ആശ്ചര്യകൃപ- എത്ര മധുരമായ പദം

Posted byMalayalam Editor June 27, 2023 Comments:0

(English Version: “Amazing Grace-How Sweet The Sound”

ജോൺ ന്യൂട്ടൺ എഴുതിയ “Amazing Grace” എന്ന തലക്കെട്ടിലുള്ള ഗീതം ക്രിസ്തീയ വിശ്വാസഗീതങ്ങളിൽ ഏറ്റവും പ്രശസ്തമായതല്ലെങ്കിൽ ഏറ്റവും പ്രശസ്തമായവയിലൊന്നാണ്. ഒരിക്കൽ വളരെ പാപകരമായ ജീവിതം നയിച്ചിരുന്ന ജോൺ ന്യുട്ടൺ ആശ്ചര്യകരമായ കൃപ കണ്ടെത്തുകയും അത് അദ്ദേഹത്തെ ക്രൈസ്തവർക്കും അനേക അക്രൈസ്തവർക്കും പരിചിതമായ ഈ ഉത്കൃഷ്ടമായ ഗീതത്തിന്റെ രചനയിലേയ്ക് നയിക്കുകയും ചെയ്തു.   

എന്നിരുന്നാലും, ജോൺ ന്യൂട്ടൺ ഈ ഗീതം എഴുതുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ, ഈ ഗാനത്തിലെ സത്യങ്ങൾ ജീവിതത്തിലെ അവസാന മണിക്കൂറിൽ കൃപ കണ്ടെത്തിയ ഒരു മനുഷ്യനിൽ നിന്നും മാറ്റൊലി കൊണ്ടിരുന്നു.  അവസാന മണിക്കൂറിൽ ഈ മനുഷ്യൻ എപ്രകാരമാണ് കൃപ കണ്ടെത്തിയത് എന്നത് കർത്താവായ യേശു കുരിശിൽ കിടന്നുകൊണ്ടു പറഞ്ഞ ഏഴ് വാചകങ്ങളിൽ ഒന്നായ, “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” [ലൂക്കോസ് 23:43] എന്ന മാനസാന്തരപ്പെട്ട കുറ്റവാളിയോടുള്ള ആശ്വാസവാക്കുകൾ വിവരിക്കുന്നു. യേശുവിന്റെ അധരങ്ങളിൽ നിന്നും വന്ന ഈ വാക്കുകൾ നിരാശിതരായിരുന്ന അനേകർക്ക് പ്രത്യാശ നൽകിയിട്ടുണ്ട്.  

ലൂക്കോസ് 23: 39-43-ൽ രേഖപ്പെടുത്തിയതുപോലെ, ഈ സംഭവം മുഴുവനും നമ്മെ പഠിപ്പിക്കുന്നത് അനുതപിക്കുന്ന ഏതൊരു പാപിയ്കും  ദൈവത്തിന്റെ വിസ്മയകരമായ കൃപ സ്വീകരിക്കുവാൻ കഴിയാതവണ്ണം വൈകിപ്പോയിട്ടില്ല എന്നാണ്. മാനസാന്തരം, വിശ്വാസം, ഈ സംഭവത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം  അവയ്ക് രക്ഷിക്കുന്ന കൃപയുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് നമുക്ക് ഏതാനം സത്യങ്ങൾ പഠിക്കാം. അതിനുശേഷം 2 പ്രായോഗിക പാഠങ്ങളും കാണാം.  

I. വ്യാജമായ മാനസാന്തരത്തിന്റെ തെളിവുകൾ [39].

മാനസാന്തരപ്പെടാത്ത കള്ളന്റെ പ്രവൃത്തികൾ പരിശോധിക്കുമ്പോൾ വ്യാജമായ മാനസാന്തരത്തിന്റെ 2 സ്വഭാവ വിശേഷങ്ങൾ നാം കാണുന്നു.

