, എന്റെ ആവശ്യങ്ങൾ ദൈവം പരിപാലിക്കുമെന്ന് വിശ്വാസം കരുതുകയും ആ അനുമാനത്തിന്മേൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
#3. ദൈവമഹത്വം ലക്ഷ്യവച്ചുള്ള മനോഭാവത്തോടെ നാം കൊടുക്കണം. ആത്യന്തികമായി മറ്റുള്ളവർക്ക് കൊടുക്കുന്നത് നമുക്ക് സുഖം തോന്നാൻ വേണ്ടിയല്ല [ശരിയായ മനോഭാവത്തോടെ അത് ചെയ്താൽ നമുക്ക് സുഖം തോന്നും]; മറ്റുള്ളവർക്ക് കാണാൻ വേണ്ടിയല്ല [ചില സന്ദർഭങ്ങളിൽ ഇത് ഒഴിവാക്കാൻ സാധിക്കുകയില്ല]; മറ്റുള്ളവർക്ക് പ്രയോജനപ്പെടാൻ വേണ്ടിയല്ല [അത് സംഭവിക്കും]. എന്നാൽ ലക്ഷ്യം എപ്പോഴും ദൈവത്തിന്റെ മഹത്വമായിരിക്കണം!
2 കൊരിന്ത്യർ 9:12-15 ൽ പൗലോസ് ഇപ്രകാരം എഴുതുന്നു: “12 ഈ നടത്തുന്ന ധർമ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു. 13 ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യംനിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും. 14 നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ചു നിങ്ങൾക്കു വേണ്ടി പ്രാർഥിക്കും. 15 പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം!”
ദൈവത്തിന് നന്ദി കരേറ്റപ്പെടും [വാ. 12]; ദൈവം സ്തുതിക്കപ്പെടും [വാ. 13]. അതാണ് പരമമായ ലക്ഷ്യം. നമ്മുടെ ദാനം ഉൾപ്പെടെ ജീവിതത്തിൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവന്റെ മഹത്വം ആയിരിക്കണം നമ്മുടെ ലക്ഷ്യം.
അതെ, കൊടുക്കലിൽ നമുക്കുണ്ടായിരിക്കേണ്ട 3 മനോഭാവങ്ങൾ: ഉത്സാഹം, ഉദദാരമനസ്കത, ദൈവമഹത്വം ലക്ഷ്യമാക്കിയത്.
ശരിയായ മനോഭാവത്തിന്റെ താക്കോൽ ഇതാണ്: നാം ആദ്യം നമ്മെത്തന്നെ കർത്താവിന് സമർപ്പിക്കണം. 2 കൊരിന്ത്യർ 8:5-ന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇതു പറയുന്നത്, “അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നേ കർത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.” ദൈവത്തിന് കീഴടങ്ങുവാൻ നമ്മെത്തന്നെ എത്രത്തോളം നാം സമർപ്പിക്കുന്നുവോ അത്രയധികം ശരിയായ മനോഭാവം മറ്റുള്ളവരുമായി പങ്കുവെയ്കുന്നതിന് നമുക്ക് ഉണ്ടാകും. നമുക്കുവേണ്ടി മരിക്കാൻ തന്റെ പുത്രനെ തന്ന ഉദാരമതിയായ ദൈവമായി നാം ഈ ദൈവത്തെ എത്രയധികം കാണുന്നുവോ, നമുക്കുവേണ്ടി തന്നെത്തന്നെ സമർപ്പിച്ച ഈ രക്ഷകനുമായി എത്രയധികം നാം പ്രണയത്തിലാകുന്നുവോ, അത്രയധികം ശരിയായ മനോഭാവത്തിൽ, നമ്മുടെ വിഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്കുന്നതിൽ നാം വളരും.
കൊടുക്കൽ സംബന്ധിച്ചും മുന്നറിയിപ്പിന്റെ ഒരു വാക്ക്.
ദുരുപയോഗം ചെയ്യാവുന്ന ഏതൊരു നല്ല കാര്യത്തെയും പോലെ, കൊടുക്കലിലും ദുരുപയോഗം സംഭവിക്കുന്നത് എളുപ്പമാണ്. ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന ചിലർ മറ്റുള്ളവരെ മുതലെടുക്കാനുള്ള സാധ്യത എപ്പോഴും ഉണ്ടെന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇതാണ് തെസ്സലോനിക്യയിൽ സംഭവിച്ചത്. 2 തെസ്സലൊനീക്യർ 3:10 ഇപ്രകാരം പറയുന്നു, “വേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.” തെസ്സലോനിക്യയിൽ ഉണ്ടായിരുന്ന മടിയന്മാരായിരുന്ന ചിലർക്ക് ജോലി ചെയ്യുവാൻ സാധിക്കുമായിരുന്നില്ല എന്നതല്ല, അവർ ജോലി ചെയ്യുകയില്ല എന്നതായിരുന്നു പ്രശ്നം; ജോലി ചെയ്യുവാൻ അവർക്ക് സാധിക്കില്ല എന്നല്ല അവർക്ക് മനസ്സില്ലാതിരുന്നു! കൂടാതെ, തങ്ങളുമായി സ്വന്തം വിഭവങ്ങൽ പങ്കുവയ്കുവച്ച മറ്റു ക്രിസ്ത്യാനികളെ അവർ മുതലെടുക്കുകയായിരുന്നു. അതിനാൽ, ജോലി ചെയ്യുവാൻ ഈ മടിയന്മാരായ വിശ്വാസികൾക്കും അവരെ പിന്തുണയ്ക്കുന്നതിൽ നിന്ന് പിന്തിരിയുവാൻ മറ്റു വിശ്വാസികൾക്കും പൗലോസ് മുന്നറിയിപ്പ് നൽകി.
