ദൈവഭക്തനായ പിതാവിന്റെ വാങ്മയചിത്രം—ഭാഗം 2

Posted byMalayalam Editor September 12, 2023 Comments:0

(English version: Portrait Of A Godly Father – Part 2 – What To Do!)

എഫേസ്യർ 6: 4—ന്റെ ആദ്യഭാഗത്ത് പൗലോസ് പറയുന്നപ്രകാരം, പിതാക്കന്മാർ എന്ത് ചെയ്യരുത് എന്നത് കഴിഞ്ഞ പോസ്റ്റിൽ നാം കണ്ടു.പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ.” ഈ പോസ്റ്റിൽ, അതേ വാക്യത്തിന്റെ രണ്ടം ഭാഗം,  “കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ” എന്നത് നാം കാണുന്നതാണ്. 

പിതാക്കന്മാർ—എന്താണ് ചെയ്യേണ്ടത് [ക്രിയാത്മകം] 

മക്കൾക്ക് കയ്പും കോപവും നിരാശയും ഉണ്ടാക്കുന്നതിനു പകരം ക്രിയാത്മകമായി പ്രവർത്തിക്കുവാൻ പൗലോസ് പിതാക്കന്മാരെ ആഹ്വാനം ചെയ്യുന്നു, “പോറ്റി വളർത്തുവിൻ.” അവരെ പക്വതയിലേയ്കു വളർത്തുവാൻ ആഹാരം അഥവാ പോഷണം നൽകുക എന്ന ആശയമുള്ള ഒരു പദത്തിൽ നിന്നാണ് ഈ പ്രയോഗം വന്നിരിക്കുന്നത്. അതാണ് പിതാക്കന്മാരുടെ ഉത്തരവാദിത്ത്വം.

രസകരമെന്നു പറയട്ടെ, ഈ പദം കാണപ്പെടുന്ന മറ്റൊരു വേദഭാഗത്ത്, എഫേസ്യർ 5:29—ൽ പരിഭാഷ ചെയ്തിരിക്കുന്നത് “പോറ്റി പുലർത്തുക” എന്നാണ്. ക്രിസ്തു സഭയെ പോറ്റു പുലർത്തുകയും കരുതുകയും പോഷിപ്പിക്കുകയും ചെയ്യുന്നതുപോലെ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ പോറ്റി പുലർത്തണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മക്കൾക്കു ചെയ്യുന്നതുപോലതന്നെ, ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാർക്ക് അധ്യാപകരും പരിശീലകരും പോഷണം നൽകുന്നവരും  അവരെ പക്വതയിലേയ്ക് വളർത്തുന്നവരും ആയിരിക്കണം. 

ദുഃഖകരമെന്നു പറയട്ടെ, അനേക പുരുഷന്മാരും തങ്ങളുടെ മക്കൾക്ക് “ഒന്നാംതരം പിതാവ്” ആകുവാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഭർത്താവ് എന്ന നിലയിൽ അവർ ദയനീയമായി പരാജയപ്പെടുന്നു. അവർ തങ്ങളുടെ ഭാര്യമാരോട് കയ്പോടെ പ്രൗർത്തിക്കുന്നു, ലൈംഗിക ഉപകരണങ്ങൾ, പാചകക്കാർ, പണം സമ്പാദിക്കുന്ന യന്ത്രങ്ങൾ, തങ്ങളുടെ വിത്ത് വഹിക്കുന്ന പാത്രങ്ങൾ എന്നീ നിലകളിൽ അവരെ ഉപയോഗിക്കുന്നു. എന്നിട്ടും, ഉത്കൃഷ്ഠരായ പിതാക്കന്മാരാകുവാൻ അവർ ആഗ്രഹിക്കുന്നു. ഭർത്താവെന്ന നിലയിൽ ഒരുവൻ പരാജയപ്പെട്ടാൽ പിതാവെന്ന നിലയിലും അയാൾ പരാജയപ്പെടുവാനാണ് കൂടുതൽ സാധ്യത. 

അതുകൊണ്ട്, മക്കളെ പക്വതയിലേയ്കു വളർത്തുവാൻ പിതാക്കന്മാരോട് പൗലോസ് കല്പിക്കുന്നു. എങ്ങനെ? രണ്ട് തരത്തിൽ: “കർത്താവിന്റെ” ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും. “ബാലശിക്ഷ” എന്ന പദത്തിന് ശിക്ഷണം ഉൾപ്പെടയുള്ള ചിട്ടയായ പരിശീലനം എന്ന ആശയമുണ്ട്. ദൈവം നമുക്കു പരിശീലനവും ശിക്ഷണവും നൽകുന്ന സന്ദർഭം സൂചിപ്പിക്കുവാൻ എബ്രായർ 12:5–ൽ പലതവണ ഈ പദം ഉപയോഗിച്ചിരിക്കുന്നു.  “പത്ഥ്യോപദേശം” എന്ന പദത്തിന് മുന്നറിയിപ്പ്, താക്കീത്അപകടത്തിൽ നിന്നും മാറിനിൽക്കുവാൻ മനസ്സിൽ അവബോധം നൽകുക–എന്ന ആശയമുണ്ട്. 1 കൊരിന്ത്യർ 10:11 , തീത്തോസ് 3:10 എന്നീ ഭാഗങ്ങളിൽ മുന്നറിയിപ്പ് എന്ന സന്ദർഭത്തിലും ഈ പദപ്രയോഗം കാണുന്നു.  “കർത്താവിന്റെ” എന്ന പ്രയോഗത്തിന്, പിതാക്കന്മാർ തങ്ങളുടെ മക്കൾ ദൈവത്തിന് മഹത്വം നൽകേണ്ടതിന്,  കർത്താവിന്റെ പ്രതിനിധികളായി പരിശീലനവും ഉപദേശവും നൽകിക്കൊണ്ട് പ്രവർത്തിക്കുക എന്ന ആശയമുണ്ട്.  

