ജോലിസ്ഥലത്ത് ക്രിസ്ത്യാനിയുടെ കടമ/മാതൃക

Posted byMalayalam Editor May 2, 2023 Comments:0

(English Version: The Christian’s Role In The Workplace)

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു പ്രശസ്ത റസ്റ്റോറന്റിന്റെ പേര് “TGIF”— ‘നന്ദി ദൈവമേ ഇന്ന് വെള്ളിയാഴ്ചയാണ്‘ (Thank God It’s Friday) എന്നാണ്. ഈ പേര് ഒരു സാധാരണക്കാരന് ജോലി സംബന്ധിച്ചുള്ള കാഴ്ചപ്പാട് – ഈ ആഴ്ച കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു!-  വ്യക്തമാക്കുന്നു. എന്നിരുന്നാലും, ക്രിസ്ത്യാനി ജോലിയെ കാണേണ്ടത് അപ്രകാരമാണോ? ആവശ്യമുള്ള ഒരു തിന്മയാണ് ജോലി എന്നാണോ അതോ ദൈവം നൽകിയ ദാനമാണ് ജോലി എന്നും അതിനാൽ, ജോലിസ്ഥലത്ത് ദൈവത്തെ മഹത്വപ്പെടുത്തണം എന്നുമാണോ നാം കരുതുന്നത്? ജോലി സംബന്ധിച്ച് 5 വേദപുസ്തക സത്യങ്ങൾ നൽകിക്കൊണ്ട്, ഒടുവിൽ പറഞ്ഞ കാര്യം (ദൈവത്തെ മഹത്വപ്പെടുത്തുവാൻ) നേടിയെടുക്കുവാൻ വായനക്കാരനെ സഹായിക്കുന്നതിനുള്ള ലേഖനമാണിത്.

സത്യം# 1. പാപം ലോകത്തിൽ കടക്കുന്നതിന് മുൻപുതന്നെ ജോലി നിലവിലിരുന്നു.

ലോകത്തിൽ പാപത്തിന്റെ ഫലമായാണ് ജോലി ഉണ്ടായത് എന്നാണ് അനേകരും തെറ്റായി ചിന്തിക്കുന്നത്. പാപം ലോകത്തിൽ വരുന്നതിനു മുൻപുതന്നെ ദൈവം ആദാമിനെ ഏദെൻ തോട്ടത്തിൽ “വേല ചെയ്‌വാനും അതിനെ കാപ്പാനും” ആക്കിയിരുന്നു (ഉല്പത്തി 2:15). എന്നിരുന്നാലും, പാപം ജോലിയെ കൂടുതൽ ദുഷ്ക്കരമാക്കിത്തീർത്തു, “നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും” (ഉല്പത്തി 3:17).

പൂർണ്ണതയുള്ള ലോകത്തിൽ (അതായത്, മനുഷ്യവർഗ്ഗത്തിന്റെ വീഴ്ചയ്കു മുൻപ്) ജോലി നിലവിലിരുന്നു എന്നതിനാലും ഇനി വരാൻ പോകുന്ന പുതിയ ലോകത്തും ജോലി നിലനിൽക്കുമെന്നതിനാലും ജോലിയെ ഒരു ശാപമായിട്ടല്ല മറിച്ച്, ഒരു അനുഗ്രഹമായി കാണേണ്ടതാണ്!

സത്യം# 2. ജോലി ദൈവത്തിൽ നിന്നുള്ള ഒരു കല്പനയാണ്. 

1 തെസ്സലോനിക്യർ 4:11-ൽ “സ്വന്തകൈകൊണ്ടു വേല ചെയ്യുവാൻ” നാം കല്പിക്കപ്പെട്ടിരിക്കുന്നു. അക്കാലത്തെ ഗ്രീക്ക് സംസ്കാരം കായികമായ കഠിനാധ്വാനത്തെ അവജ്ഞയോടെ കണ്ടിരുന്നു. എന്നാൽ, ഏതൊരു ജോലിയും ബൈബിൾ പ്രമാണങ്ങൾക്ക് അനുസൃതമായി ചെയ്താൽ മാന്യമാണ് എന്ന് ബൈബിൾ പ്രഖ്യാപിക്കുന്നു. ഒരു മിനിറ്റ് ചിന്തിക്കുക. അദ്ധ്വാനം ഒരു ശാപമാണ്  എങ്കിൽ എന്തുകൊണ്ടാണ് സ്വന്ത കൈകൾക്കൊണ്ട് വേല ചെയ്യുവാൻ ദൈവം തന്റെ മക്കളോട് കല്പിക്കുന്നത്? ഇല്ല, തിന്മയുടെ ഒരു ലാഞ്ചനയെങ്കിലുമുള്ള യാതൊന്നും ചെയ്യുവാൻ ദൈവം നമ്മോട് കല്പിക്കുകയില്ല. ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ ദൈവകല്പനകൾ എല്ലാം – നമ്മുടെ സ്വാഭാവിക ആഗ്രഹങ്ങൾക്കു വിരുദ്ധമായി കാണപ്പെടുന്നവ കൂടി – നാം ഗൗരവമായി എടുക്കേണ്ടതാണ്.