1. ദൈവഭയമില്ല. തൂക്കിയ ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു” [ലൂക്കോസ് 23:39]. ഈ ഘട്ടത്തിൽപോലും അയാൾ ദൈവത്തെ ഭയപ്പെട്ടില്ല. അനേകരും അയാളെപ്പോലെയാണ്. സാഹചര്യങ്ങളിലൂടെ ദൈവം അവരെ എത്രമാത്രം എളിമപ്പെടുത്തിയാലും അവർ നീതിമാനായ ദൈവത്തെ ഭയപ്പെടുന്നില്ല. അതായത്, തങ്ങളുടെ പാപങ്ങളിൽ നിന്നും പിന്തിരിയുവാൻമാത്രം ദൈവത്തെ ഭയപ്പെടുന്നില്ല.                                                                                                                              

2. ഭൗമിക അനുഗ്രഹങ്ങളിൽ മാത്രം ശ്രദ്ധ വയ്കുന്നു. ലൂക്കോസ് 23:39-ലെ മാനസാന്തരപ്പെടാത്ത കള്ളൻ ഇപ്രകാരം തുടരുന്നു, “നിന്നെത്തന്നേയും ഞങ്ങളേയും രക്ഷിക്ക!” തന്റെ പാപങ്ങളിൽ നിന്നും വിടുതൽ നേടുന്നതിനെക്കുറിച്ച് അയാൾക്കു വിചാരമില്ല. നിലവിൽ അനുഭവിക്കുന്ന കഷ്ടതയിൽ നിന്നും വിടുതൽ ലഭിക്കുന്നതിൽ മാത്രമാണ് അയാളുടെ ശ്രദ്ധ. അനേകരും ഈ മനുഷ്യനെപ്പോലെയാണ്. ഭൗമികമായ ചില അനുഗ്രഹങ്ങൾക്കു വേണ്ടി മാത്രമാണ് ക്രിസ്തുവിങ്കലേയ്കു അവർ വരുന്നത്: പ്രശ്നങ്ങൾ പരിഹരിക്കുവാൻ; ബന്ധങ്ങൾ ശരിയാക്കുവാൻ; മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുവാൻ; മറ്റുള്ളവരാൽ സ്വീകരിക്കപ്പെടുവാൻ; ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ നേടുവാൻ. എന്നാൽ, ഇവയൊന്നും ക്രിസ്തുവിലേയ്കു വരുന്നതിന് ശരിയായ കാരണങ്ങളല്ല. 

 II. യഥാർഥ മാനസാന്തരത്തിന്റെ തെളിവുകൾ [40-42].

നേരേ മറിച്ച്, മാനസാന്തരപ്പെട്ട കുറ്റവാളിയുടെ പ്രവൃത്തികൾ യഥാർഥ മാനസാന്തരത്തിന്റെ തെളിവായ 3 സ്വഭാവ സവിശേഷതകൾ കാണിക്കുന്നു.

1. യഥാർഥ ദൈവഭയം [40]. “മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?…എന്നു പറഞ്ഞു” [ലൂക്കോസ് 23:40]. മത്തായി 27:44 , മർക്കോസ് 15:32 എന്നീ വേദഭാഗങ്ങൾ പറയുന്നപ്രകാരം, രണ്ട് കുറ്റവാളികളും ആദ്യം ക്രിസ്തുവിനെ നിന്ദിക്കുകയായിരുന്നു. എന്നാൽ, യേശുവിന്റെ വാക്കുകളും പ്രവൃത്തികളും നിരീക്ഷിച്ചപ്പോൾ ഒരു കുറ്റവാളിയുടെ ഹൃദയം മയപ്പെടുവാൻ തുടങ്ങി. “പിതാവേ ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ” [ലൂക്കോസ് 23:34] എന്ന് ശത്രുക്കൾക്കുവേണ്ടിയുള്ള  യേശുവിന്റെ പ്രാർഥന അവന്റെ ഹൃദയത്തിൽ പ്രവർത്തിക്കുവാൻ ആരംഭിച്ചു. ഇവയെല്ലാംകൂടെ ആരോഗ്യകരമായ ദൈവഭയത്തിലേയ്കു നയിച്ചു [സദൃശ്യവാക്യങ്ങൾ 1:7]. അത് അയാളെ തന്റെ പാപങ്ങളിൽ നിന്ന് പിന്തിരിയുവാൻ ഇടയാക്കി.

