സുവിശേഷീകരണത്തിൽ നേരിടുന്ന പൊതുവായ തടസ്സങ്ങൾ, അവയെ എങ്ങനെ മറികടക്കാം – ഭാഗം 2

Posted byMalayalam Editor August 15, 2023 Comments:0

(English Version: “Common Barriers To Evangelism & How To Overcome Them – Part 2”)

സുവിശേഷീകരണത്തിൽ നേരിടുന്ന പൊതുവായ തടസ്സങ്ങൾ‘ എന്ന വിഷയത്തിൽ തൊട്ടുമുൻപിലുള്ള പോസ്റ്റിന്റെ തുടർച്ചയായി സുവിശേഷീകരണത്തിൽ നേരിടുന്ന പൊതുവായ കൂടതൽ തടസ്സങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.

11. ഞാൻ വിശ്വസിക്കുന്നത് വിശ്വസിക്കുവാൻ ആരെയും നിർബന്ധിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

സത്യം പറയുന്നത് മനുഷ്യരെ നിർബന്ധിക്കുകയല്ല! ആരെയും വിശ്വസിക്കുവാൻ നിർബന്ധിക്കുവാൻ നമുക്ക് സാധിക്കുകയില്ല [അപ്രകാരം ചെയ്യരുത്]കർത്താവ് മാത്രമാണ് മനുഷ്യരുടെ ഹൃദയങ്ങളെ തുറക്കുന്നത്. 

നമുക്ക് ഒരു രോഗം വരികയും ആ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തുകയും ചെയ്താൽ, അതേ രോഗമുള്ള മറ്റുള്ളവരോട് പ്രസ്തുത ചികിത്സയെക്കുറിച്ചു പറയുവാൻ നാം തിടുക്കം കൂട്ടും. എന്തുകൊണ്ട്? കാരണം, നമുക്ക് അവരെക്കുറിച്ച് കരുതലുണ്ട്! അതുപോലെതന്നെ, എല്ലാ മനുഷ്യരും പാപത്താൽ മുറിവേറ്റിരിക്കുന്നു. മരണകരമായ ഈ രോഗത്തിന്റെ ഏക പ്രതിവിധി യേശുവാണ്. ഈ നല്ല വാർത്ത നാം അവരോട് പറയേണ്ടതല്ലേ? 

“എന്റെ വിശ്വാസം എനിക്ക്…ആരെങ്കിലും ചോദിച്ചാൽ ഞാൻ അവരോടു പറയും” എന്നിങ്ങനെയുള്ള പ്രസ്താവനകൾ സാംസ്കാരികമായി സ്വീകാര്യമായി തോന്നിയേക്കാമെങ്കിലും അവ ബൈബിൾപരമല്ല. ക്രിസ്ത്യാനികൾ വിശ്വാസം കാത്തുസൂക്ഷിക്കണംഎന്നാൽ അവർക്കു മാത്രമായി സൂക്ഷിക്കരുത്!  

2 കൊരിന്ത്യർ 5:20 “ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.”

ക്രിസ്തുവിനെ കൂടാതെയുള്ളവർ നിത്യത മുഴുവൻ യാതനയനുഭവിക്കും എന്ന് നാം യഥാർഥമായി വിശ്വസിക്കുന്നുണ്ട് എങ്കിൽ, അവർ ക്രിസ്തുവിലേയ്കു വരുവാൻ നാം അവരോട് അഭ്യർത്ഥിക്കും. 

12. എന്റെ സംസ്കാരത്തിലുള്ള ആളുകളോടു മാത്രമേ എനിക്ക് സാക്ഷീകരിക്കുവാൻ സാധിക്കുകയുള്ളൂ. 