സത്യം# 3. ജോലി മറ്റുള്ളവരുടെ പൊതുനന്മയ്കു വേണ്ടിയാണ് .

ജോലി വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ നടത്തുന്നതോടൊപ്പം, “കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന രണ്ടാമത്തെ കല്പനയും പൂർത്തീകരിക്കുന്നു (മത്തായി 22:39).  ബൈബിൾ കല്പനകളിൽ പലതും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നവയാണ്. അപ്പോസ്തല പ്രവൃത്തികൾ 20:35 നമ്മോടു പറയുന്നത് “പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കണം” എന്നാണ്. എഫേസ്യർ 4:28-“മുട്ടുള്ളവനു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന് കൈകൊണ്ടു നല്ലതു പ്രവർത്തിച്ച് അദ്ധ്വാനിക്കണം” എന്ന് പറയുന്നു. സദൃശ്യവാക്യങ്ങൾ 14:31-“ദരിദ്രനോടു കൃപ കാണിക്കുന്നവൻ അവനെ (ദൈവത്തെ) ബഹുമാനിക്കുന്നു” എന്ന് പറയുന്നു. “നന്മ ചെയ്‌വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി”രിക്കുവാൻ  ധനവാന്മാരോടും ദൈവം കല്പിച്ചിരിക്കുന്നു (1 തിമോത്തി 6:18).

ആവശ്യത്തിലിരിക്കുന്നവരുടെ കൂട്ടത്തിൽ കൂടുംബം, സുഹൃത്തുക്കൾ, ചിലപ്പോൾ അപരിചിതർപോലും ഉൾപ്പെടുന്നു. നാം ബുദ്ധിയോടെ കാര്യവിചാരകത്വം ചെയ്യേണ്ടപ്പോൾത്തന്നെ ദൈവം നമ്മെ മറ്റുള്ളവർക്ക് അനുഗ്രഹമാകുവാൻ അനുഗ്രഹിച്ചിരിക്കുന്നു എന്ന് നാം ഓർമ്മിക്കേണ്ടതാണ്. പൊതുനന്മയെക്കരുതി അദ്ധ്വാനിക്കുന്നത് സംബന്ധിച്ചുള്ള ഈ സത്യത്തെ ഡി. എൽ. മൂഡി ഇത്തരത്തിൽ മനോഹരമായി സംഗ്രഹിക്കുന്നു:

നിങ്ങൾക്ക് സാധിക്കുന്ന എല്ലാ നന്മയും സാധിക്കുന്ന എല്ലാ മാർഗ്ഗത്തിലൂടെയും സാധിക്കുന്ന എല്ലാ വിധത്തിലും സാധിക്കുന്നത്ര സ്ഥലങ്ങളിലും സാധിക്കുന്ന എല്ലാ സമയത്തും സാധിക്കുന്നത്ര എല്ലാവർക്കും സാധിക്കുന്നത്രയും കാലത്തോളവും ചെയ്യുക

“കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന കല്പന എവിടെയാണ് നാം ജോലി ചെയ്യുന്നത് എന്നത് ശ്രദ്ധിക്കണം എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അനേക വ്യക്തികളുടെ ജീവനെയും കുടുംബങ്ങളെയും നാശത്തിലേയ്ക് നയിക്കുന്ന സാധനങ്ങളോ സേവനങ്ങളോ നൽകുന്ന സ്ഥലങ്ങൾ കൂട്ടുകാരനെ സ്നേഹിക്കുക എന്ന ആശയത്തിന് അനുകൂലമല്ല. അത്തരം സ്ഥലങ്ങളിൽ ജോലിയെടുക്കുന്നത് ഒരു വിശ്വാസിയ്ക് യോജിച്ചതല്ല.

