ദ്രവ്യാഗ്രഹത്തിന്റെ 4 അപകടങ്ങൾ

(English version: 4 Dangers Of Loving Money)
മറ്റെന്തിനെക്കാളും നമുക്ക് പണം പ്രധാനപ്പെട്ടതാകുന്നത് എങ്ങനെയെന്നത് ഒരു പഴയകാല ഹാസ്യനടൻ ഒരു നാടകത്തിൽ ചിത്രീകരിച്ചു. ഹാസ്യനടൻ നടന്നുപോകുമ്പോൾ പെട്ടെന്ന് ഒരു കള്ളൻ മുൻപിലെത്തി ഇപ്രകാരം പറഞ്ഞു, “നിനക്ക് ജീവൻ വേണോ അതോ നിന്റെ പണം വേണോ“? കുറെനേരത്തേയ്ക് അവിടെ നിശബ്ദത മാത്രം, ഹാസ്യനടൻ യാതൊന്നും പറഞ്ഞില്ല. കള്ളൻ ക്ഷമ നശിച്ച് “എന്താണ് തീരുമാനം“ എന്നു ചോദിച്ചു. ഹാസ്യനടൻ ഇപ്രകാരം ഉത്തരം പറഞ്ഞു: തിരക്ക് കൂട്ടരുത്; ഞാൻ ചിന്തിക്കുകയാണ്“.
ഇതു കേട്ട് നാം ചിരിച്ചേക്കാം. പണത്തിന് നമ്മുടെ മേൽ ഇത്തരത്തിലുള്ള ഒരു പിടി ഉണ്ട് എന്നത് സത്യമല്ലേ? സമ്പത്തിന്റെ അപകടങ്ങളെക്കുറിച്ച് ബൈബിൾ അനേക മുന്നറിയിപ്പുകൾ നൽകുന്നതിൽ അതിശയിക്കേണ്ടതില്ല. അത്തരം മുന്നറിയിപ്പുകളിൽ മിക്കവയും കർത്താവായ യേശുവിന്റെ അധരത്തിൽ നിന്നുതന്നെ വന്നവയാണ്. ഏതാനം ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു:
മത്തായി 6:24 “…നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.”
ലൂക്കോസ് 12:15 പിന്നെ അവരോടു: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു” എന്നു പറഞ്ഞു.
എബ്രായ ലേഖനത്തിന്റെ എഴുത്തുകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നു, “നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ…” (എബ്രായർ 13:5).
ദ്രവ്യാഗ്രഹം സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ പുതിയ നിയമത്തിൽ മാത്രമല്ല കാണുന്നത്. പത്താമത്തെ കല്പനതന്നെ മോഹിക്കുന്നതിന് എതിരെയുള്ള ഒന്നാണ്, “യാതൊന്നിനെയും മോഹിക്കരുതു” (പുറപ്പാട് 20:17).
ദ്രവ്യാഗ്രഹത്തിൽ പല അപകടങ്ങളുണ്ട്. അവയിൽ നാല് അപകടങ്ങൾ താഴെ വിവരിച്ചിരിക്കുന്നു.
അപകടം # 1. ദ്രവ്യാഗ്രഹം നമ്മെ ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം സമ്പത്തിൽ ആശ്രയിക്കുവാൻ ഇടയാക്കുന്നു.
യേശുവിന്റെ അടുക്കലേയ്ക് നിത്യജീവൻ അന്വേഷിച്ചു വന്ന ധനവാനായ മനുഷ്യൻ ഇതിന് ഉത്തമ ഉദാഹരണമാണ് (മർക്കോസ് 10: 17-22). അവൻ തന്റെ ധനത്തെ അത്രമേൽ സ്നേഹിച്ചിരുന്നു. അത് ഉപേക്ഷിക്കുവാൻ അവനു കഴിയുമായിരുന്നില്ല. അത് അവനെ, അവന്റെ മേൽ എഴുതപ്പെട്ട മരണവിധിയോടെ, നിത്യജീവന്റെ ദാതാവിൽ നിന്നും പിന്തിരിഞ്ഞു നടക്കുവാൻ ഇടയാക്കി. ന്യായാധിപതിയായ യേശുവിന്റെ മുൻപിൽ ഈ ധനവാനായ മനുഷ്യൻ നിൽക്കുമ്പോൾ, യേശുവിനെ തിരസ്കരിച്ചതിനാൽ അവന്റെ ധനം അവനെ രക്ഷിക്കുമോ?