ഈ പരിശീലനം അഥവാ കർത്താവിന്റെ ശിക്ഷണവും പത്ഥ്യോപദേശവും  യാഥാർഥ്യമാക്കുന്നത് 4 വിധത്തിലാണ്: a. പഠിപ്പിക്കുക, b. ശിക്ഷണം നടത്തുക, c. സ്നേഹിക്കുക, d. ഉത്തമ മാതൃകയായിരിക്കുക എന്നിങ്ങനെ. ഇവയിലോരോന്നും ചുരുക്കമായി നമുക്ക് കാണാം. 

1. പഠിപ്പിക്കൽ അഥവാ അധ്യാപനം

പിതാക്കന്മാർ ഉപദേഷ്ടാക്കന്മാർ ആകേണ്ടതിന്റെ ആവശ്യകത ലോകവും മനസ്സിലാക്കുന്നുണ്ട്. ചൈനീസ് തത്വചിന്തകനായിരുന്ന കൺഫ്യൂഷ്യസ് ഇപ്രകാരം പറഞ്ഞു, “മകന് അവന്റെ കടമകൾ പഠിപ്പിക്കാത്ത പിതാവ് അവ ചെയ്യാതിരിക്കുന്ന മകനെപ്പോലെതന്നെ കുറ്റക്കാരനാണ്.” എന്നാൽ, ക്രൈസ്തവനായ ഒരു പിതാവ് എന്താണ് പഠിപ്പിക്കേണ്ടത്? ഒന്നാമത്തേതും ഏറ്റവും പ്രാധാന്യമുള്ളതും ബൈബിൾ സത്യങ്ങളാണ്. 

2 തിമൊഥെയൊസ് 3:16-17 “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു. 17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”

എല്ലാ അധ്യാപനത്തിന്റെയും അടിസ്ഥാനമായി ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുക എന്ന ആശയം ആവർത്തനപുസ്തകത്തിൽത്തന്നെ കാണാവുന്നതാണ്.  ആവർത്തനം 6:6-7 “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”

കുട്ടികളുടെ പ്രാഥമിക അധ്യാപകർ പിതാക്കന്മാരാണ് [മാതാക്കന്മാരും], അല്ലാതെ സഭയല്ല, സ്കൂൾ അല്ല, വല്യപ്പനും വല്യമ്മയുമല്ല. പിന്നെയോ, മാതാപിതാക്കളാണ്! വിളി വ്യക്തമാണ്. എന്നാൽ, വാക്യം 6-ൽ മാതാപിതാക്കളോട് മോശെ പറയുന്നത് ശ്രദ്ധിക്കുക: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.” നിങ്ങൾക്ക് ഇല്ലാത്ത ഒന്ന് നിങ്ങൾക്കു കൊടുക്കുവാൻ സാധിക്കുകയില്ല! അതുകൊണ്ട്, മാതാപിതാക്കൾ തിരുവെഴുത്തുകളെ പ്രാധാന്യത്തോടെ പഠിക്കുന്നവരാകണം.  

മാതാപിതാക്കളെ, നിങ്ങൾ തിരുവെഴുത്തുകളിൽ സമയം ചെലവഴിക്കുന്നുണ്ടോ? ഉത്തരം ‘ഉവ്വ്’ എന്നാണെന്നു ഞാൻ പ്രതീക്ഷിക്കട്ടെ. അപ്പോൾ മാത്രമാണ് നമ്മുടെ കുട്ടികളെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുവാൻ സാധിക്കുന്നത്.  വാക്യം 7-ൽ കാണുന്ന “ഉപദേശിച്ചുകൊടുക്കുക” എന്ന പദത്തിന് ‘കല്ലിന്മേൽ ഉളി കൊണ്ട് കൊത്തിയെടുക്കുക’ എന്ന ആശയമുണ്ട്. അത് കഠിനമായ ജോലിയാണ്. എന്നാൽ, അതാണ് നിങ്ങളുടെ വിളി. മക്കളുടെ ഹൃദയത്തിൽ ബൈബിൾ ഉപദേശങ്ങൾ സ്ഥിരമായി വസിക്കേണ്ടതിന്, ഈ വാക്യത്തിൽ കാണുന്നതുപോലെ നാം എല്ലാ സമയത്തും (“വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും”) അവ നൽകേണ്ടതാന്. ഇതിനർഥം നാം എല്ലായ്പോഴും ബൈബിൾ ഉദ്ധരിക്കണം എന്നല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തീരുമാനമെടുക്കുമ്പോൾ ബൈബിൾ സത്യങ്ങൾ സ്വാധീനിക്കുന്നതെങ്ങനെ എന്ന് കാണുവാൻ നാം മക്കളെ സഹായിക്കേണ്ടതുണ്ട് എന്നാണ് ഇതിനർഥം.   

ബൈബിൾ സ്പഷ്ടമായി പഠിപ്പിക്കുന്നതിന് എല്ലാ ദിവസവും വേർതിരിക്കപ്പെട്ട സമയം ഉണ്ടായിരിക്കണംകുടുംബത്തോടൊപ്പം പതിവായി ചിട്ടയോടുകൂടിയ ബൈബിൾ വായനയും പ്രാർഥനയും.  ബൈബിളിന്റെ ഉപദേശങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലയിലും പ്രായോഗികമാക്കുന്നതിന് പഠിപ്പിക്കുന്ന സമയമായിരിക്കണം അത്തരം സമയങ്ങൾ. അതാണ് ഇവിടെ നൽകപ്പെട്ടിരിക്കുന്ന ആശയം. ദൈവത്തെ ഭയപ്പെടുവാനും അവന്റെ കല്പനകൾ അനുസരിക്കുവാനും പാപത്തിന്റെ അപകടങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പു നൽകുവാനും പാപം സംബന്ധിച്ച് ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചും ക്രൂശിനെക്കുറിച്ചും മാനസാന്തരത്തെക്കുറിച്ചും പാപക്ഷമയെക്കുറിച്ചും അവരെ പഠിപ്പിക്കേണ്ട ആവശ്യമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പ്രധാന ഉദ്ദേശ്യം അവരുടെ രക്ഷയാണ്.   