പ്രകടമായ വിധത്തിൽ പാപം ചെയ്യപ്പെടുന്ന (ഉദാ: ഉപഭോക്താക്കളോട് കള്ളം പറയുന്നത്) സ്ഥലങ്ങളിലും നിസ്സഹരണം എന്ന പ്രമാണം പാലിക്കേണ്ടതാണ്. സാമ്പത്തിക ലാഭം അത്ഭുതാവഹമണ് എങ്കിൽപ്പോലും ദൈവത്തിന്റെ വചനത്തോട് അനുസരണക്കേട് കാണിക്കുവാൻ പ്രലോഭിപ്പിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ വിശ്വാസികൾ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കരുത്.

സത്യം# 4. കർത്താവാണ് യഥാർഥ യജമാനൻ എന്ന ഓർമ്മപ്പെടുത്തലോടുകൂടെ ആയിരിക്കണം ജോലി നിർവ്വഹിക്കപ്പെടേണ്ടത്.

“അല്ല,” നിങ്ങൾ പറയുന്നു! “ഉവ്വ്,” ദൈവത്തിന്റെ വചനം പറയുന്നു! ഈ സത്യം എഫേസ്യർ 6:5-8 വ്യക്തമാക്കുന്നു [കൊലോസ്യർ 3:22-25 കൂടെ കാണുക]. എഫേസ്യർ 6:5-ൽ ഇപ്രകാരം നമ്മോടു കല്പിച്ചിരിക്കുന്നു, “ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ”. നാം ‘ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെ’ നമ്മുടെ മേലുദ്യോഗസ്ഥരെ അനുസരിക്കേണ്ടതാണ് എന്നത് ശ്രദ്ധിക്കുക.

ക്രിസ്ത്യാനിയുടെ ജോലിയിലെ ധാർമ്മികത, മേലുദ്യോഗസ്ഥന്മാർ കണ്ടുകൊണ്ടിരിക്കുമ്പോൾ, “മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവ”യിൽ അടിസ്ഥാനപ്പെട്ടത് ആയിരിക്കരുത് (എഫേ 6:6). പകരം, കർത്താവ് എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു എന്നും ആത്യന്തികമായി അവനുവേണ്ടിയാണ് തങ്ങൾ ജോലി നിർവ്വഹിക്കുന്നത് എന്നും ക്രിസ്ത്യാനികൾ ഓർമ്മിക്കേണ്ടതാണ്. ക്രിസ്ത്യാനികൾ എല്ലായ്പോഴും അവരുടെ യജമാനന്മാർക്ക് കീഴടങ്ങി നല്ല ജോലി ചെയ്യണം എന്നത് “ദൈവേഷ്ടം” ആണ്  (എഫേ 6:6b).

എഫെസ്യർ 6:7-8-ൽ പൗലോസ് തുടർന്നു പറയുന്നു 7 “മനുഷ്യരെയല്ല കർത്താവിനെ തന്നേ പ്രീതിയോടെ സേവിച്ചുംകൊണ്ടു അനുസരിപ്പിൻ. 8 ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ”. അതുകൊണ്ട്, തങ്ങൾ ചെയ്യുന്ന ജോലിയിൽ തങ്ങളുടെ യജമാനന്മാർ മതിപ്പു പ്രകടിപ്പിക്കുന്നുണ്ടോ എന്നതിൽ ഒരിക്കലും അടിസ്ഥാനപ്പെട്ടതാകരുത് വിശ്വാസികളുടെ    ജോലി സംബന്ധിച്ചുള്ള ധാർമ്മികത.

