ശബ്ബത്ത് പാലിക്കുവാൻ ക്രിസ്ത്യാനികൾ ബാധ്യസ്ഥരാണോ?
(English Version: “Are Christians Required To Keep The Sabbath?”)
“ശബ്ബത്ത് പാലിക്കുവാൻ ക്രിസ്ത്യാനികൾ ബാധ്യസ്ഥരാണോ?” എന്ന തലക്കെട്ടിൽ നൽകപ്പെട്ടിരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുവാനാണ് ഈ പോസ്റ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. വിശ്രമ ദിനം എന്ന് അർഥം വരുന്ന ശബ്ബത്തും ക്രിസ്ത്യാനികളും എന്ന വിഷയത്തെ സംബന്ധിച്ച് പൊതുവിൽ 3 കാഴ്ചപ്പാടുകളുണ്ട്.
കാഴ്ചപ്പാട് # 1. ശബ്ബത്ത്കാരുടെ കാഴ്ചപ്പാട്. ഈ വീക്ഷണമനുസരിച്ച്, ക്രിസ്ത്യാനികൾ ശബ്ബത്ത് ദിവസം, അതായത് ശനിയാഴ്ച ദിവസം ആരാധന നടത്തണം. സെവന്ത് ഡേ അഡ്വെന്റിസ്റ്റുകൾ സാധാരണയായി ഈ വിഭാഗത്തിൽപ്പെടുന്നു.
ശനിയാഴ്ചയാണ് ശബ്ബത്ത് ദിനം എന്ന് ഈ കാഴ്ചപ്പാട് പിന്തുടരുന്ന ആളുകൾ പറയുന്നത് ശരിയാണ്. എന്നാൽ, ശനിയാഴ്ചകളിൽ ആരാധന നടത്തുവാൻ ക്രിസ്ത്യാനികൾ കല്പിക്കപ്പെട്ടിരിക്കുന്നു എന്ന് അവർ പറയുന്നത് ശരിയല്ല.
കാഴ്ചപ്പാട് # 2. ഞായറാഴ്ച ശബ്ബത്ത് കാഴ്ചപ്പാട്. ഈ കാഴ്ചപ്പാട് അനുസരിച്ച്, പഴയ നിയമത്തിൽ ശനിയാഴ്ച ശബ്ബത്ത് ദിനമായിരുന്നതുപോലെ, പുതിയ നിയമത്തിൽ, ക്രിസ്ത്യാനികളുടെ ശബ്ബത്ത് ദിനം കർതൃദിനമായ ഞായറാഴ്ചയാണ് എന്നതിനാൽ എല്ലാ ക്രിസ്ത്യാനികളും അത് ആചരിക്കണം എന്നാണ്. പൊതുവിൽ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഈ കാഴ്ചപ്പാട് ഉള്ളവരാണ്. പതിനാറാം നൂറ്റാണ്ടിൽ പ്യുരിട്ടൻസിന്റെ കാലം മുതലാണ് പ്രധാനമായും ഈ ചിന്താഗതി സ്വീകരിക്കപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച ആരാധിക്കുന്നത് ശരിയാണ് എന്നിരിക്കെത്തന്നെ, ഞായറാഴ്ചയെ ക്രിസ്തീയ ശാബ്ബത്ത് ദിനം എന്നു വിളിക്കുന്നത് തെറ്റാണ്. കാരണം, പഴയ നിയമത്തിലെ ശനിയാഴ്ച ശബ്ബത്ത് പുതിയ നിയമത്തിലെ ഞായറാഴ്ച ശബ്ബത്തായി മാറ്റിയതായി ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല.
കാഴ്ചപ്പാട് # 3. ബൈബിളിന്റെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാട് അനുസരിച്ച് ശനിയാഴ്ചയാണ് ശബ്ബത്ത് ദിനം. എന്നിരുന്നാലും, ക്രിസ്ത്യാനികൾ അത് ആചരിക്കണം എന്ന് പുതിയ നിയമത്തിൽ ഒരിടത്തും കല്പിക്കപ്പെട്ടിട്ടില്ല. പഴയ, പുതിയ നിയമങ്ങളിൽ കാണപ്പെട്ടുന്ന ബൈബിൾ രേഖകളെ ആദരിക്കുന്നവരുടെ കാഴ്ചപ്പാടാണിത്.