2 തിമൊഥെയൊസ് 3:14 “നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു.”

അമ്മ യുനിസും വല്യമ്മ ലോയിസും തിമോഥെയോസിനെ ബാല്യം മുതൽ തിരുവെഴുത്തുകൾ പഠിപ്പിക്കുകയും അത് ഒടുവിൽ അദ്ദേഹത്തെ രക്ഷയിലേയ്കു നയിക്കുകയും ചെയ്തു. അതിന് ഉപയോഗിച്ച ഉപാധികൾ യേശുക്രിസ്തുവിലേയ്ക് വിരൽ ചൂണ്ടുന്ന തിരുവെഴുത്തുകൾ ആയിരുന്നു. ഈ വിഷയം സംബന്ധിച്ച് ഉദ്ധരിക്കുവാൻ ജോൺ പൈപ്പറിന്റെ വാക്കുകൾ ഉത്തമമായ ഒന്നാണ്: 

“മാതാപിതാക്കളേ, വിജയകരമായ മക്കളെ വളർത്തലിൽ അച്ചടക്കമുള്ള കുട്ടികൾ എന്നതിൽ അപ്പുറം ഒന്നുണ്ട്. സുവിശേഷത്താൽ കുതിർക്കപ്പെട്ട ജീവിതവും ഉപദേശവുമാണത്. എപ്രകാരമാണ് ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടത്, നമ്മുടെ നീതീകരണത്തിനു വേണ്ടി ഉയിർക്കപ്പെട്ടത്, പിതാവിന്റെ സ്നേഹം കാണിച്ചു തരുന്നത്, അനുദിനവും ആത്മാവിന്റെ സഹായം ഉറപ്പാക്കുന്നത് എന്നിവ കുട്ടികളെ കാണിച്ചു കൊടുക്കുക. സുവിശേഷമെന്നത് ക്രിസ്തീയ ജീവിതത്തിന് ആരംഭം കുറിക്കുന്ന ഒന്നു മാത്രമല്ല മറിച്ച്, ക്രിസ്തീയ ജീവിതത്തെ ശക്തിപ്പെടുത്തുകയും രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്ന ഒന്നാണ് എന്ന് അവരെ കാണിച്ചു കൊടുക്കുക. ക്രിസ്തു അവരുടെ ഹൃദയങ്ങൾ തുറന്ന് അവയിലേയ്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ നിധി ആയിത്തീരുകയും ചെയ്യുന്നതുവരെ പ്രാർഥിക്കുകയും അവരെ സ്നേഹിക്കുകയും പഠിപ്പിക്കുകയും ചെയ്യുക.” [‘നിങ്ങളുടെ യൗവനം ആരും തുച്ഛീകരിക്കരുത്’ എന്ന പ്രസംഗത്തിൽ നിന്നും (Let No One Despise Your Youth sermon)]

അതുകൊണ്ട്, നാം ബൈബിൾ സത്യങ്ങൾ പഠിപ്പിക്കേണ്ട ആവശ്യമുണ്ട്. അവർ മനസ്സിലാക്കുന്നതിനു വേണ്ടി കാലത്തിനു യോജിച്ച ഒരു പരിഭാഷയുള്ള ബൈബിൾ നാം അവർക്കു നൽകണം. അവർക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഒന്ന് അവർക്കു നൽകുന്നതിൽ അർഥമില്ല! നാം അവരോടൊപ്പം വായിക്കണം, അവരെ വായിച്ചു കേൾപ്പിക്കണം, സ്വയമായി വായിക്കുവാൻ അവരെ സഹായിക്കണം. 

ബൈബിൾ വാക്യങ്ങൾ മനപ്പാഠമാക്കുവാനും ധ്യാനിക്കുവാനുംനാം അവരെ പഠിപ്പിക്കേണ്ട ആവശ്യമുണ്ട് ആഴ്ചയിൽ ഒരു വാക്യം എന്നത് ഒരു നല്ല തുടക്കമാണ്. ആ വാക്യത്തിന്റെ അർഥം എന്താണ് എന്ന് വിശദീകരിക്കുവാൻ അവരോട് ആവശ്യപ്പെടുന്നത് അവർ  സ്വയമായി തിരുവെഴുത്തുകൾ പഠിക്കുവാൻ സഹായകമായ ഒരു മാർഗ്ഗമാണ്. അവരുടെ അനുദിന ജീവതങ്ങളിൽ ബൈബിൾ പ്രമാണങ്ങൾ പ്രായോഗികമാക്കുന്നതിൽ നാം അവരെ സഹായിക്കണം.  

പ്രാർഥനയെക്കുറിച്ച് നാം അവരെ പഠിപ്പിക്കണം. പിതാക്കന്മാർ കുട്ടികളോടൊപ്പം പ്രാർഥിക്കണം, കുട്ടികൾക്കു വേണ്ടി പ്രാർഥിക്കണം, കുട്ടികൾ സ്വയമായി പ്രാർഥിക്കുവാൻ അവരെ സഹായിക്കണം. ദൈവത്തോട് സ്വയമായി സംസാരിക്കുവാൻ പിതാക്കന്മാർ അവരെ പഠിപ്പിക്കണം. പ്രാർഥന കൂടാതെ ഒന്നും ചെയ്യാതിരിക്കേണ്ടതിന് എല്ലാറ്റിനെയും കുറിച്ച് പ്രാർഥിക്കുവാൻ  കുട്ടികൾ പ്രോത്സാഹിപ്പിക്കപ്പെടണം. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും വേണ്ടി, ചെറിയ കാര്യങ്ങൾ ഉൾപ്പെടെ, നന്ദി പറയുവാൻ കുട്ടികളെ പഠിപ്പിക്കണം. അവരുടെ മുറികളിലേയ്കു പോയി, സ്വകാര്യതയിൽ, ദൈവത്തോടു സംസാരിക്കുവാൻ അവർ പ്രോത്സാഹിപ്പിക്കപ്പെടണം. അവർ കുട്ടികളായിരിക്കുമ്പോൾ മുറിയിൽ കടന്നുള്ള 5 മിനിറ്റ് പ്രാർഥനപോലും നല്ല ശീലങ്ങൾ വളർത്തുവാൻ സഹായിക്കുന്നു. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അവർക്കു മാതൃക കാണിച്ചു കൊടുക്കുകയാണ്. പിതാക്കന്മാരേ, നാം മുട്ടിന്മേൽ നിന്നുകൊണ്ട് പതിവായി കർത്താവിനെ വിളിക്കുന്നത് അവർ കണ്ടാൽ, അതുപോലെ ചെയ്യുവാൻ അവരും പ്രേരിതരാകും. 