തങ്ങളുടെ പ്രയത്നം ഗൗനിക്കപ്പെടാതെ പോകുമ്പോൾ അനേകരും പ്രകോപിതരാകുകയും കഠിനാധ്വാനം ചെയ്യാതിരിക്കുകയും ചെയ്യും. “അഭിനന്ദനമില്ല, ബോണസില്ല, നന്നായി ചെയ്തു എന്നു പറയുന്നതുമില്ല, പിന്നെ ഞാൻ എന്തിന് കഷ്ടപ്പെടണം?” എന്ന മനോഭാവം അനേകരിലും കാണുന്നു. ദൈവമാണ് യഥാർഥ യജമാനൻ എങ്കിൽ ( തീർച്ചയായും ദൈവമാണ് യജമാനൻ), വിശ്വാസിയ്ക് ഒരു ദിവസം ദൈവം പ്രതിഫലം കൊടുക്കും! അത് ദൈവത്തിന്റെ വാഗ്ദാനമാണ്, അത് സേവനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്ന ഘടകം ആയിരിക്കണം – മാനുഷിക അംഗീകാരം മാത്രമായിരിക്കരുത്. നമ്മുടെ മേലുദ്യോഗസ്ഥന്മാരോ മറ്റുള്ളവരോ  നമ്മുടെ പെരുമാറ്റരീതിയെ സ്വാധീനിക്കുവാൻ അനുവദിക്കുക നമുക്കു സാധ്യമല്ല!

യഥാർഥ മേലുദ്യോഗസ്ഥൻ കർത്താവാണ് എന്നപോലെ ആയിരിക്കണം നാം എല്ലായ്പോഴും ജോലി ചെയ്യുന്നത്. കർത്താവിനോടു കാണിക്കുന്ന അതേ അനുസരണയുടെ മനോഭാവം നാം കാണിക്കണം. വിനയഭാവം ഇതിന് ആവശ്യമാണ്. എന്നിരുന്നാലും, ഇതിന് അപവാദമായി ഒരു സാഹചര്യമുണ്ട്, തിരുവെഴുത്തിനു വിരുദ്ധമായി എന്തെങ്കിലും ചെയ്യുവാൻ നമ്മുടെ മേലുദ്യോഗസ്ഥൻ പറഞ്ഞാൽ, നമുക്ക് നമ്മുടെ മാനുഷിക യജമാനനെ അനുസരിക്കേണ്ട ഒരു ബാദ്ധ്യതയുമില്ല. അത്തരം സാഹചര്യങ്ങളിൽ നാം ദൈവത്തെ അനുസരിക്കേണം – “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു!” (അപ്പോ.പ്രവൃത്തികൾ 5:29).

നമുക്ക് ക്രിസ്ത്യാനിയായ ഒരു മേലുദ്യോഗസ്ഥനുണ്ടെങ്കിൽ, 1 തിമൊഥെയൊസ് 6:2 –ലെ പ്രമാണം പാലിക്കേണ്ടതാണ്, “വിശ്വാസികളായ യജമാനന്മാരുള്ളവർ അവരെ സഹോദരന്മാർ എന്നുവച്ചു അലക്ഷ്യമാക്കരുതു; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാൽ സേവിക്കയത്രേ വേണ്ടതു”.

നല്ല തൊഴിലാളികൾ ആകുന്നതോടൊപ്പം ക്രിസ്ത്യാനികൾ നല്ല തൊഴിൽദാതാക്കളും അഥവാ യജമാനന്മാരും ആയിരിക്കേണ്ടതാണ്. എഫെസ്യർ 6:9 ഇപ്രകാരം പറയുന്നു,  “യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‍വിൻ”. ക്രിസ്ത്യാനികളായ തൊഴിലാളികൾ ക്രിസ്തുവിനെ ബഹുമാനിക്കുന്ന നിലയിൽ അവരുടെ മേലുദ്യോഗസ്ഥന്മാരെ സേവിക്കേണ്ടതുപോലെതന്നെ, ക്രിസ്ത്യാനികളായ തൊഴിൽദാതാക്കളും അവരുടെ  തൊഴിലാളികളോട് പെരുമാറേണ്ടതാണ്. അവരെ ഭീഷണിപ്പെടുത്തുകയോ ചൂഷണം ചെയ്യുകയോ ചെയ്യരുത്. അവരോട് മുഖപക്ഷം കാണിക്കരുത്. കാരണം, കർത്താവ് മുഖപക്ഷം കാണിക്കുന്നില്ല.