ഈ കാലത്തും സ്റ്റോക്ക് മാർക്കറ്റിന്റെ പതനം, സാമ്പത്തിക മാന്ദ്യം, പെട്ടെന്നുള്ള ജോലി നഷ്ടപ്പെടൽ, ബിസിനസ്സിലെ പരാജയം എന്നിവ ഉണ്ടായിരുന്നിട്ടും സുസ്ഥിരനായ ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം, അസ്ഥിരമായ ധനത്തിൽ അനേകരും ആശ്രയിക്കുന്നു (1 തിമോ 6:7). സദൃശ്യവാക്യം 11:4 തക്കസമയത്ത് മുന്നറിയിപ്പ് നൽകുന്നതിൽ അതിശയമില്ല, “ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല.”
അപകടം # 2. ദ്രവ്യാഗ്രഹത്തിന് ഈ ലോകത്തിലും അനേക സങ്കടങ്ങൾ നൽകവുവാൻ സാധിക്കും.
“ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു”, (1 തിമൊഥെയൊസ് 6:9) എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. കൂടുതൽ സമ്പത്ത് നേടുന്നതിനുള്ള പ്രലോഭനം ദൈവത്തെയും കുടുംബത്തെയും അവഗണിച്ചുകൊണ്ട് കൂടതൽ സമയം ജോലി ചെയ്യുന്നതിനും പാപകരമായ മാർഗ്ഗത്തിലൂടെ ധനം സമ്പാദിക്കുന്നതിനും ഒരുവനെ നയിക്കും.
സന്തോഷം ഒഴികെ മറ്റെല്ലാം നൽകുന്ന സാർവ്വത്രിക ദാതാവായി സമ്പത്തിനെ ഉപയോഗിക്കാം എന്നു പറയുന്നത് ശരിയാണ്. ഇതുവരെ ജീവിച്ചിരുന്ന ഏറ്റവും വലിയ ധനികരിൽ ഒരാളായിരുന്ന റോക്ക്ഫെല്ലർ പറഞ്ഞു, “അനേക ദശലക്ഷങ്ങൾ ഞാൻ സമ്പാദിച്ചു, എന്നാൽ, അവയൊന്നും എനിക്കു സന്തോഷം നൽകിയില്ല”. ധനവാനായ ഹെന്റ്റി ഫോർഡ് (ഫോർഡ് മോട്ടോർ കമ്പനിയുടെ സ്ഥാപകൻ) ഒരിക്കൽ പറഞ്ഞു, “ഞാൻ ഒരു മെക്കാനിക്ക് ആയിരുന്നപ്പോൾ ഇപ്പോഴത്തേക്കാൾ സന്തോഷവാനായിരുന്നു”. ബൈബിളിലെ ഏറ്റവും ധനവാനായ ശലോമോൻ പോലും പറഞ്ഞു, “വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.” (സഭാപ്രസംഗി 5:12).
അപകടം# 3. ദ്രവ്യാഗ്രഹം നമ്മെ വലിയ സ്വാർഥതയുള്ളവരാക്കി തീർക്കാം.
സ്വാഭാവികമായും, നമുക്ക് കൂടുതൽ സമ്പത്ത് കിട്ടണം എന്ന് ആഗ്രഹിച്ചാൽ, നമുക്കുള്ളത് കൊടുക്കുന്നതിൽ നാം വിമുഖതയുള്ളവരായിത്തീരുകയും അതിനെ മുറുകെ പിടിക്കുവാൻ ശ്രമിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി സ്വാർഥത പ്രബലമാകുന്നു- ദൈവത്തിന്റെ വേലയ്കായി കൊടുക്കുന്നതിൽ സ്വാർഥത (ഹഗ്ഗായി 1), മറ്റുള്ളവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നതിൽ (1 യോഹന്നാൻ 3:16-18) സ്വാർഥത എന്നിങ്ങനെ.