നാം കർതൃദിനം ആചരിക്കുന്നത് പ്രത്യേകമായ ഒരു കല്പന ഉള്ളതുകൊണ്ടല്ല മറിച്ച്, പുതിയ നിയമത്തിലും സഭാചരിത്രത്തിലും രേഖപ്പെടുത്തപ്പെട്ട പ്രകാരം ആദിമ സഭയുടെ മാതൃക ഇതായിരുന്നു എന്നതിനാലാണ്.
ബൈബിളിലൂടെ ആകമാനമായ ഒരു സർവ്വേ നടത്തിക്കൊണ്ട് മൂന്നാമത്തെ ഈ കാഴ്ചപ്പാടിനെ ഈ പോസ്റ്റ് പിന്തുണയ്കുന്നു.
പഴയ നിയമത്തിലെ ശബ്ബത്ത്.
1. സൃഷ്ടിയുടെ ആഴ്ച
ഉല്പത്തി 2:2 ഇപ്രകാരം പറയുന്നു, “താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.” “നിവൃത്തനായി അഥവാ വിശ്രമിച്ചു” എന്ന വാക്ക് വിശ്രമിക്കുക അഥവാ പ്രവൃത്തിയിൽ നിന്നും വിട്ടു നിൽക്കുക എന്ന അർഥം വരുന്ന “ശബ്ബത്ത്” എന്ന എബ്രായ പദത്തിൽ നിന്നും വന്നിരിക്കുന്നു. ദൈവം നിവൃത്തനായി എന്നു മാത്രമാണ് വേദഭാഗം പറയുന്നത് എന്നത് ശ്രദ്ധിക്കുക. ദൈവം ക്ഷീണിതനായതുകൊണ്ടല്ല നിവൃത്തനായത്. യെശയ്യാവ് 40:28 അത്തരം തെറ്റിദ്ധാരണയെ ദുരീകരിക്കുന്നു, “നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.” സൃഷ്ടികർമ്മം മുഴുവൻ പൂർത്തിയായതിനാലാണ് ദൈവം തന്റെ പ്രവൃത്തികളിൽ നിന്നും വിരമിച്ചത്. പൂത്തീകരണത്തിന്റെ ഫലമായുണ്ടായ വിശ്രമമായിരുന്നു അത്.
ദൈവമോ മനുഷ്യരോ ഏഴാം ദിവസം വിശ്രമിക്കുന്നതായി ഉല്പത്തിപുസ്തകത്തിൽ മറ്റൊരിടത്തും നാം കാണുന്നില്ല. ആദാം മുതൽ മോശെ വരെ (ഉല്പത്തി 3 മുതൽ പുറപ്പാട് 15 വരെ) ശബ്ബത്തിനെക്കുറിച്ച് പരാമർശിക്കുന്നില്ല. ഏഴാം ദിവസം വിശ്രമിക്കണം എന്ന് ദൈവഭക്തരായിരുന്ന ഹാബേൽ, ഹോനോക്ക്, നോഹ, അബ്രാഹാം, യിസ്സഹാക്ക്, യാക്കോബ്, യോസേഫ് എന്നിവർ കല്പിക്കപ്പെട്ടരുന്നില്ല. അവർ ഏഴാം ദിവസം വിശ്രമിച്ചു എന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, അവർ തങ്ങളുടെ വിശ്വാസം മൂലം പ്രശംസിക്കപ്പെട്ടു!
2. ശബ്ബത്ത് ദിവസം
ഉല്പത്തി 2:2 നു ശേഷം ശബ്ബത്തിനെക്കുറിച്ച് പരാമർശിക്കുന്നത് പുറപ്പാട് പുസ്തകത്തിൽ യഹൂദന്മാർ മിസ്രയീമിൽ നിന്നും വിടുവിക്കപ്പെട്ട ശേഷം മരുഭൂമിയിൽ മന്നാ ശേഖരിക്കുന്ന സന്ദർഭത്തിലാണ്[പുറപ്പാട് 16:11-15]. ആറു ദിവസം മാത്രം മന്നാ പെറുക്കണം എന്നും ഏഴാം ദിവസം പെറുക്കരുത് എന്നുമാണ് പ്രത്യേകമായി യഹൂദർ കല്പിക്കപ്പെട്ടിരുന്നത്. പുറപ്പാട് 16:23 ഇപ്രകാരം പറയുന്നു, “അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകംചെയ്‍വാനുള്ളതു പാകംചെയ്‍വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.”