2. പാപം സമ്മതിക്കുക [41]. “നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു” [ലൂക്കോസ് 23:41]. മാനസാന്തരപ്പെടുന്ന കുറ്റവാളി തന്റെ പാപത്തിന്  മാതാപിതാക്കളെയോ സമൂഹത്തെയോ സാഹചര്യങ്ങളെയോ കുറ്റപ്പെടുത്തുന്നില്ല.  “നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു” എന്ന അയാളുടെ വാക്കുകളിൽ നിന്നും അയാൾ സ്വന്ത പാപത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കാണാം.

3. വിടുതലിനു വേണ്ടി ക്രിസ്തുവിൽ മാത്രം ആശ്രയിക്കുന്നു [42]. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു പറഞ്ഞു [ലൂക്കോസ് 23:42]. മാനസാന്തരം മാത്രം ഒരുവനെ രക്ഷിക്കുകയില്ല. യഥാർഥമായി മാനസാന്തരപ്പെടുന്നവർ അവരുടെ പാപങ്ങളിൽ നിന്ന് പിന്തിരിയുക മാത്രമല്ല, അവരുടെ സ്വന്ത പ്രയത്നങ്ങൾ രക്ഷ നേടിത്തരികയില്ല എന്നതും മനസ്സിലാക്കുന്നു. പാപങ്ങളുടെ മോചനത്തിനായി അവർ യേശുവിൽ മാത്രം ആശ്രയിക്കും [അപ്പോ പ്രവൃത്തികൾ 20:21]. അതുതന്നെയാണ് മാനസാന്തരപ്പെട്ട ഈ കുറ്റവാളി ചെയ്തത്.

കർത്താവിനോടുള്ള അവന്റെ അപേക്ഷയിൽ നിന്ന് ഉരുത്തിരിയുന്ന ഏതാനം സത്യങ്ങൾ ശ്രദ്ധിക്കുക.

a. ഉയിർത്തെഴുന്നേൽപ്പിലുള്ള വിശ്വാസം. യേശുവിനെ കുരിശിൽ കണ്ടിട്ടും, യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്നും തന്റെ രാജ്യം സ്ഥാപിക്കുവാൻ ഒരിക്കൽ തിരികെ വരുമെന്നും അവൻ പൂർണ്ണമായി വിശ്വസിച്ചു. നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്ന അവന്റെ വാക്കുകൾ ഈ സത്യം വ്യക്തമായി കാണിക്കുന്നു [ലൂക്കോസ് 23:42]. യഥാർഥമായ വിശ്വാസത്തിന്റെ ചിത്രം!

b. ഭാവിയിൽ നടക്കാൻ പോകുന്ന ന്യായവിധിയിലുള്ള വിശ്വാസം. ഭാവിയിൽ അവന്റെ പാപങ്ങളുടെ ന്യായവിധികർത്താവായി യേശുവിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് അവൻ അറിഞ്ഞിരുന്നു. അതുകൊണ്ടാണ്, നീ വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു പറഞ്ഞത്. 

c. രക്ഷയ്കായി സൽപ്രവൃത്തികളിൽ യാതൊരു ആശ്രയവുമില്ല.എന്റെ സൽപ്രവൃത്തിൾ ഓർക്കേണമേ” എന്നല്ല, എന്നെ ഓർത്തുകൊള്ളേണമേ” എന്നാണ് അവൻ പറഞ്ഞത്. രക്ഷയ്കായി സ്വന്ത സൽപ്രവൃത്തികളിൽ അവൻ അൽപം പോലും ആശ്രയിച്ചില്ല. പകരം, അവനെ രക്ഷിക്കുവാൻ യേശുവിൽ മാത്രം ആശ്രയിച്ചു.