പ്രതികാരം ചെയ്യാതിരിക്കുവാൻ നാം അവരെ പഠിപ്പിക്കണം. മറ്റൊരു കുട്ടി ഉപദ്രവിച്ചു എന്ന് പരാതി പറയുന്ന കുട്ടികളോട്, ‘നാളെ പോയി നീ അവനെ അടിക്കുക’ എന്ന് പറയുന്ന അനേക പിതാക്കന്മാരെ കാണുന്നത് ദുഃഖകരമാണ്. ഉപദ്രവിച്ചവനു വേണ്ടി പ്രാർഥിക്കുവാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, ആവശ്യമെങ്കിൽ അധ്യാപകനെ വിവരം ധരിപ്പിക്കുന്നതിനു പകരം, പ്രതികാരം ചെയ്യുവാൻ അവർ  കുട്ടികളെ പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ പ്രമാണങ്ങളുടെ നേർവിപരീതം. നമ്മെ ഉപദ്രവിക്കുന്നവരോട് നാം പ്രതികാരം ചെയ്യുന്നത് അവർ കാണാതിരിക്കട്ടെഅപ്രകാരം സംഭവിച്ചാൽ പ്രതികാരം ചെയ്യരുത് എന്ന നമ്മുടെ ഉപദേശം പ്രയോജനരഹിതമായിത്തീരും.   

അദ്ധ്വാനത്തിന്റെ മൂല്യത്തെക്കുറിച്ച് നാം അവരെ പഠിപ്പിക്കണം. എന്തുകൊണ്ടാണ് അദ്ധ്വാനം ഉത്തമമായിരിക്കുന്നത് എന്നും ബൈബിൾ എപ്രകാരമാണ് ഉത്തമവും സത്യസന്ധവുമായ അദ്ധ്വാനം സംബന്ധിച്ച് കല്പിച്ചിരിക്കുന്നത് എന്നും നാം വിശദീകരിക്കണം.  

അവരുടെ പണം എപ്രകാരം കൈകാര്യം ചെയ്യണം എന്ന് നാം അവരെ പഠിപ്പിക്കണം. സാധനങ്ങളുടെ മൂല്യംവെറും വിലയല്ല–എന്താണ് എന്ന് നാം പഠിപ്പിക്കണം. കുട്ടികൾ ആഗ്രഹിക്കുന്നതെല്ലാം–അവർ ശാഠ്യം പിടിക്കുന്നിടത്തോളംഅവർക്കു ലഭിക്കുന്നില്ല എന്നത് നാം ഉറപ്പാക്കേണ്ടതുണ്ട്.  

അവർക്കുള്ള വിഭവങ്ങൾ ആവശ്യത്തിലിരിക്കുന്നവരുമായി പങ്കുവയ്കുവാൻ നാം അവരെ പഠിപ്പിക്കണം. വളരെ ചെറിയ പ്രായം മുതൽതന്നെ ഉദാരമനസ്കരാകുവാൻ നാം അവരെ പഠിപ്പിക്കണം. 

പിതാക്കന്മാരേ, ഈ അധ്യാപന ജോലി വളരെ ഗൗരവമായി കാണുവാൻ നമുക്കു ശ്രമിക്കാം. കഴിഞ്ഞ കാലത്ത് ജീവിച്ചിരുന്ന ഒരു വിശ്വാസിയായിരുന്ന ജോർജ് ഹെർബർട്ട് ഇപ്രകാരം പറഞ്ഞു, “ഒരു പിതാവിന് നൂറ് സ്കൂൾ അധ്യാപകരേക്കാൾ വിശേഷതയുണ്ട്.” എത്ര സത്യമായ വാക്കുകൾ!   

അതുകൊണ്ട്, ദൈവഭക്തരായ കുട്ടികളെ വളർത്തിയെടുക്കുന്നതിനുള്ള പ്രയത്നത്തിൽ പിതാക്കന്മാർ സ്വീകരിക്കേണ്ട ഒന്നാമത്തെ മാർഗ്ഗം പഠിപ്പിക്കുക അഥവാ അധ്യാപനം നടത്തുകയാണ്. 

2. ശിക്ഷണം നടത്തുക  

മുകളിൽ പരാമർശിക്കപ്പെട്ട അധ്യാപനം സ്വീകരിക്കപ്പെടുന്നില്ല എങ്കിൽ, അധ്യാപനത്തിന്റെ പ്രസ്തുത ഭാഗത്ത് തിരുത്തലിന്റെ പരിശീലനം കൂടി ഉൾപ്പെടുന്നുണ്ട്. നമ്മുടെ കാലഘട്ടത്തിൽ ശിക്ഷണം എന്ന വിഷയം വളരെ അസ്വസ്ഥതയുളവാക്കുന്നതാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ വിഷയത്തോട് ചിലർ വിയോജിപ്പ് പോലും പ്രകടിപ്പിച്ചേക്കാം. എന്നിരുന്നാലും, “ശിക്ഷണം എന്ന വിഷയത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?” എന്ന് വിശ്വാസികൾ എന്ന നിലയിൽ, നാം ചോദിക്കേണ്ടതുണ്ട്. അത് നമ്മുടെ തോന്നലിനെക്കുറിച്ചല്ല മറിച്ച്, ദൈവത്തിന്റെ വചനത്തെക്കുറിച്ചാണ്. ദൈവത്തിന്റെ വചനത്തിനാണ് പരമാധികാരം ഉള്ളത്. 