കർത്താവാണ് യഥാർഥ യജമാനൻ എന്നും വെറും പണത്തിനു വേണ്ടിയല്ല ജോലി ചെയ്യുന്നത് എന്നും വിശ്വാസികൾ തിരിച്ചറിയുമ്പോൾ, ജോലിയോടുള്ള നമ്മുടെ കാഴ്ചപ്പാടിൽ വ്യത്യാസം വരുന്നു. ജോലി ഒരു ഭാരമാകുന്നില്ല മറിച്ച്, ഒരു അനുഗ്രഹമായും ദൈവത്തിന് മഹത്വം കൊടുക്കുവാനുള്ള വളരെ നല്ല ഉപാധിയായും കാണുവാൻ സാധിക്കും.

സത്യം# 5. ജോലി ആത്യന്തികമായ ഒരു ലക്ഷ്യത്തിനുള്ള ഉപാധിയാണ്ദൈവത്തിന്റെ മഹത്വം.

എല്ലാ കാര്യങ്ങളും നാം “ദൈവത്തിന്റെ മഹത്വത്തിനായി” ചെയ്യണം എന്ന് 1 കൊരിന്ത്യർ 10:31 വ്യക്തമായി പറയുന്നു. ഇത് മനസ്സിലാക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുക എന്ന ആത്യന്തിക ലക്ഷ്യത്തിനുള്ള ഉപാധിയായി ജോലിയെ കാണുവാൻ ക്രിസ്ത്യാനിയെ സഹായിക്കുന്നു. ഈ കാഴ്ചപ്പാടിന്റെ അഭാവത്തിൽ, ജോലി യജമാനനും ജോലി ചെയ്യുന്നവൻ അതിന്റെ അടിമയുമായിത്തീരുന്നു. ഇത് ധനവാൻ ആകുവാനുള്ള മോഹം, തൊഴിലിൽ ഉയരങ്ങളിലേയ്ക് എത്തുന്നതിനുള്ള ആഗ്രഹം, ലോകത്തിനു നൽകുവാൻ സാധിക്കുന്ന ഏറ്റവും നല്ലതിനെ പിന്തുടരുക എന്നിങ്ങനെ മറ്റു പ്രശ്നങ്ങളിലേയ്കു നയിക്കും.

ഒരുവന്റെ ആത്മീക ജീവിതത്തെയും കുടുംബജീവിതത്തേയും ദോഷകരമായി ഇത് ബാധിക്കാം (വ്യക്തിഗതമായ ബൈബിൾ പഠനത്തിന് സമയമില്ലാതിരിക്കുക, കുടുംബത്തിന് കൊടുക്കുവാൻ സമയമില്ലാതിരിക്കുക, സഭായോഗങ്ങളിൽ പങ്കെടുക്കുവാൻ സമയമില്ലാതിരിക്കുക, വിട്ടുവീഴ്ചകൾ ചെയ്യുവാനുള്ള പ്രവണത, വിജയത്തിലേയ്ക് കുറുക്കുവഴികളെ ആശ്രയിക്കുക എന്നിവ). അതുകൊണ്ടാണ്  സദൃശ്യവാക്യങ്ങൾ 23:4 മുന്നറിയിപ്പ് നൽകുന്നത്: “ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക”.

സ്പഷ്ടമായി പറഞ്ഞാൽ, ജോലിയോട് ആസക്തിയുണ്ടാകരുത്! തൊഴിലാളിയോ മുതലാളിയോ ആയി എത്രമാത്രം വിജയം കണ്ടു എന്നതല്ല ഒരു ക്രിസ്ത്യാനിയുടെ വ്യക്തിത്വം. ക്രിസ്ത്യാനിയുടെ വ്യക്തിത്വം അവൻ ക്രിസ്തുവിലാണ് – കൃപയാൽ രക്ഷിക്കപ്പെട്ട പാപി- എന്നതിലാണ്. ദൈവം അവരെ സ്വീകരിച്ചുകഴിഞ്ഞു. ഒടുവിൽ സുപ്രധാനമാകുന്നത് അതു മാത്രമാണ്!

അങ്ങനെ, ജോലി സംബന്ധിച്ച് 5 അടിസ്ഥാന സത്യങ്ങൾ നാം പ്രതിപാദിച്ചു. ജോലി സംബന്ധമായി ഈ സത്യങ്ങളോടൊപ്പം 3 പൊതുവായ പ്രമാണങ്ങൾകൂടെ നാം പരിഗണിക്കേണ്ടതുണ്ട്.

