പാപകരമായ കോപം—അത് വരുത്തിവയ്കുന്ന വിനാശം—ഭാഗം 2 എന്താണ് കോപം?

Posted byMalayalam Editor January 7, 2025 Comments:0

(English version: Sinful Anger – The Havoc It Creates (Part 2))

കോപം എന്ന വിഷയം സംബന്ധിച്ച്, പ്രത്യേകിച്ചും പാപകരമായ കോപം എന്ന വിഷയം സംബന്ധിച്ചുള്ള ബ്ലോഗ് പോസ്റ്റുകളുടെ പരമ്പരയിലെ ഭാഗം-2 ആണ് ഇത്.  പാപകരമായ കോപത്തെക്കുറിച്ചുള്ള പൊതുവായ അവതരണമായിരുന്നു ഭാഗം 1-ൽ നൽകപ്പെട്ടത്. ഈ വിഷയം സംബന്ധിച്ചുള്ള ഒന്നാമത്തെ ചോദ്യമാണ് ഈ പോസ്റ്റിൽ നാം പരിഗണിക്കുന്നത്:  “എന്താണ് പാപകരമായ കോപം?”

I. എന്താണ് കോപം?

പാപകരമായ കോപം എന്ന പ്രത്യേക വിഷയത്തെക്കുറിച്ചു ചിന്തിക്കുന്നതിനു മുൻപ്, കോപത്തെ പൊതുവായി നിർവചിക്കുവാൻ നമുക്കു ശ്രമിക്കാം. ഇതാ ലളിതമായ ഒരു നിർവ്വചനം: 

ധാർമ്മികമായി തെറ്റാണെന്ന് നാം കരുതുന്ന ഒരു പ്രവൃത്തിയോടുള്ള സജീവ പ്രതികരണമാണ് കോപം. 

ശരിയും തെറ്റും എന്ന് നാം മനസ്സിലാക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് നാമെല്ലാവരും ജീവിക്കുന്നത്. ആ മാനദണ്ഡമനുസരിച്ച് ഒരു തെറ്റ് സംഭവിക്കുമ്പോൾ, നാം വളരെ ശക്തമായി നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. അതുകൊണ്ട്, അതിന്റെ അടിസ്ഥാന അർഥത്തിൽ, കോപം അതിൽതന്നെ പാപമല്ല. എല്ലാ മനുഷ്യർക്കുമായി ദൈവത്താൽ നൽകപ്പെട്ട വികാരമാണത്. എന്നാൽ, നീതിയുക്തമായ കോപം എന്നും പാപകരമായ കോപം എന്നു വിളിക്കപ്പെടുന്ന രണ്ട് തരം കോപങ്ങൾ തമ്മിൽ ബൈബിൾ വേർതിരിച്ചിരിക്കുന്നു.

നീതിയുക്തമായ കോപം.

ബൈബിളിൽ നൽകപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ധാർമ്മിക നിയമം [അതായത്, എന്താണ് ശരി, എന്താണ് തെറ്റ് എന്നതു സംബന്ധിച്ചുള്ള ദൈവത്തിന്റെ മാനദണ്ഡം] ലംഘിക്കപ്പെടുമ്പോൾ പ്രകടമാക്കപ്പെടുന്ന വികാരമാണ് നീതിയുക്തമായ കോപം. ദൈവത്തിന് അപമാനം വരുത്തുന്ന ഒരു പ്രവൃത്തിയുടെ ഫലമായി ഉണ്ടാകുന്നതാണ് ഈ കോപം. ഈ കോപം നിയന്ത്രിതമാണ്. 

പഴയനിയമത്തിൽ പ്രവാചകന്മാരും പുതിയ നിയമത്തിൽ അപ്പോസ്തലന്മാരും പല സമയങ്ങളിലും നീതിയുക്തമായ കോപം പ്രകടിപ്പിച്ചിട്ടുണ്ട്. യേശുതന്നെയും നീതിയുക്തമായ കോപം പ്രകടിപ്പിച്ചു [ഉദാ: രണ്ടു തവണ ദേവാലയം ശുദ്ധികരിച്ച അവസരത്തിൽ—യോഹന്നാൻ2:13-17; മത്തായി 21:12-13]. 