ഒന്നാമതായി, ദൈവം എന്ന സമ്പൂർണ്ണനായ പിതാവ് തന്റെ മക്കൾക്ക് ശിക്ഷണം നൽകുന്നു. എബ്രായർ 12:5-11 വ്യക്തമാക്കുന്നത് പിതാവായ ദൈവം മക്കളായ നമുക്ക് “നമ്മുടെ നന്മയ്കു വേണ്ടി ശിക്ഷണം നൽകുന്നു” [10,11]. മാനുഷിക പിതാക്കന്മാർ തങ്ങളുടെ മക്കളെ അവരുടെ ഗുണത്തിനു വേണ്ടി ശിക്ഷിക്കുന്നു എന്നും ഈ വേദഭാഗം അനുമാനിക്കുന്നു! അതുകൊണ്ട്, അവിടെയാണ് നമ്മുടെ യഥാർഥ മാതൃക!

ആവശ്യമുള്ളപ്പോൾ മക്കൾക്കു ശിക്ഷണം നൽകുവാൻ, ജ്ഞാനം നിറഞ്ഞ സദൃശ്യവാക്യങ്ങളുടെ പുസ്തകം, മാതാപിതാക്കളെ അനേക തവണ ആഹ്വാനം ചെയ്യുന്നു. ഏതാനം ചിലത് ഇതാ ഇവിടെ നൽകിയിരിക്കുന്നു. 

സദൃശ്യവാക്യങ്ങൾ 13:24 “വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.”

സദൃശ്യവാക്യങ്ങൾ 19:18 “പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു.”

സദൃശ്യവാക്യങ്ങൾ 23:13-1413 ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ  ചത്തുപോകയില്ല. 14 വടികൊണ്ടു അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.”

അങ്ങനെ, മക്കൾക്കു ശിക്ഷണം നൽകുവാൻ ദൈവം മാതാപിതാക്കളോട് കല്പിക്കുന്നു എന്നത് വ്യക്തമായിരിക്കുന്നു. തീർച്ചയായും, മാതാപിതാക്കൾ ആരും ഇത് ദുരുപയോഗിക്കുകയോ നിരാശ മൂലം ശിക്ഷിക്കുകയോ ചെയ്യരുത്. അവർ വേണ്ടവിധത്തിൽ അത് ചെയ്യണം. ബൈബിൾ “വടി” എന്നു പറയുമ്പോൾ, തുരുമ്പുപിടിച്ച പഴയ ലോഹക്കഷണത്തെയാണ് അതു  സൂചിപ്പിക്കുന്നത് എന്ന് നാം ചിന്തിക്കരുത്. ശിക്ഷണം നടത്തുന്നതിന്റെ മാർഗ്ഗമായി, പിൻഭാഗത്ത് അടി നൽകുവാൻ ഉപയോഗിക്കുന്ന ഒരു വടി അഥവാ കമ്പ് എന്ന ആശയമാണ് അവിടെയുള്ളത്.

ദുരുപയോഗം ചെയ്യുന്നതിനല്ല മറിച്ച്, ചെറിയ അളവിൽ വേദന നൽകുക എന്നതാണ് വീണ്ടും ആഹ്വാനം. അത്തരത്തിൽ, അനുസരണക്കേടിന് പരിണിതഫലം ഉണ്ട് എന്ന് കുട്ടി മനസ്സിലാക്കും. നമ്മുടെ കുട്ടികളെ ശിക്ഷിക്കുന്നതിലൂടെ നാം അവരെ കൂടുതൽ വലിയ ഒരു പ്രമാണം പഠിപ്പിക്കുകയാണ്: പാപത്തിന് പരിണിതഫലം ഉണ്ട്ചിലപ്പോൾ ദീർഘമായ കാലയളവ് നിലനിൽക്കുന്ന പരിണിതഫലം. അതിൽ നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള ഏക വഴി പാപക്ഷമയ്കായി ക്രിസ്തുവിലേയ്കു തിരിയുക മാത്രമാണ്.  

ശിക്ഷണം നടത്തിയ ശേഷം കുട്ടികളുടെ അനുസരണക്കേടിന് ദൈവത്തിന്റെ ക്ഷമയ്കായി അവരോടൊപ്പം മാതാപിതാക്കൾ പ്രാർഥിക്കുകയും അനുസരണക്കേടിന് ദൈവത്തിന്റെ ക്ഷമയ്കായി പ്രാർഥിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. തീരെ ചെറുപ്പത്തിൽ തന്നെ “ക്ഷമിക്കണം യേശുവേ” എന്ന് പറയുവാൻ പഠിപ്പിച്ചുകൊണ്ട് ഇത് പ്രോത്സാഹിപ്പിക്കാവുന്നതാണ്. അവർ വളന്നുവരുന്നതനുസരിച്ച് ക്ഷമയ്കായി കൂടുതൽ വാക്കുകൾ ഉപയോഗിച്ചു പ്രാർഥിക്കാൻ അവരെ പഠിപ്പിക്കേണ്ടതുണ്ട്. അവർക്ക് എല്ലാം മനസ്സിലായില്ല എങ്കിൽ വിഷമിക്കേണ്ടതില്ല. ചെറുപ്രായത്തിൽതന്നെ പാപങ്ങൾ ക്ഷമിക്കുവാൻ കർത്താവിന്റെ അടുക്കലേയ്കു ചെല്ലുന്ന നല്ല ശീലം നാം സൃഷ്ടിക്കുകയാണ്.  