വൈഷമ്യമുള്ള സാഹചര്യത്തിൽ ജോലി ചെയ്യുന്നത്.  ക്ലേശകരമായ സാഹചര്യത്തിൽ ജോലി ചെയ്യുമ്പോൾ നാം നിരാശപ്പെടരുത്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും ദൈവം സർവ്വാധികാരിയാണ്. അവിവേകികളായ മേലുദ്യോഗസ്ഥന്മാരുടെ കീഴിൽ നാം ജോലി ചെയ്യേണ്ട സമയം വന്നേക്കാം എന്ന് 1 പത്രോസ് 2:18-21 ഓർമ്മിപ്പിക്കുന്നു. ദൈവം നമ്മെ അവിടെ ആക്കുന്നതിന് ഒരു കാരണമുണ്ടാകാം – നമുക്കു ചുറ്റുമുള്ളവർക്ക് മാറ്റം വരുത്തുന്നതിനോ അല്ലെങ്കിൽ, വിഷമകരമായ സാഹചര്യത്തിലൂടെ, ശക്തിയ്കായി ദൈവത്തിൽ ആശ്രയിക്കുവാൻ നാം നിർബന്ധിതരാകുന്നതിലൂടെ നമുക്ക് മാറ്റം വരുത്തുന്നതിനോ ആയിരിക്കാം.

ഒരു ജോലി വിട്ട് മറ്റൊരു ജോലി എടുക്കുക. മറ്റൊരു ജോലി അന്വേഷിക്കുന്നതിൽ പാപകരമായി യാതൊന്നുമില്ല (1 കൊരിന്ത്യർ 7:21). എന്നിരുന്നാലും, ജോലി മാറിയെടുക്കുന്നത് പ്രാർഥനാപൂർവ്വവും വിവേകപൂർവ്വവും ചെയ്യുന്നത് നല്ലതാണ്. ചില കഠിനമായ ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കുവാൻ നം മടിക്കരുത് :

  • എന്തുകൊണ്ടാണ് ജോലി മാറുവാൻ ഞാൻ ആഗ്രഹിക്കുന്നത്?
  • എന്റെ മേലുദ്യോഗസ്ഥരെ അനുസരിക്കുവാൻ വിസമ്മതിക്കുന്ന എന്റെ അഹങ്കാരം കാരണമാണോ ഞാൻ ജോലി മാറുവാൻ ആഗ്രഹിക്കുന്നത്?
  • കൂടുതൽ പണത്തിനും കൂടുതൽ സുഖങ്ങൾക്കും വേണ്ടിയാണോ മാറുന്നത്?
  • ജോലിയിലുള്ള വ്യക്തിപരമായ സംതൃപ്തിയ്കു വേണ്ടിയാണോ?
  • ഈ മാറ്റം എന്റെയും എന്റെ കുടുംബത്തിന്റെയും ആത്മീക വളർച്ചയെ അപകടത്തിലാക്കുമോ?
  • ദൈവത്തെ സേവിക്കുന്നതിന്, പ്രാദേശിക സഭയിൽ എന്റെ പങ്ക് ചെയ്യുന്നതിനെ ഈ മാറ്റം ബാധിക്കുമോ?
  • കുടുംബത്തോടൊപ്പമുള്ള എന്റെ സമയത്തെ ഇത് എപ്രകാരം ബാധിക്കും?

ജോലി മാറുന്നതിലുള്ള പ്രചോദനങ്ങളെ ഇത്തരത്തിൽ ആത്മാർഥമായി ചോദ്യം ചെയ്യുകയും അതോടൊപ്പം പ്രാർഥനയുംകൂടെ ചേരുമ്പോൾ ജോലിയിലെ മാറ്റം സംബന്ധിച്ച് ശരിയായ തെരഞ്ഞെടുപ്പ് നടത്തുവാൻ നാം പ്രാപ്തരാക്കുന്നു. സുപ്രധാനമായ കാര്യം മനസ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ് – ഈ ജോലിയിൽ നിൽക്കുവാനോ മറ്റൊരു ജോലി ഏറ്റെടുക്കുവാനോ ഉള്ള എന്റെ ആഗ്രഹം എപ്രകരമാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നത്? ദൈവത്തിന് പ്രഥമ സ്ഥാനം നൽകിയശേഷം ഈ ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ, ഉത്തരങ്ങൾ എളുപ്പമായിരിക്കും. നാം ഒരിക്കലും ഇത് മറക്കരുത്: ഭൗമിക സംതൃപ്തി തേടിയുള്ള പ്രയാണം ഗൗരവമായ ആത്മീയ ദുരന്തങ്ങളിലേയ്കു നയിച്ചേക്കാം