അതുപോലെ, നമുക്കും നീതിയുക്തമായ കോപം അനുഭവപ്പെടാവുന്നതാണ്. നമുക്ക് നീതിയുക്തമായ കോപം അനുഭവപ്പെടുവാൻ സാധിക്കുന്ന ചില ഉദാഹരണങ്ങൾ ഇവിടെ നൽകുന്നു: ദൈവത്തിന്റെ വചനം ആക്രമിക്കപ്പെടുമ്പോൾ, തിന്മ ചെയ്യപ്പെടുമ്പോൾ [ഉദാ: ഗർഭഛിത്രം, ബലാൽസംഗം, കൊലപാതകം] എന്നിവ.   എന്നാൽ, ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽപോലും, അത് തിടുക്കത്തിൽ പ്രവർത്തിക്കാത്തതും നിയന്ത്രിതവുമായ വികാരമാണ്. വാസ്തവത്തിൽ, ദൈവത്തിന്റെ ജനം വേണ്ടത്ര നീതിയുക്തമായ കോപം പ്രകടിപ്പിക്കുന്നില്ല എന്ന് നമുക്ക് പറയുവാൻ സാധിക്കും!  

പാപകരമായ കോപം. 

ദൈവത്തിന്റെ ധാർമ്മിക നിയമം ലംഘിക്കുന്നതിനോടുള്ള പ്രതികരണമല്ല പാപകരമായ കോപം. താഴെപ്പറയുന്ന കാര്യങ്ങൾ നമുക്ക് അനുഭവേദ്യമാകുമ്പോൾ ഉണ്ടാകുന്ന കോപമാണത്: 

നമ്മുടെ മാനദണ്ഡം [അഥവാ, നിയമങ്ങൾ] ലംഘിക്കപ്പെടുമ്പോൾ;
നാം അപമാനിക്കപ്പെടുമ്പോൾ;
നമ്മുടെ ആഗ്രഹങ്ങൾക്കനുസൃതമായി കാര്യങ്ങൾ സംഭവിക്കാതിരിക്കുമ്പോൾ;
നമ്മുടെ ഇഷ്ടം നടക്കാതെ വരുമ്പോൾ. 

നമ്മുടെ സ്വന്ത ആവശ്യങ്ങളോ പ്രതീക്ഷകളോ നിറവേറ്റപ്പെടാതെ വരുമ്പോൾ നമുക്ക് ഉണ്ടാകുന്ന നിരാശയാണിത്. എന്നിരുന്നാലും, നമ്മുടെ പാപകരമായ കോപം നീതിയുക്തമായ കോപമായി ന്യായീകരിക്കുന്നതിനുള്ള പ്രവണത കാണപ്പെടുന്നു. ബൈബിളിൽ അത്തരം ഉദാഹരണങ്ങളുണ്ട്. അവയിൽ നിന്നും രണ്ടെണ്ണം ഇവിടെ ചിത്രീകരിക്കുന്നു.  

ഒന്നാമത്തെ ഉദാഹരണം, യാക്കോബിന്റെ മക്കളായ ശിമയോൻ, ലേവി എന്നിവർ ഉൾപ്പെടുന്ന സംഭവമാണ്. യാക്കോബും കുടുംബവും കനാനിലേക്ക് മടങ്ങുന്ന വഴിയ്ക്, ശേഖേം പട്ടണത്തിന്റെ അടുത്ത് താമസിച്ചു [ഉൽപത്തി 33:18-19]. നിർഭാഗ്യവശാൽ, യാക്കോബിന്റെ മകൾ ദീനാ നഗരത്തിൽ ചെന്നപ്പോൾ, ആ നഗരത്തിന്റെ ഭരണാധികാരിയുടെ മകനായ ശേഖേം അവളെ ബലാത്സംഗം ചെയ്തു [ഉല്പത്തി 34:1-2]. വാസ്തവത്തിൽ, ഒരു ദാരുണ സംഭവം തന്നെ! 