ശബ്ബത്ത് എന്ന കല്പന യിസ്രായേൽ എന്ന ജാതിയ്കാണ് നൽകപ്പെട്ടത്. ദൈവത്താൽ നയിക്കപ്പെട്ട മോശെ, പിന്നീട്, അത് 10 കല്പനയുടെ ഭാഗമാക്കി.
പുറപ്പാട് 20:8-11 “ശബ്ബത്ത്നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു. ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.”
ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യം ഇതാണ്: ഈ കല്പന ദൈവം നൽകിയത് യിസ്രായേൽ ജാതിയ്കു മാത്രമാണ്, യിസ്രായേലിൽ വസിക്കുന്ന പരദേശി ശബ്ബത്ത് ആചരിക്കണമെന്നല്ലാതെ മറ്റൊരു ജാതിയ്കും ഈ കല്പന നൽകിയിട്ടില്ല[പുറപ്പാട് 20:10]. ശരീരത്തിന്റെ വിശ്രമത്തിനും നവോന്മേഷത്തിനും ആത്മാവിന്റെ അനുഗ്രഹത്തിനുമായി ശബ്ബത്ത് സ്ഥാപിക്കപ്പെട്ടു.
ശബ്ബത്ത് സംബന്ധിച്ച് കൂടുതൽ സത്യങ്ങൾ പുറപ്പാട് 31:12-17 നമ്മെ പഠിപ്പിക്കുന്നു. വാക്യം 13 പറയുന്നത് പരിച്ഛേദന പോലെതന്നെ, ശബ്ബത്തും ദൈവവും യിസ്രായേലും തമ്മിലുള്ളതായിരുന്നു എന്നാണ്, “അതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.” വാക്യം 14 പറയുന്നത് ശബ്ബത്തിന്റെ ലംഘനത്തിന്റെ ശിക്ഷ മരണമാണ് എന്ന് വ്യക്തമാക്കുന്നു, “14 അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.” 16-17 വാക്യങ്ങൾ പഠിപ്പിക്കുന്നത് മോശെയുടെ ന്യായപ്രമാണത്തിൻ കീഴിൽ ജീവിക്കുന്ന യിസ്രായേല്യർക്കു മാത്രമാണ് ശബ്ബത്ത് ബാധകമായിരുന്നത് എന്നാണ്, “16 ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബത്തിനെ പ്രമാണിക്കേണം. 17 അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു.”
ആവർത്തനം 5:15 പറയുന്നത് ദൈവം യിസ്രായേലിനെ അടിമത്വത്തിൽ നിന്നും വിടുവിച്ചതിനാൽ അവർ ശബ്ബത്ത് ആചരിക്കണം എന്നാണ്, “നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെനിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓർക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.”
ശബ്ബത്ത് നാളിൽ യിസ്രായേല്യർക്ക് വിലക്കപ്പെട്ടിരുന്ന പ്രവൃത്തികളിൽ ചിലത് ഇവയാണ്: തീ കത്തിക്കുക [പുറപ്പാട് 35:3]; മന്നാ പെറുക്കുക [പുറപ്പാട് 16:23-29]; സാധനങ്ങൾ വിൽക്കുക [നെഹെമ്യാവ് 10:31; 13:15-22], ഭാരം ചുമക്കുക [യിരെമ്യാവ് 17:19-27].
പില്കാലത്ത്, യേശുവിന്റെ സമയത്ത് യഹൂദർ ദൂരം സംബന്ധിച്ചുള്ള ഒരു നിയമം പാലിച്ചിരുന്നു. ശബ്ബത്ത് ദിനത്തിൽ ഒരു മൈലിന്റെ ¾ -ൽ കൂടുതൽ യാത്ര ചെയ്യുവാൻ പാടില്ല. ഒരു പട്ടണത്തിന്റെ പരിധിയെ രണ്ടായിരം മുഴമായി [ഒരു മൈലിന്റെ ¾ നേക്കാൾ കുറവ്] നിജപ്പെടുത്തിയിരിക്കുന്ന സംഖ്യാ 35:5 –നോടൊപ്പം പുറപ്പാട് 16:29 [“നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ”] കൂടി ചേർത്ത് വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ ദൂരം കണക്കാക്കിയിരിക്കുന്നത് എന്നാണ് ഒരു വ്യാഖ്യാതാവ് പറഞ്ഞിരിക്കുന്നത്. ഒരുവന് അതിൻ പ്രകാരം തന്റെ “പട്ടണം” വിട്ടു പോകുക അഥവാ പട്ടണത്തിന്റെ അതിർ കടക്കുക അനുവദനീയമായിരുന്നില്ല.