നമ്മുടെ സംസ്കാരത്തിലുള്ളവരുടെ സ്വഭാവവും രീതികളും നമുക്ക് വളരെ എളുപ്പത്തിൽ നമുക്കു തിരിച്ചറിയുവാൻ സാധിച്ചേക്കാം. അതുകൊണ്ടുതന്നെ, സുവിശേഷവുമായി അവരുടെ അടുക്കൽ എത്തുക എളുപ്പമാണ്. എന്നാൽ, നാം നമ്മുടെ സുവിശേഷീകരണം ഒരു പ്രത്യേക സംസ്കാരത്തിൽ പരിമിതപ്പെടുത്തരുത്. സുവിശേഷം സർവ്വസൃഷ്ടിയോടും പറയുക എന്നതാണ് കല്പന! എല്ലാവർക്കും ക്രിസ്തുവിനെ ആവശ്യമാണ്.  

ലൂക്കോസ് 24:47 “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽതുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.”

വ്യത്യസ്ത സംസ്കാരത്തിലുള്ള മനുഷ്യരെ നമ്മുടെ വഴികളിൽ ആക്കിയിരിക്കുന്നതിന് ദൈവത്തിന് ഉദ്ദേശ്യമുണ്ട്അത് യാദൃശ്ചയാ സംഭവിച്ചതല്ല. അവരുടെ സംസ്കാരം ഏതായാലും നാം അവരോട് സത്യം പറയുവാൻ ദൈവം ആഗ്രഹിക്കുന്നു [ഉദാ. എത്യോപ്യക്കാരനായ ഷണ്ഡനോട് ഫിലിപ്പോസ് പറഞ്ഞതുപോലെ അപ്പോ. Acts 8:26-39] 

13. എനിക്ക് വളരെ ഗംഭീരമായ സാക്ഷ്യമൊന്നും പറയാനില്ല. 

പൗലോസിന്റെ “ദമസ്കോസിലേയ്കുള്ള വഴിയിലെ അനുഭവം” പോലെയുള്ള ഒരു സാക്ഷ്യമല്ല തങ്ങളുടേത് എന്ന കാരണത്താൽ, മറ്റുള്ളവർക്ക് അതിൽ മതിപ്പ് തോന്നുകയില്ല എന്ന് അനേകരും കരുതുന്നു. അത് തെറ്റായ ചിന്താഗതിയാണ്. ഇവിടെ പ്രാധാന്യം കൊടുക്കുന്നത് സ്വയത്തിലാണ്, ക്രിസ്തുവിലല്ല. നാം കൈമാറേണ്ട സന്ദേശം, “ഞാൻ പാപത്തിൽ മരിച്ചവനായിരുന്നു—എന്നാൽ, ഇപ്പോൾ ക്രിസ്തുവിലൂടെ പാപക്ഷമ അനുഭവിക്കുന്നു എന്നതാണ്.” പരിശുദ്ധാത്മാവ് മനുഷ്യരെ രക്ഷിക്കുവാൻ വ്യത്യസ്ത വിധത്തിൽ പ്രവർത്തിക്കുന്നു.   

യോഹന്നാൻ 3:8 “കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.”

14. മനുഷ്യരുടെ രക്ഷ ദൈവം മുൻനിർണ്ണയിച്ചിരിക്കുന്നുവെങ്കിൽ സുവിശേഷീകരണം നടത്തുവാൻ എന്തിന് ക്ലേശിക്കണം? 

അവസാനം നിശ്ചയിക്കുക മാത്രമല്ല, അവസാനത്തിലേയ്കുള്ള മാർഗ്ഗവും ദൈവം നിശ്ചയിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദൈവം രക്ഷയ്കായി മനുഷ്യരെ തെരഞ്ഞെടുത്തിരിക്കുന്നുവെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ടവർ രക്ഷിക്കപ്പെടേണ്ടതുണ്ട്. അവർ സുവിശേഷം കേൾക്കുകയും അതിനോടു പ്രതികരിക്കുകയും ചെയ്യുമ്പോൾ അവരുടെ രക്ഷ സംഭവിക്കുന്നു. അവർ സുവിശേഷം കേൾക്കുകയും അതിനോട് ഒരുപക്ഷെ പ്രതികരിക്കുകയും ചെയ്യുന്നതിനുള്ള ഉപാധി നമ്മളാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദൈവം തന്റെ ജനത്തെ രക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഉപാധിയാണ് സുവിശേഷീകരണം.   

അപ്പോ. പ്രവൃത്തികൾ 13:48 “ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.”