അതിനോടുള്ള പ്രതികരണമായി, ശേഖേം ദീനായെ വിവാഹം ചെയ്യുവാൻ ശേഖേമിലെ പുരുഷന്മാർ പരിച്ഛേദന കഴിക്കപ്പെടേണ്ടതിന് യാക്കോബിന്റെ മക്കൾ അവരെ ഉപായത്തിൽ പെടുത്തി [ഉല്പത്തി 34:13-24]. എന്നാൽ, മൂന്നുദിവസത്തിനു ശേഷം, ശിമെയോനും ലേവിയും നഗരത്തിൽ ചെന്ന് ശേഖേമിനെയും പിതാവിനെയും ഉൾപ്പെടെ നഗരത്തിലെ പുരുഷന്മാരെ ഒക്കെയും കൊന്നുകളഞ്ഞു. 

അവർ നഗരം മുഴുവൻ കൊള്ളയടിക്കുകയും അവിടെയുള്ള മൃഗങ്ങളെയും മറ്റ് എല്ലാറ്റിനെയും അപഹരിക്കുകയും ചെയ്തു [ഉല്പത്തി 34:25-29]. “തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടച്ചു” എന്നും നാം പിന്നീട് അവരെക്കുറിച്ച് വായിക്കുന്നു [ഉല്പത്തി 49:6]! കുറ്റകൃത്യത്തിൽ പങ്കില്ലാതിരുന്ന നിഷ്കളങ്കരായിരുന്ന പുരുഷന്മാരെയും മൃഗങ്ങളെയും കൂടി കോപക്രാന്തരായ ഈ 2 പുരുഷന്മാർ ഉപദ്രവിച്ചു. 

അവരുടെ പ്രവൃത്തികളെ യാക്കോബ് എതിരിട്ടപ്പോൾ അവരുടെ പ്രതികരണം ശ്രദ്ധിക്കുക, “അതിന്നു അവർ: ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ” എന്നു പറഞ്ഞു [ഉല്പത്തി 34:31]. ആ നഗരത്തിലെ സകല പുരുഷന്മാരെയും കൊലപ്പെടുത്തിയ തങ്ങളുടെ പ്രവൃത്തിയെ ഒരു പുരുഷന്റെ പാപത്തോടുള്ള നീതിയുക്തമായ പ്രതികരണമായി അവർ ന്യായീകരിച്ചു! അവരുടെ കോപം പാപകരമായ കോപമായിരുന്നു. കാരണം, അവരുടെ പ്രവൃത്തികളെ ശക്തമായി ശാസിച്ചുകൊണ്ട് യാക്കോബ് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാൻ അവരെ യാക്കോബിൽ പകക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും” [ഉല്പത്തി 49:7]!

തങ്ങളുടെ തിന്മപ്രവൃത്തികളെക്കുറിച്ച് മാനസാന്തരപ്പെട്ട നിനവെയിലെ ജനങ്ങൾക്ക് ദൈവം ന്യായവിധിയ്കു പകരം കരുണ  നൽകിയപ്പോൾ യോനായുടെ പ്രതികരണത്തെയാണ്  രണ്ടാമത്തെ ഉദാഹരണം പ്രതിപാദിക്കുന്നത് [യോനാThe 3:10]. യോനായുടെ പ്രതികരണമെന്തായിരുന്നു? “യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു” [യോനാ 4:1]. യോനാ വളരെ കോപിച്ചതിനാൽ ദൈവത്തോട് ഇപ്രകാരം പറഞ്ഞു, “ആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു” [യോനാ 4:3]. 

“നീ കോപിക്കുന്നതു വിഹിതമോ?” എന്ന് ദൈവം ക്ഷമയോടെ യോനയോടു ചോദിച്ചിട്ടും [യോനാ 4:4, 9] അവന്റെ ശാഠ്യത്തോടെയുള്ള പ്രതികരണം “ഞാൻ മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നേ” എന്നായിരുന്നു [യോനാ 4:9]!  ശരിയും തെറ്റും സംബന്ധിച്ച് യോനായുടെ മാനദണ്ഡമനുസരിച്ച് ദൈവം പ്രവർത്തിക്കാത്തതിനാൽ, യോനാ ജീവനേക്കാൾ മരണം കാംക്ഷിച്ചു. വ്യക്തമായും, ഇത് നീതിയുക്തമായ കോപമായിരുന്നില്ല.  പിന്നെയോ, പാപകരമായ കോപത്തെ നീതിയുക്തമായ കോപമായി ന്യായികരിച്ചതായിരുന്നു!   