3. ശബ്ബത്ത് വർഷവും യോബേൽ സംവത്സരവും
ഓരോ ഏഴാം വർഷവും നിലം കൃഷി ചെയ്യാതെ കിടക്കേണ്ടിയിരുന്നു, “10 ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊൾക. 11 ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അഹോവൃത്തി കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക” [പുറപ്പാട് 23:10-11; ലേവ്യ 25:1-7 കൂടെ കാണുക].
ഓരാ അൻപതാം വർഷവും യോബേൽ സംവത്സരം എന്നു വിളിക്കപ്പെടുകയും നിലം കൃഷി ചെയ്യാതെ കിടക്കുകയും ചെയ്യേണ്ടിയിരുന്നു, “10 അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം. 11 അമ്പതാം സംവത്സരം നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം; അതിൽ നിങ്ങൾ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു. 12 അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽനിന്നുതന്നേ എടുത്തു തിന്നേണം” [ലേവ്യപുസ്തകം 25:10-12].
ചുരുക്കത്തിൽ, മോശെയുടെ ഉടമ്പടിയുടെ കീഴിൽ ഉണ്ടായിരുന്ന ആളുകൾക്ക് ആഴ്ച തോറുമുള്ള ശബ്ബത്തും ഓരോ ഏഴാം വർഷമുള്ള ശബ്ബത്ത് വർഷവും ഓരോ അൻപതാം വർഷമുള്ള യോബേൽ സംവത്സരവും ആചരിക്കേണ്ടിയിരുന്നു.
ശബ്ബത്ത് ലംഘനത്തിനുള്ള ന്യായവിധി.
ശബ്ബത്ത് ആചരിക്കുവാൻ പരാചയപ്പെടുന്നതിനുള്ള ദൈവിക ന്യായവിധി സംബന്ധിച്ച് ലേവ്യ 26:33-35 മുന്നറിയിപ്പ് നൽകുന്നു. “33 ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും. 34 അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങൾ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. 35 നിങ്ങൾ അവിടെ പാർത്തിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.”
ദൗർഭാഗ്യകരമെന്നു പറയട്ടെ, യഹൂദന്മാർ ശബ്ബത്തിനെ അശുദ്ധമാക്കുകയും ദൈവത്തിനെതിരെ മത്സരിക്കുകയും ചെയ്തു. അതുകൊണ്ട്, ബാബിലോൺ രാജാവായ നെബുഖദ്നേസരിലൂടെ ന്യായവിധി നടപ്പാക്കിക്കൊണ്ട് ദൈവം താൻ പറഞ്ഞതുപോലെ ചെയ്തു. 2 ദിനവൃത്താന്തം 36:17, 20-21 പറയുന്നു, “17 അതുകൊണ്ടു അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തിൽവെച്ചു വാൾകൊണ്ടു കൊന്നു; അവൻ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചുകൊടുത്തു…20 വാളിനാൽ വീഴാതെ ശേഷിച്ചവരെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; പാർസിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവർ അവിടെ അവന്നും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു. 21 യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു” [യിരെമ്യാവ് 17:19-27; 25:11 കാണുക].
സങ്കടകരമെന്നു പറയട്ടെ, പ്രവാസത്തിൽ നിന്ന് തിരികെ വന്നപ്പോഴും യഹൂദന്മാർ പാഠം പഠിച്ചിരുന്നില്ല. അവർ ശബ്ബത്തിൽ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നു. നെഹമ്യാവിന്റെ കാലത്ത് യഹൂദന്മാർ ശബ്ബത്ത് നാളിൽ വ്യാപാരം ചെയ്തിരുന്നു. അത് നെഹെമ്യാവ് അവരെ ഇപ്രകാരം ശകാരിക്കുന്നതിന് കാരണമായി, “16 സോർയ്യരും അവിടെ പാർത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു. 17 അതുകൊണ്ടു ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്തു? 18 നിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ അനർത്ഥം ഒക്കെയും വരുത്തിയിരിക്കുന്നതു? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർദ്ധിപ്പിക്കുന്നു എന്നു അവരോടു പറഞ്ഞു…22 ലേവ്യരോടു ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന്നു തങ്ങളെത്തന്നേ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്‍വാൻ കല്പിച്ചു. എന്റെ ദൈവമേ, ഇതുവും എനിക്കായി ഓർത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ” [നെഹെമ്യാവു 13:16-18, 22].