അപ്പോ. പ്രവൃത്തികൾ 16:14 “തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലോസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.”

2 തിമൊഥെയൊസ് 2:10 “അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു.”

തെരഞ്ഞെടുപ്പ്, മുൻനിർണ്ണയം എന്നീ ബൈബിൾ സത്യങ്ങളുടെ ശരിയായ ധാരണ ക്രിസ്ത്യാനികളെ സുവിശേഷീകരണത്തിൽ നിന്നും മാറി നിൽക്കുന്നതിനു പകരം സുവിശേഷീകരണത്തിൽ വലിയ തീക്ഷ്ണത ഉള്ളവരാക്കിത്തീർക്കണം! 

15. മനുഷ്യരോട് സുവിശേഷം പറഞ്ഞുതുടങ്ങുന്നതിനു മുൻപ് എനിക്ക് അവരുമായി ഗാഢമായ സുഹൃത്ബന്ധം ഉണ്ടാക്കേണ്ടതുണ്ട്. 

സുഹൃത്ബന്ധത്തിലൂടെയുള്ള സുവിശേഷീകരണത്തിന് പല മേന്മകളുമുണ്ട് എങ്കിലും ഈ സമീപനത്തിൽ നേരിടുന്ന ഒരു അപകടമുണ്ട്: പലപ്പോഴും, സുവിശേഷീകരണം ഒട്ടുമേ നടക്കാത്ത ഒരു സുഹൃദ്ബന്ധം മാത്രമായി അത് നിലനിൽക്കുന്നു. സുവിശേഷം പറയാതെ എത്ര നാൾ ബന്ധം നീണ്ടുപോകുന്നുവോ അത്രയും കഠിനമായിരിക്കും പിന്നീട് ക്രിസ്തുവിനെക്കുറിച്ച് പറയുവാൻ വായ് തുറക്കുക എന്നത്. 

16. സുവിശേഷം അവതരിപ്പിക്കുമ്പോഴൊക്കെയും, അത് ഹൃസ്വവും ഇമ്പകരവുമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 

മറ്റൊരു തരത്തിൽ പറഞ്ഞാൽ, “ഞാൻ മറ്റൊരാളെ അസഹ്യപ്പെടുത്തുന്നു” എന്നതിനേക്കാൾ  “ഞാൻ തീർച്ചയായും ചെയ്യേണ്ട” ഒന്നായി സുവിശേഷീകരണം കാണപ്പെടുന്നു. ഉവ്വ്, സുവിശേഷീകരണം ഒരു കല്പനയാണ് എന്ന തിരിച്ചറിവ് അവിടെയുണ്ട്. എങ്കിലും, അത് അസ്വസ്ഥതയുളവാക്കുന്നതിനാൽ, മനസാക്ഷിയെ സാന്ത്വനപ്പെടുത്തുവാൻ പ്രസ്തുത പ്രക്രിയ വേഗത്തിൽ ചെയ്യുന്നു. വളരെ വേഗത്തിൽ സുവിശേഷം അവതരിപ്പിക്കുകയും അവിശ്വാസിയിൽ നിന്നും അനിഷ്ടത്തിന്റെയോ എതിർപ്പിന്റെയോ ആദ്യ സൂചന ലഭിക്കുന്നിടത്ത് അവസാനിപ്പിക്കുകയും ചെയ്യവാനാണ് പ്രവണത. “ഓ, അതു കഴിഞ്ഞത് നന്നായി. ഏതായാലും, ഞാൻ എന്റെ ജോലി ചെയ്തു!” എന്നതാണ് ചിന്ത. 