നാം സ്നാനപ്പെട്ടപ്പോൾ നമ്മുടെ ബാങ്ക് അക്കൗണ്ടുകളും സ്നാനപ്പെട്ടു എന്നത് നാം മറക്കുന്നു! നമ്മുടെ ധനം മുഴുവനും ദൈവത്തിന്റേതാണ് എന്ന് നാം മറക്കുന്നു. ദൈവം നമ്മുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നതിന്റെ കാര്യവിചാരകന്മാർ മാത്രമാണ് നാം എന്നതും നാം മറക്കുന്നു. ദൈവം നമുക്കു സമൃദ്ധി നൽകിയാൽ നാം നമ്മുടെ കൊടുക്കൽ വർധിപ്പിക്കണം- നമ്മുടെ ജീവിതനിലവാരം വർധിപ്പിക്കണമെന്നില്ല എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ നാം ജീവിക്കുകയും ദൈവം നമുക്ക് സമൃദ്ധി നൽകുകയും ചെയ്താൽ നാം നമ്മുടെ ജീവിത സാഹചര്യങ്ങൾ അതനുസരിച്ച് മെച്ചപ്പെടുത്തരുത് എന്നല്ല ഞാൻ അർഥമാക്കുന്നത്. “എനിക്ക് നൽകപ്പെട്ടതെല്ലാം എന്റെ സുഖത്തിനു വേണ്ടി നൽകപ്പെട്ടതാണ്“ എന്ന മനോഭാവം നമ്മിൽ ഉണ്ടാകാതിരിപ്പാൻ നാം സൂക്ഷിക്കണം“.
“…വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും” (ലൂക്കോസ് 12:48) എന്ന് യേശു മുന്നറിയിപ്പ് നൽകി. ഈ വാക്യത്തിലെ സത്യം സാമ്പത്തിക കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുവാൻ കഴിയുകയില്ല എന്നത് അംഗീകരിക്കുമ്പോൾത്തന്നെ, സാമ്പത്തിക കാര്യങ്ങളിലും പ്രായോഗികത ആവശ്യപ്പെടുന്നുണ്ട്!
അപകടം # 4. ദ്രവ്യാഗ്രഹം നമ്മെ താത്കാലികമായതിൽ ബന്ധിച്ചിടുകയും നിത്യതയെ കാണാതവണ്ണം നമ്മുടെ കണ്ണുകളെ ബന്ധിക്കുകയും ചെയ്യാം.
ദ്രവാഗ്രഹം നമ്മുടെ കാഴ്ചയ്കു മങ്ങലേല്പിക്കാം. മർക്കോസ് 10:17-22-ൽ കാണുന്ന ധനവാനായ മനുഷ്യൻ ഒരു നല്ല ഉദാഹരണമാണ്. യേശുവിൽ മാത്രം കണ്ടെത്താവുന്ന യഥാർഥമായ നിത്യ ധനത്തെ കാണാതവണ്ണം ഒരു വ്യക്തിയുടെ കണ്ണുകളെ കുരുടാക്കുവാൻ വളരെ താത്കാലികമായ ധനം എന്ന വസ്തുവിന് എപ്രകാരം സാധിക്കുന്നു എന്ന് യേശുവുമായുള്ള ധനവാന്റെ കൂടിക്കാഴ്ചയിൽ കാണുന്നു.
ഒരു ബിസിനസ്‌കാരനെക്കുറിച്ച് ഒരു കഥ പറയപ്പെടുന്നു. ഒരു മാലാഖ അയാളെ സന്ദർശിച്ച് “ഒരു വരം ചോദിക്കാം, അതു നൽകപ്പെടും“ എന്നു പറഞ്ഞു. സ്റ്റോക്ക് മാർക്കറ്റിന്റെ വിവരം ഭാവിയിൽ ഒരു വർഷത്തേയ്കുള്ളത് വേണം എന്ന് അയാൾ ആവശ്യപ്പെട്ടു. വിവിധ സ്റ്റോക്ക് എക്സ്‌ചേഞ്ചുകളിലെ ഭാവിയിൽ ഉണ്ടാകുവാൻ പോകുന്ന മൂല്യത്തെക്കുറിച്ച് പഠിക്കവെ, തന്റെ പ്ലാനിനെക്കുറിച്ചും ഭാവിയിലേയ്കുള്ള “കടന്നുനോട്ടം“ മൂലം തനിക്കു സ്വന്തമാകുവാൻ പോകുന്ന വർദ്ധിച്ച സമ്പത്തിനെക്കുറിച്ചും അയാൾ വീമ്പു പറഞ്ഞു.
അയാൾ വീണ്ടും പത്രവാർത്തയിലൂടെ ഓടിച്ചു നോക്കി. തന്റെ സ്വന്ത ചിത്രം ആദരാജ്ഞലികൾ എന്ന തലക്കെട്ടോടെ ചരമക്കോളത്തിൽ അയാൾ കണ്ടു. തീർച്ചയായും, വരാൻ പോകുന്ന തന്റെ മരണത്തിന്റെ വെളിച്ചത്തിൽ സമ്പത്തിന് ഇപ്പോൾ അത്രയധികം പ്രാധാന്യമുണ്ടോ?