അതായത്, പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷവും ശബ്ബത്ത് കൽപ്പന നിർബന്ധമായിരുന്നുവെന്ന് നാം കാണുന്നു. പഴയ നിയമത്തിൽ നിന്നും ശബ്ബത്തിന്റെ ഒരു പൊതുവായ അവലോകനം നടത്തിയതിനു ശേഷം നമുക്ക് പുതിയ നിയമത്തിലേയ്ക് ഇനി കടക്കാം.
പുതിയ നിയമത്തിൽ ശബ്ബത്ത്.
1. യേശുവിന്റെ ഉപദേശം
യേശുവിന്റെ സമയമായപ്പോഴേയ്കും ശബ്ബത്തിൽ ദൈവം നൽകിയതിനേക്കാൾ ഏറെ നിയന്ത്രണങ്ങൾ യഹൂദന്മാർ കൂട്ടിച്ചേർത്തു. അങ്ങനെ, അവർ ശബ്ബത്തിനെ അനുഗ്രഹത്തെക്കാൾ ഏറെ ശാപമാക്കിത്തീർത്തു. യേശു തന്റെ ശുശ്രൂഷയിൽ പലപ്പോഴും അവരുടെ ഉപദേശങ്ങളെ എതിർത്തു. ശബ്ബത്ത് ലംഘനം എന്ന് യഹൂദനേതാക്കന്മാർ കരുതിയിരുന്നത് ചെയ്തുകൊണ്ട് അവരുമായി സംഘർഷത്തിലായി. സൗഖ്യമാക്കുന്നത് ശബ്ബത്തിൽ അനുവദിക്കപ്പെടാത്ത ഒരു പ്രവർത്തിയായി അവർ കരുതിയിരുന്നു. എന്നിരുന്നാലും, ഒരുവന്റെ അയൽക്കാരന് നന്മ ചെയ്യുവാനുള്ള അവസരമാണ് ശബ്ബത്ത് എന്നു കാണിക്കുവാൻ യേശു ശബ്ബത്തിൽ തുടർച്ചയായി ആളുകളെ സൗഖ്യമാക്കി.
മത്തായി 12:9-14 “9 അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. 10 അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു. 11 അവൻ അവരോടു: “നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? 12 എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞു. 13 പിന്നെ ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി. 14 പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാൻ വേണ്ടി അവന്നു വിരോധമായി തമ്മിൽ ആലോചിച്ചു.”
മർക്കൊസ് 2:23-27 “23 അവൻ ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴിനടക്കയിൽ കതിർ പറിച്ചുതുടങ്ങി. 24 പരീശന്മാർ അവനോടു: നോക്കു, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. 25 അവൻ അവരോടു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?” 26 അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. 27 പിന്നെ അവൻ അവരോടു: “മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻനിമിത്തമത്രേ ഉണ്ടായതു.””
നിയമവാദം എല്ലായ്പോഴും ദൈവത്തിന്റെ കല്പനകൾക്ക്, നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്ക എന്ന കല്പന ഉൾപ്പെടെയുള്ളവയ്ക്, ദോഷം വരുത്തുന്നു. അതിനാലാണ് യേശു അതിനെ നേരിട്ടത്! നമ്മുടെ പകരക്കാരൻ ആകുന്നതിനു വേണ്ടി യേശു ന്യായപ്രമാണം അനുശാസിക്കുന്ന സകല കല്പനകളും നിറവേറ്റി. അതിനർഥം, ശബ്ബത്ത് സംബന്ധിച്ച കല്പനയെ പരീശന്മാർ കോട്ടിക്കളഞ്ഞ പ്രകാരമല്ല മറിച്ച്, ദൈവം ഉദ്ദേശിച്ചപ്രകാരം ആചരിച്ചു എന്നാണ്.