അവിശ്വാസിയെ അസഹ്യപ്പെടുത്തുവാൻ നമുക്കു സാധ്യമല്ല, അപ്രകാരം ചെയ്യരുത്. എന്നിരുന്നാൽത്തന്നെ, “ഓട്ടത്തിനിടയിൽ ഒരു  കാര്യം ചെയ്യുന്നതുപോലെയുള്ള” സമീപനം സുവിശേഷീകരണത്തോട് നാം സ്വീകരിക്കരുത്. പരിശുദ്ധാത്മാവ് ഒരു അവിശ്വാസിയുടെ ഹൃദയത്തിൽ പ്രവർത്തിക്കുവാൻ നാം അനുവദിക്കണം. സുവിശേഷം അവതരിപ്പിക്കുന്ന പ്രക്രിയയിൽ ഏതാനം മിനിറ്റുകൾ നിശബ്ദമായിരിക്കുന്നത് ഒരുപക്ഷെ, അരോചകമായി തോന്നാം എന്നാൽ, അത് വളരെ ഫലപ്രദമായേക്കാം! സുവിശേഷീകരണത്തെ ഒരു “0ജോലി” യായി കാണരുത്. തങ്ങളുടെ കർത്താവിനെക്കുറിച്ച് സംസാരിക്കുന്നത് ക്രിസ്ത്യാനികൾക്ക് ആനന്ദമായിരിക്കണം!  

17. ഞാൻ വിശ്വസ്തതയോടെ എന്റെ വീട്ടിലെയും ജോലിസ്ഥലത്തേയും ചുമതലകൾ ചെയ്യുന്നിടത്തോളം ഞാൻ എന്റെ ക്രിസ്തീയ ഉത്തരവാദിത്വം പൂർത്തിയാക്കുകയാണ്. 

ശരിയാണ്, ഒരുവന്റെ ഭവനത്തിലും [നല്ല ഭർത്താവ്, ഭാര്യ, മാതാപിതാക്കൾ എന്നിങ്ങനെ] ജോലിസ്ഥലത്തും [നല്ല തൊഴിലാളി, തൊഴിലുടമ എന്നിങ്ങനെ] ഉത്തമ മാതൃകകളായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും, സുവിശേഷീകരണത്തിലെ പരാജയത്തിന് അത് ഒഴികഴിവായി പറയരുത്. ചില മേഖലകളിൽ അനുസരിക്കുകയും മറ്റു ചില മേഖലകളിൽ അനുസരിക്കാതിരിക്കുകയും ചെയ്തുകൊണ്ട് നമുക്ക്  ക്രിസ്തീയ ജീവിതത്തെ പരിമിതപ്പെടുത്തുക സാധ്യമല്ല.  

18. എന്റെ ജോലിയും കുടുംബവുമായി ഞാൻ വളരെ തിരക്കിലാണ്. എനിക്ക് ക്രിസ്തുവിനെ സാക്ഷിക്കുവാൻ സമയമില്ല. 

ക്രിസ്തുവിനെ സാക്ഷിക്കുവാൻ നമുക്കു സമയമില്ല എങ്കിൽ—നാം തീർച്ചയായും വളരെ തിരക്കിലാണ്! ആരാണ് നമുക്കു ജോലി നൽകിയത്? ആരാണ് നമുക്ക് കുടുംബം നൽകിയത്? ആരാണ് നമുക്ക് വിശ്രമവിനോദ ഉപാധികൾ നൽകിയത്? അനുഗ്രഹങ്ങളെ അനുഗ്രഹദാതാവിനേക്കാൾ വലുതായി നമുക്കു കാണുവാൻ കഴിയുമോ? നാം ഇഷ്ടപ്പെടുകയും ചെയ്യുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ചെയ്യുവാൻ നമുക്കെല്ലാവർക്കും സമയമുണ്ട്.  

തിരക്കല്ല ഇവിടെ പ്രശ്നം—മറിച്ച്, അനുചിത മുൻഗണനകളാണ്. ക്രിസ്തുവിനു വേണ്ടി ജീവിക്കുകയാണ് നമ്മുടെ കർത്തവ്യം. ക്രിസ്തുവിനെ സാക്ഷിക്കുന്നതിൽ വിശ്വസ്തരായവർ, സാധാരണഗതിയിൽ, കുടുംബത്തിലും ജോലിസ്ഥലത്തും വിശ്വസ്തരായിരിക്കുന്നു. 

19. ബൈബിൾ സത്യങ്ങൾ ക്രിസ്ത്യാനികളുടെ ഇടയിൽ പങ്കുവയ്കുന്നതാണ് എനിക്കു സുഖകരം—എന്നാൽ, അക്രൈസ്തവരുടെ ഇടയിൽ പങ്കുവയ്കുന്നത് വിഷമകരമാണ്. 