d. ഭൗമികമായ വിടുതലിൽ ശ്രദ്ധ വച്ചില്ല. കുരിശിൽ നിന്നും രക്ഷിക്കുവാൻ അവൻ യേശുവിനോട് ആവശ്യപ്പെട്ടില്ല [മാനസാന്തരപ്പെടാത്ത കുറ്റവാളി ചെയ്തതുപോലെ]. ഇനി വരാനിരിക്കുന്ന ജീവിതത്തിൽ തന്നോട് കരുണ കാണിക്കണമേ എന്നു മാത്രമാണ് അവൻ ആവശ്യപ്പെട്ടത്. 

III. യഥാർഥ മാനസാന്തരത്തിന്റെയും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെയും ഫലം [43]. 

യഥാർഥ മാനസാന്തരവും ക്രിസ്തുവിലുള്ള വിശ്വാസവും സ്വാഭാവികമായി മുൻപോട്ടു നയിച്ച് ദൈവത്തിന്റെ ആശ്ചര്യകരമായ കൃപയുടെ സ്വീകരണത്തിലേയ്ക് എത്തിക്കും. ലൂക്കോസ് 23:43 ഇപ്രകാരം വായിക്കുന്നു, യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. ഭാവിയിൽ, അകലെ എന്നോ ഒരു നാൾ കരുണ ലഭിക്കുവാനാണ് മാനസാന്തരപ്പെട്ട കുറ്റവാളി അപേക്ഷിച്ചത്, എന്നാൽ, അവന് ഉടനടി കരുണ ലഭിച്ചു. അവന് ഏതെങ്കിലും സൽപ്രവൃത്തികൾ ചെയ്യുകയോ മരണശേഷം ശിക്ഷയനുഭവിക്കുകയോ ചെയ്യേണ്ടി വന്നില്ല. പകരം, അവന് ഉടനടി ക്ഷമ ലഭിച്ചു, ഇന്ന്” എന്ന വാക്ക് [ആക്ഷരികമായി ഇന്ന് ഈ ദിവസംതന്നെ] അത് വ്യക്തമായി സൂചിപ്പിക്കുന്നു. അത് യേശുവിൽ നിന്നുള്ള വ്യാജ വാഗ്ദാനം ആയിരുന്നില്ല കാരണം, ദൈവം ഭോഷ്ക് പറയുന്നില്ല [തീത്തോസ് 1:2]. അതേ, കർത്താവിന്റെ നാമത്ത വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” [റോമർ 10:13], അതും ഉടനടിതന്നെ!

2 പ്രായോഗിക പാഠങ്ങൾ.

1. ദൈവത്തിന്റെ ക്ഷമിക്കുന്ന കൃപ സ്വീകരിക്കുവാൻ ഒരിക്കലും സമയം വൈകിപ്പോയിട്ടില്ല.

ഈ സത്യത്തിന്റെ ഉത്തമ ഉദാഹരണമായി മാനസാന്തരപ്പെട്ട കുറ്റവാളി നിലകൊള്ളുന്നു. നിങ്ങൾ ഒരിക്കലും മാനസാന്തരപ്പെടുകയോ ക്രിസ്തുവിൽ ആശ്രയിക്കുകയോ ചെയ്തിട്ടില്ല എങ്കിൽ ഇനിയും അത് നീട്ടിവയ്കരുത്. “ക്ഷമിക്കപ്പെടാൻ സാധിക്കാത്തത്ര മോശക്കാരനാണ് ഞാൻ” എന്ന് നിങ്ങളിൽ ചിലർ പറഞ്ഞേക്കാം. അങ്ങനെയെങ്കിൽ, നിങ്ങൾ നിരാശപ്പെടരുത്. എല്ലാ പാപവും ക്ഷമിക്കുവാൻ യേശുവിന്റെ രക്തത്തിന് ശക്തിയുണ്ട്. നമ്മുടെ സകല പാപങ്ങളുടെയും ക്ഷമ സംബന്ധിച്ച് ദൈവത്തിന്റെ കരുതൽ കുരിശും അതിന്റെ ഫലമായുണ്ടായ ഉയിർത്തെഴുന്നേൽപ്പും ഉറപ്പാക്കുന്നു. ഇതു വായിക്കുന്ന മറ്റുള്ളവർ ഇപ്രകാരം ചിന്തിച്ചേക്കാം: “ഞാൻ അവസാന നിമിഷം വരെ കാത്തിരിക്കും. അതിനുശേഷം എന്റെ ജീവിതം ശരിയാക്കും.” അത്തരമൊരു ചിന്തയുടെ അപകടങ്ങൾ പലതാണ്: 