കൂടാതെ, നമ്മുടെ മേലുദ്യോഗസ്ഥരെപ്പറ്റി തുടർച്ചയായി തിന്മയായത് പറയുകയോ നമ്മുടെ ജോലിയെക്കുറിച്ച് മുറുമുറുക്കുകയോ പരാതി പറയുകയോ ചെയ്യുന്നത് ക്രിസ്തുവിന്റെ സ്വഭാവത്തോട് അനുരൂപമായ ഒന്നല്ല, ദൈവത്തെ മഹത്വപ്പെടുത്തുന്നതുമല്ല. ഒരു ജോലി ഉണ്ട് എന്നതിൽ കൃതജ്ഞതയുള്ള ഒരു ഹൃദയം നാം വളർത്തിയെടുക്കേണ്ട ആവശ്യമുണ്ട്! അനേകർ തൊഴിൽരഹിതരാണ് എന്നത് നമുക്ക് മറക്കാതിരിക്കാം. ഒരു ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി ഏറ്റെടുക്കുമ്പോഴും പഴയ കമ്പനിയെക്കുറിച്ച് തുടർച്ചയായി മോശമായത് പറയുന്നതും നല്ലതല്ല. കഴിഞ്ഞുപോയതിനെ വിട്ടുകളഞ്ഞ് മുൻപിലേയ്കു പോകുന്നതാണ് നല്ലത്.

ദയവായി ശ്രദ്ധിക്കുക: ഒരുവൻ ജോലിസ്ഥലത്ത് നേരിടുന്ന വിഷമകരമായ ഒരു സാഹചര്യത്തെക്കുറിച്ച് പറയുന്നതും മറ്റുള്ളവരോട് പ്രാർഥിക്കുവാൻ ആവശ്യപ്പെടുന്നതും പാപകരമല്ല, തൊഴിൽസ്ഥലത്ത് വാസ്തവമായി നടക്കുന്ന നിഷ്ഠൂരതകളെക്കുറിച്ച് സംസാരിക്കുന്നതും പാപകരമല്ല. നമ്മോടു മോശമായി പെരുമാറുന്നവരോട് വിദ്വേഷം ഉള്ളിൽ വളരുവാൻ അനുവദിക്കുന്നതാണ് പാപം. ജോലിസ്ഥലത്തുള്ള പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് സ്ഥിരമായി ചിന്തിക്കുന്നത് അത്തരം പപകരമായ മനോഭാവങ്ങളിലേയ്കു നമ്മെ നയിക്കും. അതുകൊണ്ട്, നാം ജാഗരൂഗരായിരിക്കണം!

സുവിശേഷീകരണം ജോലിസ്ഥലത്ത്.  രക്ഷയ്കായി ക്രിസ്തുവിൽ ആശ്രയിക്കാത്ത ഏവർക്കും സുവിശേഷം നൽകണം എന്ന് ബൈബിൾ കല്പിക്കുമ്പോൾത്തന്നെ, പരിജ്ഞാനം ആവശ്യമായിരിക്കുന്നു. ഒരു ജോലി ചെയ്യുന്നതിന് ക്രിസ്ത്യാനിയ്ക് ശമ്പളം നൽകപ്പെടുന്നു. ജോലിയിൽ ഉൾപ്പെടുന്ന ചുമതലകൾ നിർവ്വഹിക്കുന്നതിന് സുവിശേഷീകരണം തടസ്സമാകരുത്.    ജോലി സമയത്ത് സുവിശേഷീകരണം നടത്തുന്നത് നമ്മുടെ ജോലിയിലുള്ള ഉത്തരവാദിത്തങ്ങളിൽ അശ്രദ്ധ കാണിക്കുവാൻ ഇടയാകുമെങ്കിൽ  നാം അപ്രകാരം ചെയ്യരുത്. അത്തരം ഒരു സമീപനം യേശുവിനെ മഹത്വപ്പെടുത്തുകയില്ല.   മറിച്ച്, അത് ക്രിസ്ത്യാനിയുടെ വിശ്വാസം സംബന്ധിച്ച് ദോഷകരമായ സാക്ഷ്യം ഉണ്ടാക്കും. ഉച്ചഭക്ഷണത്തിന് അനുവദിക്കപ്പെട്ടിരിക്കുന്ന സമയമോ ജോലി കഴിഞ്ഞുള്ള സമയമോ ഈ ആവശ്യത്തിന് പരിഗണിക്കാവുന്നതാണ്.