2. പൗലോസിന്റെ ഉപദേശം
സുവിശേഷം പ്രസംഗിക്കുവാൻ പൗലോസ് പലപ്പോഴും ശബ്ബത്ത് നാളിനെ ഉപയോഗിച്ചു. അപ്രകാരം ചെയ്തത് ശബ്ബത്ത് ആചരിക്കേണ്ടതിന്റെ ആവശ്യകത തോന്നിയതിനാലല്ല പിന്നെയോ ശബ്ബത്ത് നാളിൽ യഹൂദന്മാർ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടുമെന്ന് അറിയാമായിരുന്നതിനാൽ, സുവിശേഷം പ്രസംഗിക്കുവാൻ ഒരു വേദിയൊരുക്കി എന്നതാണ് വാസ്തവം. എന്നാൽ, നാം ഇപ്പോഴും ന്യായപ്രമാണത്തിന്റെ കീഴിൽ ആണോ എന്ന ചോദ്യം വന്നപ്പോൾ, പൗലോസ് വ്യക്തമായ ഉത്തരം നൽകി: നാം ഇനിമേലിൽ ന്യായപ്രമാണത്തിന്റെ കീഴിലല്ല. അതിനാൽ, ന്യായപ്രമാണത്തിന്റെ ഭാഗമായ ശബ്ബത്ത് അനുഷ്ടിക്കുക ആവശ്യമല്ല.
ഗലാത്യർ 5:1 “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.”
റോമർ 7:6 “ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.”
കൊലൊസ്സ്യർ 2:16-17 “16 അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. 17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.”
ക്രിസ്ത്യാനികൾ ശബ്ബത്ത് നിയന്ത്രണങ്ങളുടെ കീഴിലല്ല എന്നത് സ്ഥാപിക്കുവാൻ കൊലോസ്സ്യർ 2–ലെ ഈ വാക്കുകളേക്കാൾ വ്യക്തതയുള്ള മറ്റൊന്നില്ല. ശബ്ബത്ത് ഉൾപ്പെടെ, മോശെയുടെ ന്യായപ്രമാണത്തിന്റെ ആചരണം വരാനിരിക്കുന്നവയുടെ നിഴൽ മാത്രമായിരുന്നു. യാഥാർഥ്യം ക്രിസ്തുവാണ്. ക്രിസ്തുവിൽ കണ്ട വലിയ യാഥാർഥ്യത്തിനായി കാത്തിരിക്കുകയയായിരുന്നു ശബ്ബത്ത്. യാഥാർഥ്യമായ ക്രിസ്തു വന്നപ്പോൾ ശബ്ബത്തിന്റെ മൂല്യം നഷ്ടമായി. ശബ്ബത്ത്, മറ്റ് മതപരമായ പ്രാധാന ദിവസങ്ങൾ, ഭക്ഷണം സംബന്ധിച്ചുള്ള നിയമങ്ങൾ എന്നിങ്ങനെയുള്ള നിഴലിൽ ഇനി മേലിൽ നാം ശ്രദ്ധ വയ്കേണ്ടതില്ല. അവ പാലിക്കുവാൻ നാം കടപ്പെട്ടവരല്ല.
3. എബ്രായ ലേഖനത്തിന്റെ എഴുത്തുകാരന്റെ ഉപദേശം
പൗലോസ് പറഞ്ഞ അതേ ആശയം എബ്രായ ലേഖനത്തിന്റെ എഴുത്തുകാരനും പറയുന്നു:
എബ്രായർ 4:8-11 “8 യോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു; 9 ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു. 10 ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു. 11 അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.”
എബ്രായ ലേഖനത്തിന്റെ എഴുത്തുകാരൻ 4:8-12 ൽ പരാമർശിക്കുന്ന “സ്വസ്ഥത” ആഴ്ച തോറുമുള്ള ശബ്ബത്ത് വിശ്രമമല്ല, യോശുവ നൽകിയ കനാനിലെ വിശ്രമവുമല്ല. പിന്നെയോ, തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കുമായി യേശു നൽകുന്ന രക്ഷയുടെ വിശ്രമമാണത്. അതിനാൽ, ഈ സ്വസ്ഥതയിലേയ്കാണ് നാം പ്രവേശിക്കുവാൻ കല്പിക്കപ്പെട്ടിരിക്കുന്നത്, ഏഴാം ദിവസത്തെ ശബ്ബത്ത് വിശ്രമത്തിലേയ്കല്ല.