യഥാർഥത്തിൽ നമ്മുടെ കോപം നമ്മുടെ അഹംഭാവത്തിന്റെയും സ്വാർഥതയുടെയും പ്രകടനമായിരിക്കുമ്പോൾതന്നെ, ശിമെയോനെയും ലേവിയെയും യോനായെയും പോലെ നമ്മുടെ കോപത്തെ നീതിയുക്തമായ കോപമായി എളുപ്പത്തിൽ ന്യായീകരിക്കുവാൻ നമ്മുടെ ഹൃദയങ്ങൾക്കും സാധ്യമാണ്. കോപാകുലരാകുവാൻ “അവകാശമുണ്ട്” എന്ന് നാം കരുതുന്നിടത്തോളം, നമ്മുടെ കോപത്തെ പാപകരമായി നാം കാണുകയില്ല. അത് വളരെ വിനാശകാരിയാണ്.  

ഉവ്വ്, യേശു നീതിയുക്തമായ കോപം പ്രകടിപ്പിച്ചു. എന്നാൽ, പാപകരമായ കോപത്താൽ നിയന്ത്രിക്കപ്പെടുന്നവനായി യേശു ഒരിക്കലും ചിത്രീകരിക്കപ്പെട്ടിട്ടില്ല. ഇത്തരുണത്തിൽ, ഒരു എഴുത്തുകാരന്റെ വാക്കുകൾ ഉപകാരപ്രദമാണ്: 

“യേശു കോപിച്ച ഒരവസരത്തിലും, തന്റെ വ്യക്തിപരമായ അഹംബോധം ഉൾപ്പെട്ടിരുന്നില്ല. വ്യക്തമായി പറഞ്ഞാൽ, അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, അന്യായമായി വിചാരണ ചെയ്യപ്പെട്ടപ്പോൾ, നിയമവിരുദ്ധമായി മർദ്ദിക്കപ്പെട്ടപ്പോൾ, നിന്ദ്യമായി തുപ്പലേറ്റപ്പോൾ, ക്രൂശിക്കപ്പെട്ടപ്പോൾ, പരിഹസിക്കപ്പെട്ടപ്പോൾ ഒക്കെയും തന്റെ അഹംബോധം പ്രതികരിക്കുവാനുള്ള എല്ലാ കാരണങ്ങളും ഉണ്ടായിരുന്നിട്ടും, പത്രോസ് പറയുന്നതുപോലെ, യേശു “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും” ഇരുന്നു [1 പത്രോസ് 2:23]. അവന്റെ വരണ്ട അധരങ്ങളിൽ നിന്നും കൃപയോടെയുള്ള ഈ വാക്കുകൾ പുറപ്പെട്ടു, “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” [ലൂക്കോസ് 23:34]. വ്യക്തിപരമായി അധിക്ഷേപിക്കപ്പെടുകയും വ്രണപ്പെടുകയും ചെയ്യുമ്പോൾ നാം വേഗത്തിൽ കോപിഷ്ടരാകുകയും മറ്റ് മേഖലകളിൽ  പാപവും അനീതിയും പെരുകുന്നത് കാണുമ്പോൾ നമ്മുടെ കോപം മന്ദഗതിയിലാകുകയും ചെയ്യുന്നുണ്ട് എന്നത് നമുക്ക് സമ്മതിക്കാം.”

പാപകരമായ കോപം പ്രകടിപ്പിക്കുമ്പോഴും നീതിയുക്തമായ കോപം പ്രകടിപ്പിക്കുവാൻ പരാജയപ്പെടുമ്പോഴും നമുക്ക് മാനസാന്തരപ്പെടുന്നതിൽ വേഗത കൈവരിക്കാം. നമ്മുടെ അടുത്ത പോസ്റ്റിൽ, “പാപകരമായ കോപത്തിന്റെ ഉറവിടം എന്താണ്?” എന്ന  രണ്ടാമത്തെ ചോദ്യം വിചിന്തനം ചെയ്യുന്നതാണ്.

Category

Leave a Comment