a. നിങ്ങളുടെ പാപങ്ങളെ ഉപേക്ഷിക്കുവാൻ ഇപ്പോൾ നിങ്ങൾ മനസ്സുവയ്കുന്നില്ല എങ്കിൽ, ഭാവിയിൽ അതു ചെയ്യുമെന്നതിന് എന്ത് ഉറപ്പാണുള്ളത്? സമയം പോകുന്തോറും ഹൃദയം കഠിനപ്പെടുകയാണ് ചെയ്യുന്നത്. 

b. എപ്പോൾ മരിക്കും എന്നത് നിങ്ങൾ അറിയുന്നില്ല. ഓർമ്മിക്കുക, കുരിശിന്മേൽ വച്ച് ഒരു കുറ്റവാളി തന്റെ പാപം ക്രിസ്തുവിന് വിട്ടുകൊടുത്ത് മരിച്ചു; മറ്റേ കുറ്റവാളി അവന്റെ പാപത്തിൽ കുരിശിന്മേൽ മരിച്ചു. വിവേകിയായ ഒരു ക്രിസ്ത്യാനി ഒരിക്കൽ ഇപ്രകാരം എഴുതി, “ആരും നിരാശപ്പെടാതിരിക്കേണ്ടതിന് നമുക്ക് മരണക്കിടക്കയിൽ നിന്നുള്ള മാനസാന്തരത്തിന്റെ ഒരു വിവരണം ലഭിച്ചിരിക്കുന്നു; അത്തരം ഒരു മാനസാന്തരം സംഭവിക്കുമെന്ന് സങ്കല്പിച്ച് ആരും ജീവിക്കാതിരിക്കേണ്ടതിന് ഒരേയൊരു വിവരണം മാത്രമേ നൽകപ്പെട്ടിട്ടുള്ളൂ.”  

2. ക്രിസ്ത്യാനിയായിത്തീരുന്നത് ഭൗമികമായ സുഖങ്ങൾ ഉറപ്പാക്കുന്നില്ല. എന്നാൽ, അത് ആശ്ചര്യകരമായ സ്വർഗ്ഗീയ ജീവിതം ഉറപ്പു നൽകുന്നു. 

യേശുവിൽ നിന്നും പാപക്ഷമ പ്രാപിച്ചുവെങ്കിലും മാനസാന്തരപ്പെട്ട കുറ്റവാളി കുരിശിന്റെ  വേദനയിൽ നിന്നും വിടുവിക്കപ്പെട്ടില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, യേശുവിലേയ്കു വന്നതിലൂടെ അവന്റെ ഭൗമികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും, അവന്റെ പ്രത്യാശ ഈ ജീവിതത്തിലല്ല, വരുവാനുള്ള ജീവിതത്തിലാണ് എന്നതിനാൽ അവൻ സന്തോഷത്തോടെ അവന്റെ അവസ്ഥയെ സ്വീകരിച്ചു. 

അതുപോലെ, ഓരോ ക്രിസ്ത്യാനിയുടെയും പ്രത്യാശ ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” [വെളിപ്പാടു 21:4] എന്നു പറഞ്ഞിരിക്കുന്ന വരാനിരിക്കുന്ന ജീവിതത്തിലായിരിക്കണം. “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു” ആനന്ദത്തോടെ കാത്തിരിക്കുന്നവരാകണം [2 പത്രൊസ് 3:13].

Category

Leave a Comment