അതായത്, കുട്ടികൾ മാതാപിതാക്കളോട് അനുസരണയുള്ളവരാകുന്നതിനു വേണ്ടി മാത്രമല്ല ശിക്ഷണം. അതിനേക്കാൽ പ്രധാനപ്പെട്ട കാര്യം അവർ വലുതാകുമ്പോൾ ക്രിസ്തുവിലേയ്ക് രക്ഷയ്കായി ഓടിയെത്തുക എന്നതാണ്; എല്ലാ ശിക്ഷണത്തിന്റെയും പിന്നിലുള്ള പ്രതീക്ഷ അതായിരിക്കണം. അത് കുട്ടിയുടെ നന്മയ്കു വേണ്ടിയാണ്. മാതാപിതാക്കൾക്ക് വിശ്വാസത്താൽ ഈ ബോധ്യം ഉണ്ടായിരിക്കണം. മത്സരികളായ കുട്ടികളെ വളർത്തുകയും അവരെ നിയന്ത്രിക്കുവാൻ അവരുടെ മാതാപിതാക്കൾ പിന്നാലെ നിരന്തരം ഓടുകയും ചെയ്യുന്നത് നല്ലതല്ല.  അതുകൊണ്ടാണ് വളരെ ചെറിയ പ്രായത്തിൽതന്നെ ശിക്ഷണം ആരംഭിക്കേണ്ടത്. തിരുവെഴുത്തുകൾ നൽകുന്ന കല്പന “മക്കളേ നിങ്ങളുടെ അമ്മയപ്പന്മാരെ അനുസരിപ്പിൻ” [എഫേസ്യർ 6:1] എന്നാണ്, അല്ലാതെ, “മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ അനുസരിപ്പിൻ” എന്നല്ല! 

ശിക്ഷണം നടത്തുക എന്ന കല്പന മാതാപിതാക്കൾ രണ്ടുപേർക്കും വേണ്ടിയുള്ളതാണ്പിതാക്കന്മാർക്കു മാത്രമല്ല! മാതാപിതാക്കൾ രണ്ടുപേരും അതു ചെയ്യുന്നതിൽ പരാജയപ്പെടുന്നത് പാപമാണ്. തത്ഫലമായി, പാപം ചെയ്യുന്ന മാതാവിനെ അല്ലെങ്കിൽ പിതാവിനെ അവരുടെ പാപം ചെയ്യുന്ന കുട്ടിയെ ശിക്ഷിക്കാതിരിക്കുന്നതിന് ദൈവം ശിക്ഷിക്കും! 

കൂടാതെ, എല്ലാ ശിക്ഷയും, ചെറുപ്പം മുതൽതന്നെ ശാരീരികമായിരിക്കണമെന്നില്ല. ചിലപ്പോൾ, ശിക്ഷയായി അവർക്ക് ഇഷ്ടമുള്ള ചിലത് തടഞ്ഞുവയ്കാം. പറഞ്ഞു മനസ്സിലാക്കുന്നതിനുള്ള ശ്രമമോ മൃദുവായ ശിക്ഷാരൂപങ്ങൾ ഉപയോഗിക്കുന്നതോ പരാജയപ്പെടുമ്പോൾ മാതാപിതാക്കൾക്ക് ശാരീരികമായ ശിക്ഷകൾ നൽകാവുന്നതാണ്. ഉവ്വ്, അവരെ ശാരീരികമായി ശിക്ഷിക്കുക സാധ്യമല്ലാത്ത ഒരു സമയം വരും, അപ്പോൾ അവരെ കാര്യങ്ങൾ പറഞ്ഞു  മനസ്സിലാക്കുക മാത്രമേ സാധ്യമാകുകയുള്ളൂ. എന്നാൽ, ശാരീരികമായ ശിക്ഷകൾ കുട്ടികളെ വളരുവാൻ പ്രാപ്തരാക്കുന്ന ഒരു സമയം ഉണ്ടുതാനും.   

അതുകൊണ്ട്, അധ്യാപനത്തോടൊപ്പം, നാം ആവശ്യാനുസൃതം കുട്ടികളെ ശിക്ഷിക്കേണ്ടതുമുണ്ട്. പിതാക്കന്മാർ ചെയ്യേണ്ട രണ്ടാമത്തെ കാര്യം ഇതാണ്. 

3. സ്നേഹിക്കുക 

പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ സ്നേഹിപ്പീൻ—എല്ലാ മക്കളേയും ഒരുപോലെ സ്നേഹിപ്പീൻ! നിങ്ങളുടെ ജീവിതത്തിലേയ്ക് അതിക്രമിച്ചു കയറിയവരായി അവരെ കാണരുത്. അവരോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ അവരോട് സ്നേഹം കാണിക്കുക. സ്നേഹമുള്ള വാക്കുകൾ സംസാരിക്കുക. അവർ പരിപാടികളിൽ പങ്കെടുക്കുമ്പോൾ അവരോടുകൂടെ ഉണ്ടായിരിക്കുവാൻ സാധിക്കുന്നത്ര ശ്രമിക്കുക. എല്ലാ പരിപാടികളിലും നിങ്ങൾക്ക് ആവരോടൊപ്പം ഉണ്ടാകുവാൻ സാധിക്കുകയില്ല എന്നത് എനിക്കു മനസ്സിലാകുന്നു. എന്നാൽ, സാധിക്കുന്നിടത്തോളം, നിങ്ങളുടെ സാമീപ്യം നൽകിക്കൊണ്ട് സ്നേഹം പ്രകടിപ്പിക്കുക. ഫോണും ടി വിയും നിങ്ങളുടെ ശ്രദ്ധ മാറ്റിക്കളയുവാൻ അനുവദിക്കാതെ അവരോടു സംസാരിക്കുക.  അവരുടെ കണ്ണിൽ നോക്കിക്കൊണ്ട് ആശയവിനിമയം നടത്തുക. നല്ല ശ്രോതാവായിരുന്നുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുക. പലപ്പോഴും, സമ്മാനങ്ങളേക്കാൾ തങ്ങളുടെ മാതാപിതാക്കളുടെ ചങ്ങാത്തമാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. 

ഫിലാദൽഫിയയിലെ പ്രമുഖനായ ഒരു ബിസിനസ്സുകാരൻ തന്റെ ആറുവയസ്സുള്ള മകളോടൊപ്പം മതിയായ സമയം ചിലവഴിക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക് തോന്നി. ആ കുറവ് പരിഹരിക്കുവാൻ അദ്ദേഹം ഉടനടി തീരുമാനിച്ചു. 