ലൂക്കോസ് 12: 13-21–ൽ ഒരു ഉപമയിലൂടെ യേശു മുന്നറിയിപ്പു നൽകുന്നത് ഇതേ സത്യം തന്നെയാണ്. ഈ ലോകത്തിലെ താത്കാലിക സമ്പത്തിൽ ബന്ധിതനാക്കപ്പെടുകയും ദൈവത്തിനു പകരം ധനത്തിനു പിന്നാലെ പോയതിനാൽ നിത്യത കാണാതവണ്ണം കണ്ണുകൾ കുരുടായിപ്പോയ ഒരു മനുഷ്യനെക്കുറിച്ചാണ് ഈ ഉപമ. ദൈവം അവനോട്, “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു.” അതിനുശേഷം, യേശു പ്രായോഗികപാഠം നൽകുന്നു, “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു” (ലൂക്കോസ് 12:20-21).
ഇവയാണ് ദ്രവ്യാഗ്രഹവുമായി ബന്ധപ്പെട്ട 4 അപകടങ്ങൾ- താത്കാലികവും നിത്യവുമായ പരിണിതഫലങ്ങൾ ഉള്ള അപകടങ്ങൾ.
നാം ദ്രവ്യാഗ്രഹമില്ലാത്തവരാണ് എന്ന് നമുക്ക് എപ്രകാരം ഉറപ്പാക്കുവാൻ സാധിക്കും? അത് ലളിതമാണ്. നാം ധനത്തേക്കാൾ അധികം യേശുവിനെ സ്നേഹിക്കണം. നാം പാപക്ഷമ പ്രാപിക്കേണ്ടതിന് നമ്മുടെ ഇടയിൽ വസിക്കുവാനും മരിക്കുവാനും സ്വർഗ്ഗത്തിന്റെ മഹിമകൾ ഉപേക്ഷിച്ചത് യേശുവാണ് എന്ന് തുടർച്ചയായി നാം ഓർക്കേണ്ടതാണ്. ഈ ലോകത്തിനപ്പുറം നിലനിൽക്കുന്ന യാതൊരു മൂല്യവുമില്ലാത്ത എല്ലാ ഭൗതിക സമ്പത്തിനെക്കാളും യേശുവിനെ വിലയേറിയതായി നാം കരുതണം. നമ്മുടെ ജീവിതങ്ങളുടെ എല്ലാ മേഖലകളിലും അവന്റെ കർതൃത്വത്തിന് നാം കീഴ്പ്പെടണം. ധനത്തിന് നമ്മുടെ മേൽ ഉണ്ടാകാവുന്ന സ്വാധീനത്തെ മറികടക്കുവാൻ നമ്മെ സഹായിക്കേണ്ടതിന് നാം ഇടവിടാതെ ദൈവത്തോട് നിലവിളിക്കണം.
അതു നാം ചെയ്യുമ്പോൾ പരിശുദ്ധാത്മാവിലൂടെ, ധനം നമ്മുടെ യജമാനനാകുന്നതിനു പകരം ധനത്തെ നമ്മുടെ അടിമയായിക്കാണുവാൻ, യേശു നമുക്ക് ശക്തി നൽകും. നമുക്ക് ദൈവത്തെ സ്നേഹിക്കുവാനും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മറ്റു മനുഷ്യർക്ക് അനുഗ്രഹമാകുവാനും സാധിക്കേണ്ടതിന് ദ്രവ്യാഗ്രഹത്തിൽ നിന്നും നമുക്കു സ്വാതന്ത്ര്യം നൽകും!
സദൃശ്യവാക്യങ്ങളിൽ നിന്നുള്ള ഈ പ്രാർഥന മനപ്പാഠമാക്കുകയും ദിവസേന പ്രാർഥിക്കുകയും പ്രയോഗത്തിൽ വരുത്തുവാൻ ശ്രമിക്കുകയും ചെയ്യാം.
“വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ” (സദൃശ്യവാക്യങ്ങൾ 30:8).
സദൃശ്യവാക്യങ്ങൾ എന്ന പുസ്തകത്തിൽ നൽകപ്പെട്ടിരിക്കുന്ന ഏക പ്രാർഥന ഇതാണ്. വളരെ പ്രായോഗികമായ പ്രാർഥനയല്ലേ ഇത്?