അതുപോലെ നാമും ജാഗ്രത പാലിക്കണം. ഇപ്രകാരം പറയുന്നതോടൊപ്പം ഞാൻ ഇതുകൂടി കൂട്ടിച്ചേർക്കട്ടെ: ഈ കല്പന അനുസരിക്കുന്നതിൽ നിന്നും ഏതാനം ചില മോശം അനുഭവങ്ങൾ നമ്മെ പിന്തിരിപ്പിക്കരുത്. വിശ്വസ്തതയോടെ ഈ കല്പന പ്രയോഗത്തിൽ വരുത്തുവാൻ നാം പ്രാർഥനാപൂർവ്വം ദൈവത്തോട് സഹായം അപേക്ഷിക്കണം.
ആവശ്യത്തിലിരിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നത് ഒറ്റത്തവണയായോ കാലികമായോ ചെയ്യുന്ന പ്രവൃത്തിയല്ല. പ്രയാസമനുഭവിക്കുന്ന വിശ്വാസികളെ, നമുക്കു സാധിക്കുന്നതുപോലെ, നാം സഹായിക്കണം. ഗലാത്യർ 6:10 പറയുന്നു, “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.”
ഓർമ്മിക്കുക, ഇല്ലാത്തത് കൊടുക്കുവാൻ ദൈവം നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. നമുക്കുള്ളതിൽ നിന്നും മാത്രം കൊടുക്കുവാനാണ് ദൈവം പ്രതീക്ഷിക്കുന്നത്. നമ്മുടെ സാമ്പത്തിക കാര്യങ്ങളിൽ നാം എത്രത്തോളം ബുദ്ധിയുള്ളവരാണോ അത്രത്തോളം നമുക്ക് കൊടുക്കാൻ കഴിയും. വിശ്വാസികളുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ നൽകുക എന്നത് നമ്മുടെ പ്രതിമാസ ബഡ്ജറ്റിന്റെ ഭാഗമായിരിക്കണം. ഒരു അടിയന്തിര ആവശ്യം എപ്പോൾ വരുമെന്ന് നമുക്കറിയില്ല. തീത്തൊസ് 3:14 പറയുന്നു, “നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ അത്യാവശ്യസംഗതികളിൽ സൽപ്രവൃത്തികൾക്കു മുമ്പരായിരിപ്പാൻ പഠിക്കട്ടെ.”
പലപ്പോഴും, ദൈവം നമ്മുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നത് നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ വേണ്ടിയല്ല, മറിച്ച് നമ്മുടെ കൊടുക്കൽ നിലവാരം വർദ്ധിപ്പിക്കുന്നതിനാണ്. ആവശ്യം നേരിടുന്ന മറ്റുള്ളവരുമായി നമ്മുടെ സമ്പത്ത് പങ്കുവെക്കുന്നത് നാം യഥാർഥമായി രക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഒരു മാർഗമാണ്. യാക്കോബ് 1:27 പറയുന്നു, “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.” അപ്രകാരം ചെയ്യുവാൻ പരാജയപ്പെടുന്നത് ദൈവം തള്ളിക്കളയുന്ന ഭക്തിയാണ്. യേശുതന്നെ ഇപ്രകാരം പറഞ്ഞു, “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു” [മത്തായി 7:21]. ദൈവത്തിന്റെ ഒരു ഉദ്ദേശ്യം നമുക്കുള്ളത് നാം മറ്റുള്ളവർക്ക് സൗജന്യമായി പങ്കുവയ്കണം എന്നതായിരുന്നു.
നാം കൊടുക്കുന്നതിൽ വിശ്വസ്തരാണോ? നാം സ്വരുക്കൂട്ടുന്നതിനേക്കാൾ കൂടുതലാണോ നാം കൊടുക്കുന്നത്? ബാങ്ക് അക്കൗണ്ടുകൾ കള്ളം പറയില്ല. നമ്മുടെ യഥാർത്ഥ നിധി എവിടെയാണെന്ന് അവ പറയുന്നു. നമ്മുടെ യഥാർത്ഥ യജമാനൻ ആരാണെന്ന് അവ നമ്മോടു പറയുന്നു: യേശുവാണോ അതോ പണമാണോ? ഈ ചോദ്യം ചോദിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തെ നിരന്തരം പരിശോധിക്കേണ്ടത് പ്രധാനമാണ്, കാരണം രൂപാന്തരപ്പെട്ട ജീവിതം നമ്മുടെ സാമ്പത്തിക കാര്യങ്ങളിൽ പോലും യേശു യഥാർഥത്തിൽ കർത്താവാണ് എന്നതിന്റെ തെളിവുകൾ ക്രമേണ കാണിക്കും!
കൊടുക്കുമ്പോളാണ് നാം ദൈവത്തെപ്പോലെ ആയിരിക്കുന്നത് എന്ന് പറയാറുണ്ട്. സത്യമായ വാക്കുകൾ! ദൈവമാണ് ഏറ്റവും വലിയ ദാതാവ്. തന്റെ മക്കളും ഇതേ ചിന്താഗതി പിന്തുടരണം. മറ്റുള്ളവരുമായി പങ്കുവയ്കുക എന്ന കല്പന വിശ്വസ്തതയോടെ പാലിക്കുന്നവർക്ക് ദൈവത്തിൽ നിന്നുള്ള ഒരു വാഗ്ദത്തം ഇതാ, “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” [എബ്രായർ 6:10].