വലിയ സൗകര്യങ്ങളുള്ള തന്റെ കാറിൽ അവളുടെ സ്കൂളിലേയ്ക് അദ്ദേഹത്തെ ഡ്രൈവർ എത്തിച്ചു, സ്കൂൾ വിട്ടുവന്ന മകളെ തന്റെ അടുക്കൽ പിന്നിലെ സീറ്റിൽ ഇരുത്തി. അവർ ന്യൂയോർക്ക് നഗരത്തിലേയ്കു പോയി. അവിടെ ചെലവേറിയ ഒരു ഫ്രഞ്ച് റസ്റ്റൊറന്റിൽ അത്താഴം ഏർപ്പാടാക്കിയിരുന്നു. ബ്രോഡ്‌വേ ഷോ കാണുവാൻ ടിക്കറ്റും എടുത്തിരുന്നു.   

ക്ഷീണിച്ച് തളർന്ന് അവർ തിരികെ വീട്ടിലേയ്കു കാറിൽ യാത്ര ചെയ്തു. അടുത്ത പ്രഭാതത്തിൽ, മകൾ അപ്പനോടൊപ്പം ചിലവഴിച്ച തലേ ദിവസത്തെക്കുറിച്ച് അറിയുവാൻ ആകാംഷയോടെ അമ്മ കാത്തിരിക്കുകയായിരുന്നു. “എങ്ങനെയുണ്ടായിരുന്നു? നിനക്ക് സന്തോഷമായോ?” എന്ന് അമ്മ ചോദിച്ചു. 

ആ ബാലിക അല്പനേരം ചിന്തിച്ചു. അതിനുശേഷം പറഞ്ഞു, “നന്നായിരുന്നു, പക്ഷെ, എനിക്ക് മാക്‌ഡൊണാൾഡിൽ നിന്നും ഭക്ഷണം കഴിക്കുന്നതായിരുന്നു ഇഷ്ടം. ഷോ എന്തായിരുന്നു എന്ന് എനിക്കു മനസ്സിലായില്ല. എന്നാൽ, എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ഇതാണ്, ആ വലിയ കാറിൽ തിരികെ വീട്ടിലേയ്ക് യാത്ര ചെയ്യുമ്പോൾ ഞാൻ എന്റെ തല ഡാഡിയുടെ മടിയിൽ വച്ചു, പിന്നെ ഞാൻ ഉറങ്ങിപ്പോയി.”

സ്നേഹത്തിന്റെ എളിയ പ്രകടനങ്ങളെ ഒരിക്കലും വില കുറച്ച് കാണരുത്. ഒരുവന് മക്കളെ വളർത്തുകയും തന്റെ അഭാവത്താൽ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുക സാധ്യമല്ല! 

അതുകൊണ്ട്, അധ്യാപനം, ശിക്ഷണം എന്നിവയ്കു പുറമേ അവരെ നാം സ്നേഹിക്കുകയും വേണം. പിതാക്കന്മാർ ചെയ്യേണ്ട മൂന്നാമത്തെ കാര്യം ഇതാണ്. 

4. ഉത്തമ മാതൃകയായിരിക്കുക 

അധ്യാപനം അഥവാ പഠിപ്പിക്കുന്നത് പ്രധാനമാണ്. എന്നാൽ, നമ്മുടെ അധ്യാപനം ജീവിച്ചുകാണിക്കുന്നത് അതിലേറെ പ്രാധാന്യമുള്ളതാണ്. ദൈവത്തിന്റെ  വചനത്തിലെ സത്യം ഒരു ആണി പോലെയാണ്. നമ്മുടെ ജീവിതമാണ് ആ ആണിയെ ഉള്ളിലേയ്ക് അടിച്ചുകയറ്റുന്നത്. 

നമ്മുടെ മക്കളോട് പതിവായി ബൈബിൾ വായിക്കുവാനും പ്രാർഥിക്കുവാനും നാം പറയുകയും എന്നാൽ, നാം അപ്രകാരം ചെയ്തു മാതൃക കാട്ടുകയും ചെയ്യുന്നില്ല എങ്കിൽ, നമ്മുടെ അധ്യാപനം എത്രമാത്രം ഫലകരമായിരിക്കും? സത്യം പറയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം അവരോടു പറയുകയും കള്ളം പറയുന്നതിന് അവരെ ശിക്ഷിക്കുകയും ചെയ്ത ശേഷം, ചെറിയ കാര്യങ്ങളിൽപോലും നാം കള്ളം പറയുന്നത് അവർ കണ്ടാൽ, അത് എന്തു മാതൃകയാണ്? അഥവാ, നാം നിരന്തരമായി പണത്തെക്കുറിച്ചും വസ്തുവകകളെക്കുറിച്ചും സംസാരിക്കുന്നതു കണ്ടാൽ, അവർ എന്തു പഠിക്കും എന്നാണ് നാം കരുതുന്നത്? 

എന്നാൽ, നാം സകലത്തിലും ദൈവത്തിൽ ആശ്രയിക്കുന്നതും തിരുവെഴുത്തുകൾ പഠിക്കുന്നതും പ്രാർഥിക്കുന്നതും താഴ്മയുള്ളവരായിരിക്കുന്നതും നമ്മുടെ സംസാരത്തിൽ സത്യസന്ധരും കൃപയുള്ളവരും ദൈവരാജ്യത്തിന്റെ വ്യാപനത്തിൽ വ്യാപൃതരും ക്ഷമിക്കുന്നവരും ആയി നമ്മുടെ കുട്ടികൾ കണ്ടാൻ, അത് എത്ര നല്ല മാതൃകയായിരിക്കും? 

അതുകൊണ്ട്, പഠിപ്പിക്കുക, ശിക്ഷണം നടത്തുക, സ്നേഹിക്കുക എന്നിവയ്കു പുറമേ ബൈബിൾ പ്രകാരമുള്ള മാതൃകയും നാം അവർക്കു മുമ്പാകെ കാട്ടികൊടുക്കണം. അതാണ് പിതാക്കന്മാർ ചെയ്യേണ്ട നാലാമത്തേതും അവസാനത്തേതുമായ കാര്യം. 