സുവിശേഷസന്ദേശം പ്രഘോഷിക്കുന്നതോടൊപ്പം വിശ്വസ്തനായ ഒരു തൊഴിലാളി അല്ലെങ്കിൽ തൊഴിൽദാതാവ് ആയിരിക്കുക എന്നത് ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരു മാർഗ്ഗമാണ് എന്നതും ഓർക്കുന്നത് നല്ലതാണ്.

സമാപന ചിന്തകൾ.

നമുക്ക് ഒരിക്കലും ഇവ മറക്കാതിരിക്കാം: കർത്താവായ യേശു നമുക്കു പകരമായി പൂർണ്ണതയുള്ള ജീവിതം ജീവിക്കുകയും ക്രൂശിൽ നമ്മുടെ പാപങ്ങൾക്കു പകരം മരിക്കുകയും ചെയ്തതാണ് ഏറ്റവും സുപ്രധാനമായ ജോലി അഥവാ പ്രവൃത്തി. നമ്മുടെ പാപങ്ങൾക്കു വേണ്ടി കർത്താവ് ഒടുക്കിയത് പര്യാപ്തമായിരുന്നു എന്നാണ്  “പൂർത്തിയായി” (യോഹന്നാൻ 19:30) എന്ന കർത്താവിന്റെ വിജയരോദനം വെളിപ്പെടുത്തുന്നത്- കർത്താവിന്റെ ജോലിയ്ക് ദൈവം പറഞ്ഞ “ആമേൻ” ആയിരുന്നു ഉയിർത്തെഴുന്നേൽപ്പ്.   അതുകൊണ്ട്, നമുക്ക് അവനിൽ വിശ്രമിക്കുകയും ജോലി സംബന്ധിച്ചുള്ള ബൈബിൾ പ്രമാണങ്ങൾ പ്രയോഗത്തിൽ വരുത്തുന്നത് ഉൾപ്പെടെയുള്ള അവന്റെ കല്പനകൾ പൂർത്തിയാക്കുവാൻ  അവന്റെ ആത്മാവിൽ നിന്നും ശക്തി സ്വീകരിക്കുകയും ചെയ്യാം.

ഭൗതിക ലോകത്തിലും ദൈവം മഹത്വപ്പെടുന്നു. ഒരുവൻ “സഭാ”ശുശ്രൂഷയിൽ പൂർണ്ണസമയം ജോലി ചെയ്യുമ്പോൾ മാത്രമാണ് ദൈവം മഹത്വപ്പെടുന്നത് എന്ന് നാം തെറ്റദ്ധരിക്കരുത്. പ്രവൃത്തിയ്കുവാൻ ദൈവം വിളിച്ചിരിക്കുന്ന മേഖലയിൽ ദൈവത്തെ മഹത്വപ്പെടുത്തിയാൽ, എല്ലാ ക്രിസ്ത്യാനികളും പൂർണ്ണ സമയ ശുശ്രൂഷയിലാണ് എന്ന് തിരുവെഴുത്തുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.  നാം ഭൗതികമായ ഒരു മേഖലയിൽ ജോലി ചെയ്യുകയോ ഭവനത്തിൽ കുഞ്ഞുങ്ങളെ ദൈവഭക്തരായി വളർത്തുകയോ സഭയെ സേവിക്കുകയോ എന്തുചെയ്താലും ദൈവത്തിന്റെ വചനത്തോടുള്ള വിശ്വസ്തതയാണ് പ്രധാന വിഷയം. അത്തരത്തിൽ ഒരു മനോഭാവം വളർത്തിയെടുക്കുമ്പോൾ നമുക്ക്   TGIF (നന്ദി ദൈവമേ ഇന്ന് വെള്ളിയാഴ്ചയാണ്) എന്നു പറയുന്നതിനു പകരം TGIM (അഥവാ നന്ദി ദൈവമേ ഇന്ന് തിങ്കളാഴ്ചയാണ് Thank God It’s Monday) എന്ന് സന്തോഷത്തോടെ പറയുവാൻ സാധിക്കും!

Category

Leave a Comment