സ്വർഗ്ഗത്തിൽ നാം തമ്മിൽ വളരെയധികം കൂട്ടായ്മ പങ്കുവയ്കും. എങ്കിലും, ഈ ഭൂമിയിലായിരിക്കുമ്പോൾ സുവിശേഷീകരണം എന്ന ദൗത്യം നമുക്കുണ്ട്. അതേ, സഹക്രിസ്ത്യാനികളുമായി ബൈബിൾ സത്യങ്ങൾ സുഖകരമായും ആനന്ദകരമായും ചർച്ച ചെയ്യുന്നത് എളുപ്പമാണ്. ഒരേ തൂവൽ പക്ഷികൾ ഒരുമിച്ചിരിക്കുവാനുള്ള പ്രവണത!  മറ്റു ക്രിസ്ത്യാനികളുമായുള്ള കൂട്ടായ്മ സുപ്രധാനവും കല്പിക്കപ്പെട്ടതുമാണ് [എബ്രായർ 10:24,25]. എങ്കിൽക്കൂടി, നാം നമ്മുടെ ആശ്വാസയിടങ്ങളിൽ നിന്നും പുറത്തുവന്ന് പുറം ലോകത്തോട് ക്രിസ്തുവിനെ പങ്കുവ്യക്കണം—അതും ഒരു കല്പനയാണ് [അപ്പോ. പ്രവൃത്തി 1:8]!

20. ഞാൻ മറ്റൊരു സ്ഥലത്തേയ്കു പോയി ഒരു മിഷനറിയായി സുവിശേഷം പങ്കുവയ്കും. 

കർത്താവ് വിളിക്കുന്ന മറ്റൊരു സ്ഥലത്തേയ്ക് പോകുവാൻ മനസ്സുണ്ടാകുക മനോഹരമായ കാര്യമാണ്. എങ്കിലും, നിലവിൽ ആയിരിക്കുന്ന സ്ഥലത്ത് ക്രിസ്തുവിനെ സാക്ഷിക്കുവാൻ വായ് തുറക്കുന്നില്ല എങ്കിൽ, മറ്റൊരു സ്ഥലത്ത് വായ് തുറക്കുമെന്നതിന് എന്ത് ഉറപ്പാണുള്ളത്? 

കൂടാതെ, നാം ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് ക്രിസ്തുവിനെ സാക്ഷിക്കുവാൻ നാം കല്പിക്കപ്പെട്ടിരിക്കുന്നു. അപ്രകാരം ചെയ്തുവെങ്കിൽ മാത്രമേ മറ്റൊരു സ്ഥലത്ത് നാം വിശ്വസ്തരായിരിക്കും എന്ന ഉറപ്പ് ലഭിക്കുകയുള്ളൂ. നമ്മുടെ അനുസരണക്കേടിനെ മറ്റൊരു സ്ഥലത്തേയ്ക് എന്തിന് കൊണ്ടുപോകണം? 

21. ഞാൻ പാപത്തിൽ ജീവിക്കുകയാണ്. എനിക്ക് ക്രിസ്തുവിനെ സാക്ഷിക്കുവാൻ എങ്ങനെയാണ് സാധിക്കുക? 

ഒരുവന്റെ ജീവിതത്തിലെ പാപം അംഗീകരിക്കുകയും ആ പാപം ചെയ്തുകൊണ്ട് ക്രിസ്തുവിനെ സാക്ഷിക്കുമ്പോൾ താൻ കാപട്യമുള്ളവനാണ് എന്ന് തോന്നുകയും ചെയ്യുന്നത് നല്ലതാണ്. എന്നിരുന്നാൽത്തന്നെ, ആ പാപത്തിന്റെ അവസ്ഥയിൽ തുടരുന്നത് നല്ലതല്ല. ഹാനികരമായ പാപം ഉപേക്ഷിച്ച് സുവിശേഷീകരണം എന്ന ജോലിയുമായി നാം മുമ്പോട്ടു പോകണം. ശരിയാണ്, ഈ ജഡത്തിൽ ജീവിക്കുന്നിടത്തോളം നാം പൂർണ്ണരാകുകയില്ല. എന്നാൽ, അത് പാപത്തിൽ ജീവിക്കുന്നതിനും സുവിശേഷീകരണത്തിൽ നിന്നും വിട്ടു നിൽക്കുന്നതിനും ഒഴികഴിവല്ല.   