പിതാക്കന്മാരേ, എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നത് നാം കണ്ടു. “ചുമതലാബോധമില്ലാത്ത പിതാക്കന്മാരുടെ” കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാം. ഈ സത്യങ്ങൾ ഹൃദയത്തിൽ സ്വീകരിക്കുകയും കർത്താവ് കല്പിക്കുന്നത് ചെയ്യുവാൻ നമ്മെ സഹായിക്കുവാൻ അവനിൽ ആശ്രയിക്കുകയും ചെയ്യാം. 

നിങ്ങൾ ഒരു നല്ല പിതാവായിരിക്കുന്നു എങ്കിൽ, ദൈവത്തിന് നന്ദി പറയുക. സർവ്വ മഹത്വവും കർത്താവിനു നൽകുകയും അവനിൽ ആശ്രയിക്കുന്നതു തുടരുകയും ചെയ്യുക. ഒരു പിതാവ് എന്ന നിലയിൽ നിങ്ങൾ പ്രയാസപ്പെടുന്നു എങ്കിൽ, കർത്താവിനോടു നിലവിളിക്കുക. അവൻ നിങ്ങളുടെ പരാജയങ്ങളും ഹൃദയവേദനകളും അറിയുന്നു. നിങ്ങൾ കഴിഞ്ഞകാല പരാജയങ്ങളുടെ പരിണിതഫലങ്ങൾ കൊയ്യുകയാണ് എങ്കിൽപോലും ദൈവത്തിന് അവയിൽ നിന്നും നന്മ ഉളവാക്കുവാൻ കഴിയും. അവൻ സാഹചര്യങ്ങളെ മാറ്റുന്നവനാണ്. നിങ്ങൾ നിലവിളിക്കുമ്പോൾ ദൈവഭക്തനായ പിതാവായിത്തീരുവാൻ അവൻ നിങ്ങളെ സഹായിക്കും. 

 നിങ്ങളുടെ കുട്ടികളെ വളർത്തുവാൻ ആത്മീയനായ ഒരു പങ്കാളിയില്ലാത്ത ഒരു മാതാവോ പിതാവോ ആണ് നിങ്ങൾ എങ്കിൽ നിരാശപ്പെടരുത്. നല്ല പോരാട്ടം തുടരുക. കർത്താവ് നിങ്ങളുടെ ഹൃദയ വേദനകൾ അറിയുന്നു. തുടർന്നും അവനിൽ ആശ്രയിക്കുക. എല്ലാ പ്രയാസങ്ങളിലൂടെയും അവൻ നിങ്ങളെ താങ്ങി നടത്തും.  

പിതാക്കന്മാരേ, [മാതാക്കളേ], എന്റെ ആത്മാർതമായ അപേക്ഷ ഇതാണ്: മുട്ടിന്മേൽ നിന്നുകൊണ്ട് മക്കളെ വളർത്തുവാൻ നമുക്കു പഠിക്കാം. നാം നമ്മുടെ കുടുംബങ്ങൾക്കു വേണ്ടി സ്ഥിരമായി മധ്യസ്ഥം വഹിക്കേണ്ടതുണ്ട്. ഭൂമിയിൽ ജീവിച്ചവരിൽ ഏറ്റവും വലിയവനായ മനുഷ്യൻ, പാപരഹിതനായ ദൈവപുത്രൻ, തുടർച്ചയായി പ്രാർഥനയിൽ സമയം ചിലവഴിച്ചുവെങ്കിൽ, പ്രാർഥന അവഗണിച്ച് ജീവിക്കുവാൻ നമുക്കു സാധിക്കുമോ? നമ്മുടെ വാക്കുകൾ നമ്മുടെ മക്കളെ ക്രിയാത്മകമായി സ്വാധീനിക്കണമെങ്കിൽ, അവരുടെ ഹൃദയങ്ങളിൽ മാറ്റം വരുത്തുവാൻ സാധിക്കുന്ന ഒരേയൊരുവനായ കർത്താവിനോടു സംസാരിക്കുന്നതിൽ നാം അനുദിനം വളരെ സമയം ചിലവഴിക്കേണ്ടതുണ്ട്! നമ്മുടെ കർത്താവ് അത് ലളിതമായി പറഞ്ഞു, “എന്നെ പിരിഞ്ഞ് നിങ്ങൾക്ക് ഒന്നും ചെയ്‌വാൻ കഴികയില്ല” [യോഹന്നാൻ 15:5]!  

ഒടുവിൽ, നാം എല്ലാവരോടുമായി, ഉത്തമ പിതാക്കന്മാരെ ലഭിക്കാതിരുന്നവർ ഉൾപ്പെടയുള്ള എല്ലാവരോടുമായി, യഥാർഥ സത്യ പിതാവായ ദൈവത്തെ കാണുവാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ. ഈ വലിയ പിതാവ്, ക്രിസ്തുവിലൂടെ തന്നിൽ ആശ്രയിക്കുന്നവരെ തന്റെ കുടുംബത്തിലേയ്കു ദത്തെടുക്കുവാനും അവർക്ക് അബ്ബാ പിതാവേ എന്നു തന്നെ വിളിക്കുവാനും സാധിക്കേണ്ടതിന്,  തന്റെ മകനെ നമ്മുടെ പാപങ്ങൾക്ക് പൂർണ്ണ യാഗമായിത്തീരുവാൻ അയച്ചു. എത്രയോ വലിയ പദവി! ഒരു പിതാവിൽ നമുക്കു വേണ്ടതു സകലവും ക്രിസ്തുവിലൂടെ പിതാവായ ദൈവത്തിൽ നമുക്കു കണ്ടെത്തുവാൻ കഴിയും. ഒരു പൈതലായി ആ പിതാവിൽ വിശ്രമിക്കുവാൻ നമുക്ക്  സാധിക്കും.  

 

Category

Leave a Comment