ഭാവിയിലെ സഹസ്രാബ്ദ രാജ്യത്തിലെ ശബ്ബത്ത്.
യേശു തന്റെ രണ്ടാമത്തെ വരവിൽ സ്ഥാപിക്കുവാൻ പോകുന്ന സഹസ്രാബ്ദ രാജ്യത്തിൽ നാം ശബ്ബത്ത് ആചരിക്കും[വെളിപ്പാട് 20:4-6]. ഭാവിയിൽ പണിയപ്പെടുവാൻ പോകുന്ന ദൈവാലയത്തിന്റെ പശ്ചാത്തലത്തിൽ, യേശു എന്ന മശിഹായിലേയ്ക് തിരിഞ്ഞതിന്റെ ഫലമായി ലഭിക്കുന്ന സമ്പൂർണ്ണമായ അനുഗ്രഹങ്ങൾ യിസ്രായേൽ അനുഭവിക്കുമ്പോൾ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു, യേഹേസ്കേൽ 46:3 “ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.”
എന്നിരുന്നാലും, സഹസ്രാബ്ദ രാജ്യം ഇനിയും സ്ഥാപിക്കപ്പെടുവാൻ പോകുന്നതേയുള്ളൂ എന്നതിനാലും നാം ജീവിക്കുന്നത് യേശുവിന്റെ ഒന്നാം വരവിനും രണ്ടാം വരവിനും ഇടയിലുള്ള കാലത്താണ് എന്നതിനാലും, നാം ശബ്ബത്തോ മറ്റേതെങ്കിലും വിശുദ്ധ ദിവസമോ ആചരിക്കുവാൻ കടപ്പെട്ടവരല്ല.
സമാപന ചിന്തകൾ.
വിശ്രമിക്കുന്നതിനും ചൈതന്യം വീണ്ടെടുക്കുന്നതിനും ഒരു ദിനം ഉണ്ടായിരിക്കുന്നത് നന്നാണ് എന്നിരിക്കിലും പഴയ ഉടമ്പടിയുടെ കീഴിലായിരുന്ന യിസ്രായേലിനു മാത്രമായി നൽകപ്പെട്ട ശബ്ബത്ത് കല്പന പാലിക്കുവാൻ നാം ബാധ്യസ്ഥരല്ല. ക്രിസ്ത്യാനികൾ പഴയ ഉടമ്പടിയുടെ കീഴിൽ ഉള്ളവരല്ല. തത്ഫലമായി ശബ്ബത്ത് ദിനം ആചരിക്കുവാൻ നമുക്കു ബാധ്യതയില്ല. പഴയ ഉടമ്പടിയുടെ കീഴിലുള്ളവർക്ക് ശബ്ബത്ത് ഇന്നും ശനിയാഴ്ചയാണ്. അത് ഞായറാഴ്ചയിലേയ്കു മാറ്റിയിട്ടില്ല. കൂടാതെ, കർതൃദിവസം ക്രിസ്ത്യാനിയുടെ ശബ്ബത്ത് ആണെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല- സംശയലേശമന്യേ ഒരിടത്തും പറഞ്ഞിട്ടില്ല! അതാണ് പുതിയ നിയമത്തിലെ വ്യക്തമായ ഉപദേശം.
വിശ്വാസിയുടെ ശബ്ബത്ത് ദിനം കർതൃദിവസമാണ് എന്ന് ചില ക്രിസ്ത്യാനികൾ പറയുമെങ്കിലും, അത്തരത്തിലുള്ള പദപ്രയോഗം ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അത് ബൈബിൾപരമായ ഒരു പ്രയോഗമല്ല. ബൈബിൾ സംബന്ധമായ വിഷയങ്ങൾ പരാമർശിക്കുമ്പോൾ ബൈബിൾപരമായി കൃത്യത പുലർത്തുന്നത് എല്ലായ്പോഴും നല്ലതാണ്.
അടുത്ത പോസ്റ്റിൽ, ക്രിസ്ത്യാനികൾക്ക് കർതൃദിവസത്തോടുള്ള ബന്ധത്തെക്കുറിച്ച് നാം കാണുന്നതാണ്.