ഈ പട്ടിക വളരെ വിപുലമാണ് എന്ന് കാണുവാൻ സാധിക്കും. എങ്കിലും, പ്രധാനപ്പെട്ട ആശയമിതാണ്: സുവിശേഷീരകണം നടത്താതിരിക്കുന്നതിന്റെ കാരണം എന്തായാലും, ക്രിസ്തുവിനെ സാക്ഷിക്കുവാൻ പരാജയപ്പെടുന്നു എങ്കിൽ അത് പാപം തന്നെയാണ്! ഈ സത്യം ഗ്രഹിക്കാത്തിടത്തോളം, നാം സുവിശേഷീകരണം നടത്തുകയില്ല എന്നു മാത്രമല്ല, സുവിശേഷീകരണത്തിനു വേണ്ടി പ്രാർഥിക്കുക പോലുമില്ല!

അതുകൊണ്ട്, ഈ സത്യങ്ങൾ ധ്യാനിക്കുവാനും ആവശ്യമായിടത്ത് നമ്മുടെ പരാജയങ്ങൾ ദൈവത്തോടു സമ്മതിക്കുകയും അവയെ മറികടക്കുവാൻ സഹായം അപേക്ഷിക്കുകയും ചെയ്യുവാൻ ഏതാനം മിനിറ്റുകൾ നമുക്ക് ചിലവഴിക്കാം. അപ്പോൾ മാത്രമാണ്, വിശ്വസ്തതയോടെ സാക്ഷീകരിക്കുവാനുള്ള കല്പന പൂർത്തീകരിക്കുവാൻ ദൈവത്തിന്റെ സഹായം നമുക്കു പ്രതീക്ഷിക്കുവാൻ സാധിക്കുന്നത്. 

വിശ്വസ്തതയോടെ വിത്ത് വിതയ്കുകയും എന്നാൽ വേണ്ടത്ര ഫലം കാണാതിരിക്കുകയും ചെയ്യുമ്പോൾ, ഒരുപക്ഷെ, “The Gospel and Personal Evangelism” എന്ന തന്റെ പുസ്തകത്തിൽ സുവിശേഷീകരണത്തെക്കുറിച്ചുള്ള മാർക് ഡെവറിന്റെ വാക്കുകൾ നമുക്ക് ആശ്വാസമായിത്തീരും: 

സുവിശേഷീകരണത്തിനുള്ള ക്രിസ്ത്യാനിയുടെ വിളി തീരുമാനങ്ങൾ എടുക്കുവാൻ മനുഷ്യരെ നിർബന്ധിക്കുന്നതിനുള്ള വെറുമൊരു വിളിയല്ല മറിച്ച്, അവരെ മാനസാന്തരത്തിലേയ്ക് വിളിക്കുന്നതിനും അവരുടെ പുതുജനനവും മാനസാന്തരവും സംബന്ധിച്ച് ദൈവത്തിന് മഹത്വം കൊടുക്കുന്നതിനും വേണ്ടി അവരോട് ക്രിസ്തുവിലുള്ള രക്ഷയെ പ്രസംഗിക്കുന്നതാണ്. നാം വിശ്വസ്തരായി സുവിശേഷം പറഞ്ഞാൽ, അതിനെത്തുടർന്ന് ആ വ്യക്തി രൂപാന്തരപ്പെട്ടില്ലെങ്കിലും നാം നമ്മുടെ സുവിശേഷീകരണത്തിൽ പരാജയപ്പെടുന്നില്ല; വിശ്വസ്തമായി സുവിശേഷം പറയാതിരുന്നാൽ മാത്രമാണ് നാം പരാജയപ്പെടുന്നത്. 

Category

Leave a Comment